Friday, September 28, 2012

എന്റെ മരം

പിന്നേയും ഒരു ഒഴിവുകാലം. എടുക്കാത്ത നാണയം പോലെ വെറുതെ കലമ്പല് കൂട്ടി കടന്നു പോവുന്ന ദിവസങ്ങള്‍. പ്രഭാതങ്ങളില്‍ ഒരു തേനീച്ചക്കൂട് പോലെ ഇരമ്പിയാര്‍ക്കുന്ന വീട്, സ്കൂളിലേക്കും ഓഫീസിലേക്കുമായി ആള്‍ക്കാരെ വീതം വെച്ചു കഴിയുന്നതും നിശബ്ദമായി.
  അമ്മുവിനെ നഴ്സറി വണ്ടിയില്‍ കയറ്റി വിട്ടതിന്റെ ആശ്വാസത്തില്‍  തിരിച്ചെത്തിയ ഉടനെ  വല്ല്യച് ഛന്‍ ഒരു പേപ്പറുമായി ചാരുകസേരയിലമരും, വല്ല്യമ്മ രാമായണവും ഭാരതവും പിന്നേയും കുറേ  അധികം പുസ്തകങ്ങളുമായി ആദ്ധ്യാത്മിക വഴിയിലും, മുത്തശ്ശി രാവിലത്തെ കുളിയൊക്കെ കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ ഒരു ചെറിയ മയക്കത്തിലേക്കും വീണുകഴിഞ്ഞാല്‍ പിന്നെ എന്റെയൊരു ഇറങ്ങിനടപ്പുണ്ട്, തൊടിയിലേക്കും പിന്നെ എന്റെ ഓര്‍മ്മകളിലേക്കും.
 
  അപ്പുണ്ണിയോടൊപ്പം പണ്ട് ആമ്പല് പറിക്കാന്‍ പോയിരുന്ന കല്ലുവെട്ടാങ്കുഴിയില്‍ ഇപ്പോ നിറയെ പായലാണ്. പടര്‍ന്ന പച്ചപ്പിനിടയിലൂടെ ഇടക്കോരോ വൈലറ്റ് പൂക്കള് കാണാം. പാറക്കുളത്തില്‍ പശുക്കളുണ്ടെന്നു തോന്നുന്നു. ഹരിദാസേട്ടന്റെ ശബ്ദവും കേള്‍ക്കാനുണ്ട്, കുളിപ്പിക്കാന്‍ കൊണ്ടു വന്നതാവും, മൂപ്പര് കൂടുതലും വര്‍ത്തമാനം പറയുന്നത് പശുക്കളോടാണ്. ലൈഫ് ബോയ് സോപ്പും ചകിരിയും കൂട്ടി തേച്ചൊരച്ച് കുളിപ്പിക്കുന്നത് പശുവിനും ഇഷ്ടമാവുന്നുണ്ട്, നല്ല അനുസരണയില്‍ കുളിപ്പിക്കാന്‍ നിന്നു കൊടുക്കുന്നു. കുറച്ച് നേരം കുളി സീന്‍ കണ്ട് തിരിച്ചു നടക്കുമ്പോ,
   ''മുത്തശ്ശാ.. ഗോപാലന്‍ പശുവിന്റെ തല തോര്‍ത്തിക്കുന്നില്ല, മ്മടെ നന്ദിനിക്ക് പനി പിടിക്കില്ലേ...'' എന്ന് കരഞ്ഞു പരാതിപറഞ്ഞിരുന്ന ഒരു കുഞ്ഞിമാളു,  പായലു വകഞ്ഞു മാറ്റിയെന്നോണം ഓര്‍മ്മകളിലേക്കു പൊങ്ങി വന്നു.
  കുട്ടിക്കാലത്തെ അത്ഭുതങ്ങളും സങ്കടങ്ങളുമെല്ലാം ഇപ്പോളൊരു വെറും ചിരിയിലൊതുങ്ങുന്നു.
   ഞാവല്‍ പഴം തിന്നു ചുണ്ടു ചോപ്പിച്ച് പിന്നേയും നടപ്പ് തുടര്‍ന്നു. നിരത്തി നട്ടു  വളര്‍ത്തിയ കപ്പയുടെ ഇടവരമ്പുകളിലൂടെ നടക്കുമ്പോഴാണ് ,  തണ്ടോടു കൂടി ഇതിന്റെ ഇല പൊട്ടിച്ചെടുത്ത്, മാലയുണ്ടാക്കിയിരുന്ന കാര്യമോര്‍ത്തത്. നല്ല ലോക്കറ്റ് ഒക്കെയായിട്ട് ഒരു മാലയുണ്ടാക്കി കൈയ്യില്‍ വെച്ചു, വൈകുന്നേരം സ്കൂള്‍ വിട്ട് അമ്മു വരുമ്പോള്‍ കൊടുക്കാം.
  അതുപോലെ മെറൂണ്‍ നിറത്തില്‍ തിളങ്ങുന്ന മൂക്കുത്തി തരുന്ന ഒരു ചീരയുണ്ടായിരുന്നു , പച്ച ചീര.. അന്വേഷിച്ചു ചെന്നപ്പോ കടപ്ലാവിന്റെ ചുവട്ടില്‍ പതുങ്ങി നില്‍പ്പുണ്ട് ഇപ്പോഴും.  പനിച്ചകത്തിന്റെ മഞ്ഞയും കാപ്പിക്കളറും ചേര്‍ന്ന പൂവിനെ പറിച്ച്, പേനയുടെ  അടപ്പിന്റെ വട്ടമൊപ്പിച്ചു മുറിച്ചെടുക്കുന്ന സാറ്റിന്‍ പൊട്ടും കൂടിയായാല്‍ അലങ്കാരം പൂര്‍ണ്ണമായി അന്നൊക്കെ. അങ്ങനത്തൊരു പൂവിനെ തപ്പി ഞാനൊരുപാട് വെയില്‍ കൊണ്ടെങ്കിലും അവസാനം കണ്ടു പിടിക്കുക തന്നെ ചെയ്തു.
  തളര്‍ച്ച മാറ്റാനായി കുളത്തിന്റെ കരയിലെ ഇലഞ്ഞിയുടെ ചുവട്ടിലിരിപ്പായി.. പണ്ടത്തെ ഒരു ഇഷ്ടതാവളമായിരുന്നു ഇത്. ഇലഞ്ഞി കൂടുതല്‍ പൊക്കം വെച്ച് , മെലിഞ്ഞ് സുന്ദരനായിട്ടുണ്ട്. പക്ഷേ പൂക്കള് തരാനിത്തിരി പിശുക്ക് കൂടിയിട്ടുമുണ്ട്. ഒരുപാട് ചുറ്റി നടന്നിട്ടും ഒരു കൈ ചെയിന്‍ ഉണ്ടാക്കാനുള്ളത്ര പോലും പൂക്കള്‍ കിട്ടിയില്ല.
  കരിങ്കല്‍പ്പടവിലിരിക്കുമ്പോള്‍ കുളത്തിലെ പഴേ ചങ്ങാതി ആമയെ കുറെ കാത്തിരുന്നു, പക്ഷേ ദര്‍ശനം കിട്ടിയില്ല.  . പലതരത്തിലുള്ള ശബ്ദങ്ങളുണ്ടാക്കി സന്തോഷിപ്പിക്കുകയും ഇടക്കൊക്കെ പേടിപ്പിക്കുകയും ചെയ്തിരുന്ന മുളങ്കൂട്ടം മാത്രം ഇപ്പോ തീരെ ഇല്ലാതെയായി. ചൂണ്ടു വിരലില്‍ ഒരു മുളയില തൊടീച്ചു വെച്ച് നടത്തിയിരുന്ന ഓട്ടമല്‍സരം അന്നത്തെ കളികളില്‍ ഒരു പ്രധാന ഇനമായിരുന്നു.
 
  തിരിച്ച് പോരുമ്പോ നിത്യകല്ല്യാണിയുടെ വീട്ടിലൊന്ന് കേറി നോക്കി. മുറ്റത്തെ പൂച്ചവാലന്‍ മാത്രം തലയിളക്കി പരിചയം ഭാവിച്ചു, വേറെ ആരേം കാണാനില്ല.
   തിരിച്ചെത്തിയപ്പോഴേക്കും വല്ല്യമ്മ മുറ്റത്തിറങ്ങി നില്‍പ്പുണ്ട്.. '' ഈ പറമ്പിലൊക്കെ ഇങ്ങനെ ഇറങ്ങി നടന്നിട്ട് വല്ല ഇഴജാതികളും ഉണ്ടാവും ആ ഇലഞ്ഞീടെ ചോട്ടിലൊക്കെ'' തര്‍ക്കത്തിനൊന്നും നില്‍ക്കാതെ ഞാനകത്തേക്കു കേറി.
ഊണൊക്കെ കഴിച്ച് ഒരു രണ്ടു പാട്ട് തികച്ച് കേള്‍ക്കാന്‍ സമയം കിട്ടില്ല അതിനു മുന്നേ അമ്മു സ്കൂളില്‍ നിന്ന്‍ മടങ്ങിയെത്തും .
അമ്മു സ്കൂളില്‍ നിന്ന് വരുന്നതേ വല്ല്യ ആവേശത്തിലാണ്. ''ഇന്നത്തെ ഡിക്ടേഷനില്‍ ടെന്‍ ഔട്ട് ഓഫ് ടെന്‍, ടീച്ചര്‍ ചുമലില്‍ തട്ടി 'വെരി ഗുഡ് ' പറഞ്ഞു, മിട്ടായി തന്നു '' അങ്ങനെ  കുറേ ഉശിരന്‍   വിശേഷങ്ങള്‍ പറയാനുണ്ടാവും.
   അമ്മു എത്തിയാല്‍ പിന്നെ , ഈ കടല്‍ക്കൊള്ളക്കാരുടെ ഒക്കെ കൈയ്യില്‍ ബന്ദിയായതു പോലെയാണ് എന്റെ അവസ്ഥ. ഇടം വലം തിരിയാന്‍ സമ്മതിക്കില്ല. അമ്മു, ടീച്ചര്‍ ആവുമ്പോള്‍ ഞാന്‍ കുട്ടി, അമ്മു, ഡ്രൈവര്‍ ആയാല്‍ ഞന്‍ ബസ്സിലേക്ക് ആളെ വിളിച്ച് കയറ്റുന്ന കിളി. അമ്മു, ഡോക്ടര്‍ ആണെങ്കില്‍ ഞാന്‍ രോഗികളെ പിടികൂടി കൊണ്ടുവരണ അറ്റന്‍ഡര്‍, ഇനി ആരേയും കിട്ടിയില്ലേല്‍ ഞാന്‍ തന്നെ രോഗിയും.
 
   ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് അമ്മുവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അമ്മു വന്നതില്‍ പിന്നെയാണ് എന്റെ പേരു ഇത്തിരി നന്നായി തുടങ്ങിയത്. കാലാകാലങ്ങളായി എന്റെ തലയിലായിരുന്ന  ദുര്‍വാശിക്കാരിയുടെ കിരീടം, അമ്മുവും അമ്മൂന്റെ വാശികളും വളര്‍ന്നതോടെ അവളുടെ തലയിലേക്കായി കിട്ടി.
 
