Monday, December 29, 2008

യാത്രക്കാരുടെ ശ്രദ്ധക്ക്

അങ്ങിനെ.... ഒരു ക്രിസ്മസ് കൂടി.. വന്നൂ...
പോയീ....

ഒരു കൊല്ലം കൂടി അവസാനിക്കാറായി...
ഓര്‍മ്മയുടെ പുസ്തകത്തിലേക്ക് ഒരിതള്‍ കൂടി..

ഒരുപാട് പുതിയ അനുഭവങ്ങളെ തന്നൂ 2008..
കൂട്ടത്തില്‍ അവസാനത്തേതായി തനിച്ച് യാത്ര ചെയ്യാനായി ഒരവസരവും...
എവിടേക്കാണാവോ എന്നു വിചാരിച്ച് ആരും അന്തംവിടൊന്നും വേണ്ട...
ഇവിടെ അടുത്തേക്കു തന്നെയാ....
ദേ ഈ കോഴിക്കോട് വരെ.... ആകെക്കൂടി ഒരു നാലഞ്ച് മണിക്കൂര്‍ യാത്ര.
എങ്കില്‍ പോലും, വാഹന എസ്കോര്‍ട്ടും, ആളകമ്പടിയും ഒന്നും ഇല്ലാതെ സ്വന്തം ഉത്തരവാദിത്വത്തിലുള്ള യാത്രയുടെ ത്രില്ലിലായിരുന്നു ഞാന്‍..
നഴ്സറി ക്ലാസ്സിലേക്ക് കുട്ടികളെ ഒരുക്കി വിടുന്നതു പോലെ, കുപ്പിയില്‍ നാരങ്ങ വെള്ളവും, പഴവും, മിഠായിയുമൊക്കെ മുത്തശ്ശി ഒരുക്കി വെച്ചു.
ഞാന്‍ സ്വന്തം നിലയില്‍ രണ്ട് പുസ്തകങ്ങളും എടുത്തു വെച്ചു.
എന്റെ ഫോണ്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതലായി, ഞാന്‍ പാട്ടു കേള്‍ക്കുന്നതിനായി ഉപയോഗിക്കുന്നതിനാല്‍ ഇതു പോലെയുള്ള ഒന്നു രണ്ട് യാത്രകള്‍ക്കാവശ്യമായ പാട്ടുകള്‍ അതിലുണ്ടാവും. എന്നിട്ടും പോരാഞ്ഞിട്ട് ഞാന്‍ 'ഗജിനി'യിലേയും 'ലാപ്ടോപ്പി'ലേയും പുതിയ പാട്ടുകള്‍ കൂടി ഫോണിലേക്കാക്കി...
എന്നിട്ടോ....
ഒരുക്കങ്ങളൊക്കെ വെറുതെയായീന്നു പറഞ്ഞാല്‍ മതിയല്ലോ....

സീറ്റില്‍ ഒന്ന് അമര്‍ന്നിരിക്കാന്‍ പറ്റിയിട്ടു വേണ്ടേ പുസ്തകത്തിന്റെ കാര്യൊക്കെ ആലോചിക്കാന്‍...???
കുണ്ടും കുഴിയും, ഇടക്ക് ഇത്തിരി റോഡും എന്ന നിലയിലാണു കാര്യങ്ങള്‍..
ബസ്സാണെങ്കില്‍ നിലം തൊടാതെ പറക്കുകയും...
വായിക്കുന്നത് പോയിട്ട് ഒന്ന് 'നാരായണ' എന്നു ജപിക്കാന്‍ പോലും മനസ്സുവന്നില്ല..

ഒരു ഒന്നര വയസ്സുകാരിയെ സഹയാത്രികയായി കിട്ടിയതു കാരണം പാട്ടിന്റേയും ആവശ്യം നേരിട്ടില്ല. കോഴിക്കോട് എത്തുന്നതു വരെ തുടര്‍ച്ചയായി കരച്ചില്‍കച്ചേരി തന്നെയായിരുന്നു.

മുത്തശ്ശി തന്നയച്ചതില്‍ മിഠായി മാത്രം ഉപകരിച്ചു. മിഠായി കിട്ടിയാല്‍ കരച്ചില്‍ നിര്‍ത്തുമെന്നു കരുതി, മിഠായി വാവയ്ക്കു കൊടുത്തു. കരച്ചില്‍ ഒരിത്തിരി നേരം നിര്‍ത്തി വെച്ചതിനു ബദലായി, ആ ചോക്ലേറ്റ് മുഴുവന്‍ എന്റെ ദേഹത്തും ഉടുപ്പിലും വെച്ചു തേച്ച് കുഞ്ഞുവാവ മധുരമായി പകരം വീട്ടി..

ഇങ്ങനെയൊക്കെയാണെങ്കിലും,അതൊരു രസമുള്ള യാത്രയായിരുന്നു.
മാവൂരിലേക്കാണെന്നു കരുതി, മാവൂര്‍ റോഡ് വഴി പോകുന്ന സിറ്റി ബസ്സില്‍ ചാടിക്കയറിയതൊഴിച്ചാല്‍, വേറെ വല്ല്യ അബദ്ധമൊന്നും കാണിക്കാതെ ഞാന്‍ വീട്ടിലെത്തി.
അവിടെ എല്ലാരുടേയും സ്വീകരണവും, അഭിനന്ദനവും ഒക്കെകൂടിയായപ്പൊ യാത്ര ക്ഷീണം മറന്നൂന്ന് മാത്രമല്ല, ചെരുപ്പ് അഴിച്ചു വെച്ചിട്ടും എനിക്കിത്തിരി പൊക്കം കൂടിയതു പോലെ..
ഈ തനിച്ചുള്ള യാത്ര, എന്റെ 'കുട്ടി ഇമേജി'ല്‍നിന്നും രക്ഷപ്പെടാന്‍ സഹായിക്കുമെന്നു പോലും തോന്നിപ്പോയി.

കുറേ നാളുകള്‍ക്ക് ശേഷം എല്ലാര്‍ക്കും ഒത്തുചേരാന്‍ കിട്ടിയ അവസരമായതിനാലും, ക്രിസ്മസ് അവധിക്കാലം ആയതിനാലും എല്ലാരും വല്ല്യ വല്ല്യഛന്റെ അറുപതാം പിറന്നാളിനു എത്തി ചേര്‍ന്നിട്ടുണ്ടായിരുന്നു.
എല്ലാരേയും കൂടെ കണ്ടപ്പോ അഛനും എന്റെ ഏട്ടന്‍ കിരണും വരാതിരുന്നതിന്റെ സങ്കടം ഞാനും മറന്നു.
പഠിത്തം കഴിഞ്ഞ് ജോലിക്കാരായതില്‍ പിന്നെ ഏട്ടന്മാരെയെല്ലാവരേയും ഒരുമിച്ച് കാണാന്‍ കിട്ടുന്നത് തന്നെ കുറവാണു.
കുറച്ച് കഴിഞ്ഞപ്പോഴാണു തീരെ പരിചയമില്ലാത്തൊരാളെ ആ കൂട്ടത്തില്‍ കണ്ടത്. കാണാനാണെങ്കില്‍ നല്ല സ്റ്റൈലും..

ആരാണീ പുതുമുഖം എന്ന് വെറുതെ ഒന്നറിഞ്ഞിരിക്കാമല്ലോ എന്നു മാത്രം കരുതിയാണു, ഞാന്‍ വല്ല്യേട്ടന്റെ മകന്‍ നാലു വയസ്സുകാരന്‍ ആദിത്യനോട് അന്വേഷിച്ചത്.
വേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോയി അവന്റെ നില്‍പും ഭാവവും ഒക്കെ കണ്ടപ്പോള്‍..
ഇപ്പോഴത്തെ കുട്ടികളുടെ അടുത്തു പിടിച്ചു നില്‍ക്കാന്‍ വല്ല്യ കഷ്ടപ്പാടാണെന്നേ...
നമ്മള്‍ മനസ്സില്‍ കാണുമ്പോഴേക്കും അവരൊക്കെ മാനത്തു കണ്ടു കഴിഞ്ഞിരിക്കും.
എന്തായാലും വല്ലവിധത്തിലും, ആദിത്യനെ മണിയടിച്ച് വിവരങ്ങളൊക്കെ അറിഞ്ഞുവെച്ചു. അമ്മായിയുടെ മും ബൈയില്‍ ഉള്ള ഏട്ടന്റെ മകനാണു. അപ്പോ വെറുതെയല്ല എനിക്കൊരു ബോളിവുഡ് ഛായ തോന്നിയത്...!!!

ഏട്ടന്മാരുടെ കൂട്ടുകാരും കൂടി വൈകുന്നേരമായപ്പോള്‍ എത്തിചേര്‍ന്നതോടെ, വീട് നിറഞ്ഞു.. ആള്‍ക്കാരെ കൊണ്ടും ശബ്ദങ്ങള്‍ കൊണ്ടും...

എല്ലാ ഒത്തുചേരലിന്റേയും ഏറ്റവും രസമുള്ള ഭാഗം, രാത്രി ഭക്ഷണവും കഴിഞ്ഞ് തിരക്കുകളൊക്കെ അവസാനിച്ചതിനു ശേഷമുള്ള വര്‍ത്തമാന സദസ്സാണല്ലോ...
അന്തര്‍ദ്ദേശീയവും ദേശീയവുമായ വിഷയങ്ങളില്‍ തുടങ്ങി, നാട്ടിലേക്കും വീട്ടിലേക്കും നീളുന്ന വിശേഷം പറച്ചില്‍..
കളിയാക്കലും കാലുവാരലുമായി കൊണ്ടും കൊടുത്തും മുന്നേറുമ്പൊ സമയം പോണതറിയേ ഇല്ല.
'ഇനിയും ഈ തണുപ്പിലിരുന്നാല്‍ നാളേക്ക് പല്ലുവേദന ഉറപ്പാണെന്നും പറഞ്ഞ് വല്ല്യമ്മ വളന്ററി റിട്ടയര്‍മെന്റ് എടുത്തപ്പോഴാണു പന്ത്രണ്ടുമണി കഴിഞ്ഞിട്ട് നേരം കുറേയായി എന്നത് അറിഞ്ഞതു തന്നെ..

സമയം പോകുന്നത് അറിയുന്നതേ ഇല്ല..

മണിക്കൂറുകളും ദിവസങ്ങളും, മാസങ്ങളും മിന്നല്‍ വേഗത്തിലാണു കടന്നു പോകുന്നത്..

ഒരു വര്‍ഷം കടന്നു പോയത് അറിഞ്ഞതേ ഇല്ല...

എന്തൊരു വേഗതയേറിയ യാത്ര....

Thursday, November 27, 2008

വിട പറയും മുമ്പേ.........


രവീ....

ഒരിക്കല്‍ കൂടി നിനക്കായ് ഞാന്‍ എഴുതട്ടെ....

സൂര്യന്‍ ഇതാ അസ്തമിക്കാറായി.....

ഇരുള്‍ വന്നു മൂടും മുമ്പേ...

ചക്രവാളത്തില്‍ ഇന്ദുവും താരകളും വന്നുദിക്കും മുമ്പേ.....

ഞാന്‍ യാത്ര പറയട്ടേ........

മനസ്സിലെ ചെറിയ ഇരുണ്ട കോണുകളെ പോലും സ്നേഹത്തിനാല്‍ പ്രകാശപൂര്‍ണ്ണമാക്കിയ എന്റെ രവി... എന്റെ സൂര്യന്‍ അകന്നു മറയുമ്പോള്‍
കണ്ണു നിറയാതെ
സ്വരമിടറാതെ
കൈ വിറക്കാതെ
നിറഞ്ഞ മനസ്സോടെ
നിന്റെ സന്തോഷത്തിനായുള്ള പ്രാര്‍ത്ഥനയോടെ
ആയിരിക്കണം ഞാന്‍ യാത്രയാക്കുന്നത്....

യാത്ര പറയട്ടെ ഞാന്‍...
നിന്നോടും നിന്നെ എനിക്കു സമ്മാനിച്ച ഈ നഗരത്തോടും.......

നാളെ ഞാന്‍ തിരിച്ചു പോകുന്നു....

കാര്‍മേഘം പെയ്തൊഴിഞ്ഞ് തെളിഞ്ഞ മാനം പോലെ ശുദ്ധമായ മനസ്സോടെ വേണം എനിക്ക് നാളെ ഈ നഗരം വിടാന്‍.

ഇവിടം എനിക്കു സമ്മാനിച്ച സന്തോഷവും സങ്കടവും ഇവിടെ തന്നെയുപേക്ഷിച്ച്, വന്നതു പോലെ ഒഴിഞ്ഞ കൈയ്യും മനസ്സുമായി ഒരു മടക്കയാത്ര എന്ന എന്റെ അതിമോഹം പക്ഷേ പാഴിലാവുന്നു.......

ഇരമ്പിയാര്‍ക്കുകയാണു ഉള്ളില്‍ ഓര്‍മ്മകള്‍... ഓരോ അലകളിലും ഉഗ്ര വിഷം കരുതിയ കാളിന്ദി പോലെ.....

ഓര്‍മ്മിക്കുന്നുവോ നമ്മളാദ്യം കണ്ടത്?????
ഞാനിനിയും മറന്നിട്ടില്ല........
നാലു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളൊരു വൈകുന്നേരം...
തീര്‍ത്തും യാദൃശ്ചികമായൊരു കൂട്ടിമുട്ടല്‍...

പുതിയ പട്ടണത്തിലേയും കോളേജിലേയും വിശേഷങ്ങള്‍ ആവേശത്തോടെ അമ്മയോടു പങ്കുവെച്ചു, തിരക്കേറിയ ഫുട്ട്പാത്തിലൂടെ സംസാരത്തില്‍ മാത്രം ശ്രദ്ധിച്ചു നടക്കുകയായിരുന്ന എന്റെ നേര്‍ക്ക്
കാറ്റിന്റെ വേഗത്തില്‍, എല്ലാ ട്രാഫിക് നിയമങ്ങളും തട്ടി തെറിപ്പിച്ച് ചീറിയടുക്കുന്ന ഒരു ബൈക്ക്........
തൊട്ടുമുന്നിലെത്തിയപ്പോഴേ അതെന്റെ കണ്ണില്‍ പെട്ടുള്ളൂ.... ഒഴിഞ്ഞു മാറാന്‍ പോലും മറന്ന് പകച്ചു നിന്നു ഞാന്‍. പ്രകാശ വേഗത്തിലുള്ള നിന്റെ ഇടപെടലാണു അന്നെന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്...

ആദ്യം ബൈക്കുയാത്രക്കാരനിലേക്കും പിന്നെ എന്നിലേക്കും നീണ്ടു വന്ന നിന്റെ കത്തിജ്വലിക്കുന്ന രോഷം..........

ഒരു നന്ദി വാക്കു പോലും പറയാനാവാതെ വാടിപോയീ ഞാനന്ന്....

