Friday, May 15, 2009

അപ്പുണ്ണി

ഏപ്രില്‍ മെയ് മാസങ്ങളായാല്‍ പിന്നെയീ തൃശ്ശൂരില്‍ പൂരം വന്ന് നിറയുകയായി.

കണ്ണിലും കാതിലും മനസ്സിലും ഒക്കെ നിറയും പൂരം..

എവിടേക്ക് തിരിഞ്ഞാലും ആനയും വാദ്യവും കാവടിയും...

മനം കവരുന്ന കാഴ്ചകളുടെ പൂരക്കാലം...

മേട മാസത്തിലെ സൂര്യനും മുകളില്‍ കത്തി ജ്വലിക്കും പൂരത്തിന്റെ ആവേശം.
ഇത്രമാത്രം ഉത്സവങ്ങള്‍ കൊണ്ടാടുന്ന ഒരു നാട് വേറെയുണ്ടാവാന്‍ വഴിയില്ല.

സ്വീകരണ മുറിയുടെ കുളിര്‍മ്മയില്‍ ഇരുന്നു മാത്രം ഇലഞ്ഞിത്തറ മേളവും കുട മാറ്റവും കണ്ടാസ്വദിക്കാന്‍ ഇഷ്ടപ്പെടുന്ന എനിക്ക്, ശിങ്കാരി മേളത്തിനും പാണ്ടി മേളത്തിനും പൂക്കാവടിക്കും ഒപ്പം വെയിലൊരു കുടയാക്കി ചുവടു വെച്ച് നീങ്ങുന്ന തൃശ്ശൂര്‍ക്കാര്‍ സമ്മാനിക്കുന്ന അത്ഭുതം ചില്ലറയല്ല.

പക്ഷേ പൂരം എനിക്ക് സന്തോഷിക്കാനുള്ള അവസരങ്ങളൊന്നും അധികം തരാറില്ല.

പൂരം സ്പെഷ്യലായി അണിയിച്ചൊരുക്കുന്ന, തുടക്കവും ഒടുക്കവും കണ്ടുപിടിക്കാന്‍ പ്രയാസമുള്ള നെടുങ്കന്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി, കത്തിയെരിയുന്ന വെയിലില്‍, ചുട്ടു പുകയുന്ന ബസ്സിനുള്ളിലിരിക്കുമ്പോള്‍ പൂരം ഒരു 'അനുഭവം' തന്നെയായി മാറുകയാണു പതിവ്.

പക്ഷേ ഈ താളവും മേളവും എന്നെ എപ്പോഴും പഴയ ഒരു ഓര്‍മ്മയിലേക്ക് കൂട്ടി കൊണ്ടുപോകാറുണ്ട്.

ഒരു തകരചെണ്ടയുടെ താളത്തിലേക്ക്.....

എന്റെ കുട്ടിക്കാലത്തെ സന്തോഷം നിറഞ്ഞ ഓര്‍മ്മകളിലേക്ക്...

മുത്താച്ചിക്കാവിലെ ഉത്സവത്തിനു എഴുന്നെള്ളി അനുഗ്രഹിച്ചിരുന്ന പൂതനും തിറയും കരിംകുട്ടി ചാത്തനേയുമൊക്കെ, പ്ലാവില കിരീടവും കുരുത്തോല ഉടുത്തുകെട്ടലുമൊക്കെയായി, എനിക്ക് കാണാനായി അവതരിപ്പിച്ചിരുന്ന അപ്പുണ്ണിയുടെ ഓര്‍മ്മകളിലേക്ക്...

നട്ടുച്ചയുടെ നിശബ്ദതയില്‍, വെറുമൊരു കളിച്ചെണ്ട ഒരുക്കുന്ന താളത്തില്‍ അപ്പുണ്ണി കാഴ്ച വെച്ച ഉത്സവക്കാഴ്ചയേക്കാള്‍ ഭംഗിയുള്ള യാതൊന്നും, പേരുകേട്ട ഉത്സവ പറമ്പുകളിലൊന്നും പിന്നീടൊരിക്കലും കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.

എന്റെ അവധിക്കാലങ്ങള്‍ എല്ലയ്പ്പോഴും അപ്പുണ്ണിയെ കാത്തിരുന്നു.

വെക്കേഷനുകളില്‍ മാത്രം പുറത്തേക്കെടുക്കുന്നതും, അതു കഴിഞ്ഞാല്‍ ആദ്യമേ ഒടിച്ചു മടക്കി പെട്ടിയില്‍ വെച്ച് പൂട്ടുന്നതുമായ ഒരു കുട്ടിക്കാലമായിരുന്നു എന്റേത്.

