Thursday, December 17, 2009

നോട്ട്ബുക്ക്

രണ്ട് ദിവസമായിട്ട് എന്റെ നോട്ട്ബുക്ക് കാണാനില്ല.
തിരഞ്ഞു നോക്കാന്‍ ഇനി ഒരിടവുമില്ല ബാക്കി.

നോട്ട് ബുക്ക് എന്നു കേള്‍ക്കുമ്പോള്‍, ക്ലാസ്സില്‍ ശ്രദ്ധിച്ചിരുന്ന്, പഠിക്കാനുള്ള ഭാഗങ്ങള്‍ ഒക്കെ എഴുതിയെടുക്കുന്ന ബുക്ക് ആണെന്നൊന്നും ആരും തെറ്റിദ്ധരിക്കരുതേ...

ഇത് ആ വകുപ്പിലൊന്നും പെടുന്നതല്ല ട്ടോ...

പക്ഷേ ഇതെനിക്ക് വളരെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഒരു പുസ്തകമായിരുന്നു. എപ്പോഴും ഞാന്‍ കൂടെ കരുതാറുള്ളതാണ്. എന്റെ മനസ്സിന്റെ ഒരു ഭാഗം എന്നൊക്കെ വിശേഷിപ്പിച്ചാലും തെറ്റില്ല.

നല്ല കട്ടിയുള്ള പുറംചട്ടയോട് കൂടിയ പുസ്തകങ്ങളാണ് എനിക്കിഷ്ടം.
ഒരുപാട് കടകളില്‍ കയറിയിറങ്ങിയതിനു ശേഷം കണ്ടുപിടിച്ചതായിരുന്നു ഞാന്‍ ഈ ബുക്ക്.
നല്ല കട്ടിച്ചട്ടയും, നല്ല കനമുള്ളതും, മഷി പരക്കാത്തതുമായ താളുകളുമുള്ള ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ ഒരു മുന്നൂറ് പേജിന്റെ നോട്ടു പുസ്തകം.
(സ്കൂള്‍ കാലം കഴിഞ്ഞെങ്കിലും പുസ്തകം പൊതിയാന്‍ എനിക്കിപ്പോഴും ഇഷ്ടം ബ്രൗണ്‍ പേപ്പര്‍ തന്നെയാണ്.)

എന്റെ നോട്ട് ബുക്കില്‍ ഇല്ലാത്തതായി ഒന്നുമുണ്ടായിരുന്നില്ല.
കേള്‍ക്കുന്ന പാട്ടിലെ, അല്ലെങ്കില്‍ വായിക്കുന്ന കവിതയിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികള്‍ ഞാനാദ്യം പറഞ്ഞിരുന്നത് എന്റെ നോട്ട് ബുക്കിനോടാണ്.

രാവിലെ തന്നെ കേറി വന്ന് എന്റെ തൊട്ടടുത്തിരുന്ന്, ആവശ്യമില്ലാത്ത ചോദ്യങ്ങളും അഭിപ്രായങ്ങളുമായി എന്റെ യാത്രാസമയം മുഴുവന്‍ നശിപ്പിക്കുന്ന സഹയാത്രികയെക്കുറിച്ചുള്ള പരാതികളും വേറെ ആരോടാണ് ഞാന്‍ പറയുക..???

ഒരു കാര്യവും കാരണവുമില്ലാതെ എനിക്കുണ്ടാകുന്ന ചില വെറും തോന്നലുകള്‍ പങ്കുവെക്കാനും എനിക്ക് വേറെയാരും ഉണ്ടായിരുന്നില്ല, എന്റെ ഈ നോട്ട് ബുക്കല്ലാതെ.....


ഇങ്ങനെയുള്ള എന്റെ നോട്ടുബുക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി അപ്രത്യക്ഷമായിരിക്കുന്നത്...

പോകുന്ന വഴിയില്‍ നിറയെ പൂത്തു നില്‍ക്കുന്ന ഒരു മെയ് ഫ്ളവര്‍ കണ്ടപ്പോള്‍ ആനി സിസ്റ്ററിനെ ഓര്‍മ്മ വന്നതും, അമ്പലത്തിന്റെ ആല്‍ത്തറയില്‍, വലിയ രുദ്രാക്ഷമാലയും, തലയുടെ പുറകില്‍ ഒരിത്തിരി കഷണ്ടിയുമായി ഒരാളെ കണ്ടപ്പോള്‍ മുത്തശ്ശനെ ഓര്‍ത്തതും, അമ്മയുടെ കൈയ്യില്‍ പിടിച്ച് പിന്നാക്കം വലിഞ്ഞ് വാശി പിടിച്ച് കരഞ്ഞു കൊണ്ട് നടക്കുന്ന വലിയ ബാഗ് തൂക്കിയ നഴ്സറിക്കാരനെ കണ്ടപ്പോള്‍, കുറേ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കിരണിനെ ഓര്‍മ്മ വന്നതും ഒക്കെ ഈ നോട്ട്ബുക്കില്‍ ഉണ്ടാവും.

പിന്നീട് മറിച്ചു നോക്കുമ്പോ ഇതൊക്കെ ഞാന്‍ എപ്പോഴെഴുതി എന്ന് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്ന കുറേ ചെറിയ കുറിപ്പുകള്‍ ഉണ്ടാവുമായിരുന്നു എന്റെ നോട്ട് ബുക്ക് നിറയെ.
നിസ്സാരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നതും എന്നാല്‍ എനിക്ക് ഏറെ വിലപ്പെട്ടതുമായ ഈ ചെറിയ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് വേണ്ടിയാണ് ഞാനീ പുസ്തകം സൂക്ഷിക്കുന്നതു തന്നെ.

എന്റെ ഇഷ്ടങ്ങളും സങ്കടങ്ങളും പരാതികളും പരിഭവങ്ങളും എല്ലാം കൂടി ആകെ പടര്‍ന്ന് തമ്മില്‍ കലര്‍ന്നു കിടന്നിരുന്നു എന്റെ ബുക്കില്‍. അത് മറിച്ചു നോക്കുമ്പോല്‍ എന്നെ തന്നെ വായിക്കുന്നതു പോലെ തോന്നുമായിരുന്നു എനിക്ക്.

വേറേയും ഉണ്ടായിരുനു ആവശ്യങ്ങള്‍..
വല്ലാതെ ബോറടിക്കുന്ന ക്ളാസ്സില്‍ പൂജ്യം വെട്ടി കളിക്കാനും ഇതേ ബുക്ക് തന്നെ വേണമെനിക്ക്.

ക്ളാസ്സില്ലാത്ത സമയത്ത് (ചിലപ്പോഴൊക്കെ ക്ളാസ്സുള്ള സമയത്തും) ലൈബ്രറിയിലേക്ക് പോവുമ്പോഴും മറക്കാറില്ല ഞാന്‍ ഈ നോട്ട് ബുക്കിനെ.

സാധാരണ എല്ലാവരും കൂടിയിരിക്കുമ്പോള്‍ , മിണ്ടാതിരുന്ന് എല്ലാവരും പറയുന്നത് കേള്‍ക്കാനും, അല്ലെങ്കില്‍ mute ബട്ടണ്‍ അമര്‍ത്തി ശബ്ദമില്ലാത്താക്കിയെന്നതു പോലെ മുഖഭാവങ്ങളും ആംഗ്യങ്ങളും മാത്രം നോക്കിയിരിക്കുന്നതും എനിക്ക് ഒരുപാടിഷ്ടമുള്ള കാര്യമാണ്.

പക്ഷേ ലൈബ്രറിയിലെ 'സൈലന്‍സ് പ്ളീസ്' ബോര്‍ഡിനു താഴെ ഇരിക്കുമ്പോള്‍ എനിക്ക് സംസാരിക്കാനുള്ള ആഗ്രഹം തടയാന്‍ കഴിയാത്ത വിധത്തില്‍ കൂടി കൂടി വരും.

ഇതിനൊരു പരിഹാരമായി ഞാനും എന്റെയൊരു ചങ്ങാതിയും കൂടി ഒരു ലൈബ്രറി ഭാഷ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ചിത്രങ്ങളും വാക്കുകളും ഇടകലര്‍ത്തിയ ആ ഭാഷയില്‍ ശബ്ദമില്ലാതെ സംസാരിക്കാനും എനിക്കെന്റെ നോട്ട്ബുക്ക് വേണമായിരുന്നു.

നന്നായി ചിത്രം വരക്കാനറിയാവുന്ന എന്റെ കൂട്ടുകാരന്റെ കരവിരുതിനാല്‍, ഇത്തരം സംസാരം ഒരു കളിക്കുടുക്ക കഥ പോലെ രസകരമായി തോന്നിച്ചിരുന്നു പിന്നീടുള്ള വായനയില്‍.

എന്റെ നിത്യജീവിതവുമായി ഇത്രയേറെ ബന്ധപ്പെട്ടിരിക്കുന്ന ഈ നോട്ടുബുക്കാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

കൂട്ടിന് ആരുമില്ലാതെ ഞാന്‍ വല്ലാതെ ഒറ്റക്കായിരിക്കുന്നു ഇവിടെ.

എവിടെ പോയി..?? എങ്ങനെ പോയി..?? എന്നൊക്കെ ആലോചിച്ചിട്ട് എനിക്കൊരു പിടിയും കിട്ടുന്നില്ല.

വീട്ടിലോ, കോളേജിലോ, യാത്രയിലോ, എവിടെയാണാവോ നഷ്ടപ്പെട്ടത്..???

വീട്ടിലെ രണ്ട് വികൃതികുട്ടികള്‍ക്കും ഡയറി മില്‍ക്കും, ചോക്കോബാറും സമ്മാനമായി വാഗ്ദാനം ചെയ്തെങ്കിലും, അവരുടെ തിരച്ചിലിനും എന്റെ നോട്ട് ബുക്കിനെ വീണ്ടെടുക്കാനായില്ല.

കൈയ്യില്‍ കൊണ്ടു കൊടുത്താല്‍ പോലും ഒരു നോട്ട് ബുക്ക് വാങ്ങാന്‍ മടിക്കുന്നവരാണ് കോളേജിലുള്ളത്. എന്നിട്ടും ഞാന്‍ അവിടേയും അന്വേഷിക്കാതിരുന്നില്ല...

എന്റെ വഴിക്കുള്ള അന്വേഷണങ്ങളൊക്കെ മുറ പോലെ നടക്കുന്നുണ്ട്.

എന്നാലും എവിടെ വെച്ചെങ്കിലും എന്റെ നോട്ട്ബുക്ക് നിങ്ങളുടെ ആരുടേയെങ്കിലും കണ്ണില്‍ പെടുകയാണെങ്കില്‍ എന്നെ അറിയിക്കാന്‍ മറക്കില്ലല്ലോ...???

Tuesday, September 8, 2009

വാല്‍ക്കണ്ണാടി

ഈ കണ്ണാടി ഒരു കല്യാണം മുടക്കിയാണെന്ന് ഞാന്‍ ഇന്നാണ് അറിഞ്ഞത്.

അതറിയാന്‍ ഇടവരുത്തിയതൊരു ജലദോഷവും..

മൂന്ന് നാല് ദിവസമായി ഒരു ജലദോഷം എന്നെയിങ്ങനെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയിട്ട്.
തല പിളരും പോലെയുള്ള തലവേദനയും, മൂക്കടപ്പും, കിടന്നാലുടനെ വരുന്ന കിച് കിച് ചുമയും എല്ലാം കൂടി ആയപ്പോള്‍ ഞാനാകെ കഷ്ടത്തിലായി..

ഇന്നലെ മുതല്‍ നേരിയ പനി കൂടി തുടങ്ങിയതോടെയാണ് ഇന്നൊരു ദിവസം പനിയുടെ പേരില്‍ ക്ലാസ്സ് കളഞ്ഞേക്കാം എന്ന് തീരുമാനിച്ചത്.

കോളേജില്‍ പോകാതിരിക്കുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ഈ ജലദോഷം തീരെ രസമുള്ളൊരു കാര്യമല്ല.

പറയുമ്പോ വളരെ നിസ്സാരമാണെങ്കിലും അതു ബുദ്ധിമുട്ടിക്കുന്നതിനൊരു കണക്കില്ല.

ഈ നശിച്ച മൂക്കടപ്പ് കാരണം ഞാന്‍ എന്റെ വായ ഒന്നടച്ചു വെച്ചിട്ടിപ്പോ ദിവസം മൂന്നോ നാലോ ആയി.

പുതിയ മാതൃഭൂമി ആഴ്ചപതിപ്പും, മുകുന്ദന്റെ 'ഡല്‍ഹി'യും കൈയ്യെത്തുന്ന അകലത്തിലുണ്ടായിട്ടും അതൊന്നു തുറന്നു നോക്കാന്‍ പോലും ഈ കുത്തി തറക്കുന്ന തലവേദന സമ്മതിക്കുന്നില്ല.

കഷായത്തിന്റെ കയ്പും, അരിഷ്ടത്തിന്റെ പുളിപ്പും മാത്രം രുചിച്ച് എന്റെ നാവൊക്കെ മരവിച്ചു.
കഞ്ഞിയുടെ കൂടെ ഒരു പപ്പടം പോലും തരുന്നില്ല ഈ മുത്തശ്ശി.

ഇത്തവണത്തെ ഓണസമ്മാനമാണീ ജലദോഷം.

ഇതു പോലെ മഴയില്‍ കുതിര്‍ന്ന ഒരോണം എന്റെ ഓര്‍മ്മയിലെങ്ങും ഇല്ല.

ഇപ്രാവശ്യം ഓണത്തിന് അച്ഛനൊക്കെ കാണാനുള്ളതു കൊണ്ട് നടുമുറ്റത്ത് അരിമാവ് കൊണ്ട് അണിഞ്ഞ് തൃക്കാക്കരപ്പനെ വെക്കുന്നത് ഞാനാവാം എന്നു വെറുതെ ഒരു ഗമക്ക് പറഞ്ഞതായിരുന്നു.
എല്ലാരും അതു കാര്യമായിട്ടെടുത്തതു കാരണം പിന്നീടെനിക്ക് ഒഴിഞ്ഞു മാറാനും പറ്റിയില്ല.

നടുമുറ്റത്ത് തൃക്കാക്കരപ്പനെ വെക്കാന്‍ മഴയുടെ ഒരു ഒഴിവിനായി ഞാന്‍ കുറേ കാത്തിരുന്നതായിരുന്നു. പക്ഷേ ഒരു രക്ഷയുമില്ല.

എന്തായാലും മഴക്ക് ഇത്തിരി ശക്തി കുറഞ്ഞ നേരം നോക്കി ഞാന്‍ എന്റെ പണിയും തുടങ്ങി.
അണിയലൊക്കെ കഴിഞ്ഞ് തൃക്കാക്കരപ്പനെ വെച്ചതും മഴ പാഞ്ഞെത്തി. പത്ത് മിനുട്ടുകള്‍ക്കുള്ളില്‍ എല്ലാം അപ്രത്യക്ഷമായി.

ഞാന്‍ മഴ നനഞ്ഞത് മിച്ചം.

വൈകുന്നേരമായപ്പോഴേക്കും തുമ്മല്‍ വന്നു, പിന്നാലെ ജലദോഷവും...

ഇപ്പോ ദേ പനിയും ആയി...

വെറുതെ ഇരിക്കാനും , ഒന്നും ചെയ്യാനും പറ്റാത്ത വല്ലാത്ത ഒരു അവസ്ഥ..

കുറേ നേരം എന്റെ മുറിയില്‍ തന്നെയിരുന്ന് മടുത്തപ്പോള്‍ ഒന്ന് പുറത്തേക്കിറങ്ങിയതായിരുന്നു.

മുറിയില്‍ നിന്നും പുറത്തു കടന്നതും, എങ്ങനെയാണെന്നറിയില്ല (എന്റെ കൈ തട്ടിയിട്ടാണെന്നാ എല്ലാരും പറയുന്നത്) അലമാരയുടെ മുകളിലിരുന്ന ഒരു പെട്ടി താഴത്തെത്തി.

അമ്മാവന്റെ മകളായ ചിന്നുവിന്റെ കളിസാധനങ്ങള്‍ സൂക്ഷിക്കുന്ന ഒരു കുട്ടി അലമാരയാണത്.

ഉള്ളില്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ ചേച്ചിയും അനിയത്തിയും എല്ലാം കൂടി ഒരു പെട്ടിയിലാക്കി മുകളില്‍ കേറ്റി വെച്ചതാണ്.

സാധാരണ കളി കഴിഞ്ഞാല്‍ കളിപ്പാട്ടം ഒതുക്കി വെക്കുന്ന പതിവൊന്നുമില്ല രണ്ടാള്‍ക്കും, എല്ലാം പരത്തി ഇട്ടിട്ടു പോകും.

ഇന്നിപ്പോ എന്നെ മെനെക്കെടുത്താനായിട്ടാണ് രണ്ടും പേരും കൂടി എല്ലാം പെട്ടിയിലാക്കി കാറ്റടിച്ചാല്‍ വീഴാന്‍ പാകത്തിനു വെച്ചത്.

കഫക്കെട്ടിന്റെ ഭാരത്താല്‍ ഒന്നു തല കുനിക്കാന്‍ പോലും പ്രയാസപ്പെടുന്ന ഞാന്‍ ഇതൊക്കെ പെറുക്കി എടുത്തു വെക്കണമല്ലോ എന്ന സങ്കടത്തിനിടയിലാണ് എനിക്കൊരു കുരുട്ടുബുദ്ധി തോന്നിയത്.

വൈകുന്നേരം വരെ മിണ്ടാതിരുന്നാല്‍ പെട്ടി തട്ടി മറിച്ചിട്ടതിന്റെ കുറ്റം അമ്മിണിയുടേയോ ചിന്നുവിന്റേയോ തലയില്‍ വെക്കാം.

തക്ക സമയത്ത് തന്നെ എന്റെ തലയില്‍ വന്നുദിച്ച ബുദ്ധിയില്‍ അഭിമാനിച്ച് ഞാന്‍ പടികളിറങ്ങാന്‍ തുടങ്ങുമ്പോഴാണ് എന്റെ തിരക്കഥയില്‍ ഇല്ലാത്ത ഒരു കഥാപാത്രം ഓടിയെത്തിയത്.


''എന്താ ശബ്ദം കേട്ടത്??
മാളു വീണതാണോ..??''

എന്നൊക്കെ പേടിച്ച് പരിഭ്രമിച്ച് പാത്രം കഴുകുന്നതിന്റെ ഇടയില്‍ നിന്നും ഓടി വന്നതാണ് സുമതിചേച്ചി.

എല്ലാ ചോദ്യങ്ങള്‍ക്കും എന്റെ മുഖത്തെ വിളറിയ ചിരി ഉത്തരം പറയുന്നുണ്ടായിരുന്നു.

ചേച്ചിയുടെ രംഗപ്രവേശത്തോടെ എന്റെ പ്ലാനും പദ്ധതിയുമെല്ലാം ഒരു ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണു..

മുകളിലെത്തിയ ചേച്ചി മറിഞ്ഞു വീണു കിടക്കുന്ന കളിപ്പെട്ടി കാണുന്നു, ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങളും.

അതില്‍ അവസാനിച്ചിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു...

താഴെ വീണു കിടക്കുന്നതിന്റെ കൂട്ടത്തില്‍ പൊട്ടിതകര്‍ന്ന ഒരു കണ്ണാടിയും കണ്ടെടുക്കുന്നു...

ഈ കുട്ടികള്‍ക്ക് കളിസാധനങ്ങളുടെ കൂട്ടത്തില്‍ കാറിന്റെ പഴയ കണ്ണാടി കൊണ്ടു വെക്കേണ്ട വല്ല കാര്യവുമുണ്ടോ..??

അങ്ങനെ കണ്ണാടിയൊരെണ്ണം പൊട്ടിച്ചു കഴിഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്, കണ്ണാടി താഴെയിട്ടു പൊട്ടിച്ചാല്‍ അടുത്ത ഏഴ് വര്‍ഷത്തേക്ക് കല്യാണം നടക്കില്ലാ എന്ന്..!!!

Thursday, August 20, 2009

പുറപ്പാട്

അതൊരു നല്ല ദിവസമായിരുന്നു. ഉണര്‍ന്നു വന്നതേ നല്ല സന്തോഷത്തിലേക്ക്..

അച് ഛന്‍ വരുന്ന ദിവസം.

ഞാനും അമ്മയും എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ തന്നെ മഴയും പുറപ്പെട്ടു ഞങ്ങളുടെ കൂടെ..

റോഡുകളൊക്കെ ഉണര്‍ന്നു തുടങ്ങുന്നതേ ഉള്ളൂ..

നല്ല മഴയത്ത്, അധികം തിരക്കില്ലാത്ത വഴികളിലൂടെ രാവിലെ തന്നേയുള്ള യാത്ര നല്ല രസമായി തോന്നി എനിക്ക്.

ഇന്നെന്താണാവോ കാണുന്നതിനും കേള്‍ക്കുന്നതിനും എല്ലാം നല്ല ഭംഗി.

പതിനാറു പതിനേഴ് വര്‍ഷമായി അച് ഛന്‍ വിദേശത്താണെങ്കിലും ആദ്യമായാണ് ഞാന്‍ അച് ഛനെ കൂട്ടികൊണ്ടു വരാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നത്. അതിന്റെ ഒരു ത്രില്ലും ഉണ്ടെനിക്ക്.

പക്ഷേ അവിടെയെത്തി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ചേര്‍ന്നതോടെ യാത്രയുടെ രസമെല്ലാം അവസാനിച്ചു. കാത്തിരുപ്പിന്റെ നീളം കൂടി കൂടി വന്നതോടെ എനിക്ക് മുഷിഞ്ഞു തുടങ്ങി.
ജനത്തിരക്കുള്ള മറ്റെല്ലാ സ്ഥലങ്ങളും എന്ന പോലെ ഇവിടവും എനിക്കിഷ്ടമായില്ല.

വേര്‍പിരിയലിന്റെ നെടുവീര്‍പ്പും കാത്തിരിപ്പിന്റെ അക്ഷമയും കനം കൂട്ടുന്ന അന്തരീക്ഷം.

ആള്‍ക്കൂട്ടത്തിലൊരാളായി അലിഞ്ഞു ചേരുന്നതിലും എനിക്കെപ്പോഴും താല്‍പര്യം, ഇത്തിരി മാറിനില്‍ക്കുന്നൊരു കാഴ്ചക്കാരിയാവാനാണ്.

ഇവിടെ വന്നതിനു ശേഷം കിട്ടിയ പരിചയക്കാരുമായി അമ്മ ഗംഭീര വര്‍ത്തമാനത്തിലാണ്, ആ സമയത്ത് ഞാന്‍ തിരക്കു കുറവുള്ള ഒരു മൂലയിലേക്ക് വലിഞ്ഞു.
ധൃതിയില്‍ ഇറങ്ങിയപ്പോള്‍ ഒരു പുസ്തകം പോലും കൈയ്യിലെടുക്കാന്‍ തോന്നാതിരുന്നതിനെ മനസ്സില്‍ ശപിച്ചു ഞാന്‍.

പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് കണ്ണാടി ജനലിനപ്പുറം പെയ്യുന്ന മഴയെ നോക്കിയിരിപ്പായി.
വെള്ളിനൂല്‍ പോലെ മെലിഞ്ഞ് സുന്ദരിയായ മഴ.

കാത്തിരിപ്പിന്റെ മുഷിച്ചില്‍ ആ മഴയില്‍ അലിയിച്ചു കളയാന്‍ ശ്രമിക്കുന്നതിന്റെ ഇടയിലേക്കാണ് അവര്‍ മൂന്നുപേരും കൂടി കയറി വന്നത്.