ദൈവം നമുക്കായി കൂടുതല്‍ കരുതിയതു കൊണ്ടാവാം പിന്നേയും കണ്ടു ഞാന്‍ നിന്നെ

ടൗണ്‍ഹാളിലെ പുസ്തകപ്രദര്‍ശനത്തിനിടയില്‍

ആള്‍ക്കൂട്ടത്തിലൊരാളായി....

നിമിഷവേഗത്തില്‍ തിരിച്ചറിഞ്ഞെങ്കിലും അടുക്കുവാന്‍ കഴിഞ്ഞില്ല അന്നും....

പിന്നീടൊരു ഞായറാഴ്ചയുടെ വിരസതയെ കൊല്ലാനും, ഹോസ്റ്റല്‍ ഭക്ഷണത്തിന്റെ മടുപ്പില്‍ നിന്നു രക്ഷപ്പെടാനുമായി 'സാഗറി'ലെ പ്രശസ്തമായ ബിരിയാണി തേടിയിറങ്ങിയതായിരുന്നു ഞാനും എന്റെ റൂം മേറ്റ് മായ ചേച്ചിയും..
പരദൂഷണത്തിന്റെ നടുവില്‍, ബിരിയാണിക്കായുള്ള കാത്തിരിപ്പിന്റെ ഇടയിലേക്ക് നീ കടന്നു വന്നു... ഒരു സുഹൃത്തിനോടൊപ്പം.
പലതവണ ആവര്‍ത്തിച്ചു പറഞ്ഞ വീരകഥയിലെ നായകനെ മായചേച്ചിക്ക് കാണിച്ചു കൊടുക്കുന്നതിനിടയില്‍ നീയും എന്നെ തിരിച്ചറിഞ്ഞു.
അന്നാണു കാര്‍ഷിക സര്‍വ്വ്കലാശാലയിലെ റിസര്‍ച്ച് വിദ്യാര്‍ത്ഥിയായ രവി ശങ്കറും, വിമണ്‍സ് കോളേജിലെ ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥി ഇന്ദിരയെന്ന ഞാനും ആദ്യമായി പരിചയപ്പെട്ടത്..
അന്ന് ബിരിയാണിക്കൊപ്പം ഒരു പുതിയ സൗഹൃദം കൂടി രുചിച്ചു തുടങ്ങി.

ഇടയിലായി വീണ്ടും ചെറിയ നിശബ്ദമായ ഇടവേള

ബോട്ടണിക്കാരിയായ മായചേച്ചിയുടെ പ്രോജെക്റ്റിനായുള്ള ചില വിവരങ്ങള്‍ അന്വേഷിക്കാനായി വീണ്ടും ചില കണ്ടുമുട്ടലുകള്‍..
അപ്പോഴെല്ലാം ഉപചാരത്തിന്റേതായ കടുത്ത നിറങ്ങള്‍ കലര്‍ന്ന സൗഹൃദം മാത്രം.

അതില്‍ നിന്നും മാറി സ്ഫടികം പോലെ സ്വച് ഛവും ശുഭ്രവുമായകൂട്ടുകൂടലായി വളര്‍ന്നത് നവരാത്രിക്കാലത്താണു.
നഗരത്തിലെ സംഗീത സഭ നവരാത്രി ദിവസങ്ങളില്‍ നടത്തിയിരുന്ന സംഗീത സദസ്സുകള്‍ പ്രസിദ്ധമായിരുന്നു...
പേരെടുത്ത പാട്ടുകാര്‍ക്കൊപ്പം പുതിയ പ്രതിഭകള്‍ക്കും പ്രാധാന്യം കൊടുക്കുന്ന രീതിയില്‍...
എന്റെ കൂട്ടുകാരിയായ രാഗിണിയുടെ കച്ചേരി കേള്‍ക്കുവാനെത്തിയ ഞാന്‍ നിന്നെ പിന്നേയും കണ്ടു....

എന്നിലെന്ന പോലെ നിന്നിലും അലിഞ്ഞു ചേര്‍ന്നിരുന്നു സംഗീതം.....

അതാവാം കൂടുതല്‍ അടുപ്പിച്ചത്...

നമ്മളൊരുമിച്ചായീ പിന്നീടുള്ള യാത്രകള്‍

സംഗീതത്തെ അറിയാനും ആസ്വദിക്കുവാനും നീ എന്നേയും കൂടെ കൂട്ടി..

പിന്നേയും നാളുകളേറെ കഴിഞ്ഞാണു ആ സൗഹൃദത്തില്‍ പ്രണയത്തിന്റെ ഇളം ചുവപ്പ് കലര്‍ന്നു തുടങ്ങിയത്..
അനുവാദം ചോദിക്കലോ സമ്മതം മൂളലോ ഒന്നുമില്ലാതെ തികച്ചും സ്വാഭാവികമായി....


മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രയാണു ഒരു വഴിത്തിരിവായതെന്നു പറയാം....... കുത്തനെയുള്ള കയറ്റവും ദുര്‍ഘടമായ വഴിയും പിന്നിട്ട് മുകളിലെത്തുമ്പോള്‍ ...കാറ്റ്
അമ്പരപ്പിക്കുന്ന
ചീറിയടിക്കുന്ന കാറ്റ്
ചിലപ്പോഴെങ്കിലും പേടിപ്പിക്കുന്ന കാറ്റ്

ആ കാറ്റുമായി പരിചയം വന്നെങ്കിലേ മണ്ണിലൊന്നു കാലുറപ്പിക്കാന്‍ പോലും കഴിയൂ
നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയാതെ വന്നപ്പോ നിന്നിലഭയം പ്രാപിച്ചൂ ഞാന്‍...
പേരറിയാത്ത ദൈവത്തെ സക്ഷിയാക്കി, സര്‍വ്വശക്തനായ കാറ്റിനെ സാക്ഷിയാക്കി നീയെനിക്ക് സാന്ത്വനമായി..

പുതിയ വിശ്വാസങ്ങല്‍... പുതിയ പ്രതീക്ഷകള്‍....
പുതിയൊരു അഭയസ്ഥാനം, പുതിയൊരു ആശാകേന്ത്രം...

പുതിയൊരു ബന്ധത്തിന്റെ തുടക്കം....


എന്റെ മനസ്സിന്റെ ഭാഷ നീയെന്നും അറിഞ്ഞിരുന്നു..
ഞാന്‍ ആഗ്രഹിക്കുന്നതിനു മുന്നേ നീ പ്രവര്‍ത്തിച്ചു കഴിഞ്ഞിരിക്കും, എപ്പോഴും..
ഇഷ്ടങ്ങളും ആവശ്യങ്ങളും ഒന്നും പറഞ്ഞറിയിക്കേണ്ടതായി വന്നിരുന്നില്ല നമുക്കിടയില്‍...

നിന്റെ സാമീപ്യം എന്നെ സ്വതന്ത്രയാക്കി..
ഒളിവുകളും മറവുകളും ആവശ്യമില്ലാത്ത വിധത്തില്‍ ഞാന്‍ ഞാനായി മാറി, നിന്റേതു മാത്രമായി മാറി..

നിന്നില്‍ തുടങ്ങി നിന്നിലവസാനിക്കുന്ന ദിനരാത്രങ്ങള്‍...

പ്രണയവും സംഗീതവും സന്തോഷവും നിറഞ്ഞ ദിവസങ്ങള്‍...

കേട്ടപ്പോഴും, പിന്നീട് കണ്ടപ്പോഴും അനുവാദവും, അനുഗ്രഹവും തന്നു അച്ഛനും അമ്മയും...

ഗൗരവക്കാരിയായ നിന്റെ അമ്മക്കും ഞാനേറെ പ്രിയപ്പെട്ടവളായി...

കാലം കടന്നു പോയ്ക്കൊണ്ടിരുന്നു...

പഠനം കഴിഞ്ഞു നീ ജോലി അന്വേഷണത്തിലേക്കും, ഞാന്‍ b.sc കഴിഞ്ഞ് m.sc യിലേക്കും..

സ്നേഹം തീര്‍ത്ത കാല്‍പനികതയില്‍ നിന്നും ജീവിതത്തിന്റെ പരുക്കന്‍ പ്രതലത്തെ സ്പര്‍ശിക്കാന്‍ തുടങ്ങി ജീവിതം...

സ്വാധീനത്തിലും ശുപാര്‍ശയിലും തട്ടിത്തെറിച്ച് ആഗ്രഹിച്ചിരുന്ന ജോലികളെല്ലാം കൈ വിട്ടു പോകുന്നതില്‍ നീ അസ്വസ്ഥനാവുന്നതിനും ഞാന്‍ സാക്ഷി....

കണ്ണുകളില്‍ തെളിഞ്ഞ നിരാശയും നെറ്റിയില്‍ പ്രത്യക്ഷപ്പെട്ട ചുളിവുകളും എന്റെ തോന്നല്‍ മാത്രമായിരുന്നില്ലെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു....

ഓരോ വഴികളായി കണ്മുന്നില്‍ അടയുമ്പോള്‍ നടന്നകലുകയായിരുന്നു ശുഭാപ്തിവിശ്വാസവും...

കാര്‍മേഘം വന്നു മൂടിയതു പോലെ ആകെ മങ്ങി പോയി.. ജീവിതം

എല്ലാത്തിനും ഞാന്‍ കൂടെയുണ്ടായിരുന്നു.....

ഈ ഇരുള്‍ മായുന്നതും കാത്ത്..... ഒരു പുതിയ ഉദയത്തേയും സ്വപ്നം കണ്ടുകൊണ്ട്

ഒരു അസ്തമനമാണു എന്നെ കാത്തിരിക്കുന്നതെന്നറിയാതെ...

കടല്‍ക്കരയിലെ നനഞ്ഞ മണലില്‍ മലര്‍ന്നു കിടന്ന് , മകളേയും, സ്ത്രീധനമായി, യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപക ജോലിയും വാഗ്ദാനം ചെയ്ത പ്രൊഫസറെക്കുറിച്ച് നീ പറഞ്ഞപ്പോഴും അതൊരു തമാശയെന്നേ ഞാന്‍ കരുതിയുള്ളൂ..
ചുറ്റിനും വളര്‍ന്നു കൊണ്ടിരിക്കുന്ന ഇരുട്ടിനോടൊപ്പം നിന്റെ മുഖത്തും കണ്ണുകളിലും വളര്‍ന്നു കൊണ്ടിരിക്കുന്ന അപരിചിത ഭാവങ്ങള്‍ കാണുന്നതു വരെ..

നീ മാറിയിരുന്നു...
ഞാനിതു വരെ കണ്ടിട്ടില്ലാത്ത , പരിചയപ്പെട്ടിട്ടില്ലാത്ത എനിക്കു തീര്‍ത്തും അപരിചിതനായ രവിയായി...

അസ്തമിച്ചു തുടങ്ങിയിരുന്നു സൂര്യന്‍

ഇരുട്ടു വീണു തുടങ്ങിയിരുന്നു നമുക്കിടയില്‍

ആദ്യമായി ഇഷ്ടം തോന്നി ഇരുട്ടിനോട്, എന്റെ മുഖവും എന്റെ മനസ്സും നിന്നില്‍ നിന്നും മറച്ചു പിടിച്ചതിനു...

എന്റെ ചക്രവാളങ്ങളില്‍ ഇരുട്ടു പെയ്യുകയായിരുന്നു...

എന്റെ കണ്ണിലും ... എന്റെ ചെവിയിലും......ഇരുട്ട്...

ഞ്ഞാനൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല

നിന്റെ വിശദീകരണങ്ങള്‍
നിന്റെ ന്യായീകരണങ്ങള്‍
ക്ഷമാപണങ്ങള്‍....

എന്റെ ചെവികളില്‍ ഇരമ്പിയാര്‍ക്കുന്ന കാറ്റിന്റെ മൂളല്‍ മാത്രം....

കാറ്റില്‍ പറന്നു പോയ വാഗ്ദാനങ്ങള്‍

എന്നെ കാത്തു സൂക്ഷിക്കുമെന്ന്....

കൈ വിടില്ലെന്ന്...

എന്നും കൂടെ കൂട്ടുമെന്ന്....


മറക്കാന്‍ ശ്രമിക്കും തോറും ഓര്‍മ്മകള്‍ കൂടൂതല്‍ തെളിഞ്ഞു വരികയാണു..
ഒന്നിനു പുറകെ ഒന്നായി ഒരായിരം ഓര്‍മ്മകള്‍
ചോര പൊടിയുന്ന ഒരായിരം മുറിവുകള്‍ മനസ്സില്‍..

മറന്നേ പറ്റൂ...എല്ലാം

മറക്കാന്‍ ശ്രമിക്കുകയാണു ഞാന്‍

യാത്ര പറയട്ടെ ഒരിക്കല്‍ കൂടി

നാളെ തിരിച്ചു പോവാണു ഞാന്‍. പിന്നീടെല്ലാം വരുന്നതു പോലെ വരട്ടെ...

നിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ നില്‍ക്കുന്നില്ല.. ഉപേക്ഷിക്കപ്പെട്ടവളായി എല്ലാവരുടേയും മുന്നിലേക്ക് ഇനിയും വയ്യ...

തകര്‍ന്നടിഞ്ഞു നിന്റെ മുന്നില്‍ ഒരിക്കലും വയ്യ..

എന്റെ ജീവിതത്തിലെ ഏറ്റവും പ്രകാശ പൂര്‍ണ്ണമായ നാലു വര്‍ഷങ്ങള്‍ സമ്മാനിച്ച നിന്നെ എന്നും സ്നേഹത്തോടേയും സന്തോഷത്തോടേയും മാത്രം ഓര്‍മ്മിക്കട്ടെ ഞാന്‍...

ഒരു തുള്ളി കണ്ണീരോ ഒരു ചുടു നിശ്വാസമോ നിനക്ക് പൊള്ളലേല്‍പ്പിക്കില്ല...

നിറഞ്ഞ മനസ്സോടെ , പ്രാര്‍ത്ഥനയോടെ...

വിവാഹത്തിനു എന്റെ എല്ലാ മംഗളാശംസകളും..

എല്ലാ നന്മകളും നിന്റെ വഴിയില്‍ പൂത്തു നില്‍ക്കട്ടെ

സര്‍വ്വസൗഭാഗ്യങ്ങളും , നിനക്ക് തണലേകട്ടെ....

സ്നേഹത്തോടെ
ഇന്ദിര

Wednesday, November 5, 2008

ചിറകു നീര്‍ത്തുവാനാവാതേ..........

അടി തെറ്റിയാല്‍ ആനയും വീഴും എന്നല്ലേ.......

പിന്നെ ഒരു വെറും കീര്‍ത്തന മാത്രമായ ഞാനൊന്നു വീണതില്‍ ഇത്ര കുറ്റം പറയാന്‍ എന്താണുള്ളത്..????

ആന വീഴുമ്പോള്‍ കാലൊടിയാറുണ്ടോ.....????
എനിക്കറിഞ്ഞൂടാ...
എന്തായാലും ഞാന്‍ വീണപ്പോള്‍ അതും സം ഭവിച്ചു....