  കുറച്ച് കഴിയുമ്പോഴേക്കും അമ്മുവിന്റെ കൂട്ടുകാരനും അയല്‍ക്കാരനും ക്ലാസ്സ്മേറ്റും ആയ അപ്പുവും എത്തും കളിക്കാന്‍ കൂട്ടിന്.  അമ്മു ദുര്‍വാശിയിലാണ് മിടുക്കിയെങ്കില്‍ അപ്പുന്റെ മിടുക്ക് വികൃതിയിലാണ്. രണ്ടുപേരും കൂടി കളിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും എന്തു വേണമെങ്കിലും സം ഭവിക്കാം .നോട്ടക്കാരി ഞാന്‍ ആയതുകൊണ്ട് ഒരു ടൈം ബോംബിന് കാവലിരിക്കുന്ന ജാഗ്രത അത്യാവശ്യമാണ്. ടെറസ്സിനു മുകളിലിരുന്ന് കളിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് അപ്പൂന് ഓര്‍മ്മ വന്നത്, പക്ഷിയെ പോലെ പറക്കാന്‍ പഠിച്ച കാര്യം. നേരിട്ട് കാണാതെ അത് സമ്മതിച്ചു കൊടുക്കാന്‍ അമ്മുവും തയ്യാറല്ല. ഉടന്‍ തന്നെ അപ്പു ടെറസ്സില്‍ നിന്ന് താഴേക്ക് പ്രദര്‍ശന പറക്കലിനു തയ്യാറായി. ഞാനുടനെ ഇടപെട്ട് കാലു പിടിച്ച്  അപേക്ഷിച്ചതിനെ തുടര്‍ന്നാണ് വേദി ഒന്ന് മാറ്റി വെക്കാന്‍ അപ്പു തയ്യാറായത്. പിന്നെ രണ്ടിനേയും കൊണ്ട് താഴെ ഇറങ്ങിയപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.
  നിലത്തിറങ്ങിയതും അപ്പൂന് പറക്കാനുള്ള മൂഡ് നഷ്ടപ്പെട്ടതിനാല്‍ അവര് വേറെ കളികളിലേക്ക് നീങ്ങി. അധികമൊന്നും കഴിഞ്ഞില്ല, അമ്മൂന്റെ നാട് വിറപ്പിക്കുന്ന കരച്ചില് മുഴങ്ങിത്തുടങ്ങി. അപ്പു കൊടുത്ത ഇലപ്പൈസയില്‍ ഒരെണ്ണത്തിന് ഒരു കീറല്. അതില്‍ തുടങ്ങിയ കശപിശയാണ്.കരച്ചിലിന്റെ കൂട്ടത്തില്‍ അമ്മു അപ്പൂനെ ഒരു തള്ളും. വീണ് ദേഹം വേദനിച്ചതോടെ  , അമ്മൂന് കേട്ടെഴുത്തില്‍ ഫുള്‍ മാര്‍ക്ക് പോയതും , ടീച്ചറുടെ കൈയ്യില്‍ നിന്ന് മിട്ടായി കിട്ടാത്തതുമായ എല്ലാ രഹസ്യങ്ങളും അപ്പു വല്ല്യമ്മേടെ  അടുത്തു ചെന്ന് ഒറ്റിക്കൊടുത്തു.
  ഉടനെ അമ്മു താഴെ അപ്പൂന്റെ വീട്ടില്‍ ചെന്ന് അപ്പു ക്ലാസ്സിലെ കുട്ടിടെ പെന്‍സില്‍ പൊട്ടിച്ചതും, പുസ്തകം കീറിയതും , സ്കൂള്‍ ബസ്സില്‍ വെച്ച് ഒരു കുട്ടിയുടെ ഡയറി പുറത്തേക്കെറിഞ്ഞതും ആയ സകല വിവരങ്ങളും ബോധിപ്പിച്ചു. അങ്ങനെ തികച്ചും സമാധാന പൂര്‍ണ്ണമായി ആ ദിവസം സമാപിച്ചു.
  
  പിറ്റേ ദിവസം രാവിലെ അപ്പുവും അമ്മുവും കൈയ്യും കോര്‍ത്തു പിടിച്ച് കൂട്ടുകാരായിട്ടാണ് സ്കൂളിലേക്ക് പോയത്. പക്ഷേ വൈകുന്നേരം വന്നപ്പോഴേക്കും ചിത്രം മാറിയിരുന്നു. രണ്ടുപേരുടേയും യുണിഫോമിലൊക്കെ മണ്ണും ചെളിയും, അമ്മൂന്റെ മുഖം കടന്നല് കുത്തിയപോലെ വീര്‍ത്തിട്ടും. ബസ്സില്‍ നിന്ന് ഇറങ്ങിയ പാടെ കൈയ്യിലുണ്ടായിരുന്ന പാക്കറ്റ് താഴേക്ക് ഒരേറും. സ്കൂളില്‍ നിന്ന് കൊടുത്ത 'എന്റെ മരം' ആണ് സംഗതി കുഴപ്പമാക്കിയത്. അപ്പൂന് കിട്ടിയത് നെല്ലി മരം. അമ്മൂന് തേക്കും. 'നെല്ലി മരമാണ് നല്ലത്, നെല്ലിക്ക തിന്നാന്‍ കിട്ടും, തേക്ക് ഒന്നിനും കൊള്ളില്ല' എന്നായി അപ്പു. തിരിച്ചൊന്നും പറയാന്‍ അമ്മൂന് കിട്ടിയതും ഇല്ല, അതൊടുവില്‍ ചെറിയ തോതില്‍ കൈയ്യങ്കളിയില്‍ എത്തി. . അതാണ് ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ കണ്ട രൗദ്ര രൂപം.
  തേക്ക് കൊണ്ടുള്ള വാതില്‍ വെച്ചാല്‍ അമ്മൂന്റെ വീട്ടില്‍ കള്ളന്മാരൊന്നും കയറില്ലയെന്നൊക്കെ പറഞ്ഞ് സന്തോഷിപ്പിച്ച് അമ്മൂനെ ഒരു വിധത്തില്‍ ഞാന്‍ വീട്ടിലെത്തിച്ചു.
  ഇത്തിരി കഴിഞ്ഞതും മരം കുഴിച്ചിടാനായി രണ്ടുപേരും എന്റെയടുക്കല്‍ തന്നെയെത്തി. വെറുതെ മണ്ണ് മാന്തി കുഴിച്ചിടാം എന്ന എന്റെ പരിപാടിയൊന്നും വിലപ്പോയില്ല, ഒരടി താഴ്ചയില്‍ കുഴി കുത്തി കരിക്കട്ടയും മണലും പിന്നെയും എന്തൊക്കെയോ ഇട്ടിട്ടു വേണം മരം കുഴിച്ചിടാനെന്നൊക്കെ പറഞ്ഞു പഠിപ്പിച്ചു വിട്ടേക്കാണ് ടീച്ചര്‍മാര്. അങ്ങനെ ഞങ്ങള് കുഴി കുത്താന്‍ തുടങ്ങി. പണിയെടുക്കുന്നതിന്റെ മടുപ്പ് ഒഴിവാക്കാനായി, ഞാന്‍ പണ്ടൊരു കുട്ടി ഉണ്ണിയപ്പം കുഴിച്ചിട്ട്, ശര്‍ക്കര കൊണ്ട് തടം കൂട്ടി, തേന്‍ കൊണ്ട് നനച്ചതും , അങ്ങനെ അപ്പമരം വലുതായി നിറയെ ഉണ്ണിയപ്പം ഉണ്ടായപ്പോള്‍ , മരത്തില്‍ തൂങ്ങിക്കിടന്ന്, അപ്പങ്ങളോരോന്നായി പറിച്ചേടുത്ത്  നല്ല രസത്തില്‍ തിന്നുന്ന കഥയൊക്കെ പറഞ്ഞോണ്ടിരുന്നു. അങ്ങനെ കഥയും കേട്ട് കുട്ടികളും ഞാനും കൂടി  , നെല്ലി മരത്തിനേയും തേക്കിനേയും അയല്‍ക്കാരാക്കി കുഴിച്ചിട്ട് വെള്ളം കോരിക്കൊണ്ടു വന്നു ആദ്യത്തെ നനക്കലും കഴിച്ചു.  കുഴിച്ചിട്ട് കഴിഞ്ഞിട്ടും അപ്പൂന് ഈ മരം വലുതായാല്‍ നെല്ലിക്ക ഉണ്ടാവുമോ എന്ന സംശയം ചെറുതായി ബാക്കി നിന്നിരുന്നു.
 
  പിറ്റേ ദിവസം രാവിലെ ഒരു കാലില്‍ പകുതി കേറ്റിയ സോക്സുമായി അപ്പു ഓടിയെത്തി..
  ''മാളു ചേച്ചീ.. ശെരിക്കും നെല്ലിക്ക ഉണ്ടാവോ??''
  ''ഉണ്ടാവും''
  ''അപ്പോ മാങ്ങ കുഴിച്ചിട്ടാലോ??''
  ''മാങ്ങ ഉണ്ടാവും''
  ''തക്കാളി കുഴിച്ചിട്ടാലോ??''
  ''തക്കാളി ഉണ്ടാവും.''
  ''എന്ത് കുഴിച്ചിട്ടാലും അത് മുളച്ച് വരോ??''
  '' വരും. എന്നും വെള്ളമൊക്കെ ഒഴിച്ചു കൊടുക്കണം പക്ഷേ''
  '' ഒരു രൂപ കുഴിച്ചിട്ടാലോ?? ''എന്നായി അപ്പു
  '' മരം വളര്‍ന്ന് വന്ന്, അതില്‍ നിറയെ  ഒറ്റ രൂപ ഉണ്ടാവും. കാറ്റടിക്കുമ്പോള്‍ ക് ലും  ക് ലും കിലുങ്ങുന്ന തിളങ്ങുന്ന ഒറ്റ രൂപ മരം.''
  കണ്ണുകള്‍ വിടര്‍ത്തി അപ്പു സ്വപ്നം കാണാന്‍ തുടങ്ങിയപ്പോഴേകും  അപ്പൂന്റെ അമ്മ സോക്സുമായെത്തി പിടിച്ചോണ്ടു പോയി.
 
