Thursday, December 17, 2009

നോട്ട്ബുക്ക്

രണ്ട് ദിവസമായിട്ട് എന്റെ നോട്ട്ബുക്ക് കാണാനില്ല.
തിരഞ്ഞു നോക്കാന്‍ ഇനി ഒരിടവുമില്ല ബാക്കി.

നോട്ട് ബുക്ക് എന്നു കേള്‍ക്കുമ്പോള്‍, ക്ലാസ്സില്‍ ശ്രദ്ധിച്ചിരുന്ന്, പഠിക്കാനുള്ള ഭാഗങ്ങള്‍ ഒക്കെ എഴുതിയെടുക്കുന്ന ബുക്ക് ആണെന്നൊന്നും ആരും തെറ്റിദ്ധരിക്കരുതേ...

ഇത് ആ വകുപ്പിലൊന്നും പെടുന്നതല്ല ട്ടോ...

പക്ഷേ ഇതെനിക്ക് വളരെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഒരു പുസ്തകമായിരുന്നു. എപ്പോഴും ഞാന്‍ കൂടെ കരുതാറുള്ളതാണ്. എന്റെ മനസ്സിന്റെ ഒരു ഭാഗം എന്നൊക്കെ വിശേഷിപ്പിച്ചാലും തെറ്റില്ല.

നല്ല കട്ടിയുള്ള പുറംചട്ടയോട് കൂടിയ പുസ്തകങ്ങളാണ് എനിക്കിഷ്ടം.
ഒരുപാട് കടകളില്‍ കയറിയിറങ്ങിയതിനു ശേഷം കണ്ടുപിടിച്ചതായിരുന്നു ഞാന്‍ ഈ ബുക്ക്.
നല്ല കട്ടിച്ചട്ടയും, നല്ല കനമുള്ളതും, മഷി പരക്കാത്തതുമായ താളുകളുമുള്ള ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ ഒരു മുന്നൂറ് പേജിന്റെ നോട്ടു പുസ്തകം.
(സ്കൂള്‍ കാലം കഴിഞ്ഞെങ്കിലും പുസ്തകം പൊതിയാന്‍ എനിക്കിപ്പോഴും ഇഷ്ടം ബ്രൗണ്‍ പേപ്പര്‍ തന്നെയാണ്.)

എന്റെ നോട്ട് ബുക്കില്‍ ഇല്ലാത്തതായി ഒന്നുമുണ്ടായിരുന്നില്ല.
കേള്‍ക്കുന്ന പാട്ടിലെ, അല്ലെങ്കില്‍ വായിക്കുന്ന കവിതയിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികള്‍ ഞാനാദ്യം പറഞ്ഞിരുന്നത് എന്റെ നോട്ട് ബുക്കിനോടാണ്.

രാവിലെ തന്നെ കേറി വന്ന് എന്റെ തൊട്ടടുത്തിരുന്ന്, ആവശ്യമില്ലാത്ത ചോദ്യങ്ങളും അഭിപ്രായങ്ങളുമായി എന്റെ യാത്രാസമയം മുഴുവന്‍ നശിപ്പിക്കുന്ന സഹയാത്രികയെക്കുറിച്ചുള്ള പരാതികളും വേറെ ആരോടാണ് ഞാന്‍ പറയുക..???

ഒരു കാര്യവും കാരണവുമില്ലാതെ എനിക്കുണ്ടാകുന്ന ചില വെറും തോന്നലുകള്‍ പങ്കുവെക്കാനും എനിക്ക് വേറെയാരും ഉണ്ടായിരുന്നില്ല, എന്റെ ഈ നോട്ട് ബുക്കല്ലാതെ.....


ഇങ്ങനെയുള്ള എന്റെ നോട്ടുബുക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി അപ്രത്യക്ഷമായിരിക്കുന്നത്...

പോകുന്ന വഴിയില്‍ നിറയെ പൂത്തു നില്‍ക്കുന്ന ഒരു മെയ് ഫ്ളവര്‍ കണ്ടപ്പോള്‍ ആനി സിസ്റ്ററിനെ ഓര്‍മ്മ വന്നതും, അമ്പലത്തിന്റെ ആല്‍ത്തറയില്‍, വലിയ രുദ്രാക്ഷമാലയും, തലയുടെ പുറകില്‍ ഒരിത്തിരി കഷണ്ടിയുമായി ഒരാളെ കണ്ടപ്പോള്‍ മുത്തശ്ശനെ ഓര്‍ത്തതും, അമ്മയുടെ കൈയ്യില്‍ പിടിച്ച് പിന്നാക്കം വലിഞ്ഞ് വാശി പിടിച്ച് കരഞ്ഞു കൊണ്ട് നടക്കുന്ന വലിയ ബാഗ് തൂക്കിയ നഴ്സറിക്കാരനെ കണ്ടപ്പോള്‍, കുറേ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കിരണിനെ ഓര്‍മ്മ വന്നതും ഒക്കെ ഈ നോട്ട്ബുക്കില്‍ ഉണ്ടാവും.

പിന്നീട് മറിച്ചു നോക്കുമ്പോ ഇതൊക്കെ ഞാന്‍ എപ്പോഴെഴുതി എന്ന് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്ന കുറേ ചെറിയ കുറിപ്പുകള്‍ ഉണ്ടാവുമായിരുന്നു എന്റെ നോട്ട് ബുക്ക് നിറയെ.
നിസ്സാരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നതും എന്നാല്‍ എനിക്ക് ഏറെ വിലപ്പെട്ടതുമായ ഈ ചെറിയ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് വേണ്ടിയാണ് ഞാനീ പുസ്തകം സൂക്ഷിക്കുന്നതു തന്നെ.

