Monday, November 21, 2011

മഴത്തുള്ളിക്കിലുക്കം

പതിവ് പോലെ ഒരു തുടക്കമായിരുന്നു അന്നും..വെളുപ്പാന്‍ കാലത്ത് നാലു മണിയായപ്പോഴേക്കും അലാറം എന്റെ ചെവി തിന്നു തുടങ്ങി. ലോകത്തിലെ ഏറ്റവും ശല്യപ്പെടുത്തുന്ന ശബ്ദമാണിതെന്ന തിരിച്ചറിവിലേക്കാണ് എന്നും ഞാന്‍ ഉറക്കം ഞെട്ടിയുണരുന്നത്. ഒന്നും കൂടി തിരിഞ്ഞു കിടന്ന് കണ്ടുകൊണ്ടിരുന്ന സ്വപ്നം മുഴുവനാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എനിക്ക്. പക്ഷേ ഓരോ ദിവസവും ഒരു അവസാന വര്‍ഷ ആയുര്‍വ്വേദ വിദ്യാര്‍ഥിയെ കാത്തിരിക്കുന്ന പരീക്ഷകളേയും പരീക്ഷണങ്ങളേയും കുറിച്ചോര്‍ത്ത് ചിന്തകള്‍ക്ക് തീ പിടിച്ചതിനാല്‍ പിന്നീട് കിടക്കാനും കഴിഞ്ഞില്ല.

ഉണരാന്‍ മടിക്കുന്ന കണ്ണിനെ തിരുമ്മിയുണര്‍ത്തി കോണിപ്പടിയിറങ്ങി താഴേക്കു നടക്കുമ്പോള്‍ അടുത്തുള്ള മുറികളില്‍ നിന്നും ഉയര്‍ന്നും താഴ്ന്നും കേള്‍ക്കുന്നു ഉറക്കത്തിന്റെ താളം.
ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ മുഖത്തേക്ക് തണുത്ത വെള്ളം വീണ്ടും വീണ്ടും ഒഴിച്ചു കൊണ്ടിരുന്നു. ആകെക്കൂടിയുള്ള സമാധാനം, ഞാനുണര്‍ന്ന് കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍, വീട്ടിലെ അവശേഷിക്കുന്ന രണ്ടു വിദ്യാര്‍ഥികളെക്കൂടി തട്ടിയുണര്‍ത്താം എന്നുള്ളതിലാണ്. ഉറക്കച്ചടവോടെ അമ്മിണിയും ചിന്നുവും എണീറ്റുവരുന്നത് കാണുമ്പോഴാണ് ദിവസത്തിലെ ആദ്യത്തെ ചിരി എന്റെ മുഖത്ത് വിടരുന്നത്.

ന്യൂസ് പേപ്പര്‍ വരുന്നതു വരേയാണ് ഞങ്ങളുടെ പഠനസമയം. മുറ്റത്തെ ചരലില്‍ പത്രം വന്നു വീഴുന്നുണ്ടോ എന്ന ശ്രദ്ധയിലാണ് ആറു മണിക്കു ശേഷമുള്ള വായന മുഴുവനും.ആദ്യം പത്രം കൈയ്യില്‍ കിട്ടുന്നവര്‍ക്ക് ആദ്യം നിര്‍ത്താം പഠിത്തം. അതുകൊണ്ടു തന്നെ മൂന്നുപേരും ആവശ്യക്കാരാണ് . അമ്മിണിക്ക് സ്പോര്‍ട്സ് പേജില്‍ മാത്രമേ നോട്ടമുള്ളൂ, അതും ധോണിപ്പടയുടെ വിശേഷങ്ങളില്‍ മാത്രം, ചിന്നുവിന് സിനിമ പേജാണ് ആവശ്യം, പ്രേത സിനിമ ഏതു ചാനലില്‍ ആണെന്നു അറിയലാണ് പ്രധാനം.പത്രം വന്നു വീഴുന്നതും ഒരു കൂട്ടയോട്ടമാണ്. കൂട്ടത്തില്‍ ചെറുതായതു കൊണ്ട് ചിന്നുവിന് വാതില്‍ തുറക്കാന്‍ എത്തില്ല, അതുകൊണ്ട് തന്നെ മിക്കവാറും മല്‍സരത്തില്‍ നിന്നും പുറത്താവുകയും ചെയ്യും.

പഠിക്കുമ്പോ മാത്രമേ സമയം പോവാന്‍ പ്രയാസമുള്ളൂ, അതു കഴിഞ്ഞാല്‍ പിന്നെ റോക്കറ്റിന്റെ സ്പീഡിലാണ് ഓട്ടം. എത്ര നേരത്തെ തുടങ്ങിയാലും മിക്ക ദിവസവും കോളേജിലേക്കിറങ്ങാന്‍ നേരം വൈകും ഞാന്‍.
ഓടിക്കിതച്ച് അവിടെത്തിയാല്‍ പിന്നെ ഒരു യന്ത്രത്തിനുള്ളില്‍ പെട്ടതു പോലെയാണ്. ഒരുപാട് കൈകളുള്ള ഒരു യന്ത്രം. ഞെങ്ങി ഞെരുങ്ങി നാലു മണിക്ക് പുറത്തുകടക്കുമ്പോഴേക്ക് അവശയായിട്ടുണ്ടാവും. ഒന്ന് ആശ്വസിക്കാനായി നേരെ ഓടുന്നത് ലൈബ്രറിയിലേക്കാണ്. പുസ്തകങ്ങളുടെ ഇടയിലൂടെ നടക്കുമ്പോള്‍ ആ ദിവസത്തിന്റെ കേടുപാടുകള്‍ തേഞ്ഞുമാഞ്ഞു പോവും. മാത്രവുമല്ല, ലൈബ്രറിയിലെ ശങ്കരേട്ടന്റെ വക ഒരു ഗ്ലാസ് കട്ടന്‍ കാപ്പിയും ഒരു പകുതി പരിപ്പ് വടയും കാത്തിരിക്കുന്നുണ്ടാവും മാളുവിനെ. ഏറ്റവും രുചിയോടെ അകത്താക്കുന്ന ഭക്ഷണമാണത്. റഫറന്‍സ് പുസ്തകങ്ങളുടെ വശത്തേക്കൊന്നും പോവാതെ, ഫിക്ഷനു പിന്നാലെ നടക്കുന്ന മാളുവിനെ ശങ്കരേട്ടനും കണ്ണില്‍ പിടിച്ചിരുന്നില്ല ആദ്യമൊക്കെ. കുറേ കാലം കണ്ടുകഴിഞ്ഞപ്പോഴാണ് ഈ മാളുവൊരു പാവമാണെന്ന കാര്യം ശങ്കരേട്ടനും പിടി കിട്ടിയത്. അതില്‍ പിന്നെ പരിപ്പ് വടയുടെ പകുതിയവകാശം മാളുവിനാണ്.

