Monday, November 21, 2011

മഴത്തുള്ളിക്കിലുക്കം

പതിവ് പോലെ ഒരു തുടക്കമായിരുന്നു അന്നും..വെളുപ്പാന്‍ കാലത്ത് നാലു മണിയായപ്പോഴേക്കും അലാറം എന്റെ ചെവി തിന്നു തുടങ്ങി. ലോകത്തിലെ ഏറ്റവും ശല്യപ്പെടുത്തുന്ന ശബ്ദമാണിതെന്ന തിരിച്ചറിവിലേക്കാണ് എന്നും ഞാന്‍ ഉറക്കം ഞെട്ടിയുണരുന്നത്. ഒന്നും കൂടി തിരിഞ്ഞു കിടന്ന് കണ്ടുകൊണ്ടിരുന്ന സ്വപ്നം മുഴുവനാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എനിക്ക്. പക്ഷേ ഓരോ ദിവസവും ഒരു അവസാന വര്‍ഷ ആയുര്‍വ്വേദ വിദ്യാര്‍ഥിയെ കാത്തിരിക്കുന്ന പരീക്ഷകളേയും പരീക്ഷണങ്ങളേയും കുറിച്ചോര്‍ത്ത് ചിന്തകള്‍ക്ക് തീ പിടിച്ചതിനാല്‍ പിന്നീട് കിടക്കാനും കഴിഞ്ഞില്ല.

ഉണരാന്‍ മടിക്കുന്ന കണ്ണിനെ തിരുമ്മിയുണര്‍ത്തി കോണിപ്പടിയിറങ്ങി താഴേക്കു നടക്കുമ്പോള്‍ അടുത്തുള്ള മുറികളില്‍ നിന്നും ഉയര്‍ന്നും താഴ്ന്നും കേള്‍ക്കുന്നു ഉറക്കത്തിന്റെ താളം.
ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ മുഖത്തേക്ക് തണുത്ത വെള്ളം വീണ്ടും വീണ്ടും ഒഴിച്ചു കൊണ്ടിരുന്നു. ആകെക്കൂടിയുള്ള സമാധാനം, ഞാനുണര്‍ന്ന് കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍, വീട്ടിലെ അവശേഷിക്കുന്ന രണ്ടു വിദ്യാര്‍ഥികളെക്കൂടി തട്ടിയുണര്‍ത്താം എന്നുള്ളതിലാണ്. ഉറക്കച്ചടവോടെ അമ്മിണിയും ചിന്നുവും എണീറ്റുവരുന്നത് കാണുമ്പോഴാണ് ദിവസത്തിലെ ആദ്യത്തെ ചിരി എന്റെ മുഖത്ത് വിടരുന്നത്.

ന്യൂസ് പേപ്പര്‍ വരുന്നതു വരേയാണ് ഞങ്ങളുടെ പഠനസമയം. മുറ്റത്തെ ചരലില്‍ പത്രം വന്നു വീഴുന്നുണ്ടോ എന്ന ശ്രദ്ധയിലാണ് ആറു മണിക്കു ശേഷമുള്ള വായന മുഴുവനും.ആദ്യം പത്രം കൈയ്യില്‍ കിട്ടുന്നവര്‍ക്ക് ആദ്യം നിര്‍ത്താം പഠിത്തം. അതുകൊണ്ടു തന്നെ മൂന്നുപേരും ആവശ്യക്കാരാണ് . അമ്മിണിക്ക് സ്പോര്‍ട്സ് പേജില്‍ മാത്രമേ നോട്ടമുള്ളൂ, അതും ധോണിപ്പടയുടെ വിശേഷങ്ങളില്‍ മാത്രം, ചിന്നുവിന് സിനിമ പേജാണ് ആവശ്യം, പ്രേത സിനിമ ഏതു ചാനലില്‍ ആണെന്നു അറിയലാണ് പ്രധാനം.പത്രം വന്നു വീഴുന്നതും ഒരു കൂട്ടയോട്ടമാണ്. കൂട്ടത്തില്‍ ചെറുതായതു കൊണ്ട് ചിന്നുവിന് വാതില്‍ തുറക്കാന്‍ എത്തില്ല, അതുകൊണ്ട് തന്നെ മിക്കവാറും മല്‍സരത്തില്‍ നിന്നും പുറത്താവുകയും ചെയ്യും.

