Sunday, March 29, 2009

അങ്ങിനെ ഒരു അവധിക്കാലത്ത്....

കുറച്ച് പഴയ കഥയാണു.
പ്ലസ് ടു എന്‍ ട്രന്‍സ് പരീക്ഷകള്‍ ഒരു പെരുമഴ പോലെ പെയ്ത് തോര്‍ന്നതിനു ശേഷമുള്ള കാലത്താണു. റിസള്‍ട്ട് കൂടി അറിഞ്ഞതില്‍ പിന്നെ ജീവിതമൊരു കാത്തിരിപ്പ് മാത്രമായി ചുരുങ്ങി. ഏതെങ്കിലും ഒരു പ്രൊഫഷണല്‍ കോളേജ് കവാടം എനിക്കായി തുറക്കപ്പെടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പ്.

ചുറ്റിനുമുള്ളവരുടെ തിരക്കു പിടിച്ച ജീവിതത്തില്‍ നിന്നും അകന്നു മാറി, അലിഞ്ഞു ചേരാത്തൊരു വര്‍ണ്ണം പോലെ അലസതയുടെ മടുപ്പ് കലര്‍ന്ന എന്റെ ദിവസങ്ങള്‍.
പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

അച് ഛനും അമ്മയും നാട്ടിലില്ലാത്തതിനാല്‍ എല്ലാ അവധിക്കാലങ്ങളിലും എന്ന പോലെ അലഞ്ഞു തിരിയുകയായിരുന്നു ഞാനിത്തവണയും.
തുടക്കത്തിലൊക്കെ ഒരു ടെന്നിസ് ബോള്‍ പോലെ ഒരു ബന്ധു വീട്ടില്‍ നിന്നും മറ്റൊന്നിലേക്ക് ഞാനിങ്ങനെ തെറിച്ചു കൊണ്ടിരുന്നു.
യാത്രകള്‍ മടുത്ത് അവസാനം തറവാട്ടില്‍ തന്നെ തിരിച്ചെത്തി. അവിടെയാവുമ്പോള്‍ എനിക്കു കണ്ടുകൊണ്ടിരിക്കാന്‍ മുത്തശ്ശിയുണ്ടാവും എപ്പോഴും.

വല്ല്യച് ഛനും വല്ല്യമ്മയും ആ സമയത്തൊരു വടക്കെ ഇന്ത്യന്‍ യാത്രയിലായിരുന്നു.
വല്ല്യേട്ടന്‍ ഓഫീസിലേക്കും, ഏട്ത്തി സ്കൂളിലേക്കും അവരുടെ മകനായ കുട്ടു നഴ്സറിയിലേക്കും പോയി കഴിഞ്ഞാല്‍ പിന്നെ ഞാനും മുത്തശ്ശിയും മാത്രമാവും ഇല്ലത്ത്. മുത്തശ്ശിയുടെ കൂടെ പഴങ്കഥകളും പാട്ടുകളും ഒക്കെ നിറഞ്ഞ കുറേ ദിവസങ്ങള്‍.

നഴ്സറിയില്‍ പോകുന്നതു വരേയും വന്നു കഴിഞ്ഞാലും കുട്ടുവുമുണ്ടാകും എനിക്കു കൂട്ടു കൂടാന്‍ . അവനിങ്ങനെ വികൃതികളും കാണിച്ച് പൊട്ടിത്തെറിച്ച് നടക്കും.
കുട്ടികളെക്കുറിച്ച് എനിക്കുണ്ടായിരുന്ന പഴഞ്ചന്‍ സങ്കല്‍പ്പങ്ങളിലൊക്കെ ഒരു പൊളിച്ചെഴുത്ത് തന്നെ നടത്തിയവനാണീ കുട്ടൂസ്...
കുട്ടുവിന്റെ ഓരോ ദിവസവും തുടങ്ങുന്നതു തന്നെ ഒരു പിടി പ്രശ്നങ്ങളുമായാണു. നഴ്സറിയില്‍ പോവേണ്ടി വരുന്നതിലെ മനോവേദന മിക്ക ദിവസവും വേറെ പല വേദനകളുടേയും രൂപത്തില്‍ കുട്ടുവില്‍ പ്രത്യക്ഷപ്പെടും. സാധാരണയായി കണ്ടു വരുന്ന വയറു വേദന, തലവേദന എന്നിവക്കൊക്കെ പുറമേ, ഹോം വര്‍ക്ക് ചെയ്തു തീരാത്ത ദിവസമാണെങ്കില്‍ വിരലു വേദന, പെന്‍സിലോ മറ്റെന്തെങ്കിലും സ്കൂള്‍ സാധനങ്ങളോ കാണാതെ പോയ ദിവസമാണേല്‍ കണ്ണ് വേദന( അപ്പോള്‍ പിന്നെ തിരഞ്ഞ് കണ്ടു പിടിക്കാന്‍ പറയില്ലല്ലോ) എന്നിങ്ങനെ സ്പെഷ്യല്‍ വേദനകളും കുട്ടുവിന്റെ ആവനാഴിയില്‍ സുലഭമാണു.