അന്നും പതിവു പോലെ കാപ്പിയും കുടിച്ച്, വിശേഷങ്ങളൊക്കെ പറഞ്ഞ്, ലൈബ്രറിയും പൂട്ടിച്ച് പുറത്തിറങ്ങിയപ്പോഴാണ് കണ്ടത്, ഗം ഭീരമായൊരു മഴക്കുള്ള പുറപ്പാട് . ആകെയിരുണ്ടു മൂടി, വരാന്‍ പോകുന്നതിന്റെ സാമ്പിള്‍ പോലെ ഓരോ ഇടിമുഴക്കങ്ങളും. ഞാനാകെ ഉഷാറിലായി. മഴയത്തൊരു യാത്ര ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്..??? ഹൈവേയിലൂടെ പോയാല്‍ മഴ ശരിക്കും ആസ്വദിക്കാന്‍ പറ്റില്ല. മുന്നിലും പിന്നിലും നിറയെ വണ്ടികളും, ഹോണടിയും, കണ്ണില്‍ തറക്കുന്ന ലൈറ്റും, ആകെ ബോറാണ്. അതുകൊണ്ട് ഹൈവേ ഒഴിവാക്കി, ഒരു ഇടറോഡിലൂടെ വീട്ടിലേക്കുള്ള വഴിയാണ് മഴ കൊള്ളാനായി ഞാന്‍ തെരെഞ്ഞെടുത്തത്. ദൂരം കുറച്ച് അധികമാണെങ്കിലും ട്രാഫിക് കുറഞ്ഞതും, വളവും തിരിവും ധാരാളമുള്ളതുമായ ഒരു വഴി.

യാത്ര തുടങ്ങിയതും മഴ കനത്തു. കോരിച്ചൊരിയുന്ന മഴക്കു അകമ്പടിയായി ഇടിയും മിന്നലും. മനസ്സിന് എന്തൊരു കുളിര്‍മ്മ...!!! കണ്ണെത്തുന്ന ദൂരത്തോളം ആരുമില്ലാത്ത വഴിയിലൂടെ യാത്ര ചെയ്യുന്നത് നല്ല രസമായി തോന്നി. മെയിന്‍ റോഡ് ഒഴിവാക്കാനുള്ള എന്റെ തീരുമാനത്തെ മനസ്സാ അഭിനന്ദിച്ചുകൊണ്ട് ഞാന്‍ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു.
പക്ഷേ എന്റെ സന്തോഷം അല്‍പായുസ്സായിരുന്നു. കല്ലെറിയുന്നതു പോലെ കോരിച്ചൊരിയുന്ന മഴയില്‍ ആദ്യത്തെ ആവേശമൊക്കെ തണുത്തു തുടങ്ങി. ആരോഗ്യക്കൂടുതല്‍ കൊണ്ട് ഞാന്‍ നനഞ്ഞു വിറക്കാനും. ചുണ്ടില്‍ നിന്നും തുടങ്ങിയ വിറയല്‍ കൈകളിലേക്ക് വളര്‍ന്നു വളര്‍ന്നു വന്നു. അത് മാത്രമല്ല, മഴയുടെ ശക്തിയില്‍ റോഡ് കാണാന്‍ തന്നെ ബുദ്ധിമുട്ടായി തീര്‍ന്നു. പോരാത്തതിനു താഴെയിറങ്ങി വരുന്ന മിന്നലും ഇടിയും. നിറയെ മഴക്കുഴികളും വളവും തിരിവുമുള്ള റോഡിലൂടെയുള്ള യാത്ര ആകെ ദുരിതമായി തുടങ്ങി. എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതിയെന്നായി എനിക്ക്.
പെട്ടന്നാണ് തൊട്ടു മുന്നില്‍ വന്ന് പടക്കം പൊട്ടിച്ചാലെന്ന പോലെ ചെവിയടപ്പിക്കുന്ന ശബ്ദത്തോടെ ഒരു ഇടിയും, കണ്ണു മഞ്ഞളിപ്പിക്കുന്ന മിന്നലും. എന്താണ് സം ഭവിച്ചതെന്ന് തിരിച്ചറിയുന്നതിനു മുന്നേ ഞാന്‍ നിലം തൊട്ടിരുന്നു. ഞാനാണോ അതോ എന്റെ വണ്ടിയാണോ പേടിച്ച് മറിഞ്ഞു വീണതെന്ന് ഇപ്പോഴും എനിക്ക് തീരുമാനമായിട്ടില്ല.
വണ്ടിയുടെ ഇടയില്‍ നിന്ന് കാലു വലിച്ചൂരിയെടുക്കുന്നതിനിടയില്‍ കാഴ്ചക്കാരാരെങ്കിലുമുണ്ടോ എന്നൊരു കള്ളനോട്ടം നോക്കാന്‍ മറന്നില്ല ഞാന്‍. ഭാഗ്യം...ആരുമില്ല..!!!. പൊട്ടിപ്പോയ ചെരുപ്പ് നേരെയാക്കാനുള്ള വിഫലശ്രമത്തിനൊടുവില്‍ ഞാനെന്റെ വണ്ടിയിലേക്കു ശ്രദ്ധ തിരിച്ചു. വാശി പിടിച്ച് പിണങ്ങിക്കിടക്കുന്ന കുട്ടിയെ പൊലെ വീണ് ചെരിഞ്ഞ് കിടക്കുകയാണ് റോഡില്‍. നനഞ്ഞു വിറക്കുന്ന കൈകളാല്‍ വണ്ടിയെ ഒന്ന് എഴുന്നേല്‍പ്പിക്കാം എന്നു കരുതിയപ്പോ ഒടുക്കത്തെ ''വെയിറ്റ്'' വണ്ടിക്ക്.

സ്കൂട്ടറില്‍ പോയ്ക്കൊണ്ടിരുന്നപ്പോള്‍ മഴയുടെ രൗദ്രത ഇത്രയും അറിഞ്ഞിരുന്നില്ല.ഇപ്പോള്‍ വഴിയില്‍ പെട്ടപ്പോളാണ് താഴേക്ക് പറന്നിറങ്ങുന്ന മിന്നലും, ചരലു വാരിയെറിയുന്നതു പോലെ മഴയും, ഗുണ്ട് പൊട്ടിക്കുന്നതു പോലെയുള്ള ഇടിയും എല്ലാം കൂടി പേടിപ്പിക്കാന്‍ തുടങ്ങിയത്. ഒരു സഹായത്തിന് ആരേയും കാണുന്നതുമില്ല. അഴിച്ചിട്ട തലമുടി പോലെ കറുത്ത് മിനുങ്ങി, നീണ്ടു വളഞ്ഞ് കിടക്കുന്ന റോഡിലേക്കൊന്ന് കണ്ണോടിച്ചു ഞാന്‍. ഒരു വണ്ടിയോ ഒരു മനുഷ്യനേയോ അടുത്ത പരിസരങ്ങളിലൊന്നും കാണ്മാനില്ല... ഇരുട്ടാണെങ്കില്‍ കൂടി കൂടി വരികയും.
വണ്ടിയെ പൊക്കി വെക്കാന്‍ ഒന്ന് രണ്ട് തവണ കൂടി ഞാന്‍ ശ്രമിച്ചെങ്കിലും സം ഭവം ഒരു തരി പൊലും അനങ്ങിയില്ല... വീട്ടിലേക്കൊന്ന് വിളിച്ച് വിവരം പറയാന്‍ ഫോണെടുത്താലോ എന്നും ഓര്‍ത്തതായിരുന്നു ഞാന്‍. പക്ഷേ ഈ കാലവസ്ഥയില്‍ ഫോണ്‍ പുറത്തെടുത്താല്‍ അതിന്റെ കാര്യത്തിലൊരു തീരുമാനമാവും എന്നതും നിശ്ചയമാണ്. അല്ലെങ്കില്‍ തന്നെ പ്രായാധിക്യത്താല്‍ പണിമുടക്ക് ഭീഷണിയുയര്‍ത്തുന്ന ഫോണാണ്.