മൂന്നു പേരില്‍ പ്രായം കൂടിയ സ്ത്രീ, അല്‍പം തടിച്ച് പൊക്കം കുറഞ്ഞ് ഗൗരവക്കാരിയായൊരു മദ്ധ്യവയസ്ക, അവരൊരു റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സ് ആയിരിക്കുമെന്ന് ഞാന്‍ കണ്ടപാടെ ഉറപ്പിച്ചു.

യാത്രക്കൊരുങ്ങിയ ഭാവത്തില്‍ കൂടെയുള്ളത് അവരുടെ മകള്‍ ആയിരിക്കും, വിളര്‍ത്ത് മെലിഞ്ഞൊരു സങ്കടക്കാരി.
അവരുടെ കൈയ്യിലായി ഏകദേശം ഒരു ആറു മാസം പ്രായമുള്ള ഒരു മിടുക്കി വാവയും. ചുറ്റിനുമുള്ള കാഴ്ചകളൊക്കെ കാണുന്ന തിരക്കിലാണു വാവക്കുട്ടി.

മുന്തിരി കണ്ണുകളും, ഒരുമ്മ കൊടുക്കാന്‍ തോന്നുന്ന തുടുത്ത കവിളും, കുറുമ്പ് കാട്ടുന്ന മുടിയിഴകളും ഒക്കെയായൊരു ഓമനക്കുട്ടി.

ഒരു കൈയ്യില്‍ ട്രോളി ബാഗും മറ്റേ കൈയ്യില്‍ വാവയുടെ ബാഗും ഒക്കെയായി ടീച്ചറമ്മ ഇത്തിരി പുറകിലാണ്.
കുഞ്ഞിനെ മാറോട് ചേര്‍ത്തു പിടിച്ച സങ്കടക്കാരി അമ്മ എന്റെ അടുത്തുള്ള കസേരയില്‍ വന്നിരിപ്പായി.
ആകെ മൂടിക്കെട്ടിയ മുഖം, പെയ്യാനൊരുങ്ങി നില്‍ക്കുന്ന കണ്ണുകള്‍, ഇടയ്ക്കിടക്ക് ഞെട്ടിയുണര്‍ന്നെന്ന പോലെ കുഞ്ഞിനെ ഉമ്മ വെക്കുന്നുണ്ട്. ആ തക്കം നോക്കി കുഞ്ഞുവാവ അമ്മയുടെ കമ്മലും തലമുടിയും ഒക്കെ പിടിച്ച് വലിക്കുന്നുമുണ്ട്.

പതുക്കെ നടന്നെത്തിയ ടീച്ചറമ്മയും അടുത്തായുള്ളൊരു കസേരയില്‍ ഇരിപ്പുറപ്പിച്ചു.
ഗൗരവം നിറഞ്ഞ ശബ്ദത്തില്‍ അവരെന്തൊക്കേയോ പറഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ട്, പക്ഷേ കുഞ്ഞുവാവയുടെ അമ്മ അതൊന്നും കേള്‍ക്കുന്നുണ്ടെന്നേ തോന്നിയില്ല. അവര്‍ വേറെ ഏതോ ലോകത്തിലെന്ന പോലെ കണ്ണും മിഴിച്ചിരിപ്പാണ്. എന്നിട്ടും നിര്‍ത്താന്‍ കൂട്ടാക്കാതെ ടീച്ചറമ്മ ഉപദേശങ്ങള്‍ തുടരുന്നുണ്ട്.

അല്‍പ സമയം കഴിഞ്ഞപ്പോഴാണ് അടുത്തിരിക്കുന്ന ഞാന്‍ അവരുടെ കണ്ണില്‍ പെട്ടത്. പിന്നെ അവരെന്റെ നേര്‍ക്കായി.
ദുബായ് ഫ്ളൈറ്റിനു പോകാനാണോ, തനിച്ചാണോ, വരുന്നത് അച് ഛനാണോ ഏട്ടനാണോ എന്നിങ്ങനെ ഒരു നൂറുകൂട്ടം അന്വേഷണങ്ങളുടെ ഇടയില്‍ കുരുങ്ങി എനിക്ക് ശ്വാസം മുട്ടി തുടങ്ങി.

ചോദ്യങ്ങള്‍ അവസാനിച്ചെന്നു കരുതി ഞാന്‍ ഒന്നു ആശ്വസിച്ചപ്പോഴേക്കും അവര്‍ അവരുടെ വിശേഷങ്ങള്‍ നിരത്താന്‍ തുടങ്ങി.
മൂന്നുമാസം മുന്നെ അവര്‍ നടത്തിയ ദുബായ് യാത്രയെക്കുറിച്ചും, അവിടുത്തെ വിശേഷങ്ങളെ കുറിച്ചും, മകളുടെ ഫ്ളാറ്റിലെ ജോലിക്കാരിയായ ശ്രീലങ്കക്കാരിയുടെ കള്ളത്തരങ്ങളെ കൈയ്യോടെ പിടിച്ചതിന്റെ വിവരണങ്ങളും, നാട്ടില്‍ അവരുടെ അഭാവത്തില്‍ മോഷണം പോയ റബ്ബര്‍ ഷീറ്റുകളെക്കുറിച്ചും, കൃഷിയിലും പറമ്പിലുമൊന്നും താല്‍പര്യമില്ലാത്ത ആണ്മക്കളെ കുറിച്ചും അവരുടെ ഭാര്യമാരെ കുറിച്ചും എല്ലാം നിര്‍ത്താതെ പറഞ്ഞു കൊണ്ടേയിരുന്നു.

ഈ പെരുമഴയില്‍ പെട്ട് ജനലിനപ്പുറത്തെ മഴ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി പോകുന്നത് ഞാന്‍ സങ്കടത്തോടെ അറിഞ്ഞു.
ആള്‍ക്കാരുടെ അര്‍ത്ഥമില്ലാത്ത ബഹളങ്ങളില്‍ നിന്ന് അകലേക്ക് മാറിയിരുന്ന ഞാന്‍ നാടു കുലുക്കുന്ന ഒരു കൂറ്റന്‍ പ്രകടനത്തിന്റെ ഇടയില്‍ പെട്ടതു പോലെയായി.
വിഷയങ്ങള്‍ മാറി മറിഞ്ഞ് ടീച്ചറമ്മയുടെ പ്രസംഗം ദുബായിക്കാരിയായ മകളുടെ ജോലിയുടെ ഗുണഗണങ്ങളിലേക്ക് നീണ്ടു. മകളെ യാത്രയാക്കാനായി വന്നതാണു ടീച്ചര്‍. കുഞ്ഞിനെ വിശ്വസിച്ചേല്‍പ്പിക്കാന്‍ പറ്റുന്ന ജോലിക്കാരെ കിട്ടാനില്ലാത്തതിനാല്‍ കുഞ്ഞുവാവയെ നാട്ടിലാക്കിയാണു ഇത്തവണ ദുബായിക്കാരി അമ്മ പോകുന്നത്.

കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഒരു ശബ്ദം പോലും പുറത്തു വരാതെ അവര്‍ ഇരിക്കുന്നതിന്റെ കാരണം എനിക്കപ്പോഴാണു മനസ്സിലായത്.

അമ്മയാരാണെന്നും അമ്മയുടെ സ്നേഹം എന്താണെന്നും തിരിച്ചറിയുന്നതിനു മുന്നേ അമ്മയില്‍ നിന്നും അകറ്റപ്പെടാന്‍ പോകുന്ന കുഞ്ഞുവാവ മാത്രം കഥയറിയാതെ കളിച്ചും ചിരിച്ചും ഇരിക്കുന്നു.

അപ്പോഴേക്കും അവര്‍ക്ക് പോവാനുള്ള ഫ്ളൈറ്റിന്റെ സമയമായെന്ന അറിയിപ്പെത്തി.
കുഞ്ഞിനെ ഒന്നു കൂടി ഉമ്മ വെച്ച്, ടീച്ചറമ്മയ്ക്ക് കൈമാറി, ട്രോളി ബാഗും വലിച്ച് അവര്‍ നടന്നു തുടങ്ങി, തിരിഞ്ഞു തിരിഞ്ഞ് നോക്കിക്കൊണ്ട്.

കീഴടക്കാനും വെട്ടിപിടിക്കാനുമുള്ള ജീവിതയാത്ര.

പൊട്ടിക്കരഞ്ഞും നിശബ്ദമായി കണ്ണീരൊലിപ്പിച്ചും, വിളറിയ ചിരിയോടേയും പലതരത്തിലുള്ള യാത്ര പറച്ചിലുകള്‍, അരങ്ങേറുന്നുണ്ടായിരുന്നെങ്കിലും, ഏറ്റവും ഹൃദയഭേദകമായി തോന്നിയത്, പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച്കൊണ്ട് കുഞ്ഞുവാവ അമ്മയെ യാത്രയാക്കിയ കാഴ്ചയായിരുന്നു.

അല്‍പ സമയത്തിനു ശേഷം അച് ഛന്‍ വരുന്നത് കണ്ട് മനസ്സു നിറഞ്ഞെങ്കിലും, കണ്ണിലൊരിത്തിരി നനവ് ബാക്കി നിന്നു.

Sunday, July 5, 2009

നിത്യകല്യാണി

കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ കോഴിക്കോട്ടെ വീട്ടിലേക്കൊരു മിന്നല്‍ പര്യടനം നടത്തിയിരുന്നു.

ചിലവഴിക്കാന്‍ കിട്ടുന്നത് ചുരുങ്ങിയ മണിക്കൂറുകളാണെങ്കില്‍ പോലും എനിക്ക് കാണേണ്ടവരായി നിരവധി പേരുണ്ടവിടെ.

ചെറിയ കുട്ടിയായിരുന്നപ്പോള്‍ എന്നോട് സ്നേഹവും പരിഗണനയും കാണിച്ചിരുന്നവരെയൊക്കെ തെരഞ്ഞുപിടിച്ചു കാണാറുണ്ട് ഞാന്‍ എല്ലാത്തവണയും.

എന്റെ പഴയ ഇഷ്ടക്കാരില്‍ മിക്കവര്‍ക്കും ഒരുപാട് വയസ്സൊക്കെയായി വയ്യാതായെങ്കിലും, ഞാനെത്തിയ വിവരം കാറ്റില്‍ പരന്നിട്ടെന്ന പോലെ, വേദനിക്കുന്ന കാല്‍മുട്ടുകളുടേയും ദേഹത്തിന്റേയും പ്രതിഷേധം വക വെക്കാതെ, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വറ്റാത്ത വാത്സല്യവുമായി എന്നെ കാണാനെത്താറുണ്ട് അവരിപ്പോഴും.

എവിടെ താമസിക്കുമ്പോഴും ഞാനൊരു കോഴിക്കോട്ടുകാരിയാവുന്നത് ഇവരുടെയൊക്കെ സ്നേഹത്തിന്റെ നിറവിലാണു.

ഇത്തവണയും പതിവുള്ളവരെയൊക്കെ കണ്ടു കഴിഞ്ഞിട്ടും ഒരാളെ മാത്രം കണ്ടില്ല. ഞാന്‍ 'ആയി' എന്നു വിളിക്കുന്ന കല്ല്യാണിയെ.

സ്വതവേ ഞാന്‍ വന്നു കയറിയതിന്റെ പിന്നാലെ എത്താറുള്ളതാണു കല്ല്യാണി. പിന്നെ ഞാന്‍ പോണതു വരെ ഇവിടെയൊക്കെ തന്നെ ഉണ്ടാവും. ഇത്തവണ കണ്ടതേ ഇല്ല.

നിത്യകല്ല്യാണി എന്ന പേരിലാണു നാട്ടുകാരുടെയിടയില്‍ കല്ല്യാണി അറിയപ്പെടുന്നത്.

പറഞ്ഞു വരുമ്പോള്‍ നല്ല രസമാണു കല്ല്യാണിയുടെ കാര്യം.

വയസ്സേറെ ആയെങ്കിലും ഇപ്പോഴും പാവാടയും ജാക്കറ്റുമാണു വേഷം. അതും നല്ല കടും നിറങ്ങള്‍... ചുവപ്പ്, പച്ച, മഞ്ഞ.. അങ്ങിനെ..
മുടിയൊക്കെ എപ്പോഴും നല്ല വൃത്തിയായി ചീകിക്കെട്ടിയിരിക്കും, പക്ഷേ കെട്ടുന്നത് വല്ല വള്ളിയോ ചാക്കു ചരടോ ഉപയോഗിച്ചാവുമെന്നു മാത്രം.

മിക്കപ്പോഴും പൂവും ചൂടിയിരിക്കും തലമുടിയില്‍.. അതിപ്പോ ഇന്ന പൂവ് എന്നൊന്നും ഇല്ല. ആദ്യം കാണുന്ന പൂവിനായിരിക്കും ആ ദിവസം കല്ല്യാണിയുടെ തലയിലിരിക്കാനുള്ള ഭാഗ്യം.
തൊട്ടാവാടിയുടെ പൂവൊക്കെ മുടിയില്‍ ചൂടാന്‍ ഒരു പക്ഷേ ആദ്യമായി ഉപയോഗിച്ചിട്ടുണ്ടാവുക കല്ല്യാണിയായിരിക്കും.

മുത്തുമാലകളും കുപ്പിവളകളും നിര്‍ബന്ധം..( ഓപ്പോള്‍ കാണാതെ ഓപ്പോളുടെ കുപ്പിവളകള്‍ സമ്മാനിച്ചാണു ഞാന്‍ കല്ല്യാണിയുടെ ഇഷ്ടക്കാരിയായി മാറിയത്)

നല്ല മൂഡിലാണെങ്കില്‍ കല്ല്യാണിയുടെ വരവ് കുറേ ദൂരേ നിന്നേ അറിയാം. വര്‍ത്തമാനവും പാട്ടും ചിരിയും ആകെ ബഹളമാണു..
ചിലപ്പോള്‍ മിണ്ടാവ്രതത്തിലാവും.. ദിവസങ്ങളോളം വായ തുറക്കുകയേ ഇല്ല.

വെറ്റില മുറുക്കലൊരു പതിവാണു കല്ല്യാണിക്ക്. അതിനുമുണ്ട് കുറേ വിശേഷങ്ങള്‍. വെറ്റില തീര്‍ന്ന സമയമാണെങ്കില്‍ ഏതൊക്കെയോ ചെടിയുടെ ഇലകളൊക്കെ എടുക്കുന്നതു കാണാം. പുകയിലക്കു പകരം ഇടക്ക് തെങ്ങിന്റെ വേരാവും. ഇങ്ങനെ ആകെപ്പാടെ വിശേഷങ്ങളാണു.

പണ്ടൊക്കെ കൊയ്യാനും മെതിക്കാനും ഇറങ്ങുമ്പോള്‍ കല്ല്യാണിയുടെ പാട്ടുണ്ടാവും. വാക്കുകളും അര്‍ത്ഥവും ഒന്നും മനസ്സിലാവില്ലെങ്കിലും കേള്‍ക്കാന്‍ നല്ല ഇമ്പമുള്ള പാട്ട്.. കേട്ടിരിക്കാന്‍ തോന്നും.


പറയാനും ചിരിക്കാനും തമാശയുള്ള ഒരു കഥാപാത്രമായി മാത്രമേ കുട്ടിക്കാലത്തൊക്കെ ഞാനും കണ്ടിരുന്നുള്ളൂ കല്ല്യാണിയെ.
പിന്നീടൊരിക്കല്‍ ഓപ്പോളാണു പറഞ്ഞു തന്നത് കല്ല്യാണി നിത്യകല്ല്യാണി ആയതിനു പിന്നിലുള്ള ഒരു പരാജയപ്പെട്ട പ്രേമത്തിന്റെ കഥ.

വീട്ടുകാരും നാട്ടുകാരും അംഗീകരിക്കാത്ത ഒരു ഇഷ്ടത്തിനു സ്വയം സമര്‍പ്പിച്ചപ്പോള്‍ കല്ല്യാണി സുന്ദരിയും മിടുക്കിയുമായ ഒരു യുവതിയായിരുന്നു.
ഇങ്ങനെയൊരു ഇഷ്ടവും മനസ്സില്‍ സൂക്ഷിച്ച് ഈ വീട്ടില്‍ താമസിക്കാന്‍ പറ്റില്ലെന്നു അച് ഛനും ഏട്ടന്മാരും ശബ്ദമുയര്‍ത്തിയപ്പോള്‍ കല്ല്യാണിക്ക് അധികമൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. .. അന്നുപേക്ഷിച്ചിറങ്ങി വീട്..

പുറമ്പോക്കില്‍ ഓല മേഞ്ഞൊരു കുടിലില്‍ താമസം തുടങ്ങിയപ്പോഴും തോറ്റു കൊടുത്തില്ല ആരുടെ മുന്നിലും.
പക്ഷേ സ്നേഹം കല്ല്യാണിയെ തോല്‍പ്പിച്ചു.
കല്ല്യാണി കാണിച്ച തന്റേടവും, ആത്മാര്‍ത്ഥതയുമൊന്നും സ്നേഹിച്ച പുരുഷനില്‍ നിന്നും കല്യാണിക്ക് തിരിച്ചു ലഭിച്ചില്ല.

ഒരു ആറു മാസം ഒളിച്ചും പതുങ്ങിയും ഒക്കെയായി ഒരുമിച്ചൊരു ജീവിതം.
അതിനൊടുവില്‍ വീട്ടുകാരുടെ ഇഷ്ടത്തിനു വഴങ്ങി അയാള്‍ കല്യാണിയെ തള്ളിപ്പറഞ്ഞു. യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ചെയ്തതും പറഞ്ഞതുമെല്ലാം മറന്ന് പുതിയൊരു ജീവിതത്തിനൊരുങ്ങിയപ്പോള്‍ കല്യാണി തളര്‍ന്നു.

പക്ഷേ തോറ്റു ജീവിക്കാന്‍ മനസ്സിലായിരുന്നു കല്യാണിക്ക്.

താലികെട്ടിന്റെ മംഗള മുഹൂര്‍ത്തം തന്നെയാണു, വിഷക്കായ അരച്ചു കലക്കിക്കുടിക്കാന്‍ കല്യാണിയും തെരെഞ്ഞെടുത്തത്.

ആളും അനക്കവുമില്ലാത്ത കരിങ്കല്‍ ക്വാറിയില്‍, ഛര്‍ദ്ദിച്ച് അവശയായി ബോധശൂന്യയായി കിടന്നിരുന്നവളെ ആരോ കണ്ടുപിടിച്ചതു കാരണം ജീവന്‍ നഷ്ടപ്പെട്ടില്ല.

പക്ഷേ കഴിച്ച വിഷക്കായയുടെ ശക്തി ആ മനസ്സിന്റെ താളം തെറ്റിച്ചു.

ദൈവം ആദ്യമായി കല്യാണിയോട് കനിവ് കാട്ടിയത് ഇങ്ങനെയാണു.

ബോധമുള്ള മനസ്സോടെ ഈ ഇടുങ്ങിയ ലോകത്തില്‍ ജീവിക്കാന്‍ ഇതിലുമേറെ കഷ്ടപ്പെടേണ്ടി വരുമായിരുന്നു കല്യാണിക്ക്.

ഈ കഥ കേട്ടുകഴിഞ്ഞതോടെ കല്യാണി എന്റെ മനസ്സിലൊരു രക്തസാക്ഷിയായി.

പൂര്‍ണ്ണ മനസ്സോടെ സ്നേഹിച്ചു.
ആ സ്നേഹം നഷ്ടപ്പെട്ടതോടെ സ്വന്തം മനസ്സും നഷ്ടമായി.

ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷി.

എനിക്ക് തിരിച്ചു പോരാനുള്ള സമയം അടുത്തിട്ടും കല്യാണിയെ കണ്ടില്ല. വല്ല്യമ്മയോടന്വേഷിച്ചപ്പോഴാണു അറിഞ്ഞത് മഴക്കാല പനി പിടിച്ചു കിടപ്പിലാണെന്ന്.

വല്ല്യമ്മ തന്നയച്ച പൊടിയരിയും ഉപ്പുമാങ്ങയുമൊക്കെയായി ഞന്‍ കല്യാണിയെ കാണാനിറങ്ങി.

ജനലും വാതിലുമൊക്കെയടച്ച് ഇരുട്ട് നിറച്ച മുറിയില്‍ കല്യാണി കിടപ്പിലാണു..

സ്വന്തമായി ഒന്നും, ആരും ഇല്ലാതെ വല്ലാതെ തനിച്ച്..

എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ വേദനയും നീരും ..

മാലയും വളകളുമില്ലാതെ, മുടി ചീകിക്കെട്ടി പൂവ് ചൂടാതെ ആദ്യമായി ഞാന്‍ കല്യാണിയെ കണ്ടു.

പക്ഷേ പനിയുടെ പൊള്ളലിലും വാടാത്ത ചിരി

ചിരിക്കാന്‍ മറക്കുന്നവരുടെ ഇടയിലും ചിരിച്ചു കൊണ്ടേയിരിക്കുന്നു... നിത്യകല്യാണി...

Thursday, June 18, 2009

അകലെ..........

ഇന്നലെ ഉച്ച സമയത്ത്, ഞാന്‍ തട്ടിന്‍പുറത്തൊരു തിരച്ചിലിനിറങ്ങി.
കൂട്ടിനു ഒരു നാലു വയസ്സുകാരി വിരുന്നുകാരിയും.

പെയിന്റടിച്ച് ഭം ഗിയാക്കി, ഒരു ഗംഭീരന്‍ പൂക്കൂടയാക്കാന്‍ പറ്റിയ ഒരു മണ്‍ ഭരണിയാണു വിരുന്നുകാരിയുടെ ആവശ്യം...
അതവരുടെ പുതിയ വീട്ടിലേക്കാണേ....

ഞാന്‍ മാത്രമായാല്‍ ശരിയാവില്ലെന്നു കരുതിയിട്ടാവാം അവളും കൂടി വന്നു തട്ടിന്‍പുറത്തേക്ക്...

രണ്ട് കോണിപ്പടികള്‍ക്കൊടുവില്‍ ശബ്ദത്തോടെ വാതില്‍ തുറക്കുന്നത് തട്ടിന്‍പുറത്തേക്കാണു.

മങ്ങിയ ഇരുട്ടില്‍ പൊട്ടി പൊളിഞ്ഞതും നിറം മങ്ങിയതും എന്നാല്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതുമായ ഒരുപാടൊരുപാട് സാധങ്ങള്‍.


കാലിനിടയിലൂടെ ഓടുന്ന എലികളും, മുഖത്ത് വന്നിടിക്കുന്ന വവ്വാലുകളും, ഭീമന്‍ ചിലന്തികളും ചെറുതായി പേടിപ്പിക്കുമെങ്കിലും ഒരു ഫ്ളാഷ് ബാക്കില്‍ സഞ്ചരിക്കുന്ന സുഖമുണ്ടവിടെ ചിലവഴിക്കുന്ന സമയത്തിനു...

സ്വീകരണ മുറിക്ക് അലങ്കാരമാവുന്ന ഒരു മണ്‍ഭരണി വേഗം തന്നെ ഞങ്ങള്‍ കണ്ടു പിടിച്ചെങ്കിലും, കൗതുകമുണര്‍ത്തുന്ന വേറെ പലതുമുണ്ടായിരുന്നു അവിടെ.
അങ്ങനെ തപ്പിതിരഞ്ഞു നടക്കുന്നതിനിടയിലാണു അവിടെയൊരു മൂലയിലൊതുങ്ങിയിരിക്കുന്ന ഒരു നീലപ്പെട്ടി എന്റെ കണ്ണില്‍ പെട്ടത്...

ആകെ നിറം മങ്ങി.. അവിടവിടെ ചിതലാക്രമണത്തിന്റെ പാടുകളും പേറി... ഉള്ളിലെ കാന്‍ വാസ് ഒക്കെയിളകി... ആകെ പഴഞ്ചനായി.....