  രാവിലെ തന്നെ ഒരു കുട്ടിയെ പറഞ്ഞു പറ്റിച്ച സന്തോഷത്തോടെ ഞന്‍ പത്രത്തിലേക്ക് മുഖം പൂഴ്ത്തി.
  വൈകുന്നേരം തിരിച്ചെത്തിയിട്ടും അപ്പൂനേം അമ്മൂനേം എന്റെ അടുത്തേക്കൊന്നും കണ്ടില്ല. നോക്കിയപ്പോള്‍ ഇന്നലെ കുഴിച്ചിട്ട മരങ്ങളുടെ അടുത്തായി മണ്ണില്‍ കുത്തിമറിഞ്ഞ് കളിക്കുന്നു. കാര്യം അന്വേഷിച്ചു പോയി കുടുങ്ങണ്ട എന്നു കരുതി ഞാനാ വഴി പോയതും ഇല്ല. കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടും കേറി വന്ന് എന്റെയടുക്കലിരുന്ന് കളി തുടങ്ങി. പതിവിന് വിപരീതമായി വളരെ രമൃതയിലാണ് കാര്യങ്ങള്‍. കുറച്ചു കഴിഞ്ഞപ്പോള്‍ അപ്പു വന്ന് ചോദിച്ചു '' മാളൂനെന്താ കറുത്ത കണ്ണട?? എന്റെ അമ്മൂമ്മക്കൊക്കെ സ്വര്‍ണ്ണ കണ്ണട ആണല്ലോ..''
  ''സ്വര്‍ണ്ണ കണ്ണട വാങ്ങിക്കാന്‍ പൈസ ഇല്ലാഞ്ഞിട്ടാണ് അപ്പൂ''
   '' ഞങ്ങടെ കൈയ്യില്‍ പൈസ ഉണ്ടാവുമ്പോ മാളൂനു നല്ല കണ്ണട വാങ്ങിത്തരാം ട്ടോ'' എന്ന് അപ്പു പറഞ്ഞത് കേട്ടപ്പോ എന്റെ മനസ്സില് ഈ പാവം കുട്ടികളോടുള്ള സ്നേഹം ഇങ്ങനെ നിറഞ്ഞ് നിറഞ്ഞ് വന്നു. ഒന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാന്‍ തോന്നിയെങ്കിലും ഉടുപ്പിലെ മണ്ണും ചെളിയും കണ്ടതോടെ ഞാനത് വേണ്ടാന്ന് വെച്ചു.
   തല്ലുകൂട്ടം ഒന്നും ഇല്ലാതെ ഇന്നത്തെ കളി മുന്നോട്ട് പോകുന്നതിനാലും മേല്‍നോട്ടത്തിന്റെ ആവശ്യം ഇല്ലാത്തതിനാലും ഞാന്‍ മുറ്റത്തേക്കിറങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ അപ്പൂന്റെ വീട്ടില്‍ നിന്നും ഉറക്കെയുറക്കെ സംസാരം കേട്ടു തുടങ്ങി. കാര്യമെന്തെന്നറിയാന്‍ വല്ല്യമ്മയും ഇറങ്ങി വന്നു.
   മേശപ്പുറത്തിരുന്ന അഞ്ഞൂറ് രൂപ കാണുന്നില്ല !!
   കടയില്‍ പോവാന്‍ വേണ്ടി വൈകുന്നേരം മേശപ്പുറത്തെടുത്തു വെച്ച രൂപയാണ് കാണാതായിരിക്കുന്നത്. അകത്തും പുറത്തും നിലത്തും ഒക്കെ പലതവണ തെരഞ്ഞു നോക്കിയിട്ടും കണ്ടു കിട്ടിയിട്ടില്ല. പലവിധ സാദ്ധ്യതകളെക്കുറിച്ചുള്ള ചര്‍ച്ച വിളക്ക് കത്തിക്കാറാവുന്നത് വരെ തുടര്‍ന്നു, പിന്നെ എല്ലാരും പിരിഞ്ഞു.
 
  കുറേക്കൂടി രാത്രിയായതിനു ശേഷമാണ് അപ്പുവിന്റെ കരച്ചില് ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയത്. ''മാളു ചേച്ചി പറഞ്ഞിട്ടാണ് മാളു ചേച്ചി പറഞ്ഞിട്ടാണ്'' എന്ന് കരച്ചിലിന്റെ ഇടയില്‍ക്കൂടി പറയുന്നുമുണ്ട്. കരച്ചിലാണെങ്കില്‍ പിന്നേയും പിന്നേയും ഉച്ചത്തിലാവുകയാണ്. അതോടെ വല്ല്യമ്മ അപ്പൂന്റെ വീട്ടിലേക്ക് ഇറങ്ങിച്ചെന്നു, പിന്നാലെ പിടക്കുന്ന നെഞ്ചുമായി ഞാനും. ഞങ്ങളെ കണ്ടതും അപ്പൂന്റെ അമ്മ പുറത്തേക്കിറങ്ങി വന്നു. '' ആ അഞ്ഞൂറു രൂപ എടുത്തത് വേറേയാരുമല്ല, അപ്പുവാണ്. കുഴിച്ചിട്ടാല്‍ മുളച്ച് മരമാവും എന്ന് മാളു പറഞ്ഞെന്ന്. ''

Saturday, July 21, 2012

''മഴ നനയുന്ന ആത്മാവുകള്‍''


പ്രപഞ്ച നാഥന്റെ ഏകത്വം ഘോഷിക്കുന്ന മന്ത്ര ജപങ്ങള്‍ക്കിടയിലൂടെ
പുറത്തേക്കൂളിയിടുമ്പോള്‍ പിന്നില്‍, വീട്ടി തീരാത്ത കടപ്പാടുകളുടെ
മുറവിളികള്‍ ഉയര്‍ന്നു തുടങ്ങി.
വര്‍ഷങ്ങളായി കൂടുകൂട്ടിയ ദേഹ
ചില്ലയിലേക്ക് കൌതുകത്തോടെ തിരിഞ്ഞു നോക്കി.,
അവസാനകാഴ്ചക്കായി. മന്ത്രിച്ചൂതിയ ചരടില്‍ കാല്‍ വിരലുകള്‍
കൂട്ടിക്കെട്ടുകയാണ്.  അഹത്തിന്റെ ഇട മുറിയാ പ്രയാണത്തിനു താല്‍കാലിക വിരാമം.
മരണമറിഞ്ഞ്  വന്നു കൂടുന്നവരുടെ ഇടയില്‍നിന്നും, വെയില്‍ നിറഞ്ഞ
പറമ്പിലേക്ക് കടന്നപ്പോള്‍  ചരടറുത്ത് പുറത്തേക്ക് കടന്നവന്റെ സ്വാതന്ത്ര്യം.ഇരുട്ട് കടഞ്ഞു ഊറ്റിയെടുത്ത നറും വെയില്‍ പറമ്പ് നിറയെ 'സ്വാഗതം' എന്ന്
പുണരാനൊരുങ്ങി നില്‍ക്കുന്നു, ഒരു ചുടു നിശ്വാസത്തിന്റെ പൈതല്‍ കുറുമ്പ്.
ചുറ്റിലും നിലാവുദിച്ചതു പോലെ തിളങ്ങുന്ന വെയില്. അനുഭവത്തിന്റെ
തൊലിപ്പുറം താണ്ടിയവന്റെ കിനാപ്പൊരുളുകള്‍
പൊടുന്നന്നെ, ഒരു ചാറ്റല്‍ മഴ,  വെയില്‍ മുഖം വാടി ,
നിറുകയില്‍ തീര്‍ത്ഥം തളിച്ചെത്തിയ മഴയില്‍ , അവളടെ ഗന്ധം. അവള് പുറപ്പെട്ടു കഴിഞ്ഞു.
പ്രാര്‍ത്ഥന പൂവണിഞ്ഞ പോല്‍, ഈ മുക്തി-യാത്രയില്‍ എനിക്കവളുടെ കൂട്ട്.
മണ്ണിന്റെ കവിളില്‍ തൊട്ടു കിന്നാരം പറഞ്ഞെത്തിയ മഴ പിന്നീട് ഭാവം
മാറ്റിക്കൊണ്ടേയിരുന്നു. ഒടുവിലൊരു അലമുറ പോലെ ആര്‍ത്തലച്ചു പെയ്യുന്ന
മഴയുടെ കമ്പിളി നൂലുകള്‍ക്കിടയിലൂടേയും അവളടുത്തെത്തുന്നത് ഞാനറിഞ്ഞു.
അലയടങ്ങിയ ആഴക്കടല്‍ പോലെ ശാന്തഭാവം. പ്രാണസഞ്ചാരത്തിന്റെ പാടുകള്‍ പതിയാത്ത
മുഖത്ത് തെളിമ. മുന്‍ കാഴ്ചയിലെന്ന പോലെ ചുണ്ടുകള്‍ പരിഭ്രമിച്ച്
വിറക്കുന്നില്ല, കണ്ണുകള്‍ നാണിച്ച് കൂമ്പുന്നതുമില്ല.ഉള്ളിലാഴത്തില്‍ തെളിയുന്ന പ്രകാശത്തില്‍ തിളങ്ങുന്ന കവിളുകള്‍. വഴി മറന്നിട്ടെന്ന പോലെ നില്‍ക്കുന്ന ഒരു തുള്ളി ഗംഗാജലം ചുണ്ടിന്റെ കോണില്‍ വെമ്പി നില്‍ക്കുന്നുണ്ട്.
മഴത്തണുപ്പിലൂടെ കടന്നു വന്നെത്തിയ കാറ്റില്‍ അവളുടെ മുടിയിഴകള്‍
മുഖത്തേക്കൊന്ന് പാറിവീണിരുന്നെങ്കില്‍ എന്നാഗ്രഹിക്കാതിരിക്കാന്‍
കഴിയുന്നില്ല ഇപ്പോഴും.  ദേഹമൊടുങ്ങിയിട്ടും, ഒടുങ്ങാത്ത അഭിനിവേശ
ചൂട്. യാത്രാവഴിയില്‍ ഏതെങ്കിലും ചെരുവില്‍ പൂര്‍ണമാകാത്ത കാമനകളുടെ ഒരു
ചതുപ്പ് ഇപ്പഴേ പതുങ്ങിയിരിക്കുന്നുണ്ടാവും.
അവളുടെ സാത്വിക വിരലുകളില്‍ തൊട്ടതും, ഉള്ളില്‍ ഒരു മഴ പയ്തു നിറയുകയായി.
പച്ചക്കസവ് കുപ്പിവളകളിട്ടൊരു കൈ ആ മഴ വിരലേന്തി വരുന്നു. മഴ മേയുന്ന
തൊടിയിലൂടെ ആ കൈയ്യും പിടിച്ച്
നടക്കുന്നതെത്രയോ കിനാവുകളില്‍ വന്നു പോയിട്ടുണ്ട്.  ഇപ്പോള്‍
കുപ്പിവളകള്‍ക്കൊപ്പം
കാലത്തിന്റെ ബന്ധനങ്ങളും ഊരിയെറിഞ്ഞ ഒഴിഞ്ഞ കയ്യുമായി കോര്‍ക്കുമ്പോള്‍
ഇണകള്‍ ഒത്തുചേരുന്നതിന്റെ നിറവു.
എല്ല കെട്ടുകളും പൊട്ടിച്ചെറിഞ്ഞെന്ന പോലെ മഴയും ആഞ്ഞുപെയ്യുകയാണ്. ഒരു
നെഞ്ചിടിപ്പിന്റെ താളത്തില്‍ മാത്രമറിഞ്ഞിരുന്ന മഴയിലൂടെ വര്‍ഷങ്ങളായി
അടക്കിപ്പിടിച്ച വിതുമ്പലുകളും ഒതുക്കി വെച്ച സന്തോഷങ്ങളും ഒഴുകിയൊലിച്ചു
പോകുന്നത് നോക്കിയിരുന്നു.  വീണ്ടും വീണ്ടും കഴുകി
വൃത്തിയാക്കപ്പെടുന്ന പാത്രം പോലെ ആത്മശുദ്ധീകരണം.
ഒരുമിച്ച് ചേര്‍ന്നുള്ള യാത്രകള്‍ ഒരുപാട് മോഹിച്ചിരുന്നതായിരുന്നു.
തനിച്ച് നടന്ന് മനസ്സ് പൊള്ളിയ ഇടങ്ങളിലെല്ലാം അവളോടൊപ്പമൊരു മടക്കയാത്ര.
പക്ഷേ പെയ്തൊഴിഞ്ഞ മഴയില്‍ മനസ്സ് ശൂന്യമാക്കപ്പെട്ടിരിക്കുന്നു.
ചുണ്ടുകളില്‍ മൗനം മുദ്ര വെച്ചു കഴിഞ്ഞു. വാക്കുകള്‍ക്കിടയില്ലാത വിധം ഇഴയടുപ്പം മനസ്സുകള്‍ക്ക്.
. മഴയൊഴിഞ്ഞ മാനത്ത് മരങ്ങള്‍ക്കും മുകളിലായി
ആകാശത്തേക്കു തുറക്കുന്നൊരു
കിളിവാതില്‍ തെളിയുകയായി. ഇനി, കൈകള്‍ക് പകരം പുതുതായി കിളിര്‍ത്ത
സ്വര്‍ഗ്ഗ ചിറകുകളില്‍ പറന്നുയരാം, ജന്മബന്ധങ്ങളില്‍ നിന്നും.