പഠിക്കുമ്പോ മാത്രമേ സമയം പോവാന്‍ പ്രയാസമുള്ളൂ, അതു കഴിഞ്ഞാല്‍ പിന്നെ റോക്കറ്റിന്റെ സ്പീഡിലാണ് ഓട്ടം. എത്ര നേരത്തെ തുടങ്ങിയാലും മിക്ക ദിവസവും കോളേജിലേക്കിറങ്ങാന്‍ നേരം വൈകും ഞാന്‍.
ഓടിക്കിതച്ച് അവിടെത്തിയാല്‍ പിന്നെ ഒരു യന്ത്രത്തിനുള്ളില്‍ പെട്ടതു പോലെയാണ്. ഒരുപാട് കൈകളുള്ള ഒരു യന്ത്രം. ഞെങ്ങി ഞെരുങ്ങി നാലു മണിക്ക് പുറത്തുകടക്കുമ്പോഴേക്ക് അവശയായിട്ടുണ്ടാവും. ഒന്ന് ആശ്വസിക്കാനായി നേരെ ഓടുന്നത് ലൈബ്രറിയിലേക്കാണ്. പുസ്തകങ്ങളുടെ ഇടയിലൂടെ നടക്കുമ്പോള്‍ ആ ദിവസത്തിന്റെ കേടുപാടുകള്‍ തേഞ്ഞുമാഞ്ഞു പോവും. മാത്രവുമല്ല, ലൈബ്രറിയിലെ ശങ്കരേട്ടന്റെ വക ഒരു ഗ്ലാസ് കട്ടന്‍ കാപ്പിയും ഒരു പകുതി പരിപ്പ് വടയും കാത്തിരിക്കുന്നുണ്ടാവും മാളുവിനെ. ഏറ്റവും രുചിയോടെ അകത്താക്കുന്ന ഭക്ഷണമാണത്. റഫറന്‍സ് പുസ്തകങ്ങളുടെ വശത്തേക്കൊന്നും പോവാതെ, ഫിക്ഷനു പിന്നാലെ നടക്കുന്ന മാളുവിനെ ശങ്കരേട്ടനും കണ്ണില്‍ പിടിച്ചിരുന്നില്ല ആദ്യമൊക്കെ. കുറേ കാലം കണ്ടുകഴിഞ്ഞപ്പോഴാണ് ഈ മാളുവൊരു പാവമാണെന്ന കാര്യം ശങ്കരേട്ടനും പിടി കിട്ടിയത്. അതില്‍ പിന്നെ പരിപ്പ് വടയുടെ പകുതിയവകാശം മാളുവിനാണ്.