വളരെ മികവാര്‍ന്ന ഭാവാഭിനയം കാഴ്ച വെക്കുമെങ്കിലും മിക്ക ദിവസവും അവനു സ്കൂളില്‍ പോകേണ്ടി വരാറാണു പതിവ്.

എല്ലാ ദിവസത്തേയും പോലെ സംഭവ ദിവസം രാവിലേയും സഹിക്കാന്‍ വയ്യാത്ത വേദനയുമായാണു കുട്ടു എണീറ്റു വന്നതു തന്നെ. അന്ന് പല്ലു വേദനയായിരുന്നു വില്ലന്‍ .
വല്ല്യേട്ടനും ഏട്ത്തിയും അന്ന് കുറച്ച് തിരക്കിലായതിനാല്‍ ഒരു പ്രാഥമികറൗണ്ട് പരിശോധനകള്‍ക്ക് ശേഷം വിദഗ്ദ്ധാഭിപ്രായത്തിനായി അവനെ എന്റെ അടുത്തേക്ക് പറഞ്ഞയച്ചു.

പല്ല് വേദനയുടെ കാരണം തേടിയുള്ള അന്വേഷണത്തിനിടയില്‍ കുട്ടുവിന്റെ വായയില്‍ നോക്കിയ ഞാന്‍ , പഴയ അമ്പാടിയിലെ യശോദയുടെ അവസ്ഥയിലായി. മൂന്ന് ലോകങ്ങളും കാണാന്‍ കഴിഞ്ഞില്ലെങ്കിലും ചുരുങ്ങിയത് ഒരു ചന്ദ്രോപരിതലമെങ്കിലും സന്ദര്‍ശിച്ച അനുഭൂതി. കുഴിയും കുന്നും ഇരുണ്ട ഗര്‍ത്തങ്ങളും....!!!

എല്ലാവിധ പരിശോധനകളോടും കടന്നു കയറ്റങ്ങളോടും അവന്റെ വക വമ്പിച്ച പ്രതിഷേധവുമുണ്ട്. വായ തുറക്കാന്‍ പോലും പറ്റാത്തത്ര വേദനയുണ്ടെന്നാണവന്റെ വാദം.

വെള്ളം കുടിക്കാന്‍ വയ്യ, പാലു കടിക്കാന്‍ വയ്യ (പാലിലെ പഞ്ചസാരയാണേ.....) എന്നിങ്ങനെ കണ്ണീരില്‍ കുതിര്‍ന്ന പരിദേവനങ്ങളും.

ഇതിനെല്ലാം പുറമേ കവിളത്ത് ഒരു മിഠായിയുടെ വലിപ്പത്തില്‍ നീരുമുണ്ട്.

ക്രോസ്സ് എക്സാമിനേഷനു സമയമില്ലാത്തതിനാല്‍ അവനൊരു ദിവസത്തെ അവധി പ്രഖ്യാപിച്ച് ഏട്ടനും ഏട്ത്തിയും സ്ഥലം വിട്ടു.

എല്ലാവരും പോയിക്കഴിഞ്ഞിട്ടും കുറച്ചു നേരത്തേക്ക് വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല. ക്രമസമാധാന നില തൃപ്തികരം.
മുത്തശ്ശി പതിവുള്ള ഭാഗവതം വായനയിലേക്കും ഞാന്‍ തലേ ദിവസം മാത്രം എന്റെ കൈയ്യിലെത്തിച്ചേര്‍ന്ന ഹാരിപോട്ടറിന്റെ പുതിയ കഥയിലേക്കും തല താഴ്ത്തി.