ഇപ്രകാരം നിസ്സഹായയും നിരാലം ബയുമായി പെരുവഴിയില്‍ ഒറ്റപ്പെട്ടു നില്‍ക്കുമ്പോഴാണ് ഒരു കുടു.. കുടു.. ശബ്ദം കേട്ടു തുടങ്ങിയത്. ഇടിവെട്ടുന്നതിന്റെ താളം ഒന്നു മാറ്റിപ്പിടിച്ചതാവുമോ എന്നൊരു സംശയം തോന്നിയെങ്കിലും നോക്കുമ്പോള്‍ വളവു തിരിഞ്ഞു വരുന്നു ബുള്ളറ്റില്‍ ഒരു ദൈവദൂതന്‍. ഉള്ളില്‍ നുരഞ്ഞു പൊന്തിയ സന്തോഷവും ആശ്വാസവും ഒക്കെ ആസ്വദിച്ച് ഞാന്‍ പൊളിച്ച വായ അടക്കാന്‍ മറന്ന് നില്‍ക്കുന്നതിനിടയില്‍ മോട്ടോര്‍സൈക്കിള്‍ അതിന്റെ വഴിക്കു പോയി. അവസാനത്തെ കച്ചിത്തുരുമ്പും നഷ്ടപ്പെട്ട ഞാന്‍, മഴ ആസ്വദിക്കാനായി ഇറങ്ങിപുറപ്പെട്ട നിമിഷത്തെ മനസ്സറിഞ്ഞ് ശപിച്ചു.

ഇനിയെന്ത് എന്ന് ഉള്ളുരുകിക്കൊണ്ടിരിക്കുന്ന സമയത്താണ് പിന്നില്‍ വീണ്ടുമൊരു കുടു.. കുടു ശബ്ദം. നിരാശയില്‍ മുങ്ങിയ ഞാന്‍ ഇത്തവണ തിരിഞ്ഞു നോക്കാന്‍ പോലും മെനെക്കെട്ടില്ല. പക്ഷേ ഇത്തവണ ബുള്ളറ്റ് അടുത്ത് കൊണ്ട് വന്ന് നിര്‍ത്തുക തന്നെ ചെയ്തു. ഒരു റെയിന്‍ കോട്ടോ തൊപ്പിയോ പോലുമില്ലാതെ ആകെ നനഞ്ഞൊലിച്ച് ആറാം തമ്പുരാന്‍ സ്റ്റൈലില്‍ ഒരു ചേട്ടന്‍. തലയില്‍ കെട്ടിയിരിക്കുന്ന വെള്ള തോര്‍ത്ത്, മഴയെ ചെറുക്കാനുള്ളതല്ല എന്നതുറപ്പ്. ബുള്ളറ്റ് ചേട്ടന്‍ ഒരു നിമിഷം വണ്ടിയില്‍ തന്നെയിരുന്ന് സം ഭവ സ്ഥലം ഒന്ന് നിരീക്ഷിച്ചു. ഞാന്‍ ആകാവുന്നത്ര ദൈന്യത മുഖത്തു വരുത്തി വിനീതയായി, എന്തായിരിക്കും അയാളുടെ അടുത്ത നടപടി എന്ന ആകാംക്ഷയില്‍ നിലയുറപ്പിച്ചു. നോക്കിയിരിക്കുന്നതിനിടയില്‍ ആ 500 c c ബുള്ളറ്റിന്റെ സ്റ്റൈലിനൊത്ത വിധത്തില്‍ താഴെയിറങ്ങി വന്ന്, ഒരു പൂവെടുത്തു പൊക്കുന്ന ലാഘവത്തോടെ എന്റെ വണ്ടി നിവര്‍ത്തി നേരെ വെക്കലും സ്റ്റാര്‍ട്ട് ചെയ്തു നോക്കലും കഴിഞ്ഞു.. 'ഓടിച്ചു നോക്ക്'' എന്നൊരു ആജ് ഞയും. കേട്ട ഉടനെ ഞാന്‍ വണ്ടിയില്‍ കേറി ഒരൊറ്റ പറപ്പിക്കല്. രണ്ട് തിരിവ് കഴിഞ്ഞപ്പോഴാണ് ഒന്ന് തിരിഞ്ഞു നോക്കി ഒരു 'താങ്ക്സ്' പോലും പറഞ്ഞില്ലല്ലോ എന്ന കാര്യം ഓര്‍മ്മ വന്നത്. പോയ ബുദ്ധിക്കു പിന്നാലെ പോയിട്ടെന്തു കാര്യം..??? ഞാന്‍ മുന്നോട്ട് തന്നെ പോന്നു.

വീട്ടിലെത്തിയ ഉടനെ യാത്രാവിശേഷം എല്ലാവരോടും പറയാം എന്നു കരുതിയാണ് പോന്നത്. കുറച്ചു നേരം കൂടി തല നനഞ്ഞപ്പോഴാണ് വേറൊരു ചിന്ത കടന്നു വന്നത്. വണ്ടിക്കും എനിക്കും കാര്യമായ പരിക്കുകളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഇക്കഥയൊക്കെ വിസ്തരിച്ച് എന്തിനാണ് വെറുതെ സ്വദേശത്തു നിന്നും വിദേശത്തുനിന്നും ചീത്ത വാങ്ങി വെക്കുന്നത്..??? ഞാനീ വഴി പോന്നിട്ടുമില്ല, വണ്ടി മറിഞ്ഞിട്ടുമില്ല, ബുള്ളറ്റ്കാരനെ കണ്ടിട്ടുമില്ല. ഈ പുതിയ വിവേകോദയത്തോടെ നന്ദി പറയാതെ പോന്നതിലുള്ള കുറ്റബോധവും നീങ്ങിക്കിട്ടി. അങ്ങനെ സന്തോഷവതിയായി മാളു വീട്ടിലെത്തിച്ചേര്‍ന്നു.