തീരെ പരിമിതമായ അളവില്‍ മാത്രം എനിക്കനുവദിച്ചു കിട്ടിയ ആ കാലത്തിലെ നിറപ്പകിട്ടുള്ള ഒരേടായിരുന്നു അപ്പുണ്ണി.

സ്കൂളിലെ കളിക്കൂട്ടങ്ങളില്‍ നിന്നും മുതിര്‍ന്നവരുടെ ലോകത്തിലേക്ക് വന്നിറങ്ങുമ്പോഴേ വല്ലാത്ത ഒറ്റപ്പെടലായിരുന്നു എനിക്കെന്നും.
അതിനും പുറമേ ദുര്‍വാശി, പിണക്കം, കരച്ചില്‍, പരാതി പറച്ചില്‍ എന്നിങ്ങനെ എല്ലാ സല്‍സ്വഭാവങ്ങളുടേയും നിറകുടംആയിരുന്നതു കാരണം, ഏട്ടന്മാരും ഏട്ത്തിമാരും ആരും എന്നെ കളീക്കാനും കാര്യത്തിനും ഒന്നിനും കൂട്ടത്തില്‍ കൂട്ടുകയും ഇല്ല.

തികച്ചും വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ടായിരുന്നെങ്കിലും അപ്പുണ്ണിയും മാറ്റി നിര്‍ത്തപ്പെട്ടവനായിരുന്നു.

കളിയിലും കാര്യത്തിലും അപ്പുണ്ണിയെ ജയിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അപ്പുണ്ണിയേയും അകറ്റി നിര്‍ത്താനായിരുന്നു എല്ലാര്‍ക്കും താല്‍പര്യം.

അങ്ങനെയാണു അപ്പുണ്ണി എനിക്ക് കൂട്ടായി വന്നത്..

നാടന്‍ കളികളും. നാട്ടു വഴികളും, നാടന്‍ രുചികളും, നാട്ടു കഥകളും അപ്പുണ്ണിയിലൂടെയാണു ഞാന്‍ പരിചയപ്പെട്ടത്.

എനിക്കോര്‍മ്മയുള്ളപ്പോള്‍ മുതല്‍ ഇല്ലത്തെ ഒരംഗം പോലെ തന്നെയായിരുന്നു അപ്പുണ്ണി.

എന്റെ അച് ഛന്റെ സമപ്രായക്കാരനായിരുന്ന കരിയാത്തന്റെ മകനായിരുന്നു അപ്പുണ്ണി. ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ കണ്ടു വളര്‍ന്നവരായതിനാലാവാം സമപ്രായക്കാരുടെ ഇടയില്‍ നിലനില്‍ക്കുന്ന സൗഹൃദത്തേക്കാള്‍ ഏറെ ശക്തമായൊരു ബന്ധം അവര്‍ക്കിടയില്‍ നിലനിന്നിരുന്നു.

എങ്കിലും അപ്പുണ്ണി ഇല്ലത്തെ ഒരാളായി മാറിയത് കരിയാത്തന്റെ മരണത്തിനു ശേഷമാണു.

അപ്പുണ്ണി ജനിച്ച് ഇരുപത്തെട്ടിന്റെ അന്നാണു ഉയരമേറിയ ഒരു പനയില്‍ നിന്നും വീണു ഒരൊറ്റ പിടച്ചിലില്‍ കരിയാത്തന്‍ നിശ്ചലനായത്.

കരിയാത്തന്‍ മരിച്ച് ആറുമാസത്തിനുള്ളില്‍ തന്നെ ഒരു തമിഴ് നാട്ടുകാരന്‍ മേസ്ത്രിയോടൊപ്പം അപ്പുണ്ണിയുടെ അമ്മയും ഓടിപ്പോയതോടെ അപ്പുണ്ണിയുറ്റെ ദുര്‍വിധി പൂര്‍ണ്ണമായി.

അവഗണനയും അനാരോഗ്യവും ഒരു കുഞ്ഞ് ജീവനുതന്നെ ഭീഷണിയാകും എന്നു തോന്നിയ ഒരു സന്ദര്‍ഭത്തിലാണു മുത്തശ്ശന്‍ അപ്പുണ്ണിയെ ഇല്ലത്തേക്ക് കൊണ്ടു വന്നത്.