എന്റെ ഇഷ്ടങ്ങളും സങ്കടങ്ങളും പരാതികളും പരിഭവങ്ങളും എല്ലാം കൂടി ആകെ പടര്‍ന്ന് തമ്മില്‍ കലര്‍ന്നു കിടന്നിരുന്നു എന്റെ ബുക്കില്‍. അത് മറിച്ചു നോക്കുമ്പോല്‍ എന്നെ തന്നെ വായിക്കുന്നതു പോലെ തോന്നുമായിരുന്നു എനിക്ക്.

വേറേയും ഉണ്ടായിരുനു ആവശ്യങ്ങള്‍..
വല്ലാതെ ബോറടിക്കുന്ന ക്ളാസ്സില്‍ പൂജ്യം വെട്ടി കളിക്കാനും ഇതേ ബുക്ക് തന്നെ വേണമെനിക്ക്.

ക്ളാസ്സില്ലാത്ത സമയത്ത് (ചിലപ്പോഴൊക്കെ ക്ളാസ്സുള്ള സമയത്തും) ലൈബ്രറിയിലേക്ക് പോവുമ്പോഴും മറക്കാറില്ല ഞാന്‍ ഈ നോട്ട് ബുക്കിനെ.

സാധാരണ എല്ലാവരും കൂടിയിരിക്കുമ്പോള്‍ , മിണ്ടാതിരുന്ന് എല്ലാവരും പറയുന്നത് കേള്‍ക്കാനും, അല്ലെങ്കില്‍ mute ബട്ടണ്‍ അമര്‍ത്തി ശബ്ദമില്ലാത്താക്കിയെന്നതു പോലെ മുഖഭാവങ്ങളും ആംഗ്യങ്ങളും മാത്രം നോക്കിയിരിക്കുന്നതും എനിക്ക് ഒരുപാടിഷ്ടമുള്ള കാര്യമാണ്.

പക്ഷേ ലൈബ്രറിയിലെ 'സൈലന്‍സ് പ്ളീസ്' ബോര്‍ഡിനു താഴെ ഇരിക്കുമ്പോള്‍ എനിക്ക് സംസാരിക്കാനുള്ള ആഗ്രഹം തടയാന്‍ കഴിയാത്ത വിധത്തില്‍ കൂടി കൂടി വരും.

ഇതിനൊരു പരിഹാരമായി ഞാനും എന്റെയൊരു ചങ്ങാതിയും കൂടി ഒരു ലൈബ്രറി ഭാഷ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ചിത്രങ്ങളും വാക്കുകളും ഇടകലര്‍ത്തിയ ആ ഭാഷയില്‍ ശബ്ദമില്ലാതെ സംസാരിക്കാനും എനിക്കെന്റെ നോട്ട്ബുക്ക് വേണമായിരുന്നു.

നന്നായി ചിത്രം വരക്കാനറിയാവുന്ന എന്റെ കൂട്ടുകാരന്റെ കരവിരുതിനാല്‍, ഇത്തരം സംസാരം ഒരു കളിക്കുടുക്ക കഥ പോലെ രസകരമായി തോന്നിച്ചിരുന്നു പിന്നീടുള്ള വായനയില്‍.

എന്റെ നിത്യജീവിതവുമായി ഇത്രയേറെ ബന്ധപ്പെട്ടിരിക്കുന്ന ഈ നോട്ടുബുക്കാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

കൂട്ടിന് ആരുമില്ലാതെ ഞാന്‍ വല്ലാതെ ഒറ്റക്കായിരിക്കുന്നു ഇവിടെ.

എവിടെ പോയി..?? എങ്ങനെ പോയി..?? എന്നൊക്കെ ആലോചിച്ചിട്ട് എനിക്കൊരു പിടിയും കിട്ടുന്നില്ല.

വീട്ടിലോ, കോളേജിലോ, യാത്രയിലോ, എവിടെയാണാവോ നഷ്ടപ്പെട്ടത്..???

വീട്ടിലെ രണ്ട് വികൃതികുട്ടികള്‍ക്കും ഡയറി മില്‍ക്കും, ചോക്കോബാറും സമ്മാനമായി വാഗ്ദാനം ചെയ്തെങ്കിലും, അവരുടെ തിരച്ചിലിനും എന്റെ നോട്ട് ബുക്കിനെ വീണ്ടെടുക്കാനായില്ല.

കൈയ്യില്‍ കൊണ്ടു കൊടുത്താല്‍ പോലും ഒരു നോട്ട് ബുക്ക് വാങ്ങാന്‍ മടിക്കുന്നവരാണ് കോളേജിലുള്ളത്. എന്നിട്ടും ഞാന്‍ അവിടേയും അന്വേഷിക്കാതിരുന്നില്ല...

എന്റെ വഴിക്കുള്ള അന്വേഷണങ്ങളൊക്കെ മുറ പോലെ നടക്കുന്നുണ്ട്.

എന്നാലും എവിടെ വെച്ചെങ്കിലും എന്റെ നോട്ട്ബുക്ക് നിങ്ങളുടെ ആരുടേയെങ്കിലും കണ്ണില്‍ പെടുകയാണെങ്കില്‍ എന്നെ അറിയിക്കാന്‍ മറക്കില്ലല്ലോ...???