പതിവു പോലെ നേരം രാത്രിയായി....രാവിലെയായി..
എന്നത്തേയും പോലെ പഠിത്തം അവസാനിപ്പിക്കാനായി ഞാന്‍ ന്യൂസ് പേപ്പര്‍ വരുന്നതും കാത്തിരിപ്പായിരുന്നു. ഒന്നാം പേജിലെ അഴിമതി കൊലപാതക പീഡന പരമ്പരകള്‍ക്കു ശേഷം ലോക്കല്‍ പേജിലേക്ക് നീണ്ടു എന്റെ വായന.. പേജ് മറിക്കുന്നതിനു മുന്നേ ഒരു പരിചയമുള്ള മുഖം കണ്ടതു പോലെ. പടത്തിനു താഴെ കൊടുത്തിരിക്കുന്ന വാര്‍ത്ത കൂടി വായിച്ചപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്..
''കുപ്രസിദ്ധ വാടക ഗുണ്ട വിഷ്ണു(21) പോലിസ് പിടിയില്‍. ഒട്ടനവധി ആക്രമണ കവര്‍ച്ച കേസുകളില്‍ പ്രതിയാണ്. വനിത കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസില്‍ വിചാരണ സമയത്ത് പോലിസ് പിടിയില്‍ നിന്ന് ചാടിപ്പോയ വിഷ്ണു, ഇന്നലെ വൈകുന്നേരത്തോടെയാണ് പോലിസ് പിടിയിലകപ്പെട്ടത്.''

വാര്‍ത്തയോടൊപ്പമുള്ള ചിത്രം കാണുന്തോറും മഴയില്‍ നനഞ്ഞു കുളിച്ചൊരു രൂപം മനസ്സില്‍ തെളിഞ്ഞു വരികയായിരുന്നു. ഒരു മിന്നല്‍ ദേഹത്തിലൂടെ കടന്നു പോയതു പോലെ ഞാനൊന്ന് വിറച്ചു. മഴത്തുള്ളികള്‍ക്കിടയിലൂടെ തൊട്ടു പിന്നിലൊരു ബുള്ളറ്റിന്റെ കുടു കുടു ശബ്ദം കേട്ടിട്ടെന്ന പോലെ ഞെട്ടി തിരിഞ്ഞു നോക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല

Tuesday, August 23, 2011

പാസ്സഞ്ചര്‍

മുഖത്ത് പതുക്കെ വന്നു തൊട്ടു മടങ്ങുന്ന കാറ്റും, പിന്നിലേയ്ക്ക് ഓടി മറയുന്ന കാഴ്ചകളും, ചെവിയിലെ മൂളിപ്പാട്ടും എല്ലാം കൂടി സുഖകരമായ ഒരു യാത്രയായിരുന്നു അത്.. ട്രെയിനിലിരുന്ന് യാത്ര ചെയ്യുന്നതു പോലെയല്ല, ട്രെയിനിനോടൊപ്പം പറന്നു നടക്കുന്നതു പോലെയൊരു സ്വപ്നത്തിലായിരുന്നു ഞാന്‍.

പറന്നു പറന്നു നടക്കുന്നതിനിടയില്‍ പെട്ടന്നാണ് ആരോ എന്നെ നിലത്തിറക്കി വിട്ടത്.. അമ്പരപ്പോടെ നോക്കിയ എന്റെ കാഴ്ചയെ വരവേറ്റത് ഒരു അച്ഛനും അമ്മയും, അവരുടെ അഞ്ചുവയസ്സുകാരന്‍ കുട്ടിയും പിന്നെ ഒരു കൂട്ടം ബാഗുകളുമാണ്.
കുട്ടിയുടെ വാശി മാറ്റുന്നതിനായി എന്റെ സൈഡ് സീറ്റാണ് അവരുടെ ആവശ്യം. മാറിക്കൊടുക്കുന്നതില്‍ ഒട്ടും താല്‍പര്യമില്ലായിരുന്നുവെങ്കിലും, ''പറ്റില്ല'' എന്നു പറയാനുള്ള മടി കാരണം മനസ്സില്ലാമനസ്സോടെ ഞാനെഴുന്നേറ്റ് അവര്‍ ചൂണ്ടിക്കാണിച്ച സീറ്റിലേക്കു നടന്നു.

അതൊരു മിഡില്‍ സീറ്റായിരുന്നു .

ഇളം നീലയില്‍ വെള്ള വരകളുള്ള ഫുള്‍ക്കൈ ഷര്‍ട്ട്, യോജിക്കുന്ന നിറത്തിലുള്ള ടൈ, ഷൂസ് ഒക്കെയണിഞ്ഞ്, വായും പൊളിച്ചുറങ്ങുന്ന ഒരു എക്സിക്യൂട്ടീവ് ചേട്ടന്റെയും, കറുത്ത് മിന്നുന്ന തലമുടിയുടേയും, വല്ല്യ പുള്ളി ഷര്‍ട്ടിന്റേയും സഹായത്താല്‍, ചെറുപ്പം കാത്തു സൂക്ഷിക്കാന്‍ പാടു പെടുന്ന ഒരു ചേട്ടന്റെയും ഇടയിലേക്കാണ് എന്റെ സ്ഥലം മാറ്റം
വിസ്തരിച്ച് വീര്‍ത്തിരിക്കുന്ന രണ്ടുപേര്‍ക്കുമിടയില്‍ ഒന്ന് സ്വസ്ഥമായി ചാരിയിരിക്കാന്‍ പോലും കഴിയാതെ എന്റെ യാത്രയുടെ രണ്ടാം ഘട്ടം തുടങ്ങുകയായി. ഇരിപ്പിലെ അസ്വസ്ഥത കാരണം പാട്ട് കേള്‍ക്കാനുള്ള മാനസികാവസ്ഥയും നഷ്ടപ്പെട്ടു.

ഞാന്‍ ഇരുന്നിരുന്ന സൈഡ് സീറ്റിലിപ്പോള്‍ ആ അഞ്ചുവയസ്സുകാരനും അമ്മയുമാണ്. അച് ഛന് കുറച്ച് പുറകിലുള്ള ഒരു സീറ്റാണ് കിട്ടിയിരിക്കുന്നത്. ഒരു കൊച്ചു പെണ്‍കുട്ടിയുടെ മുഖവും കണ്ണുകളില്‍ നിറയെ അത്ഭുതവുമായി അമ്മ ഓരോ യാത്രക്കാരേയും നോക്കിയിരിക്കുകയാണ്. വാശി പിടിച്ച് എന്റെ സീറ്റ് കരസ്ഥമാക്കിയ കുട്ടിയാവട്ടെ ഒരു സെക്കന്റ് പോലും അടങ്ങിയിരിക്കുന്നില്ല സീറ്റില്‍.
നോക്കിയിരിക്കുന്തോറും എനിക്ക് അരിശം കേറി വന്നു. രണ്ട് ആഴ്ച മുമ്പേ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് ശുഭയാത്ര ഉറപ്പു വരുത്തിയ എന്നെ പുറത്താക്കിയിട്ട് സുഖിച്ചിരിക്കാണ് അമ്മയും മകനും.
കുട്ടിയുടെ വികൃതികള്‍ കൂടുതലാവുമ്പോള്‍ ''മണിക്കുട്ടാ..'' എന്ന് പതിഞ്ഞ ശബ്ദത്തിലൊന്ന് വിളിച്ച്, കൈയ്യില്‍ അമര്‍ത്തിപ്പിടിക്കും അമ്മ. കുറച്ചു കഴിഞ്ഞ് പിടി അയയുമ്പോള്‍ മണിക്കുട്ടന്‍ അവന്റെ കുസൃതികളിലേക്ക് തന്നെ തിരിച്ചെത്തും.