Tuesday, May 15, 2012

ദേശാടനക്കിളി കരയാറില്ല…

കാറില്‍ നിന്നിറങ്ങി നോക്കിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് കൂറ്റന്‍
മതില്‍ക്കെട്ടിനുള്ളിലെ പൂന്തോട്ടമായിരുന്നു. വരിവരിയായി
അച്ചടക്കത്തോടെ വിടര്‍ന്നു നില്‍ക്കുന്ന പൂവുകള്‍ . ഒരു അരികിലേക്ക്
മാറി ഒതുങ്ങി നില്‍ക്കുന്ന വെള്ള റോസാപ്പൂക്കളെ കണ്ടപ്പോള്‍ അമ്മയുടെ
വിളറിയ കവിളുകളെ ഓര്‍മ്മ വന്നു.
 പാവം അമ്മ… ഇപ്പോ എവിടെയാണോ ആവോ ?? ശ്രീക്കുട്ടിയെ ഹോസ്റ്റലില്‍
കൊണ്ടുവിടുന്ന കാര്യമൊക്കെ അറിഞ്ഞിട്ടുണ്ടാവോ അമ്മ.?? മുത്തശ്ശി
പറഞ്ഞത് മരിച്ചു പോയവരെല്ലാം അറിയുന്നുണ്ടെന്നാണ്..
 അമ്മ മരിച്ചിട്ടിപ്പോ പതിനാറ് ദിവസമായി..
കാണുന്നുണ്ടാവും അമ്മ,
ശ്രീക്കുട്ടിയും അമ്മാവനും കൂടി ഈ കോണ്‍ വെന്റിന്റെ മുന്നില്‍ വന്നു
നില്‍ക്കുന്നത്.. ഇപ്പോ ശ്രീക്കുട്ടിയെ കണ്ടാലും അമ്മയ്ക്ക്
പറയാനുണ്ടാവും, ആ പൊട്ട് തൊട്ടത് ശരിയായില്ല, ഇത്തിരി ചെരിഞ്ഞു പോയി,
കണ്ണിലെ മഷിയാകെ പരന്നിട്ടുണ്ട്…..
 ആലോചിച്ചു  നില്‍ക്കുന്നതിനിടയില്‍ അമ്മാവന്റെ കനത്ത ശബ്ദത്തിലുള്ള
വിളി കേട്ടു..”ശ്രീദേവീ..” തോട്ടത്തിലേക്കുള്ള നോട്ടം പിന്‍ വലിച്ച്
ഓടിച്ചെന്നു.. തണുപ്പും ഇരുട്ടും ഇടകലര്‍ന്ന കാത്തിരിപ്പുമുറിയിലെ
ഇരുപ്പ് രസമായിരുന്നു. പുറത്തെ വെയിലിനു നല്ല തിളക്കം. ഇടയ്ക്കിടെ ഓരോ
കുട്ടികള് നടന്നു പോവുന്നത് കാണാനുണ്ട്. ചിലരുടെ കൈയ്യിലൊരു സ്റ്റീല്‍
ഗ്ലാസ്സ്, ചിലരുടെ കൈയ്യിലൊരു പുസ്തകം. പുറത്തു കിടക്കുന്ന കാറിലേക്കും,
തണുത്ത ഇരുട്ടിലിരിക്കുന്ന അപരിചിതരിലേക്കും  എത്തിച്ചു നോക്കുന്നുണ്ട്
ചിലരൊക്കെ.ഇനി ഇവിടെയാണ് ശ്രീക്കുട്ടിയും താമസിക്കാന്‍ പോകുന്നത്.
”നല്ല ഗംഭീരന്‍ സ്കൂളാണ്, ഇവിടെ താമസിച്ച് പഠിച്ചാല്‍ ശ്രീക്കുട്ടിയും
നല്ല മിടുക്കത്തിയാവുമെന്നാണ് ഇറങ്ങാന്‍ നേരത്ത് അമ്മായി പറഞ്ഞത്.
 സ്കൂളില്‍ ചേരലൊക്കെ വന്ന ഉടനെ കഴിഞ്ഞു. ഇനിയിപ്പോ ബോര്‍ഡിങ്ങിലെ
മദറിനെ കാണാനാണ് ഈ കാത്തിരിപ്പ്. അകത്തുണ്ടായിരുന്ന സന്ദര്‍ശകര്‍
പുറത്തുകടന്നതും അമ്മാവന്‍ എഴുന്നേറ്റ് റെഡിയായി. അമ്മാവന് തിരിച്ചു
ചെന്നിട്ട് ഒരുപാട് തിരക്കുകളുള്ളതാണ്.  അമ്മാവനു പുറകെ ശ്രീക്കുട്ടിയും
മുറിയിലേക്കു കയറി. മദറിനെ കണ്ടതും ശ്രീക്കുട്ടിയ്ക്കു ചിരിയാണു വന്നത്.
എന്തൊരു ചെറിയ മദറാണിത്.. കസേരയില്‍ ഇരുന്നാല്‍ പുറത്തേക്ക് കാണാനേ
ഇല്ല. പക്ഷേ മുഖത്ത് ഭയങ്കര ഗൗരവമാണ്. കണ്ണടയൂരി, ശ്രീക്കുട്ടിയെ ഒന്ന്
അടിമുടി നോക്കിയപ്പോള്‍ ശ്രീക്കുട്ടിയുടെ ചിരിയൊക്കെ മാഞ്ഞു പോയി.
മദറിന്റെ  മുഖത്തുനിന്നും വേഗം നോട്ടം  മാറ്റി, ചുമരില്‍
തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങളിലേക്കായി ശ്രദ്ധ.  മുള്‍ക്കിരീടമണിഞ്ഞ്
ക്ഷീണിതനായ യേശുക്രിസ്തുവിന്റെ പടത്തിലേയ്ക്ക് നോക്കി നിന്നപ്പോള്‍
ശ്രീക്കുട്ടിക്കും സങ്കടം വന്നു തുടങ്ങി. അമ്മയുടെ മുഖത്തും ഇതു പോലെ
ക്ഷീണവും വേദനയുമായിരുന്നു. മുറിയിലെ മറ്റു കാഴ്ചകള്‍
കണ്ടുതുടങ്ങുന്നതിനു മുമ്പേ, അമ്മാവന്‍ മദറിനോടുള്ള സംസാരം
അവസാനിപ്പിച്ച് പോവാനുള്ള ഒരുക്കമായി.
 അമ്മാവനു പിന്നാലെ കാറിനടുത്തേക്ക് നടക്കുമ്പോഴും കണ്ണുകളില്‍ നേരിയ
നനവ്  ബാക്കി നിന്നിരുന്നു. നാരായണേട്ടന്‍ ശ്രീക്കുട്ടിയുടെ ബാഗ്
ഒക്കെയെടുത്ത് വരാന്തയിലേക്ക് ഇറക്കി വെച്ച് യാത്രക്കൊരുങ്ങി
നില്‍പ്പുണ്ടായിരുന്നു.
 കാറില്‍ കയറുന്നതിനു മുന്നേ അമ്മാവന്‍ ഒന്നു കൂടി തിരിഞ്ഞു നിന്നു. ”
ഓണത്തിനു വരാം” . മറുപടിയായി തലയാട്ടി, ശ്രീക്കുട്ടി രണ്ടടി പിന്നാക്കം
വെച്ചു. കാര്‍ ഗേറ്റ് കടന്നു പോയതും, വരാന്തയിലെ ബാഗിനടുത്തേക്ക്
നടന്നു. നേരത്തെ കണ്ട കുട്ടികളെയൊന്നും കാണാനില്ല ഇപ്പോ. എവിടേയ്ക്ക്
പോകണമെന്നറിയാതെ ബാഗിനടുത്ത് പകച്ചു നില്‍ക്കുമ്പോള്‍ പിന്നേയും വെറുതെ
അമ്മയെ ഓര്‍മ്മ വന്നു.. .
 അല്‍പ്പസമയത്തിനു ശേഷമാണ് അകത്തു നിന്നും  മറിയ ചേട്ടത്തിശ്രീക്കുട്ടിയുടെ അടുത്തേയ്ക്ക് വന്നത്. ബാഗുമെടുത്ത് നടത്തം തുടങ്ങിയ ചേട്ടത്തിയുടെ പിന്നാലെ ശ്രീക്കുട്ടിയും പുതിയ താമസസ്ഥലത്തേയ്ക്ക് പ്രവേശിച്ചു. വിശറി പോലെ
ഞൊറിഞ്ഞുടുത്ത മുണ്ട്, മറിയചേട്ടത്തിയുടെ നടത്തത്തിന് താളം പിടിച്ചു.
നീളന്‍ ഇടനാഴിയില്‍ ചേട്ടത്തിയുടെ വിശറിവാലിന് പിന്നാലെ
നടക്കുന്നതിനിടയില്‍ പൊക്കം കൂടിയ ഒരു കുട്ടി ഓടിവന്നു തോളില്‍
പിടിച്ചു നിര്‍ത്തി.. ” കുട്ടി എന്റെ മുറിയില്‍ ആണ് ട്ടോ ”. നീളന്‍
മുഖത്തെ വിടര്‍ന്ന കണ്ണുകള്‍ കണ്ട് തീരുന്നതിനു മുമ്പേ , രണ്ടു ഭാഗത്തും
മെടഞ്ഞിട്ട തലമുടിയുമാട്ടി ആ ചേച്ചി എതോ തൂണിന്റെ മറവിലേക്ക്
അപ്രത്യക്ഷയായി.
 ”അതാണ് ആശ. കെ. പി.  അതിന്റെ മുറിയിലാണ് കുട്ടിയും. ബാലുശ്ശേരിയിലെ
കുമാരന്‍ ഡോക്ടറിന്റെ മോളാണ്..” നേരിയ കിതപ്പോടെ മറിയചേട്ടത്തി
പരിചയപ്പെടുത്തി. വരാന്തയിലെ ഏറ്റവും അവസാനത്തെ മുറിയുടെ മുന്നിലാണ്
മറിയചേട്ടത്തിയുടെ നടത്തം അവസാനിച്ചത്.
 വാതിലിന് ഇരുവശവുമായി രണ്ട് കട്ടിലുകള്‍. കട്ടിലിന്റേയും ചുവരിന്റേയും
ഇടയിലായി ഒരു മേശയും കസേരയും. രണ്ടു വശത്തുമുള്ള  ചുവരുകളില്‍ അലമാരിയും.
കൃത്യമായി വിഭജിക്കപ്പെട്ട ഒരു മുറി.  അവസാനത്തെ മുറിയായതിനാലാവും
ജനലുകള്‍ രണ്ടെണ്ണമുണ്ട്. വെളുത്ത വിരിയിട്ട  ജാലകങ്ങള്‍ അടച്ചു
ഭദ്രമാക്കിയിരിക്കുന്നു.
 ജനല്‍ തുറക്കുന്നത് , കൈകള്‍ വിടര്‍ത്തി നില്‍ക്കുന്ന കരുണാമയിയായ
കന്യാമറിയത്തിന്റെ മുന്നിലേക്കാണ്.
 ക്ഷീണിതനായ യേശു മുറിക്കകത്തും കാരുണ്യവതിയായ അമ്മ പുറത്തും.
 തണുപ്പുള്ള കൈ വിരലുകള്‍ നീട്ടി കാറ്റ്, പുറത്തെ കാഴ്ചകളിലേക്ക് ക്ഷണിച്ചു.
 ഇവിടം മുഴുവന്‍ ഒന്നു നടന്നു കാണണമെന്നുണ്ടായിരുന്നു ശ്രീക്കുട്ടിക്ക്.
പക്ഷേ പരിചയമില്ലാത്ത അന്തരീക്ഷവും,  കൂട്ടത്തില്‍ യാത്രാക്ഷീണവും ആകെ
തളര്‍ത്തിയിരുന്നു. വിരിച്ചിട്ട കട്ടിലിന്റെ ക്ഷണം കൂടിയായപ്പോള്‍
കണ്ണുകളടയുകയായി. ബാലുശ്ശേരിയിലെ കുമാരന്‍ ഡോക്ടറുടെ മകളായ ആശചേച്ചി
മുറിയില്‍ എത്തിയതും, വിളക്കുകള്‍ തെളിയിച്ചതും , ഊണു കഴിക്കാന്‍
പോവാന്‍  കുലുക്കി വിളിച്ചതും ഒന്നുമറിയാതെ സുഖമായ ഉറക്കം.
 ഉറക്കത്തില്‍ ഇരുട്ടുന്നതു വരെ  കന്യാമറിയത്തിന്റെ വിരല്‍ തുമ്പില്‍
പിടിച്ച്, ഹോസ്റ്റല്‍ മുഴുവന്‍ ചുറ്റി നടന്നു കാണുകയായിരുന്നു
ശ്രീക്കുട്ടി. പിന്നെ എപ്പോഴോ അമ്മയായി കൂട്ടിന്. ഇരുട്ടാവണതു വരെ
