Monday, January 30, 2012

അമ്മക്കിളിക്കൂട്...

പ്രതീക്ഷിച്ചയത്ര തിരക്കുണ്ടായിരുന്നില്ല റെയില്‍ വേ സ്റ്റേഷനില്‍. പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത് അകത്തു കയറലൊക്കെ പെട്ടെന്ന് കഴിഞ്ഞു. ഉള്ളില്‍ കയറിയപ്പോഴും ഇല്ല വല്യ തിരക്കൊന്നും. അവിടവിടെയായി ഒരോ ചെറിയ കൂട്ടം കൂടലുകള്‍ മാത്രം. ട്രെയിന്‍ വരാന്‍ ഇനിയുമുണ്ട് പതിനഞ്ച് മിനുട്ടോളം സമയം.
''റെയില്‍ വേ സ്റ്റേഷനിലെത്തി.. കാത്തിരിപ്പിലാണ്..''എന്നൊരു സന്ദേശം പറത്തി വിട്ട് ഞാന്‍ ഇരിക്കാനൊരു സ്ഥലം നോക്കി നടപ്പാരം ഭിച്ചു. ആള്‍ക്കാരധികമില്ലെങ്കിലും ബാഗുകള്‍ക്കും പെട്ടികള്‍ക്കും ഒരു കുറവുമില്ല. ഇരിപ്പിടങ്ങളിലെല്ലാം ഞെളിഞ്ഞിരിക്കുന്നത് ബാഗുകളാണ്. ഇടയിലോരോ മനുഷ്യരും ചുറ്റിനും ഭാരങ്ങളുമായി ഒരോ തുരുത്തിലാണ് സകലരും.
ഒരു കുസൃതിച്ചിരിയുടെ അകമ്പടിയോടെ, ''കാത്തിരിപ്പിന്റെ ചൂടാറുന്നതിനു മുന്നേ എത്തിച്ചേരുന്നതാണ്''എന്നൊരു മറുകുറി ലഭിച്ചതോടെ ആകാംക്ഷ എന്റെ കാലുകളിലൊരു വിറയലായി പടര്‍ന്നു. ചുമലിലെ ചെറിയ ബാഗിനും കനം പെട്ടന്നു കൂടിയതു പോലെ . എനിക്കൊന്ന് ഇരിക്കാതെ വയ്യെന്നായി.
നടത്തിനൊടുവില്‍ കഷ്ടിച്ച് ഒരാള്‍ക്കിരിക്കാനിടമുള്ള ഒരു ബെഞ്ചിനു മുന്നിലെത്തി ഞാന്‍. ഏകദേശം ഒരു രണ്ട് വയസ്സു തോന്നിക്കുന്ന ഒരു കുട്ടിയും കൂടെ അതിന്റെ അമ്മയും, അപ്പുറത്തായി ഒരെഴുപത് എഴുപതഞ്ച് വയസ്സ് പ്രായം വരുന്ന ഒരു അമ്മൂമ്മയുമാണ് ആ സീറ്റിലെ അവകാശികള്‍. കുട്ടികളുമായുള്ള എന്റെ ചില മുന്‍പരിചയങ്ങള്‍ കാരണം അവിടിരിക്കണോ എന്നൊന്ന് സംശയിച്ചെങ്കിലും വേറെ എവിടേയും ഇടമില്ലാത്തതിനാല്‍ വല്ല്യ ആലോചനക്കൊന്നും ഒരുമ്പെട്ടില്ല ഞാന്‍. എന്റെ കടന്നു കയറ്റം കുഞ്ഞുവാവയുടെ കണ്ണിലാണ് ആദ്യം പെട്ടത്. ''ചേച്ചീ.. ചേച്ചി..' എന്നു വിളിച്ചുകൊണ്ട് പിച്ച വെക്കലിന്റെ ദിശ അവനെന്റെ നേരെയാക്കി. അപ്പോഴേക്കും കുഞ്ഞിന്റെ അമ്മയും ഇടപെട്ടു
'രാഖിചേച്ചിയാണോ മോനേ..??'