ഞാന്‍ അതിനെ തൊട്ടും തലോടിയുമൊക്കെ പഴയ ഓര്‍മ്മകളെ പൊടി തട്ടിയെടുത്തു...

എന്റെ നീലപ്പെട്ടി...

എന്റെ എന്നത്തേയും പ്രിയപ്പെട്ട നിറമാണു നീല.

ബോര്‍ഡിംഗില്‍ ചേരാന്‍ സമയത്ത് കോഴിക്കോട്ടെ ടിപ് ടോപ്പില്‍ പോയി ഞാന്‍ തിരഞ്ഞെടുത്തതും ഒരു നീലപ്പെട്ടി..

പിന്നീട് അതെന്റെ അവധിക്കാലങ്ങളുടെ പ്രതീകമായി മാറി.

വെക്കേഷന്‍ തുടങ്ങുന്ന ദിവസം, ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴേ കാണാം, എന്റെ നീലപ്പെട്ടി യാത്രയ്ക്കു തയ്യാറായി കട്ടിലിനരുകില്‍ വന്നിരിക്കുന്നത്.
പരീക്ഷയുടെ അവസാന ദിവസത്തില്‍ ബോര്‍ഡിംഗ് അടിമുടി മാറും. ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളുമെല്ലാം കാറ്റില്‍ പറക്കും.
നിറഞ്ഞു പതയുന്ന ആഹ്ളാദമാണെങ്ങും.
നീലപ്പെട്ടി തുറന്നപ്പോള്‍ പുറത്തു വന്നതാണിത്രയും സന്തോഷമെന്ന് തോന്നുമായിരുന്നു എനിക്ക് അന്നൊക്കെ.

വീട്ടില്‍ പോകുന്ന തിരക്കിനിടയില്‍ കൂട്ടുകാരെ പിരിയുന്ന സങ്കടത്തിനൊന്നും സ്ഥാനമില്ല. ഒന്നു യാത്ര പറയാന്‍ പോലും മറന്നിട്ടാവും മിക്കവരും സ്ഥലം വിടുക.

മിക്കപ്പോഴും ഏറ്റവും അവസാനം യാത്രയാവുന്നത് ഞാനായിരിക്കും.

എന്നാലും വണ്ടി വരുന്നതു വരെ മുറിയില്‍ കാത്തിരിക്കാന്‍ മനസ്സു വരില്ല. എല്ലാവരുടേയും കൂടെ ഞാനും പോര്‍ട്ടിക്കൊയില്‍ സ്ഥലം പിടിക്കും.

പൂത്തിരി കത്തിച്ചതു പോലെ ചിരിച്ചുല്ലസിക്കുന്നവരുടെ ഇടയിലാവുമ്പോള്‍ എന്റെ മനസ്സിലും വിരിയും സന്തോഷം.

ക്രമേണ ആള്‍ക്കൂട്ടം ചെറുതായി ചെറുതായി വരും

ഒരോരുത്തരായി യാത്രയാവുന്നതും നോക്കിയിരിക്കുമ്പോള്‍, ഒരോ ഇതളുകളായി കൊഴിഞ്ഞു വീഴും പോലെ സന്തോഷം.

വല്ല്യച് ഛന്റെ ഡ്രൈവര്‍ ബാലന്‍ നായര്‍ തിരക്കുകളെല്ലാം കഴിഞ്ഞ്. എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ വരുമ്പോഴേക്കും, ഉത്സാഹത്തിന്റെ സൂര്യനും അസ്തമിച്ചു തുടങ്ങിയിട്ടുണ്ടാവും.

യാത്രയില്‍ പകല്‍ വെളിച്ചം മായുന്നതു വരെ, ചില്ലിലൊട്ടിച്ചു വെച്ച ഒരു ചിത്രം പോലെ മുഖമമര്‍ത്തി ഞാനിരിക്കും.
ഇരുട്ട് വന്ന് കാഴ്ചകളെയെല്ലാം മായ്ച്ചു കളയുമ്പോഴെപ്പോഴോ ഞാനുറങ്ങിയിട്ടുണ്ടാവും.

ഉണര്‍ന്നെണീക്കുന്നത് ഒഴിവുകാലത്തിലേക്ക്..

അവധിക്കാലം കഴിയുമ്പോള്‍, സ്കൂള്‍ തുറക്കാറായെന്ന മുന്നറിയിപ്പുമായി വരുന്നതും ഈ നീലപ്പെട്ടി തന്നെയായിരുന്നു.

ഒരാഴ്ച മുന്നേ തുടങ്ങും വല്ല്യമ്മ ഒരോ സാധങ്ങള്‍ അങ്ങോട്ടു വെക്കാനും ഇങ്ങോട്ടെടുക്കാനും.

നീലപ്പെട്ടിയില്‍ നിന്നും പുറത്തു വന്ന സങ്കടം പതുക്കെ വീട്ടിലാകെ നിറയും.


ആദ്യം എന്റെ വിരുന്നുകാരിയും പുറകിലായി ഒരു കെട്ട് മാതൃഭൂമി ആഴ്ചപ്പതിപ്പും കൂടി എന്റെ മുന്നില്‍ വന്നു വീണപ്പോഴാണു, ഓര്‍മ്മകളിലൂടെയുള്ള എന്റെ യാത്രക്കൊരു അവസാനമായത്..

ചിത്രപ്പണി ചെയ്തൊരു മരപ്പലക കൈക്കലാക്കാനുള്ള തത്രപ്പാടിലാണു അവള്‍ക്ക് കാലിടറിയത്.

ഒരു പഴഞ്ചന്‍ പെട്ടിക്കു മുന്നില്‍ ഞനിങ്ങനെ കണ്ണും മിഴിച്ച് നിന്ന സമയത്തൊക്കെ എന്റെ കൂട്ടുകാരി അവരുടെ വീട്ടിലേക്ക് ചേരുന്ന അലങ്കാര സാധങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു.

എത്ര അമര്‍ത്തി തട്ടിക്കളഞ്ഞിട്ടും അവള്‍ക്ക് വീണതിന്റെ അരിശം തീരുന്നില്ല.

എഴുന്നേറ്റു നോക്കിയപ്പോള്‍ കാണുന്നത് 'അന്റിക് വാല്യു' തീരെയില്ലാത്ത ഒരു പഴയ പെട്ടിയും നോക്കി നില്‍ക്കുന്ന എന്നേയും.
ഇനിയും ഞാന്‍ വെറുതെ സമയം കളയണ്ട എന്നു കരുതിയിട്ടാവും , കച്ചവട മനഃസ്ഥിതിക്കാരിയായ നാലു വയസ്സുകാരി വേഗം തന്നെ അതിനൊരു വിലയുമിട്ടു.
'പാട്ടപെറുക്കികള്‍ക്കെടുത്തു കൊടുത്താല്‍ നമ്മക്ക് രണ്ടാള്‍ക്കും ഒരോ സിപ് അപ് കഴിക്കാനുള്ളത് കിട്ടുമെന്ന്..'


ഇനിയും അവിടെ നിന്നാല്‍ അവള്‍ എന്നേയും വിറ്റു പൈസയാക്കും എന്നത് ഉറപ്പായതിനാല്‍ ഞാന്‍ വേഗം അവിടെ നിന്നിറങ്ങി.

പക്ഷേ മണ്‍ഭരണിയും താങ്ങി പടവുകളിറങ്ങുമ്പോള്‍ സുഗന്ധം പരത്തുന്ന ഓര്‍മ്മകള്‍ എനിക്കു ചുറ്റിനും... ..

നീലപ്പെട്ടിയില്‍ നിന്നും വന്നതാവാം .........

Thursday, June 11, 2009

തിങ്കളാഴ്ച നല്ല ദിവസം

"ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും, ജീവിച്ചിരിക്കുന്നതും മരിച്ചു പോയതും ആയ വ്യക്തികളോടോ, സന്ദര്‍ഭങ്ങളോടോ യാതൊരു ബന്ധവുമില്ല. എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം....."


പാര്‍വ്വതി എന്ന പാറുവും, ശ്രീനാഥ് എന്ന ശ്രീയും ആണിതിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

അപ്പോള്‍ നമുക്കിനി കഥയിലേക്ക് കടക്കാം...


പാറു ആകെപ്പാടെ അസ്വസ്ഥയായിരുന്നു...

കണ്ടകശനിയില്‍ രാഹുവിന്റെ അപഹാരം കൊണ്ടാണാവോ എന്തോ, കാര്യങ്ങളൊന്നും തന്നെ ശരിയായ വിധത്തിലല്ല സംഭവിക്കുന്നതെന്ന് പാറുവിനു തോന്നി തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി..

ആഴ്ചകളും മാസങ്ങളും മുന്നേ തീരുമാനിച്ചുറപ്പിച്ച്, മനസ്സിലൊരു നൂറുവട്ടം റിഹേഴ്സലും നടത്തി, എല്ലാ വിധ തയ്യാറെടുപ്പുകളോടും കൂടി കാത്തിരുന്നതായിരുന്നു, എന്നിട്ടിപ്പോ അവസാനം വഴിയും തെറ്റി വട്ടം കറങ്ങിയ മന്ത്രിയുടെ പൈലറ്റു വാഹനത്തിന്റെ അവസ്ഥയിലായി കാര്യങ്ങള്‍.

കാര്യം പാറുവും ശ്രീയും മെയ് മാസത്തിലെ അവസാന ഞായറാഴ്ച കണ്ടുമുട്ടാം എന്ന് കുറേ മുന്നേ തീരുമാനിച്ചിരുന്നതായിരുന്നു.
റൂം മേറ്റിന്റെ കല്യാണം കൂടാനായി തൃശ്ശൂര്‍ക്ക് വരുന്ന ശ്രീയും, പരീക്ഷയും കഴിഞ്ഞ് സ്വസ്ഥതയും സമാധാനവും വീണ്ടെടുത്ത പാറുവും തമ്മിലൊന്ന് കാണാമെന്നു കരുതിയതില്‍ ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ലല്ലോ..

ശ്രീയുടെ ലീവിന്റെ ഒരു പ്രശ്നം ഇടയില്‍ കയറി വന്ന് കാഴ്ചക്ക് തടസ്സം സൃഷ്ടിക്കുമോ എന്ന് ചെറുതായി ഒന്ന് പേടിപ്പിച്ചെങ്കിലും, അതും എളുപ്പത്തില്‍ ഒഴിഞ്ഞു പോയി, എല്ലാം കൊണ്ടും അനുകൂലമായി മാറിയ കാലവസ്ഥ ആസ്വദിച്ചു തുടങ്ങിയതായിരുന്നു രണ്ടു പേരും.

പക്ഷേ തീര്‍ത്തും അവിചാരിതമായാണു, കൃത്യം ആ ഞായറാഴ്ചയിലേക്കായി ഒരു ഇടിവെട്ട് മൂന്നാര്‍ യാത്രയുമായി പാറുവിന്റെ അമ്മാവന്‍ കയറി വന്നത്.

എന്തായാലും ആ ഇടിവെട്ടില്‍ അവരുടെ മുഖാമുഖം പരിപാടിയുടെ ഫ്യൂസടിച്ചു പോയെന്നു പറഞ്ഞാല്‍ മതിയല്ലോ...

ഒട്ടും പ്രതീക്ഷിക്കാതെ കാര്യങ്ങള്‍ മാറി മറിഞ്ഞപ്പോള്‍, സ്വതവേ ഏതു പാലം കുലുങ്ങിയാലും ഇളക്കം തട്ടാത്ത ശ്രീ പോലും ഒന്ന് കുലുങ്ങിപ്പോയി എന്നാ പാറു പറയുന്നത്.
അവളുടെ കാര്യവും കഷ്ടമായിരുന്നു. മൂന്നാറിലെ തണുപ്പും മനം മയക്കുന്ന കാഴ്ചകളും ഒന്നും പാറുവിന്റെ മനസ്സിനെ സ്പര്‍ശിച്ചതുപോലുമില്ല.

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന ശ്രീയെ കാത്തിരിക്കുന്ന നൈറ്റ് ഷിഫ്റ്റും ഒഴിവു ദിവസങ്ങളിലെ M.B.A. ക്ളാസ്സും എല്ലാം കൂടിയാവുമ്പോള്‍ അടുത്തൊരു വെക്കേഷന്‍ എന്നാണെന്നും പോലും അറിയാത്ത സാഹചര്യത്തില്‍ അവരുറ്റെ മീറ്റിങ്ങും അനിശ്ചിതമായി നീണ്ടു പോവാനേ ഇടയുള്ളൂ..

തിങ്കളാഴ്ച ശ്രീ തിരിച്ചു പോകുമ്പോള്‍ റെയില്‍ വേ സ്റ്റേഷനില്‍ ചെന്നു കാണാം എന്ന പാറുവിന്റെ നിര്‍ദ്ദേശം, ശ്രീ പരിഗണിക്കുക പോലും ചെയ്തില്ല.

പാറു പല സ്വരത്തിലും രീതിയിലുമൊക്കെ പറഞ്ഞു നോക്കിയെങ്കിലും വെറും നാലു മിനുട്ടു നേരത്തേക്കായി തൃശ്ശൂരില്‍ വരെ ചെല്ലുന്നത് ശ്രീക്ക് സമ്മതമേ ആയില്ല.

ഒടുവില്‍ എല്ലാ പദ്ധതികളും പ്ലാനുകളും പൊളിച്ചടുക്കിയ വിധിക്കു കീഴടങ്ങി യാത്ര പറയാന്‍ തന്നെ അവര്‍ രണ്ട് പേരും തീരുമാനിച്ചു.

പാറുവിന്റെ വീട് റെയില്‍ വേ സ്റ്റേഷന്റെ അടുത്തായതിനാല്‍ അതു വഴി കടന്നു പോകുന്ന ട്രെയിനുകളൊക്കെ പാറുവിന്റെ മുറിയിലിരുന്നാല്‍ തന്നെ കാണാം.
നേരിട്ടു കണ്ട് സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ശ്രീ പോകുന്ന ട്രെയിന്‍ കണ്ടു സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണു പാറു തന്റെ അവസാനവട്ട ശ്രമം നടത്തി നോക്കിയത്.

ബാംഗ്ളൂരിലേക്ക് ടിക്കറ്റുമെടുത്ത്, അമ്മ പൊതിഞ്ഞു കൊടുത്തു വിട്ട ചോറുമൊക്കെയായി യാത്ര തുടങ്ങി കഴിഞ്ഞ ശ്രീ ഇനിയെന്തായാലും തൃശ്ശൂരില്‍ ഇറങ്ങില്ലെന്ന വിശ്വാസത്തിലാണു, 'തൃശ്ശൂരില്‍ ഇറങ്ങുന്നോ..?? വൈകുന്നേരം വല്ല ബസ്സിനും പോവാലോ ബാംഗ്ളൂര്‍ക്ക് ' എന്ന തന്റെ ചിന്തോദ്ദീപകമായ നിര്‍ദ്ദേശം പാറു മുന്നോട്ട് വെച്ചത്.

ചോദിച്ച സമയത്തിന്റെ പ്രത്യേകത കൊണ്ടാണോ എന്തോ, യാതൊരു എതിര്‍പ്പും കൂടാതെ ശ്രീ പെട്ടന്നു തന്നെ സമ്മതിച്ചു.

ബാഗുമെടുത്ത് ഇറങ്ങേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നെ രണ്ടു പേര്‍ക്കും.

പരീക്ഷ കഴിഞ്ഞ് വായിക്കാനായി, പുസ്തകങ്ങള്‍ വാങ്ങാനുള്ള അനുവാദം അമ്മയില്‍ നിന്നും നേരത്തെ വാങ്ങി വെച്ചത് ഈയവസരത്തില്‍ പാറുവിനു പ്രയോജനപ്പെട്ടു എന്ന് പറയാതെ വയ്യ.

ഒരുമിച്ചു ചിലവഴിക്കാനായി ഒരു ദിവസം മുഴുവന്‍ മുന്നില്‍ നീണ്ടു നിവര്‍ന്ന് കിടന്നപ്പോള്‍, വിചാരിച്ചിരിക്കാതെ ലോട്ടറിയടിച്ച അവസ്ഥയിലായി രണ്ടു പേരും.. ആകെ അന്ധാളിപ്പ്.. എന്തു ചെയ്യണം , എവിടേക്ക് പോണം എന്നൊരു പിടിയുമില്ല...

എന്തായാലും അടുത്ത മാസം വരാനിരിക്കുന്ന ശ്രീയുടെ പിറന്നാളിനു ഒരു ഹാപ്പി ബര്‍ത്ത് ഡേ പാടി പ്രോഗ്രാം ആരം ഭിക്കാമെന്നു കരുതി രണ്ടു പേരും കൂടി നേരെ ബാസ്കിന്‍ റോബിന്‍സിലേക്ക് വിട്ടു.

അവിടെ ചെന്ന് മുഖമുയര്‍ത്തി നോക്കുന്നത് വല്ല പരിചയക്കാരുടേയും മുഖത്തേക്കാവുമോ എന്നു പേടിച്ച് പമ്മി പതുങ്ങിയിരുന്ന പാറുവിന്റെ കണ്മുന്നില്‍ കൂടിയാണു ഒരു എട്ടാം ക്ളാസ്സ്കാരനും കൂട്ടുകാരിയും കൂടി നെഞ്ചും വിരിച്ച് തലയുയര്‍ത്തിപ്പിടിച്ച് കടന്നു വന്നത്.
പിന്നെ അവിടെ ഹിന്ദി സിനിമയാണോ തമിഴ് സിനിമയാണോ എന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന രംഗങ്ങളായിരുന്നു അരങ്ങേറിയത്.

ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ശ്രീ പാറുവിന്റെ ധൈര്യത്തിനേയും ചങ്കൂറ്റത്തിനേയും അഭിനന്ദിക്കുന്ന രീതിയില്‍ ഒന്നു ചിരിച്ചത് പാറു തല്‍ക്കാലത്തേക്ക് കണ്ടില്ലെന്ന് നടിച്ചു കളഞ്ഞു..

ആ കുളിര്‍മ്മയില്‍ നിന്നും വെയിലത്തേക്കിറങ്ങേണ്ട താമസം ഇനിയെങ്ങോട്ട് എന്ന ചോദ്യം വന്ന് അവരുടെ മുന്നില്‍ നിന്നു.

വേറെ വഴികളൊന്നും കണ്മുന്നില്‍ തെളിയാത്തതു കൊണ്ട് തല്‍ക്കാലത്തേക്ക് മനേക ഗാന്ധിക്ക് ശിഷ്യപ്പെട്ട് , മൃഗശാല വരെ പോയി, സുഖവിവരങ്ങളൊക്കെ ഒന്നന്വേഷിച്ചു വരാമന്നു കരുതി അങ്ങോട്ടാക്കി മാറ്റി യാത്ര.

പക്ഷേ 'തിങ്കളാഴ്ച മുടക്കം' എന്ന ബോര്‍ഡും കണ്ട് സംതൃപ്തരായി തിരിച്ചു പോരാനായിരുന്നു അവരുടെ യോഗം.

എന്ന പിന്നെ തൃശ്ശൂര്‍ നഗരത്തിന്റെ ചരിത്രത്തിലേക്കും പഴമയിലേക്കും ഒന്നു കണ്ണോടിക്കാം എന്ന വിചാരത്തോടെ കാഴ്ച ബംഗ്ളാവാക്കി അടുത്ത ലക്ഷ്യം.
അതും തഥൈവ..... തിങ്കള്‍ അവധി..

തിങ്കളാഴ്ച നല്ല ദിവസം എന്നാരു പറഞ്ഞാലും ശരി, അവര്‍ തൃശ്ശൂരില്‍ വന്നിട്ടുണ്ടാവില്ല എന്നാണു തോന്നുന്നത്..


അങ്ങനേയിരിക്കുമ്പോഴാണു പാറുവിനു സിറ്റി സെന്ററിനെക്കുറിച്ചോര്‍മ്മ വന്നത്. തൃശ്ശൂരില്‍ വന്നിട്ട് സിറ്റി സെന്റര്‍ കാണിക്കാതെ തിരിച്ചയക്കുന്നത് മോശമല്ലേ..
പിന്നേ ഒട്ടും സംശയിച്ചു നിന്നില്ല നേരെ തൃശ്ശൂരിന്റെ അഭിമാനമായ സിറ്റി സെന്ററിലേക്ക്...
അവിടെയെത്തി എങ്ങോട്ട് തിരിയണം എന്ന് നടവഴിയില്‍ നിന്നാലോചിക്കേണ്ട എന്നു കരുതി ആദ്യം കണ്ട കടയിലേക്കു തന്നെ കയറി.
നിറപ്പകിട്ടുള്ള സാധനങ്ങളും ആള്‍ക്കാരും തിങ്ങി നിറഞ്ഞൊരു കടയായിരുന്നു അത്. ആള്‍ക്കൂട്ടം സമ്മാനിക്കുന്ന സ്വകാര്യത ആസ്വദിച്ചുകൊണ്ട് അവര്‍ നീങ്ങിത്തുടങ്ങി.

സംസാരിച്ചുകൊണ്ട് നടക്കുന്നതിന്റെ ഇടയിലും ഇടതും വലതുമായി നിറഞ്ഞിരിക്കുന്ന വളകളും കമ്മലുകളും പാറു കാണാതിരുന്നില്ല. അവയുണര്‍ത്തിയ പ്രലോഭനം അതിജീവിക്കുക എളുപ്പമായിരുന്നെങ്കിലും, മുകളില്‍ നിരത്തി വെച്ചിരിക്കുന്ന പാവക്കുട്ടികളില്‍ നിന്ന് കണ്ണെടുക്കാനേ പാറുവിനു കഴിഞ്ഞില്ല .

ഇങ്ങനെയൊക്കെയാണെങ്കിലും കാര്യങ്ങള്‍ സുഗമമായി നീങ്ങിക്കൊണ്ടിരിക്കുകയായിരുന്
നു.

അപ്പോഴാണു പാറുവിന്റെ തൊട്ടു പുറകിലായി വലിയൊരു ശബ്ദത്തോടെ വളകളുടെ ഒരു കൂമ്പാരം ഇടിഞ്ഞു വീണത്.

ഒരു കടന്നല്‍ കൂട്ടം പോലെ ഇരമ്പിക്കൊണ്ടിരുന്ന ആള്‍ക്കൂട്ടം ഒരു നിമിഷത്തേക്ക് നിശബ്ദമായി.
എല്ലാ മിഴികളും ഒരു ദിശയിലേക്ക്..

പാറുവിന്റെ വെളുത്ത കൈകളായിരിക്കും ഈ സ്ഫോടനത്തിനു പുറകിലെന്ന് ഏകദേശം തീരുമാനിച്ചുറപ്പിച്ചാണു ശ്രീയും തിരിഞ്ഞു നോക്കിയത്.

എന്താണു സം ഭവിച്ചതെന്നറിയാത്ത പരിഭ്രമത്തില്‍ ഒരു കടലാസ്സ് പോലെ വിളറി വെളുത്തു പാറു...
പക്ഷേ ഇത്തവണ ഭാഗ്യം പാറുവിന്റെ കൂടെയായിരുന്നു.

ചുവന്ന ഉടുപ്പിട്ടൊരു നാലു വയസ്സുകാരി കുറ്റമേറ്റെടുത്ത് കരയാന്‍ തുടങ്ങിയത്, പാറുവിനെ തുറിച്ചു നോട്ടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി.

എന്തായാലും അതോടു കൂടി ആ കടയിലെ ഷോപ്പിംഗ് അവസാനിപ്പിച്ച് രണ്ടു പേരും പുറത്തിറങ്ങി.