നോക്കിയിരിക്കാനൊരു ജനല്‍ പോലുമില്ലാതെ ഉഴറി നടന്ന എന്റെ കണ്ണുകള്‍ പിന്നേയും പിന്നേയും എന്റെ നഷ്ട സീറ്റിലേക്കു തന്നെ മടങ്ങിയെത്തി. മണിക്കുട്ടന്റെ അമ്മ ഉറക്കം തുടങ്ങിയിരുന്നു. അവനാകട്ടെ വികൃതികള്‍ എല്ലാം മടുത്തിട്ടാവാം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നിലേക്കാണ്, എന്നെയല്ല, എന്റെ കൈയ്യിലുള്ള മൊബൈല്‍ ഫോണ്‍ ആണ് അവന്റെ ടാര്‍ജറ്റ്...ഒരു അഞ്ചു വയസ്സുകാരന്റെ മുഴുവന്‍ നിഷ്കളങ്കതയോടും, ആഗ്രഹത്തോടും കൂടി കണ്ണെടുക്കാതെയുള്ള തുറിച്ചു നോട്ടം ...

ഈ പ്രായത്തിലുള്ള കുട്ടികള്‍ നമ്മുടെ തന്നെ കുട്ടിക്കാലത്തെ വല്ലാതെ ഓര്‍മ്മിപ്പിക്കാറുണ്ട് പലപ്പോഴും. അരക്ഷിതമായ ഒരു കുട്ടിക്കാലത്തിന്റെ നീറ്റലുള്ള ഓര്‍മ്മകള്‍ കൂടി കൂട്ടിനെത്തിയതോടെ ഞാനൊന്നു കൂടി അസ്വസ്ഥയായി...
എന്റെ സീറ്റ് തട്ടിയെടുത്തതിനു പുറമേ മണിക്കുട്ടനെ ഇഷ്ടപ്പെടാതിരിക്കാന്‍ ഒരു കാരണം കൂടി കണ്ടുപിടിച്ചെന്നൊരു ചെറിയ ആശ്വാസം മാത്രം.
ഫോണ്‍ കൈയ്യില്‍ നിന്നൊന്ന് മാറ്റി വെച്ച് കുട്ടിയുടെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു.. പക്ഷേ തനിച്ചുള്ള യാത്രയായതിനാല്‍ നാടിന്റെ നാനാഭാഗത്തുനിന്നും അന്വേഷണങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കും..
''മാളൂ ..സീറ്റ് കിട്ടിയില്ലേ..??
''മാളൂ ഷൊര്‍ണൂരെത്തുമ്പൊ ഒരു കാപ്പി കുടിച്ചോളൂ..''
''മാളൂ ... മുറുക്കെ പിടിച്ചിരിക്കുന്നില്ലേ..??''
'' മാളൂ.. ട്രെയിനില്‍ നിന്ന് സമൂസയൊന്നും വാങ്ങിക്കഴിക്കരുത് ട്ടോ..''
'' മാളൂ ഉറങ്ങണൊന്നും ഇല്ലല്ലോ..??
ഈ വിധത്തിലുള്ള അത്യാവശ്യകാര്യങ്ങള്‍ അറിയാന്‍ വേണ്ടി വിളിക്കുന്നവരുടെ ഒരു വിളിയെങ്ങാനും ''മിസ്സ്' ആയാല്‍ ഉണ്ടാകാനിടയുള്ള ഭൂകമ്പത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഫോണ്‍ മാറ്റി വെക്കാനും നിവൃത്തിയില്ല..

ഈ സമയത്തിനിടയ്ക്ക് മണിക്കുട്ടനാവട്ടെ അവന്റെ സീറ്റ് മുതല്‍ ഞാനിരിക്കുന്ന സീറ്റ് വരെ ഒരു ബസ് സര്‍വ്വീസ് തുടങ്ങിക്കഴിഞ്ഞിരുന്നു. ഇടയിലുള്ള ഉറങ്ങുന്നവരുടേയും, ഉറക്കം നടിക്കുന്നവരുടേയും, സംസാരിച്ചുക്കൊണ്ടിരിക്കുന്നവരുടേയും കാലുകളൊക്കെ ചവിട്ടി മെതിച്ചു കൊണ്ടൊരു 'എക്സ്പ്രസ്സ് സര്‍വ്വീസ്. അടുത്തെത്തുമ്പോള്‍ എന്റെ മുഖത്തേക്കും കൈയ്യിലേക്കും ഒന്ന് സൂക്ഷിച്ച് നോക്കി, ബസ് ഒന്ന് ഇരമ്പിപ്പിച്ച് കുറച്ചു നേരം ചുറ്റി തിരിഞ്ഞ് നിന്ന് തിരിച്ചു പോവും.

ഞാന്‍ എന്റെ ഫോണിനുള്ളിലെ കോഫീ ഷോപ്പിലേയ്ക്ക് ശ്രദ്ധിച്ചിരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഒരു കണ്ണ് എപ്പോഴും അവന്റെ പിന്നാലെ തന്നെയായിരുന്നു. ഓരോ നോട്ടത്തിലും എന്റെ സീറ്റ് തട്ടിയെടുത്തവനോടുള്ള അമര്‍ഷം നുരഞ്ഞു പൊന്തി.
അടുത്ത സ്റ്റേഷനില്‍ വണ്ടി എത്തി. ചെറുപ്പക്കാരുടെ ഒരു സംഘമാണ് ഇത്തവണ. എല്ലാ നിറത്തിലുമുള്ള ടീഷര്‍ട്ടുകളും, പലതരത്തില്‍ നരച്ച ജീന്‍സുകളും ഹായ് ഹോയ് വിളികളുമായ് ആകെ ബഹളം. കൂട്ടം കൂടി യാത്ര ചെയ്യാന്‍ എനിക്കവസരം കിട്ടാത്തതുകൊണ്ടാവാം എനിക്കിങ്ങനെയുള്ളവരോട് വല്ല്യ അസൂയയാണ്.

സീറ്റ് കണ്ടുപിറ്റിച്ചവരുടേയും, സീറ്റ് അന്വേഷിക്കുന്നവരുടേയും തിരക്കില്‍ പെട്ട് കുട്ടിയുടെ ബസ് സര്‍വ്വീസ് തല്‍ക്കാലം തടസ്സപ്പെട്ടിരിക്കുകയാണ്. കൂട്ടത്തിലൊരാള്‍ കൈയ്യിലിരിക്കുന്ന ടിക്കറ്റിന്റെ നമ്പര്‍ നോക്കി നോക്കി ഞങ്ങളുടെ ഇടയിലുമെത്തി മണിക്കുട്ടനും അമ്മയും ഇരിക്കുന്ന സീറ്റിനു മുന്നിലെത്തി ബാഗുകള്‍ ഇറക്കി. ച്യൂയിംഗം ചവക്കുന്നതിന്റെ ഇടവേളയില്‍ ടിക്കറ്റും സീറ്റ് നമ്പറും ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നതിനിടയില്‍ തന്നെ ബാഗുകളൊക്കെ കേറ്റി വെച്ച് സീറ്റില്‍ ഇരിക്കാനുള്ള പുറപ്പാടിലാണ്. മണിക്കുട്ടനും അമ്മയും എഴുന്നേറ്റു നില്‍പ്പായി.. ഈ ആശയക്കുഴപ്പങ്ങള്‍ കണ്ടിട്ടാവും മണിക്കുട്ടന്റെ അച് ഛനും പിന്‍ നിരയിലെ സീറ്റില്‍ നിന്ന് എഴുന്നേറ്റു.
എന്റേതാണെന്ന നാട്യത്തില്‍ ഔദാര്യപൂര്‍വ്വം ഞാനൊഴിഞ്ഞുകൊടുത്ത സീറ്റിനു വേറെ അവകാശി വന്നതോടെ ഞാനും അങ്കലാപ്പിലായി. ബാഗ് വലിച്ചു തുറന്ന് ടിക്കറ്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് ഒരു ഞെട്ടലോടെ മനസ്സിലാക്കിയത്, തെറ്റു പറ്റിയത് പതിവു പോലെ എനിക്കു തന്നെയാണെന്ന്. പിന്നിലുള്ള വരിയിലാണ് എന്റെ സീറ്റ്. പതുക്കെ ഞാനും എഴുന്നേറ്റു.