അവനെല്ലാവരോടും സ്നേഹമാണെന്നൊരു പ്രസ്താവന എന്നെ നോക്കിയും. അതിനിടയില്‍ കുഞ്ഞിക്കൈകള്‍ എന്റെ ഷാളില്‍ പിടി മുറുക്കിയിരുന്നു. കൈയ്യെത്തിച്ചിട്ടും കിട്ടാത്ത കണ്ണടയിലേക്കായി പിന്നത്തെ ശ്രദ്ധ. അപ്പോഴേക്കും കുഞ്ഞിന്റെ അച്ചനും ട്രെയിനും ഒരുമിച്ചു വന്നതിനാല്‍ ഞാന്‍ തല്‍ക്കാലം രക്ഷപ്പെട്ടു.
അവരു പോയതോടെ ഞാനും അമ്മൂമ്മയും മാത്രമായി ബെഞ്ചില്. അപ്പോഴാണ് അമ്മൂമ്മയെ ഞാന്‍ ശരിക്കുമൊന്ന് ശ്രദ്ധിക്കുന്നത്. മുഷിഞ്ഞ് നിറം മങ്ങിയ ഒരു സെറ്റ് മുണ്ടാണ് വേഷം. മൂക്കിലൊരു നീല കല്ലു വെച്ച മൂക്കുത്തി തിളങ്ങുന്നുണ്ട്. മുടിയൊക്കെ മൂര്‍ദ്ധാവിലേക്കു വലിച്ചു കെട്ടി വെച്ചിരിക്കുകയാണ്. നീരു വന്നു വീര്‍ത്തിരിക്കുന്ന കാലില്‍ തേഞ്ഞു തീരാറായ ഒരു ഹവായ് ചെരുപ്പ്. ഒരു പഴേ ബാഗും മൂന്നാലു കവറുകളും കാലിനടുത്ത് ഒതുക്കി വെച്ചിട്ടുണ്ട്.
''സമയം എത്രയായി മോളേ..??''
ചോദ്യം വന്നതോടെ ഞന്‍ അമ്മൂമ്മയുടെ ദേഹപരിശോധന അവസാനിപ്പിച്ചു.
''10.30''
വാച്ചില്‍ നോക്കിയപ്പോഴാണ് ശതാബ്ദി എത്താറായല്ലോ എന്ന തിരിച്ചറിവ് എനിക്കും വന്നത് . എന്റെ നെഞ്ചിടിപ്പിന്റെ വേഗത കൂടി.
തുടര്‍ന്നുണ്ടായ സംസാരത്തിലാണ് പന്ത്രണ്ട് മണിയുടെ ട്രെയിനിന് കൊല്ലത്തേക്കു പോവാനുള്ളതാണ് അമ്മൂമ്മ എന്നു ഞാന്‍ മനസ്സിലാക്കിയത്. ട്രെയിനിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ അവര്‍ക്കറിയില്ല. അഞ്ചേകാലിനു കൊല്ലത്തെത്തുമെന്നു മാത്രം അറിയാം. രാവിലെ തന്നെ ഇവിടെത്തി ഇരിപ്പ് തുടങ്ങിയതാണ്. സ്റ്റേഷന്‍ മാസ്റ്ററാണ് പറഞ്ഞത് ഇവിടിരുന്നാല്‍ മതി, ട്രെയിന്‍ ഇവിടെ വരുമെന്ന്. അപ്രകാരം പന്ത്രണ്ട് മണിയാവുന്നതും നോക്കി നോക്കിയിരിപ്പാണ് അമ്മൂമ്മ.
ബാംഗ്ലൂര്‍ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടതോടെ പിന്നേയും നിശബ്ദമായി പ്ലാറ്റ്ഫോം. ഗുരുവായൂരമ്പലത്തില്‍ തൊഴുതു മടങ്ങുന്ന രണ്ടു മൂന്നു പേര്‍ കൈയ്യില്‍ ഒരു മയില്‍പ്പീലിക്കെട്ടുമായി ഇടക്ക് കയറിവന്നെങ്കിലും സൗകര്യമുള്ള വേറെ ഇരിപ്പിടം കിട്ടിയപ്പോള്‍ മാറിപ്പോവുകയും ചെയ്തു. വീണ്ടും ഞാനും അമ്മൂമ്മയും ബാക്കിയായി.