ഈ തിങ്കളാഴ്ച നല്ല ദിവസം എന്നൊക്കെ പത്മരാജന്‍ ചേട്ടന്‍ ചുമ്മാ പറയുന്നതാ...
അത്ര നല്ല ആഴ്ചയൊന്നുമല്ല ഈ തിങ്കളാഴ്ച..
അല്ലെങ്കില്‍ പിന്നെ ഒരു നല്ല നടപ്പുകാരിയായ എന്നെ തള്ളിയിട്ട് കാലൊടിച്ച് ഒരു മൂലയിലാക്കേണ്ട വല്ല കാര്യവുമുണ്ടോ ഈ തിങ്കളാഴ്ചക്ക്...

എല്ലാ ആഴ്ചയിലുമെന്നപോലെ തിങ്കളഴ്ചയും ഞാന്‍ എന്റെ പതിവു ശൈലിയില്‍ അതും ഇതുമൊക്കെ ചെയ്തും ഓരോന്നൊക്കെ തപ്പിയും തിരഞ്ഞും വെറുതെ സമയം കളയുകയായിരുന്നു. എങ്ങിനെയെങ്കിലും ഇത്തിരി നേരം വൈകി ബസ്സൊന്നു പോയിക്കിട്ടിയാല്‍, ഒരു മണിക്കൂറെങ്കില്‍ ഒരു മണിക്കൂര്‍, ക്ലാസ്സില്‍ കയറാതെ നടക്കാമല്ലോ എന്നൊരു ഗൂഢലക്ഷ്യവും ഇതിനു പുറകില്‍ ഇല്ലാതില്ല..

(അല്ലെങ്കില്‍ തന്നെ ഈ തിങ്കളാഴ്ചയൊക്കെ നേരെ ചെന്നു ക്ലാസ്സില്‍ കയറുന്നത് ഒരു കുറച്ചിലല്ലേ..)

അങ്ങിനെ മന്ദഗതിയില്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്ന സമയത്താണു ഞാന്‍ അമ്മയുടെ മുന്നില്‍ ചെന്നു പെട്ടത്... അമ്മയുടെ നോട്ടവും ഭാവവുമൊക്കെ കണ്ടപ്പോ തന്നെ ഒരു പന്തികേട് തോന്നിയതാ..
എന്നാലും എന്റെ പരിപാടിയില്‍ വലുതായിട്ട് ഒരു മാറ്റം വരുത്തണമെന്നൊന്നും അപ്പോഴും കരുതിയതല്ല..

കുറച്ചൂടെ കഴിഞ്ഞപ്പോഴാണു , ഇത്തിരി വെളിച്ചം മുഖത്തും തലയിലും വീണത്....

പരീക്ഷ ഇങ്ങെത്താറായി...

ആവശ്യത്തിനു ക്ലാസ്സില്‍ കയറിയില്ലെന്നും പറഞ്ഞ്, പരീക്ഷ എഴുതാന്‍ സമ്മതിക്കില്ല എന്നെങ്ങാനും യൂണിവേഴ്സിറ്റി കടും പിടുത്തം പിടിച്ചാല്‍, എനിക്കു പിടിക്കാനായി എന്റെ മുന്നില്‍ അമ്മയുടെ പാദാരവിന്ദം മാത്രമേ കാണുകയുള്ളെന്നൊരു ചിന്ത ഇടിത്തീ പോലെ എന്റെ തലയില്‍ വീണത്.

അതോടെ ഞാന്‍ എന്റെ മെല്ലെപ്പോക്ക് നയം അവസാനിപ്പിച്ചു...
വണ്ടി റിവേഴ്സ് ഗിയറില്‍ നിന്നും നേരെ ടോപ്പ് ഗിയറിലേക്ക്.
പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു.
മുകളിലേക്കോടുന്നു, താഴേക്കിറങ്ങുന്നു, കുളിക്കുന്നു......
എല്ലാം കഴിഞ്ഞിട്ടും പിന്നേയും 5 മിനുട്ട് ബാക്കി...

എന്നാല്‍ പിന്നെ മുത്തശ്ശി കുറേ നേരമായി പിന്നാലെ കൊണ്ടു നടന്നിരുന്ന പാലും കൂടി കുടിച്ചിട്ട് പോകാം എന്നു കരുതി തിരിഞ്ഞു നടന്നു.
അതു വരെ കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടന്നു.

പാല്‍ കുടിക്കാം എന്നു കരുതിയതോടെ എന്റെ ചീത്ത സമയവും തുടങ്ങി....
(ഇതാ പറയുന്നത് നല്ലതൊന്നും ചിന്തിക്കരുത്... പ്രവര്‍ത്തിക്കരുത്..)

എന്നാലും ഇതിനു മാത്രം തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല..
ഒന്നു 'ഡൈവ്' ചെയ്ത് ഗ്ലാസ്സ് കൈപ്പിടിയിലൊതുക്കാം എന്നു കരുതിയതേ ഉള്ളൂ...
അപ്പോഴേക്കും വീണിതല്ലോ കിടക്കുന്നു...
പേരിനു തറയില്‍ ഒരു തുള്ളി വെള്ളവും ഉണ്ടായിരുന്നു..
( അതേതായാലും ഭാഗ്യമായി... കുറ്റം കേള്‍ക്കാന്‍ കൂട്ടിനു ഒരാള്‍ കൂടി ഉണ്ടായല്ലോ... അല്ലെങ്കില്‍ കുറ്റം മുഴുവനായും എന്റെ തലയില്‍ വരുമായിരുന്നു.....!!!!)

എന്തായാലും ഇപ്പൊ ഈ അവസ്ഥയിലായി...

വെറുതെ ഓരോ ഇല്ലാത്ത തലവേദനയുടേയും വയറുവേദനയുടേയും പേരു പറഞ്ഞ് ക്ലാസ്സില്‍ പോവാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ഈ വെറുതെ ഇരിക്കല്‍ ഇത്ര ബോറന്‍ പരിപാടിയാണെന്ന്...

ഇപ്പോ ദിവസത്തിനൊക്കെ എന്തൊരു നീളമാണു... രാവിലെയായാല്‍ രാത്രിയാവാന്‍ ഒരു രണ്ടു ദിവസമൊക്കെ വേണമെന്നു തോന്നാണു എനിക്കിപ്പോള്‍....

പണ്ടേ ഞാനൊരു അസൂയക്കാരിയാ....

ഒഴുകി നടക്കുന്ന മേഘത്തിനോടും, പറന്നു നടക്കുന്ന പക്ഷികളോടും, തിമര്‍ത്തു പെയ്യുന്ന മഴയോടും, കത്തി ജ്വലിക്കുന്ന സൂര്യനോടും ........
വന്ന്
വന്ന്
ഇപ്പോള്‍ രണ്ടു കാലില്‍ നടക്കുന്ന മനുഷ്യരോടും വരെ എത്തി നില്‍ക്കുന്നു ആ നീളന്‍ ലിസ്റ്റ് ...

പണ്ടൊക്കെ എപ്പോഴും കൂട്ടിനു വന്നവരേയും കാണുന്നില്ല ഇപ്പോള്‍
രാത്രിയിലും പകലും എന്നില്ല, എന്തിനു വീഴുമ്പോള്‍ പോലും സ്വപ്നം കണ്ടു നടന്നിരുന്നതാ ഞാന്‍... എന്നിട്ടിപ്പോ കിടപ്പിലായപ്പോ ഒരു സ്വപ്നം പോലും വരുന്നില്ല എനിക്കു കൂട്ടിരിക്കാന്‍.....

എന്തിനേറെ പറയുന്നു...
വെറുതെ ഇരുന്നിട്ട് എന്റെ ഒരു പണിയും നടക്കുന്നില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ...

എങ്കിലും ഞാന്‍ ഇവിടെ തനിച്ചല്ല..

ഒരു വശത്ത് പുസ്തകങ്ങള്‍...( ആയുര്‍വേദം ഒഴിച്ചുള്ളവയെല്ലാം...)
മറുവശത്ത് പാട്ട്
മുന്നിലൊരു കമ്പ്യൂട്ടര്‍
പിന്നിലായി ഞാനും
ഇവിടെ തന്നെ കാണും
കുറച്ചു ദിവസം കൂടി.......

Thursday, October 9, 2008

ഓപ്പോള്‍

എന്തോ ഒരു ശബ്ദം കേട്ടാണു ഞാനുണര്‍ന്നത്.

ബോര്‍ഡിങ്ങിലെ എന്റെ റൂം മേറ്റ് ശാരി അമ്മയെ കാണാന്‍ കരയുകയാവും എന്നാ ആദ്യം കരുതിയത്. പിന്നെയാണോര്‍മ്മ വന്നത്..... വെക്കേഷനല്ലേ... ഞാന്‍ ബോര്‍ഡിങ്ങിലല്ലാ തറവാട്ടിലാണെന്ന്.

അച്ഛ്നും അമ്മയും നാട്ടിലില്ലാത്തതിനാല്‍, ഞാനും എന്റെ ഏട്ടന്‍ കിരണും സ്കൂളു പൂട്ടിയാല്‍ പെട്ടിയും തൂക്കി ഇറങ്ങും, പിന്നെ ജിപ്സികളെ പോലെ അവിടേയും ഇവിടേയും ഒക്കെ അലഞ്ഞ്, അവസാനം സ്കൂള്‍ തുറക്കുമ്പോഴേക്കും ബോര്‍ഡിങ്ങില്‍ തന്നെ തിരിച്ചെത്തും. ഇത്തവണ അച്ഛന്റെ തറവാട്ടിലാണു ഞങ്ങളുടെ വെക്കേഷന്‍

വേഗം രാവിലെയാവണേ എന്നു പ്രാര്‍ത്ഥിച്ചാണു ഇന്നലെ രാത്രിയും ഉറങ്ങാന്‍ കിടന്നത്.

രാവിലെയായാല്‍ പിന്നെ തിരക്കാണു. ഇനി രണ്ട് ദിവസം കൂടിയേ ഉള്ളൂ ഓപ്പോളുടെ വേളിക്ക്.
പന്തല്‍ പണിക്കാരും അടുക്കളപണിക്കാരുമൊക്കെ ഇന്നെത്തും. ഇനിയങ്ങോട്ട് തിരക്കാണു.

നാളെ അയിനിയൂണ്‍, മറ്റന്നാള്‍ വേളി.

നേരം വൈകിപ്പോയോ എന്നു പരിഭ്രമിച്ച് ഞാന്‍ വേഗം എഴുന്നേറ്റു. ഉറക്കപ്രാന്തില്‍ കണ്ണ് തുറന്നു നോക്കിയപ്പോ അന്തം വിട്ടു പോയി.. എല്ലാവരുമുണ്ട് മുറിയില്‍... മുത്തശ്ശന്‍, വല്ല്യച്ഛന്‍, വല്ല്യമ്മ..( വല്ല്യമ്മ കരയുന്ന ശബ്ദമാണു ഞാന്‍ കേട്ടത്), പിന്നെ പാതി ഉറക്കത്തില്‍ ഏട്ടന്മാരും....

മുത്തശ്ശനെ ഇത്ര ദേഷ്യത്തില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, മുഖമൊക്കെ ചുവന്ന്, ഇപ്പൊ ചോര വരുമെന്നു തോന്നും,
മുത്തശ്ശി പതിവു പോലെ പതിഞ്ഞ ശബ്ദത്തില്‍ നാരായണ നാരായണ എന്നു ജപിക്കുന്നു,
വല്ല്യച്ഛന്‍ തലയും കുനിച്ച് മാറി നില്‍ക്കുന്നു,
കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാവാത്തതിന്റെ അമ്പരപ്പില്‍ ഏട്ടന്മാരും.
വല്ല്യമ്മ മാത്രം ഉച്ചത്തില്‍ കരയുന്നുണ്ട്.

ഞാന്‍ ഓപ്പോളെവിടെയെന്നു നോക്കി. ഓപ്പോളെ മാത്രം അവിടെയൊന്നും കാണുന്നില്ല. ഇത്രമാത്രം കോലാഹലം ഇവിടെ നടന്നിട്ടും ഓപ്പോള്‍ മാത്രം ഉണര്‍ന്നില്ലേ??? അല്ലെങ്കിലും ഓപ്പോള്‍ ഒരു ഉറക്കപ്രാന്തിയാണു. വല്ല്യമ്മ എത്ര തവണ വിളിച്ചാലാണു രാവിലെ ഒന്നെഴുന്നേല്‍ക്കുന്നത്....

ഇവിടെ വരുമ്പോഴൊക്കെ ഓപ്പോളുടെ കൂടെയാണു ഞാന്‍ ഉറങ്ങുന്നത്.ഞ്ഞാന്‍ ഓപ്പോളെ വിളിക്കാന്‍ തിരിഞ്ഞു... ഓപ്പോള്‍ കിടക്കയിലില്ല, മുറിയിലും കാണുന്നില്ല.. അത്ഭുതം തന്നെ..

ഇന്നലെ രാത്രി ഓപ്പോളെനിക്കു തന്ന ബിനാക്ക മൃഗങ്ങളെ ഇട്ടുവെക്കുന്ന വെള്ളിച്ചെപ്പ് മാത്രം കിടക്കയില്‍ അന്തംവിട്ട് കിടന്നുറങ്ങുന്നുണ്ട്. ഓപ്പോളുടെ കൈയ്യില്‍ ഇങ്ങനെ പലവിധ അത്ഭുത സാധനങ്ങളും ഉണ്ട്. കൂട്ടത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതായിരുന്നു, പണ്ട് ബിനാകാ ടൂത്പേസ്റ്റിന്റെ കൂടെ കിട്ടുമായിരുന്ന പലവിധ മൃഗങ്ങള്‍, സിംഹം, കണ്ടാമൃഗം, മാന്‍ അങ്ങിനെ എല്ലാമുണ്ട്. എല്ലാം കൂടി നല്ല ഭംഗിയുള്ള ഒരു വെള്ളിച്ചെപ്പിലാണു ഓപ്പോള്‍ സൂക്ഷിച്ചിരുന്നത്.