കുട്ടു അപ്പുറത്തായി അവന്റെ വണ്ടിയുമായി കറങ്ങി നടപ്പാണു. ഏതോ ഒരു റിയാലിറ്റി ഷോയുടെ സമ്മാനമായി പ്രഖ്യാപിച്ചിരുന്ന റോയല്‍ ലിമോസിന്‍ ആണു കുട്ടുവിന്റെ സ്വപ്ന വാഹനം.
കൈയ്യില്‍ കിട്ടിയതെന്തും, അതിപ്പോ അടുക്കളയിലെ പാത്രമായാലും, അവന്റെ കുഞ്ഞിക്കസേരയായാലും, നഴ്സറിയില്‍ മുന്നിലിരിക്കുന്ന കുട്ടിയുടെ തലയായാലും, പുസ്തകമായലും നിമിഷ നേരം കൊണ്ട് ലിമോസിന്‍ ആക്കി മാറ്റാനുള്ള വിദ്യ കുട്ടുവിനു സ്വന്തമായിരുന്നു. ( ഈ വണ്ടി ഭ്രാന്തിന്റെ പേരില്‍ ഏട്ടനും ഏട്ത്തിയും ഒന്നും രണ്ടും പ്രാവശ്യമൊന്നും അല്ല സ്കൂളില്‍ കയറിയിറങ്ങേണ്ടി വന്നിട്ടുള്ളത്...!!)


എന്തായാലും കുറച്ച് കഴിഞ്ഞപ്പോഴേക്കും കളിച്ചു മടുത്തിട്ടാണോ അതോ ശരിക്കും വേദനിച്ചിട്ടാണോ എന്ന് ഇപ്പോഴും കൃത്യമായി എനിക്കറിയില്ല, പല്ല് വേദനിക്കുന്നു എന്ന ചിണുങ്ങലുമായി അവന്‍ എന്റെ അടുത്തെത്തി. ആ സമയമായപ്പോഴേക്കും വായിലുള്ള മിഠായി വലിപ്പത്തിലുള്ള നീരു, കുറച്ചു കൂടി വലുതായി ഒരു നെല്ലിക്കയുടെ വലിപ്പത്തിലും ആയിട്ടുണ്ട്..

ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോകാമെന്നു വെച്ചാലും വീട്ടിലാണെങ്കില്‍ ഞാന്‍ മാത്രമേയുള്ളൂ.. പിന്നെയുള്ളത് വീട്ടിനകത്തു തന്നെ നടക്കാന്‍ ബുദ്ധിമുട്ടുള്ള മുത്തശ്ശിയാണു.

ഞാനിങ്ങനെ കോഴിക്കോട്ടുകാരിയാണെന്ന് വല്ല്യ ഗമ പറയുമെങ്കിലും വര്‍ഷങ്ങളായി താമസം ഈ ഏരിയയിലൊന്നുമല്ല.
ബോര്‍ഡിങ്ങിലെ എന്റെ മുറിക്ക് കുടികിടപ്പവകാശം ലഭിക്കാന്‍ പോലും അര്‍ഹതയുള്ള സമയത്താണു സിസ്റ്റര്‍മാരുടെ ഭാഗ്യത്തിനു ഞാന്‍ പ്ലസ് ടു കഴിഞ്ഞ് അവിടെ നിന്നും പോന്നത്. ഓര്‍മ്മ വെച്ചതില്‍ പിന്നെ ഒരു പത്ത് ദിവസത്തില്‍ കൂടുതല്‍ ഈ നാട്ടിലോ ഈ തറവാട്ടിലോ ഒന്നും വന്ന് നില്‍ക്കാറില്ല.
അതുകൊണ്ട് തന്നെ ഇതെന്റെ സ്വന്തം നാടാണെങ്കിലും മറ്റേതൊരു സ്ഥലവും എന്നതു പോലെ എനിക്ക് തീര്‍ത്തും അപരിചിതമാണു.

പക്ഷേ കുട്ടുവിന്റെ പരാതിയുടേയും കരച്ചിലിന്റേയും ശക്തി കൂടുന്നതിനനുസരിച്ച് എന്നിലും ഒരു അസ്വസ്ഥത വളര്‍ന്നു തുടങ്ങി. ചെറിയൊരു കുട്ടി വേദനിച്ചു കരയുന്നത് എത്ര നേരം നോക്കി കൊണ്ടിരിക്കും..???

പല്ല് ഡോക്ടറുടെ ഈ ക്ലിനിക്കില്‍ കുട്ടു ഒരു സ്ഥിരം സന്ദര്‍ശകന്‍ ആയതിനാല്‍ അവനു വഴിയൊക്കെ നല്ല പോലെ അറിയാം എന്ന് മുത്തശ്ശിയുടെ ഉറപ്പും കൂടി ആയപ്പോള്‍ , അവനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോകാം എന്ന് ഞാനും തീരുമാനിച്ചു.