ഞങ്ങളിങ്ങനെ വശത്തോട് വശം നോക്കിയിരിക്കുമ്പോഴാണ് അവരുടെ കൈയ്യില്‍ കറുത്ത് കരുവാളിച്ച് രക്തം കട്ട പിടിച്ചതു പോലെ നെടുനീളത്തില്‍ ഒരു അടയാളം ഞാന്‍ കണ്ടുപിടിച്ചത്. ആദ്യമൊന്ന് സംശയിച്ചെങ്കിലും അതെന്തു പറ്റിയതാണെന്ന് ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
'' കൊച്ച് കളിച്ചോണ്ടിരുന്നപ്പോ കമ്പ് കൊണ്ടൊന്ന് പോറിയതാ.. മൊന്റെ കൊച്ച്... മഹാ കുസൃതിയാ അവന്‍ ..''
പറയുന്നതിനോടൊപ്പം അതൊന്ന് മറച്ചു പിടിക്കാനും മായ്ച്ചു കളയാനും ശ്രമിച്ചു ആ അമ്മൂമ്മ. ചെറുവിരലിലൊരു നേരിയ പോറല്‍ വീണാല്‍ പോലും നാട്ടുകാരെ മുഴുവന്‍ വിളീച്ച് സങ്കടം പറയുന്ന ഞാന്‍ അമ്മൂമ്മയുടെ ഈ പ്രതികരണത്തിനുമുന്നില്‍ വായും പൊളിച്ചിരുന്നു പോയി.
അല്‍പസമയത്തിനുള്ളില്‍ സമചിത്തത വീണ്ടെടുത്ത ഞാന്‍
''മകന്റെ അടുത്തേക്കാണോ അമ്മൂമ്മ പോവുന്നത്..??'' എന്ന ചോദ്യവുമായി വീണ്ടും അവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി. കുറച്ചു നേരത്തേക്ക് അവരൊന്നും മിണ്ടിയില്ല. ചോദിച്ചത് കേട്ടില്ലായിരിക്കും എന്ന് സമാധാനിച്ച് ഞാനുമൊന്ന് ഒതുങ്ങി. പക്ഷേ അമ്മൂമ്മ സംസാരിച്ചു തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
'' ഏഴ് പെറ്റതാ ഞാന്‍. അതിലൊന്നിനേ ദൈവം ആയുസ്സ് തന്നുള്ളൂ. അവന്റെ രണ്ടാമത്തെ വയസ്സില്‍ അവന്റെയച്ചനും പോയി. പിന്നെ മുറ്റമടിച്ചും ചട്ടി മോറിയും ഞാന്‍ വലുതാക്കിയെടുത്ത ചെക്കനാണ്. വലുതായി ആണോരുത്തനായപ്പോള്‍ അവന് അമ്മയെ കാണാണ്‍ കണ്ണില്ലാതെയായി. ''
പറഞ്ഞത് ഏറിപ്പോയോ എന്നു സംശയിച്ചിട്ടെന്ന പോലെ അവര്‍ പൊടുന്നനെ സംസാരം നിര്‍ത്തി ദൂരെ റെയില്‍പ്പാളത്തിലേക്ക് നോക്കിയിരിപ്പായി. ചോദിക്കാനോ പറയാനോ ഒന്നും കിട്ടാതെ ഞാനും നിശബ്ദയായി.
എന്തോ ഓര്‍മ്മ വന്നതുപോലെ പെട്ടന്നാണ് അവരാ വഴി കടന്നു പോയ ഒരു ചായക്കാരനെ വിളിക്കാനായി എഴുന്നേല്‍ക്കന്‍ ഭാവിച്ചത്. കനല്‍ കോരിയിടുന്ന ഓര്‍മ്മകളെ ഉണര്‍ത്തിവിട്ടതിന്റെ മന:പ്രയസത്തിലായിരുന്ന ഞാനും കൂടെയെഴുന്നേറ്റു, ചായക്കാരനെ വിളിച്ചുവരുത്തി. ചായ വാങ്ങിയതിന്റെ പൈസ കൊടുക്കാനായി അവര്‍ ബാഗുകളുടെ അഗാധതയില്‍ തിരച്ചിലാരം ഭിച്ചു. കവറുകളിലും ബാഗിലും തൂവാലകളിലുമായി തിരച്ചില്‍ നീണ്ടു പോയപ്പോള്‍ , ഓട്ടോക്കാരന്‍ ബാക്കി തന്ന അഞ്ചു രൂപ കൊടുത്ത് ഞാന്‍ ചായക്കരന്റെ കാത്തുനില്‍പ്പ് അവസാനിപ്പിച്ചു. മുങ്ങിത്തപ്പി കിട്ടിയ കാശുമായി അവര്‍ നിവര്‍ന്നപ്പോഴേക്കും ചായക്കാരന്‍ നടന്നു നീങ്ങിയിരുന്നു.