ഒരു സീറ്റ് അന്വേഷിച്ച് വന്നപ്പോള്‍ രണ്ട് സീറ്റ് ഒഴിയുന്നതു കണ്ട് അത്ഭുതപ്പെടുകയാണ് വന്നയാള്‍. അപ്പോഴേക്കും മണിക്കുട്ടന്റെ അച് ഛനും എത്തിച്ചേര്‍ന്നു. കാര്യങ്ങളുടെ കിടപ്പത്ര പന്തിയല്ലെന്നു മനസ്സിലാക്കിയതോടെ കൂടുതല്‍ കോം പ്ലിക്കേഷന്‍ ഒഴിവാക്കാനായി സീറ്റ് അന്വേഷിയായെത്തിയ ചെറുപ്പക്കാരന്‍ പിന്നിലേക്ക് മാറിയിരുന്നു.പോകുന്ന പോക്കിന് എന്നെയൊന്ന് തറപ്പിച്ചു നോക്കിയെന്നത് എനിക്ക് തോന്നിയതാണോ ആവോ..??. അയാളുടെ സ്വന്തം സൈഡ് സീറ്റ് നശിപ്പിച്ച എന്നെ മനസ്സിലെങ്കിലും ശപിച്ചിട്ടുണ്ടാവും എന്നുള്ളതുറപ്പ്.
നാണക്കേട് കൊണ്ട് എന്റെ തല താഴ്ന്നു. സീറ്റ് മാറി ഇരുന്നുപോയി എന്നതിനേക്കാളും, ഓരോ സെക്കന്‍ഡിലും ഞാന്‍ ഒഴിഞ്ഞു കൊടുത്ത എന്റെ സീറ്റ് എന്നഹങ്കരിച്ചുകൊണ്ടിരുന്ന എന്റെ അഭിമാനത്തിന്റെ തലയ്ക്കല്‍ തന്നെയായിരുന്നു അടിയേറ്റത്. മണിക്കുട്ടന്‍ മാത്രം യാതൊരു ഭാവവ്യത്യാസവുമില്ലാതെ അമ്മയുടെ മടിയില്‍ ചാരിയിരുന്ന് ഒരു ചോക്ളേറ്റിന്റെ തൊലിയുരിയുകയാണ്. ഇവര്‍ക്കു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തതുകൊണ്ടാണ് എനിക്കിങ്ങനെയൊരു നാണക്കേട് വന്നത് എന്നൊരു പുതിയ കണ്ടുപിടുത്തത്തിലേക്കാണ് എന്റെ മനസ്സ് എത്തിച്ചേര്‍ന്നത്. ഉമിത്തീയില്‍ എന്നതു പോലെ ഞാന്‍ നീറിത്തുടങ്ങി.
ചോക്ളേറ്റ് തിന്നു കഴിഞ്ഞതും കുട്ടിയുടെ ഷട്ടില്‍ സര്‍വ്വീസ് പുനരാരം ഭിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരാളുടെ കാലില്‍ തടഞ്ഞ് കുട്ടി നേരെ എന്റെ ദേഹത്തേക്ക് മറിഞ്ഞു വീണു. മനസ്സിലുണ്ടായിരുന്ന അമര്‍ഷം മുഴുവന്‍ എന്റെ കണ്ണിലൂടെ പുറത്തു വന്നു. ഞാന്‍ രൂക്ഷമായി കുട്ടിയെ നോക്കി,കണ്ണെടുത്തതും എന്നെ തന്നെ ശ്രദ്ധിച്ചിരിക്കുന്ന മണിക്കുട്ടന്റെ അമ്മയെയാണ് കണ്ടത്. കുട്ടിയെ അടുത്തേക്ക് വിളിക്കുന്ന അവരുടെ മുഖഭാവം കണ്ടപ്പോഴേ അവനു നല്ല അടി കിട്ടുമെന്ന് എനിക്കുറപ്പായി. ഞാനാകെ ചുരുങ്ങി ചെറുതായി പോയി.ഇന്ന് ചെയ്യുന്നതു മുഴുവന്‍ അബദ്ധമായി തീരുകയാണ്. എന്റെ ഓരോ വൃത്തികെട്ട കോം പ്ലക്സുകള്‍ കാരണം , വേദനിക്കാന്‍ പോവുന്നതൊരു പാവം അഞ്ച് വയസ്സുകാരനാണ്.

കുട്ടിയുടെ കരച്ചില് ഇപ്പോ കേള്‍ക്കും കേള്‍ക്കും എന്ന് പേടിച്ച് അവരുടെ ഭാഗത്തേക്ക് നോക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ അകലേക്ക് നോക്കിയിരിപ്പായി. മണിക്കുട്ടനു കിട്ടുന്ന ഓരോ അടിയും എന്നെയാണ് വേദനിപ്പിക്കുക എന്നെനിക്കുറപ്പായിരുന്നു.

കുറച്ചു നേരം കഴിഞ്ഞിട്ടും കരച്ചിലൊന്നും കേള്‍ക്കുന്നില്ല. ഞാന്‍ ഇടംകണ്ണിട്ടു നോക്കിയപ്പോള്‍ അമ്മ കുട്ടിയുടെ രണ്ടു ചെവിയിലും പിടിച്ച് കിഴുക്കുന്നുണ്ട്. പക്ഷേ ആ മിടുക്കന്‍ നിന്ന് ചിരിക്കുകയാണ്. അതു കണ്ടതോടെ അറിയാതെ ഞാനും ചിരിച്ചു പോയി. അന്തരീക്ഷത്തിനൊരു അയവ് വന്നു.