പിന്നീട് കാര്യങ്ങളെല്ലാം വേഗത്തിലായിരുന്നു. ക്ലിനിക്കിന്റെ നമ്പര്‍ തപ്പിയെടുക്കലും വിളിച്ചു ചോദിക്കലും ഇന്നുച്ച വരെ മാത്രമേ ഡോക്ടര്‍ ഉണ്ടായിരിക്കുകയുള്ളൂ എന്ന വിവരമറിയലും എല്ലാം ക്ഷണ നേരത്തില്‍ കഴിഞ്ഞു.

ഒരു പത്ത് മിനുട്ട് മതി മാവൂരിലെത്താന്‍ , തിരിച്ചും ഒരു പത്ത് മിനുട്ട്. ഡോക്ടറെ കാണാനും മരുന്ന് മേടിക്കാനും എല്ലാം കൂടി ഒരു ഒരുമണിക്കൂര്‍. അപ്പോള്‍ എങ്ങിനെ പോയാലും ഒരു പന്ത്രണ്ടര ആവുമ്പോഴേക്കും തിരിച്ചെത്താം, എന്ന ഉറപ്പിന്മേല്‍ ഹാരിപോട്ടറെ ആ മാന്ത്രിക സ്കൂളില്‍ അപകടങ്ങളുടെ നടുവില്‍ മനസ്സില്ലാ മനസ്സോടെ ഉപേക്ഷിച്ച് ഞാന്‍ യാത്രക്കൊരുങ്ങി.

ഒരു ചെറിയ കുന്നിന്റെ താഴ്വരയിലായാണു ഞങ്ങളുടെ ഇല്ലം. ഗേറ്റ് കടന്നാല്‍ താഴെ റോഡ് വരെ കുത്തനെ ഒരു ഇറക്കമാണു. മഴ പൂര്‍ണ്ണമായും മാറിയിട്ടില്ലാത്ത കാലമായതിനാല്‍ വെള്ളമൊലിച്ചു പോകുന്ന ചെറിയ ചാലുകളും മണ്ണൊലിച്ചു പോയ ചെറിയ കുഴികളും ഒക്കെയുള്ള ആ വഴിയിലെത്തിയതും കുട്ടു ലിമോസിന്‍ സ്റ്റാര്‍ട്ട് ചെയ്ത് കുതിക്കാന്‍ തുടങ്ങി.

പല്ല് ഡോക്ടറെ കാണാനിറങ്ങിയിട്ട് അവസാനം എല്ല് ഡോക്ടറുടെ അടുത്തെത്തുമോ എന്ന പേടിയില്‍ ഞാനും പിന്നാലെ വെച്ചു പിടിച്ചു. കഷ്ടിച്ച് ഒരു ആക്ടിവ മാത്രം ഓടിക്കാന്‍ അറിയുന്ന ഞാന്‍ ഈ ലിമോസിന്റെ ഒപ്പം എങ്ങിനെ ഓടിയെത്താന്‍ . ..???
ഞാന്‍ എന്റെ പതിവ് രീതി പ്രകാരം നേരെ മഴവെള്ളം കെട്ടി നില്‍ക്കുന്ന ഒരു ചെറിയ കുഴിയിലേക്ക് വീണെന്നും പറയാം, ഇല്ലെന്നും പറയാം എന്ന മട്ടില്‍ ചെന്നു നിന്നു. കാലിലൊരു ചെറിയ മുറിവും പ്ലസ് ടു റിസല്‍ട്ട് അറിഞ്ഞ വകയില്‍ കിട്ടിയ പുതിയ ചുരിദാറില്‍ ചെളി വെള്ളം കൊണ്ടൊരു ചിത്രപ്പണിയും ആ വകയിലുള്ള സമ്പാദ്യം...

എന്തായാലും ഈ സംഭവത്തോടെ കുട്ടു കുറുമ്പിനൊരു ഷോര്‍ട്ട് ബ്രേക്ക് കൊടുത്ത് ഒരു നല്ല കുട്ടിയെ പോലെ ബസ്റ്റോപ്പ് വരെ കൂടെ നടന്നു.

അഞ്ച് മിനിറ്റ് ഇടവിട്ട് മാവൂരിലേക്ക് ബസ്സുണ്ടെന്ന് പറഞ്ഞിട്ട് അഞ്ചും പത്തും പതിനഞ്ചും മിനിറ്റുകള്‍ കഴിഞ്ഞിട്ടും ഒന്നും വരുന്നത് കാണാനില്ല, മാത്രവുമല്ല അന്തരീക്ഷത്തിനാകെ പതിവില്ലാത്തൊരു ശാന്തത. അവാര്‍ഡ് സിനിമയിലെ ഡയലോഗ് പോലെ വല്ലപ്പോഴും കടന്നു പോകുന്ന ഒരു വാഹനം മാത്രം.