അന്നും പതിവു പോലെ കാപ്പിയും കുടിച്ച്, വിശേഷങ്ങളൊക്കെ പറഞ്ഞ്, ലൈബ്രറിയും പൂട്ടിച്ച് പുറത്തിറങ്ങിയപ്പോഴാണ് കണ്ടത്, ഗം ഭീരമായൊരു മഴക്കുള്ള പുറപ്പാട് . ആകെയിരുണ്ടു മൂടി, വരാന്‍ പോകുന്നതിന്റെ സാമ്പിള്‍ പോലെ ഓരോ ഇടിമുഴക്കങ്ങളും. ഞാനാകെ ഉഷാറിലായി. മഴയത്തൊരു യാത്ര ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്..??? ഹൈവേയിലൂടെ പോയാല്‍ മഴ ശരിക്കും ആസ്വദിക്കാന്‍ പറ്റില്ല. മുന്നിലും പിന്നിലും നിറയെ വണ്ടികളും, ഹോണടിയും, കണ്ണില്‍ തറക്കുന്ന ലൈറ്റും, ആകെ ബോറാണ്. അതുകൊണ്ട് ഹൈവേ ഒഴിവാക്കി, ഒരു ഇടറോഡിലൂടെ വീട്ടിലേക്കുള്ള വഴിയാണ് മഴ കൊള്ളാനായി ഞാന്‍ തെരെഞ്ഞെടുത്തത്. ദൂരം കുറച്ച് അധികമാണെങ്കിലും ട്രാഫിക് കുറഞ്ഞതും, വളവും തിരിവും ധാരാളമുള്ളതുമായ ഒരു വഴി.

യാത്ര തുടങ്ങിയതും മഴ കനത്തു. കോരിച്ചൊരിയുന്ന മഴക്കു അകമ്പടിയായി ഇടിയും മിന്നലും. മനസ്സിന് എന്തൊരു കുളിര്‍മ്മ...!!! കണ്ണെത്തുന്ന ദൂരത്തോളം ആരുമില്ലാത്ത വഴിയിലൂടെ യാത്ര ചെയ്യുന്നത് നല്ല രസമായി തോന്നി. മെയിന്‍ റോഡ് ഒഴിവാക്കാനുള്ള എന്റെ തീരുമാനത്തെ മനസ്സാ അഭിനന്ദിച്ചുകൊണ്ട് ഞാന്‍ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു.
പക്ഷേ എന്റെ സന്തോഷം അല്‍പായുസ്സായിരുന്നു. കല്ലെറിയുന്നതു പോലെ കോരിച്ചൊരിയുന്ന മഴയില്‍ ആദ്യത്തെ ആവേശമൊക്കെ തണുത്തു തുടങ്ങി. ആരോഗ്യക്കൂടുതല്‍ കൊണ്ട് ഞാന്‍ നനഞ്ഞു വിറക്കാനും. ചുണ്ടില്‍ നിന്നും തുടങ്ങിയ വിറയല്‍ കൈകളിലേക്ക് വളര്‍ന്നു വളര്‍ന്നു വന്നു. അത് മാത്രമല്ല, മഴയുടെ ശക്തിയില്‍ റോഡ് കാണാന്‍ തന്നെ ബുദ്ധിമുട്ടായി തീര്‍ന്നു. പോരാത്തതിനു താഴെയിറങ്ങി വരുന്ന മിന്നലും ഇടിയും. നിറയെ മഴക്കുഴികളും വളവും തിരിവുമുള്ള റോഡിലൂടെയുള്ള യാത്ര ആകെ ദുരിതമായി തുടങ്ങി. എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതിയെന്നായി എനിക്ക്.
പെട്ടന്നാണ് തൊട്ടു മുന്നില്‍ വന്ന് പടക്കം പൊട്ടിച്ചാലെന്ന പോലെ ചെവിയടപ്പിക്കുന്ന ശബ്ദത്തോടെ ഒരു ഇടിയും, കണ്ണു മഞ്ഞളിപ്പിക്കുന്ന മിന്നലും. എന്താണ് സം ഭവിച്ചതെന്ന് തിരിച്ചറിയുന്നതിനു മുന്നേ ഞാന്‍ നിലം തൊട്ടിരുന്നു. ഞാനാണോ അതോ എന്റെ വണ്ടിയാണോ പേടിച്ച് മറിഞ്ഞു വീണതെന്ന് ഇപ്പോഴും എനിക്ക് തീരുമാനമായിട്ടില്ല.
വണ്ടിയുടെ ഇടയില്‍ നിന്ന് കാലു വലിച്ചൂരിയെടുക്കുന്നതിനിടയില്‍ കാഴ്ചക്കാരാരെങ്കിലുമുണ്ടോ എന്നൊരു കള്ളനോട്ടം നോക്കാന്‍ മറന്നില്ല ഞാന്‍. ഭാഗ്യം...ആരുമില്ല..!!!. പൊട്ടിപ്പോയ ചെരുപ്പ് നേരെയാക്കാനുള്ള വിഫലശ്രമത്തിനൊടുവില്‍ ഞാനെന്റെ വണ്ടിയിലേക്കു ശ്രദ്ധ തിരിച്ചു. വാശി പിടിച്ച് പിണങ്ങിക്കിടക്കുന്ന കുട്ടിയെ പൊലെ വീണ് ചെരിഞ്ഞ് കിടക്കുകയാണ് റോഡില്‍. നനഞ്ഞു വിറക്കുന്ന കൈകളാല്‍ വണ്ടിയെ ഒന്ന് എഴുന്നേല്‍പ്പിക്കാം എന്നു കരുതിയപ്പോ ഒടുക്കത്തെ ''വെയിറ്റ്'' വണ്ടിക്ക്.