നടന്ന് ഒന്നാം നിലയിലെത്തി ഒന്ന് ആശ്വസിക്കാം എന്നു കരുതിയപ്പോഴാണു കാത്തു നില്‍ക്കാന്‍ ക്ഷമയില്ലാത്തതു പോലെ നീങ്ങിക്കൊണ്ടിരിക്കുന്ന എസ്കലേറ്റര്‍...

അതിനെ കാണുമ്പോഴേ പാറുവിനു ചെവിയിലൊരു മൂളലും തലക്കൊരു കറക്കവും വരുമെന്നതിനാല്‍ ആ വശത്തേക്കേ നോക്കിയില്ല പാറു.

പക്ഷേ ശ്രീയുടെ കണ്ണില്‍ അത് പെടുക തന്നെ ചെയ്തു.
അതോടെ ശ്രീ കോണിപ്പടികളെ പൂര്‍ണ്ണമായും ഉപേക്ഷിച്ചു.

ഇവിടെ ഒഴിഞ്ഞു മാറാന്‍ വേറെ വഴികളൊന്നുമില്ലാത്തതിനാല്‍ ശ്രീയുടെ കാലടികളെ പിന്തുടര്‍ന്ന് പാറുവും എസ്കലേറ്ററിലേറി.
രണ്ടാം നിലയിലെത്തികാലുകളുടെ വിറയലൊന്ന് മാറാനുള്ള സമയം പോലും കിട്ടുന്നതിനു മുമ്പ് മൂന്നാം നിലയിലേക്ക്..
അതും കൂടിയായപ്പോഴേക്കും പാറുവിന്റെ എസ്കലേറ്റര്‍ പേടി ഒരു പഴങ്കഥയായി മാറിയെന്നാണു കേള്‍വി.
മൂന്നാം നിലയിലെ കൂള്‍ബാറില്‍ കയറി ഒരു സോഡ പൊട്ടിച്ച് അതാഘോഷിച്ചതിനു ശേഷം അവര്‍ തിരിച്ചിറങ്ങി.

പിന്നേയും പെരു വഴിയിലേക്ക്...

പിന്നേയും മുകളില്‍ ആകാശം താഴെ ഭൂമി എന്ന അവസ്ഥയില്‍ നടു റോഡിലായി രണ്ടും..

എന്നു കരുതി അങ്ങനെ തോറ്റു പിന്മാറാന്‍ പറ്റില്ലല്ലോ....

തൃശ്ശൂര്‍ പൂരം കാണാന്‍ എന്തായാലും പറ്റിയില്ല, എന്നാ പിന്നെ പൂരം എക്സിബിഷനെങ്കിലും കാണാമെന്നു കരുതി അങ്ങോട്ട് വെച്ചടിച്ചു.
മുകളിലൊരു മേല്‍ക്കൂരയും ചുറ്റികറങ്ങി നടക്കാന്‍ കുറേ സ്ഥലവും കിട്ടിയ ആശ്വാസത്തില്‍ ആ തിരക്കിലൊരോളമായി നീങ്ങിത്തുടങ്ങിയതായിരുന്നു രണ്ടു പേരും.
പക്ഷേ ആ ആശ്വാസത്തിനും അധികം ആയുസ്സുണ്ടായില്ല.

നിരന്നിരിക്കുന്ന സ്റ്റാളുകളിലേക്കൊന്നു നോക്കുക പോലും ചെയ്യാതെ പോവുന്നതിനിടയിലും ബംഗാളി സ്വീറ്റ്സ് നിരത്തി വെച്ചിരിക്കൊന്നൊരു കട പാറുവിന്റെ കണ്ണില്‍ പെട്ടു. മിഠായിയല്ലേ എന്നു കരുതി വെറുതേ അങ്ങോട്ടേക്കൊന്ന് നോക്കിയപ്പോഴാണു അവിടെ പുറം തിരിഞ്ഞു നില്‍ക്കുന്ന സ്ത്രീയെ നല്ല പരിചയമുള്ളതു പോലൊരു തോന്നല്‍ പാറുവിനു വന്നത്. അടുത്തു നില്‍ക്കുന്ന രണ്ട് പിറുങ്ങിണി പിള്ളേരെ കൂടി കണ്ടപ്പോള്‍ സംശയം ഒരു തീരുമാനത്തിനു വഴി മാറിക്കൊടുത്തു.

അമ്മായിയുടെ മകള്‍ പ്രിയ ചേച്ചി...!!!!

സാഹചര്യവും സന്ദര്‍ഭവും പ്രിയ ചേച്ചിയോട് കുശലം പറയാന്‍ അനുവദിക്കാത്തതിനാല്‍ പാറു നിലം തൊടാതെ പാഞ്ഞു.

കാര്യമറിയാതെ വായും പൊളിച്ചു നിന്ന ശ്രീ പിന്നാലേയും...

പുറത്തു കടന്ന് ഒരു ഓട്ടോയില്‍ കയറിയതിനു ശേഷമാണു പാറുവിന്റെ ശ്വാസം നേരെയായത്.

ഇത്രയും ധൈര്യശാലിയായ പാറുവിന്റെ കൂടെ ഈ പട്ടണത്തിലൂടെ ഓട്ടോ പ്രദക്ഷിണം നടത്തി കൂടുതല്‍ കുഴപ്പത്തില്‍ ചെന്നു ചാടേണ്ട എന്നു കരുതിയാവും ശ്രീ തിരിച്ചു പോവാനുള്ള വഴികള്‍ അന്വേഷിച്ചു തുടങ്ങി.

K.S.R.T.C. ബസ് സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ കേരള സര്‍ക്കാരിനു എട്ട് മണിക്കു മുമ്പ് ബംഗ്ളൂര്‍ക്ക് പോവാന്‍ യാതൊരു പ്ളാനുമില്ല.
രണ്ട് മൂന്ന് തവണ അവിടെയുള്ള കൗണ്ടറുകള്‍ കയറിയിറങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഇവിടെ ചുറ്റി നടന്നിട്ടൊരു പ്രയോജനവുമില്ല.
അപ്പുറത്തായുള്ള ഹോട്ടലില്‍ അന്വേഷിച്ചാല്‍ കര്‍ണ്ണാടക ബസ്സുകളുടെ സമയവിവരമറിയാം.

ശുക്രനുദിച്ചു നില്‍ക്കുന്ന സമയമായതിനാല്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ ഭാഗ്യം പോലെ ബസ്സിന്റെ ആള്‍ അവിടെയില്ല.
അയാള്‍ വരുന്നതു വരെ അവിടെ കാത്തു നില്‍ക്കാമെന്നു വെച്ചാല്‍ മീന്‍ നാറ്റം കാരണം പാറുവിനു തല കറങ്ങി തുടങ്ങി.
പിന്നേയും തിരിച്ചു നടന്നു ബസ് സ്റ്റാന്‍ഡിലേക്ക്....

കുറച്ചു കഴിഞ്ഞ് വീണ്ടും ഹോട്ടലിലേക്ക്....

എന്തായാലും കര്‍ണ്ണാടക സര്‍ക്കാരിനു കേരളത്തിലേതു പോലെ ദാരിദ്ര്യമില്ല. 2.30pm , 3.30pm , 4.30pm , 5.30pm ... ഇഷ്ടം പോലെയാണു ബസ്സുകള്‍... വന്നു കിട്ടേണ്ട താമസമേയുള്ളൂ...

എന്തായാലും ബസ്സ് യാത്രയേ ഇഷ്ടമല്ല, അത്യാവശ്യം വന്നാല്‍ വോള്‍ വോ, അതുമല്ലെങ്കില്‍ സെമി സ്ളീപ്പര്‍ എന്നൊക്കെ പറയാറുള്ള ശ്രീ ഒരു 'സാദാ' ബാംഗ്ളൂര്‍ ബസ്സില്‍, അതും മൈസൂര്‍ വഴിയൊക്കെ കറങ്ങിത്തിരിഞ്ഞ് രാവിലെ മാത്രം ബാംഗ്ളൂരിലെത്തുന്ന ബസ്സില്‍ സീറ്റുറപ്പിച്ചു.


ഒന്നോര്‍ത്ത് സമാധാനിക്കാം...

വലിയൊരു ബാഗും തൂക്കി ഒരു ചെറുക്കനും പിന്നാലെ പരിഭ്രമിച്ചൊരു പെണ്‍കുട്ടിയും ബാംഗ്ളൂര്‍ ബസ്സും അന്വേഷിച്ച് ഓടി നടക്കണതു കണ്ടിട്ടും, ഒളിച്ചോടി പോകുന്നവരാണെന്നു സംശയിച്ച് പോലീസുകാരൊന്നും ഭാഗ്യത്തിനു പിടികൂടിയില്ല, ...


ബസ്സിന്റെ വരവിനായി കാത്തിരിക്കുമ്പോള്‍ ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല രണ്ട്പേര്‍ക്കും.

പ്രതീക്ഷിക്കാതെ കിട്ടിയ വേനല്‍ മഴപോലൊരു കാഴ്ച...


അങ്ങനെ 2.30യുടെ ബസ്സ് കൃത്യമായി 3.15 ആയപ്പോഴേക്കും തന്നെ എത്തിച്ചേര്‍ന്നു...

തത്ക്കാലില്‍ ബുക്ക് ചെയ്ത ട്രെയിന്‍ യാത്രയും അവസാനിപ്പിച്ച്, ഊണു പോലും കഴിക്കാതെ ഇവിടെ അലഞ്ഞു നടന്നതിന്റെ ക്ഷീണമൊന്നും ശ്രീയുടെ മുഖത്ത് ബസ്സിലേക്ക് കയറുമ്പോഴും കണ്ടില്ല എന്നതായിരുന്നു പാറുവിനൊരു ആകെപ്പാടെയുള്ളൊരു സമാധാനം.

തിങ്കളാഴ്ച ഒരു നല്ല ദിവസം തന്നെ....... !!!!!

Friday, May 15, 2009

അപ്പുണ്ണി

ഏപ്രില്‍ മെയ് മാസങ്ങളായാല്‍ പിന്നെയീ തൃശ്ശൂരില്‍ പൂരം വന്ന് നിറയുകയായി.

കണ്ണിലും കാതിലും മനസ്സിലും ഒക്കെ നിറയും പൂരം..

എവിടേക്ക് തിരിഞ്ഞാലും ആനയും വാദ്യവും കാവടിയും...

മനം കവരുന്ന കാഴ്ചകളുടെ പൂരക്കാലം...

മേട മാസത്തിലെ സൂര്യനും മുകളില്‍ കത്തി ജ്വലിക്കും പൂരത്തിന്റെ ആവേശം.
ഇത്രമാത്രം ഉത്സവങ്ങള്‍ കൊണ്ടാടുന്ന ഒരു നാട് വേറെയുണ്ടാവാന്‍ വഴിയില്ല.

സ്വീകരണ മുറിയുടെ കുളിര്‍മ്മയില്‍ ഇരുന്നു മാത്രം ഇലഞ്ഞിത്തറ മേളവും കുട മാറ്റവും കണ്ടാസ്വദിക്കാന്‍ ഇഷ്ടപ്പെടുന്ന എനിക്ക്, ശിങ്കാരി മേളത്തിനും പാണ്ടി മേളത്തിനും പൂക്കാവടിക്കും ഒപ്പം വെയിലൊരു കുടയാക്കി ചുവടു വെച്ച് നീങ്ങുന്ന തൃശ്ശൂര്‍ക്കാര്‍ സമ്മാനിക്കുന്ന അത്ഭുതം ചില്ലറയല്ല.

പക്ഷേ പൂരം എനിക്ക് സന്തോഷിക്കാനുള്ള അവസരങ്ങളൊന്നും അധികം തരാറില്ല.

പൂരം സ്പെഷ്യലായി അണിയിച്ചൊരുക്കുന്ന, തുടക്കവും ഒടുക്കവും കണ്ടുപിടിക്കാന്‍ പ്രയാസമുള്ള നെടുങ്കന്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി, കത്തിയെരിയുന്ന വെയിലില്‍, ചുട്ടു പുകയുന്ന ബസ്സിനുള്ളിലിരിക്കുമ്പോള്‍ പൂരം ഒരു 'അനുഭവം' തന്നെയായി മാറുകയാണു പതിവ്.

പക്ഷേ ഈ താളവും മേളവും എന്നെ എപ്പോഴും പഴയ ഒരു ഓര്‍മ്മയിലേക്ക് കൂട്ടി കൊണ്ടുപോകാറുണ്ട്.

ഒരു തകരചെണ്ടയുടെ താളത്തിലേക്ക്.....

എന്റെ കുട്ടിക്കാലത്തെ സന്തോഷം നിറഞ്ഞ ഓര്‍മ്മകളിലേക്ക്...

മുത്താച്ചിക്കാവിലെ ഉത്സവത്തിനു എഴുന്നെള്ളി അനുഗ്രഹിച്ചിരുന്ന പൂതനും തിറയും കരിംകുട്ടി ചാത്തനേയുമൊക്കെ, പ്ലാവില കിരീടവും കുരുത്തോല ഉടുത്തുകെട്ടലുമൊക്കെയായി, എനിക്ക് കാണാനായി അവതരിപ്പിച്ചിരുന്ന അപ്പുണ്ണിയുടെ ഓര്‍മ്മകളിലേക്ക്...

നട്ടുച്ചയുടെ നിശബ്ദതയില്‍, വെറുമൊരു കളിച്ചെണ്ട ഒരുക്കുന്ന താളത്തില്‍ അപ്പുണ്ണി കാഴ്ച വെച്ച ഉത്സവക്കാഴ്ചയേക്കാള്‍ ഭംഗിയുള്ള യാതൊന്നും, പേരുകേട്ട ഉത്സവ പറമ്പുകളിലൊന്നും പിന്നീടൊരിക്കലും കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.

എന്റെ അവധിക്കാലങ്ങള്‍ എല്ലയ്പ്പോഴും അപ്പുണ്ണിയെ കാത്തിരുന്നു.

വെക്കേഷനുകളില്‍ മാത്രം പുറത്തേക്കെടുക്കുന്നതും, അതു കഴിഞ്ഞാല്‍ ആദ്യമേ ഒടിച്ചു മടക്കി പെട്ടിയില്‍ വെച്ച് പൂട്ടുന്നതുമായ ഒരു കുട്ടിക്കാലമായിരുന്നു എന്റേത്.

തീരെ പരിമിതമായ അളവില്‍ മാത്രം എനിക്കനുവദിച്ചു കിട്ടിയ ആ കാലത്തിലെ നിറപ്പകിട്ടുള്ള ഒരേടായിരുന്നു അപ്പുണ്ണി.

സ്കൂളിലെ കളിക്കൂട്ടങ്ങളില്‍ നിന്നും മുതിര്‍ന്നവരുടെ ലോകത്തിലേക്ക് വന്നിറങ്ങുമ്പോഴേ വല്ലാത്ത ഒറ്റപ്പെടലായിരുന്നു എനിക്കെന്നും.
അതിനും പുറമേ ദുര്‍വാശി, പിണക്കം, കരച്ചില്‍, പരാതി പറച്ചില്‍ എന്നിങ്ങനെ എല്ലാ സല്‍സ്വഭാവങ്ങളുടേയും നിറകുടംആയിരുന്നതു കാരണം, ഏട്ടന്മാരും ഏട്ത്തിമാരും ആരും എന്നെ കളീക്കാനും കാര്യത്തിനും ഒന്നിനും കൂട്ടത്തില്‍ കൂട്ടുകയും ഇല്ല.

തികച്ചും വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ടായിരുന്നെങ്കിലും അപ്പുണ്ണിയും മാറ്റി നിര്‍ത്തപ്പെട്ടവനായിരുന്നു.

കളിയിലും കാര്യത്തിലും അപ്പുണ്ണിയെ ജയിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അപ്പുണ്ണിയേയും അകറ്റി നിര്‍ത്താനായിരുന്നു എല്ലാര്‍ക്കും താല്‍പര്യം.

അങ്ങനെയാണു അപ്പുണ്ണി എനിക്ക് കൂട്ടായി വന്നത്..

നാടന്‍ കളികളും. നാട്ടു വഴികളും, നാടന്‍ രുചികളും, നാട്ടു കഥകളും അപ്പുണ്ണിയിലൂടെയാണു ഞാന്‍ പരിചയപ്പെട്ടത്.

എനിക്കോര്‍മ്മയുള്ളപ്പോള്‍ മുതല്‍ ഇല്ലത്തെ ഒരംഗം പോലെ തന്നെയായിരുന്നു അപ്പുണ്ണി.

എന്റെ അച് ഛന്റെ സമപ്രായക്കാരനായിരുന്ന കരിയാത്തന്റെ മകനായിരുന്നു അപ്പുണ്ണി. ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ കണ്ടു വളര്‍ന്നവരായതിനാലാവാം സമപ്രായക്കാരുടെ ഇടയില്‍ നിലനില്‍ക്കുന്ന സൗഹൃദത്തേക്കാള്‍ ഏറെ ശക്തമായൊരു ബന്ധം അവര്‍ക്കിടയില്‍ നിലനിന്നിരുന്നു.

എങ്കിലും അപ്പുണ്ണി ഇല്ലത്തെ ഒരാളായി മാറിയത് കരിയാത്തന്റെ മരണത്തിനു ശേഷമാണു.

അപ്പുണ്ണി ജനിച്ച് ഇരുപത്തെട്ടിന്റെ അന്നാണു ഉയരമേറിയ ഒരു പനയില്‍ നിന്നും വീണു ഒരൊറ്റ പിടച്ചിലില്‍ കരിയാത്തന്‍ നിശ്ചലനായത്.

കരിയാത്തന്‍ മരിച്ച് ആറുമാസത്തിനുള്ളില്‍ തന്നെ ഒരു തമിഴ് നാട്ടുകാരന്‍ മേസ്ത്രിയോടൊപ്പം അപ്പുണ്ണിയുടെ അമ്മയും ഓടിപ്പോയതോടെ അപ്പുണ്ണിയുറ്റെ ദുര്‍വിധി പൂര്‍ണ്ണമായി.

അവഗണനയും അനാരോഗ്യവും ഒരു കുഞ്ഞ് ജീവനുതന്നെ ഭീഷണിയാകും എന്നു തോന്നിയ ഒരു സന്ദര്‍ഭത്തിലാണു മുത്തശ്ശന്‍ അപ്പുണ്ണിയെ ഇല്ലത്തേക്ക് കൊണ്ടു വന്നത്.

അതില്‍ പിന്നെ ഇല്ലത്തെ കുട്ടികളില്‍ ഒരാളായി അപ്പുണ്ണിയും. മുത്തശ്ശന്റേയും അച് ഛന്റേയും ശ്രദ്ധയും കരുതലും, മുത്തശ്ശിയുടെ വല്‍സല്യവും ഞങ്ങളില്‍ ഒരോരുത്തരിലും എന്നതു പോലെ , അല്ലെങ്കില്‍അതിലും ഒരിത്തിരി കൂടിയ അളവില്‍ അപ്പുണ്ണിക്കും കിട്ടിപ്പോന്നു.


അപൂര്‍വ്വമായി അച് ഛന്റെയും ഞങ്ങളുടേയും അവധിക്കാലങ്ങള്‍ ഒരുമിച്ചു വരുമ്പോഴെല്ലാം അതൊരു പ്രത്യേക അനുഭവമായിരുന്നു.

ഒരു ഗംഭീര ആഘോഷം...

നാട്ടിലെത്തിയാല്‍ തനി നാട്ടിന്‍പുറത്തുകാരനാകുന്ന അച് ഛന്‍ , പൊതുവെ ഞങ്ങള്‍ കുട്ടികള്‍ക്ക് അരുതുകളൊന്നും കല്‍പ്പിക്കുന്ന കൂട്ടത്തിലല്ല.

മഴ, വെയില്‍, വെള്ളം ,ചെളി എന്തുമാവാം.. ...എങ്ങിനെയും ആവാം...

അച് ഛന്റെ കൂടെയുള്ള ചുറ്റികറങ്ങലുകളിലെ സ്ഥിരക്കാരായിരുന്നു, കളിക്കൂട്ടങ്ങളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ഞാനും അപ്പുണ്ണിയും.

നടത്തം അച് ഛന്റെ കൂടെയാവുമ്പോള്‍ ബഹുരസമാണു.
നടക്കാനിറങ്ങിയാല്‍ കൂട്ടിനായി കഥകളും ഉണ്ടാവും.

പഴയതും പുതിയതുമായ സം ഭവങ്ങള്‍, കണ്ടതും കേട്ടതും അറിഞ്ഞതും വായിച്ചതും എല്ലാം കൂട്ടിക്കലര്‍ത്തി വാക്കുകളാല്‍ ഒരു അത്ഭുതലോകം തന്നെ തീര്‍ക്കും അച് ഛന്‍. ..

കണ്ണും മനസ്സും തുറന്നിട്ട് കേള്‍വിക്കാരായി ഞങ്ങളും.

ആ കഥകളില്‍ പലയിടത്തും അവന്റെ അച് ഛനെക്കൂടി കാണാം എന്നതു കൊണ്ടായിരിക്കണം അപ്പുണ്ണിക്കും വളരെ പ്രിയമായിരുന്നു ആ വൈകുന്നേരങ്ങള്‍.

നല്ല ദിവസങ്ങള്‍ എപ്പോഴും വേഗം കടന്നു പോകുന്നു.

അവധിക്കാലങ്ങളും വേഗം അവസാനിക്കുന്നു, അടുത്ത അവധിക്കായുള്ള പ്രതീക്ഷകള്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ട്..

ഒരു അവധിക്കാലത്തിന്റെ അവസാന തുള്ളി മധുര്യവും ഒപ്പിയെടുക്കാനായി, സ്കൂളിലേക്ക് തിരിച്ചു പോകുന്നതിന്റെ തലേ ദിവസം, മുതിര്‍ന്നവരെയൊക്കെ ഉച്ചയുറക്കത്തിനു വിട്ടു കൊടുത്ത്, ഞാനും അപ്പുണ്ണിയും ഒരു ലാസ്റ്റ് റൗണ്ട് കറക്കത്തിനിറങ്ങി.

നേരെ കുളത്തിന്റെ കരയിലുള്ള ഇലഞ്ഞിച്ചോട്ടിലേക്ക്.. ഒരാവശ്യവും ഇല്ലെങ്കിലും ഉടുപ്പിന്റെ രണ്ട് പോക്കറ്റിലും നിറയെ ഇലഞ്ഞിപൂക്കള്‍ പെറുക്കി നിറച്ചു..

പിന്നെ മള്‍ഗോവയുടെ നേരെയായി ആക്രമണം. താഴെ വീണു കിടക്കുന്നതോ താഴെ നിന്ന് പൊട്ടിക്കാവുന്നതോ ആയ മാങ്ങകളൊന്നും തന്നെ ഞങ്ങളില്‍ താല്‍പര്യം ഉണര്‍ത്തിയില്ല. എറിഞ്ഞു വീഴ്ത്തണം മാങ്ങ.. അതും പോര. കല്ലിലെറിഞ്ഞ് പൊട്ടിച്ച് തിന്നേം വേണം... എന്നാലേ അതിന്റെ ശരിയായ രസം കിട്ടൂ അന്നൊക്കെ...

കൈയ്യിലും വായയിലും മാങ്ങയുമായി നേരെ ഞാവല്‍ പഴം പറിക്കാന്‍....
ആരുമറിയാതെയുള്ള ഈ ഉച്ചയിറക്കങ്ങളെ ഒറ്റു കൊടുക്കും അമ്മക്കും വല്ല്യമ്മക്കും, എന്നൊരു ദോഷമുണ്ടെങ്കിലും, ഞാവല്‍ പഴം തിന്ന് നീലച്ച ചുണ്ടുമായി നടക്കുന്നതും എന്റെയിഷ്ടങ്ങളില്‍ ഒന്നായിരുന്നു...

പിന്നേയും ഉണ്ടാകും പോണ വഴിയിലൊക്കെ തിന്നാനൊരുപാട് സാധനങ്ങള്‍..
പഞ്ചകത്തിന്റെ ഇല ഉപ്പും കൂട്ടി തിന്നാം.. ഞൊട്ടാഞ്ഞൊടിയന്റെ കായ... അങ്ങനെയങ്ങനെ....

എല്ലാം കഴിഞ്ഞിരിക്കുമ്പോഴാണു മാങ്ങാട്ടെ പറമ്പിന്റെ തെക്കേ വശത്തായുള്ള കരിങ്കല്‍ ക്വാറി ഒന്ന് സന്ദര്‍ശിക്കാന്‍ എനിക്ക് മോഹമുദിച്ചത്.
പണ്ട് മതിലു പണിയാനായി കരികല്ല് പൊട്ടിച്ചെടുത്തിരുന്ന അവിടെ ഇപ്പൊ വല്ല്യ താഴ്ചയുള്ള ഒരു കുഴിയാണു.
വെള്ളമൊക്കെ കെട്ടി നില്‍ക്കും കുളം പോലെ, എന്നാല്‍ ഇറങ്ങി ചെല്ലാന്‍ ശരിയായ പടവുകളൊന്നും ഇല്ല. കാടൊക്കെ പിടിച്ചു കിടക്കുന്ന അവിടം കുട്ടികള്‍ക്കൊരു നിരോധിത മേഖലയാണു..

എന്നേയും കൊണ്ട് അവിടേക്ക് പോവ്വാന്‍ ആദ്യമൊക്കെ മടിച്ചെങ്കിലും, വെറുതെ ഒന്നു നോക്കി പോന്നാ മതിയെന്ന എന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അവസാനം അപ്പുണ്ണി.

ചെന്നു നോക്കിയപ്പോഴോ അതില്‍ നിറച്ചും ആമ്പല്‍ പൂക്കള്‍.. എത്ര പൂക്കള്‍ കിട്ടിയാലും മതിയാവത്ത ഞാന്‍ ആമ്പലിനു വേണ്ടി ബഹളം തുടങ്ങി.

അമ്പലത്തില്‍ പോണ വഴിക്കുള്ള പാടത്തു നിന്നും പറിച്ചു തരാം എന്നൊക്കെ അപ്പുണ്ണി പറഞ്ഞെങ്കിലും ക്വാറിയിലെ നീല ആമ്പല്‍ പൂവ് തന്നെ വേണമായിരുന്നു എനിക്ക്.
അപ്പുണ്ണി പിന്നേയും മടിച്ചു നിന്നപ്പോള്‍ വാശിക്ക് ഞാന്‍ തനിയെ ഇറങ്ങി തുടങ്ങി. കൈയ്യും കാലുമൊക്കെ അവിടേയുമിവിടേയുമൊക്കെ ഉരഞ്ഞ് തൊലി പോയെങ്കിലും എന്റെ വാശി എന്നെ മുന്നോട്ട് തന്നെ കൊണ്ട് പോയി.

'മാളു ഇറങ്ങണ്ട ഞാന്‍ പൊട്ടിച്ചു തരാം' എന്നും പറഞ്ഞ് പിന്നാലെ അപ്പുണ്ണിയും..

ഒരു കല്ലില്‍ കേറിയിരുന്ന് എത്തിച്ചു വലിഞ്ഞ് പൂ പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഞന്‍ നേരെ നല്ല സ്റ്റൈലായിട്ട് വെള്ളത്തിലേക്ക്....

മുങ്ങിപോകുന്നതിനിടയിലും കണ്ടു, വെപ്രാളത്തില്‍ പിടി വിട്ട് ഉരുണ്ടുരുണ്ട് വെള്ളത്തിലേക്ക് വീഴുന്ന അപ്പുണ്ണിയെ.

മുങ്ങിപൊങ്ങുന്നതിനിടയില്‍ ഒരു വിധത്തില്‍ അപ്പുണ്ണി എന്നെ വലിച്ച് കരയിലേക്കിട്ടു.

അപ്പോഴേക്കും കരച്ചിലും ബഹളവും കേട്ട് പറമ്പില്‍ പണിയെടുത്തിരുന്ന പണിക്കാരൊക്കെ ഓടിയെത്തി...

വിവരമറിഞ്ഞ് വീട്ടുകാരും...

എല്ലാവരുടേയും നടുവില്‍ അപരാധികളായി തലയും കുമ്പിട്ട്, നനഞ്ഞൊലിച്ച്, നീറുന്ന മുറിവുകളുമായി ഞാനും അപ്പുണ്ണിയും..

അതാണു എന്റെ മനസ്സിലുള്ള അപ്പുണ്ണിയുടെ അവസാനത്തെ ചിത്രം.

പിറ്റേന്ന് അതിരാവിലെ ഞാന്‍ സ്കൂളിലേക്ക് മടങ്ങി....

ഓണം അവധി അടുത്തു തുടങ്ങിയപ്പോള്‍ മനസ്സില്‍ നിറമുള്ള പൂക്കള്‍ വിരിഞ്ഞു തുടങ്ങിയതായിരുന്നു..

അപ്പുണ്ണിയുടെ കൂടെ പൊന്‍പറക്കുന്നില്‍ പേരറിയാത്ത കാട്ടുപൂക്കള്‍ പറിക്കാനായി പോകുന്നതും, അവിടെയുള്ള യൂക്കാലി മരങ്ങളും പച്ചപ്പുല്ലും നിറഞ്ഞ മൈതാനവും സ്വപ്നം കണ്ടു തുടങ്ങിയതായിരുന്നു....

ഒരു ദിവസംരാത്രിയിലാണു മുത്തശ്ശി വിളിച്ചുണര്‍ത്തി പറഞ്ഞത്, അപ്പുണ്ണി പോയെന്ന്...

വിഷപ്പനി വന്ന് മരിച്ചു പോയെന്ന്.

പതിവു പോലെ പകലൂണും കഴിച്ച് വീട്ടിലേക്കു പോയ അപ്പുണ്ണി സന്ധ്യാ സമയത്ത് തലവേദനക്ക് അരച്ചിടാന്‍ ചന്ദനം ചോദിച്ച് തിരിച്ചെത്തിയെന്നും, രാത്രി മുത്തശ്ശനെ വിളിക്കാന്‍ ആളു വന്നപ്പോഴേക്കും കടുത്ത പനി തുടങ്ങിയിരുന്നെന്നും, മറയുന്ന ബോധത്തിലും മുത്തശ്ശനെ തിരിച്ചറിഞ്ഞെന്നും, കടപ്പുറത്തെ ആശുപത്രിയില്‍ എത്തുന്നതിനിടക്ക് വഴിയിലെവിടേയോ ആരുമറിയാതെ ആ ശ്വാസം നിലച്ചെന്നും ഒക്കെ മുത്തശ്ശി വിശദീകരിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും എന്റെ ചെവികള്‍ അടഞ്ഞു പോയതു പോലൊരു തോന്നലായിരുന്നു എനിക്ക്.. മനസ്സും...

ഒരു ഒപ്പുകടലാസ്സ് പോലെ എല്ലം ഉള്ളിലേക്ക് വലിച്ചെടുക്കുന്ന ഞാന്‍, അപ്പുണ്ണിയുടെ മരണവും അതുണ്ടാക്കിയ സങ്കടങ്ങളും, ശൂന്യതകളും ഒരു തുള്ളി പോലും തുളുമ്പാതെ അടക്കിപ്പിടിച്ചു എല്ലായ്പ്പോഴും..

പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറത്തും ഓര്‍മ്മകള്‍ക്കിപ്പോഴും പച്ചപ്പ്.

തിരക്കിനിടയില്‍ കേള്‍ക്കുന്ന ഒരു ചെണ്ടയുടെ താളത്തില്‍, വല്ലപ്പൊഴും കാണുന്ന ഒരു ഇലഞ്ഞിപ്പൂവില്‍, അഴകുള്ള ഒരു ചിരിയില്‍, ആശ്വസിപ്പിക്കുന്ന ഒരു നോട്ടത്തില്‍ എല്ലാം ഞാന്‍ ഇപ്പോഴും കാണുന്നു.. ...

എന്റെ ചങ്ങാതിയെ....

Sunday, March 29, 2009

അങ്ങിനെ ഒരു അവധിക്കാലത്ത്....

കുറച്ച് പഴയ കഥയാണു.
പ്ലസ് ടു എന്‍ ട്രന്‍സ് പരീക്ഷകള്‍ ഒരു പെരുമഴ പോലെ പെയ്ത് തോര്‍ന്നതിനു ശേഷമുള്ള കാലത്താണു. റിസള്‍ട്ട് കൂടി അറിഞ്ഞതില്‍ പിന്നെ ജീവിതമൊരു കാത്തിരിപ്പ് മാത്രമായി ചുരുങ്ങി. ഏതെങ്കിലും ഒരു പ്രൊഫഷണല്‍ കോളേജ് കവാടം എനിക്കായി തുറക്കപ്പെടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പ്.

ചുറ്റിനുമുള്ളവരുടെ തിരക്കു പിടിച്ച ജീവിതത്തില്‍ നിന്നും അകന്നു മാറി, അലിഞ്ഞു ചേരാത്തൊരു വര്‍ണ്ണം പോലെ അലസതയുടെ മടുപ്പ് കലര്‍ന്ന എന്റെ ദിവസങ്ങള്‍.
പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

അച് ഛനും അമ്മയും നാട്ടിലില്ലാത്തതിനാല്‍ എല്ലാ അവധിക്കാലങ്ങളിലും എന്ന പോലെ അലഞ്ഞു തിരിയുകയായിരുന്നു ഞാനിത്തവണയും.
തുടക്കത്തിലൊക്കെ ഒരു ടെന്നിസ് ബോള്‍ പോലെ ഒരു ബന്ധു വീട്ടില്‍ നിന്നും മറ്റൊന്നിലേക്ക് ഞാനിങ്ങനെ തെറിച്ചു കൊണ്ടിരുന്നു.
യാത്രകള്‍ മടുത്ത് അവസാനം തറവാട്ടില്‍ തന്നെ തിരിച്ചെത്തി. അവിടെയാവുമ്പോള്‍ എനിക്കു കണ്ടുകൊണ്ടിരിക്കാന്‍ മുത്തശ്ശിയുണ്ടാവും എപ്പോഴും.

വല്ല്യച് ഛനും വല്ല്യമ്മയും ആ സമയത്തൊരു വടക്കെ ഇന്ത്യന്‍ യാത്രയിലായിരുന്നു.
വല്ല്യേട്ടന്‍ ഓഫീസിലേക്കും, ഏട്ത്തി സ്കൂളിലേക്കും അവരുടെ മകനായ കുട്ടു നഴ്സറിയിലേക്കും പോയി കഴിഞ്ഞാല്‍ പിന്നെ ഞാനും മുത്തശ്ശിയും മാത്രമാവും ഇല്ലത്ത്. മുത്തശ്ശിയുടെ കൂടെ പഴങ്കഥകളും പാട്ടുകളും ഒക്കെ നിറഞ്ഞ കുറേ ദിവസങ്ങള്‍.

നഴ്സറിയില്‍ പോകുന്നതു വരേയും വന്നു കഴിഞ്ഞാലും കുട്ടുവുമുണ്ടാകും എനിക്കു കൂട്ടു കൂടാന്‍ . അവനിങ്ങനെ വികൃതികളും കാണിച്ച് പൊട്ടിത്തെറിച്ച് നടക്കും.
കുട്ടികളെക്കുറിച്ച് എനിക്കുണ്ടായിരുന്ന പഴഞ്ചന്‍ സങ്കല്‍പ്പങ്ങളിലൊക്കെ ഒരു പൊളിച്ചെഴുത്ത് തന്നെ നടത്തിയവനാണീ കുട്ടൂസ്...
കുട്ടുവിന്റെ ഓരോ ദിവസവും തുടങ്ങുന്നതു തന്നെ ഒരു പിടി പ്രശ്നങ്ങളുമായാണു. നഴ്സറിയില്‍ പോവേണ്ടി വരുന്നതിലെ മനോവേദന മിക്ക ദിവസവും വേറെ പല വേദനകളുടേയും രൂപത്തില്‍ കുട്ടുവില്‍ പ്രത്യക്ഷപ്പെടും. സാധാരണയായി കണ്ടു വരുന്ന വയറു വേദന, തലവേദന എന്നിവക്കൊക്കെ പുറമേ, ഹോം വര്‍ക്ക് ചെയ്തു തീരാത്ത ദിവസമാണെങ്കില്‍ വിരലു വേദന, പെന്‍സിലോ മറ്റെന്തെങ്കിലും സ്കൂള്‍ സാധനങ്ങളോ കാണാതെ പോയ ദിവസമാണേല്‍ കണ്ണ് വേദന( അപ്പോള്‍ പിന്നെ തിരഞ്ഞ് കണ്ടു പിടിക്കാന്‍ പറയില്ലല്ലോ) എന്നിങ്ങനെ സ്പെഷ്യല്‍ വേദനകളും കുട്ടുവിന്റെ ആവനാഴിയില്‍ സുലഭമാണു.

വളരെ മികവാര്‍ന്ന ഭാവാഭിനയം കാഴ്ച വെക്കുമെങ്കിലും മിക്ക ദിവസവും അവനു സ്കൂളില്‍ പോകേണ്ടി വരാറാണു പതിവ്.

എല്ലാ ദിവസത്തേയും പോലെ സംഭവ ദിവസം രാവിലേയും സഹിക്കാന്‍ വയ്യാത്ത വേദനയുമായാണു കുട്ടു എണീറ്റു വന്നതു തന്നെ. അന്ന് പല്ലു വേദനയായിരുന്നു വില്ലന്‍ .
വല്ല്യേട്ടനും ഏട്ത്തിയും അന്ന് കുറച്ച് തിരക്കിലായതിനാല്‍ ഒരു പ്രാഥമികറൗണ്ട് പരിശോധനകള്‍ക്ക് ശേഷം വിദഗ്ദ്ധാഭിപ്രായത്തിനായി അവനെ എന്റെ അടുത്തേക്ക് പറഞ്ഞയച്ചു.

പല്ല് വേദനയുടെ കാരണം തേടിയുള്ള അന്വേഷണത്തിനിടയില്‍ കുട്ടുവിന്റെ വായയില്‍ നോക്കിയ ഞാന്‍ , പഴയ അമ്പാടിയിലെ യശോദയുടെ അവസ്ഥയിലായി. മൂന്ന് ലോകങ്ങളും കാണാന്‍ കഴിഞ്ഞില്ലെങ്കിലും ചുരുങ്ങിയത് ഒരു ചന്ദ്രോപരിതലമെങ്കിലും സന്ദര്‍ശിച്ച അനുഭൂതി. കുഴിയും കുന്നും ഇരുണ്ട ഗര്‍ത്തങ്ങളും....!!!

എല്ലാവിധ പരിശോധനകളോടും കടന്നു കയറ്റങ്ങളോടും അവന്റെ വക വമ്പിച്ച പ്രതിഷേധവുമുണ്ട്. വായ തുറക്കാന്‍ പോലും പറ്റാത്തത്ര വേദനയുണ്ടെന്നാണവന്റെ വാദം.

വെള്ളം കുടിക്കാന്‍ വയ്യ, പാലു കടിക്കാന്‍ വയ്യ (പാലിലെ പഞ്ചസാരയാണേ.....) എന്നിങ്ങനെ കണ്ണീരില്‍ കുതിര്‍ന്ന പരിദേവനങ്ങളും.

ഇതിനെല്ലാം പുറമേ കവിളത്ത് ഒരു മിഠായിയുടെ വലിപ്പത്തില്‍ നീരുമുണ്ട്.

ക്രോസ്സ് എക്സാമിനേഷനു സമയമില്ലാത്തതിനാല്‍ അവനൊരു ദിവസത്തെ അവധി പ്രഖ്യാപിച്ച് ഏട്ടനും ഏട്ത്തിയും സ്ഥലം വിട്ടു.

എല്ലാവരും പോയിക്കഴിഞ്ഞിട്ടും കുറച്ചു നേരത്തേക്ക് വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല. ക്രമസമാധാന നില തൃപ്തികരം.
മുത്തശ്ശി പതിവുള്ള ഭാഗവതം വായനയിലേക്കും ഞാന്‍ തലേ ദിവസം മാത്രം എന്റെ കൈയ്യിലെത്തിച്ചേര്‍ന്ന ഹാരിപോട്ടറിന്റെ പുതിയ കഥയിലേക്കും തല താഴ്ത്തി.

കുട്ടു അപ്പുറത്തായി അവന്റെ വണ്ടിയുമായി കറങ്ങി നടപ്പാണു. ഏതോ ഒരു റിയാലിറ്റി ഷോയുടെ സമ്മാനമായി പ്രഖ്യാപിച്ചിരുന്ന റോയല്‍ ലിമോസിന്‍ ആണു കുട്ടുവിന്റെ സ്വപ്ന വാഹനം.
കൈയ്യില്‍ കിട്ടിയതെന്തും, അതിപ്പോ അടുക്കളയിലെ പാത്രമായാലും, അവന്റെ കുഞ്ഞിക്കസേരയായാലും, നഴ്സറിയില്‍ മുന്നിലിരിക്കുന്ന കുട്ടിയുടെ തലയായാലും, പുസ്തകമായലും നിമിഷ നേരം കൊണ്ട് ലിമോസിന്‍ ആക്കി മാറ്റാനുള്ള വിദ്യ കുട്ടുവിനു സ്വന്തമായിരുന്നു. ( ഈ വണ്ടി ഭ്രാന്തിന്റെ പേരില്‍ ഏട്ടനും ഏട്ത്തിയും ഒന്നും രണ്ടും പ്രാവശ്യമൊന്നും അല്ല സ്കൂളില്‍ കയറിയിറങ്ങേണ്ടി വന്നിട്ടുള്ളത്...!!)


എന്തായാലും കുറച്ച് കഴിഞ്ഞപ്പോഴേക്കും കളിച്ചു മടുത്തിട്ടാണോ അതോ ശരിക്കും വേദനിച്ചിട്ടാണോ എന്ന് ഇപ്പോഴും കൃത്യമായി എനിക്കറിയില്ല, പല്ല് വേദനിക്കുന്നു എന്ന ചിണുങ്ങലുമായി അവന്‍ എന്റെ അടുത്തെത്തി. ആ സമയമായപ്പോഴേക്കും വായിലുള്ള മിഠായി വലിപ്പത്തിലുള്ള നീരു, കുറച്ചു കൂടി വലുതായി ഒരു നെല്ലിക്കയുടെ വലിപ്പത്തിലും ആയിട്ടുണ്ട്..

ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോകാമെന്നു വെച്ചാലും വീട്ടിലാണെങ്കില്‍ ഞാന്‍ മാത്രമേയുള്ളൂ.. പിന്നെയുള്ളത് വീട്ടിനകത്തു തന്നെ നടക്കാന്‍ ബുദ്ധിമുട്ടുള്ള മുത്തശ്ശിയാണു.

ഞാനിങ്ങനെ കോഴിക്കോട്ടുകാരിയാണെന്ന് വല്ല്യ ഗമ പറയുമെങ്കിലും വര്‍ഷങ്ങളായി താമസം ഈ ഏരിയയിലൊന്നുമല്ല.
ബോര്‍ഡിങ്ങിലെ എന്റെ മുറിക്ക് കുടികിടപ്പവകാശം ലഭിക്കാന്‍ പോലും അര്‍ഹതയുള്ള സമയത്താണു സിസ്റ്റര്‍മാരുടെ ഭാഗ്യത്തിനു ഞാന്‍ പ്ലസ് ടു കഴിഞ്ഞ് അവിടെ നിന്നും പോന്നത്. ഓര്‍മ്മ വെച്ചതില്‍ പിന്നെ ഒരു പത്ത് ദിവസത്തില്‍ കൂടുതല്‍ ഈ നാട്ടിലോ ഈ തറവാട്ടിലോ ഒന്നും വന്ന് നില്‍ക്കാറില്ല.
അതുകൊണ്ട് തന്നെ ഇതെന്റെ സ്വന്തം നാടാണെങ്കിലും മറ്റേതൊരു സ്ഥലവും എന്നതു പോലെ എനിക്ക് തീര്‍ത്തും അപരിചിതമാണു.

പക്ഷേ കുട്ടുവിന്റെ പരാതിയുടേയും കരച്ചിലിന്റേയും ശക്തി കൂടുന്നതിനനുസരിച്ച് എന്നിലും ഒരു അസ്വസ്ഥത വളര്‍ന്നു തുടങ്ങി. ചെറിയൊരു കുട്ടി വേദനിച്ചു കരയുന്നത് എത്ര നേരം നോക്കി കൊണ്ടിരിക്കും..???

പല്ല് ഡോക്ടറുടെ ഈ ക്ലിനിക്കില്‍ കുട്ടു ഒരു സ്ഥിരം സന്ദര്‍ശകന്‍ ആയതിനാല്‍ അവനു വഴിയൊക്കെ നല്ല പോലെ അറിയാം എന്ന് മുത്തശ്ശിയുടെ ഉറപ്പും കൂടി ആയപ്പോള്‍ , അവനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോകാം എന്ന് ഞാനും തീരുമാനിച്ചു.

പിന്നീട് കാര്യങ്ങളെല്ലാം വേഗത്തിലായിരുന്നു. ക്ലിനിക്കിന്റെ നമ്പര്‍ തപ്പിയെടുക്കലും വിളിച്ചു ചോദിക്കലും ഇന്നുച്ച വരെ മാത്രമേ ഡോക്ടര്‍ ഉണ്ടായിരിക്കുകയുള്ളൂ എന്ന വിവരമറിയലും എല്ലാം ക്ഷണ നേരത്തില്‍ കഴിഞ്ഞു.

ഒരു പത്ത് മിനുട്ട് മതി മാവൂരിലെത്താന്‍ , തിരിച്ചും ഒരു പത്ത് മിനുട്ട്. ഡോക്ടറെ കാണാനും മരുന്ന് മേടിക്കാനും എല്ലാം കൂടി ഒരു ഒരുമണിക്കൂര്‍. അപ്പോള്‍ എങ്ങിനെ പോയാലും ഒരു പന്ത്രണ്ടര ആവുമ്പോഴേക്കും തിരിച്ചെത്താം, എന്ന ഉറപ്പിന്മേല്‍ ഹാരിപോട്ടറെ ആ മാന്ത്രിക സ്കൂളില്‍ അപകടങ്ങളുടെ നടുവില്‍ മനസ്സില്ലാ മനസ്സോടെ ഉപേക്ഷിച്ച് ഞാന്‍ യാത്രക്കൊരുങ്ങി.

ഒരു ചെറിയ കുന്നിന്റെ താഴ്വരയിലായാണു ഞങ്ങളുടെ ഇല്ലം. ഗേറ്റ് കടന്നാല്‍ താഴെ റോഡ് വരെ കുത്തനെ ഒരു ഇറക്കമാണു. മഴ പൂര്‍ണ്ണമായും മാറിയിട്ടില്ലാത്ത കാലമായതിനാല്‍ വെള്ളമൊലിച്ചു പോകുന്ന ചെറിയ ചാലുകളും മണ്ണൊലിച്ചു പോയ ചെറിയ കുഴികളും ഒക്കെയുള്ള ആ വഴിയിലെത്തിയതും കുട്ടു ലിമോസിന്‍ സ്റ്റാര്‍ട്ട് ചെയ്ത് കുതിക്കാന്‍ തുടങ്ങി.