കുട്ടുവിനിതൊന്നും ശ്രദ്ധിക്കാനേ സമയമില്ല. അവിടെ പലവിധ കളികളില്‍ മുഴുകിയിരിക്കുകയാണു. എന്തിനാണീ യാത്ര എന്നതു തന്നെ മറന്ന മട്ടാണു, ഇപ്പോ ഒരു വേദനയുമില്ല, കരച്ചിലുമില്ല.

കാത്തിരിക്കുക എന്നതല്ലാതെ വേറെ വഴികളൊന്നും എന്റെ മുന്നിലും ഇല്ലാത്തതിനാല്‍ അവിടെയിരിക്കാം എന്നു ഞാനും കരുതി.
അങ്ങിനേയിരിക്കുമ്പോഴാണു ഒരു ബൈക്ക് രണ്ടാമതും മൂന്നാമതും ഒക്കെ ആ വഴിക്കു തന്നെ കടന്നു പോകുന്നത് ഞാന്‍ ശ്രദ്ധിച്ചത്. വെറുതെ ഓടിച്ചു പോവുക മാത്രമല്ല, ഞങ്ങളെ കാര്യമായിട്ട് നോക്കുന്നുമുണ്ട്. ഞാന്‍ എന്തായാലും ചുരിദാറില്‍ ചളി പറ്റിയ ഭാഗം ഷാള്‍ കൊണ്ടൊക്കെ മറച്ച് പിടിച്ച്, നല്ല ഗൗരവത്തിലിരുന്നു. നാലാം വട്ടം അവരങ്ങിനെ വെറുതെ നോക്കി കടന്നു പോയില്ല, ഞങ്ങളുടെ അടുത്തായി വണ്ടി കൊണ്ടു വന്ന് നിര്‍ത്തി.

ഞാനും ഒന്നു പുകഞ്ഞു, ധൈര്യമൊക്കെ ആവിയായതു പോലെ. പത്രത്തിലൊക്കെ കാണുന്ന പല വാര്‍ത്തകളും, സിനിമ രംഗങ്ങളുമൊക്കെ ആരും വിളിക്കാതെ തന്നെ എന്റെ മനസ്സിലേക്കോടിയെത്തി. ഹൃദയ മിടിപ്പുകള്‍ ഒരു ഡോള്‍ബി സിസ്റ്റത്തിന്റെ സൗണ്ട് എഫക്റ്റില്‍ കേടു തുടങ്ങി.
പക്ഷേ പേടിച്ചതൊക്കെ വെറുതെയായെന്നു പറഞ്ഞാല്‍ മതിയല്ലോ. അപ്പുറത്തായി ഒരു ലോറി മറിഞ്ഞു വഴി ബ്ലോക്കായതു കാരണം ഈ വഴിക്കു വരുന്ന ബസ്സൊക്കെ തൊട്ടപ്പുറത്തു നിന്നും തിരിഞ്ഞ് കായലം വഴിയാണു മാവൂരിലേക്ക് പോകുന്നത്. ഇവിടെ കാത്തിരുന്ന് വെറുതെ സമയം കളയണ്ട എന്നു പറയാന്‍ വേണ്ടി മാത്രമായിരുന്നു അവ്ര്‍ വണ്ടി നിര്‍ത്തിയത്.

കാര്യങ്ങളാകപ്പാടെ കല്ലു മഴ പോലെയായല്ലോ എന്ന വിഷമത്തിലായി ഞാന്‍. എന്റെ മുഖഭാവം കണ്ട് തീരുമാനം എന്തായിരിക്കുമെന്ന് ഏകദേശം ഊഹിച്ച കുട്ടുവിനു പെട്ടന്നു പല്ലുവേദന കൂടി, കരച്ചിലിനുള്ള തയ്യാറെടുപ്പ് തുടങ്ങി.
ദ്വേഷ്യത്തോടെയാണെങ്കിലും ഞാന്‍ നോക്കിയപ്പോള്‍ വികൃതി കൊണ്ട് തിളങ്ങുന്ന കണ്ണുകളും, വെയിലത്ത് കളിച്ചു ചുവന്ന കവിളും, മുഖത്തേക്ക് ചിതറി വീണ മുടിയും, കവിളത്തൊരു കുഞ്ഞു മുഴ പോലെ നീരും. എല്ലാം കൂടി കണ്ടപ്പോള്‍ എന്റെ ഉള്ളിലും വാല്‍സല്യത്തിന്റെ ഒരു കിനിവ്. ഇന്നുച്ചക്കുശേഷം ഡോക്ടര്‍ ഇല്ലാത്തതിനാല്‍ വല്ല്യേട്ടന്‍ ഓഫീസില്‍ നിന്നും വന്നതിനു ശേഷം ഡോക്ടറെ കാണലും നടക്കില്ല. നാളെ വരെ ഈ വികൃതി, വേദന സഹിച്ചിരിക്കേണ്ടേ എന്നോര്‍ത്തപ്പോള്‍ ഇത്തിരി ബുദ്ധിമുട്ടിയാലും ഡോക്ടറെ കാണാന്‍ പോവാം എന്നു തന്നെ തീരുമാനിച്ചു.