അങ്ങനെ യാത്രയുടെ മൂന്നാം ഘട്ടമായപ്പോഴേക്കും എന്റെ കൈയിലുള്ള ചോക്ലേറ്റുകള്‍ അവസാനിപ്പിക്കാനും, എന്റെ കൂടെ പാട്ടു കേള്‍ക്കാനും എനിക്കൊരു കൂട്ടായി മണിക്കുട്ടനുമുണ്ടായിരുന്നു




Monday, January 31, 2011

ബെസ്റ്റ് ഓഫ് ലക്ക്

അഞ്ചു ദിവസമായി, ഗൗരിയും ഹരിയും തമ്മില്‍ പിണക്കം തുടങ്ങിയിട്ട്.
പതിവു പോലെ ഒരു നിസ്സാര കാരണത്തിനു തുടങ്ങിയ പിണക്കമാണ്. പക്ഷേ പതിവിനു വിപരീതമായി ഇത്തവണ അഞ്ചാം ദിവസത്തിലേക്കും പിണക്കം നീണ്ടുപോയിരിക്കുകയാണ്.
പിണങ്ങാന്‍ എപ്പോഴും മുന്‍ കൈയ്യെടുക്കുന്നത് ഗൗരിയാണെങ്കിലും, പിണക്കം അവസാനിപ്പിക്കുന്നത് മിക്കപ്പോഴും ഹരിയാണ്. ഇത്തവണ എന്താണാവോ അവനും അനങ്ങുന്ന മട്ടില്ല...(സഹികെട്ടിട്ടാവും). ഓരോ പിണക്കവും അതിന്റെ പരിഭവവും ഒക്കെ കഴിയുമ്പോള്‍ ഗൗരി തീരുമാനിക്കും, ഇനി ഹരിയോട് പിണങ്ങുന്ന പ്രശ്നമേയില്ല എന്നൊക്കെ. പക്ഷേ മാസം ഒന്ന് കഴിയുന്നതിനു മുന്നേ അടുത്ത പിണക്കം വന്നിട്ടുണ്ടാവും.

പിണങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും പിണങ്ങിയത് എന്തിനായിരുന്നു എന്നതു തന്നെ ഗൗരി മറന്നു തുടങ്ങിയിരുന്നു. എന്നാലും ഇത്ര ദിവസമായിട്ടും ഹരി ഒന്നു വിളിച്ചില്ലല്ലോ എന്ന സങ്കടപ്പുറത്ത് അങ്ങോട്ടു വിളിക്കാതെ ബലം പിടിച്ചിരുന്നു.

അഞ്ചാം ദിവസമായപ്പോഴേക്കും ഗൗരിയാകെ അസ്വസ്ഥയായി. ഇന്നാണെങ്കില്‍ പരീക്ഷയും ഉള്ള ദിവസമാണ്. പരീക്ഷ തുടങ്ങിയപ്പോള്‍ മുതല്‍ സ്വസ്ഥത ഇല്ലാതായതാണ്. അതിന്റ കൂടെ ഹരിയുമായുള്ള പിണക്കവും കൂടിയായപ്പോള്‍ പൂര്‍ത്തിയായി.

എഴുത്തു പരീക്ഷ പിന്നേയും സഹിക്കാം, റിസള്‍ട്ട് വരുന്നതു വരെ ഒരു സമാധാനമുണ്ടല്ലോ..!! ഈ വൈവ പരീക്ഷയാണ് ഗൗരിയ്ക്ക് ഏറ്റവും പേടി. നാല് സിംഹങ്ങളുടെ മുന്നില്‍ വിയര്‍ത്തൊലിച്ച് വായ വരണ്ട്, ഇരിക്കേണ്ടി വരുന്നതോര്‍ത്ത് ഗൗരിയുടെ ഉറക്കം നഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.
സാധാരണയായി ഹരിയുടെ കൈയ്യില്‍ നിന്ന് ഒരു ''ബെസ്റ്റ് ഓഫ് ലക്ക്'' വാങ്ങിയാണ് പരീക്ഷക്കു പോകുന്നത്.
പിണങ്ങിയിരിക്കുന്ന സമയമായതിനാല്‍ ഇന്ന് അങ്ങിനെയൊരു ആശംസ കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ലെങ്കിലും ഗൗരി ഇടക്കിടയ്ക്ക് ഫോണ്‍ എടുത്തു നോക്കിക്കൊണ്ടിരുന്നു. ഓരോ തവണയും നിരാശയോടെ തിരികെ വെക്കുകയും ചെയ്തു കൊണ്ടിരുന്നു.
താഴെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാവും പെട്ടന്നൊരു തോന്നല്‍, ഇപ്പോ ആ ''ബെസ്റ്റ് ഓഫ് ലക്ക്'' വന്നിട്ടുണ്ടാവുമെന്ന്. ഉടനെ ഓടി വന്ന് നോക്കും. വൊഡാഫോണ്‍ അയക്കുന്ന ഓരോ മെസ്സേജുകളല്ലാതെ വേറെയൊന്നുമുണ്ടാവില്ല.
കോളേജിലേക്ക് പോവാറായപ്പോഴേക്കും മനസ്സു ചത്തു. മറ്റെല്ലാ കാര്യത്തിനേക്കാളുമധികം അന്ധവിശ്വാസിയാണ് ഗൗരി പരീക്ഷക്കാര്യത്തില്‍. ഹരിയുടെ ''ബെസ്റ്റ് ഓഫ് ലക്ക്'' കിട്ടാതെ ഒരു പരീക്ഷക്കും പോയിട്ടില്ല ഇതു വരെ.
സ്കൂട്ടറില്‍ കയറുന്നതിനു മുന്‍പും ഒന്നു കൂടി ഫോണെടുത്ത് നോക്കി....വന്നിട്ടില്ല.
വണ്ടി നീങ്ങി തുടങ്ങിയപ്പോഴാണ് എന്തോ ഒരു വ്യത്യാസം പോലെ. കാറ്റൊക്കെ കൂടുതല്‍ മുഖത്തടിക്കുന്നു, തലമുടിയൊക്കെ ആകെ പാറിപ്പറക്കുന്നു. ഗേറ്റിന്റെ അടുത്തെത്തിയപ്പോഴേക്കും സം ഭവം പിടികിട്ടി. ഹെല്‍മെറ്റ് എടുത്തിട്ടില്ല. അവിടെയിട്ട് വണ്ടി തിരിക്കുന്നതിനേക്കാള്‍ എളുപ്പം, നടന്നു പോവുന്നതാണെന്ന് തീരുമാനിച്ച്, തിരിച്ചു വീട്ടിലേക്ക് നടന്നു തുടങ്ങിയപ്പോള്‍ ഹെല്‍മെറ്റുമായി അമ്മാവന്‍ പകുതി വഴിയിലെത്തിയിട്ടുണ്ട്. .'' ഏതു ബോധത്തിലാണ് വണ്ടിയുമെടുത്ത് പോവുന്നത്..??'' എന്നതേ ചോദിച്ചുള്ളൂ, ഭാഗ്യത്തിന്..
പിന്നേയും വണ്ടി മുന്നോട്ട്...
കഷ്ടിച്ച് ഒരു നാലു കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞപ്പോഴാണ്, അകക്കണ്ണില്‍ ഒരു ദൃശ്യം തെളിഞ്ഞു വന്നത്. . അലക്കി, തേച്ചു മടക്കിയ വെള്ള കോട്ടും അതിന്റെ പോക്കറ്റിലൊന്നില്‍ വിശ്രമിക്കുന്ന സ്റ്റെതസ്കോപ്പും, നീ ഹാമ്മെറും തെക്കിനിപ്പടിയില്‍ ഭദ്രമായി ഇരിക്കുന്ന കാഴ്ച.
എടുക്കാന്‍ മറന്നിരിക്കുന്നു...
ഹാള്‍ ടിക്കറ്റില്ലാതെ ചെന്നാലും ഇന്നത്തെ വൈവക്കു ചിലപ്പോള്‍ കേറാന്‍ പറ്റുമായിരിക്കും, പക്ഷേ ഓവര്‍ക്കോട്ടില്ലാതെ ചെന്നാല്‍ വാര്‍ഡിന്റെ ഏഴയലത്തു പോലും അടുപ്പിക്കില്ല.