അതൊന്നു കാണിച്ചു തരാന്‍ തന്നെ കുറെ ദിവസം പിന്നാലെ നടക്കണം.ഇന്നലെ ഓപ്പോള്‍ക്ക് എന്തേ പറ്റിയത് ആവോ. ഓപ്പോള്‍ പറഞ്ഞു തരുന്ന കഥയും കേട്ടുറങ്ങാന്‍ വേണ്ടി ഞാന്‍ ഓപ്പോളേയും കാത്തിരിക്കുകയായിരുന്നു. ഓപ്പോളാണെങ്കില്‍ പുസ്തകങ്ങളുടെ ഇടയിലും, അലമാരയിലുമൊക്കെ എന്തോ തിരയുകയും...
അതിനിടയിലാ മാളൂനു ഓപ്പോളുടെ വക ഒരു സമ്മാനം എന്നും പറഞ്ഞ് ഈ ചെപ്പെടുത്ത് എന്റെ കൈയ്യില്‍ വെച്ചു തന്നു...
വല്ല്യമ്മ പറയുന്നത് സത്യം തന്നെയാ... ഈ ഓപ്പോളുടെ ഓരോ കട്ടായം കണ്ടാല്‍ അന്തം വിട്ടു പോവും.
സന്തോഷം കൊണ്ട് കണ്ണും തള്ളിയിരുന്ന ഇരുന്ന എന്നെ കെട്ടിപിടിച്ച് നെറ്റിയിലൊരുമ്മയും തന്നു ഓപ്പോള്‍.
നോക്കിയപ്പൊ ഓപ്പോള്‍ കരയുന്നു.. വല്ല്യമ്മയോട് മാളൂനും അപ്പോള്‍ ദേഷ്യം വന്നു. ഈ ഓപ്പോളെ എപ്പോഴും ഇങ്ങനെ ചീത്ത പറഞ്ഞ് കരയിക്കുന്നൊരു വല്ല്യമ്മ...

ഇപ്പോള്‍ കുറച്ച് ദിവസമായിട്ടിങ്ങനെ തന്നെയാ.. വല്ല്യമ്മ അടക്കിയ ശബ്ദത്തില്‍ ചീത്ത പറയലും, ഓപ്പോള്‍ കരയലും... കല്യാണം തീരുമാനിച്ചതില്‍ പിന്നെ ഓപ്പോളുടെ ആ ചിരിയൊന്നും കാണാനേ ഇല്ല.

ചെപ്പ് കിട്ടിയ സന്തോഷത്തില്‍ ഞാന്‍ പിന്നെ കഥ കേള്‍ക്കാനൊന്നും കാത്തു നിന്നില്ല.. അതും കെട്ടി പിടിച്ച് കിടന്നുറങ്ങി.. ഓപ്പോള്‍ എപ്പഴാ ഉറങ്ങിയത് ആവോ... കാണാനും ഇല്ലല്ലോ ഇവിടെയൊന്നും.....

വല്ല്യമ്മ കരയുന്നതു കണ്ടപ്പൊള്‍ എനിക്കും കരച്ചില്‍ വന്നു തുടങ്ങിയതായിരുന്നു, അപ്പോഴേക്കും ഉണ്ണിയേട്ടന്‍ വന്നു എന്നെ തളത്തിലേക്ക് കൂട്ടികൊണ്ടു പോയി.
ഉണ്ണിയേട്ടനാ സ്വകാര്യമായിട്ട് എന്നോട് പറഞ്ഞത്,ഓപ്പോളെ കാണാനില്ല, എങ്ങൊട്ടോ പോയീ ന്ന്.

ആരോടെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു എവിടേക്കാ ഓപ്പോള്‍ ഈ രാത്രിയില്‍ പോയത്... പക്ഷെ ആരോടും ചോദിക്കാന്‍ തോന്നിയില്ല.

രാവിലെയായിട്ടും വല്ല്യമ്മ എഴുന്നേറ്റിട്ടില്ല. ഇനിയിപ്പോ നടുമുറ്റത്ത് അണിയലും നേദിക്കലും, പാട്ടു പാടിക്കളിയും ഒന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
ഇവിടെ ഓപ്പോള്‍ ഇല്ലെങ്കില്‍ ഇങ്ങനെ തന്നെയാ, ഒരു കാര്യവും നടക്കില്ല.

പക്ഷേ അകത്തും പുറത്തും നിറച്ചാള്‍ക്കാര്‍ വന്നിട്ടുണ്ട്. ഓപ്പോളെ കാണാനില്ല എന്നറിഞ്ഞ് വന്നവരാണു.വീടാകെ ഒരു തേനീച്ചക്കൂടു പോലെ. ആരുടേയും ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നില്ല. ആകെ ഒരു മൂളല്‍ മാത്രം.

മുത്തശ്ശന്‍ ഉമ്മറത്തെ കസേരയില്‍... ഒറ്റ രാത്രി കൊണ്ട് വയസ്സായതു പോലെ.... മുഖത്താകെ ചുളിവുകളും കറുപ്പും... വലിയൊരു വടവൃക്ഷം കടപുഴകി വീണതു പോലെ.. ഇങ്ങനെ നിസ്സഹായനായി മുത്തശ്ശനെ ഞാന്‍ കണ്ടിട്ടില്ല.

വല്ല്യച്ഛന്‍ പിന്നെ എപ്പോഴും ഇങ്ങനെ തന്നെയാണു. നന്നേ വിഷമിച്ചാ രണ്ട് വാക്ക് പറയ്യാ... എന്നാണു വല്ല്യമ്മ പറയുക

ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത ഏട്ടന്മാര്‍ പോലും അനങ്ങുന്നില്ല.
വല്ല്യമ്മയുടെ കരച്ചില്‍ മാത്രം ഇടക്ക് കേള്‍ക്കാം.

ഓപ്പോള്‍ ഇല്ലാഞ്ഞാല്‍ ഇവിടെ ഒരു രസവുമില്ല. ഓപ്പോളായിരുന്നു ഇവിടുത്തെ സാരക്കുട്ടി. എല്ലാവര്‍ക്കും... മുത്തശ്ശനു പോലും ഓപ്പോള്‍ പറയുന്നതൊക്കെ സമ്മതമാ... ഓപ്പോളുടെ അഭിപ്രായത്തിനായിരുന്നു എല്ലാകാര്യങ്ങളിലും മുന്‍ തൂക്കം. പഠിക്കാനും മിടുമിടുക്കി.... ഏട്ടന്മാരെ പഠിപ്പിക്കാനിരുത്തിയാല്‍ കളിയാക്കി കൊല്ലും ഓപ്പോള്‍. എല്ലാകാര്യത്തിനും എപ്പോഴും ഓപ്പോളാവും മുന്നില്‍.

വല്ല്യമ്മ മാത്രമാണു വല്ലപ്പോഴും ഓപ്പോളെ ഒന്നു ചീത്ത പറയുക, അതും ആ കാളി എന്തേലും നുണ കൊളുത്തി കൊടുക്കുമ്പോള്‍.

വൈകുന്നേരം മുത്തശ്ശനൊക്കെ വന്നു കഴിയുമ്പോള്‍ ഉമ്മറത്തൊരു സഭ കൂടലുണ്ട്. മുത്തശ്ശനൊരു കസേരയില്‍, കാല്‍ക്കലായി ഓപ്പോള്‍. മുത്തശ്ശന്റെ മടിയില്‍ ഞാനും. മുത്തശ്ശനു പെണ്‍കുട്ടികളെ മാത്രമേ ഇഷ്ടമുള്ളൂ എന്നും പറഞ്ഞ് ഏട്ടന്മാര്‍ പരിഭവിക്കും.

ഓപ്പോള്‍ക്കായിരുന്നു എവിടേയും സ്ഥാനം. ബന്ധുക്കളുടെ ഇടയിലും നാട്ടുകാരുടെ ഇടയിലും... എല്ലാവരോടും ഭംഗിയായി സംസാരിക്കാനും, പറ്റുന്ന വിധത്തിലെല്ലാം എല്ലാവരേയും സഹായിക്കാനും, ഓപ്പോളുടെ അത്ര മിടുക്കി വേറെ ആരും ഉണ്ടായിരുന്നില്ല.

ഓപ്പോള്‍ക്ക് കിട്ടുന്ന ഈ പ്രത്യേക പരിഗണനയില്‍ ഞങ്ങള്‍ക്കൊക്കെ ചെറിയ തോതില്‍ അസൂയ ഉണ്ടായിരുന്നെങ്കിലും, ഓപ്പോളില്ലെങ്കില്‍ ഒരു രസവും ഇല്ല... ഇവിടമാകെ ഉറങ്ങിയതു പോലെയാവും.

ഓരോന്നു പറഞ്ഞ് എന്നേയും കണക്കിനു കളിയാക്കുമെങ്കിലും, ഓപ്പോളോടായിരുന്നു എനിക്കും കൂടുതല്‍ പ്രിയം. ഓപ്പോളുടെ പുറകെ ഒരു വാലായി നടക്കുന്നതായിരുന്നു വന്നു കഴിഞ്ഞാല്‍ പോവുന്നതു വരെ എന്റെ പതിവ്.

ഉച്ചക്ക് വല്ല്യമ്മ ഉറങ്ങുമ്പോള്‍ ഓപ്പോള്‍ക്കും എനിക്കും കൂടി ഒരു ചുറ്റിയടിക്കലുണ്ട്. പറമ്പിലൊക്കെ ഒന്നു കറങ്ങി, തിന്നാന്‍ പറ്റുന്ന കായകളും, ഇലകളും ഒക്കെ കരസ്ഥമാക്കും. അന്ന് ഞങ്ങളുടെ ഇല്ലത്തെ കുളത്തിലൊരു ആമയുണ്ടായിരുന്നു. ഉച്ച സമയത്ത് ആരും ഇല്ലാത്തപ്പോ പോയാലേ അതിനെ സൗകര്യമായി കാണാന്‍ പറ്റൂ. നീന്താന്‍ അറിയാത്തതു കൊണ്ട് വെള്ളത്തിലിറങ്ങാന്‍ എനിക്ക് അനുവാദമില്ല. കല്‍പ്പടവിലിരുന്ന് ഞാന്‍ ആമ വരുന്നതും നോക്കിയിരിക്കും.എന്റെ പാട്ടിന്റേയും ആട്ടത്തിന്റേയും കഥ പറച്ചിലിന്റേയും ഒക്കെ പ്രേക്ഷകനാവാനുള്ള് (ദുര്‍)ഭാഗ്യം ആ ആമക്കായിരുന്നു.
എന്റെ ഈ ശല്യം കാരണം ഓപ്പോള്‍ പഠിക്കാന്‍ കുറച്ച് ദൂരേക്ക് പോവും. അപ്പുറത്തായുള്ള ഇടവഴിയുടെ വക്കത്തുള്ള ഒരു ഇലഞ്ഞി മരത്തിന്റെ ചോട്ടിലിരുന്നാണു ഓപ്പോളുടെ പഠിത്തം. വല്ല്യമ്മ ഉണരുന്നതിനു മുന്നേ ഞങ്ങള്‍ തിരിച്ചെത്തുകയും ചെയ്യും.
പോവാറാവുമ്പോള്‍ ഇലഞ്ഞി പൂക്കള്‍ പെറുക്കി അതു കൊണ്ടൊരു കൈചെയിനും ഉണ്ടാക്കിതരും എന്റെ ഓപ്പോള്‍.

ഈ ഉച്ചക്കുള്ള ഞങ്ങളുടെ കറക്കം അവസാനിക്കാനും കാരണം ആ കാളിയുടെ ഓരോ നുണക്കഥകളാണെന്നാ ഓപ്പോള്‍ പറഞ്ഞത്..

അന്നും ഞാന്‍ കല്‍പ്പടവില്‍ ആമയെയും നോക്കിയിരിക്കുകയായിരുന്നു. അപ്പോഴാണു കുളത്തിലൊരു പുതിയ അതിഥി... ഒരു നീര്‍ക്കോലി.. വെള്ളത്തിലെ അഭ്യാസങ്ങളൊക്കെ മടുത്തിട്ടെന്നെ പോലെ കരയിലേക്ക് കയറി വരാന്‍ ഒരുങ്ങിയപ്പോ ഞാന്‍ ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു, ഇലഞ്ഞി ചോട്ടിലെത്തിയിട്ടേ ശ്വാസം വിട്ടുള്ളൂ. എന്നിട്ട് നോക്കിയപ്പോ അവിടെങ്ങും ഓപ്പോളെ കാണാനില്ല. പുസ്തകങ്ങള്‍ ഉണ്ട്, പക്ഷേ ഓപ്പോളില്ല.ഒന്നു കരഞ്ഞാലോ എന്നു വിചാരിച്ചപ്പോഴേക്കും, ഇടവഴിയില്‍ നിന്നും ഓപ്പോളുടെ ശബ്ദം കേട്ടു. നോക്കിയപ്പോ ഓപ്പോള്‍ എതോ ഒരു ഏട്ടനോട് എന്തോ പറഞ്ഞ് ചിരിക്കുന്നു. ഒരു പൂച്ചക്കണ്ണുള്ള ഏട്ടന്‍.കൂടെ പഠിക്കുന്ന ആളാണത്രേ. എന്നാലും ആരോടും പറയണ്ടാന്നാ ഓപ്പോള്‍ പറഞ്ഞത്. മാളു ആരോടും പറഞ്ഞില്ല.
പക്ഷേ ആ കാളി വല്ല്യമ്മയോട് എന്തോ കുറേ നുണകളൊക്കെ ചേര്‍ത്ത് ഈ കാര്യം പോയി പറഞ്ഞു കൊടുത്തു. അന്ന് ഓപ്പോള്‍ക്ക് വയര്‍ നിറച്ചും ചീത്ത കേട്ടു.
അതില്‍ പിന്നെ വല്ല്യമ്മ ഉറങ്ങുന്ന മുറിയിലിരുന്നു പഠിച്ചാ മതിയെന്നൊരു പുതിയ നിയമവും പാസ്സാക്കി.
മാളൂന്റെ കാര്യമാ കഷ്ടത്തിലായത്. പഠിക്കാന്‍ ഇപ്പോ എവിടെയിരുന്നിട്ടായാലും മതിയല്ലോ, പക്ഷേ ആമയെ കാണാന്‍ അങ്ങോട്ടു പോവാതെ പറ്റില്ലല്ലൊ......

പിന്നെ അതൊക്കെ ആകെ മറന്നു. ഇവിടെ ആകെ തിരക്കായിരുന്നു. ഓപ്പോള്‍ക്ക് കല്യാണ ആലോചനയുടെ തിരക്ക്. ജാതകം നോക്കലും, ഇല്ലം കാണലും, ആള്‍ക്കാരും ആകെ രസമായിരുന്നു. പിന്നെ ഒരു ദിവസം ഒരു ഏട്ടന്‍ വന്നു, ഓപ്പോളെ കാണാന്‍...
ആ ഏട്ടന്റെ ഇല്ലത്തേ പണ്ട് ആനയുണ്ടായിരുന്നൂ എന്ന് മുത്തശ്ശി പറഞ്ഞു മാളൂനോട്. പക്ഷേ ആ ഏട്ടനു അതിന്റെ ഗമയൊന്നും ഇല്ല്യ ട്ടോ. മാളൂനോട് പേരൊക്കെ ചോദിച്ചു.
ഡല്‍ഹിയിലാ ആ ഏട്ടനു ജോലി. ഓപ്പോള്‍ക്കും പോവാം ഡല്‍ഹിക്ക്.