കുട്ടുവിനോട് ചോദിച്ചപ്പോള്‍ , ആ വഴികളും അവനു നല്ല പരിചയം. അവന്റെ സ്കൂള്‍ വാന്‍ നിത്യവും കായലം വഴിയാണു വരുന്നത്. ബസ്സ് കിട്ടുമെന്ന് ബൈക്ക്കാര്‍ പറഞ്ഞ ജംഗ്ഷനിലേക്ക് രണ്ട് തിരിവ് തിരിഞ്ഞാല്‍ എത്തും എന്നാണവന്റെ പറച്ചില്‍.

പോവാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഞങ്ങള്‍ സമയം കളയാതെ നടക്കാന്‍ തുടങ്ങി. നേരെ നടക്കുക എന്നല്ലാതെ കുറേ കഴിഞ്ഞിട്ടും തിരിവൊന്നും കാണാനില്ല. കുറച്ചു കഴിഞ്ഞപ്പോഴേക്കും സ്കൂള്‍ ബസ്സിലിരുന്ന് വളവ് തിരിയുന്ന സുഖമൊന്നും നടക്കുമ്പോള്‍ ഇല്ലെന്ന് കുട്ടുവിനും തോന്നിത്തുടങ്ങി.
പകുതി വഴി ആയപ്പോഴേകും മൂപ്പര്‍ കുറ്റിയടിച്ച പോലെ റോഡിലൊരു നില്‍പ്പ്, ആവശ്യം നിസ്സാരം, ഇനി നടക്കാന്‍ വയ്യ, വേണമെങ്കില്‍ ഞാന്‍ എടുത്തു നടക്കണം.
പകുതി വഴിയിലെത്തിയപ്പോഴാണു ഇവന്റെയീ അതിക്രമം. ഇനിയിപ്പോ വീട്ടിലേക്കായാലും, ബസിലേക്കായാലും ഞന്‍ എടുക്കാതെ തരമില്ല.
തനിയെ നടക്കാന്‍ തന്നെ ആവതില്ലാത ഞാന്‍ പിന്നെ അവനേയും ചുമന്നായി യാത്ര. അങ്ങിനെ ബസ്സിന്റെ അടുത്തെത്തിയപ്പോഴേക്കും ഞാന്‍ ഈ ജീവിതം തന്നെ വെറുക്കുന്ന ഒരു മാനസികാവസ്ഥയില്‍ എത്തിയിരുന്നു.

അവിടെയെത്തിയപ്പോള്‍ ഞങ്ങളിത്ര നേരം കാത്തിരുന്ന ബസ്സുകളൊക്കെ അവിടെ ഞങ്ങളെ കാത്തിരിക്കുന്നു.

അപ്പോഴേക്കും കുട്ടുവും ഉഷാറായി, എന്നെ മണിയടിച്ച് രണ്ട് ലോലിപ്പോപ്പും കരസ്ഥമാക്കി ബസ്സിലേക്ക് ഓടിക്കയറി.( ആ മിഠായി കണ്ട് അടുത്തിരുന്ന കുട്ടി കരഞ്ഞതും, പിന്നെ അതൊരു പകര്‍ച്ച വ്യാധിയായി പടര്‍ന്ന് പിടിച്ച് ആ ബസ്സിലുണ്ടായിരുന്ന മറ്റ് കുട്ടികളും കരഞ്ഞതും, ആ കുട്ടികളുടെ അമ്മമാരുടെ മൂര്‍ച്ചയേറിയ നോട്ടം താങ്ങാനാവാതെ ഞാന്‍ തളര്‍ന്നു പോയതും ചരിത്രം)

അങ്ങിനെ സം ഭവ ബഹുലമായ ഞങ്ങളുടെ യാത്ര അവസാനം ലക്ഷ്യം കണ്ടു. മാവൂരിലെത്തിയപ്പോള്‍ ഞനൊന്ന് ആശ്വസിച്ചതായിരുന്നു, പക്ഷേ ശരിക്കുമുള്ള പ്രശ്നങ്ങള്‍ തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ..