പടിഞ്ഞാറേ മുറ്റത്തിരുന്ന് കല്ല് കളിക്കലായിരുന്നു. മുത്തശ്ശിയുടെ ശബ്ദം
പൊങ്ങാന്‍ തുടങ്ങിയപ്പോള്‍ കൈയ്യും കാലും മുഖവും കഴുകി ഓടി വന്നിരുന്ന്
ഭസ്മം തൊട്ട് നാമം ജപിക്കലും. പതിവു പോലെ നാമം ചൊല്ലി തീരുന്നതിനു
മുന്നേ അമ്മയുടെ മടിയിലേക്ക് കിടന്നുറങ്ങലും.
 എത്ര നേരം ഉറങ്ങിയോ ആവോ, അമ്മയുടെ ചിത കത്തുന്നതിന്റെ വെളിച്ചം
മുഖത്തടിച്ചപ്പോഴാണ് ശ്രീക്കുട്ടി ഉണര്‍ന്നത്.
 കണ്ണ് തുറന്നു നോക്കിയപ്പോ ചിതയുമില്ല ആള്‍ക്കാരുമില്ല, .. ചെറിയ ഒരു
ടോര്‍ച്ച് മുഖത്തേക്കടിച്ച് കട്ടിലിന്റെ അടുത്ത്
മുട്ടുകുത്തിയിരിക്കുന്നത് ആശചേച്ചിയാണ്.  ചേച്ചിയുടെ വലിയ കണ്ണുകള്‍
ഇരുട്ടിലും തിളങ്ങുന്നുണ്ട്.  ഇപ്പോ മുടി രണ്ടു ഭാഗത്തും
മേടഞ്ഞിട്ടിട്ടില്ല. നിറുകയില്‍ കെട്ടി വെച്ചിരിക്കുകയാണ്.
 ശബ്ദമുണ്ടാക്കരുതെന്ന് ചുണ്ടില്‍ വിരല്‍ വെച്ച് ആംഗ്യം കാണിച്ച്
ചെവിയുടെ അടുത്തേക്ക് കുനിഞ്ഞ് സ്വകാര്യം പറഞ്ഞു..” വിശക്കുന്നില്ലേ..??
വിളിച്ചിട്ടുണരാതെ ആയപ്പോ ഞാനിത്തിരി ചോറെടുത്ത് വെച്ചിട്ടുണ്ട്.
ഇനിയും വൈകിയാല്‍ അതൊക്കെ ചീത്തയാവും.”
 പത്തു മണിക്കു ശേഷം മുറിയില്‍ ലൈറ്റിടരുതെന്നാണ് ഇവിടുത്തെ നിയമം.
 പാതിമയക്കത്തില്‍ ടോര്‍ച്ചിന്റെ ചെറിയ വെളിച്ചത്തില്‍ കൈ കഴുകാന്‍
നടക്കുമ്പോള്‍ ചേച്ചിയുടെ യാര്‍ഡ്ലി പൗഡറിന്റെ മണം കൈ പിടിക്കാനെത്തി.
ആശചേച്ചിയുടെ ടേബിള്‍ലാമ്പ് എടുത്ത് താഴെ വെച്ച്, അതിന്റെ ഒരു പപ്പട
വട്ടം വെളിച്ചത്തിലായിരുന്നു ഊണ്.  പകുതിയായപ്പോഴേക്കും ശ്രീക്കുട്ടി
ഉറക്കം തൂങ്ങി തുടങ്ങി. അല്ലെങ്കിലും ഇതാണ് പതിവ്.
വീട്ടിലായിരുന്നപ്പോഴും  രാത്രിയൂണ് പകുതിയുറക്കത്തിലാണ് . ചോറില്‍
കൈയ്യിട്ട് ഉറക്കം തൂങ്ങുന്നത് കാണുമ്പോള്‍ അമ്മ
വാരിക്കൊടുക്കാനെത്തും..
 ഊണ് കഴിഞ്ഞു കിടന്നതും ശ്രീക്കുട്ടി പിന്നേയും ഉറക്കമായി. പക്ഷേ
അമ്മയല്ല ഇത്തവണ കൂട്ടിനെത്തിയത് , ദുഃസ്വപ്നങ്ങളാണ്. അലറിക്കുരച്ച്
പിന്നാലെ പാഞ്ഞെത്തുന്ന ഒരു കൂട്ടം നായ്ക്കള്‍. ഞെട്ടിയുണരുമ്പോള്‍
കിലോമീറ്ററുകളോളം ഓടിയാലെന്ന പോലെ കിതപ്പും വിയര്‍പ്പും. ആശചേച്ചിയുടെ
കൈകള്‍ക്കുള്ളില്‍ ചേര്‍ന്നു നില്‍ക്കുമ്പോഴും നെഞ്ചിനുള്ളിലെ വെപ്രാളം
ശമിക്കുന്നില്ല. ചേച്ചി അടുത്തു കിടത്തി തോളില്‍ തട്ടി
ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും ശ്രീക്കുട്ടിയ്ക്ക്  പിന്നെ ഉറക്കം
വന്നതേയില്ല. കണ്ണടയ്ക്കുമ്പോഴേക്കും നായ്ക്കളുടെ മുരളലും കിതപ്പും
ചെവിയിലെത്തുകയായി. പിന്നീടെപ്പോഴോ താഴേയ്ക്കൂര്‍ന്നിറങ്ങി
ആശചേച്ചിയുടെ വയറ്റില്‍ മുഖം ചേര്‍ത്തു വെച്ചായി കിടപ്പ്. വല്ലാതെ പേടി
തോന്നുമ്പോഴൊക്കെ ഇതായിരുന്നു പതിവ്.  അമ്മയുടെ വയറ്റില്‍ മുഖം
ചേര്‍ത്തു വെച്ചു കിടന്നാല്‍ ഉറക്കം വേഗം വരും .
 രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ അടുത്തുള്ള  കസേരയിലിരുന്ന് ആശചേച്ചി
പഠിക്കുകയാണ്. അതിനിടയിലും ശ്രീക്കുട്ടിയെ നോക്കി ഒരു നല്ല ചിരി
ചിരിക്കാന്‍ മറന്നില്ല. പിന്നീടും  ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും
ക്ലാസ്സിലേയ്ക്കു പോവുമ്പോഴും ഒക്കെ ആശ ചേച്ചി തന്നെയായിരുന്നു
ശ്രീക്കുട്ടിക്ക് ആശ്രയം.  രാത്രിയായാല്‍, എല്ല മുറികളിലും കയറിയിറങ്ങി
മദറിന്റെ ഇന്‍സ്പെക്ഷന്‍ കഴിഞ്ഞാലുടനെ ശ്രീക്കുട്ടി കട്ടിലില്‍ നിന്ന്
ഊര്‍ന്നിറങ്ങി ആശചേച്ചിയുടെ കട്ടിലിനരികിലെത്തും. ചേച്ചിയും ഉറങ്ങാതെ
കാത്തിരിക്കുന്നുണ്ടാവും. പിന്നെ വയറ്റില്‍ മുഖമമര്‍ത്തി വെച്ച് സുഖമായ
ഉറക്കം.
 ദിവസങ്ങള്‍ പതുക്കെ നീങ്ങിത്തുടങ്ങിയപ്പോള്‍ ഹോസ്റ്റലും സ്കൂളും
ശ്രീക്കുട്ടിയേയും കൂട്ടത്തില്‍ കൂട്ടിത്തുടങ്ങി. ഒരു കുടന്ന
നീലപ്പൂക്കളുമായി നില്‍ക്കുന്ന ഹൈഡ്രാഞ്ചിയയും, പച്ചപരവതാനിയില്‍ പവിഴം
വിതറിയതു പോലെയുള്ള ചൈനാറോസും ഇപ്പോള്‍ ശ്രീക്കുട്ടിയെ
അത്ഭുതപ്പെടുത്താറില്ല. മറിയച്ചേടത്തിയുടെ വിശറിവാലും ഉതുപ്പേട്ടന്റെ
വെന്തിങ്ങയും ഒരു കാഴ്ചയല്ലാതായിക്കഴിഞ്ഞിട്ട് ദിവസങ്ങളായി.
 റിംഗ് കളിക്കാനും തൂപ്പ് വെച്ചു കളിക്കാനും, കുറുക്കനും കോഴിയും
കളിക്കാനും ഇപ്പോ എല്ലാവരും ശ്രീക്കുട്ടിയെക്കൂടി കാത്തു
നില്‍ക്കാറുണ്ട്. ഏഴാം ക്ലാസ് വരെയുള്ളവര്‍ക്ക്, വൈകുന്നേരം
ബോര്‍ഡിംഗിന്റെ പിന്നിലുള്ള ഗ്രൗണ്ടില്‍ കളിക്കാന്‍ അനുവാദമുണ്ട്.
ബീച്ചിനടുത്തുള്ള ലൈറ്റ് ഹൗസില്‍ നിന്നും ആറു മണിയുടെ സൈറണ്‍
മുഴങ്ങുമ്പോള്‍ , കളി പകുതിയിലിട്ട് ഓട്ടം തുടങ്ങും എല്ലാവരും.
ഗേറ്റിനടുത്തു തന്നെ നില്‍ക്കുന്നുണ്ടാവും മദര്‍. കിതപ്പടക്കി ഒച്ചയടക്കി
വരിവരിയായി മര്യാദക്കാരായി വരാന്തയിലേക്ക് കേറും.
 അങ്ങേയറ്റത്തായി ആശചേച്ചി കാത്തു നില്ല്ക്കുന്നുണ്ടാവും. കുളി കഴിഞ്ഞ്
നീളന്‍ മുടി അഴിച്ചിട്ട്, കൈയ്യിലൊരു പുസ്തകവുമായി… . കൈയ്യിലും
കാലിലും തലയിലും വരെ മണ്ണുമായി കേറി വരുന്ന ശ്രീക്കുട്ടിയെ
കെട്ടിപ്പിടിക്കാന്‍ ഒരു മടിയുമില്ല ആശചേച്ചിക്ക്. പിന്നെ കുളിയും
പഠിത്തവും ഭക്ഷണം കഴിക്കലുമെല്ലാം ആശചേച്ചിയുടെ മേല്‍നോട്ടത്തിലാണ്.
പത്താം ക്ലാസ്സായിരുന്നിട്ടും പഠിക്കാനേറെ ഉണ്ടായിരുന്നിട്ടും
ചേച്ചിക്കൊരു പരാതിയും ഉണ്ടായിരുന്നില്ല ഒന്നിലും. ശ്രീക്കുട്ടിക്കും
ആശചേച്ചി വേണം എന്തിനും.  അമ്മയെ ഇപ്പോള്‍ അധികം ഓര്‍മ്മ
വരാറൊന്നുമില്ല ശ്രീക്കുട്ടിക്ക്. അമ്മവനേയും അമ്മയിയേയും ഒക്കെ മറന്നതു
പോലെയായി. ആശചേച്ചിയെ കിട്ടിയിട്ടുണ്ടല്ലോ കൂട്ടിന്.
 ശ്രീക്കുട്ടി മറ്റുകുട്ടികളോട് അധികം മിണ്ടണതൊന്നും ആശചേച്ചിയ്ക്ക്
വല്യ താല്‍പര്യമുള്ള കാര്യമല്ല. ചേച്ചിയ്ക്കും കൂട്ടുകാരികളോടുള്ള
അടുപ്പമൊക്കെ കുറഞ്ഞു തുടങ്ങി. ശ്രീക്കുട്ടിയുടെ കൂടെ മുറിയും
അടച്ചിട്ടിരിക്കുന്നതാണ് ചേച്ചിക്ക് ഏറെയിഷ്ടം.  ഈ ഇഷ്ടക്കൂടുതല്‍ കാരണം
ആശചേച്ചിക്ക്  ഒരുപാട് വഴക്കും കിട്ടാറുണ്ട്. മദര്‍ പോലും വിളിച്ച്
ചീത്ത പറഞ്ഞിട്ടുണ്ട്. എന്നാലും ആശചേച്ചിക്ക് ഒരു കൂസലുമില്ല.
ശ്രീക്കുട്ടിക്ക് സങ്കടം വരുന്ന ഒരു കാര്യമുണ്ടെങ്കില്‍ ആശചേച്ചി
ഇടപെട്ടിരിക്കും എന്നതുറപ്പാണ്.  പൂച്ചയെ തിന്നിട്ടാണ് ശ്രീക്കുട്ടിയുടെ
പൂച്ചക്കണ്ണായി പോയതെന്നു പറഞ്ഞ് എല്ലാവരുടേയും മുന്നില്‍ വെച്ചു
കളിയാക്കി കരയിച്ച റിഷാനയയേയും, കളിക്കുമ്പോള്‍ സ്റ്റെപ്പ്
തെറ്റിച്ചതിന് ശ്രീക്കുട്ടിയുടെ കാലില്‍ ചൂരല്‍പ്പാട് വരുത്തിയ ഡാന്‍സ്
ടീച്ചറേയും ആശചേച്ചി വിരട്ടി വിട്ട കഥ ഹോസ്റ്റലില്‍ പാട്ടാണ്.
 
 കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് ഒരു രാത്രിയിലാണ്. പതിവ് പരിശോധന
കഴിഞ്ഞ് മദര്‍ മടങ്ങിപ്പോയതും ശ്രീക്കുട്ടി ആശചേച്ചിയുടെ കട്ടിലിലെത്തി
ഉറക്കം തുടങ്ങി. പിന്നീടൊരു ബഹളം കേട്ടാണുര്‍ന്നത്. നോക്കുമ്പോള്‍
മറിയ ചേടത്തി, മദര്‍, നിര്‍മ്മല സിസ്റ്റര്‍  എല്ലാരുമുണ്ട് മുറിയില്‍.
ആശചേച്ചിയും ശ്രീക്കുട്ടിയും ഒരു കട്ടിലില്‍ ഉറങ്ങുന്നത്
കണ്ടുപിടിക്കാനെത്തിയതാണ് എല്ലാവരും. ദ്വേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു
മദര്‍. ആശചേച്ചി കരയുമെന്നായിരുന്നു ശ്രീക്കുട്ടിയുടെ പേടി. പക്ഷേ
ആശചേച്ചിക്കൊരു കൂസലുമില്ല. പാമ്പ് ചീറ്റനതു പോലെ അടക്കിയ ശബ്ദത്തില്‍
മദര്‍ ചേച്ചിയോട് എന്തൊക്കെയോ പറയുന്നുണ്ട്, മദര്‍  എതോ അന്യഭാഷ
സംസാരിക്കുന്നതു പോലെയാണ് ശ്രിക്കുട്ടിയ്ക്ക് തോന്നിയത്, ഒന്നും
മനസ്സിലാവുന്നതേയില്ല. കുറേ നേരം ഉറഞ്ഞു തുള്ളിയതിനു ശേഷം മദര്‍ മുറി
വിട്ടിറങ്ങി. ഒരു കോട്ടുവായോടെ പിന്നാലെ മറിയചേടത്തിയും. സിസ്റ്റര്‍
നിര്‍മ്മല  മാത്രം പാതിയുറക്കത്തില്‍ പകച്ചു നില്‍ക്കുന്ന
ശ്രീക്കുട്ടിയുടെ തലയില്‍ ഒന്നു തലോടിയ ശേഷമാണ് മുറിയില്‍ നിന്നും
പോയത്.
 അവര്‍ പോയതും ബഹളം കേട്ടുണര്‍ന്ന  അടുത്ത മുറികളിലെ കുട്ടികള്‍
വന്നെത്തിച്ചു നോക്കാന്‍ തുടങ്ങി. ശ്രീക്കുട്ടിയ്ക്ക് കുറേശ്ശെ കരച്ചില്
വരുന്നുണ്ടായിരുന്നു. ആശചേച്ചിക്കു മാത്രം ഒരു കുലുക്കവുമില്ല.
ശ്രീക്കുട്ടിയെ പിടിച്ച് മടിയില്‍ കിടത്തി, ചേച്ചി പഠിക്കാനുള്ള ഒരു
പുസ്തകമെടുത്ത് വായന തുടങ്ങി.
 വാതില്‍ക്കലെ കാഴ്ചക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങിയപ്പോള്‍ വായന
നിര്‍ത്തി ലൈറ്റണച്ച് ചേച്ചി അടുത്ത് വന്നു കിടന്നു, ശ്രീക്കുട്ടിയെ
ചേര്‍ത്ത് പിടിച്ച് പതുക്കെ പറഞ്ഞു തുടങ്ങി. ”നേരം വെളുക്കുമ്പോള്‍
ചേച്ചിയെ ഇവിടുന്ന് പറഞ്ഞയക്കും മദറ്. ആശചേച്ചിയെ മറക്കോ എന്റെ
മോള്??”  മറുപടിയായി ശ്രീക്കുട്ടിയ്ക്ക് കരച്ചിലാണ് വന്നത്, ഒന്നും
മിണ്ടാതെ ഏങ്ങലടിക്കാന്‍ തുടങ്ങി. ആശചേച്ചിയുടെ കണ്ണുകളും നിറഞ്ഞു വന്നു.
 രാവിലെ വാച്ച്മാന്‍ ഗേറ്റ് തുറക്കുന്നതിനുമുന്നേ തന്നെ കുമാരന്‍
ഡോക്ടറുടെ നീളന്‍ കാര്‍ ഗേറ്റിലെത്തിയിരുന്നു. പോര്‍ട്ടിക്കൊയിലെക്ക്
ഒഴുകിയെത്തിയ കാറില്‍ നിന്നും ആശചേച്ചിയുടെ അച് ഛന്‍ പുറത്തിറങ്ങി.
ചേച്ചിയെ പോലെ തന്നെ നല്ല പൊക്കത്തില്‍ വെളുത്ത് , മെലിഞ്ഞ് ….
  മദറിന്റെ മുറിയിലേക്ക്  കയറുന്നതിനു മുമ്പ് നീണ്ട വരാന്തയിലേക്ക്
കണ്ണോടിച്ച ഡോക്ടര്‍ക്ക് കാണാന്‍ പാകത്തില്‍ ആശചേച്ചി മുറിക്ക്
പുറത്തിറങ്ങി നിന്നിരുന്നു.
 അല്‍പസമയത്തിനു ശേഷം ആശചേച്ചിയെ മദറിന്റെ മുറിയിലേക്ക് വിളിക്കാന്‍
ആളെത്തി . അപ്പൊഴേക്കും കുമാരന്‍ ഡോക്ടര്‍ മദറുമായുള്ള സംസാരം
അവസാനിപ്പിച്ചിരുന്നു.
 മദറിന്റെ മുഖം ഇപ്പോഴും ചെമ്പരത്തി പൂ പോലെ ചുവന്നു തന്നെയിരിപ്പാണ്.
ചേച്ചിയെ കണ്ടതും ആശചേച്ചിയുടെ അച് ഛന്‍ തോളില്‍ കൈ വെച്ചു പറഞ്ഞു ”
ബാഗെടുക്കൂ … നമുക്ക് പോവാം മോളേ..”
 ആശചേച്ചി കയറിയ നീലക്കാറ് ഗേറ്റ് കടന്നു പോയതോടെ  ശ്രീക്കുട്ടി
മുറിയിലേക്ക് തിരിച്ചു നടന്നു.
 ഇളം നീല വിരിയിട്ട കട്ടിലില്‍ മലര്‍ന്നു കിടക്കുമ്പോഴും
ശ്രീക്കുട്ടിയ്ക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല . എതോ പുതിയ
ലോകത്തില്‍ എത്തിയ പോലെ. മനസ്സിലാവാത്ത കാര്യങ്ങളുടെ കൂട്ടത്തിലൊരു
മനസ്സിലാവാത്ത വാക്കും ശ്രീക്കുട്ടിയുടെ മനസ്സില്‍ കിടന്നു നിലവിളിച്ചു
”ലെസ്ബിയന്‍”.