ഏട്ടന്‍ കാണാന്‍ വരുന്നതിന്റെ തലേ ദിവസം മുതല്‍ ഓപ്പോള്‍ കരച്ചിലായിരുന്നു. എന്തിനാന്ന് ചോദിച്ചപ്പോ , വേളി കഴിഞ്ഞു പോയാല്‍ പിന്നെ , മാളു വരുമ്പോള്‍ കാണാനും, ഇങ്ങനെ മാളൂനേം കെട്ടിപ്പിടിച്ച് ഉറങ്ങാനും ഒന്നും പറ്റാത്തതു കൊണ്ടാണു കരയുന്നതെന്നാ ഓപ്പോള്‍ പറഞ്ഞത്. കേട്ടപ്പോ എനിക്കും കരച്ചില്‍ വന്നു, പാവം ഓപ്പോള്‍ക്ക് മാളൂനെ എന്തൊരിഷ്ടമാണു.

പക്ഷെ ആ ഏട്ടന്‍ വന്നു പോയതില്‍ പിന്നെ ഓപ്പോളുടെ കരച്ചിലൊക്കെ മാറി. പതുക്കെ പതുക്കെ സന്തോഷം വന്നു നിറഞ്ഞു തുടങ്ങി വീട്ടിലാകെ. വല്ല്യമ്മയും, മുത്ത്ശ്ശനും,വല്ല്യച്ഛനും എല്ലാവരും ഓരോ ഒരുക്കങ്ങളുടെ തിരക്കിലും.

ഇന്നലെയായിരുന്നു കാവിലെ നിറമാല.

കൂടെ പഠിച്ചിരുന്ന കുറേ കൂട്ടുകാരികള്‍ കല്യാണ സമ്മാനവുമായി വന്നതു കാരണം ഓപ്പോള്‍ക്ക് തൊഴാന്‍ വരാന്‍ പറ്റിയില്ല.

ഇന്നലെ തൊഴാന്‍ പോയപ്പോ എന്തൊരു തിരക്കായിരുന്നു.വല്യച്ഛന്‍ തായമ്പകയുടെ സ്ഥലത്തേക്കും, ഏട്ടന്മാര്‍ പീടികകളിലേക്കും, വല്ല്യമ്മ കാണുന്നവരോടൊക്കെ വര്‍ത്തമാനത്തിലും മുഴുകിയപ്പോള്‍ മാളു ആള്‍ക്കൂട്ടം നോക്കിനില്‍ക്കായിരുന്നു.അപ്പോഴാ ആ പൂച്ചക്കണ്ണുള്ള ഏട്ടനെ പിന്നേയും കണ്ടത്.മാളു ചിരിച്ചപ്പോ തിരിച്ചൊന്ന് ചിരിച്ചതു പൊലും ഇല്ല.ഇഷ്ടായില്ല മാളൂനു ആ ഏട്ടനെ.

അമ്പലത്തില്‍ നിന്നും വന്നപ്പോ ഓപ്പോളോട് പറയണം എന്നു കരുതിയതായിരുന്നു. പിന്നേ ഓരോ തിരക്കിനിടയില്‍ അതു മറന്നു. ഇന്നിപ്പോ ഓപ്പോളും ഇല്ല.

എങ്ങിനെയൊക്കെ ഒരുങ്ങീതാ ഓപ്പോളുടെ വേളിക്ക്. എന്നിട്ടിപ്പോ ഈ ഓപ്പോള്‍ എങ്ങോട്ടാ പോയത്....

ഇത്ര നേരായിട്ടും വന്നിട്ടും ഇല്ല. ഈ ഓപ്പോളുടെ ഒരു കാര്യം.... കുറെ കഷ്ടം തന്നെയാണേ....

അല്ലേലും ഈ കാളി നുണയേ പറയൂ..
ഇന്നിപ്പോ എന്നെ കണ്ടപ്പോ പറയാണേ ഓപ്പോളുടെ കല്യാണം കഴിഞ്ഞൂന്ന്.

ഇവിടെ നിന്നും ആരും പോയിട്ടില്ലല്ലോ. ഓപ്പോളുടെ കല്യാണമാണെങ്കില്‍ എല്ലാര്‍ക്കും പോവേണ്ടേ..

ആരോടാ ഒന്നു ചോദിക്കുക. മുത്തശ്ശനോടൊന്നും ഇപ്പോ ചോദിക്കാന്‍ തോന്നുന്നില്ല. വല്ല്യമ്മയാണെങ്കില്‍ കരഞ്ഞു കരഞ്ഞു ഇപ്പോ ഒരു നേരിയ ഞെരക്കം മാത്രമേ ഉള്ളൂ ഉണ്ണിയേട്ടന്‍ മാത്രം വെറുതെ ഇരുന്ന് മടുത്തിട്ടാവും ഗോലി കളിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഉണ്ണിയേട്ടനോട് ചോദിച്ചപ്പോ പറയാണു.. കല്യാണത്തിനു ഇവിടാരേം ക്ഷണിച്ചിട്ടില്ലാന്ന്. ക്ഷണിക്കാത്ത കല്യ്യാണത്തിനു ഇലയിടാന്‍ വേണേല്‍ മാളു പൊയ്ക്കോളൂ ന്ന്... എനിക്കിപ്പോ അതല്ലേ പണി.....

എന്നാലും ഓപ്പോളിങ്ങനെ ചെയ്തല്ലോ.... മാളൂം പിണക്കാ ഓപ്പോളോട്.....

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

Monday, October 6, 2008

പാഠം ഒന്ന്

കേട്ടിട്ടുണ്ട്....

ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്

കേട്ടിട്ടുണ്ട്

കണക്ക് അറിഞ്ഞാല്‍ കണ്ണ് തെളിഞ്ഞെന്ന്

പക്ഷേ കണക്കില്‍ എന്നും ഞാന്‍ വളരെ മോശം

കണക്കുകൂട്ടലൊന്നും ശരിയല്ല

കാണുന്നതൊന്നും ശരിയല്ല

എന്തുകൊണ്ടാണെന്ന് അറിയില്ല

കണക്കില്‍ മോശമായതിനാല്‍ കണക്കുകൂട്ടല്‍ പിഴക്കുന്നതാണോ

അതോ

കണക്കുകൂട്ടല്‍ പിഴക്കുന്നതിനാല്‍ കണക്കില്‍ മോശമാവുന്നതൊ....

എന്തായാലും വളരെ മോശം.

ഒന്നും ഒന്നും കൂട്ടുമ്പോള്‍

എനിക്കെപ്പോഴും കിട്ടുന്നു

പിന്നേയും ഒരു ഒന്ന്...

വലിയ ഒരു 'ഒന്ന്' അല്ലാ...

തീരെ ചെറിയ ഒരു 'ഒന്ന്'

ഒറ്റക്കൊരു ഒന്ന്

ഒറ്റക്കൊരു ഞാന്‍

ഒന്നായ ഒറ്റയായ ഞാന്‍

Sunday, September 7, 2008

ഓണം സ്പെഷ്യല്‍= പട്ടുപാവാട+ പട്ടികടി

പണ്ട് പണ്ട് പിന്നേയും കുറേ പണ്ടൊരു കാലത്ത്, എനിക്കും എപ്പോഴും വീഴുന്നൊരു സ്വഭാവമുണ്ടായിരുന്നു.( ഇപ്പോള്‍ ഡീസന്റാ ട്ടോ) ഏതു വഴിയെ എങ്ങിനെ പോയാലും ഒരു വീഴ്ച ഒപ്പിച്ചെടുക്കും.

താമസിച്ചു പഠിച്ചിരുന്നത് ബോര്‍ഡിങ്ങ് സ്കൂളിലായിരുന്നതിനാല്‍ അവിടെ ഈ കലാപരിപാടിക്കു വല്യ സ്കോപ്പൊന്നും ഇല്ലായിരുന്നു. വെക്കേഷനില്‍ നാട്ടില്‍ വരുമ്പോഴാണു വീഴ്ചയുടെ ഒരു ചാകര.
'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം വീഴും മാളു മാത്രം'
എന്ന് ഏട്ടന്മാരെക്കൊണ്ട് കവിതയിലൊക്കെ തിരുത്തല്‍ വരുത്തിച്ചതിന്റെ ചരിത്രം ആവകാശപ്പെടാനുണ്ട് എനിക്ക്.

ഈ സ്വഭാവ വിശേഷം കാരണം അമ്മ എനിക്ക് ഇറക്കം കൂടിയ ഡ്രസ്സുകളൊന്നും വാങ്ങിതരുമായിരുന്നില്ല. അല്ലാതെ തന്നെ ആവശ്യത്തിനു വീണോളും, പിന്നെ തട്ടിതടഞ്ഞ് വീഴുകയും കൂടി വേണ്ടാന്നു കരുതിയിട്ടാവും.

ഇത്രയും ചരിത്രം. ഇനി സം ഭവത്തിലേക്കു വരാം.
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തെ ഓണം വെക്കേഷന്‍. അച്ഛനും അമ്മയും നാട്ടിലില്ല. ഞങ്ങള്‍( ഞാനും എന്റെ ഏട്ടനും) അച്ഛന്റെ തറവാട്ടിലേക്കാണു ഓണത്തിനു വന്നിരുന്നത്.

ഇത്തവണ എന്നെ കണ്ടപ്പോള്‍ വല്ല്യമ്മക്കൊരു ബോധോദയം... വല്യ കുട്ടിയായി, ഇനിയിങ്ങനെ കാലും കാണുന്ന കുട്ടി ഉടുപ്പൊന്നും ഇട്ട് നടക്കണ്ട . ഇത്തവണ ഓണത്തിനു പട്ടുപാവാട മതി... എനിക്കെന്താ വിരോധം .. ഞാന്‍ ഹാപ്പി... ഹാപ്പി ഓണം.

അങ്ങിനെ സ്ഥലത്തെ പ്രധാന തയ്യല്‍ വിദഗ്ധനായ വേലുക്കുട്ടി വന്നു അളവെടുത്ത്, ഓണത്തിനു രണ്ടു ദിവസം മുന്നേ തന്നെ എനിക്കുള്ള പട്ടുപാവാട വീട്ടിലെത്തിച്ചു.

ആദ്യാനുഭവങ്ങളൊന്നും മറക്കില്ല എന്നുപറയുന്നതു പോലെ എന്റെ ആദ്യത്തെ പട്ടുപാവാട ഞാനിന്നും മറന്നിട്ടില്ല.
നല്ല ചുവന്ന നിറത്തില്‍, അരികില്‍ കസവൊക്കെയായി ഒരുഗ്രന്‍ പട്ടുപാവാട. അതിനും പുറമെ വല്ല്യമ്മ പാവാടക്കു ചേരുന്ന, ചോപ്പില്‍ സ്വര്‍ണ്ണനിറത്തില്‍ കുത്തുകളുള്ള കുപ്പിവളകളും കൈ നിറയെ വാങ്ങി തന്നു.
അങ്ങിനെ ഓണത്തിനു പട്ടുപാവാടയും, കുപ്പിവളയും മുത്തശ്ശി തന്ന ചുവപ്പു കല്ലു വെച്ച മാലയും ഒക്കെയായി ഞാനൊരു സുന്ദരിക്കുട്ടിയായി .

ഭദ്രകാളി, ചുടല ഭദ്രകാളി എന്നൊക്കെ ഏട്ടന്മാര്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ വിളിച്ചെങ്കിലും ഞാന്‍ പതിവുള്ള കരച്ചിലിനൊന്നും പുറപ്പെട്ടില്ല. ഓണമല്ലേ...

അങ്ങിനെ ഉച്ച വരെ വല്യ കുഴപ്പമൊന്നും ഇല്ലാതെ കടന്നു പോയി.. ഉച്ചക്ക് ഊണും കഴിഞ്ഞ് വല്ല്യമ്മയും മറ്റു മുതിര്‍ന്ന ആള്‍ക്കാരും പതിവുള്ള ഉച്ചമയക്കത്തിനും ഏട്ടന്മാരൊക്കെ കളിക്കാനും പോയപ്പോള്‍, കിം കരണീയം' എന്നു ചിന്തിച്ചിരിക്കുകയായിരുന്ന എന്റെ മനസ്സിലേക്ക് ചെറിയമ്മ കടന്നു വന്നു. അച്ഛന്റെ അനിയന്‍ തൊട്ടടുത്ത് തന്നെയാണു താമസിക്കുന്നത്.. അവിടുത്തെ ഉപ്പേരിയുടേയും പായസത്തിന്റേയും സ്വാദുനോക്കാന്‍ ചെന്നില്ലെങ്കില്‍ ചെറിയമ്മ എന്തു കരുതും??? ഞ്ഞാന്‍ ഉടന്‍ തന്നെ അങ്ങോട്ടു വെച്ചടിച്ചു..
രണ്ടു പറമ്പിന്റേയും ഇടയിലായി വെള്ളം ഒഴുകി പോകാന്‍ പാകത്തിനു ഒരു തോടുണ്ട്. അവിടെയെത്തിയപ്പോള്‍ ഞാനീ സീയൂസ് കനാലൊക്കെ മറി കടക്കാന്‍ പര്യപ്തമായ ഒരുക്കങ്ങളോടെയും ശ്രദ്ധയോടേയും മറുകരയിലേക്കു ചാടി...( ചിരിക്കൊന്നും വേണ്ടാ... ഞാന്‍ വീണൊന്നും ഇല്ല്യ)
പക്ഷെ ദുര്‍വിധി ഒരു പാണ്ടന്‍ പട്ടിയുടെ രൂപത്തില്‍ എന്നെ അവിടെ കാത്തിരിക്കുന്നുണ്ടെന്നു ഞാനറിഞ്ഞില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. 'പ്ധും' എന്നു ഞാന്‍ ചാടി വീണതും, ഓണസദ്യ കഴിഞ്ഞ് മയക്കത്തിലായിരുന്ന പാണ്ടന്‍ ഞെട്ടിയുണര്‍ന്ന്, ആരാണെന്നും, എന്താണെന്നും ഒന്നും അന്വേഷിക്കാതെ എന്റെ കാലിലൊരു കടിയും തന്ന്, ഒരു ക്ഷമ പറയാനുള്ള മര്യാദ പോലും കാണിക്കാതെ ഓടിപ്പോയി....
എന്താ സം ഭവമെന്ന് ഞാനറിഞ്ഞു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
പട്ടി ഓടിപ്പോയ സ്ഥിതിക്ക് ഇനി ഞാനവിടെ നിന്നിട്ടെന്തു കാര്യം....

പട്ടി കടിച്ചേ എന്നലറി കരഞ്ഞ് ഞാനും ഓടി.. സാമാന്യം പോലെ നടന്നാല്‍ തന്നെ വീഴുന്ന ഞാന്‍ ഓടിയാലത്തെ കാര്യം പറയണോ.. പട്ടികടിക്കു പുറമേ നല്ല സ്റ്റൈലായിട്ടൊരു വീഴ്ചയും.... കൈയ്യും, കാലും, മുഖവുമൊക്കെ മുറിഞ്ഞു.. കുപ്പിവളകളും മുറിവുകളുടെ എണ്ണം കൂട്ടുന്നതില്‍ അവരുടേതായ പങ്ക് നിര്‍വഹിച്ചു...