ഇവിടെയെത്തിയാല്‍ വഴിയറിയാം എന്ന് വീമ്പ് പറഞ്ഞിരുന്ന കുട്ടു മൂക്കിലൊരു വിരലും തിരുകി ഗഹനമായ ചിന്തയിലാണു. വഴി കാണിച്ചു തരൂ എന്ന് ഞാന്‍ പറഞ്ഞതൊന്നും കേട്ട ഭാവം പോലുമില്ല മുഖത്ത്. ഏറെ നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ 'ഇവിടെയല്ല' എന്നു മാത്രം പറഞ്ഞ് മൂപ്പര്‍ പിന്നേയും ഗൗരവത്തിലായി.

ഉച്ച വെയിലിനൊപ്പം കത്തി പടരുന്ന നിരാശയോടെ ഞാന്‍ തിരിച്ചറിഞ്ഞു, വല്ല്യേട്ടന്റെ കൂടെ വണ്ടിയില്‍ വന്ന് ഡോക്ടറെ കണ്ടു മടങ്ങുന്ന കുട്ടനു, ഇവിടെയിപ്പോള്‍ തെക്ക് വടക്ക് തിരിഞ്ഞിട്ടില്ല എന്ന്.

ആരോടെങ്കിലും ചോദിക്കാമെന്നു വെച്ചാല്‍ വെള്ളിയാഴച ആയതിനാലും, പ്രാര്‍ത്ഥനാ സമയം ആയതിനാലും കടകള്‍ മിക്കവാറും അടഞ്ഞു കിടപ്പാണു. ഓട്ടോറിക്ഷ സ്റ്റാന്‍ഡ് പോലും ശൂന്യം.


തുറന്നിരിക്കുന്ന ഒരു കടയില്‍ ചെന്നു അന്വെഷിച്ചപ്പോള്‍ അവിടെ കാവല്‍ക്കാരനായി ഇരിക്കുന്ന കുട്ടിക്ക് പല്ല് ഡോക്ടറെ ഒഴിച്ച് ബാക്കി എല്ലാ ഡോക്ടര്‍മാരേയും അറിയാം. ആ കുട്ടിയുടെ അഭിപ്രായത്തില്‍ പല്ല് ഡോക്ടര്‍ ഇവിടെ അടുത്തൊന്നും ഇല്ല.

വീട്ടിലേക്ക് വിളിച്ച് മുത്തശ്ശിയോട് ചോദിച്ചാലും ഇതിലും കൂടുതലൊന്നും കിട്ടാനില്ല വിവരങ്ങള്‍. വഴിയറിയാവുന്ന കുട്ടു കൂടെയുണ്ടെന്ന ധൈര്യത്തില്‍ ക്ലിനിക്കിലെ ഫോണ്‍ നമ്പര്‍ ശ്രദ്ധിച്ചതുമില്ല.
ജോലിക്കിടയില്‍ വിളിച്ച് ശല്ല്യപ്പെടുത്തുന്നത് വല്ല്യേട്ടനു തീരെ ഇഷ്ടമല്ലെന്നറിഞ്ഞിട്ടും വേറൊരു ഗതിയുമില്ലാത്തതിനാല്‍ ഞാന്‍ ഏട്ടനെ തന്നെ വിളിച്ചു. മിനിമം ഒരു നൂറു കിലോ ഭാരമുള്ള ശബ്ദത്തിലാണെങ്കിലും കാര്യങ്ങള്‍ കഷ്ടിച്ച് പറഞ്ഞു തന്നു.

ക്ലിനിക്കിന്റെ മുന്നിലെത്തിയപ്പോഴേക്കും കുട്ടു മിടുക്കനായി, പിന്നെല്ലാം അവനറിയാം. പക്ഷേ അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. മുകളിലേക്കുള്ള കോണിപ്പടികള്‍ കയറി തുടങ്ങിയപ്പോഴേ കേട്ടു മുകളില്‍ വാതില്‍ പൂട്ടുന്ന ശബ്ദം.