പല്ല് ഡോക്ടറെ കാണാനിറങ്ങിയിട്ട് അവസാനം എല്ല് ഡോക്ടറുടെ അടുത്തെത്തുമോ എന്ന പേടിയില്‍ ഞാനും പിന്നാലെ വെച്ചു പിടിച്ചു. കഷ്ടിച്ച് ഒരു ആക്ടിവ മാത്രം ഓടിക്കാന്‍ അറിയുന്ന ഞാന്‍ ഈ ലിമോസിന്റെ ഒപ്പം എങ്ങിനെ ഓടിയെത്താന്‍ . ..???
ഞാന്‍ എന്റെ പതിവ് രീതി പ്രകാരം നേരെ മഴവെള്ളം കെട്ടി നില്‍ക്കുന്ന ഒരു ചെറിയ കുഴിയിലേക്ക് വീണെന്നും പറയാം, ഇല്ലെന്നും പറയാം എന്ന മട്ടില്‍ ചെന്നു നിന്നു. കാലിലൊരു ചെറിയ മുറിവും പ്ലസ് ടു റിസല്‍ട്ട് അറിഞ്ഞ വകയില്‍ കിട്ടിയ പുതിയ ചുരിദാറില്‍ ചെളി വെള്ളം കൊണ്ടൊരു ചിത്രപ്പണിയും ആ വകയിലുള്ള സമ്പാദ്യം...

എന്തായാലും ഈ സംഭവത്തോടെ കുട്ടു കുറുമ്പിനൊരു ഷോര്‍ട്ട് ബ്രേക്ക് കൊടുത്ത് ഒരു നല്ല കുട്ടിയെ പോലെ ബസ്റ്റോപ്പ് വരെ കൂടെ നടന്നു.

അഞ്ച് മിനിറ്റ് ഇടവിട്ട് മാവൂരിലേക്ക് ബസ്സുണ്ടെന്ന് പറഞ്ഞിട്ട് അഞ്ചും പത്തും പതിനഞ്ചും മിനിറ്റുകള്‍ കഴിഞ്ഞിട്ടും ഒന്നും വരുന്നത് കാണാനില്ല, മാത്രവുമല്ല അന്തരീക്ഷത്തിനാകെ പതിവില്ലാത്തൊരു ശാന്തത. അവാര്‍ഡ് സിനിമയിലെ ഡയലോഗ് പോലെ വല്ലപ്പോഴും കടന്നു പോകുന്ന ഒരു വാഹനം മാത്രം.

കുട്ടുവിനിതൊന്നും ശ്രദ്ധിക്കാനേ സമയമില്ല. അവിടെ പലവിധ കളികളില്‍ മുഴുകിയിരിക്കുകയാണു. എന്തിനാണീ യാത്ര എന്നതു തന്നെ മറന്ന മട്ടാണു, ഇപ്പോ ഒരു വേദനയുമില്ല, കരച്ചിലുമില്ല.

കാത്തിരിക്കുക എന്നതല്ലാതെ വേറെ വഴികളൊന്നും എന്റെ മുന്നിലും ഇല്ലാത്തതിനാല്‍ അവിടെയിരിക്കാം എന്നു ഞാനും കരുതി.
അങ്ങിനേയിരിക്കുമ്പോഴാണു ഒരു ബൈക്ക് രണ്ടാമതും മൂന്നാമതും ഒക്കെ ആ വഴിക്കു തന്നെ കടന്നു പോകുന്നത് ഞാന്‍ ശ്രദ്ധിച്ചത്. വെറുതെ ഓടിച്ചു പോവുക മാത്രമല്ല, ഞങ്ങളെ കാര്യമായിട്ട് നോക്കുന്നുമുണ്ട്. ഞാന്‍ എന്തായാലും ചുരിദാറില്‍ ചളി പറ്റിയ ഭാഗം ഷാള്‍ കൊണ്ടൊക്കെ മറച്ച് പിടിച്ച്, നല്ല ഗൗരവത്തിലിരുന്നു. നാലാം വട്ടം അവരങ്ങിനെ വെറുതെ നോക്കി കടന്നു പോയില്ല, ഞങ്ങളുടെ അടുത്തായി വണ്ടി കൊണ്ടു വന്ന് നിര്‍ത്തി.

ഞാനും ഒന്നു പുകഞ്ഞു, ധൈര്യമൊക്കെ ആവിയായതു പോലെ. പത്രത്തിലൊക്കെ കാണുന്ന പല വാര്‍ത്തകളും, സിനിമ രംഗങ്ങളുമൊക്കെ ആരും വിളിക്കാതെ തന്നെ എന്റെ മനസ്സിലേക്കോടിയെത്തി. ഹൃദയ മിടിപ്പുകള്‍ ഒരു ഡോള്‍ബി സിസ്റ്റത്തിന്റെ സൗണ്ട് എഫക്റ്റില്‍ കേടു തുടങ്ങി.
പക്ഷേ പേടിച്ചതൊക്കെ വെറുതെയായെന്നു പറഞ്ഞാല്‍ മതിയല്ലോ. അപ്പുറത്തായി ഒരു ലോറി മറിഞ്ഞു വഴി ബ്ലോക്കായതു കാരണം ഈ വഴിക്കു വരുന്ന ബസ്സൊക്കെ തൊട്ടപ്പുറത്തു നിന്നും തിരിഞ്ഞ് കായലം വഴിയാണു മാവൂരിലേക്ക് പോകുന്നത്. ഇവിടെ കാത്തിരുന്ന് വെറുതെ സമയം കളയണ്ട എന്നു പറയാന്‍ വേണ്ടി മാത്രമായിരുന്നു അവ്ര്‍ വണ്ടി നിര്‍ത്തിയത്.

കാര്യങ്ങളാകപ്പാടെ കല്ലു മഴ പോലെയായല്ലോ എന്ന വിഷമത്തിലായി ഞാന്‍. എന്റെ മുഖഭാവം കണ്ട് തീരുമാനം എന്തായിരിക്കുമെന്ന് ഏകദേശം ഊഹിച്ച കുട്ടുവിനു പെട്ടന്നു പല്ലുവേദന കൂടി, കരച്ചിലിനുള്ള തയ്യാറെടുപ്പ് തുടങ്ങി.
ദ്വേഷ്യത്തോടെയാണെങ്കിലും ഞാന്‍ നോക്കിയപ്പോള്‍ വികൃതി കൊണ്ട് തിളങ്ങുന്ന കണ്ണുകളും, വെയിലത്ത് കളിച്ചു ചുവന്ന കവിളും, മുഖത്തേക്ക് ചിതറി വീണ മുടിയും, കവിളത്തൊരു കുഞ്ഞു മുഴ പോലെ നീരും. എല്ലാം കൂടി കണ്ടപ്പോള്‍ എന്റെ ഉള്ളിലും വാല്‍സല്യത്തിന്റെ ഒരു കിനിവ്. ഇന്നുച്ചക്കുശേഷം ഡോക്ടര്‍ ഇല്ലാത്തതിനാല്‍ വല്ല്യേട്ടന്‍ ഓഫീസില്‍ നിന്നും വന്നതിനു ശേഷം ഡോക്ടറെ കാണലും നടക്കില്ല. നാളെ വരെ ഈ വികൃതി, വേദന സഹിച്ചിരിക്കേണ്ടേ എന്നോര്‍ത്തപ്പോള്‍ ഇത്തിരി ബുദ്ധിമുട്ടിയാലും ഡോക്ടറെ കാണാന്‍ പോവാം എന്നു തന്നെ തീരുമാനിച്ചു.


കുട്ടുവിനോട് ചോദിച്ചപ്പോള്‍ , ആ വഴികളും അവനു നല്ല പരിചയം. അവന്റെ സ്കൂള്‍ വാന്‍ നിത്യവും കായലം വഴിയാണു വരുന്നത്. ബസ്സ് കിട്ടുമെന്ന് ബൈക്ക്കാര്‍ പറഞ്ഞ ജംഗ്ഷനിലേക്ക് രണ്ട് തിരിവ് തിരിഞ്ഞാല്‍ എത്തും എന്നാണവന്റെ പറച്ചില്‍.

പോവാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഞങ്ങള്‍ സമയം കളയാതെ നടക്കാന്‍ തുടങ്ങി. നേരെ നടക്കുക എന്നല്ലാതെ കുറേ കഴിഞ്ഞിട്ടും തിരിവൊന്നും കാണാനില്ല. കുറച്ചു കഴിഞ്ഞപ്പോഴേക്കും സ്കൂള്‍ ബസ്സിലിരുന്ന് വളവ് തിരിയുന്ന സുഖമൊന്നും നടക്കുമ്പോള്‍ ഇല്ലെന്ന് കുട്ടുവിനും തോന്നിത്തുടങ്ങി.
പകുതി വഴി ആയപ്പോഴേകും മൂപ്പര്‍ കുറ്റിയടിച്ച പോലെ റോഡിലൊരു നില്‍പ്പ്, ആവശ്യം നിസ്സാരം, ഇനി നടക്കാന്‍ വയ്യ, വേണമെങ്കില്‍ ഞാന്‍ എടുത്തു നടക്കണം.
പകുതി വഴിയിലെത്തിയപ്പോഴാണു ഇവന്റെയീ അതിക്രമം. ഇനിയിപ്പോ വീട്ടിലേക്കായാലും, ബസിലേക്കായാലും ഞന്‍ എടുക്കാതെ തരമില്ല.
തനിയെ നടക്കാന്‍ തന്നെ ആവതില്ലാത ഞാന്‍ പിന്നെ അവനേയും ചുമന്നായി യാത്ര. അങ്ങിനെ ബസ്സിന്റെ അടുത്തെത്തിയപ്പോഴേക്കും ഞാന്‍ ഈ ജീവിതം തന്നെ വെറുക്കുന്ന ഒരു മാനസികാവസ്ഥയില്‍ എത്തിയിരുന്നു.

അവിടെയെത്തിയപ്പോള്‍ ഞങ്ങളിത്ര നേരം കാത്തിരുന്ന ബസ്സുകളൊക്കെ അവിടെ ഞങ്ങളെ കാത്തിരിക്കുന്നു.

അപ്പോഴേക്കും കുട്ടുവും ഉഷാറായി, എന്നെ മണിയടിച്ച് രണ്ട് ലോലിപ്പോപ്പും കരസ്ഥമാക്കി ബസ്സിലേക്ക് ഓടിക്കയറി.( ആ മിഠായി കണ്ട് അടുത്തിരുന്ന കുട്ടി കരഞ്ഞതും, പിന്നെ അതൊരു പകര്‍ച്ച വ്യാധിയായി പടര്‍ന്ന് പിടിച്ച് ആ ബസ്സിലുണ്ടായിരുന്ന മറ്റ് കുട്ടികളും കരഞ്ഞതും, ആ കുട്ടികളുടെ അമ്മമാരുടെ മൂര്‍ച്ചയേറിയ നോട്ടം താങ്ങാനാവാതെ ഞാന്‍ തളര്‍ന്നു പോയതും ചരിത്രം)

അങ്ങിനെ സം ഭവ ബഹുലമായ ഞങ്ങളുടെ യാത്ര അവസാനം ലക്ഷ്യം കണ്ടു. മാവൂരിലെത്തിയപ്പോള്‍ ഞനൊന്ന് ആശ്വസിച്ചതായിരുന്നു, പക്ഷേ ശരിക്കുമുള്ള പ്രശ്നങ്ങള്‍ തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ..

ഇവിടെയെത്തിയാല്‍ വഴിയറിയാം എന്ന് വീമ്പ് പറഞ്ഞിരുന്ന കുട്ടു മൂക്കിലൊരു വിരലും തിരുകി ഗഹനമായ ചിന്തയിലാണു. വഴി കാണിച്ചു തരൂ എന്ന് ഞാന്‍ പറഞ്ഞതൊന്നും കേട്ട ഭാവം പോലുമില്ല മുഖത്ത്. ഏറെ നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ 'ഇവിടെയല്ല' എന്നു മാത്രം പറഞ്ഞ് മൂപ്പര്‍ പിന്നേയും ഗൗരവത്തിലായി.

ഉച്ച വെയിലിനൊപ്പം കത്തി പടരുന്ന നിരാശയോടെ ഞാന്‍ തിരിച്ചറിഞ്ഞു, വല്ല്യേട്ടന്റെ കൂടെ വണ്ടിയില്‍ വന്ന് ഡോക്ടറെ കണ്ടു മടങ്ങുന്ന കുട്ടനു, ഇവിടെയിപ്പോള്‍ തെക്ക് വടക്ക് തിരിഞ്ഞിട്ടില്ല എന്ന്.

ആരോടെങ്കിലും ചോദിക്കാമെന്നു വെച്ചാല്‍ വെള്ളിയാഴച ആയതിനാലും, പ്രാര്‍ത്ഥനാ സമയം ആയതിനാലും കടകള്‍ മിക്കവാറും അടഞ്ഞു കിടപ്പാണു. ഓട്ടോറിക്ഷ സ്റ്റാന്‍ഡ് പോലും ശൂന്യം.


തുറന്നിരിക്കുന്ന ഒരു കടയില്‍ ചെന്നു അന്വെഷിച്ചപ്പോള്‍ അവിടെ കാവല്‍ക്കാരനായി ഇരിക്കുന്ന കുട്ടിക്ക് പല്ല് ഡോക്ടറെ ഒഴിച്ച് ബാക്കി എല്ലാ ഡോക്ടര്‍മാരേയും അറിയാം. ആ കുട്ടിയുടെ അഭിപ്രായത്തില്‍ പല്ല് ഡോക്ടര്‍ ഇവിടെ അടുത്തൊന്നും ഇല്ല.

വീട്ടിലേക്ക് വിളിച്ച് മുത്തശ്ശിയോട് ചോദിച്ചാലും ഇതിലും കൂടുതലൊന്നും കിട്ടാനില്ല വിവരങ്ങള്‍. വഴിയറിയാവുന്ന കുട്ടു കൂടെയുണ്ടെന്ന ധൈര്യത്തില്‍ ക്ലിനിക്കിലെ ഫോണ്‍ നമ്പര്‍ ശ്രദ്ധിച്ചതുമില്ല.
ജോലിക്കിടയില്‍ വിളിച്ച് ശല്ല്യപ്പെടുത്തുന്നത് വല്ല്യേട്ടനു തീരെ ഇഷ്ടമല്ലെന്നറിഞ്ഞിട്ടും വേറൊരു ഗതിയുമില്ലാത്തതിനാല്‍ ഞാന്‍ ഏട്ടനെ തന്നെ വിളിച്ചു. മിനിമം ഒരു നൂറു കിലോ ഭാരമുള്ള ശബ്ദത്തിലാണെങ്കിലും കാര്യങ്ങള്‍ കഷ്ടിച്ച് പറഞ്ഞു തന്നു.

ക്ലിനിക്കിന്റെ മുന്നിലെത്തിയപ്പോഴേക്കും കുട്ടു മിടുക്കനായി, പിന്നെല്ലാം അവനറിയാം. പക്ഷേ അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. മുകളിലേക്കുള്ള കോണിപ്പടികള്‍ കയറി തുടങ്ങിയപ്പോഴേ കേട്ടു മുകളില്‍ വാതില്‍ പൂട്ടുന്ന ശബ്ദം.

മനസ്സിലുയര്‍ന്ന ദ്വേഷ്യവും സങ്കടവും അമര്‍ത്തിപ്പിടിച്ച് ഞങ്ങളും പടികള്‍ തിരിച്ചിറങ്ങാന്‍ തുടങ്ങി.

ഈ കഷ്ടപ്പെട്ടത് മുഴുവന്‍ വെറുതെയായി..

ഉള്ളിലെ നിരാശ, കുട്ടുവിന്റെ കൈയ്യിലുള്ള എന്റെ പിടിത്തത്തിലും പ്രതിഫലിച്ചെന്നു തോന്നുന്നു, എന്റെ കൈ തട്ടിത്തെറിപ്പിച്ച് അവന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ഈ സമയത്ത് അവനേയും കൂടി പിണക്കുന്നത് ബുദ്ധിയാവില്ല എന്ന് തിരിച്ചറിയാനുള്ള ബോധം ബാക്കിയുണ്ടായിരുന്നതുകൊണ്ട്, ഞാന്‍ പിന്നെ അനുരഞ്ചനത്തിന്റെ പാതയിലായി സഞ്ചാരം. അതെന്നെ കൊണ്ടെത്തിച്ചത് ഒരു കൂള്‍ ബാറിലാണു. ക്ഷീണവും വിശപ്പും ഒരു പോലെ ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ ഓരോ ജ്യൂസ് കുടിക്കാന്‍ തീരുമാനിച്ചു.

പക്ഷേ അവിടേയും കുട്ടന്‍ കാലു മാറി. ഐസ്ക്രീമിന്റെ പടം കണ്ടതും അവനാ പക്ഷത്തേക്ക് കൂറു മാറി. പല്ല് വേദനയാണു, കഴിക്കണ്ട എന്നൊക്കെ ഞാന്‍ വെറും വാക്ക് പറഞ്ഞു നോക്കി. അവന്‍ വഴങ്ങുന്നില്ല. തര്‍ക്കിക്കാനുള്ള ആരോഗ്യം ഇല്ലാതിരുന്നതിനാല്‍ ഞാന്‍ പിന്നെ മിണ്ടാന്‍ പോയില്ല.

തിരിച്ചു പോരുമ്പോള്‍ ബസ്സില്‍ കയറിയ ഉടനെ കുട്ടു ഉറങ്ങിപ്പോയതിനാല്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ വീട്ടില്‍ തിരിച്ചെത്തി.

വന്ന ഉടനെ ഊണു പോലും കഴിക്കാന്‍ നില്‍ക്കാതെ, ക്ഷീണിച്ചു തളര്‍ന്ന ഞാനും കിടന്നുറങ്ങി.

ഉണര്‍ന്നു വന്നപ്പോഴേക്കും കാര്യങ്ങളാകെ മാറി മറഞ്ഞിരുന്നു.

ഉറങ്ങിയെഴുന്നേറ്റ് വന്നപ്പോള്‍ കുട്ടുവിനു നല്ല പനി...

സ്കൂളില്‍ നിന്നും തിരിച്ചെത്തിയ ഏട്ത്തിയുടെ മടിയില്‍ കുട്ടു ഒരു പാവം പോലെയിരിക്കുകയാണു . എന്നെ കണ്ടതും ഒരു ചിണുങ്ങലിന്റെ അകമ്പടിയോടെ അവന്‍ സ്വന്തം നിലയില്‍ ഒരു ഡയലോഗ് കൂടി കൂട്ടിച്ചേര്‍ത്തു...." ഐസ്ക്രീം കഴിച്ചാല്‍ കുട്ടൂനു പനി വരും ന്ന് കുട്ടു പറഞ്ഞതാ, എന്നിട്ടും ഈ മാളു..........'"

കുട്ടുവിന്റെ കവിളിലും നെറ്റിയിലുമൊക്കെ വാല്‍സല്യത്തോടെ ഉമ്മ വെക്കുന്നതിന്റെ ഇടയില്‍ ഏട്ത്തി എന്നെയൊരു നോട്ടം...' ഒരു ചെറിയ പല്ല് വേദന മാത്രമുണ്ടായിരുന്ന എന്റെ കുട്ടിയെ നീ കൊണ്ടു പോയി ഇക്കോലത്തില്‍ ആക്കിയില്ലേ ...??? എന്ന് ചോദിക്കാതെ ചോദിക്കുന്ന രീതിയില്‍..

കുട്ടികളിലെ നിഷ്കളങ്കതയിലുള്ള വിശ്വാസം അന്ന് നഷ്ടപ്പെട്ടതാണെനിക്ക്...




----

Saturday, February 28, 2009

ഒരു യാത്രാമൊഴി

ആ ക്ഷേത്രനഗരിയില്‍ ചെന്നിറങ്ങുമ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു.

പോക്കുവെയിലിന്റെ പൊന്‍ വെളിച്ചത്തില്‍ തെരുവീഥികള്‍ ഒരു മായക്കാഴ്ചയിലെന്നതു പോലെ കാണപ്പെട്ടു.

ഒരു കാലത്ത് ഏറെ പ്രിയപ്പെട്ട ഇടത്താവളമായിരുന്ന, ഈ ചെറുപട്ടണത്തിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷമാണീ തിരിച്ചു വരവ്.

ഇതിനിടയില്‍ ജീവിതം പല തരത്തില്‍ മാറി മറിഞ്ഞുവെങ്കിലും, ഈ പട്ടണവും ഇവിടുത്തെ ആള്‍ക്കൂട്ടവും പഴയതു പോലെ തന്നെയെന്നത് നേരിയ അത്ഭുതമുണര്‍ത്തുന്നു.

ഈ ലോഡ്ജിനു പോലുമില്ല പറയത്തക്ക വ്യത്യാസങ്ങളൊന്നും. പഴയ നരച്ച, ചാരനിറത്തിനു പകരം ഇളം നീലയുടെ യൗവ്വനം.


ഇവിടെ നില്‍ക്കുമ്പോള്‍ അഞ്ച് വര്‍ഷങ്ങളുടെ ഇടവേള അനുഭവപ്പെടുന്നതേ ഇല്ല. സാദ്ധ്യമല്ലെന്നറിഞ്ഞിട്ടും ഒരു നിമിഷം വെറുതെ മോഹിച്ചു പോകുന്നു, സ്വപ്നങ്ങള്‍ മാത്രം കൈമുതലായിരുന്ന ആ ഇരുപത്തഞ്ച് വയസ്സുകാരനിലേക്കൊരു മടക്കയാത്ര.

അഞ്ച് വര്‍ഷങ്ങള്‍... അത് മോഹങ്ങളും സ്വപ്നങ്ങളും വലിച്ചൂറ്റിയെടുത്ത് എന്നെ നിസ്സാരനാക്കി മാറ്റിയിരിക്കുന്നു.

ഒന്നും അവശേഷിക്കുന്നില്ല കൈയ്യില്‍... പരാജയം ഏറ്റുവാങ്ങി തളര്‍ന്നു പോയ ചുമലുകളും, മരിച്ച മനസ്സിനെ പ്രതിഫലിപ്പിക്കുന്ന മരവിച്ച കണ്ണുകളും സമ്മാനിക്കുന്ന അകാല വര്‍ദ്ധക്യമല്ലാതെ...

പരാജിതനാണു ഞാന്‍...

ജീവിതമെന്ന ഈ പളുങ്ക് പാത്രത്തെ തച്ചുടച്ചത് സ്വന്തം കൈകള്‍ തന്നെയെന്ന തിരിച്ചറിവ് വീഴ്ചയുടെ ആഴം കൂട്ടുന്നു.

ആഗ്രഹിച്ചതും മോഹിച്ചതും സ്വപ്നം കണ്ടതും കൈപ്പിടിയിലൊതുക്കാനുള്ള പാച്ചിലില്‍, അമൂല്യമായ പലതും കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു പോയത് തിരിച്ചറിഞ്ഞില്ല.

ഒടുവില്‍ പിന്തിരിഞ്ഞു നോക്കിയപ്പോഴേക്കും വീണ്ടെടുക്കാന്‍ കഴിയാത്തവണ്ണം ഒരു പൊടി പോലും ബാക്കി വെക്കാതെ എല്ലാം മണ്ണിലമര്‍ന്നൊടുങ്ങിയിരുന്നു.

നഷ്ടങ്ങളുടെ കനലെരിയുന്ന മനസ്സുമായി അലയുകയാണു ഏറെ നാളുകളായി...

ഇന്ന്, ഇവിടെ ഈ മണ്ണില്‍ വീണ്ടും..

മങ്ങിപ്പോയ ഓര്‍മ്മകളുടെ പൊടി തട്ടിയെടുക്കാനായി പഴയ ഇഷ്ടങ്ങളിലേക്കൊരു മടക്കയാത്ര.

