ഈ കണ്ണാടി ഒരു കല്യാണം മുടക്കിയാണെന്ന് ഞാന്‍ ഇന്നാണ് അറിഞ്ഞത്.
അതറിയാന്‍ ഇടവരുത്തിയതൊരു ജലദോഷവും..
മൂന്ന് നാല് ദിവസമായി ഒരു ജലദോഷം എന്നെയിങ്ങനെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയിട്ട്.
തല പിളരും പോലെയുള്ള തലവേദനയും, മൂക്കടപ്പും, കിടന്നാലുടനെ വരുന്ന കിച് കിച് ചുമയും എല്ലാം കൂടി ആയപ്പോള്‍ ഞാനാകെ കഷ്ടത്തിലായി..
ഇന്നലെ മുതല്‍ നേരിയ പനി കൂടി തുടങ്ങിയതോടെയാണ് ഇന്നൊരു ദിവസം പനിയുടെ പേരില്‍ ക്ലാസ്സ് കളഞ്ഞേക്കാം എന്ന് തീരുമാനിച്ചത്.
കോളേജില്‍ പോകാതിരിക്കുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ഈ ജലദോഷം തീരെ രസമുള്ളൊരു കാര്യമല്ല.
പറയുമ്പോ വളരെ നിസ്സാരമാണെങ്കിലും അതു ബുദ്ധിമുട്ടിക്കുന്നതിനൊരു കണക്കില്ല.
ഈ നശിച്ച മൂക്കടപ്പ് കാരണം ഞാന്‍ എന്റെ വായ ഒന്നടച്ചു വെച്ചിട്ടിപ്പോ ദിവസം മൂന്നോ നാലോ ആയി.
പുതിയ മാതൃഭൂമി ആഴ്ചപതിപ്പും, മുകുന്ദന്റെ 'ഡല്‍ഹി'യും കൈയ്യെത്തുന്ന അകലത്തിലുണ്ടായിട്ടും അതൊന്നു തുറന്നു നോക്കാന്‍ പോലും ഈ കുത്തി തറക്കുന്ന തലവേദന സമ്മതിക്കുന്നില്ല.
കഷായത്തിന്റെ കയ്പും, അരിഷ്ടത്തിന്റെ പുളിപ്പും മാത്രം രുചിച്ച് എന്റെ നാവൊക്കെ മരവിച്ചു.
കഞ്ഞിയുടെ കൂടെ ഒരു പപ്പടം പോലും തരുന്നില്ല ഈ മുത്തശ്ശി.
ഇത്തവണത്തെ ഓണസമ്മാനമാണീ ജലദോഷം.
ഇതു പോലെ മഴയില്‍ കുതിര്‍ന്ന ഒരോണം എന്റെ ഓര്‍മ്മയിലെങ്ങും ഇല്ല.
ഇപ്രാവശ്യം ഓണത്തിന് അച്ഛനൊക്കെ കാണാനുള്ളതു കൊണ്ട് നടുമുറ്റത്ത് അരിമാവ് കൊണ്ട് അണിഞ്ഞ് തൃക്കാക്കരപ്പനെ വെക്കുന്നത് ഞാനാവാം എന്നു വെറുതെ ഒരു ഗമക്ക് പറഞ്ഞതായിരുന്നു.
എല്ലാരും അതു കാര്യമായിട്ടെടുത്തതു കാരണം പിന്നീടെനിക്ക് ഒഴിഞ്ഞു മാറാനും പറ്റിയില്ല.
നടുമുറ്റത്ത് തൃക്കാക്കരപ്പനെ വെക്കാന്‍ മഴയുടെ ഒരു ഒഴിവിനായി ഞാന്‍ കുറേ കാത്തിരുന്നതായിരുന്നു. പക്ഷേ ഒരു രക്ഷയുമില്ല.
എന്തായാലും മഴക്ക് ഇത്തിരി ശക്തി കുറഞ്ഞ നേരം നോക്കി ഞാന്‍ എന്റെ പണിയും തുടങ്ങി.
അണിയലൊക്കെ കഴിഞ്ഞ് തൃക്കാക്കരപ്പനെ വെച്ചതും മഴ പാഞ്ഞെത്തി. പത്ത് മിനുട്ടുകള്‍ക്കുള്ളില്‍ എല്ലാം അപ്രത്യക്ഷമായി.
ഞാന്‍ മഴ നനഞ്ഞത് മിച്ചം.
വൈകുന്നേരമായപ്പോഴേക്കും തുമ്മല്‍ വന്നു, പിന്നാലെ ജലദോഷവും...
ഇപ്പോ ദേ പനിയും ആയി...
വെറുതെ ഇരിക്കാനും , ഒന്നും ചെയ്യാനും പറ്റാത്ത വല്ലാത്ത ഒരു അവസ്ഥ..