മനസ്സിലുയര്‍ന്ന ദ്വേഷ്യവും സങ്കടവും അമര്‍ത്തിപ്പിടിച്ച് ഞങ്ങളും പടികള്‍ തിരിച്ചിറങ്ങാന്‍ തുടങ്ങി.

ഈ കഷ്ടപ്പെട്ടത് മുഴുവന്‍ വെറുതെയായി..

ഉള്ളിലെ നിരാശ, കുട്ടുവിന്റെ കൈയ്യിലുള്ള എന്റെ പിടിത്തത്തിലും പ്രതിഫലിച്ചെന്നു തോന്നുന്നു, എന്റെ കൈ തട്ടിത്തെറിപ്പിച്ച് അവന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ഈ സമയത്ത് അവനേയും കൂടി പിണക്കുന്നത് ബുദ്ധിയാവില്ല എന്ന് തിരിച്ചറിയാനുള്ള ബോധം ബാക്കിയുണ്ടായിരുന്നതുകൊണ്ട്, ഞാന്‍ പിന്നെ അനുരഞ്ചനത്തിന്റെ പാതയിലായി സഞ്ചാരം. അതെന്നെ കൊണ്ടെത്തിച്ചത് ഒരു കൂള്‍ ബാറിലാണു. ക്ഷീണവും വിശപ്പും ഒരു പോലെ ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ ഓരോ ജ്യൂസ് കുടിക്കാന്‍ തീരുമാനിച്ചു.

പക്ഷേ അവിടേയും കുട്ടന്‍ കാലു മാറി. ഐസ്ക്രീമിന്റെ പടം കണ്ടതും അവനാ പക്ഷത്തേക്ക് കൂറു മാറി. പല്ല് വേദനയാണു, കഴിക്കണ്ട എന്നൊക്കെ ഞാന്‍ വെറും വാക്ക് പറഞ്ഞു നോക്കി. അവന്‍ വഴങ്ങുന്നില്ല. തര്‍ക്കിക്കാനുള്ള ആരോഗ്യം ഇല്ലാതിരുന്നതിനാല്‍ ഞാന്‍ പിന്നെ മിണ്ടാന്‍ പോയില്ല.

തിരിച്ചു പോരുമ്പോള്‍ ബസ്സില്‍ കയറിയ ഉടനെ കുട്ടു ഉറങ്ങിപ്പോയതിനാല്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ വീട്ടില്‍ തിരിച്ചെത്തി.

വന്ന ഉടനെ ഊണു പോലും കഴിക്കാന്‍ നില്‍ക്കാതെ, ക്ഷീണിച്ചു തളര്‍ന്ന ഞാനും കിടന്നുറങ്ങി.

ഉണര്‍ന്നു വന്നപ്പോഴേക്കും കാര്യങ്ങളാകെ മാറി മറഞ്ഞിരുന്നു.

ഉറങ്ങിയെഴുന്നേറ്റ് വന്നപ്പോള്‍ കുട്ടുവിനു നല്ല പനി...

സ്കൂളില്‍ നിന്നും തിരിച്ചെത്തിയ ഏട്ത്തിയുടെ മടിയില്‍ കുട്ടു ഒരു പാവം പോലെയിരിക്കുകയാണു . എന്നെ കണ്ടതും ഒരു ചിണുങ്ങലിന്റെ അകമ്പടിയോടെ അവന്‍ സ്വന്തം നിലയില്‍ ഒരു ഡയലോഗ് കൂടി കൂട്ടിച്ചേര്‍ത്തു...." ഐസ്ക്രീം കഴിച്ചാല്‍ കുട്ടൂനു പനി വരും ന്ന് കുട്ടു പറഞ്ഞതാ, എന്നിട്ടും ഈ മാളു..........'"

കുട്ടുവിന്റെ കവിളിലും നെറ്റിയിലുമൊക്കെ വാല്‍സല്യത്തോടെ ഉമ്മ വെക്കുന്നതിന്റെ ഇടയില്‍ ഏട്ത്തി എന്നെയൊരു നോട്ടം...' ഒരു ചെറിയ പല്ല് വേദന മാത്രമുണ്ടായിരുന്ന എന്റെ കുട്ടിയെ നീ കൊണ്ടു പോയി ഇക്കോലത്തില്‍ ആക്കിയില്ലേ ...??? എന്ന് ചോദിക്കാതെ ചോദിക്കുന്ന രീതിയില്‍..

കുട്ടികളിലെ നിഷ്കളങ്കതയിലുള്ള വിശ്വാസം അന്ന് നഷ്ടപ്പെട്ടതാണെനിക്ക്...
----