അഞ്ചു ദിവസമായി, ഗൗരിയും ഹരിയും തമ്മില്‍ പിണക്കം തുടങ്ങിയിട്ട്.
പതിവു പോലെ ഒരു നിസ്സാര കാരണത്തിനു തുടങ്ങിയ പിണക്കമാണ്. പക്ഷേ പതിവിനു വിപരീതമായി ഇത്തവണ അഞ്ചാം ദിവസത്തിലേക്കും പിണക്കം നീണ്ടുപോയിരിക്കുകയാണ്.
പിണങ്ങാന്‍ എപ്പോഴും മുന്‍ കൈയ്യെടുക്കുന്നത് ഗൗരിയാണെങ്കിലും, പിണക്കം അവസാനിപ്പിക്കുന്നത് മിക്കപ്പോഴും ഹരിയാണ്. ഇത്തവണ എന്താണാവോ അവനും അനങ്ങുന്ന മട്ടില്ല...(സഹികെട്ടിട്ടാവും). ഓരോ പിണക്കവും അതിന്റെ പരിഭവവും ഒക്കെ കഴിയുമ്പോള്‍ ഗൗരി തീരുമാനിക്കും, ഇനി ഹരിയോട് പിണങ്ങുന്ന പ്രശ്നമേയില്ല എന്നൊക്കെ. പക്ഷേ മാസം ഒന്ന് കഴിയുന്നതിനു മുന്നേ അടുത്ത പിണക്കം വന്നിട്ടുണ്ടാവും.
പിണങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും പിണങ്ങിയത് എന്തിനായിരുന്നു എന്നതു തന്നെ ഗൗരി മറന്നു തുടങ്ങിയിരുന്നു. എന്നാലും ഇത്ര ദിവസമായിട്ടും ഹരി ഒന്നു വിളിച്ചില്ലല്ലോ എന്ന സങ്കടപ്പുറത്ത് അങ്ങോട്ടു വിളിക്കാതെ ബലം പിടിച്ചിരുന്നു.
അഞ്ചാം ദിവസമായപ്പോഴേക്കും ഗൗരിയാകെ അസ്വസ്ഥയായി. ഇന്നാണെങ്കില്‍ പരീക്ഷയും ഉള്ള ദിവസമാണ്. പരീക്ഷ തുടങ്ങിയപ്പോള്‍ മുതല്‍ സ്വസ്ഥത ഇല്ലാതായതാണ്. അതിന്റ കൂടെ ഹരിയുമായുള്ള പിണക്കവും കൂടിയായപ്പോള്‍ പൂര്‍ത്തിയായി.
എഴുത്തു പരീക്ഷ പിന്നേയും സഹിക്കാം, റിസള്‍ട്ട് വരുന്നതു വരെ ഒരു സമാധാനമുണ്ടല്ലോ..!! ഈ വൈവ പരീക്ഷയാണ് ഗൗരിയ്ക്ക് ഏറ്റവും പേടി. നാല് സിംഹങ്ങളുടെ മുന്നില്‍ വിയര്‍ത്തൊലിച്ച് വായ വരണ്ട്, ഇരിക്കേണ്ടി വരുന്നതോര്‍ത്ത് ഗൗരിയുടെ ഉറക്കം നഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.
സാധാരണയായി ഹരിയുടെ കൈയ്യില്‍ നിന്ന് ഒരു ''ബെസ്റ്റ് ഓഫ് ലക്ക്'' വാങ്ങിയാണ് പരീക്ഷക്കു പോകുന്നത്.
പിണങ്ങിയിരിക്കുന്ന സമയമായതിനാല്‍ ഇന്ന് അങ്ങിനെയൊരു ആശംസ കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ലെങ്കിലും ഗൗരി ഇടക്കിടയ്ക്ക് ഫോണ്‍ എടുത്തു നോക്കിക്കൊണ്ടിരുന്നു. ഓരോ തവണയും നിരാശയോടെ തിരികെ വെക്കുകയും ചെയ്തു കൊണ്ടിരുന്നു.
താഴെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാവും പെട്ടന്നൊരു തോന്നല്‍, ഇപ്പോ ആ ''ബെസ്റ്റ് ഓഫ് ലക്ക്'' വന്നിട്ടുണ്ടാവുമെന്ന്. ഉടനെ ഓടി വന്ന് നോക്കും. വൊഡാഫോണ്‍ അയക്കുന്ന ഓരോ മെസ്സേജുകളല്ലാതെ വേറെയൊന്നുമുണ്ടാവില്ല.
കോളേജിലേക്ക് പോവാറായപ്പോഴേക്കും മനസ്സു ചത്തു. മറ്റെല്ലാ കാര്യത്തിനേക്കാളുമധികം അന്ധവിശ്വാസിയാണ് ഗൗരി പരീക്ഷക്കാര്യത്തില്‍. ഹരിയുടെ ''ബെസ്റ്റ് ഓഫ് ലക്ക്'' കിട്ടാതെ ഒരു പരീക്ഷക്കും പോയിട്ടില്ല ഇതു വരെ.