Sunday, February 19, 2012

തിളക്കം..

ചത്തു കഴിഞ്ഞതാണ്
ചമയലേ ബാക്കിയുള്ളൂ..

തുറിച്ച കണ്ണുകള്‍ തിരുമ്മിയടച്ചതാണ്
മഷിയെഴുതിക്കറുപ്പിച്ച കണ്ണിലെ
അവസാന കനവിനേയും ഇറക്കിവിട്ടതാണ്..

ഇന്ന് കണ്ണടയൂരാതെ കുളിക്കാം...

ഒരുക്കിയിറക്കണം.. വേഗമാവട്ടെ.. ധൃതിയുണ്ട്..

ആദ്യം പൊട്ടു കുത്താം
സിന്ദൂരമായിക്കോട്ടെ... വട്ടത്തിലായിക്കോട്ടെ
പശയുള്ളത് വേണ്ട, പാട് വീഴും..
ചന്ദനക്കുറി വേണോ...??
ഭസ്മമായിക്കോട്ടെ, ചുടലയിലേക്കല്ലേ..??

കണ്ണെഴുത്ത് വേണ്ട ഇന്ന്
കണ്ണീര്‍ച്ചാല് തെളിഞ്ഞു കാണും..

മൂക്കില്‍ പഞ്ഞി വെക്കാന്‍ മറക്കരുത്
മണം പിടിച്ച് പിന്നാലെ വന്നാലോ..??

ചത്തു മലച്ച ചുണ്ടുകളും നിര തെറ്റിച്ച
പല്ലുകളും പ്രതിഷേധിക്കാതിരിക്കില്ല
പുതിയ കോറത്തുണി കീറി താടി
കൂട്ടിക്കെട്ടി അടക്കം പഠിപ്പിക്കണം.

നാവ് ചീറ്റുന്ന വിഷം പുറത്തേ
ക്കൊഴുകാതെ നോക്കണം.
കവിളിലെ ഒറ്റ നുണക്കുഴി
അടച്ചു വെക്കണം
ഇനിയെങ്കിലും നിര്‍ത്തട്ടെ
ഈ നുണ പറച്ചില്...

ചോരയൊലിക്കുന്ന ചെവിയിലും
തിരുകാം വലിയ ഒരുണ്ട പഞ്ഞി
കേള്‍ വി ശക്തി കൂടുതലാണ്
പറയാത്തതും അറിയുമത്രേ...
തിളങ്ങുന്ന കമ്മലുകള്‍
ഊരിയെടുക്കാന്‍ മറക്കരുത്
മതി.. ഏറെ തിളങ്ങിയതല്ലേ...

കൈയ്യിലണിഞ്ഞ കറുത്ത ചരടില്‍
കോര്‍ത്ത രക്ഷ അറുത്തു കളയണം
കാണട്ടെ, ഇനി ഇവള്‍ക്കെന്തു രക്ഷ..!!!

ഞരമ്പുകള്‍ പൊന്തിയ കൈകളിലെ തടിച്ചുരുണ്ട
വിരലുകള്‍ ഉടന്‍ കൂട്ടിക്കെട്ടണം.
വല നെയ്യുന്ന വിരലുകളാണ്, വേഗതയും കൂടുതലാണ്
വീണുപോവാതെ വല്ല അടയാള മോതിരവും
ഇറുക്കിപ്പിടിച്ചിട്ടുണ്ടോ എന്നു കൂടി നോക്കിക്കോളൂ..
ഒഴിഞ്ഞ കൈകള്‍ ചേര്‍ന്നിരിക്കട്ടെ
മാപ്പു ചോദിക്കുന്ന മാതിരി...

മണി കിലുക്കുന്ന പാദസരങ്ങള്‍
ഊരിയെടുക്കാമിനി..
ശ്രദ്ധ വേണം,,,, ശബ്ദം കേള്‍ക്കരുത്...
കാലുകളേയും വെറുതെ വിടരുത്
കെട്ടി വെക്കണം..
ഇറങ്ങി വരരുത്.... ഓര്‍മ്മകളിലേക്കൊന്നിലും.

ഇനി ഒരുക്കം മതിയാക്കാം...
കാഴ്ചക്കുള്ള സമയമായി...

കണ്ടു പോവാം .... അവസാനമായി

കൂടെ ഒന്നും കൊണ്ടു പോകുന്നില്ലെന്ന്
ഒന്ന് കൂടി ഉറപ്പു വരുത്താം...

ശവത്തില്‍ കുത്താം..
മാറി നിന്ന് കണ്ണ് തുടക്കാം...
കനലെരിയുന്ന നെഞ്ചിലൊരു പൂവ് ചൂടിക്കാം..
ഏങ്ങലടിക്കാം..

പക്ഷേ അധിക നേരം കിടത്തരുത്
കുഴി വെട്ടി മൂടണം..

മുതിര്‍ന്നവര്‍ ഇരിക്കുന്നതിനാല്‍
മാവ് വെട്ടുന്നില്ല

അല്ലെങ്കിലും ദഹിപ്പിക്കണ്ട... ചാരം ബാക്കിയാവും...

Monday, January 30, 2012

അമ്മക്കിളിക്കൂട്...

പ്രതീക്ഷിച്ചയത്ര തിരക്കുണ്ടായിരുന്നില്ല റെയില്‍ വേ സ്റ്റേഷനില്‍. പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത് അകത്തു കയറലൊക്കെ പെട്ടെന്ന് കഴിഞ്ഞു. ഉള്ളില്‍ കയറിയപ്പോഴും ഇല്ല വല്യ തിരക്കൊന്നും. അവിടവിടെയായി ഒരോ ചെറിയ കൂട്ടം കൂടലുകള്‍ മാത്രം. ട്രെയിന്‍ വരാന്‍ ഇനിയുമുണ്ട് പതിനഞ്ച് മിനുട്ടോളം സമയം.
''റെയില്‍ വേ സ്റ്റേഷനിലെത്തി.. കാത്തിരിപ്പിലാണ്..''എന്നൊരു സന്ദേശം പറത്തി വിട്ട് ഞാന്‍ ഇരിക്കാനൊരു സ്ഥലം നോക്കി നടപ്പാരം ഭിച്ചു. ആള്‍ക്കാരധികമില്ലെങ്കിലും ബാഗുകള്‍ക്കും പെട്ടികള്‍ക്കും ഒരു കുറവുമില്ല. ഇരിപ്പിടങ്ങളിലെല്ലാം ഞെളിഞ്ഞിരിക്കുന്നത് ബാഗുകളാണ്. ഇടയിലോരോ മനുഷ്യരും ചുറ്റിനും ഭാരങ്ങളുമായി ഒരോ തുരുത്തിലാണ് സകലരും.
ഒരു കുസൃതിച്ചിരിയുടെ അകമ്പടിയോടെ, ''കാത്തിരിപ്പിന്റെ ചൂടാറുന്നതിനു മുന്നേ എത്തിച്ചേരുന്നതാണ്''എന്നൊരു മറുകുറി ലഭിച്ചതോടെ ആകാംക്ഷ എന്റെ കാലുകളിലൊരു വിറയലായി പടര്‍ന്നു. ചുമലിലെ ചെറിയ ബാഗിനും കനം പെട്ടന്നു കൂടിയതു പോലെ . എനിക്കൊന്ന് ഇരിക്കാതെ വയ്യെന്നായി.
നടത്തിനൊടുവില്‍ കഷ്ടിച്ച് ഒരാള്‍ക്കിരിക്കാനിടമുള്ള ഒരു ബെഞ്ചിനു മുന്നിലെത്തി ഞാന്‍. ഏകദേശം ഒരു രണ്ട് വയസ്സു തോന്നിക്കുന്ന ഒരു കുട്ടിയും കൂടെ അതിന്റെ അമ്മയും, അപ്പുറത്തായി ഒരെഴുപത് എഴുപതഞ്ച് വയസ്സ് പ്രായം വരുന്ന ഒരു അമ്മൂമ്മയുമാണ് ആ സീറ്റിലെ അവകാശികള്‍. കുട്ടികളുമായുള്ള എന്റെ ചില മുന്‍പരിചയങ്ങള്‍ കാരണം അവിടിരിക്കണോ എന്നൊന്ന് സംശയിച്ചെങ്കിലും വേറെ എവിടേയും ഇടമില്ലാത്തതിനാല്‍ വല്ല്യ ആലോചനക്കൊന്നും ഒരുമ്പെട്ടില്ല ഞാന്‍. എന്റെ കടന്നു കയറ്റം കുഞ്ഞുവാവയുടെ കണ്ണിലാണ് ആദ്യം പെട്ടത്. ''ചേച്ചീ.. ചേച്ചി..' എന്നു വിളിച്ചുകൊണ്ട് പിച്ച വെക്കലിന്റെ ദിശ അവനെന്റെ നേരെയാക്കി. അപ്പോഴേക്കും കുഞ്ഞിന്റെ അമ്മയും ഇടപെട്ടു
'രാഖിചേച്ചിയാണോ മോനേ..??'
അവനെല്ലാവരോടും സ്നേഹമാണെന്നൊരു പ്രസ്താവന എന്നെ നോക്കിയും. അതിനിടയില്‍ കുഞ്ഞിക്കൈകള്‍ എന്റെ ഷാളില്‍ പിടി മുറുക്കിയിരുന്നു. കൈയ്യെത്തിച്ചിട്ടും കിട്ടാത്ത കണ്ണടയിലേക്കായി പിന്നത്തെ ശ്രദ്ധ. അപ്പോഴേക്കും കുഞ്ഞിന്റെ അച്ചനും ട്രെയിനും ഒരുമിച്ചു വന്നതിനാല്‍ ഞാന്‍ തല്‍ക്കാലം രക്ഷപ്പെട്ടു.
അവരു പോയതോടെ ഞാനും അമ്മൂമ്മയും മാത്രമായി ബെഞ്ചില്. അപ്പോഴാണ് അമ്മൂമ്മയെ ഞാന്‍ ശരിക്കുമൊന്ന് ശ്രദ്ധിക്കുന്നത്. മുഷിഞ്ഞ് നിറം മങ്ങിയ ഒരു സെറ്റ് മുണ്ടാണ് വേഷം. മൂക്കിലൊരു നീല കല്ലു വെച്ച മൂക്കുത്തി തിളങ്ങുന്നുണ്ട്. മുടിയൊക്കെ മൂര്‍ദ്ധാവിലേക്കു വലിച്ചു കെട്ടി വെച്ചിരിക്കുകയാണ്. നീരു വന്നു വീര്‍ത്തിരിക്കുന്ന കാലില്‍ തേഞ്ഞു തീരാറായ ഒരു ഹവായ് ചെരുപ്പ്. ഒരു പഴേ ബാഗും മൂന്നാലു കവറുകളും കാലിനടുത്ത് ഒതുക്കി വെച്ചിട്ടുണ്ട്.
''സമയം എത്രയായി മോളേ..??''
ചോദ്യം വന്നതോടെ ഞന്‍ അമ്മൂമ്മയുടെ ദേഹപരിശോധന അവസാനിപ്പിച്ചു.
''10.30''
വാച്ചില്‍ നോക്കിയപ്പോഴാണ് ശതാബ്ദി എത്താറായല്ലോ എന്ന തിരിച്ചറിവ് എനിക്കും വന്നത് . എന്റെ നെഞ്ചിടിപ്പിന്റെ വേഗത കൂടി.
തുടര്‍ന്നുണ്ടായ സംസാരത്തിലാണ് പന്ത്രണ്ട് മണിയുടെ ട്രെയിനിന് കൊല്ലത്തേക്കു പോവാനുള്ളതാണ് അമ്മൂമ്മ എന്നു ഞാന്‍ മനസ്സിലാക്കിയത്. ട്രെയിനിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ അവര്‍ക്കറിയില്ല. അഞ്ചേകാലിനു കൊല്ലത്തെത്തുമെന്നു മാത്രം അറിയാം. രാവിലെ തന്നെ ഇവിടെത്തി ഇരിപ്പ് തുടങ്ങിയതാണ്. സ്റ്റേഷന്‍ മാസ്റ്ററാണ് പറഞ്ഞത് ഇവിടിരുന്നാല്‍ മതി, ട്രെയിന്‍ ഇവിടെ വരുമെന്ന്. അപ്രകാരം പന്ത്രണ്ട് മണിയാവുന്നതും നോക്കി നോക്കിയിരിപ്പാണ് അമ്മൂമ്മ.
ബാംഗ്ലൂര്‍ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടതോടെ പിന്നേയും നിശബ്ദമായി പ്ലാറ്റ്ഫോം. ഗുരുവായൂരമ്പലത്തില്‍ തൊഴുതു മടങ്ങുന്ന രണ്ടു മൂന്നു പേര്‍ കൈയ്യില്‍ ഒരു മയില്‍പ്പീലിക്കെട്ടുമായി ഇടക്ക് കയറിവന്നെങ്കിലും സൗകര്യമുള്ള വേറെ ഇരിപ്പിടം കിട്ടിയപ്പോള്‍ മാറിപ്പോവുകയും ചെയ്തു. വീണ്ടും ഞാനും അമ്മൂമ്മയും ബാക്കിയായി.