എല്ലാവരും ഓടി വന്നപ്പോള്‍, ചുവന്ന പട്ടുപാവാടയില്‍ ചോരയില്‍ കുളിച്ചൊരു രൂപം.. മേലാസകലമുള്ള മുറിവിനിടയില്‍ നിന്നും പട്ടി കടിച്ചതിന്റെ അടയാളം കണ്ടു പിടിക്കാന്‍ നന്നേ കഷ്ടപ്പെട്ടു അന്ന്.

മുറികൂട്ടി, ഡെറ്റോള്‍, ബിറ്റാഡിന്‍ തുടങ്ങി സാധാരണ ഭേദ്യങ്ങളുടെ പുറമേ, നേന്ത്രപ്പഴത്തിന്റെ വലിപ്പമുള്ള സൂചി കൊണ്ട് (ഉണ്ണിയേട്ടന്‍ പറഞ്ഞതാണേ...) പൊക്കിളിനു ചുറ്റും കിട്ടാന്‍ പോകുന്ന കുത്തുകളേക്കുറിച്ചോര്‍ത്തുള്ള പേടി ആ ഓണത്തിന്റെ സ്പെഷ്യലായിരുന്നു.

അങ്ങിനെ പഴവും പപ്പടവും ഉപ്പേരിയും പായസത്തിനും പുറമെ പട്ടികടി കൂടി ധന്യമാക്കിയ ഒരോണം, എന്റെ ഓര്‍മ്മകളിലേക്കു സമ്മാനിച്ച് ഒരു വര്‍ഷം കൂടി കടന്നു പോയി.

മധുരിക്കും ഓര്‍മ്മകളേ മലര്‍ മന്‍ചല്‍ കൊണ്ടുവരൂ
കൊണ്ടു പോകൂ ഞങ്ങളേ ആ മാന്‍ചുവട്ടില്‍...

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

Sunday, August 24, 2008

പോലീസ്..... പോലീസ്

ഈ കഥാസന്ദര്‍ഭത്തിനോ, കഥാപാത്രങ്ങള്‍ക്കോ, ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയ ആരെങ്കിലുമായി ഏതെങ്കിലും വിധത്തില്‍ സാദൃശ്യം തൊന്നുന്നുവെങ്കില്‍, അത് യാദൃശ്ചികമല്ലാ..മനപൂര്‍വ്വമാണു

ഇതൊരു പഴയ കഥയാണു.
അനുഭവത്തിന്റെ ചൂടും ചൂരും ഉള്ള ഒരു പഴങ്കഥ....

പഴയതെന്നു പറയുമ്പോള്‍, പരശുരാമന്‍ കേരളത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതിന്റെ മൂന്നാം പക്കമെന്നോ, അതുമല്ലെങ്കില്‍ കേരളത്തിലെ നാഷണല്‍ ഹൈവേകളിലൂടെ മൂളിപ്പാട്ടും പാടി നടക്കുന്ന മന്‍ചലുകളും, കുടമണികിലുക്കവും വിതറി കാളവണ്ടിക്കൂട്ടവും യാത്ര ചെയ്തിരുന്ന ആ സുന്ദര സുരഭില കാലമെന്നോ അല്ല ഞാനുദ്ദേശിക്കുന്നത്....

പിന്നെ.....ഇപ്പൊ ഉള്ളതു പോലെയൊക്കെ തന്നെ.....
കുഴികള്‍ നിറഞ്ഞ റോഡുകളും , അതില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പറക്കുന്ന ബസ്സുകളും, തലയൊന്നു കുനിച്ചാല്‍ തലയില്‍ കൂടി വരെ ബൈക്കോടിക്കുന്ന യുവജനങ്ങളും, സന്ധ്യയാവാന്‍ കത്തിരിക്കുന്ന പവര്‍ കട്ടും, ചെവി കാര്‍ന്നു തിന്നുന്ന മൊബൈല്‍ ഫോണുകളും, ഹര്‍ത്താലും, ബന്ദും, റിയാലിറ്റി ഷോയും നിറഞ്ഞു തുളുമ്പുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു നാലു മാസം മുമ്പ് ഒരു നട്ടുച്ചക്ക് തോന്നിയ ഒരു നട്ടപിരാന്തില്‍ നിന്നാണീ സം ഭവപരമ്പരയുടെ തുടക്കം...
നാലക്ഷരം പഠിച്ചൂടെ എന്ന അമ്മയുടെചോദ്യത്തിനെ ഓഫ് സൈഡിലൂടെ ഒരു സിക്സര്‍ പറത്തി, വൈകിട്ടെന്താ പരിപാടി എന്നു ചിന്തിച്ചു വിഷമിക്കുമ്പോഴാണു ഈ ഒടുക്കത്തെ ഐഡിയയുടെ ഉത്ഭവം....

ഓര്‍ക്കൂട്ടില്‍ ഒരു കൂട് കൂട്ടിയിരുന്നു കുറെ കാലം മുമ്പ്.... പിന്നീടാവഴിക്കു പറന്നിട്ടില്ല... അതൊന്നു മാറാല തട്ടി വൃത്തിയാക്കി ഒന്നു പുതുക്കി പണിതാലോ എന്നൊരു ചിന്ത മിന്നല്‍ പിണരു പോലെ മനസ്സിലേക്കെത്തിനോക്കി. വിനാശ കാലേ വിപരീത ബുദ്ധി എന്നത് ശരി വെക്കും പോലെ ഞാനുടന്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

നാലാള്‍ക്കാരോട് സംസാരിക്കേണ്ടി വരുന്ന സന്ദ്ര്‍ഭങ്ങളില്‍ നാക്കിറങ്ങി പോവുക, കാല്‍മുട്ട് കൂട്ടിയിടിക്കുക തുടങ്ങിയ ചില്ലറ സൂക്കേടുകളുടെ മൊത്തവിതരണക്കാരിയായിരുന്നതിനാല്‍, ഈ സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന ഈ സ്വഭാവം ഒന്നു മാറ്റി നല്ല മണി മണിയായി സംസാരിക്കാനും പഠിക്കാം എന്നൊരു 916 സ്വര്‍ണ്ണം പോലെ സംശുദ്ധമായ ഉദ്ദേശ്യവും ഇതിന്റെ പുറകില്‍ ഉണ്ടായിരുന്നു...

നേരിട്ടു കാണാത്ത ആള്‍ക്കാരില്‍ നിന്നും തുടങ്ങി, ക്രമേണ വളര്‍ത്തിയെടുത്ത് കാണുന്നവരോടൊക്കെ സംസാരിക്കുക എന്ന സമത്വ സുന്ദര വ്യവസ്ഥിതിയായിരുന്നു എന്റെ സ്വപ്നം..( കുറ്റം പറയാന്‍ പറ്റുമോ......)

അങ്ങിനെ വലതു കാല്‍ വെച്ച് ഗ്രിഹപ്രവേശം നടത്തിയിട്ടും അതു വഴി ആരും പറക്കുന്നില്ല.. അങ്കവും കാണാം താളിയുമൊടിക്കാം എന്ന മട്ടില്‍ ഞാന്‍, നല്ല നടപ്പിനു രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ വാങ്ങിയതും ജനത്തിരക്കേറിയതുമായ ഒരു കമൃൂണിറ്റിയിലേക്ക് ഒന്നെത്തി നോക്കി. ചേരയെ തിന്നുന്ന നാട്ടില്‍ നടുക്കഷ്ണം തന്നെ തിന്നണമല്ലൊ എന്നു കരുതി അതിലങ്ങ് സജീവമായി. കുറച്ച് ദിവസത്തേക്ക് വല്ല്യ കുഴപ്പമൊന്നും ഉണ്ടായില്ലാ..

എങ്കിലും എന്റെ അടക്കവും ഒതുക്കവും , നഖം കടിച്ച്, തല കുനിച്ചുള്ള നില്‍പ്പും, കാല്‍ വിരല്‍ കൊണ്ടുള്ള ചിത്രമെഴുത്തും, ഒക്കെ കൂടിയായപ്പോള്‍ ഒരു വശപ്പിശക് തോന്നിതുടങ്ങി. അവിടുള്ള പോലീസ് സേനയിലും, ഇന്റെലിജെന്‍സ് വിഭാഗത്തിലും ഒരാപത്ശങ്ക.
പണ്ട് അവര്‍ക്കിട്ട് പണി കൊടുത്ത ഒരു മിടുമിടുക്കിയുടെ പുനരവതാരമാണോ ഞാനെന്നൊരു സംശയം പടര്‍ന്നു പിടിച്ചു.( പാവം ഞാന്‍) അല്ലേലും കട്ടവനെ കിട്ടിയില്ലേല്‍ കിട്ടിയവനെ പിടിക്കുന്ന കാലമല്ലേ????

എനിക്കണെങ്കില്‍ ഒളിച്ചുകളി പണ്ടു തൊട്ടേ ഇഷ്ടമാ... ഈ പുതിയ ഒളിഞ്ഞിരിക്കല്‍ നല്‍കുന്ന സര്‍വ സ്വാതന്ത്ര്യത്തേയും പരമാവധി ഉപയോഗിച്ച്, എല്ലാ ചോദ്യങ്ങളിലും വഴുക്കി വീണും, അരിയെത്ര???? പയറഞ്ഞാഴി എന്നിങ്ങനെ കിറുക്രിത്യമായി ഉത്തരങ്ങള്‍ പറഞ്ഞും എന്റെ ബുദ്ധിശക്തിയില്‍ ഹര്‍ഷപുളകിതയായി മുന്നേറിക്കൊണ്ടിരുന്നു. എന്തിനേറെ പറയുന്നു.. പോലീസിന്റെ ഹിറ്റ്ലിസ്റ്റില്‍ പെടാന്‍ വല്യ താമസമൊന്നും വേണ്ടിവന്നില്ല.

അണിയറയില്‍ അരങ്ങേറുന്ന ഗൂഡാലോചനെയെക്കുറിച്ചൊന്നും അറിയാത്ത ഞാന്‍ പാറി പറന്ന് പാട്ടും പാടി രസിച്ചു. പോലീസ് അവരുടെ പണി തുടങ്ങി കഴിഞ്ഞിരുന്നൂ.. ലോക്കല്‍ പോലീസ്, ചില അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ വളരെ മനോഹരമായൊരു വല എനിക്കായ് നെയ്തു, വിരിച്ചിട്ടു. ഇളം മാന്‍ കിടാവുപോലെ നിഷ്കളങ്കയായ ഞാന്‍ വളരെ ക്രിത്യമായി ലാന്‍ഡിങ്ങും നടത്തി.

പിന്നത്തെ പൂരമൊന്നും പറയാനില്ല..... കൂടിയാലോചനകളായി, ചോദ്യം ചെയ്യലായി... അണ്ടിയോടടുക്കുമ്പോഴല്ലെ മാങ്ങയുടെ പുളിയറിയൂ.. കേരളാ പോലീസിന്റെ ബുദ്ധി ശക്തിയും, c.b.i യുടെ ഡമ്മി പരീക്ഷണവും ചേരും പടി ചേര്‍ത്തൊരു അന്വേഷണ പരമ്പര..
കാക്കയുടെ കൂട്ടില്‍ മുട്ടയിടാനായി കുയിലുകള്‍ ധാരാളമായി എത്തുന്ന കാലമായതിനാല്‍, ഓര്‍ക്കൂട്ടിലെ കൂട് എന്റേത് തന്നെയെന്നു തെളിയിക്കാന്‍ ഞാന്‍ വല്ലാതെ കഷ്ടപ്പെട്ടു. വിശ്വാസം പിടിചു പറിക്കാന്‍ പല വിധത്തിലും ശ്രമിച്ച് പരാജയപ്പെട്ട് ഗതികെട്ടൊരു പുലിയായി മാറിയ ഞാന്‍, അള മുട്ടിയാല്‍ ചേരക്കും കടിക്കാം എന്ന ആപ്തവചനം മനസ്സില്‍ ധ്യാനിച്ച്, കളരി പരമ്പര ദൈവങ്ങളെ കാല്‍ തൊട്ടുവണങ്ങി,പതിനെട്ടും കഴിഞ്ഞ് പത്തൊമ്പതാമത്തെ അടവ്, ഇടത്തും, വലത്തും നോക്കാതങ്ങ് പ്രയോഗിച്ചു. അതോടെ പോലീസ് ഫ്ളാറ്റ്...( അല്ലെലും പെണ്ണിന്റെ കണ്ണീരില്‍ അലിയാത്ത പോലീസ് ഹൃദയമുണ്ടോ...????)

സത്യവും ഇടക്കൊക്കെ പറയണല്ലോ.. പോലീസുകാരാണെങ്കിലും ആള്‍ക്കാരു മാന്യന്മാരാ... എന്റെ കൈയ്യിലിരിപ്പ് മനസ്സിലായതോടേ പിന്നെ യൂണിഫോമില്‍ ഈ വഴിക്കു വന്നിട്ടില്ല.

സംശയത്തില്‍ വിരിയണം സൗഹൃദം എന്നൊരു പുതിയ പഴംചൊല്ല് അപ് ലോഡ് ചെയ്താലോ എന്നു കൂലങ്കഷമായി ചിന്തിച്ചു കൊണ്ടിരിക്കയാണു ഞാനിപ്പോള്‍...

അങ്ങിനെ ഈ പഴങ്കഥയുടേയും അന്ത്യം ശുഭം...





വാല്‍ക്കഷ്ണം: കഞ്ഞിവെക്കല്‍ പോലീസുകാരുടെ ഒരു പഴയ പണിയായതിനാലും, എനിക്ക് കഞ്ഞി തീരെ ഇഷ്ടമില്ലാത്തതിനാലും കഞ്ഞി വെക്കാന്‍ പോലീസിനെ വിളിക്കാറില്ലെങ്കിലും ഗത്യന്തരമില്ലാത്ത സന്ദര്‍ഭങ്ങളില്‍ വീട്ടുകാവലിനും, വീടിന്റെ സോറി.. ബ്ലോഗിന്റെ അറ്റകുറ്റ പണികള്‍ക്കും, ചില അലങ്കാര പണികള്‍ക്കും ഞാനവരുടെ സേവനം ഉപയോഗപ്പെടുത്താറുണ്ടെന്നു ഈ സന്ദര്‍ഭത്തില്‍ വിനയപുരസ്സരം സ്മരിക്കുന്നു..

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

Thursday, August 14, 2008

ഓര്‍മ്മകള്‍ മരിക്കുമോ.....

അറിഞ്ഞോ ഒരു വിശേഷം..?????
എന്റെ മുത്തശ്ശന്റെ നൂറാം പിറന്നാളാണു....
മുത്തശ്ശന്‍ ഇല്ലെങ്കിലും പിറന്നാള്‍ ഗം ഭീരമാക്കാനാണു തീരുമാനം....!!!!
അതൊക്കെ എനിക്കും ഇഷ്ടപ്പെട്ടു..
പക്ഷെ.. അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല പരിപാടികള്‍.....