സ്കൂട്ടറില്‍ കയറുന്നതിനു മുന്‍പും ഒന്നു കൂടി ഫോണെടുത്ത് നോക്കി....വന്നിട്ടില്ല.
വണ്ടി നീങ്ങി തുടങ്ങിയപ്പോഴാണ് എന്തോ ഒരു വ്യത്യാസം പോലെ. കാറ്റൊക്കെ കൂടുതല്‍ മുഖത്തടിക്കുന്നു, തലമുടിയൊക്കെ ആകെ പാറിപ്പറക്കുന്നു. ഗേറ്റിന്റെ അടുത്തെത്തിയപ്പോഴേക്കും സം ഭവം പിടികിട്ടി. ഹെല്‍മെറ്റ് എടുത്തിട്ടില്ല. അവിടെയിട്ട് വണ്ടി തിരിക്കുന്നതിനേക്കാള്‍ എളുപ്പം, നടന്നു പോവുന്നതാണെന്ന് തീരുമാനിച്ച്, തിരിച്ചു വീട്ടിലേക്ക് നടന്നു തുടങ്ങിയപ്പോള്‍ ഹെല്‍മെറ്റുമായി അമ്മാവന്‍ പകുതി വഴിയിലെത്തിയിട്ടുണ്ട്. .'' ഏതു ബോധത്തിലാണ് വണ്ടിയുമെടുത്ത് പോവുന്നത്..??'' എന്നതേ ചോദിച്ചുള്ളൂ, ഭാഗ്യത്തിന്..
പിന്നേയും വണ്ടി മുന്നോട്ട്...
കഷ്ടിച്ച് ഒരു നാലു കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞപ്പോഴാണ്, അകക്കണ്ണില്‍ ഒരു ദൃശ്യം തെളിഞ്ഞു വന്നത്. . അലക്കി, തേച്ചു മടക്കിയ വെള്ള കോട്ടും അതിന്റെ പോക്കറ്റിലൊന്നില്‍ വിശ്രമിക്കുന്ന സ്റ്റെതസ്കോപ്പും, നീ ഹാമ്മെറും തെക്കിനിപ്പടിയില്‍ ഭദ്രമായി ഇരിക്കുന്ന കാഴ്ച.
എടുക്കാന്‍ മറന്നിരിക്കുന്നു...
ഹാള്‍ ടിക്കറ്റില്ലാതെ ചെന്നാലും ഇന്നത്തെ വൈവക്കു ചിലപ്പോള്‍ കേറാന്‍ പറ്റുമായിരിക്കും, പക്ഷേ ഓവര്‍ക്കോട്ടില്ലാതെ ചെന്നാല്‍ വാര്‍ഡിന്റെ ഏഴയലത്തു പോലും അടുപ്പിക്കില്ല.
റോഡ് പണിയും പരിഷ്കാരങ്ങളും കാരണം വണ്ടി ഒന്നു തിരിക്കണമെങ്കില്‍ പിന്നേയും പോണം ഒരു രണ്ട് കിലോമീറ്റര്‍ മുന്നോട്ട്.
തിരിച്ച് വീട്ടിലെത്തിയപ്പൊഴേയ്ക്കും, മുത്തശ്ശി തുടങ്ങി, ഗൗരിയുടെ ബോധമില്ലായ്മയുടെ വിവരണങ്ങള്‍. ആ വശത്തേക്കുള്ള ചെവി അടച്ചു വെച്ച്, മറന്നു വെച്ച സാധനങ്ങള്‍ ഒക്കെ പെറുക്കി കൂട്ടി വീണ്ടുമിറങ്ങി.
നേരം വൈകിയതു കാരണം സ്പീഡ് ഒട്ടും കുറച്ചില്ല. എന്നാലും നാലും കൂടിയ ഒരു ജംഗ്ഷനില്‍ എത്തിയപ്പോള്‍, റോഡ് മുറിച്ചു കടക്കാന്‍ നിര്‍ത്തിയിരിക്കുന്ന ഒരു ബസ്സിനെ ബഹുമാനിച്ച്, മര്യാദക്കാരിയായി വണ്ടിയൊക്കെ പതുക്കെയാക്കി നിര്‍ത്തിയതായിരുന്നു. അപ്പോഴാണ് തൊട്ടു മുന്നിലുള്ള ബൈക്ക് ചേട്ടന്‍ ബസ്സിനെയൊന്നും മൈന്‍ഡ് ചെയ്യാതെ ബൈക്ക് വെട്ടിച്ചെടുത്തൊരു പോക്ക്. ബസ്സിലെ കിളിച്ചേട്ടന്‍ എന്തോ വിളിച്ചു പറയുന്നത് ഗൗരിയുടെ തിരക്കു മനസ്സിലാക്കി, പൊയ്ക്കോളാന്‍ പറയുകയാണെന്ന് ഗൗരിയും ധരിച്ചു.
സ്കൂട്ടര്‍ മുന്നിലേക്കെടുത്തതും, ബസ്സും മുന്നോട്ടെടുത്തു. ആയുര്‍വ്വേദ കോളേജിലേക്ക് പുറപ്പെട്ടിട്ട്, ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ എത്തുമല്ലോ എന്ന പരിഭ്രമത്തില്‍ ബ്രേക്ക് പിടിക്കാനും ഗൗരി മറന്നു.
ഭാഗ്യത്തിന് ബസ്സിലെ ഡ്രൈവര്‍ ഗൗരിയെപ്പോലെ അല്ലാത്തതിനാല്‍ ഇടി നടക്കാതെ കഴിച്ചിലായി. അവിടുന്ന് രക്ഷപ്പെട്ടോടി പോരുമ്പോള്‍ ആ ഡ്രൈവറും കിളിച്ചേട്ടനും ചീത്ത വിളിച്ചിട്ടുണ്ടാവുമല്ലോ എന്നാലോചിച്ച് വിഷമിക്കാനൊന്നും ഗൗരി മെനെക്കെട്ടില്ല.
ആ ഹരി ഒരു ബെസ്റ്റ് ഓഫ് ലക്ക് പറയാതിരുന്നതുകൊണ്ടുണ്ടായ പുകിലുകള്‍ ഓര്‍ത്തോര്‍ത്ത് ഗൗരി കോളേജിലെത്തി.
വണ്ടി നിര്‍ത്തി ചാടിയിറങ്ങുമ്പോഴേ കണ്ടു, വാര്‍ഡിനു മുന്നില്‍, സാറന്മാരും കുട്ടികളും എല്ലാരും വന്നു നില്‍പ്പുണ്ട്.
തലേ ദിവസം പോയി കണ്ടു പഠിച്ചു വെച്ച വല്ല രോഗിയേയും തന്നെ പരീക്ഷക്കു കിട്ടിയാല്‍ മതിയായിരുന്നു എന്നൊരു പ്രാര്‍ഥനയേ ഇനി ബാക്കിയുള്ളൂ..
ഓട്ടത്തിനിടയില്‍ കൂടി ഗൗരി വെള്ളക്കോട്ടിനകത്തു കയറി. ഓടി കിതച്ചെത്തിയപ്പോഴാകട്ടെ, പരീക്ഷയുടെ ഗൗരവം മറന്ന് എല്ലാവരുടെ മുഖത്തും ചിരി. ഓവര്‍കോട്ട് ഇട്ടത് തെറ്റിപ്പോയോ, ചെരുപ്പ് മാറിയിട്ടിട്ടുണ്ടോ എന്നൊക്കെ ഗൗരി സൂത്രത്തില്‍ ഒന്നു പരിശോധിച്ചെങ്കിലും ഒന്നും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. പുറകില്‍ നിന്ന് മീര തലയില്‍ തൊട്ടു കാണിച്ചപ്പോഴാണ് ഹെല്‍മെറ്റിന്റെ കാര്യം ഓര്‍മ്മ വന്നത്.. വെപ്രാളത്തിനിടയില്‍ അതൂരി വെക്കാന്‍ മറന്നിരിക്കുന്നു...
ആകെ നാണം കെട്ട് ഹെല്‍മെറ്റുമായി തിരിച്ചു നടക്കുമ്പോഴും കിട്ടാത്ത ആ ''ബെസ്റ്റ് ഓഫ് ലക്കിനു വേണ്ടി മനസ്സു കരഞ്ഞു.
തിരികെ വാര്‍ഡിലെത്തി അവശേഷിച്ച നമ്പറുമെടുത്ത് രോഗിയുടെ അടുത്തേക്ക്...
വിചാരിച്ചതു പോലെ തന്നെ അന്നു രാവിലെ അഡ്മിറ്റ് ആയ ഒരു പുതു പുത്തന്‍ രോഗി ഗൗരിക്കായി കാത്തിരിക്കുന്നു.
രോഗിയെ പരിശോധിച്ച്, വിവരങ്ങളൊക്കെ എഴുതിയെടുത്ത്, സാറന്മാര്‍ക്കു വേണ്ടി കാത്തു നില്‍ക്കുമ്പോള്‍ പോക്കറ്റിനുള്ളില്‍ കിടക്കുന്ന ഫോണിനു ഒരു അനക്കം.
മെസ്സേജ് ആണ്..... ഹരിയുടെ...
'' ബെസ്റ്റ് ഓഫ് ലക്ക്''.
Monday, January 31, 2011
Subscribe to:
Posts (Atom)