സ്കൂട്ടറില്‍ പോയ്ക്കൊണ്ടിരുന്നപ്പോള്‍ മഴയുടെ രൗദ്രത ഇത്രയും അറിഞ്ഞിരുന്നില്ല.ഇപ്പോള്‍ വഴിയില്‍ പെട്ടപ്പോളാണ് താഴേക്ക് പറന്നിറങ്ങുന്ന മിന്നലും, ചരലു വാരിയെറിയുന്നതു പോലെ മഴയും, ഗുണ്ട് പൊട്ടിക്കുന്നതു പോലെയുള്ള ഇടിയും എല്ലാം കൂടി പേടിപ്പിക്കാന്‍ തുടങ്ങിയത്. ഒരു സഹായത്തിന് ആരേയും കാണുന്നതുമില്ല. അഴിച്ചിട്ട തലമുടി പോലെ കറുത്ത് മിനുങ്ങി, നീണ്ടു വളഞ്ഞ് കിടക്കുന്ന റോഡിലേക്കൊന്ന് കണ്ണോടിച്ചു ഞാന്‍. ഒരു വണ്ടിയോ ഒരു മനുഷ്യനേയോ അടുത്ത പരിസരങ്ങളിലൊന്നും കാണ്മാനില്ല... ഇരുട്ടാണെങ്കില്‍ കൂടി കൂടി വരികയും.
വണ്ടിയെ പൊക്കി വെക്കാന്‍ ഒന്ന് രണ്ട് തവണ കൂടി ഞാന്‍ ശ്രമിച്ചെങ്കിലും സം ഭവം ഒരു തരി പൊലും അനങ്ങിയില്ല... വീട്ടിലേക്കൊന്ന് വിളിച്ച് വിവരം പറയാന്‍ ഫോണെടുത്താലോ എന്നും ഓര്‍ത്തതായിരുന്നു ഞാന്‍. പക്ഷേ ഈ കാലവസ്ഥയില്‍ ഫോണ്‍ പുറത്തെടുത്താല്‍ അതിന്റെ കാര്യത്തിലൊരു തീരുമാനമാവും എന്നതും നിശ്ചയമാണ്. അല്ലെങ്കില്‍ തന്നെ പ്രായാധിക്യത്താല്‍ പണിമുടക്ക് ഭീഷണിയുയര്‍ത്തുന്ന ഫോണാണ്.