അതില്‍ പിന്നെ ഇല്ലത്തെ കുട്ടികളില്‍ ഒരാളായി അപ്പുണ്ണിയും. മുത്തശ്ശന്റേയും അച് ഛന്റേയും ശ്രദ്ധയും കരുതലും, മുത്തശ്ശിയുടെ വല്‍സല്യവും ഞങ്ങളില്‍ ഒരോരുത്തരിലും എന്നതു പോലെ , അല്ലെങ്കില്‍അതിലും ഒരിത്തിരി കൂടിയ അളവില്‍ അപ്പുണ്ണിക്കും കിട്ടിപ്പോന്നു.


അപൂര്‍വ്വമായി അച് ഛന്റെയും ഞങ്ങളുടേയും അവധിക്കാലങ്ങള്‍ ഒരുമിച്ചു വരുമ്പോഴെല്ലാം അതൊരു പ്രത്യേക അനുഭവമായിരുന്നു.

ഒരു ഗംഭീര ആഘോഷം...

നാട്ടിലെത്തിയാല്‍ തനി നാട്ടിന്‍പുറത്തുകാരനാകുന്ന അച് ഛന്‍ , പൊതുവെ ഞങ്ങള്‍ കുട്ടികള്‍ക്ക് അരുതുകളൊന്നും കല്‍പ്പിക്കുന്ന കൂട്ടത്തിലല്ല.

മഴ, വെയില്‍, വെള്ളം ,ചെളി എന്തുമാവാം.. ...എങ്ങിനെയും ആവാം...

അച് ഛന്റെ കൂടെയുള്ള ചുറ്റികറങ്ങലുകളിലെ സ്ഥിരക്കാരായിരുന്നു, കളിക്കൂട്ടങ്ങളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ഞാനും അപ്പുണ്ണിയും.

നടത്തം അച് ഛന്റെ കൂടെയാവുമ്പോള്‍ ബഹുരസമാണു.
നടക്കാനിറങ്ങിയാല്‍ കൂട്ടിനായി കഥകളും ഉണ്ടാവും.

പഴയതും പുതിയതുമായ സം ഭവങ്ങള്‍, കണ്ടതും കേട്ടതും അറിഞ്ഞതും വായിച്ചതും എല്ലാം കൂട്ടിക്കലര്‍ത്തി വാക്കുകളാല്‍ ഒരു അത്ഭുതലോകം തന്നെ തീര്‍ക്കും അച് ഛന്‍. ..

കണ്ണും മനസ്സും തുറന്നിട്ട് കേള്‍വിക്കാരായി ഞങ്ങളും.

ആ കഥകളില്‍ പലയിടത്തും അവന്റെ അച് ഛനെക്കൂടി കാണാം എന്നതു കൊണ്ടായിരിക്കണം അപ്പുണ്ണിക്കും വളരെ പ്രിയമായിരുന്നു ആ വൈകുന്നേരങ്ങള്‍.

നല്ല ദിവസങ്ങള്‍ എപ്പോഴും വേഗം കടന്നു പോകുന്നു.

അവധിക്കാലങ്ങളും വേഗം അവസാനിക്കുന്നു, അടുത്ത അവധിക്കായുള്ള പ്രതീക്ഷകള്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ട്..

ഒരു അവധിക്കാലത്തിന്റെ അവസാന തുള്ളി മധുര്യവും ഒപ്പിയെടുക്കാനായി, സ്കൂളിലേക്ക് തിരിച്ചു പോകുന്നതിന്റെ തലേ ദിവസം, മുതിര്‍ന്നവരെയൊക്കെ ഉച്ചയുറക്കത്തിനു വിട്ടു കൊടുത്ത്, ഞാനും അപ്പുണ്ണിയും ഒരു ലാസ്റ്റ് റൗണ്ട് കറക്കത്തിനിറങ്ങി.

നേരെ കുളത്തിന്റെ കരയിലുള്ള ഇലഞ്ഞിച്ചോട്ടിലേക്ക്.. ഒരാവശ്യവും ഇല്ലെങ്കിലും ഉടുപ്പിന്റെ രണ്ട് പോക്കറ്റിലും നിറയെ ഇലഞ്ഞിപൂക്കള്‍ പെറുക്കി നിറച്ചു..

പിന്നെ മള്‍ഗോവയുടെ നേരെയായി ആക്രമണം. താഴെ വീണു കിടക്കുന്നതോ താഴെ നിന്ന് പൊട്ടിക്കാവുന്നതോ ആയ മാങ്ങകളൊന്നും തന്നെ ഞങ്ങളില്‍ താല്‍പര്യം ഉണര്‍ത്തിയില്ല. എറിഞ്ഞു വീഴ്ത്തണം മാങ്ങ.. അതും പോര. കല്ലിലെറിഞ്ഞ് പൊട്ടിച്ച് തിന്നേം വേണം... എന്നാലേ അതിന്റെ ശരിയായ രസം കിട്ടൂ അന്നൊക്കെ...

കൈയ്യിലും വായയിലും മാങ്ങയുമായി നേരെ ഞാവല്‍ പഴം പറിക്കാന്‍....
ആരുമറിയാതെയുള്ള ഈ ഉച്ചയിറക്കങ്ങളെ ഒറ്റു കൊടുക്കും അമ്മക്കും വല്ല്യമ്മക്കും, എന്നൊരു ദോഷമുണ്ടെങ്കിലും, ഞാവല്‍ പഴം തിന്ന് നീലച്ച ചുണ്ടുമായി നടക്കുന്നതും എന്റെയിഷ്ടങ്ങളില്‍ ഒന്നായിരുന്നു...

പിന്നേയും ഉണ്ടാകും പോണ വഴിയിലൊക്കെ തിന്നാനൊരുപാട് സാധനങ്ങള്‍..
പഞ്ചകത്തിന്റെ ഇല ഉപ്പും കൂട്ടി തിന്നാം.. ഞൊട്ടാഞ്ഞൊടിയന്റെ കായ... അങ്ങനെയങ്ങനെ....

എല്ലാം കഴിഞ്ഞിരിക്കുമ്പോഴാണു മാങ്ങാട്ടെ പറമ്പിന്റെ തെക്കേ വശത്തായുള്ള കരിങ്കല്‍ ക്വാറി ഒന്ന് സന്ദര്‍ശിക്കാന്‍ എനിക്ക് മോഹമുദിച്ചത്.
പണ്ട് മതിലു പണിയാനായി കരികല്ല് പൊട്ടിച്ചെടുത്തിരുന്ന അവിടെ ഇപ്പൊ വല്ല്യ താഴ്ചയുള്ള ഒരു കുഴിയാണു.
വെള്ളമൊക്കെ കെട്ടി നില്‍ക്കും കുളം പോലെ, എന്നാല്‍ ഇറങ്ങി ചെല്ലാന്‍ ശരിയായ പടവുകളൊന്നും ഇല്ല. കാടൊക്കെ പിടിച്ചു കിടക്കുന്ന അവിടം കുട്ടികള്‍ക്കൊരു നിരോധിത മേഖലയാണു..

എന്നേയും കൊണ്ട് അവിടേക്ക് പോവ്വാന്‍ ആദ്യമൊക്കെ മടിച്ചെങ്കിലും, വെറുതെ ഒന്നു നോക്കി പോന്നാ മതിയെന്ന എന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അവസാനം അപ്പുണ്ണി.

ചെന്നു നോക്കിയപ്പോഴോ അതില്‍ നിറച്ചും ആമ്പല്‍ പൂക്കള്‍.. എത്ര പൂക്കള്‍ കിട്ടിയാലും മതിയാവത്ത ഞാന്‍ ആമ്പലിനു വേണ്ടി ബഹളം തുടങ്ങി.

അമ്പലത്തില്‍ പോണ വഴിക്കുള്ള പാടത്തു നിന്നും പറിച്ചു തരാം എന്നൊക്കെ അപ്പുണ്ണി പറഞ്ഞെങ്കിലും ക്വാറിയിലെ നീല ആമ്പല്‍ പൂവ് തന്നെ വേണമായിരുന്നു എനിക്ക്.
അപ്പുണ്ണി പിന്നേയും മടിച്ചു നിന്നപ്പോള്‍ വാശിക്ക് ഞാന്‍ തനിയെ ഇറങ്ങി തുടങ്ങി. കൈയ്യും കാലുമൊക്കെ അവിടേയുമിവിടേയുമൊക്കെ ഉരഞ്ഞ് തൊലി പോയെങ്കിലും എന്റെ വാശി എന്നെ മുന്നോട്ട് തന്നെ കൊണ്ട് പോയി.

'മാളു ഇറങ്ങണ്ട ഞാന്‍ പൊട്ടിച്ചു തരാം' എന്നും പറഞ്ഞ് പിന്നാലെ അപ്പുണ്ണിയും..

ഒരു കല്ലില്‍ കേറിയിരുന്ന് എത്തിച്ചു വലിഞ്ഞ് പൂ പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഞന്‍ നേരെ നല്ല സ്റ്റൈലായിട്ട് വെള്ളത്തിലേക്ക്....

മുങ്ങിപോകുന്നതിനിടയിലും കണ്ടു, വെപ്രാളത്തില്‍ പിടി വിട്ട് ഉരുണ്ടുരുണ്ട് വെള്ളത്തിലേക്ക് വീഴുന്ന അപ്പുണ്ണിയെ.