ഈ നഗരത്തിലെത്തിയപ്പോഴെല്ലാം ഈ ലോഡ്ജിലല്ലാതെ അന്തിയുറങ്ങിയിട്ടില്ല...

കണ്ടാല്‍ തിരിച്ചറിയുന്നവരുടെ മുന്നില്‍ ചെന്നു പെട്ടാലോ എന്ന ചെറിയൊരു ആശങ്ക റിസപ്ഷനിലേക്ക് കയറുമ്പോള്‍ തോന്നാതിരുന്നില്ല.
തൊട്ടടുത്ത നിമിഷം തന്നെ ആ തോന്നലിലെ പൊള്ളത്തരം തിരിച്ചറിയുകയും ചെയ്തു.
പ്രശസ്തിയുടെ തിളക്കത്തില്‍ നിന്നും മാറി നിഴലില്‍ ഒതുങ്ങിപ്പോയ ഒരു ചിത്രകാരന്‍ തിരിച്ചറിയപ്പെടും എന്നു കരുതുന്നതിലെ പൊരുത്തക്കേട്, ഒരു കയ്പ് നിറഞ്ഞ ചിരിയായി ചുണ്ടുകളില്‍ കൂട്ടിനെത്തി.

രജിസ്റ്ററില്‍ പേരെഴുതി, താക്കോല്‍ ഏറ്റുവാങ്ങി, റൂം ബോയിയുടെ പുറകെ നടക്കുമ്പോഴും ഒരു അര്‍ദ്ധബോധാവസ്ഥയിലായിരുന്നു.. ഉണര്‍ന്നിരുന്നൊരു സ്വപ്നം കാണുന്നതു പോലെ..
പടിഞ്ഞാറു വശത്തായി വരാന്തയുടെ അറ്റത്തായുള്ള മുറിയുടെ മുന്നില്‍ നടത്തം അവസാനിപ്പിച്ചപ്പോഴാണു ഞെട്ടിയുണര്‍ന്നത്..അകവും പുറവും...

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും...

അതേ മുറി... അതു പോലൊരു സന്ധ്യാ സമയം

ആവര്‍ത്തിക്കപ്പെടാന്‍ ഇഷ്ടപ്പെടാതിരുന്ന യാദൃശ്ചികത വീണ്ടും...

ഏറെ പരിചിതമാണിവിടം...

പടിഞ്ഞാറു വശത്തേക്കുള്ള ജനല്‍ തുറക്കുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി സ്വര്‍ണ്ണം പൂശിയ കൊടിമരം..

പുറകു വശത്തായുള്ള ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറക്കുമ്പോഴേക്കും, കെട്ടഴിച്ചു വിട്ടാലെന്ന പോലെ ഓടിക്കയറി വരുന്ന കാറ്റ്..

എല്ലാം എല്ലാം.. പഴേതു പോലെ തന്നെ...

ഇതു പോലൊരു സന്ധ്യയിലാണു ജ്യോതിയുമൊന്നിച്ച് ഇവിടേക്ക് വന്നത്, ആദ്യമായി..

ജീവിതം ഒരു ഉത്സവമായിരുന്ന നാളുകളിലൊന്നില്‍...

ഇന്നിപ്പോള്‍... ഉപേക്ഷിക്കപ്പെട്ട ഉത്സവപറമ്പു പോലെ...

ആളും ആരവങ്ങളും വാദ്യഘോഷങ്ങളും അടങ്ങി..

ചുറ്റിനും വലിച്ചെറിയപ്പെട്ട അവശിഷ്ടങ്ങളുടെ കൂമ്പാരം മാത്രം..

ദുര്‍ഗന്ധം വമിക്കുന്ന ഓര്‍മ്മകളുടെ നടുവില്‍ ഏകനായി ഇന്ന്... വീണ്ടും ഇവിടെയെത്തിച്ചേര്‍ന്നിരിക്കുന്നു....

കസേരയും ടീപോയിയും ബാല്‍ക്കണിയിലേക്ക് വലിച്ചിട്ട്, കുപ്പിയും ഗ്ലാസ്സും മുന്നില്‍ നിരത്തി ഇരിക്കാന്‍ തുടങ്ങിയപ്പോഴും പകല്‍ വെളിച്ചം മാഞ്ഞു തുടങ്ങിയിരുന്നില്ല..

കനല്‍ പോലെ എരിയുന്ന പടിഞ്ഞാറന്‍ മാനവും നോക്കിയിരിക്കുന്തോറും ചുട്ടു പഴുക്കുന്നു മനസ്സും...

തീ പിടിച്ച ആത്മാവും, സിരകളില്‍ തീ പടര്‍ത്തുന്ന ലഹരിയുമായി എത്ര നേരം അവിടെയിരുന്നെന്ന് അറിയില്ല..
ജീവിതത്തിലെന്ന പോലെ ചുറ്റിനും ഇരുള്‍ വന്ന് മൂടിയിരിക്കുന്നു...

ബോധം മറയുന്നതു വരെ കുടിക്കുകയാണു ഈയിടെ പതിവ്... പക്ഷേ ഇന്ന് ഈ അന്തരീക്ഷത്തിന്റെ പ്രത്യേകത കൊണ്ടാവാം വീര്യം കൂടിയ വിസ്കിക്കു പോലും ഓര്‍മ്മകളെ അകറ്റി നിര്‍ത്താന്‍ കഴിയുന്നില്ല.
കൂടുതല്‍ തെളിവോടെ ..... മിഴിവോടെ ഓര്‍മ്മകള്‍...
ഓര്‍മ്മകളില്‍ അവള്‍... ജ്യോതി
ഒരു തീനാളം പോലെ സുന്ദരിയായ ജ്യോതി....


പ്രശസ്തിയിലേക്കുയര്‍ന്നു കൊണ്ടിരിക്കുന്ന യുവ ചിത്രകാരന്റെ ആരാധികമാരില്‍ ഒരാള്‍... അങ്ങിനെ ആയിരുന്നു തുടക്കം
അതില്‍ നിന്നേറെ വളര്‍ന്നു പിന്നീടാ ബന്ധം..
പുതിയ ഭാവങ്ങളിലേക്കും.. അര്‍ഥങ്ങളിലേക്കും...
എല്ലാത്തിനും തനിക്കായിരുന്നു ഏറെ ഉത്സാഹം

ഏതൊരാള്‍ക്കൂട്ടത്തിലും വേറിട്ടു നില്‍ക്കുമായിരുന്നു അവള്‍
കൊത്തിയെടുത്തൊരു ശില്‍പ്പം പോലെ അഴകു തികഞ്ഞവള്‍....
ജീവന്‍ തുളുമ്പുന്ന ആ കണ്ണുകള്‍.. വശ്യ സുന്ദരമായ ആ ചിരി... കീഴ്പ്പെടുത്തിക്കളഞ്ഞു ജ്യോതി.. ഒരു അടിമയായി മാറുകയായിരുന്നു..
അവള്‍ക്കു ചുറ്റും പ്രദക്ഷിണം വെച്ചു ദിവസങ്ങള്‍...

ഏറെ സ്നേഹം കാണിച്ച് അവളുടെ സ്നേഹം വാങ്ങിച്ചെടുക്കുകയായിരുന്നു...

അവള്‍ ഒരു ലഹരിയായിരുന്നു... പ്രചോദനമായിരുന്നു...
മുമ്പെങ്ങുമില്ലാത്ത വിധം മികവുറ്റതായി രചനകള്‍...

എല്ലാത്തിനും കൂടെയുണ്ടായിരുന്നു അവളും,
ഒരു തുടക്കക്കാരന്റെ എല്ലാ ബുദ്ധിമുട്ടുകളിലും.... തളരുമ്പോഴൊരു താങ്ങായി,.... അടുത്ത കുതിപ്പിനുള്ള ഊര്‍ജ്ജമായി....

ഏറെ സുന്ദരമായി ജീവിതം.... പ്രകാശപൂര്‍ണ്ണവും...

അഭിനന്ദങ്ങളും അംഗീകാരങ്ങളും മനസ്സു നിറച്ചു..

എല്ലാത്തിന്റേയും പുറകില്‍ അവളുടെ പ്രാര്‍ഥന നിറഞ്ഞ മനസ്സായിരുന്നു..

പക്ഷേ എന്നാണു പ്രശസ്തിയുടെ ലഹരി തലക്ക് പിടിച്ചു തിടങ്ങിയത്???
ഉയരത്തിലേക്കുള്ള ഓരോ പടവുകള്‍ കയറുന്തോറും മനസ്സ് കൂടുതല്‍ ഇടുങ്ങിയതാവുകയായിരുന്നു.
ചുറ്റിനുമുള്ള സകലരേയും മറയ്ക്കുന്ന വിധത്തില്‍ അഹങ്കാരത്താല്‍ മൂടപ്പെട്ടു കണ്ണുകള്‍.

അല്‍പ്പായുസ്സായ ഒരു ഈയാമ്പാറ്റയെ പോലെ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലേക്ക് കുതിക്കുകയായിരുന്നു....... ചിറകുകള്‍ കരിഞ്ഞ് കൊഴിയുന്നത് അറിയാതെ...

മാറുകയായിരുന്നു, ഞാന്‍ പോലും അറിയാതെ... സ്തുതിഗീതങ്ങളില്‍ സ്വയം മറന്നു. ചുറ്റിനുമുള്ള ആള്‍ക്കൂട്ടം സത്യമെന്നു വിശ്വസിച്ച കണ്ണുകള്‍ക്ക് മുന്നില്‍ ജ്യോതി പലരില്‍ ഒരാള്‍ മാത്രമായി..
ഇത്തിരി വെളിച്ചം പേറുന്ന ഒരു നെയ്ത്തിരി മാത്രമായി..
ചവിട്ടി കെടുത്തി കടന്നു പോയപ്പോഴും അറിഞ്ഞതേയില്ല... ഈ ഇത്തിരി വെട്ടമില്ലെങ്കില്‍ ഇരുളിലാഴ്ന്നു പോകും സ്വന്തം ജീവിതമെന്ന്....

അടക്കിപ്പിടിച്ച വിതുമ്പലുകളും മനസ്സില്‍ മാത്രമൊതുക്കിയ പിന്‍ വിളികളും കേള്‍ക്കാന്‍ കഴിയാത്തത്ര ഉയരത്തിലായിരുന്നു അന്ന്.

ഓര്‍മ്മകള്‍ക്കു പോലും ഇടമില്ലാത്തത്ര തിരക്കിലും.

പൗരാവലി തനിക്കായി ഒരുക്കിയ സ്വീകരണ ചടങ്ങിലൊരു കാഴ്ചക്കാരിയുടെ വേഷത്തിലാണു ജ്യോതിയെ അവസാനമായി നേരില്‍ കണ്ടത്. അന്ന് ഏറെ കഷ്ടപ്പെട്ട് തന്റെ അടുത്തെത്തി ഫോണ്‍ നമ്പര്‍ എഴുതിയ ഒരു കടലാസ്സ് കഷണം കൈയ്യിലേല്‍പ്പിച്ച് മടങ്ങുമ്പോള്‍ ആ കണ്ണുകളില്‍ ഇരമ്പിയാര്‍ക്കുന്ന സമുദ്രത്തിനെ കാണാതിരുന്നില്ല.

പക്ഷേ സ്വീകരണത്തിന്റെ ലഹരിയില്‍, പിന്നേയും, ജ്യോതിയെ മറന്നു, അവളുടെ സങ്കടത്തെ മറന്നു.

ആ കുറ്റബോധത്തിന്റെ തിരമാലകള്‍ മുക്കിക്കൊല്ലുകയാണു എന്നെയിന്നും.

പിന്നീട് പത്രത്തില്‍ അപ്രധാനമായ ഒരു മൂലയില്‍ ഒറ്റക്കോളത്തിലൊതുങ്ങിയ അത്മഹത്യാ വാര്‍ത്തയായാണു ജ്യോതി മുന്നിലെത്തിയത്.

അതായിരുന്നു വീഴ്ചയുടെ തുടക്കം
വര്‍ണ്ണങ്ങളും വരകളും കൈയ്യൊഴിഞ്ഞു..
ദീപങ്ങളെല്ലാം അണഞ്ഞു... ആള്‍ത്തിരക്കൊഴിഞ്ഞു...
സ്ഥായിയായ ഇരുട്ട് സ്ഥാനം പിടിച്ചു.

എരിയുന്ന മുറിവുമായ്, അശ്വത്ഥാമാവിനെ പോലെ, പരാജിതനായ ഞാന്‍ ഇപ്പോഴും അലയുകയാണു.
ഒരിത്തിരി വെളിച്ചം തേടി....
ഒരിത്തിരി ജീവശ്വാസം തേടി....

ഭൂതകാലത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഒരു ലഹരിയും സഹായകമാവുന്നില്ല.

പക്ഷേ ഇന്നിവിടെ ഈ മുറിയില്‍... ജ്യോതിയോടൊപ്പം ജീവിതവും സ്വപ്നവും പങ്കു വെച്ച ഇതേ മുറിയില്‍.... നെഞ്ചിലമര്‍ന്ന ഭാരത്തിനു കനം കുറഞ്ഞതു പോലെ.

അവള്‍ അരികില്‍ വന്നാലെന്നതു പോലെ ഹൃദയം ശാന്തം..

വര്‍ഷങ്ങളായി നീണ്ട അലച്ചിലിനൊടുവില്‍ എനിക്ക് സ്വാസ്ഥ്യം...

ഇത് വെറും തോന്നലല്ല... ഇവിടെ അവളുണ്ട്...
പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ കേള്‍ക്കുന്നതവളുടെ ചിരിയാണു....

ഒരു പൊന്‍ ചെമ്പകം പോലെ കാണാം എനിക്കവളെ....

കാണാന്‍ കൊതിച്ച രൂപം കണ്ണില്‍..
കേള്‍ക്കാന്‍ കൊതിച്ച ശബ്ദം കാതില്‍

എനിക്ക് ശാപമോക്ഷമേകാന്‍ അവള്‍ എത്തിയിരിക്കുന്നു....

നീട്ടിപ്പിടിച്ച ആ കൈകളിലേക്കണയാന്‍ ഇനിയും താമസമില്ല...

അവളുടെ വഴിയിലാണു ഇനി എന്റേയും യാത്ര.

പൊട്ടിച്ചിതറുന്ന ചില്ലു കുപ്പി സ്വന്തം ജീവിതമെന്നു തന്നെയാണു തോന്നിയത്.

മൂര്‍ച്ചയേറിയ ചില്ലുകഷ്ണത്തിനാല്‍ കൈയ്യില്‍ കോറിയിട്ട അവസാന ചിത്രം. അതില്‍ നിന്നൊരു ചോരപ്പുഴയൊഴുകിയപ്പോഴും ഒട്ടും വേദന തോന്നിയില്ല.. .

ആശ്വാസമായിരുന്നു..

ചെയ്തു കൂട്ടിയ പാപങ്ങള്‍ക്ക് ചോരയില്‍ കുതിര്‍ന്നൊരു പശ്ചാത്താപം.

ചുട്ടു പൊള്ളുന്ന മനസ്സിലേക്കൊരു മഴ പോലെ ... തണുപ്പ് അരിച്ചരിച്ചിറങ്ങുന്നു...

തണുത്ത ഇരുണ്ട ഉറക്കത്തിലേക്ക് ഞാന്‍ വഴുതി വീഴുകയാണു....

ചുറ്റിനുമുള്ള ശബ്ദങ്ങള്‍ അവ്യക്തമാകുന്നു...

യാത്ര തുടങ്ങിക്കഴിഞ്ഞു..

ഈ നിമിഷത്തില്‍ ഞാന്‍ സമാധാനം അനുഭവിക്കുന്നു...

ഞാന്‍ സന്തോഷിക്കുകയാണു....

Friday, February 13, 2009

വീണ്ടും ചില വീട്ടുകാര്യങ്ങള്‍

മാളു ഉണര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ടിപ്പോ കുറേ നേരമായിട്ടുണ്ടാവും...
വല്ല്യമ്മ ഓപ്പോളെ വിളിച്ചപ്പോഴേ മാളൂം ഉണര്‍ന്നതാ...

ഇന്നാണോ നാളെയാണൊ സാറ്റര്‍ഡേ എന്നൊരു സംശയത്തിലിങ്ങനെ കിടന്നൂന്നേ ഉള്ളൂ...
നാളെയാണു സാറ്റര്‍ഡേയെങ്കില്‍ ഇന്ന് മാളൂനു നഴ്സറിയില്‍ പോവേണ്ട ദിവസമാണു....

ശരിക്കും അടുത്ത കൊല്ലമാണു മാളു ഏട്ടന്റെ സ്കൂളിലെ നഴ്സറിയില്‍ ചേരുന്നത്..
ഇപ്പോ അമ്മയുടെ കോളേജിന്റെ അടുത്തുള്ള ബ്ലൂമിങ്ങ് ബഡ്സിലാണു മാളു പോകുന്നത്.
ഷൈനി സിസ്റ്ററിന്റെ ഈ സ്കൂളില്‍ മാളൂനെ ചേര്‍ത്തിട്ടിപ്പോ രണ്ടു മാസമായി..
ഇങ്ങനെയൊന്നും വിസ്തരിക്കാന്‍ നില്‍ക്കാതെ, ചോദിക്കുന്നവരോട് പ്ലേ സ്കൂളിലാണെന്നു പറയണമെന്നാ അമ്മ പറഞ്ഞത്.

സമയം എത്രയായി ആവോ.... അമ്മ വിളിക്കാന്‍ വരുന്നതും കാണുന്നില്ലല്ലോ.

താഴേ നിന്നും ഓരോ ശബ്ദങ്ങളിങ്ങനെ കോണി കയറി വരുന്നുണ്ട്...

ദാ... കേള്‍ക്കുന്നു നന്ദിനി പശുവിനോടുള്ള ഗോപാലന്‍ നായരുടെ ലോഗ്യം പറച്ചിലും, പശുവിന്റെ മറുപടി കരച്ചിലും...
സമയം ആറരയായിട്ടുണ്ടാവും. ഇപ്പോ താഴേക്ക് ചെന്നാല്‍ പശൂനെ കറക്കുന്നത് കാണാം..
പാലിങ്ങനെ പാത്രത്തില്‍ പതഞ്ഞു പൊങ്ങി വരുന്നതു കാണാന്‍ മാളൂനു നല്ല ഇഷ്ടമാ...

ഏട്ടനിപ്പൊ മുത്തശ്ശന്റെ അടുത്തിരുന്ന് എഴുതി പഠിക്കാവും. മുത്തശ്ശന്‍ ആനക്കസേരയിലിരുന്ന് പേപ്പര്‍ വായിക്കുകയും...( ആനക്കസേര മാളു നിശ്ചയിച്ച പേരാണു. അറിയ്യോ... അതിന്റെ ഒരു കാലിനു മാളൂന്റത്രേം പൊക്കമുണ്ട്...)

താഴേക്കിറങ്ങി പോണോ അതോ അമ്മ വരണതു വരെ മടി പിടിച്ചു കിടക്കണോ എന്നാലോചിക്കാന്‍ തുടങ്ങിയപ്പോഴേക്കും അമ്മ എത്തിപ്പോയി...

നിമിഷ നേരത്തിനുള്ളില്‍ മാളൂനെ കിഴക്കെ ഇറയത്തിരുത്തി കൈയ്യിലൊരു ബ്രഷും പിടിപ്പിച്ച് അമ്മ സ്ഥലം വിട്ടു..

ഇത്തവണത്തെ പേസ്റ്റ് മാളൂനു ഇഷ്ടമേ ആയില്ല... മധുരമുള്ള പേസ്റ്റാവുമ്പൊ മാളു തിന്നുന്നു എന്നും പറഞ്ഞാ അമ്മ ഇപ്രാവശ്യം ഈ കയ്പന്‍ പേസ്റ്റ് വാങ്ങിയത്..

ഇവിടെ എളോര്‍ മാവിന്റെ ചോട്ടില്‍ ദേവകിയും ഏട്ടന്മാരും കൂടിയുള്ള അങ്കമാണു...
അപ്പുവേട്ടന്റേം ഉണ്ണിയേട്ടന്റേം പുതിയതായി വന്ന പല്ല് മുഴുവനും കയറിയും ഇറങ്ങിയും തേറ്റ പോലത്തെ കോന്ത്രന്‍ പല്ലുകള്‍ ആണല്ലോ... കുരുമുളകിന്റെ ഇല വാട്ടിയിട്ട് അതൊക്കെ ഉഴിഞ്ഞ് നേരെയാക്കാനാണു ദേവകി...
നല്ലോണം വേദനിക്കും ഏട്ടന്മാര്‍ക്ക്... ആ കാഴ്ച കണ്ടു രസിക്കാന്‍ ഓപ്പോളും ഉണ്ട്... ഓപ്പോളുടെ പല്ലൊക്കെ നല്ല നിരന്ന സുന്ദരി പല്ലാണേ.. അതിന്റെ ഗമയാ ഓപ്പോള്‍ക്ക്..

അപ്പോഴേക്കും ദൂരേ നിന്നും ഒരു നരച്ച കുടയുടെ മുകള്‍ ഭാഗം കണ്ടു തുടങ്ങി... വല്ല്യുട്ട്യാരുടെ വരവാണു.
മുത്തശ്ശന്റെ കാര്യസ്ഥനാ... മാങ്ങാട്ടെ പറമ്പിന്റെ എന്തേലും കാര്യം പറയാനാവും.
മാളൂനെ വല്ല്യുട്ട്യാര്‍ക്ക് വല്ല്യ ഇഷ്ടമാണു ട്ടോ...
നല്ല പുളിയുള്ള നാരങ്ങ മിഠായി ഉണ്ടാവും വല്ല്യുട്ട്യാരുടെ കൈയ്യില്‍, മാളൂനു വേണ്ടി... പിന്നെ കുറേയേറെ കഥകളും...

അമ്മക്ക് പക്ഷേ ഇഷ്ടല്ല മാളു വല്ല്യുട്ട്യാരോട് വര്‍ത്താനം പറഞ്ഞിരിക്കുന്നത്...
ഓരോ വിഡ്ഢിത്തം പറഞ്ഞു തന്ന് മാളൂനെ പറ്റിക്കാണെന്നാ അമ്മ പറയണത്...
അല്ലെങ്കിലും അമ്മക്കിത്തിരി കുശുമ്പുണ്ട്...

പക്ഷേ ഇന്നാള്‍ മാളൂനു ശരിക്കും അബദ്ധം പറ്റി.
മൂന്ന് വയസ്സായ കുട്ടികള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം പല്ലു തേച്ചാല്‍ മതിയെന്ന് പറഞ്ഞത് വല്ലുട്ട്യാരായതു കൊണ്ടുമാത്രമാ മാളു വിശ്വസിച്ചത്.
എന്നിട്ടെന്തായി..????
മുത്തശ്ശനും കൂടി മാളൂനെ കളിയാക്കി...

രാവിലെ പല്ലു തേക്കാതിരിക്കാന്‍ വേണ്ടി, ഒരു ദിവസം രാത്രി മാളു ഉറങ്ങാതിരിക്കാന്‍ ശ്രമിച്ചതിന്റെ നാണക്കേട് ഒന്നു മാറിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും പുതിയ കഥ കിട്ടി എല്ലാവര്‍ക്കും..

ഈ വല്ല്യുട്ട്യാരു പറ്റിച്ച പണിയാണെന്നേ...

എന്നാലും മാളുവിനു വല്ല്യുട്ട്യാരെ ഇഷ്ടമാണു... പ്ലാവില കൊണ്ട് കാളയേയും, മച്ചിങ്ങ കൊണ്ട് റാന്തല്‍ വിളക്കും, തയ്യല്‍ മെഷീനും ഒക്കെ വേറെ ആരാ ഉണ്ടാക്കി തരിക?? മാളൂന്റെ കുട്ടിപ്പുര കെട്ടിമേയാന്‍ ഈന്തോലപ്പട്ട കൊണ്ടുതന്നതും വല്ല്യുട്ട്യാരാണല്ലോ...