റോഡ് പണിയും പരിഷ്കാരങ്ങളും കാരണം വണ്ടി ഒന്നു തിരിക്കണമെങ്കില്‍ പിന്നേയും പോണം ഒരു രണ്ട് കിലോമീറ്റര്‍ മുന്നോട്ട്.

തിരിച്ച് വീട്ടിലെത്തിയപ്പൊഴേയ്ക്കും, മുത്തശ്ശി തുടങ്ങി, ഗൗരിയുടെ ബോധമില്ലായ്മയുടെ വിവരണങ്ങള്‍. ആ വശത്തേക്കുള്ള ചെവി അടച്ചു വെച്ച്, മറന്നു വെച്ച സാധനങ്ങള്‍ ഒക്കെ പെറുക്കി കൂട്ടി വീണ്ടുമിറങ്ങി.

നേരം വൈകിയതു കാരണം സ്പീഡ് ഒട്ടും കുറച്ചില്ല. എന്നാലും നാലും കൂടിയ ഒരു ജംഗ്ഷനില്‍ എത്തിയപ്പോള്‍, റോഡ് മുറിച്ചു കടക്കാന്‍ നിര്‍ത്തിയിരിക്കുന്ന ഒരു ബസ്സിനെ ബഹുമാനിച്ച്, മര്യാദക്കാരിയായി വണ്ടിയൊക്കെ പതുക്കെയാക്കി നിര്‍ത്തിയതായിരുന്നു. അപ്പോഴാണ് തൊട്ടു മുന്നിലുള്ള ബൈക്ക് ചേട്ടന്‍ ബസ്സിനെയൊന്നും മൈന്‍ഡ് ചെയ്യാതെ ബൈക്ക് വെട്ടിച്ചെടുത്തൊരു പോക്ക്. ബസ്സിലെ കിളിച്ചേട്ടന്‍ എന്തോ വിളിച്ചു പറയുന്നത് ഗൗരിയുടെ തിരക്കു മനസ്സിലാക്കി, പൊയ്ക്കോളാന്‍ പറയുകയാണെന്ന് ഗൗരിയും ധരിച്ചു.
സ്കൂട്ടര്‍ മുന്നിലേക്കെടുത്തതും, ബസ്സും മുന്നോട്ടെടുത്തു. ആയുര്‍വ്വേദ കോളേജിലേക്ക് പുറപ്പെട്ടിട്ട്, ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ എത്തുമല്ലോ എന്ന പരിഭ്രമത്തില്‍ ബ്രേക്ക് പിടിക്കാനും ഗൗരി മറന്നു.

ഭാഗ്യത്തിന് ബസ്സിലെ ഡ്രൈവര്‍ ഗൗരിയെപ്പോലെ അല്ലാത്തതിനാല്‍ ഇടി നടക്കാതെ കഴിച്ചിലായി. അവിടുന്ന് രക്ഷപ്പെട്ടോടി പോരുമ്പോള്‍ ആ ഡ്രൈവറും കിളിച്ചേട്ടനും ചീത്ത വിളിച്ചിട്ടുണ്ടാവുമല്ലോ എന്നാലോചിച്ച് വിഷമിക്കാനൊന്നും ഗൗരി മെനെക്കെട്ടില്ല.
ആ ഹരി ഒരു ബെസ്റ്റ് ഓഫ് ലക്ക് പറയാതിരുന്നതുകൊണ്ടുണ്ടായ പുകിലുകള്‍ ഓര്‍ത്തോര്‍ത്ത് ഗൗരി കോളേജിലെത്തി.
വണ്ടി നിര്‍ത്തി ചാടിയിറങ്ങുമ്പോഴേ കണ്ടു, വാര്‍ഡിനു മുന്നില്‍, സാറന്മാരും കുട്ടികളും എല്ലാരും വന്നു നില്‍പ്പുണ്ട്.
തലേ ദിവസം പോയി കണ്ടു പഠിച്ചു വെച്ച വല്ല രോഗിയേയും തന്നെ പരീക്ഷക്കു കിട്ടിയാല്‍ മതിയായിരുന്നു എന്നൊരു പ്രാര്‍ഥനയേ ഇനി ബാക്കിയുള്ളൂ..

ഓട്ടത്തിനിടയില്‍ കൂടി ഗൗരി വെള്ളക്കോട്ടിനകത്തു കയറി. ഓടി കിതച്ചെത്തിയപ്പോഴാകട്ടെ, പരീക്ഷയുടെ ഗൗരവം മറന്ന് എല്ലാവരുടെ മുഖത്തും ചിരി. ഓവര്‍കോട്ട് ഇട്ടത് തെറ്റിപ്പോയോ, ചെരുപ്പ് മാറിയിട്ടിട്ടുണ്ടോ എന്നൊക്കെ ഗൗരി സൂത്രത്തില്‍ ഒന്നു പരിശോധിച്ചെങ്കിലും ഒന്നും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. പുറകില്‍ നിന്ന് മീര തലയില്‍ തൊട്ടു കാണിച്ചപ്പോഴാണ് ഹെല്‍മെറ്റിന്റെ കാര്യം ഓര്‍മ്മ വന്നത്.. വെപ്രാളത്തിനിടയില്‍ അതൂരി വെക്കാന്‍ മറന്നിരിക്കുന്നു...

ആകെ നാണം കെട്ട് ഹെല്‍മെറ്റുമായി തിരിച്ചു നടക്കുമ്പോഴും കിട്ടാത്ത ആ ''ബെസ്റ്റ് ഓഫ് ലക്കിനു വേണ്ടി മനസ്സു കരഞ്ഞു.
തിരികെ വാര്‍ഡിലെത്തി അവശേഷിച്ച നമ്പറുമെടുത്ത് രോഗിയുടെ അടുത്തേക്ക്...
വിചാരിച്ചതു പോലെ തന്നെ അന്നു രാവിലെ അഡ്മിറ്റ് ആയ ഒരു പുതു പുത്തന്‍ രോഗി ഗൗരിക്കായി കാത്തിരിക്കുന്നു.
രോഗിയെ പരിശോധിച്ച്, വിവരങ്ങളൊക്കെ എഴുതിയെടുത്ത്, സാറന്മാര്‍ക്കു വേണ്ടി കാത്തു നില്‍ക്കുമ്പോള്‍ പോക്കറ്റിനുള്ളില്‍ കിടക്കുന്ന ഫോണിനു ഒരു അനക്കം.
മെസ്സേജ് ആണ്..... ഹരിയുടെ...
'' ബെസ്റ്റ് ഓഫ് ലക്ക്''.