ഞങ്ങളിങ്ങനെ വശത്തോട് വശം നോക്കിയിരിക്കുമ്പോഴാണ് അവരുടെ കൈയ്യില്‍ കറുത്ത് കരുവാളിച്ച് രക്തം കട്ട പിടിച്ചതു പോലെ നെടുനീളത്തില്‍ ഒരു അടയാളം ഞാന്‍ കണ്ടുപിടിച്ചത്. ആദ്യമൊന്ന് സംശയിച്ചെങ്കിലും അതെന്തു പറ്റിയതാണെന്ന് ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
'' കൊച്ച് കളിച്ചോണ്ടിരുന്നപ്പോ കമ്പ് കൊണ്ടൊന്ന് പോറിയതാ.. മൊന്റെ കൊച്ച്... മഹാ കുസൃതിയാ അവന്‍ ..''
പറയുന്നതിനോടൊപ്പം അതൊന്ന് മറച്ചു പിടിക്കാനും മായ്ച്ചു കളയാനും ശ്രമിച്ചു ആ അമ്മൂമ്മ. ചെറുവിരലിലൊരു നേരിയ പോറല്‍ വീണാല്‍ പോലും നാട്ടുകാരെ മുഴുവന്‍ വിളീച്ച് സങ്കടം പറയുന്ന ഞാന്‍ അമ്മൂമ്മയുടെ ഈ പ്രതികരണത്തിനുമുന്നില്‍ വായും പൊളിച്ചിരുന്നു പോയി.
അല്‍പസമയത്തിനുള്ളില്‍ സമചിത്തത വീണ്ടെടുത്ത ഞാന്‍
''മകന്റെ അടുത്തേക്കാണോ അമ്മൂമ്മ പോവുന്നത്..??'' എന്ന ചോദ്യവുമായി വീണ്ടും അവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി. കുറച്ചു നേരത്തേക്ക് അവരൊന്നും മിണ്ടിയില്ല. ചോദിച്ചത് കേട്ടില്ലായിരിക്കും എന്ന് സമാധാനിച്ച് ഞാനുമൊന്ന് ഒതുങ്ങി. പക്ഷേ അമ്മൂമ്മ സംസാരിച്ചു തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
'' ഏഴ് പെറ്റതാ ഞാന്‍. അതിലൊന്നിനേ ദൈവം ആയുസ്സ് തന്നുള്ളൂ. അവന്റെ രണ്ടാമത്തെ വയസ്സില്‍ അവന്റെയച്ചനും പോയി. പിന്നെ മുറ്റമടിച്ചും ചട്ടി മോറിയും ഞാന്‍ വലുതാക്കിയെടുത്ത ചെക്കനാണ്. വലുതായി ആണോരുത്തനായപ്പോള്‍ അവന് അമ്മയെ കാണാണ്‍ കണ്ണില്ലാതെയായി. ''
പറഞ്ഞത് ഏറിപ്പോയോ എന്നു സംശയിച്ചിട്ടെന്ന പോലെ അവര്‍ പൊടുന്നനെ സംസാരം നിര്‍ത്തി ദൂരെ റെയില്‍പ്പാളത്തിലേക്ക് നോക്കിയിരിപ്പായി. ചോദിക്കാനോ പറയാനോ ഒന്നും കിട്ടാതെ ഞാനും നിശബ്ദയായി.
എന്തോ ഓര്‍മ്മ വന്നതുപോലെ പെട്ടന്നാണ് അവരാ വഴി കടന്നു പോയ ഒരു ചായക്കാരനെ വിളിക്കാനായി എഴുന്നേല്‍ക്കന്‍ ഭാവിച്ചത്. കനല്‍ കോരിയിടുന്ന ഓര്‍മ്മകളെ ഉണര്‍ത്തിവിട്ടതിന്റെ മന:പ്രയസത്തിലായിരുന്ന ഞാനും കൂടെയെഴുന്നേറ്റു, ചായക്കാരനെ വിളിച്ചുവരുത്തി. ചായ വാങ്ങിയതിന്റെ പൈസ കൊടുക്കാനായി അവര്‍ ബാഗുകളുടെ അഗാധതയില്‍ തിരച്ചിലാരം ഭിച്ചു. കവറുകളിലും ബാഗിലും തൂവാലകളിലുമായി തിരച്ചില്‍ നീണ്ടു പോയപ്പോള്‍ , ഓട്ടോക്കാരന്‍ ബാക്കി തന്ന അഞ്ചു രൂപ കൊടുത്ത് ഞാന്‍ ചായക്കരന്റെ കാത്തുനില്‍പ്പ് അവസാനിപ്പിച്ചു. മുങ്ങിത്തപ്പി കിട്ടിയ കാശുമായി അവര്‍ നിവര്‍ന്നപ്പോഴേക്കും ചായക്കാരന്‍ നടന്നു നീങ്ങിയിരുന്നു.
''പഠിക്കാന്‍ പോണ കൊച്ചല്ലേ..?? ബസ്സ് കൂലിക്ക് വെച്ചിരുന്ന പൈസയെങ്ങാനുമാണോ എടുത്തു കൊടുത്തത്?''
അല്‍പനേരം മുന്നേ മാത്രം കണ്ടുമുട്ടിയ, ക്ഷീണിച്ചവശയായ രൂപത്തില്‍ നിന്നും, എന്റെ മുത്തശ്ശിയെ ഓര്‍മ്മിപ്പിക്കുന്ന കരുതല്‍ നിറഞ്ഞ സ്വരമുയര്‍ന്നു കേട്ടപ്പോള്‍ എന്റെ ഉള്ളൊന്ന് വിറച്ചു. അവരുടെ മുഖത്തും കണ്ണിലും തെളിഞ്ഞു കണ്ട വിവശതയും അവശതയും നൊമ്പരപ്പെടുത്താന്‍ തുടങ്ങി എന്നേയും.
ഒരു ചൂടുചായ അമ്മൂമ്മയെ ചെറുതായൊന്ന് ഉന്മേഷവതിയാക്കിയതു പോലെ തോന്നിച്ചു. ''
എപ്പോഴും വായുവിന്റെ ഉപദ്രവമാണ്. ഇത്തിരി ചൂടുവെള്ളം ചെന്നപ്പോ കുറച്ചാശ്വാസമുണ്ട് ''
എന്തൊക്കെയോ ചിന്തകള്‍ നിശബ്ദരാക്കി ഇരുവരേയും.

ഉറങ്ങിക്കിടന്നിരുന്ന ചുറ്റുപാടുകള്‍ക്ക് ജീവന്‍ പകരുന്നതിനായി ആള്‍ക്കാരും കച്ചവടക്കാരും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ശതാബ്ദി ട്രെയിനിനെ വരവേള്‍ക്കാനായുള്ള ഒരുക്കങ്ങളാണ്. എരിവും ചൂടും മണക്കുന്ന സമൂസ അടുത്തുകൂടി കടന്നുപോയപ്പോഴാണ് ഞാന്‍ വിശപ്പിന്റെ കാര്യം ഓര്‍മ്മിച്ചത്.
''ഉച്ചയ്ക്കു കഴിക്കാന്‍ ചോറെടുത്തിട്ടില്ലേ..??''
''രാവിലെ ഊണു കഴിച്ചേച്ചിറങ്ങിയതാ..''

''അതല്ല.. ഉച്ചയ്ക്കു കഴിക്കാന്‍..??''
അതും കൂടി രാവിലെ കഴിച്ചിട്ടാ ഇറങ്ങിയത്..''
അതൊരു വെറും വാക്കാണെന്നു മനസ്സിലാക്കാന്‍ എനിക്കു പോലും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അവരിന്നത്തെ ദിവസം ഒന്നും തന്നെ കഴിച്ചിട്ടുണ്ടാവില്ല എന്നെനിക്ക് തീര്‍ച്ചയായി.
''സമൂസ വാങ്ങിത്തരട്ടേ..??''എന്ന ചോദ്യം നിഷേധിക്കപ്പെടുമോ എന്ന ഭയം കാരണം എന്നില്‍ നിന്ന് പുറത്തു വന്നതേയില്ല.
ഒരു ചോദ്യം പോലും അവഗണിക്കപ്പെടുന്നത് സഹിക്കാന്‍ കഴിയാത്ത എനിക്ക്, ആറു മക്കളുടെ മരണം സഹിച്ച, ഒരേയൊരു മകന്റെ അവഗണന സഹിച്ചുക്കൊണ്ടിരിക്കുന്ന ആ അമ്മയുടെ മുഖത്തേക്ക് നോക്കാന്‍ പോലും പ്രയാസം തോന്നി.

ചെറിയൊരു ഭൂമികുലുക്കത്തോടെ അപ്പോഴേക്കും ജനശതാബ്ദി എക്സ്പ്രസ്സ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. എഴുന്നേറ്റ് തിരിഞ്ഞു നടക്കുമ്പോഴും ഒരു നീലക്കല്ലിന്റെ തിളക്കം എന്നെ വല്ലാതെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.