ഇപ്രകാരം നിസ്സഹായയും നിരാലം ബയുമായി പെരുവഴിയില്‍ ഒറ്റപ്പെട്ടു നില്‍ക്കുമ്പോഴാണ് ഒരു കുടു.. കുടു.. ശബ്ദം കേട്ടു തുടങ്ങിയത്. ഇടിവെട്ടുന്നതിന്റെ താളം ഒന്നു മാറ്റിപ്പിടിച്ചതാവുമോ എന്നൊരു സംശയം തോന്നിയെങ്കിലും നോക്കുമ്പോള്‍ വളവു തിരിഞ്ഞു വരുന്നു ബുള്ളറ്റില്‍ ഒരു ദൈവദൂതന്‍. ഉള്ളില്‍ നുരഞ്ഞു പൊന്തിയ സന്തോഷവും ആശ്വാസവും ഒക്കെ ആസ്വദിച്ച് ഞാന്‍ പൊളിച്ച വായ അടക്കാന്‍ മറന്ന് നില്‍ക്കുന്നതിനിടയില്‍ മോട്ടോര്‍സൈക്കിള്‍ അതിന്റെ വഴിക്കു പോയി. അവസാനത്തെ കച്ചിത്തുരുമ്പും നഷ്ടപ്പെട്ട ഞാന്‍, മഴ ആസ്വദിക്കാനായി ഇറങ്ങിപുറപ്പെട്ട നിമിഷത്തെ മനസ്സറിഞ്ഞ് ശപിച്ചു.

ഇനിയെന്ത് എന്ന് ഉള്ളുരുകിക്കൊണ്ടിരിക്കുന്ന സമയത്താണ് പിന്നില്‍ വീണ്ടുമൊരു കുടു.. കുടു ശബ്ദം. നിരാശയില്‍ മുങ്ങിയ ഞാന്‍ ഇത്തവണ തിരിഞ്ഞു നോക്കാന്‍ പോലും മെനെക്കെട്ടില്ല. പക്ഷേ ഇത്തവണ ബുള്ളറ്റ് അടുത്ത് കൊണ്ട് വന്ന് നിര്‍ത്തുക തന്നെ ചെയ്തു. ഒരു റെയിന്‍ കോട്ടോ തൊപ്പിയോ പോലുമില്ലാതെ ആകെ നനഞ്ഞൊലിച്ച് ആറാം തമ്പുരാന്‍ സ്റ്റൈലില്‍ ഒരു ചേട്ടന്‍. തലയില്‍ കെട്ടിയിരിക്കുന്ന വെള്ള തോര്‍ത്ത്, മഴയെ ചെറുക്കാനുള്ളതല്ല എന്നതുറപ്പ്. ബുള്ളറ്റ് ചേട്ടന്‍ ഒരു നിമിഷം വണ്ടിയില്‍ തന്നെയിരുന്ന് സം ഭവ സ്ഥലം ഒന്ന് നിരീക്ഷിച്ചു. ഞാന്‍ ആകാവുന്നത്ര ദൈന്യത മുഖത്തു വരുത്തി വിനീതയായി, എന്തായിരിക്കും അയാളുടെ അടുത്ത നടപടി എന്ന ആകാംക്ഷയില്‍ നിലയുറപ്പിച്ചു. നോക്കിയിരിക്കുന്നതിനിടയില്‍ ആ 500 c c ബുള്ളറ്റിന്റെ സ്റ്റൈലിനൊത്ത വിധത്തില്‍ താഴെയിറങ്ങി വന്ന്, ഒരു പൂവെടുത്തു പൊക്കുന്ന ലാഘവത്തോടെ എന്റെ വണ്ടി നിവര്‍ത്തി നേരെ വെക്കലും സ്റ്റാര്‍ട്ട് ചെയ്തു നോക്കലും കഴിഞ്ഞു.. 'ഓടിച്ചു നോക്ക്'' എന്നൊരു ആജ് ഞയും. കേട്ട ഉടനെ ഞാന്‍ വണ്ടിയില്‍ കേറി ഒരൊറ്റ പറപ്പിക്കല്. രണ്ട് തിരിവ് കഴിഞ്ഞപ്പോഴാണ് ഒന്ന് തിരിഞ്ഞു നോക്കി ഒരു 'താങ്ക്സ്' പോലും പറഞ്ഞില്ലല്ലോ എന്ന കാര്യം ഓര്‍മ്മ വന്നത്. പോയ ബുദ്ധിക്കു പിന്നാലെ പോയിട്ടെന്തു കാര്യം..??? ഞാന്‍ മുന്നോട്ട് തന്നെ പോന്നു.