''പഠിക്കാന്‍ പോണ കൊച്ചല്ലേ..?? ബസ്സ് കൂലിക്ക് വെച്ചിരുന്ന പൈസയെങ്ങാനുമാണോ എടുത്തു കൊടുത്തത്?''
അല്‍പനേരം മുന്നേ മാത്രം കണ്ടുമുട്ടിയ, ക്ഷീണിച്ചവശയായ രൂപത്തില്‍ നിന്നും, എന്റെ മുത്തശ്ശിയെ ഓര്‍മ്മിപ്പിക്കുന്ന കരുതല്‍ നിറഞ്ഞ സ്വരമുയര്‍ന്നു കേട്ടപ്പോള്‍ എന്റെ ഉള്ളൊന്ന് വിറച്ചു. അവരുടെ മുഖത്തും കണ്ണിലും തെളിഞ്ഞു കണ്ട വിവശതയും അവശതയും നൊമ്പരപ്പെടുത്താന്‍ തുടങ്ങി എന്നേയും.
ഒരു ചൂടുചായ അമ്മൂമ്മയെ ചെറുതായൊന്ന് ഉന്മേഷവതിയാക്കിയതു പോലെ തോന്നിച്ചു. ''
എപ്പോഴും വായുവിന്റെ ഉപദ്രവമാണ്. ഇത്തിരി ചൂടുവെള്ളം ചെന്നപ്പോ കുറച്ചാശ്വാസമുണ്ട് ''
എന്തൊക്കെയോ ചിന്തകള്‍ നിശബ്ദരാക്കി ഇരുവരേയും.

ഉറങ്ങിക്കിടന്നിരുന്ന ചുറ്റുപാടുകള്‍ക്ക് ജീവന്‍ പകരുന്നതിനായി ആള്‍ക്കാരും കച്ചവടക്കാരും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ശതാബ്ദി ട്രെയിനിനെ വരവേള്‍ക്കാനായുള്ള ഒരുക്കങ്ങളാണ്. എരിവും ചൂടും മണക്കുന്ന സമൂസ അടുത്തുകൂടി കടന്നുപോയപ്പോഴാണ് ഞാന്‍ വിശപ്പിന്റെ കാര്യം ഓര്‍മ്മിച്ചത്.
''ഉച്ചയ്ക്കു കഴിക്കാന്‍ ചോറെടുത്തിട്ടില്ലേ..??''
''രാവിലെ ഊണു കഴിച്ചേച്ചിറങ്ങിയതാ..''

''അതല്ല.. ഉച്ചയ്ക്കു കഴിക്കാന്‍..??''
അതും കൂടി രാവിലെ കഴിച്ചിട്ടാ ഇറങ്ങിയത്..''
അതൊരു വെറും വാക്കാണെന്നു മനസ്സിലാക്കാന്‍ എനിക്കു പോലും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അവരിന്നത്തെ ദിവസം ഒന്നും തന്നെ കഴിച്ചിട്ടുണ്ടാവില്ല എന്നെനിക്ക് തീര്‍ച്ചയായി.
''സമൂസ വാങ്ങിത്തരട്ടേ..??''എന്ന ചോദ്യം നിഷേധിക്കപ്പെടുമോ എന്ന ഭയം കാരണം എന്നില്‍ നിന്ന് പുറത്തു വന്നതേയില്ല.
ഒരു ചോദ്യം പോലും അവഗണിക്കപ്പെടുന്നത് സഹിക്കാന്‍ കഴിയാത്ത എനിക്ക്, ആറു മക്കളുടെ മരണം സഹിച്ച, ഒരേയൊരു മകന്റെ അവഗണന സഹിച്ചുക്കൊണ്ടിരിക്കുന്ന ആ അമ്മയുടെ മുഖത്തേക്ക് നോക്കാന്‍ പോലും പ്രയാസം തോന്നി.

ചെറിയൊരു ഭൂമികുലുക്കത്തോടെ അപ്പോഴേക്കും ജനശതാബ്ദി എക്സ്പ്രസ്സ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. എഴുന്നേറ്റ് തിരിഞ്ഞു നടക്കുമ്പോഴും ഒരു നീലക്കല്ലിന്റെ തിളക്കം എന്നെ വല്ലാതെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.