കുറേ നേരം എന്റെ മുറിയില്‍ തന്നെയിരുന്ന് മടുത്തപ്പോള്‍ ഒന്ന് പുറത്തേക്കിറങ്ങിയതായിരുന്നു.
മുറിയില്‍ നിന്നും പുറത്തു കടന്നതും, എങ്ങനെയാണെന്നറിയില്ല (എന്റെ കൈ തട്ടിയിട്ടാണെന്നാ എല്ലാരും പറയുന്നത്) അലമാരയുടെ മുകളിലിരുന്ന ഒരു പെട്ടി താഴത്തെത്തി.
അമ്മാവന്റെ മകളായ ചിന്നുവിന്റെ കളിസാധനങ്ങള്‍ സൂക്ഷിക്കുന്ന ഒരു കുട്ടി അലമാരയാണത്.
ഉള്ളില്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ ചേച്ചിയും അനിയത്തിയും എല്ലാം കൂടി ഒരു പെട്ടിയിലാക്കി മുകളില്‍ കേറ്റി വെച്ചതാണ്.
സാധാരണ കളി കഴിഞ്ഞാല്‍ കളിപ്പാട്ടം ഒതുക്കി വെക്കുന്ന പതിവൊന്നുമില്ല രണ്ടാള്‍ക്കും, എല്ലാം പരത്തി ഇട്ടിട്ടു പോകും.
ഇന്നിപ്പോ എന്നെ മെനെക്കെടുത്താനായിട്ടാണ് രണ്ടും പേരും കൂടി എല്ലാം പെട്ടിയിലാക്കി കാറ്റടിച്ചാല്‍ വീഴാന്‍ പാകത്തിനു വെച്ചത്.
കഫക്കെട്ടിന്റെ ഭാരത്താല്‍ ഒന്നു തല കുനിക്കാന്‍ പോലും പ്രയാസപ്പെടുന്ന ഞാന്‍ ഇതൊക്കെ പെറുക്കി എടുത്തു വെക്കണമല്ലോ എന്ന സങ്കടത്തിനിടയിലാണ് എനിക്കൊരു കുരുട്ടുബുദ്ധി തോന്നിയത്.
വൈകുന്നേരം വരെ മിണ്ടാതിരുന്നാല്‍ പെട്ടി തട്ടി മറിച്ചിട്ടതിന്റെ കുറ്റം അമ്മിണിയുടേയോ ചിന്നുവിന്റേയോ തലയില്‍ വെക്കാം.
തക്ക സമയത്ത് തന്നെ എന്റെ തലയില്‍ വന്നുദിച്ച ബുദ്ധിയില്‍ അഭിമാനിച്ച് ഞാന്‍ പടികളിറങ്ങാന്‍ തുടങ്ങുമ്പോഴാണ് എന്റെ തിരക്കഥയില്‍ ഇല്ലാത്ത ഒരു കഥാപാത്രം ഓടിയെത്തിയത്.
''എന്താ ശബ്ദം കേട്ടത്??
മാളു വീണതാണോ..??''
എന്നൊക്കെ പേടിച്ച് പരിഭ്രമിച്ച് പാത്രം കഴുകുന്നതിന്റെ ഇടയില്‍ നിന്നും ഓടി വന്നതാണ് സുമതിചേച്ചി.
എല്ലാ ചോദ്യങ്ങള്‍ക്കും എന്റെ മുഖത്തെ വിളറിയ ചിരി ഉത്തരം പറയുന്നുണ്ടായിരുന്നു.
ചേച്ചിയുടെ രംഗപ്രവേശത്തോടെ എന്റെ പ്ലാനും പദ്ധതിയുമെല്ലാം ഒരു ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണു..
മുകളിലെത്തിയ ചേച്ചി മറിഞ്ഞു വീണു കിടക്കുന്ന കളിപ്പെട്ടി കാണുന്നു, ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങളും.
അതില്‍ അവസാനിച്ചിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു...
താഴെ വീണു കിടക്കുന്നതിന്റെ കൂട്ടത്തില്‍ പൊട്ടിതകര്‍ന്ന ഒരു കണ്ണാടിയും കണ്ടെടുക്കുന്നു...
ഈ കുട്ടികള്‍ക്ക് കളിസാധനങ്ങളുടെ കൂട്ടത്തില്‍ കാറിന്റെ പഴയ കണ്ണാടി കൊണ്ടു വെക്കേണ്ട വല്ല കാര്യവുമുണ്ടോ..??
അങ്ങനെ കണ്ണാടിയൊരെണ്ണം പൊട്ടിച്ചു കഴിഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്, കണ്ണാടി താഴെയിട്ടു പൊട്ടിച്ചാല്‍ അടുത്ത ഏഴ് വര്‍ഷത്തേക്ക് കല്യാണം നടക്കില്ലാ എന്ന്..!!!
Tuesday, September 8, 2009
Subscribe to:
Posts (Atom)