മുങ്ങിപൊങ്ങുന്നതിനിടയില്‍ ഒരു വിധത്തില്‍ അപ്പുണ്ണി എന്നെ വലിച്ച് കരയിലേക്കിട്ടു.

അപ്പോഴേക്കും കരച്ചിലും ബഹളവും കേട്ട് പറമ്പില്‍ പണിയെടുത്തിരുന്ന പണിക്കാരൊക്കെ ഓടിയെത്തി...

വിവരമറിഞ്ഞ് വീട്ടുകാരും...

എല്ലാവരുടേയും നടുവില്‍ അപരാധികളായി തലയും കുമ്പിട്ട്, നനഞ്ഞൊലിച്ച്, നീറുന്ന മുറിവുകളുമായി ഞാനും അപ്പുണ്ണിയും..

അതാണു എന്റെ മനസ്സിലുള്ള അപ്പുണ്ണിയുടെ അവസാനത്തെ ചിത്രം.

പിറ്റേന്ന് അതിരാവിലെ ഞാന്‍ സ്കൂളിലേക്ക് മടങ്ങി....

ഓണം അവധി അടുത്തു തുടങ്ങിയപ്പോള്‍ മനസ്സില്‍ നിറമുള്ള പൂക്കള്‍ വിരിഞ്ഞു തുടങ്ങിയതായിരുന്നു..

അപ്പുണ്ണിയുടെ കൂടെ പൊന്‍പറക്കുന്നില്‍ പേരറിയാത്ത കാട്ടുപൂക്കള്‍ പറിക്കാനായി പോകുന്നതും, അവിടെയുള്ള യൂക്കാലി മരങ്ങളും പച്ചപ്പുല്ലും നിറഞ്ഞ മൈതാനവും സ്വപ്നം കണ്ടു തുടങ്ങിയതായിരുന്നു....

ഒരു ദിവസംരാത്രിയിലാണു മുത്തശ്ശി വിളിച്ചുണര്‍ത്തി പറഞ്ഞത്, അപ്പുണ്ണി പോയെന്ന്...

വിഷപ്പനി വന്ന് മരിച്ചു പോയെന്ന്.

പതിവു പോലെ പകലൂണും കഴിച്ച് വീട്ടിലേക്കു പോയ അപ്പുണ്ണി സന്ധ്യാ സമയത്ത് തലവേദനക്ക് അരച്ചിടാന്‍ ചന്ദനം ചോദിച്ച് തിരിച്ചെത്തിയെന്നും, രാത്രി മുത്തശ്ശനെ വിളിക്കാന്‍ ആളു വന്നപ്പോഴേക്കും കടുത്ത പനി തുടങ്ങിയിരുന്നെന്നും, മറയുന്ന ബോധത്തിലും മുത്തശ്ശനെ തിരിച്ചറിഞ്ഞെന്നും, കടപ്പുറത്തെ ആശുപത്രിയില്‍ എത്തുന്നതിനിടക്ക് വഴിയിലെവിടേയോ ആരുമറിയാതെ ആ ശ്വാസം നിലച്ചെന്നും ഒക്കെ മുത്തശ്ശി വിശദീകരിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും എന്റെ ചെവികള്‍ അടഞ്ഞു പോയതു പോലൊരു തോന്നലായിരുന്നു എനിക്ക്.. മനസ്സും...

ഒരു ഒപ്പുകടലാസ്സ് പോലെ എല്ലം ഉള്ളിലേക്ക് വലിച്ചെടുക്കുന്ന ഞാന്‍, അപ്പുണ്ണിയുടെ മരണവും അതുണ്ടാക്കിയ സങ്കടങ്ങളും, ശൂന്യതകളും ഒരു തുള്ളി പോലും തുളുമ്പാതെ അടക്കിപ്പിടിച്ചു എല്ലായ്പ്പോഴും..

പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറത്തും ഓര്‍മ്മകള്‍ക്കിപ്പോഴും പച്ചപ്പ്.

തിരക്കിനിടയില്‍ കേള്‍ക്കുന്ന ഒരു ചെണ്ടയുടെ താളത്തില്‍, വല്ലപ്പൊഴും കാണുന്ന ഒരു ഇലഞ്ഞിപ്പൂവില്‍, അഴകുള്ള ഒരു ചിരിയില്‍, ആശ്വസിപ്പിക്കുന്ന ഒരു നോട്ടത്തില്‍ എല്ലാം ഞാന്‍ ഇപ്പോഴും കാണുന്നു.. ...

എന്റെ ചങ്ങാതിയെ....