അവരെല്ലാവരും കൂടി ഒരു മൃൂസിയം ഉണ്ടാക്കാന്‍ പോകുന്നു. മുത്തശ്ശന്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍, മുത്തശ്ശന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍, മുത്തശ്ശന്‍ എഴുതിയ എഴുത്തുകള്‍ എല്ലാം കൂട്ടിച്ചേര്‍ത്തൊരു മുത്തശ്ശന്‍ മൃൂസിയം......
അതും നല്ലതു തന്നെ....
എനിക്കും ഇഷ്ടായി...
പിന്നെ വല്ല്യച്ച്ചന്‍ പറഞ്ഞൊരു കാര്യമാണു എനിക്കു തീരെ ഇഷ്ടപ്പെടാത്തത്...

മുത്തശ്ശന്‍ എനിക്കായി എഴുതിയ കത്തുകളൊക്കെ ഞാനും സം ഭാവന ചെയ്യണമെന്ന്.... ഇതെവിടുത്തെ ഏര്‍പ്പാടാ.....
എന്റെ കൈയ്യിലുള്ളതൊക്കെ കാണാതെ പോയീ എന്നു കടുപ്പത്തിലൊരു നുണ തട്ടിവിടാനാണു എനിക്കു തോന്നിയത്...
പക്ഷെ അമ്മയുടെ നോട്ടം കണ്ടപ്പോള്‍ അതു വേണ്ടാ എന്നു വെച്ചു.

എനിക്കാണെങ്കില്‍ ഒരു നല്ല മഴ പെയ്താല്‍, ഒരു നല്ല തമാശ കേട്ടാല്‍, ഒരു നല്ല പുസ്തകം വായിച്ചാല്‍, നന്നായിട്ടൊന്നു സങ്കടം വന്നാല്‍, എന്തിനു പറയുന്നു ഒരു നല്ല മിഠായി തിന്നാല്‍ പോലും മുത്തശ്ശനെ ഓര്‍മ്മ വരും....
മുത്തശ്ശനെ ഓര്‍മ്മ വരുമ്പോഴൊക്കെ എനിക്കു മുത്തശ്ശന്റെ അടുത്തിരിക്കാന്‍ മോഹം വരും....
ഒന്നു തൊടാന്‍ മോഹം വരും... അപ്പോഴൊക്കെ എനിക്കു കൂട്ടു വരാറുള്ളത് എനിക്കായി മുത്തശ്ശന്‍ എഴുതിയ എഴുത്തുകളാണു.
മുത്തശ്ശന്റെ എഴുത്തുകള്‍ വായിക്കാന്‍ എന്തൊരു രസമാണെന്നറിയ്യോ..... അടുത്തുവന്നിരുന്നിങ്ങനെ പറയുകയാണെന്നേ തോന്നൂ. വായിച്ചു കഴിഞ്ഞാലും മുത്തശ്ശന്റെ ചിരിയും, മുത്തശ്ശന്റെ മണവും ഒക്കെയിങ്ങനെ നമുക്കു ചുറ്റിനും ഉള്ളതു പോലെ....

അതാണിപ്പൊ ഇവരൊക്കെ കൂടി തട്ടിപ്പറിക്കാന്‍ പോകുന്നത്...
അല്ലെങ്കിലും ഈ കത്തുകളൊക്കെ മൃൂസിയത്തില്‍ വെക്കാനുള്ളതാണോ.....???

ഒന്നും പറഞ്ഞിട്ടു കാര്യമില്ല സുഹൃത്തേ....
ഇവിടെ ഇതും ഇതിലപ്പുറവും നടക്കും........

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

Wednesday, August 13, 2008

യാത്രക്കാരി

അകലെയേതോ താരകം മിഴി ചിമ്മിയോ
കൂരിരുള്‍ക്കൂട്ടില്‍ ഞാനേകയോ

വഴികാട്ടിയാം ദീപം മറഞ്ഞുവോ
അലഞ്ഞുഴറി ഞാന്‍ വലയുമോ

കൂടെ വന്നൊരാ മിഴികള്‍ മടങ്ങിയോ
കരള്‍ പിളരും കാലം വന്നുവോ

കരുത്തേകുമാ കൈകള്‍ പിണങ്ങിയോ
നടവഴിയിലബല ഞാന്‍ വീഴുമോ

നീളുന്ന പാതയിലിരുളില്‍ ഞാനേക
ഒരു വിളി, നിന്‍ വിളിക്കായ് ഞാന്‍ കാത്തുവോ....

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

Sunday, July 20, 2008

ചില ബാല്യകാല സ്മരണകള്‍

കൂട്ടുകാരിക്കു ഒരു പിറന്നാള്‍ സമ്മാനം വാങ്ങാനായി കടയില്‍ പോയപ്പോഴാണു ഞാനാ പെണ്‍കുട്ടിയുടെ ചിത്രം കണ്ടത്..
ആളൊഴിഞ്ഞ ഒരു നീളന്‍ വരാന്തയില്‍ തനിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടി...
ഒറ്റ നോട്ടത്തില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു......
അതായിരുന്നു എന്റെ കുട്ടിക്കാലം.....
ഒരു നീളന്‍ വരാന്തയില്‍ ഒതുങ്ങുന്നത്.....

ഓര്‍മ്മയിലെന്നും ബോര്‍ഡിംഗ് സ്കൂളിലെ ആ ഇരുണ്ട തണുത്ത വരാന്തയില്‍ ഞാന്‍ തനിച്ചായിരുന്നു. സ്കൂളില്‍ ക്ലാസ്സുകള്‍ നടക്കുന്ന സമയത്ത് ബോര്‍ഡിംഗിനു വേറൊരു മുഖമാണു....എല്ലായിടത്തും കുട്ടികളാല്‍ നിറഞ്ഞ്...ശബ്ദത്താല്‍ നിറഞ്ഞ്....
വീക്കെന്‍ഡും വെക്കേഷനും വരും മ്പോള്‍ , ആളൊഴിയുമ്പോള്‍, വരാന്തകളുടേയും മുറികളുടേയും നീളം കൂടിയതു പോലേയും കൂടുതല്‍ ഇരുണ്ടതായും തോന്നുമായിരുന്നു .
അവിടെ ഞാന്‍ തനിച്ചും... കസേരകളില്‍ മാറി മാറി ഇരുന്നും, പല പല ജനലുകളിലൂടെ പുറത്തേക്കു നോക്കിയും, ചാരി നില്‍ക്കുന്ന തൂണുകള്‍ക്ക് മാറ്റം വരുത്തിയും പുതുമ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു.
സ്വന്തമായി ഒന്നും ഇല്ലാത്തതു കാരണം എല്ലാം എനിക്കു സ്വന്തമായിരുന്നു... എല്ലാവരുടെ കുട്ടിക്കാലവും ഞാന്‍ എന്റേതാക്കി....
കോണ്‍ വെന്റിലെ സ്വീകരണമുറിയില്‍ ഞാന്‍ നാലപ്പാട്ട് തറവാട്ടിലെ കമലയായിരുന്നെങ്കില്‍, അടുക്കളയുടെ പുറകു വശത്തെ ചായ്പിലെത്തുമ്പോള്‍ ഞാന്‍ അപ്പുണ്ണിയായി.. നീണ്ട വരാന്തയില്‍ സിന്‍ഡ്രെല്ലയായിരുന്നെങ്കില്‍ മാവിന്‍ ചുവട്ടില്‍ മന്ത്രവാദി തടവിലിട്ട രാജകുമാരിയായി.....

നീണ്ടുപോകുന്ന പ്രാര്‍ത്ഥനാ സമയങ്ങളില്‍ ചാപ്പലിന്റെ ഒരു തണുത്ത മൂലയില്‍ ദൈവങ്ങള്‍ പോലും സ്വന്തമായിട്ടില്ലാത്ത ഞാനും..

ഇരുള്‍ വീണ മുറികളും, തണുത്ത ചുവരുകളും , നിശബ്ദമായ വരാന്തയും, മരങ്ങള്‍ നിറഞ്ഞ ,നിഴല്‍ മൂടിയ മുറ്റവും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു...ഏഴു വയസ്സു മുതല്‍......

പരീക്ഷ കഴിഞ്ഞു വലിയ വെക്കേഷന്‍ വരുമ്പോള്‍, ലീവ് കഴിഞ്ഞ് തിരിച്ചു പോകുന്ന അച് ഛന്റെ കമ്പനിയിലെ ജോലിക്കാരാരെങ്കിലും വരും എന്നെയും കൊണ്ടുപോകാന്‍...
ഞാനും ...പിന്നെ ഏട്ടനും
യാത്രയില്‍ മുഴുവനും ഏട്ടന്‍ ഒരു പുസ്തകത്തില്‍ മുഖമൊളിപ്പിക്കും.... ഞാന്‍ പുറം കാഴ്ചകളിലും.... വര്‍ഷത്തിലൊരിക്കല്‍ കാണുന്നവരായതു കൊണ്ടാവാം ഞങ്ങളൊരിക്കലും വഴക്കടിക്കാറില്ല... പിണങ്ങാറില്ല... ദ്വേഷ്യപ്പെടാറില്ല...ഒന്നും സംസാരിക്കാറുപോലുമില്ല.....

വീട്ടിലെപ്പോഴും അതിഥികളായിരുന്നു ഞങ്ങള്‍....വീട്ടുകാരെ ശല്യപ്പെടുത്താത്ത നല്ല വിരുന്നുകാര്‍....

വീട്ടിലായിരിക്കുമ്പോഴും ആ തണുത്ത ഇരുണ്ട വരാന്തയിലെത്താന്‍ എനിക്കു കൊതിയായിരുന്നു... വാത്സല്യം മറഞ്ഞിരിക്കുന്ന മുഴങ്ങുന്ന സ്വരത്തില്‍ സംസാരിക്കുന്ന വല്ല്യസിസ്റ്ററും, ഞാനുറങ്ങി എന്നുറപ്പു വരുത്തിയതിനു ശേഷം എന്റെ അരികിലെത്തി നെറ്റിയില്‍ തൊട്ടു പ്രാര്‍ഥിക്കുന്ന ആഗ്നസ് സിസ്റ്ററും, വല്ല്യസിസ്റ്റര്‍ അടുത്തില്ലാത്തപ്പോഴൊക്കെ എന്നെ കളിയാക്കി കരയിപ്പിക്കുന്ന മേരി സിസ്റ്ററും, എനിക്കായി ഒരു മിഠായി എപ്പോഴും കരുതി വെക്കുന്ന റൂബി സിസ്റ്ററും, കുഞ്ഞിന്റെ വയര്‍ നിറഞ്ഞില്ലല്ലോ എന്നു സങ്കടപ്പെടുന്ന കുഞ്ഞമ്മയും.....
എല്ലാവരുമുള്ള എനിക്കു പ്രിയപ്പെട്ട എന്റെ ലോകം....

ഇന്നും എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ കാണാറുണ്ട്.....

ഒരു നീളന്‍ വരാന്തയും അവിടെ ജനലരുകില്‍ ഒരു പെണ്‍കുട്ടിയേയും.......

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

Sunday, July 13, 2008

ഓര്‍മ്മയില്‍ ഒരു വിഷു

കാലം തെറ്റി പൂത്തു നിന്ന ഒരു കണിക്കൊന്ന കഴിഞ്ഞു പോയ കുറേ നല്ല വിഷുവിന്റെ ഓര്‍മ്മകളുണര്‍ത്തി.

ഇനിയുള്ള വിഷുവിനു ഞാന്‍ തനിച്ചാണു.
കൈ നീട്ടി ഓടി ചെല്ലാന്‍ ആരും അടുത്തില്ല....
കൈയ്യിലിരുന്നു മിന്നി തിളങ്ങുന്ന പൂത്തിരിയേക്കാള്‍ പ്രഭയോടെ വെട്ടിതിളങ്ങുന്ന മുഖം കണി കാണാനുമില്ല ഇനി....
ഓര്‍മ്മയിലാണു വിഷു...
നിറവിന്റെ ഒരോര്‍മ്മ.
'മാളൂന്റെ പണപ്പെട്ടി എന്നും നിറയട്ടെ' എന്ന് തലയില്‍ കൈവെച്ചനുഗ്രഹിച്ച് മുത്തശ്ശന്‍ കൈവെള്ളയില്‍ വെച്ചു തരും നാണയം... ജീവിതം വല്ലാതെ ചുട്ടുപൊള്ളുമ്പൊള്‍ നിറുകയില്‍ ഒരു തണുത്ത വിരല്‍ സ്പര്‍ശം ഞാനിപ്പോഴും അറിയുന്നു.

ജീവിതത്തിലെല്ലാം ബഹളങ്ങളില്‍ നിന്നൊഴിഞ്ഞു മാറാനുള്ള ശീലവും തുടങ്ങി വെച്ചത് വിഷുക്കാലത്താണെന്നു തോന്നുന്നു. വല്ലാതെ പേടിച്ചിരുന്നു പടക്കങ്ങളെ.... കളിയാക്കി പിന്നാലെ നടക്കും ഏട്ടന്മാര്‍....

ആകാശം ഒന്നു തൊട്ടുവരാന്‍ കുതിച്ചുയരുന്ന മേശപ്പൂവും, കറങ്ങി കറങ്ങി തലകറക്കം വന്ന് താഴെ വീഴുന്ന ചക്രങ്ങളും, എന്റെ മാളൂന്റെ ചിരിപോലെയെന്നു മുത്തഛന്‍ പറയാറുള്ള പൂത്തിരികളും പിന്നെ കൂട്ടത്തില്‍ പാവമായ മത്താപ്പും.... വര്‍ണ്ണ കാഴ്ചയായിരുന്നു എനിക്കു വിഷു....

എന്നെ ധൈര്യവതിയാക്കാനായി ഏറ്റവും ഉച്ചത്തില്‍ പൊട്ടുന്ന പടക്കമന്വേഷിച്ച് നടന്നിരുന്ന ഏട്ടന്മാര്‍ക്കൊന്നും കൊടുക്കാതെ എന്റെ പങ്ക് പടക്കങ്ങളെല്ലാം ഞാന്‍ മാറ്റി വെച്ചു, കുന്നിറങ്ങി വരുന്നവരില്‍ സത്യനേയും നോക്കിയിരിക്കുമായിരുന്നു. സത്യന്റെ കണ്ണില്‍ മാത്രം ഞാന്‍ ഒരു മിടുക്കികുട്ടിയായിരുന്നു.... പറമ്പില്‍ പണിയെടുക്കുമ്പോള്‍ എന്ന പോലെ പടക്കം പൊട്ടിക്കുമ്പോഴും അയാള്‍ പാട്ടു പാടുമായിരുന്നു. 'ശ്യാമസുന്ദര പുഷ്പമേ' എന്നു പാടി സത്യന്റെ കണ്ണു നിറയുമ്പോള്‍ എനിക്കും കരച്ചില്‍ വരും... ചുവന്ന മഷിയില്‍ എഴുതി തന്നിരുന്ന ആ പാട്ടിന്റെ വരികളടങ്ങിയ കടലാസ് കഷണം കുറെ നാളുണ്ടായിരുന്നു എന്റെ ശേഖരണങ്ങളുടെ കൂട്ടത്തിലെവിയോ.....

കുറേ കാലങ്ങള്‍ക്കുശേഷം ഒരു പാടന്വേഷിച്ച് 'ശ്യാമ സുന്ദര പുഷ്പമേ' വീണ്ടും കേട്ടപ്പോഴും എന്റെ കണ്ണു നിറഞ്ഞു.... വര്‍ഷങ്ങള്‍ക്കു മുമ്പ് പാമ്പുകടിയേറ്റു മരിച്ച സത്യനെയോര്‍ത്ത്....

'കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും....'

ചുറ്റുപാടുനിന്നും ആഹ്ലാദത്തിന്റെ ശബ്ദഘോഷങ്ങളുയര്‍ന്നു തുടങ്ങി....
ഇവിടം നിശബ്ദം.....
ഞാനിവിടെ തനിച്ചാണു......

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit http://www.keraleeyam.cjb.net/ for malayalam font and Malayalam text editor----

ഭാഗ്യക്കുറി

അല്ലെങ്കിലും ഇതിപ്പൊ ഒരു പതിവാ............ ഞാനൊരിത്തിരി വൈകിപ്പോയാല്‍ അന്നു ബസ് നേരത്തേ പോകും..... അമ്മ കാണാന്‍ വേണ്ടി തിരക്കു കൂട്ടി ഓടുകയൊക്കെ ചെയ്തെങ്കിലും എനിക്കറിയാമായിരുന്നു ഇന്നത്തെ കാര്യം പോക്കാണെന്ന്.... വിചാരിച്ചതു പോലെ തന്നെ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ അതു ശുദ്ധ ശൂന്യം..... എന്നു പറയാന്‍ വയ്യ.... ബസ് സ്റ്റോപ്പിലിരിക്കുന്നു..... അടുത്ത കോളനിയിലെ സ്റ്റൈല്‍ മന്നന്‍...ജോ......... മഴയായതു കൊണ്ടാവാം ഇന്നു മണ്ണിലിറങ്ങിയത്..... സുനീതി പറയുന്നതു പോലെ ബൈക്കില്‍ പോവുമ്പോള്‍ കാണുന്ന ഗ്ലാമറൊന്നും അടുത്തു നിന്നും നൊക്കുമ്പോള്‍ ഇല്ല....എന്നാലും ഗമക്കൊരു കുറവും ഇല്ല...
സത്യം പറയാലോ വെറുതെയിരിക്കാന്‍ എനിക്കു തീരെ ഇഷ്ടമല്ല.... ഒരു സമാധാനവും ഇല്ലെന്നെ.......മനുഷ്യന്റെ സ്വസ്ഥത കളയാന്‍ ഓരോരോ പ്രശ്നങ്ങളിങ്ങനെ ഓടിയെത്തും..... ഇപ്പൊ തന്നെ ഇനി നേരം വൈകി ക്ലാസ്സിലെത്തുമ്പോള്‍ കിട്ടാന്‍ പോകുന്ന സ്വീകരണം ഓര്‍ത്താല്‍ പോരേ..... സുരേന്ദ്രന്‍ സാറിന്റെ വര്‍ത്തമാനം കേട്ടാല്‍ ആളെ കളിയാക്കുന്നതിലാണു ഡോക്ടറേറ്റ് എടുത്തതെന്നു തോന്നും.... കൂടെ ചിരിക്കാന്‍ കുറേ ഇളിച്ചികോതകളും... അമ്മ ആദ്യം വിളിച്ചപ്പോള്‍ തന്നെ എഴുന്നേറ്റാല്‍ മതിയായിരുന്നു....
എന്തായാലും ഇന്നത്തേക്കു കുശാലായി... പോരാത്തതിനു ഇന്നു രണ്ടു പരീക്ഷണങ്ങളും ഉണ്ട്.... ജീവിതം തന്നെ വലിയൊരു അഗ്നിപരീക്ഷണമാണിപ്പോള്‍...
ഇതിനൊക്കെ പുറമെ റെക്കോര്‍ഡ് എഴുതികഴിഞ്ഞില്ലേ...???? പടം വരച്ചു തുടങ്ങിയില്ലേ...???? എന്നൊക്കെ ചോദിച്ചു വന്നോളും ഓരോ സീനിയര്‍ ചേട്ടന്മാര്‍.... റാഗിങ്ങ് ആണത്രേ....കൊല്ലമൊന്നു കഴിഞ്ഞിട്ടും നിര്‍ത്താറായിട്ടില്ലാ......
ഇങ്ങനത്തെ സന്ദര്‍ഭങ്ങളിലൊക്കെയാണു ജീവിതം തന്നെ മടുത്തു എന്ന ഡയലോഗടിക്കാന്‍ എനിക്കു തോന്നാറുള്ളത്.....

വീട്ടിലെത്തിയാലും ഇല്ല ഒരു സമാധാനവും.... ഒരു 10 മിനുട്ടെങ്ങാനും കൂടുതല്‍
ടി വിയുടേയോ കമ്പ്യൂട്ടെറിന്റെയോ മുന്നിലെങ്ങാന്‍ ഇരുന്നുപോയാല്‍ പിന്നെ അമ്മയെക്കാള്‍ ഭേദം...ഭദ്രകാളിയാ..........
എരിതീയില്‍ എണ്ണയൊഴിക്കാനായി ഒരേട്ടനും.... അല്ലെങ്കിലും ജോലി കിട്ടിയതില്‍ പിന്നെ മൂപ്പര്‍ക്കിത്തിരി ഗമ കൂടുതലാ...
പിന്നെ ഉണ്ടൊരു മുത്തശ്ശി... എന്റെ മുന്നീന്നു മാറില്ല....എന്തു ചെയ്താലും കുറ്റം...പെണ്‍കുട്ടികള്‍ അങ്ങിനെ ചെയ്യരുത്...ഇങ്ങനെ ചെയ്യരുത്... അയ്യയ്യോ....
കാലം മാറി എന്നൊക്കെ വെറുതെ പറയുന്നതാ... പെണ്‍കുട്ടികള്‍ക്കെന്നും ഒരേ കാലം തന്നെ....കഷ്ടകാലം....
എന്റെ കഷ്ടപ്പാടില്‍ മുഴുകിയിരുന്ന ഞാന്‍ തിരിച്ച് ഈ ബസ്സ്റ്റോപ്പിലെത്തിയത് ആരോ തൊട്ടു വിളിച്ചപ്പോഴാണു. ഞാന്‍ ഞെട്ടിപ്പോയി..ആ ജോ ഇങ്ങനെ ചെയ്യുമോ... ഛേ...ആ സുനീതിക്കു പനി വരാന്‍ കണ്ട ഒരു സമയം... ഒരു ധൈര്യത്തിനു അവളും കൂടി വേണ്ടതായിരുന്നു.... അല്ലെങ്കില്‍ വേണ്ടാ എന്തിനാ വെറുതെ ഒരു.......
ഇങ്ങനെ പലവിധ മോഹങ്ങളോടെ ജോയുടെ ഇളിഞ്ഞ മുഖം കാണാനുള്ള കൊതിയോടെ തിരിഞ്ഞു നോക്കിയ എന്നെ കാത്തിരുന്നത്...തികച്ചും ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു....
ഒരു തമിഴന്‍ കുട്ടി....ഏഴോ എട്ടോ വയസ്സുണ്ടാവും.... തനിച്ചല്ലാ.... കൈയ്യിലൊരു ചെറിയ പെണ്‍കുട്ടിയും... കൈയ്യും നീട്ടി നില്‍ക്കുന്നു....
മാറി നിന്നിട്ടും കണ്ണുരുട്ടി കാണിച്ചിട്ടും ഒന്നും ഒരു രക്ഷയുമില്ല.... ചേച്ചീ ചേച്ചീ എന്നു വിളിച്ചു പിന്നാലെ തന്നെ...
ആ ജോ ആണെങ്കില്‍ ഇതും കണ്ടു രസിച്ചിരിപ്പാണു...ഈ കുട്ടികളാണെങ്കില്‍ അവനെ മൈന്‍ഡ് ചെയ്യുന്നതേ ഇല്ല... ആല്ലെങ്കിലും എന്റെ പുറകെ നടക്കലാണല്ലൊ ഈ കഷ്ടകാലത്തിനിപ്പോള്‍ ജോലി...
ആ തമിഴനേയും കുറ്റം പറയാന്‍ വയ്യ... എന്നെ കണ്ടപ്പോള്‍ തന്നെ ഇത്തിരി മനസ്സലിവുള്ള കൂട്ടത്തിലാണെന്നു മനസ്സിലായിട്ടുണ്ടാവും....
എന്തിനധികം പറയുന്നു... മൂന്നു ദിവസമായി ഭക്ഷണം കഴിച്ചിട്ടു എന്നൊക്കെ പറഞ്ഞു കേട്ടതോടെ എന്റെ ഉള്ളിലും ഒരു കാരുണ്യത്തിന്റെ ഉറവ ഒഴുകാന്‍ തുടങ്ങി... ആകെ കൂടി കൈയ്യിലുണ്ടായിരുന്ന അന്‍പത് രൂപയും പോക്കറ്റിലാക്കി ആ മിടുക്കന്‍ കുട്ടി നടന്നു നീങ്ങുന്നത് ഞാന്‍ നിറഞ്ഞ മനസ്സോടെ നോക്കി നിന്നു... അധികനേരം നോക്കി കണ്ണു നിറയാന്‍ അവസരം കിട്ടിയില്ല...ബസ് വന്നതു കാരണം

കഴിഞ്ഞില്ല കഥ.....
തുടങ്ങാന്‍ പോകുന്നതേ ഉള്ളൂ....

ബസ്സില്‍ നിന്നിറങ്ങി ആ തമിഴ് പയ്യനും കുട്ടിയും നടന്നു പോകുന്നത് ഞാന്‍ അഭിമാനത്തോടെ നോക്കി നിന്നു .... മൂന്നു ദിവസത്തിനു ശേഷം അവരിന്നു വയറു നിറച്ചും ഭക്ഷണം കഴിക്കാന്‍ പോകുന്നു...എന്റെ മനസ്സിങ്ങനെ നിറഞ്ഞു തുളുമ്പി വരികയായിരുന്നു....
എന്നാല്‍ എന്റെ സകല പ്രതീക്ഷകളേയും തകിടം മറിച്ചു കൊണ്ട് ഹോട്ടലുകളിലൊന്നും കയറാതെ അവനിങ്ങനെ നടന്നു നീങ്ങുകയാണു... അവസാനം അതു സംഭവിച്ചു...
ഒരു കടയുടെ മുന്നില്‍ അവന്‍ നിന്നു....
കടയിലേക്കു കയറി പോയി ...........
മുഴുവന്‍ രൂപക്കും ലോട്ടറി ടിക്കറ്റും വാങ്ങി സന്തോഷവാനായി മടങ്ങുന്നത് ഞാന്‍ നിറഞ്ഞ മനസ്സോടെ നോക്കി നിന്നു...

ഒരാഴ്ച മുത്തശ്ശിയുടെ കാലു തിരുമ്മിക്കൊടുത്തു ഞാന്‍ സമ്പാദിച്ച പൈസയായിരുന്നു....

അല്ലെങ്കിലും ഇതിപ്പൊ ഒരു പതിവാ...
ഞാനെന്തു ചെയ്താലും.....

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

Saturday, June 21, 2008

ആകാശം.....

ആകാശം നോക്കിയിരിക്കാനെന്തൊരു രസമാണു....
ശാന്തതയുടെ നീലനിറം കണ്ടു കൊതിതീരും മുമ്പേ ദേഷ്യത്താല്‍ ചുവന്നു തുടുക്കും....
സന്തോഷം വന്നാലോ ഏഴുനിറങ്ങളും തെളിയും...
അതു കാണാന്‍ ഓടി വന്നു നോക്കുമ്പോഴേക്കും സങ്കടം വന്നു ആകെ വിങ്ങിപ്പൊട്ടി....
പിന്നെ ചിലപ്പോള്‍ ഉച്ചത്തില്‍ പരാതികള്‍ പറഞ്ഞ് ഉറക്കെ കരഞ്ഞ്....
വീണ്ടുമൊരിക്കല്‍ ശകാരിച്ച്, മിന്നല്‍ വടി വീശി പേടിപ്പിച്ച്.....
ചിലപ്പോഴാകെ നാണംകെട്ട് വിളറി വെളുത്ത്....

നോക്കിയിരിക്കാന്‍ മാത്രമല്ലാ, കൂട്ടുകൂടാനും രസമാണു ആകാശവുമായി....
എവിടെ പോയാലും വിടാതെ കൂടെ വരും...
ഇരുട്ടില്‍ തനിച്ചാവുമ്പോള്‍ നിലാവെളിച്ചമായി....
യാത്രയില്‍ ഒറ്റക്കാവുമ്പോള്‍ നക്ഷത്രക്കണ്ണും ചിമ്മി കൂടെ നടന്ന്.....
വേനല്‍ ചൂടില്‍ വെന്തുരുകുമ്പോള്‍ ഒരു കുളിര്‍കാറ്റായി...
എന്നും എപ്പോഴും കൂടെതന്നെയുണ്ടാവും....

പക്ഷെ എപ്പോഴും കൈയ്യെത്താത്ത അകലത്തില്‍.....


---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

സ്വപ്നം.......

രാവിലെ മുതല്‍ ഞാനാകെ ചിന്താക്കുഴപ്പത്തിലാണു....
സ്വപ്നത്തിനെന്താണു നിറം?????
ഇരുന്നും നടന്നും ചാഞ്ഞും ചെരിഞ്ഞും ഒക്കെ ആലോചിച്ചു.......
ഒരു ഫലവുമില്ല......
ആകെ നിരാശപ്പെട്ടിരിക്കുമ്പോഴാണു ഒരു ഉത്തരം പറന്നു വന്നത്.....
ഒരു ചിത്രശലഭം.......
എന്റെ സ്വപ്നത്തിന്റെ അതേ നിറത്തിലൊരു ചിത്രശലഭം.....
" പുലര്‍കാല സുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി"

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

ഞാന്‍

എങ്ങിനെ എഴുതണമെന്ന് അറിയില്ല.... എന്തെഴുതണമെന്നും അറിയില്ല..... എല്ലാം അറിയുന്നവരെ എഴുതി അറിയിക്കേണ്ട കാര്യമുണ്ടോ??? ഒന്നും അറിയാത്തവരേയും എഴുതി അറിയിക്കേണ്ട കാര്യമില്ലാ..... എന്നാലും എഴുതാനൊരു മോഹം..... നിങ്ങള്‍ തിരക്കിലാണെന്നു എനിക്കറിയാം.... എങ്കിലും കുറച്ചു നേരം...എനിക്കു വേണ്ടി.....

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----