പാവം കുട്ടിപ്പുര... മാളൂനെ നോക്കിയിരിക്കുന്നുണ്ടാവും.... ഈ സ്കൂളീപ്പോക്ക് തുടങ്ങിയതില്‍ പിന്നെ അങ്ങോട്ടൊന്നും പോവാറേ ഇല്ല മാളു. ഇനിയിപ്പോ ശനിയാഴ്ച വരട്ടെ...

വേഗം പല്ലു തേച്ചില്ലെങ്കില്‍ ദേവകി വരും ഇപ്പോ, കുരുമുളകു പൊടിയും ഉപ്പും ചേര്‍ത്ത ഉമിക്കരിയും കൊണ്ട്... മാളൂനെ പല്ലു തേപ്പിക്കാന്‍... അതിനേക്കാള്‍ ഭേദം അമ്മേടെ വീക്കോ പേസ്റ്റാ...

പല്ല് തേക്കലൊക്കെ വേഗം കഴിച്ചെങ്കിലും രക്ഷപ്പെടാനായില്ല, അപ്പോഴേക്കും മാളൂനെ കുളിപ്പിക്കാന്‍ വന്നിരിക്കുന്നു ദേവകി.
ദേവകി കുളിപ്പിക്കുന്നത് മാളൂനു തീരെ ഇഷ്ടല്ല... പാറകത്തിന്റെ ഇല പോലെയാ ദേവകീടെ കൈയ്യ്. തൊട്ടാല്‍ തന്നെ വേദനിക്കും. അതും പോരാഞ്ഞിട്ട് ചകിരി എടുത്തൊരു തേപ്പിക്കലും... ചോര പൊടിയുംന്ന് തോന്നും കുളി കഴിയുമ്പോഴേക്കും.

ദേവകീടെ കുളിപ്പിക്കലില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു കരച്ചില്‍ വേണ്ടി വരുമെന്നു കരുതിയെങ്കിലും ആവശ്യം വന്നില്ല... ഓപ്പോള്‍ വന്നതു കാരണം....

ഇനിയിപ്പോ ഇന്ന് ഓപ്പോളുടെ ലക്സ് സോപ്പ് തേച്ചിട്ടാ മാളു കുളിക്കാന്‍ പോണത്. മാളൂന്റെ പിയേഴ്സ് വേണ്ട. അതിനു കഷായത്തിന്റെ മണമാണു.

സന്തോഷം വന്നപ്പൊ ഷൈനി സിസ്റ്റര്‍ പഠിപ്പിച്ച ഡാന്‍സ് ഒന്നു കളിച്ചു തുടങ്ങിയതായിരുന്നു. അപ്പോഴേക്കും ഓപ്പോള്‍ വന്ന് പിടിച്ചു കൊണ്ടു പോയി കുളിമുറിയിലേക്ക്.

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ഏട്ടന്റെ സ്കൂള്‍ വാനിന്റെ ഹോണ്‍ കേട്ടു. ആ കിളിച്ചേട്ടന്‍ ഇന്ന് മാളൂനൊരു ചെമ്പകപ്പൂ കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നതോര്‍മ്മിച്ച് ഓടി മുറ്റത്തെത്തിയപ്പോഴാണു ഉടുപ്പിട്ടിട്ടില്ല എന്നോര്‍മ്മ വന്നത് തിരിച്ചൊരോട്ടം അതേപോലെ വെച്ചു കൊടുത്തു..

ഏട്ടനും ഓട്ടത്തിലാണു... പിന്നാലെ ബാഗുമായി അമ്മ, പ്ലേറ്റും പിടിച്ച് വല്ല്യമ്മ.... ഹോ ..എന്തൊരു പുന്നാരിപ്പിക്കലാണു വല്ല്യമ്മക്ക്... വല്ല്യ ചെക്കനായി.. ഇപ്പോ രണ്ടാം ക്ലാസ്സിലായി.. എന്നിട്ടും വായേലു വെച്ചു കൊടുത്താലേ കഴിക്കൂ...

മാളൂനു മുത്തശ്ശന്റെ കൂടെയിരുന്ന് കഴിക്കാനാണിഷ്ടം. പക്ഷേ ഒരു കുഴപ്പമുണ്ട്. പ്ലേറ്റില്‍ ഒന്നും ബാക്കിയാക്കാന്‍ മുത്തശ്ശന്‍ സമ്മതിക്കില്ല. മുഴുവനും കഴിക്കണം...


വല്ല്യമ്മയാണു മാളൂനേം ബാഗിനേം ഒരുക്കുന്നത് സ്കൂളിലേക്കായി...... അമ്മ സാരിയൊക്കെ ഉടുത്ത് ഗൗരവക്കാരിയായി വരുമ്പോഴേക്കും, വല്ല്യമ്മ മാളൂനെ മുടിയൊക്കെ രണ്ട് കൊമ്പ് പോലെ കെട്ടി വെച്ച്, കണ്ണെഴുതി പൊട്ടും തൊടീച്ച് ഒരു ബ്യൂട്ടി സ്പോട്ടും കുത്തി ഒരുക്കി നിര്‍ത്തീട്ടുണ്ടാവും.

അമ്മയുടെ വെളുത്ത മാരുതിയിലാണു മാളു സ്കൂളിലേക്ക് പോകുന്നത്. അമ്മക്ക് സ്പീഡിത്തിരി കൂടുതലാണെന്നാ എല്ലാരും പറേണത്...
അതാവും എന്നു ഇറങ്ങാന്‍ നേരത്ത് മുത്തശ്ശന്‍ പൂമുഖത്തേക്ക് വന്ന് ഒന്നൂടെ ഓര്‍മ്മിപ്പിക്കും...'ഭദ്രേ... സൂക്ഷിച്ച്...

ചേവായൂര്‍ കഴിഞ്ഞാല്‍ പിന്നെ മാളൂനു ഷൈനി സിസ്റ്ററിനെ കാണാന്‍ ധൃതിയാവും... സിസ്റ്റര്‍ ഗേറ്റിന്റെ അടുത്തു തന്നെയുണ്ടാവും..
കളിക്കണതിന്റെ ഇടയിലും അരവിന്ദും നോക്കുന്നുണ്ടാവും മാളു വന്നോ എന്ന്.
അരവിന്ദാണു മാളൂന്റെ ബെസ്റ്റ് ഫ്രന്‍ഡ്..

ആ ടോണി ജെയിംസ് ഇന്ന് വരാതിരുന്നാല്‍ മതിയായിരുന്നു. ഇഷ്ടല്ല മാളൂനു ടോണിയെ... മഹാ കുറുമ്പനാ... മാളൂന്റെ പെന്‍സില്‍ എടുത്തോടും, കളിസാധങ്ങള്‍ തട്ടിപ്പറിക്കും... പിന്നെ മാളൂന്റെ കവിളില്‍ പിടിച്ച് വലിക്കേം ചെയ്യും...

പക്ഷേ എന്നാലും മാളൂനു കുറച്ചൊക്കെ ഇഷ്ടമുണ്ട്... ഇന്നാള്‍ ടോണിയുടെ ഹാപ്പി ബര്‍ത്ത്ഡേ വന്നപ്പോ മാളൂന്ന് രണ്ട് മിഠായി തന്നൂലോ...

ഇനി രണ്ട് വളവും കൂടി തിരിഞ്ഞാല്‍ മാളൂന്റെ സ്കൂള്‍ എത്തിപ്പോയി... അമ്മക്ക് ശരിക്കും നല്ല സ്പീഡുണ്ട് ട്ടോ..

ദാ... ആ ചുവന്ന അക്ഷരത്തില്‍ ബ്ലൂമിങ്ങ് ബഡ്സ് എന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടില്ലേ... അതാണു മാളൂന്റെ സ്കൂള്‍...
അവിടെ വെളുത്ത ഉടുപ്പിട്ട് നില്‍ക്കണതു കണ്ടില്ലേ... അതാണു ഷൈനി സിസ്റ്റര്‍...
ഇനിയിപ്പോ കാര്‍ നിര്‍ത്തേണ്ട താമസമേ ഉള്ളൂ, മാളൂനു ഇറങ്ങിയോടാം... ബാഗൊക്കെ അമ്മ കൊണ്ടു വന്നു തരും.
ഷൈനി സിസ്റ്ററിനു നല്ലോണം പാട്ടൊക്കെ പാടാനറിയാം, കഥ പറയാനറിയാം,... പിന്നെ കാണാനും നല്ല ഭംഗിയുണ്ട്.
മാളൂനു വല്ല്യ ഇഷ്ടാണു സിസ്റ്ററിനെ....

ഇന്നൊരു പുതിയ കളി പഠിപ്പിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ടല്ലോ ഷൈനി സിസ്റ്റര്‍...

ഇനീം വര്‍ത്തമാനം പറഞ്ഞിരുന്നാല്‍ മാളൂനു നേരം വൈകും

അപ്പോ മാളു പോവാണേ... ടാറ്റാ...

Tuesday, January 27, 2009

പ്രണയ കാലം

എന്റെയുള്ളില്‍ മഞ്ഞ് പെയ്യുകയായിരുന്നു
മരവിച്ച മഞ്ഞ്

എനിക്കു ചുറ്റിനും ഇരുട്ടായിരുന്നു
കട്ടി കൂടിയ ഇരുട്ട്

ഈ തണുപ്പില്‍ ... ഈ ഇരുട്ടില്‍...
ഞാന്‍ ഏകയായിരുന്നു

ഞാന്‍ ഒരു മഞ്ഞ് ദ്വീപായിരുന്നു

ഒരൊറ്റ നക്ഷത്രം പോലും ഇല്ലാതെ
എന്റെ ആകാശം ശൂന്യമായിരുന്നു


പിന്നൊരു ദിവസം വന്നു നീ
ഒരു നിലാ ചിരിയുമായി

ചിരിയുടെ ചൂടില്‍ മഞ്ഞുരുകി
അതൊരു ഗംഗയായൊഴുകി

ആ ഗംഗയിലൊരോളമായി ഞാനും

ഒരു കാറ്റായെന്നെ തഴുകി
ഒരു സുഗന്ധമായെന്നെ പുല്‍കി
ഒരു നാദമായെന്നില്‍ നിറഞ്ഞു നീ

എന്റെയുള്ളിലും തുടിക്കുന്നു
ചുവക്കുന്നു
എന്റെ ഹൃദയം...

Tuesday, January 13, 2009

പാളങ്ങള്‍...

ബസ്സ് നിര്‍ത്തി, ആള്‍ക്കാരുടെ ഇടയിലൂടെ തിക്കിതിരക്കി ഇറങ്ങുമ്പോഴേ കേട്ടു, വളവു തിരിഞ്ഞ് ഹോണ്‍ മുഴക്കി കൊണ്ടു വരുന്ന ട്രെയിനിന്റെ ശബ്ദം.

പുലര്‍ക്കാലത്തെ മങ്ങിയ ഇരുട്ടില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകള്‍ക്കിടയിലൂടെ,
വരിവരിയായി നിരത്തി വെച്ചിരിക്കുന്ന മുല്ലപ്പൂക്കെട്ടുകള്‍ക്കിടയിലൂടെ ,
ആവി പറക്കുന്ന കാപ്പി ചായ കച്ചവടക്കാര്‍ക്കിടയിലൂടെ,
പുതിയ സിനിമ പോസ്റ്ററുകള്‍ തേടിയിറങ്ങിയ, തെരുവ് പശുക്കള്‍ക്കിടയിലൂടെ വെപ്രാളത്തോടെയുള്ള ഒരു പാച്ചിലാണു എന്നും.

പല ഭാഷകളിലായി മാറി മാറി ഉയരുന്ന ട്രെയിന്‍ അനൗണ്‍സ്മെന്റിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രഭാത ഓട്ടം...

സ്റ്റേഷന്‍ കവാടത്തിലെ തിരക്കും പിന്നിട്ട് ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലൂടെ കയറിയിറങ്ങി, മൂന്നാമത്തെ പ്ലാറ്റ്ഫോം എന്ന ലക്ഷ്യസ്ഥാനത്തിലെത്തുമ്പോഴേക്കും കിതച്ചു തുടങ്ങിയിട്ടുണ്ടാവും.

ട്രെയിനാവട്ടെ കിതപ്പടക്കി, അടുത്ത കുതിപ്പിനായുള്ള തയ്യാറെടുപ്പിലും....
ഒരു വിധത്തില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റിലേക്ക് കയറിക്കൂടുന്നതോടെ യാത്രയുടെ ഒന്നാം ഘട്ടത്തിനു അവസാനമായി.

പരിചിത മുഖങ്ങളും, പതിവ് കുശലാന്വേഷണങ്ങളും പിന്നിട്ട് ഒരു പകുതി സീറ്റില്‍ ഇരുപ്പുറപ്പിക്കുന്നതോടെ യാത്ര തുടങ്ങുകയായി....

ദിവസം മുഴുവന്‍ പലര്‍ക്കും, പലതിനുമായി വിഭജിച്ചു കൊടുക്കുന്ന കൂട്ടത്തില്‍ എനിക്കു മാത്രമായി കിട്ടുന്നതാണു രാവിലേയും വൈകുന്നേരവുമുള്ള ഈ ഒരു മണിക്കൂര്‍ യാത്ര.

പലിശയും കൂട്ടുപലിശയുമായി പെരുകി കിടക്കുന്ന ഉറക്കബാക്കി മിക്കപ്പോഴും ആ സമയത്തേയും അപഹരിച്ചെടുക്കും. എന്നാലും ഞനെന്നൊരു വ്യക്തി ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് വല്ലപ്പോഴുമെങ്കിലും എനിക്ക് തന്നെ ഓര്‍മ്മ വരുന്നത് ഈ സമയത്താണു .

തിരക്കിനിടയില്‍ കാണുന്ന പ്രസരിപ്പ് നിറഞ്ഞ ഒരു സ്കൂള്‍കുട്ടിയുടെ മുഖമോ, ആരുടേയെങ്കിലും മുടിയില്‍ വിടര്‍ന്നു ചിരിച്ചിരിക്കുന്ന ഒരു ചുവന്ന പനിനീര്‍പ്പൂവോ, അങ്ങിനെ എന്തെങ്കിലും ആയിരിക്കും മിക്കപ്പോഴും ഓര്‍മ്മകളെ തട്ടിയുണര്‍ത്തുന്നത്.

കഴിഞ്ഞു പോയ എതോ ജന്മത്തിലെന്ന പോലെ ഒരു മങ്ങിയ ചിത്രമായി ഓര്‍മ്മകളില്‍ എത്തും.... ഞാനും ഒരു കുട്ടിയായിരുന്ന കാലം.

ഒരു ചുവന്ന റോസാപ്പൂവിനെ പോലെ വിടര്‍ന്ന് ചിരിക്കാന്‍ കഴിഞ്ഞിരുന്നൊരു കാലം

ഇഷ്ടങ്ങളും മോഹങ്ങളും, സ്വപ്നങ്ങളും സ്വന്തമായിരുന്നൊരു കാലം..

ചെടികളോടും കിളികളോടും വരെ പറയുവാനേറെ വിശേഷങ്ങളുണ്ടായിരുന്നൊരു കാലം...

ഉച്ചത്തില്‍ ചിരിക്കുന്നതിനു അമ്മയില്‍ നിന്നേറെ വഴക്കും കേട്ടിരുന്നു അന്നൊക്കെ...

ആലോചിക്കുമ്പോള്‍ അത്ഭുതം...... കാലം എന്തെല്ലാം മാറ്റങ്ങളാണു വരുത്തുന്നത് ജീവിതത്തില്‍...

ചിരിച്ചു കളിച്ച് നടന്നൊരു കൗമാരക്കാരിയില്‍ നിന്നും പ്രാരബ്ധക്കാരിയായൊരു മദ്ധ്യവയസ്കയിലേക്ക് എടുത്തെറിഞ്ഞ പോലെ എത്തിപ്പെടുകയായി...
തിരക്കിനിടയില്‍ എവിടേയോ നഷ്ടപ്പെട്ടു പോയതൊരു യൗവ്വനം....

ചിരിക്കാനോ സന്തോഷിക്കാനോ സമയമില്ലാത്ത വിധത്തില്‍ കുടും ബത്തിനും ജോലിക്കുമായി പകുത്തു നല്‍കുന്ന ജീവിതം...
ആഹ്ളാദം നിറഞ്ഞ ചിരിയൊച്ചകള്‍ ചിറകടിച്ചകലുന്നു...
അസന്തുഷ്ടിയുടെ നിശബ്ദത വ്യാപിക്കുന്നു ജീവിതത്തില്‍...

അലാറാം ശബ്ദത്തില്‍ തുടങ്ങുന്ന ദിവസങ്ങള്‍......
ഒരു എക്സ്പ്രസ്സ് ട്രെയിനിന്റെ വേഗത്തില്‍ വീട്ടു ജോലികള്‍ തീര്‍ത്താലേ പാസഞ്ചര്‍ ട്രെയിനിലെങ്കിലും ഓഫീസിലെത്താന്‍ പറ്റുകയുള്ളൂ എന്ന ചിന്ത കൈകള്‍ക്കും കാലിനും ശക്തി പകരുന്നു..

പണികളെല്ലാം ഒതുക്കി ഇറങ്ങുമ്പോഴും പരാതികള്‍ അവസാനിക്കുന്നില്ല.....
അമ്മക്ക് ഈ വെള്ളം കൂടി ഒന്ന് കുപ്പിയിലാക്കിയാല്‍ എന്താണെന്നു പരിഭവിക്കുന്ന എട്ടാം ക്ലാസ്സുകാരിയേയും, ഇന്നും ഇഡ്ഡലിയാണോ എന്ന് മുഖം ചുളിക്കുന്ന ആറാം ക്ലാസ്സുകാരനേയും, രാവിലത്തെ ഉറക്കം കളഞ്ഞ് ബസ്സ് സ്റ്റോപ്പ് വരെ കൂടെ വരേണ്ടി വരുന്നതിന്റെ പരാതി ഒരു നീണ്ട കോട്ടുവായിലൊതുക്കുന്ന ഭര്‍ത്താവിനേയും കണ്ടില്ലെന്നു നടിക്കുകയേ മാര്‍ഗ്ഗമുള്ളൂ...

പതിവു തെറ്റിക്കാതെ, കഴുകുവാനുള്ള തുണിയും പാത്രങ്ങളും, നാണിയമ്മക്കെടുത്തു കൊടുക്കാന്‍ മറക്കരുതെന്ന് മകളേയും,
വാതിലും ഗേറ്റും അടക്കാന്‍ മറക്കരുതെന്ന് മകനേയും,
ഒന്നു കൂടി ഓര്‍മ്മിപ്പിച്ച് പടിയിറങ്ങി, പലചരക്കു കടയില്‍ നിന്ന് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് നടത്തത്തിനിടയില്‍ ഭര്‍ത്താവിനോടും പറഞ്ഞു കഴിയുന്നതിനു മുന്നേ ബസ്സിന്റെ വരവായി..

വിരസമായ, മടുപ്പിക്കുന്ന കൃത്യതയോടെ ആവര്‍ത്തിക്കപ്പെടുന്ന ദൃശ്യങ്ങള്‍...

ഇരുട്ട് നിറഞ്ഞ കുടുസ്സു മുറിയിലെന്നപോലെ ശ്വാസം മുട്ടിക്കുന്ന ജീവിതം...

ഒരിത്തിരി പ്രകാശം പരത്താനായി ഇടക്ക് വന്നെത്തി നോക്കി പോകുന്ന ചില ഓര്‍മ്മകള്‍ ...
ചില ഓര്‍മ്മപ്പെടുത്തലുകള്‍...

ഹൃദയത്തിനോട് ചേര്‍ന്നു നിന്നിരുന്ന പ്രിയമേറിയവരുടെ ഓര്‍മ്മകള്‍...

കൂട്ടത്തില്‍ മാധുര്യമേറിയൊരു ഓര്‍മ്മയായി ഭാമ...

വര്‍ഷങ്ങളോളം പകുതി പ്രാണന്‍ പോലെ പ്രിയങ്കരിയായിരുന്ന കൂട്ടുകാരിയായിരുന്നു ഭാമ..

ഒരു മാര്‍ച്ച് മാസത്തില്‍ ഇടക്കിടക്ക് ഇനിയും കാണാമെന്ന വാഗ്ദാനത്തോടെ പിരിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ഏറെയായി...

വല്ലപ്പോഴും കാണുന്ന സ്വപ്ങ്ങളില്‍ മാത്രം പൂര്‍ത്തീകരിക്കുന്ന വാഗ്ദാനങ്ങള്‍...

പക്ഷേ ഇന്നലെ....

ഒരു പാതി മയക്കത്തിനിടയില്‍ ഞാന്‍ കണ്ടു...
തിരക്കേറിയൊരു സ്റ്റേഷ്നില്‍ ആള്‍ക്കൂട്ടത്തിലൊരാളായി എന്റെ ഭാമ..
അകലെ നിന്നാണെങ്കിലും വളരെ വ്യക്തമായെന്ന പോലെ...

അടഞ്ഞടഞ്ഞു പോകുന്ന കണ്‍പോളകള്‍ക്കിടയിലൂടേയും ചിരിക്കുന്ന കണ്ണുകള്‍ തൊട്ടടുത്തെന്ന പോലെ...

പക്ഷേ കണ്ണ് തുറന്നാല്‍ മാഞ്ഞു പോകുന്ന ഒരു സ്വപ്നമെന്നു കരുതി. കണ്ണുകള്‍ ഇറുക്കി അടക്കാനായിരുന്നു എനിക്കിഷ്ടം.....

കാണാനുള്ള കൊതിയോടെ, ഏതൊരാള്‍ക്കൂട്ടത്തിലും തിരഞ്ഞു കൊണ്ടിരുന്ന മുഖം, കണ്മുന്നില്‍ കാണിക്കണേ എന്ന പ്രാര്‍ത്ഥന പോയ വര്‍ഷങ്ങളിലെവിടേയോ കൈവിട്ടിരിക്കുന്നു ഞാന്‍...

കണ്ണിലെ തിളക്കവും കവിളിലെ തുടിപ്പും, കൈയ്യിലെ മിനുസവും പോലെ ശബ്ദത്തിലെ സ്നേഹവും, എന്നില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു ഈ യാത്രക്കിടയില്‍...

ഇതു പോലൊരു യാത്രക്കാരിയായി ഭാമയെ കാണുക വയ്യ....

എന്റെ സ്വപ്നങ്ങളില്‍ അവള്‍ ചിരിക്കട്ടെ എന്നും....

വരണ്ടുണങ്ങിയ ഈ ജീവിതത്തില്‍ ഒരിത്തിരി നനവേകാന്‍ ഈ ഓര്‍മ്മകളെങ്കിലും കാത്തു സൂക്ഷിക്കട്ടെ ഞാന്‍....

ചിരിക്കാന്‍ മാത്രമറിയുന്ന എന്റെ കൂട്ടുകാരിയും , സന്തോഷം നിറഞ്ഞിരുന്ന എന്റെ കൗമാരവും ഓര്‍മ്മകളില്‍ ഇനിയും ജീവിക്കട്ടെ...

യാഥാര്‍ത്ഥ്യത്തിന്റെ കരിമ്പാറകളില്‍ തട്ടി എന്റെ സ്വപ്നലോകം വീണുടയാതിരിക്കട്ടെ..

കാലത്തേയും ഓര്‍മ്മകളേയും പുറകിലേക്കു തള്ളി ഞാനീ യാത്ര ഇനിയും തുടരട്ടെ ...