വീട്ടിലെത്തിയ ഉടനെ യാത്രാവിശേഷം എല്ലാവരോടും പറയാം എന്നു കരുതിയാണ് പോന്നത്. കുറച്ചു നേരം കൂടി തല നനഞ്ഞപ്പോഴാണ് വേറൊരു ചിന്ത കടന്നു വന്നത്. വണ്ടിക്കും എനിക്കും കാര്യമായ പരിക്കുകളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഇക്കഥയൊക്കെ വിസ്തരിച്ച് എന്തിനാണ് വെറുതെ സ്വദേശത്തു നിന്നും വിദേശത്തുനിന്നും ചീത്ത വാങ്ങി വെക്കുന്നത്..??? ഞാനീ വഴി പോന്നിട്ടുമില്ല, വണ്ടി മറിഞ്ഞിട്ടുമില്ല, ബുള്ളറ്റ്കാരനെ കണ്ടിട്ടുമില്ല. ഈ പുതിയ വിവേകോദയത്തോടെ നന്ദി പറയാതെ പോന്നതിലുള്ള കുറ്റബോധവും നീങ്ങിക്കിട്ടി. അങ്ങനെ സന്തോഷവതിയായി മാളു വീട്ടിലെത്തിച്ചേര്‍ന്നു.

പതിവു പോലെ നേരം രാത്രിയായി....രാവിലെയായി..
എന്നത്തേയും പോലെ പഠിത്തം അവസാനിപ്പിക്കാനായി ഞാന്‍ ന്യൂസ് പേപ്പര്‍ വരുന്നതും കാത്തിരിപ്പായിരുന്നു. ഒന്നാം പേജിലെ അഴിമതി കൊലപാതക പീഡന പരമ്പരകള്‍ക്കു ശേഷം ലോക്കല്‍ പേജിലേക്ക് നീണ്ടു എന്റെ വായന.. പേജ് മറിക്കുന്നതിനു മുന്നേ ഒരു പരിചയമുള്ള മുഖം കണ്ടതു പോലെ. പടത്തിനു താഴെ കൊടുത്തിരിക്കുന്ന വാര്‍ത്ത കൂടി വായിച്ചപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്..
''കുപ്രസിദ്ധ വാടക ഗുണ്ട വിഷ്ണു(21) പോലിസ് പിടിയില്‍. ഒട്ടനവധി ആക്രമണ കവര്‍ച്ച കേസുകളില്‍ പ്രതിയാണ്. വനിത കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസില്‍ വിചാരണ സമയത്ത് പോലിസ് പിടിയില്‍ നിന്ന് ചാടിപ്പോയ വിഷ്ണു, ഇന്നലെ വൈകുന്നേരത്തോടെയാണ് പോലിസ് പിടിയിലകപ്പെട്ടത്.''

വാര്‍ത്തയോടൊപ്പമുള്ള ചിത്രം കാണുന്തോറും മഴയില്‍ നനഞ്ഞു കുളിച്ചൊരു രൂപം മനസ്സില്‍ തെളിഞ്ഞു വരികയായിരുന്നു. ഒരു മിന്നല്‍ ദേഹത്തിലൂടെ കടന്നു പോയതു പോലെ ഞാനൊന്ന് വിറച്ചു. മഴത്തുള്ളികള്‍ക്കിടയിലൂടെ തൊട്ടു പിന്നിലൊരു ബുള്ളറ്റിന്റെ കുടു കുടു ശബ്ദം കേട്ടിട്ടെന്ന പോലെ ഞെട്ടി തിരിഞ്ഞു നോക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല