Saturday, October 2, 2021

ഈ തണുത്ത വെളുപ്പാൻ കാലത്ത് ...

 

ഉറക്കത്തിലൊരു , നീളൻ മുടി വന്നെന്റെ തൊണ്ടയിൽ കുരുക്കിട്ടു
 
ഇരുട്ട് നിറഞ്ഞ മുറി. 
 
കഴുത്തിൽ തടവി ദുസ്വപ്നമെന്ന് തള്ളി , ഉണർന്നിരുന്നു..
നോക്കി നോക്കിയിരിക്കേ ഇരുട്ട് ഇണങ്ങി വന്നു
 
അരികിലുറങ്ങിക്കിടക്കുന്നവനെ
തെളിഞ്ഞു കാണാം
 
നീണ്ട് നിവർന്ന് വലംകൈ നെഞ്ചമർത്തി
ഇളം ചിരിയോടെ .. സുഖമായി..
 
പുഞ്ചിരി പുരണ്ട ചുണ്ടിലൊരുമ്മ
വെക്കാനായി കുനിഞ്ഞതും
പിന്നെയുമാ മുടിയിഴകൾ
പാഞ്ഞു വന്നെന്റെ
കഴുത്തിൽ ചുറ്റി..
അവന്റെ നെഞ്ചിലും കഴുത്തിലും
പടർന്ന് വിടർന്ന് കരിനാഗം പോലെ
കറുത്ത് നീണ്ട മുടിയിഴകൾ.
ഇരുട്ടിലും തിളങ്ങുന്ന വെള്ളി മൂക്കുത്തി .. ചുവന്ന പൊട്ട്..
വലംകൈയ്യിനുള്ളിൽ
നെഞ്ചിലമർന്നൊതുങ്ങിയൊരുവൾ..
 
കുരുക്ക് മുറുകിയെന്റെ തൊണ്ടയിൽ ചോര ചുവയ്ക്കുന്നു.. ...

0 Comments

Tuesday, February 16, 2016

മരുഭൂമികള്‍ ഉണ്ടാകുന്നത്....





  നനവുള്ള, തുടുത്തയോര്‍മ്മകള്‍ വരണ്ടു
  വെളുക്കുമ്പോഴാണോ മണ്ണ്, മണലാകുന്നത് ??

  കരിനീലക്കനവുകള്‍ പാറിയകലുമ്പോഴാണോ
  ആകാശം, നരച്ച മേഘങ്ങള്‍ കീഴടക്കുന്നത്??

  ചുറ്റി പ്രണയിച്ച മരത്തിനു കീഴിലൊരുത്തിയൊ
  റ്റക്കാവുമ്പോഴാണോ വേരുകള്‍, ഉണക്കമറിയുന്നത്??

  ഒരുമിച്ചിറങ്ങിയ പുഴയില്‍ ,നിന്നൊന്നിനെ മറന്ന്
  മടങ്ങുമ്പോഴാണോ ഉറവുകള്‍, മണ്ണിലേക്ക് മറയുന്നത് ??

  ഒന്നിച്ചുചേര്‍ന്നിഴനെയ്ത മോഹങ്ങള്‍ മായ്ച്ച്
  കളയുമ്പോഴാണോ പൂവുകള്‍, കൊഴിഞ്ഞു വീഴുന്നത്??

  ഒന്നായ ശ്വാസഗതിയഴിഞ്ഞഴകലുമ്പോഴാണോ
  മണല്‍ക്കാറ്റുകള്‍ രൂപം കൊള്ളുന്നത്??

  ''നീ'' എന്നൊരോര്‍മ്മയില്‍ പൊടിഞ്ഞു
  വീഴുമ്പോഴാണോ ഞാനൊരു മരുഭൂമിയാകുന്നത്??











Friday, July 19, 2013

ഇടവേളയ്ക്കു ശേഷം..

ഞാനും നീയും കൈപ്പിടിച്ചിറങ്ങിയപ്പോള്‍
  ദൈവവും കൂടെ ചാടിയിറങ്ങി ,പക്ഷേ
  മറ്റൊരാള്‍ക്കിടമില്ലാത്തത്രയും
  ഒന്നായിരുന്നു നമ്മള്‍.
 
  മുന്നിലൂടെ, പിന്നിലൂടെ, വശങ്ങളിലൂടേയോ
   നുഴഞ്ഞുകയറാനേറെ ശ്രമിച്ചു
  കുഴഞ്ഞു ദൈവം.
   അഭേദ്യമായ പ്രതിരോധത്തിലന്ന്
  നമ്മളേറെ ചിരിച്ചു.
 
  ഈ വെയിലൊക്കെ ചിമ്മി മങ്ങി
  ഒരു മഴയെത്തുമെന്ന മോഹത്തില്‍
  കുറച്ചിട ദൈവം പിന്നാലെ വന്നു.
 
  മഴ വീണിട്ടും മഞ്ഞ് പെയ്തിട്ടും
  കൈകളഴിഞ്ഞില്ല.
  ആശ വറ്റിയ ദൈവം,
  പിന്നെ വഴി പിരിഞ്ഞു പോയി.
 
  നമ്മളേറെ മുന്നോട്ടും.
 
  കിളി ചിലച്ചതും കാട് കറുത്തതും
  അറിഞ്ഞതേയില്ല
 
  നിന്റെ നീലവെളിച്ചത്തില്‍
  എന്റെ കാഴ്ച നിറഞ്ഞേയിരുന്നു.
 
  ആഹ്ളാദച്ചിരി മുഴങ്ങുമ്പോള്‍
  വെള്ളിത്തിരയില്‍ 'ഇടവേള' തെളിയുന്നു.
 
  മറുപാതി പുലരുമ്പോള്‍
  വെട്ടം വിരിയുമ്പോള്‍,
  വെറുമൊരു രാക്കിനാവുപോല്‍
  നീയദൃശ്യന്‍.
 
  നിന്റെ നിറവിലൊക്കെയും വെയില്‍ കത്തി
  കാറ്റു മൂളി, കാട്ടുവഴിയിലൊറ്റയ്ക്ക് ഞാനും.
 
  മുന്നില്‍ മലയിടിച്ചില്‍
  പിന്നില്‍ കൊടുംകാട്
  മുരള്‍ച്ച ശീല്‍ക്കാരം
  കുലുങ്ങുന്ന ഭൂമി, ഉലഞ്ഞു പോയ് ഞാനും
 
  മുന്നും പിന്നും വശങ്ങളും കാത്തരുളി
  കാവല്‍ നിന്ന ദൈവങ്ങളെ തേടി ഞാന്‍
  മറഞ്ഞിരുന്നവരെല്ലാം തുണയ്ക്കെത്തി,യെന്റെ
  കൈ പിടിച്ചിട്ടും ഞാനിപ്പോഴും
  തിരയുന്നത്, നിന്റെ
  മുഖച് ഛായയിലുള്ളോരു ദൈവത്തിനേയാണ്.

Thursday, January 3, 2013

ഇനിയും..


ചത്തു മലച്ചയീ അക്ഷരങ്ങള്‍
നമുക്കിടയില്‍, കരിയുറുമ്പുകള്‍ പോലെ
ഒഴുകി പരക്കുന്നതെനിക്കിഷ്ടമേയല്ല.
നോക്കൂ…
പറഞ്ഞു തീര്‍ക്കട്ടെ, ഞാനീ
യനിഷ്ടങ്ങള്‍, നാളേയ്ക്കു മുമ്പേ.
പക്ഷേ…
പ്രണയം മരിച്ച വിരല്‍ത്തുമ്പിനാലേ
നീയെന്നെയിനിയും തലോടരുത്,
സൂചിമുനയിലെന്റെ ചോര പൊടിയുന്നു.
തുടുത്തു തുളുമ്പാത്ത നെഞ്ചിലേക്കിനിയും
നീയെന്നെ ചേര്‍ത്തുവെയ്ക്കരുത്,
മഞ്ഞുകട്ടയിലെന്റെ മനസ്സിടിയുന്നു.
മരവിച്ച ചുണ്ടുകളിനിയുമെന്റെ
ചുണ്ടിലമര്‍ത്തരുത്,
ചീഞ്ഞൊരിഷ്ടം ചവര്‍ക്കുന്നെനിയ്ക്ക്.
കുറുകിയുരുമ്മുന്ന പ്രേമഗീതങ്ങളെന്റെ
കാതിലിനിയും മൂളരുത്,
ഉരുക്കിയൊഴിച്ച വാക്കെന്റെ ചെവി മൂടുന്നു.
അടുത്തടുത്ത് മനസ്സ്തൊട്ടിരിക്കുമ്പോലെ
ചേര്‍ന്നിരിക്കാനിനിയുമൊരുങ്ങരുത്,
 കെട്ട ഗന്ധമെന്റെയുള്ള് മൂടുന്നു.
കണ്ണില്‍ നോക്കി മനസ്സ് കാണാ-
നിനിയും പറയരുത്,
കനല്‍ മൂടിയ പുകയിലെന്റെ കണ്ണ് കലങ്ങുന്നു.
ഏറെ പറഞ്ഞിട്ടും ഒന്നുണ്ടി-
നിയും പറഞ്ഞു തീരാതെ,
നിന്നെയെനിക്കേറെ ഏറെയിഷ്ടം

കയം

രാവിലെ കിടക്കയില്‍ നിന്നെണീറ്റതും, കൊതുമ്പുവള്ളത്തിലേക്ക് കാലെടുത്തു വെച്ചതുമാതിരി ഒരു ഓളം വെട്ടല്‍. കയ്പുനീരിന്റെ ഉറവകള്‍ വായിലെങ്ങും പൊട്ടിമുളയ്ക്കുന്നു. എട്ടാം മാസം തികഞ്ഞതില്‍ പിന്നെ മിക്ക പ്രഭാതങ്ങളിലും കൂട്ടിനെത്തുന്നുണ്ട് ഈ തലകറക്കം. കണ്ണടച്ച് കിടക്കയിലേക്ക് തിരിച്ചു വീഴുമ്പോള്‍, ഈയവസ്ഥയില്‍ ആശുപത്രി വരെ എങ്ങനെയെത്തും എന്ന ചിന്തയായിരുന്നു മനസ്സില്‍. ഇന്ന് സുമതി ഡോക്ടറെ കാണേണ്ട ദിവസമാണ്.
ശരീരത്തിന്റെ ആവലാതികള്‍ക്കിടയിലും മനസ്സ് കുഞ്ഞുണ്ണിയുടെ ചലനങ്ങളുടെ പിന്നാലെയായിരുന്നു. ഉള്ളിലൊരു ജീവന്റെ തുടിപ്പായി കുഞ്ഞുണ്ണി വന്നുവെന്ന് അറിഞ്ഞതുമുതല്‍ ഒരു മുത്തുചിപ്പി പോലെ കുഞ്ഞുണ്ണിക്കു ചുറ്റിനുമായിരുന്നു ചിന്തകള്‍.അമലിന്റെ കൂടെ ജീവിക്കാനിറങ്ങിയപ്പോള്‍ പിന്നില്‍ വന്നു വീണ അണുബോം ബില്‍ വേരുകളും ചില്ലകളും വെന്തുരുകിപ്പോയി ഒറ്റത്തടിയായി മാറിയിരുന്നു അമ്മു. സ്വപ്നങ്ങള്‍ മണ്ണിലേക്കിറങ്ങി വന്നപ്പോള്‍ , ജീവിതം മുന്നില്‍ വാ പിളര്‍ത്തി നില്‍ക്കുന്ന ഒരു വലിയ ശൂന്യതയായി അനുഭവിച്ചുതുടങ്ങിയ സമയത്താണ് എല്ലാ നഷ്ടങ്ങള്‍ക്കും പകരമായി കുഞ്ഞുണ്ണിയെ ഓമനിക്കാനായി കിട്ടിയത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ സംസാരിച്ചു തുടങ്ങിയതാണ് അമ്മു കുഞ്ഞുണ്ണിയോട്. വല്ലപ്പോഴും വരുന്ന അമലിന്റെ ഫോണിലല്ലാതെ മിണ്ടിപ്പറയാന്‍ ആരുമില്ലാത്ത ശ്വാസം മുട്ടലിനൊരറുതിയായത് അപ്പോഴാണ്. ഉള്ള് നിറയുന്ന സ്നേഹത്തോടൊപ്പം കട്ടി കൂടിയ ഏകാന്തത കൂടി രക്തത്തിലൂടെ പങ്കുവെക്കുന്നതിനാലാവും അമ്മുവും കുഞ്ഞുണ്ണിയും തമ്മിലൊരു പ്രത്യേക ഭാഷ ആദ്യം മുതലേ ഉരുത്തിരിഞ്ഞിരുന്നു. ഒറ്റപ്പെടലിന്റെ തുരുത്തിലകപ്പെട്ട അമ്മുവിനു കുഞ്ഞുണ്ണിയുടെ ചലനങ്ങളെ വായിച്ചെടുക്കല് എളുപ്പമായിരുന്നു.

ഇന്നെന്താണാവോ, കുഞ്ഞുണ്ണിക്കും തീരെ ഉഷാറില്ലാത്ത ദിവസമാണെന്നു തോന്നുന്നു. വല്യ അനക്കങ്ങളും അഭ്യാസങ്ങളും ഒന്നും കാണുന്നില്ല. കൈ അറിയാതെ തന്നെ വീര്‍ത്ത വയറിലെത്തിയതും, പുതപ്പിനടിയില്‍ നിന്നെന്ന പോലെ ഒരു കുഞ്ഞു കൈ മുഴച്ചു വന്നു തൊട്ടതോടെ ആകെയൊന്നു കുളിര്‍ത്തു. വായില്‍ പൊടിയുന്ന കയ്പിനും ശമനം.

ആശുപത്രിയില്‍ ഇപ്പോഴേ ആളു കൂടിയിട്ടുണ്ടാവും. ഇനിയും കിടന്നാല്‍ ശരിയാവില്ല. കുഞ്ഞുണ്ണി മൗനം തുടരുകയാണ്. പാട്ട് കേള്‌പ്പിച്ചാല്‍ സന്തോഷിക്കുന്ന ആളാണ്‌ കുഞ്ഞുണ്ണി , പക്ഷേ ഇന്ന് പാട്ടിലും അലിയുന്ന മട്ടില്ല , ദേഹത്ത് പച്ചവെള്ളം വീണപ്പോള്‍ പോലുമില്ല പ്രതിഷേധം. കുഞ്ഞുണ്ണിയുടെ മ്ലാനത നെഞ്ചിലൊരു എരിച്ചിലായി പുകയുന്നു. ഒരു ഗ്ലാസ്സ് തണുത്ത പാലില്‍ അതലിയിച്ചു കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ വിനോദിനെ വിളിച്ച് കാറുമായി താഴെ വരാന്‍ ഏര്‍പ്പാടാക്കി. ഇറങ്ങുന്നതിനു മുന്നേ കണ്ണാടിയുടെ മുന്നിലൂടെ കടന്നു പോയപ്പോള്‍ വീര്‍ത്ത വയറും വിളറിയ മുഖവും ഒട്ടും പരിചയം തോന്നിച്ചില്ല . കണ്‍ തടത്തിലെ കറുപ്പിലും ഒട്ടിയ കവിളുകളിലും ഗര്‍ഭാലസ്യത്തിന്റെ നഖപ്പാടുകള്‍.

മുറിക്ക് പുറത്തിറങ്ങിയപ്പോഴാണ് ഈ അഞ്ചാം നിലയില്‍ നിന്ന് താഴെയിറങ്ങുന്നതിന്റെ പ്രയാസം ഒരു ശ്വാസം മുട്ടലായി നെഞ്ചില്‍ കേറിയത്. അടഞ്ഞ മുറികള്‍ വല്ലാതെ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ലിഫ്ടിനെ ഒഴിവാക്കുകയാണ് പതിവ്. ഈയവസ്ഥയില്‍ കോണിപ്പടികള്‍ ഇറങ്ങുന്നതും എളുപ്പമല്ല. രണ്ടു ചുറ്റ് ഇറങ്ങിക്കഴിയുമ്പോഴേക്കും കാലിലൊരു വിറയലാണ്. പിന്നെ നിന്നും ഇരുന്നും താഴെയെത്തുമ്പോഴേക്കും കണ്ണ് തുറിക്കും. അതിനാല്‍ യാത്രകള്‍ ആശുപത്രിയിലേക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ് ഇപ്പോള്‍. വിനോദിനെ കിട്ടിയതു കാരണം വണ്ടിയന്വേഷിച്ച് നടക്കേണ്ട എന്നതൊരു ഭാഗ്യമായി. കഴിഞ്ഞ തവണ അഞ്ച്ദിവസത്തെ ഒരു ഓട്ടപ്രദക്ഷിണത്തിനായി അമല്‍ വന്നപ്പോള്‍ വിനോദായിരുന്നു സാരഥി. ഇപ്പോള്‍ അമലിന്റെ അസാന്നിദ്ധ്യത്തിലും എതാവശ്യത്തിന് വിളിച്ചാലും വിനോദ് വരാറുണ്ട്.

കാറില്‍ കയറി തണുത്ത കാറ്റടിച്ചു തുടങ്ങിയതും കുഞ്ഞുണ്ണി അനക്കങ്ങളിലൂടെ കുറേശ്ശെ സന്തോഷം കാണിച്ചു തുടങ്ങി. യാത്രകള്‍ ഇവനും ആസ്വദിക്കുന്നുണ്ടെന്നു തോന്നുന്നു. കിതപ്പൊന്ന് ആറാനായി കണ്ണടച്ചതേ ഓര്‍മ്മയിലുള്ളൂ, ആശുപത്രിയുടെ മുന്നിലെത്തി ഇറങ്ങാനായി വിനോദ് വിളിച്ചപ്പോഴാണ് പിന്നെ ഞെട്ടിയുണര്‍ന്നത്. മയക്കത്തിനെ തുടച്ച് കളഞ്ഞ് വെള്ളക്കുപ്പിയും ബാഗും തപ്പിയെടുത്ത് ഇറങ്ങാന്‍ തുടങ്ങുമ്പോഴേക്കും പിന്നിലുള്ള വണ്ടികളുടെ അക്ഷമ നിറഞ്ഞ ഹോണ്‍ മുഴങ്ങിത്തുടങ്ങി. എല്ലാവരും തിരക്കിലാണ്.. ”വേഗമാവട്ടെ” എന്ന് കുഞ്ഞുണ്ണിയും വയറിനുള്ളില്‍ കിടന്ന് തിരക്കാക്കുന്നു. കൈയ്യും കാലും ഒരു സ്വാധീനത്തിലല്ലാത്തതു പോലെ തോന്നുന്നതിനാല്‍, ധൃതി പിടിച്ച് ഒന്നിനും വയ്യ ഇപ്പോള്‍. ബഹളത്തില്‍ നിന്നും നീങ്ങി നടന്നു തുടങ്ങിയതും, തൊട്ടു പിന്നിലായി കാതടപ്പിക്കുന്ന നിലവിളിയോടെ ഒരു അം ബുലന്‍സ്. വല്ലാത്തൊരു ഞെട്ടലില്‍ ആടിയുലഞ്ഞ് തിരിഞ്ഞു നോക്കുന്നതിനിടയില്‍ കൈയ്യിലുള്ള വെള്ളക്കുപ്പിയും ബാഗും താഴേക്കും പോയി. അം ബുലന്‍സ് അകന്നു പോയിട്ടും ചെവിയിലെ മൂളല്‍ ശമിക്കുന്നില്ല. വഴിയുടെ നടുവില്‍ പകച്ചു നില്‍ക്കുന്നതിനിടയിലാണ് ഒരു പരിചയ ശബ്ദം പിന്നില്‍ നിന്നും
”അമ്മു ഒറ്റയ്ക്കേയുള്ളൂ ?? ”
താഴെ വീണ വെള്ളക്കുപ്പിയുമെടുത്ത് അടുത്തേക്ക് വരുന്നത് അനന്തേട്ടനാണ്. അനന്തേട്ടന്‍ ഒറ്റയ്ക്കല്ല. നിറവയറുമായി ഭാര്യ സുധയുമുണ്ട് കൂടെ. ചിറകിനടിയിലെന്ന പോലെ അവളെ ചേര്‍ത്തു പിടിച്ചിരിക്കുന്നത് സുധയുടെ അമ്മയായിരിക്കണം. ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട് വെക്കേഷനുകളില്‍ അമ്മുവിനെ കാണാനായി ഓടി വരുന്ന അനന്തേട്ടന്റെ രൂപം. ഒന്നു കൂടി തിരിഞ്ഞു നോക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും
”അമ്മൂ.. പഴങ്കഥകള്‍ക്ക് പിന്നാലെ പോവാന്‍ നില്‍ക്കണ്ട” എന്ന കുഞ്ഞുണ്ണിയുടെ ശാസനക്കു മുന്നില്‍ അനന്തേട്ടനുള്ള മറുപടി ഒരു ചിരിയിലൊതുക്കി നടക്കാന്‍ തുടങ്ങി.

യാത്രയുടെ അണപ്പും ഓര്‍മ്മകളുടെ കിതപ്പും കൂടിയായപ്പോള്‍ ഒ.പിയുടെ മുന്നിലെത്തിയപ്പോഴേക്കും പതിവില്ലാത്തൊരു പരവേശത്തിലായി അമ്മു. ഇത്തിരി വെള്ളവും കുടിച്ച്
” മിസ്സിസ് അമല്‍ ഇന്നും തനിച്ചാണോ വന്നിരിക്കുന്നത്??” എന്ന സുമതി ഡോക്ടറുടെ കടുപ്പിച്ച ചോദ്യത്തിനു മുന്നിലേക്ക് കയറി ചെന്നപ്പോഴാണ് പൊടുന്നനെ ഭൂമി കാല്‍ച്ചുവട്ടില്‍ നിന്നും തെന്നിമാറി മുകളിലെ ഫാനിനെ പോലെ സ്പീഡില്‌ കറങ്ങാന്‍ തുടങ്ങിയത്.
”അമ്മൂ അമ്മൂ ” എന്ന് കുഞ്ഞുണ്ണി പരിഭ്രമിക്കുന്നതിനിടയില്‍കൂടി ചുമരില്‍ ചാരിയതേ ഓര്‍മ്മയുള്ളൂ.. അപ്പോഴേക്കും പിന്നില്‍ അനിത സിസ്റ്ററെത്തിയതു ഭാഗ്യം.

മുഖത്തു വീണ തണുപ്പിനോടൊപ്പം ഓര്‍മ്മകളും തിരിച്ചെത്തിയപ്പോള്‍ ചിരിക്കുന്ന അനിത സിസ്റ്ററും കണ്ണടയൂരി തുടച്ച് ആദ്യേ മുഖത്തുറപ്പിക്കുന്ന സുമതി ഡോക്ടറും കുരിശുവരച്ച് മുത്തുന്ന മേരി സിസ്റ്ററുമുണ്ട് ചുറ്റിനും. പേടിച്ചരണ്ട കുഞ്ഞുണ്ണി ”അമ്മൂ” എന്ന് ഞെരക്കത്തിലാണ്.
”ഇക്കുട്ടി ഇനി പ്രസവിക്കാനും തനിച്ചു കയറി വരുമെന്നാണ് എനിക്കു തോന്നുന്നതെന്നു തുടങ്ങുന്ന സുമതി ഡോക്ടറുടെ പ്രസംഗം മുഴുവനാകുന്നതിനു മുന്നേ ബാഗിനുള്ളില്‍ നിന്ന് ഫോണടിച്ചു തുടങ്ങി . ആകംക്ഷയുടെ മണല്‍പരപ്പില്‍ നിന്നും അമല്‍ ആയിരിക്കും. മേരി സിസ്റ്ററാണ് ഫോണെടുത്തത്.
”അതേ.. മദര്‍ ഹോസ്പിറ്റലാണ്. അതെ, അമ്മു തന്നെ.. അമ്മു ഇവിടെ ബി പി കുറഞ്ഞ് തല കറങ്ങി വീണ് കിടപ്പുണ്ട്. ഇപ്പോ കഷ്ടിച്ച് കണ്ണ് തുറന്നിട്ടുണ്ട്. ഇത്തിരി കഴിഞ്ഞ് വിളിക്ക്. നാക്ക് പൊന്താറായിട്ടില്ല”
ആകെ പേടിച്ചിട്ടുണ്ടാവും, പാവം അമല്‍ എന്ന് പരിതപിക്കുന്നതിനിടയില്‍ കൈത്തണ്ടയില്‍ ഗ്ലൂക്കോസ് സൂചികള്‍ ആഴ്ന്നിറങ്ങി.

ഫ്ളാറ്റില്‍ തിരിച്ചെത്തിയപ്പോഴും ക്ഷീണം മാറിയിരുന്നില്ല. എടുത്തെറിഞ്ഞതു പോലെ നേരെ ഉറക്കത്തിലേക്ക് വീണു. ചന്ദനത്തിന്റേയും കഞ്ഞിപ്പശയുടേയും മണമിട കലര്‍ന്ന മുത്തശ്ശിയുടെ മടിയില്‍ തല വെച്ചു കിടക്കുകയായിരുന്നു ഉണരുമ്പോള്‍. പടിഞ്ഞാറന്‍ വെയിലിന്റെ മഞ്ഞപ്പിലേക്ക് കണ്ണു തുറന്നിട്ടും അതൊരു സ്വപ്നമാണെന്ന് തോന്നിയതേയില്ല. മുത്തശ്ശിയുടെ സ്വര്‍ണ്ണമോതിരത്തിന്റെ തണുപ്പ് അപ്പോഴും കവിളില്‍ നിന്ന് മാഞ്ഞിരുന്നില്ല.
ഒന്ന് ചാരിയിരിക്കാനായി മുത്തശ്ശിയുടെ കൂട്ട് അമ്മു വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴേക്കും കുഞ്ഞുണ്ണി പിണക്കത്തിലായി.
”ഇപ്പോ വരും മുത്തശ്ശി ! കാത്തിരുന്നോളൂ ” എന്ന് കുഞ്ഞുണ്ണി പരിഭവിച്ച് ശബ്ദമുയര്‍ത്തിയപ്പോഴാണ് ഞാന്‍ തിരിച്ചെത്തിയത്. വേറെയാരുമില്ല ഇവിടെ.. ഞാനും കുഞ്ഞുണ്ണിയുമല്ലാതെ..

ഒരു ഗ്ലാസ്സ് പാലുമെടുത്ത് സോഫയില്‍ വന്നിരുന്നപ്പോഴാണ് കോളിംഗ് ബെല്‍ ശബ്ദിച്ചത്. അനിത സിസ്റ്ററാണ്. ഡ്യൂട്ടി കഴിഞ്ഞ് പോവുന്നതിനിടയില്‍ അമ്മൂന്റെ വിശേഷമറിയാന്‍ കേറിയതാണ്. കൈയ്യിലുള്ള അളകാപുരിയിലെ മസാലദോശയുടെ പാക്കറ്റ് കണ്ടപ്പോള്‍ സന്തോഷിച്ചു ചാടിയത് ഞാനും കുഞ്ഞുണ്ണിയും ഒരുമിച്ചായിരുന്നു.

ഇറങ്ങാന്‍ നേരത്ത് വാതില്‍ക്കല്‍ എത്തിയിട്ടും അനിതേച്ചി പിന്നേയും തിരിഞ്ഞു നിന്നു
” നീ അമ്മയെ വിളിക്ക് അമ്മൂ.. ഈയവസ്ഥയില്‍ അമ്മ വരാതിരിക്കില്ല .”
അനിതേച്ചീടെ മോളുടെ പരീക്ഷയെന്നാണ് ?? അവളിപ്പോ പൊക്കം വെച്ച് വല്യ ആളായിട്ടുണ്ടാവും ലേ ? എന്നയെന്റെ ഏച്ചുകെട്ടിയ ലോഹ്യം പറച്ചിലിന്റെ മറവില്‍ പെട്ടതിനാല്‍ കുഞ്ഞുണ്ണി പിറുപിറുക്കുന്നത് ഞാന്‍ മാത്രേ കേട്ടുള്ളൂ..

വാതിലടച്ച് തിരിഞ്ഞതും, ബാഗിനുള്ളില്‍ ഫോണിന്റെ ബഹളം തുടങ്ങി . തപ്പി പിടിച്ച് എടുത്തപ്പോഴേക്കും അമലിന്റെ മിസ്സ് കോളിന്റെ എണ്ണം കുറേ അധികമായിട്ടുണ്ട്. തിരിച്ചുവിളിക്കാനായി നമ്പര്‍ തിരയുമ്പോള്‍ , അച് ഛന്റെ പേരിനു മുന്നില്‍ വിരലുകള്‍ നിശ്ചലമായി. ഇടത്തോട്ടോ വലത്തോട്ടോ എന്ന് സംശയിക്കുന്നതിനിടയില്‍ കണ്ണീര് വന്ന് കണ്ണു പൊത്തിയത് ഭാഗ്യമായി. അപ്പോഴേക്കും അമല്‍ ഒരു പാട്ടിലൂടെ തിരിച്ചെത്തുകയും ചെയ്തു. ” കുഞ്ഞുണ്ണീ നിന്റെ അച് ഛനിന്ന് നല്ല പരിഭ്രമത്തിലാണല്ലോ എന്നു ഞാന്‍ പറഞ്ഞെങ്കിലും ഒരു മൈന്‍ഡില്ലാതെ തിരിഞ്ഞു കിടക്കുകയാണ് കുഞ്ഞുണ്ണി ചെയ്തത്.. ”isd വിളിയുടെ നീളം ഒരു അഞ്ച് മിനുട്ടിലധികമായപ്പോഴേക്കും കുഞ്ഞുണ്ണിക്ക് ക്ഷമ നശിച്ചു തുടങ്ങി.
” എന്റെ കൂടെ ഒളിച്ചു കളിക്കാന്‍ വരാമെന്നു പറഞ്ഞിട്ട് ഫോണും പിടിച്ചോണ്ടിരിക്കാണ്. എന്താപ്പോ ഇത്രയധികം ??” എന്ന് കുഞ്ഞുണ്ണി പിന്നേം പിണക്കായി.
ശരി ശരിയെന്ന് അമലിനെ സമാധാനിപ്പിച്ച്, ഫോണ്‍ വെച്ച് വേഗം കുഞ്ഞുണ്ണിയുടെ കൂടെയെത്തി.

അമ്മുവിന്റെ കൂടെയാവുമ്പോള്‍ കുഞ്ഞുണ്ണിക്ക് കളിക്കണം പാട്ടുപാടണം കഥ കേള്കണം , അവില്‍ പാലിലിട്ട് കഴിക്കണം, കുഞ്ഞുണ്ണി കൂടെയുണ്ടായിട്ടും സുമതി ഡോക്ടറെന്തിനാണെപ്പോഴും അമ്മു തനിച്ചാണെന്ന് പറയുന്നതെന്നു ചോദിക്കണം…
കളിച്ചുകളിച്ചിരിക്കുമ്പോള്‍ രാത്രിയെത്തും.അമ്മുവിന്റെ ജീവിതത്തിലെന്നപോലെ ചുറ്റിനും ഇരുട്ട് വന്ന് മൂടും
.ദൂരെയെങ്കിലും ഒരു നക്ഷത്രത്തണലില്‍ തല ചായ്ച്ച് അമ്മുവെന്ന ജീവിതവും കുഞ്ഞുണ്ണിയെന്ന സ്വപ്നവും ഒരു മോഹനിദ്രയിലമരും .

Friday, September 28, 2012

എന്റെ മരം

പിന്നേയും ഒരു ഒഴിവുകാലം. എടുക്കാത്ത നാണയം പോലെ വെറുതെ കലമ്പല് കൂട്ടി കടന്നു പോവുന്ന ദിവസങ്ങള്‍. പ്രഭാതങ്ങളില്‍ ഒരു തേനീച്ചക്കൂട് പോലെ ഇരമ്പിയാര്‍ക്കുന്ന വീട്, സ്കൂളിലേക്കും ഓഫീസിലേക്കുമായി ആള്‍ക്കാരെ വീതം വെച്ചു കഴിയുന്നതും നിശബ്ദമായി.
  അമ്മുവിനെ നഴ്സറി വണ്ടിയില്‍ കയറ്റി വിട്ടതിന്റെ ആശ്വാസത്തില്‍  തിരിച്ചെത്തിയ ഉടനെ  വല്ല്യച് ഛന്‍ ഒരു പേപ്പറുമായി ചാരുകസേരയിലമരും, വല്ല്യമ്മ രാമായണവും ഭാരതവും പിന്നേയും കുറേ  അധികം പുസ്തകങ്ങളുമായി ആദ്ധ്യാത്മിക വഴിയിലും, മുത്തശ്ശി രാവിലത്തെ കുളിയൊക്കെ കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ ഒരു ചെറിയ മയക്കത്തിലേക്കും വീണുകഴിഞ്ഞാല്‍ പിന്നെ എന്റെയൊരു ഇറങ്ങിനടപ്പുണ്ട്, തൊടിയിലേക്കും പിന്നെ എന്റെ ഓര്‍മ്മകളിലേക്കും.
 
  അപ്പുണ്ണിയോടൊപ്പം പണ്ട് ആമ്പല് പറിക്കാന്‍ പോയിരുന്ന കല്ലുവെട്ടാങ്കുഴിയില്‍ ഇപ്പോ നിറയെ പായലാണ്. പടര്‍ന്ന പച്ചപ്പിനിടയിലൂടെ ഇടക്കോരോ വൈലറ്റ് പൂക്കള് കാണാം. പാറക്കുളത്തില്‍ പശുക്കളുണ്ടെന്നു തോന്നുന്നു. ഹരിദാസേട്ടന്റെ ശബ്ദവും കേള്‍ക്കാനുണ്ട്, കുളിപ്പിക്കാന്‍ കൊണ്ടു വന്നതാവും, മൂപ്പര് കൂടുതലും വര്‍ത്തമാനം പറയുന്നത് പശുക്കളോടാണ്. ലൈഫ് ബോയ് സോപ്പും ചകിരിയും കൂട്ടി തേച്ചൊരച്ച് കുളിപ്പിക്കുന്നത് പശുവിനും ഇഷ്ടമാവുന്നുണ്ട്, നല്ല അനുസരണയില്‍ കുളിപ്പിക്കാന്‍ നിന്നു കൊടുക്കുന്നു. കുറച്ച് നേരം കുളി സീന്‍ കണ്ട് തിരിച്ചു നടക്കുമ്പോ,
   ''മുത്തശ്ശാ.. ഗോപാലന്‍ പശുവിന്റെ തല തോര്‍ത്തിക്കുന്നില്ല, മ്മടെ നന്ദിനിക്ക് പനി പിടിക്കില്ലേ...'' എന്ന് കരഞ്ഞു പരാതിപറഞ്ഞിരുന്ന ഒരു കുഞ്ഞിമാളു,  പായലു വകഞ്ഞു മാറ്റിയെന്നോണം ഓര്‍മ്മകളിലേക്കു പൊങ്ങി വന്നു.
  കുട്ടിക്കാലത്തെ അത്ഭുതങ്ങളും സങ്കടങ്ങളുമെല്ലാം ഇപ്പോളൊരു വെറും ചിരിയിലൊതുങ്ങുന്നു.
   ഞാവല്‍ പഴം തിന്നു ചുണ്ടു ചോപ്പിച്ച് പിന്നേയും നടപ്പ് തുടര്‍ന്നു. നിരത്തി നട്ടു  വളര്‍ത്തിയ കപ്പയുടെ ഇടവരമ്പുകളിലൂടെ നടക്കുമ്പോഴാണ് ,  തണ്ടോടു കൂടി ഇതിന്റെ ഇല പൊട്ടിച്ചെടുത്ത്, മാലയുണ്ടാക്കിയിരുന്ന കാര്യമോര്‍ത്തത്. നല്ല ലോക്കറ്റ് ഒക്കെയായിട്ട് ഒരു മാലയുണ്ടാക്കി കൈയ്യില്‍ വെച്ചു, വൈകുന്നേരം സ്കൂള്‍ വിട്ട് അമ്മു വരുമ്പോള്‍ കൊടുക്കാം.
  അതുപോലെ മെറൂണ്‍ നിറത്തില്‍ തിളങ്ങുന്ന മൂക്കുത്തി തരുന്ന ഒരു ചീരയുണ്ടായിരുന്നു , പച്ച ചീര.. അന്വേഷിച്ചു ചെന്നപ്പോ കടപ്ലാവിന്റെ ചുവട്ടില്‍ പതുങ്ങി നില്‍പ്പുണ്ട് ഇപ്പോഴും.  പനിച്ചകത്തിന്റെ മഞ്ഞയും കാപ്പിക്കളറും ചേര്‍ന്ന പൂവിനെ പറിച്ച്, പേനയുടെ  അടപ്പിന്റെ വട്ടമൊപ്പിച്ചു മുറിച്ചെടുക്കുന്ന സാറ്റിന്‍ പൊട്ടും കൂടിയായാല്‍ അലങ്കാരം പൂര്‍ണ്ണമായി അന്നൊക്കെ. അങ്ങനത്തൊരു പൂവിനെ തപ്പി ഞാനൊരുപാട് വെയില്‍ കൊണ്ടെങ്കിലും അവസാനം കണ്ടു പിടിക്കുക തന്നെ ചെയ്തു.
  തളര്‍ച്ച മാറ്റാനായി കുളത്തിന്റെ കരയിലെ ഇലഞ്ഞിയുടെ ചുവട്ടിലിരിപ്പായി.. പണ്ടത്തെ ഒരു ഇഷ്ടതാവളമായിരുന്നു ഇത്. ഇലഞ്ഞി കൂടുതല്‍ പൊക്കം വെച്ച് , മെലിഞ്ഞ് സുന്ദരനായിട്ടുണ്ട്. പക്ഷേ പൂക്കള് തരാനിത്തിരി പിശുക്ക് കൂടിയിട്ടുമുണ്ട്. ഒരുപാട് ചുറ്റി നടന്നിട്ടും ഒരു കൈ ചെയിന്‍ ഉണ്ടാക്കാനുള്ളത്ര പോലും പൂക്കള്‍ കിട്ടിയില്ല.
  കരിങ്കല്‍പ്പടവിലിരിക്കുമ്പോള്‍ കുളത്തിലെ പഴേ ചങ്ങാതി ആമയെ കുറെ കാത്തിരുന്നു, പക്ഷേ ദര്‍ശനം കിട്ടിയില്ല.  . പലതരത്തിലുള്ള ശബ്ദങ്ങളുണ്ടാക്കി സന്തോഷിപ്പിക്കുകയും ഇടക്കൊക്കെ പേടിപ്പിക്കുകയും ചെയ്തിരുന്ന മുളങ്കൂട്ടം മാത്രം ഇപ്പോ തീരെ ഇല്ലാതെയായി. ചൂണ്ടു വിരലില്‍ ഒരു മുളയില തൊടീച്ചു വെച്ച് നടത്തിയിരുന്ന ഓട്ടമല്‍സരം അന്നത്തെ കളികളില്‍ ഒരു പ്രധാന ഇനമായിരുന്നു.
 
  തിരിച്ച് പോരുമ്പോ നിത്യകല്ല്യാണിയുടെ വീട്ടിലൊന്ന് കേറി നോക്കി. മുറ്റത്തെ പൂച്ചവാലന്‍ മാത്രം തലയിളക്കി പരിചയം ഭാവിച്ചു, വേറെ ആരേം കാണാനില്ല.
   തിരിച്ചെത്തിയപ്പോഴേക്കും വല്ല്യമ്മ മുറ്റത്തിറങ്ങി നില്‍പ്പുണ്ട്.. '' ഈ പറമ്പിലൊക്കെ ഇങ്ങനെ ഇറങ്ങി നടന്നിട്ട് വല്ല ഇഴജാതികളും ഉണ്ടാവും ആ ഇലഞ്ഞീടെ ചോട്ടിലൊക്കെ'' തര്‍ക്കത്തിനൊന്നും നില്‍ക്കാതെ ഞാനകത്തേക്കു കേറി.
ഊണൊക്കെ കഴിച്ച് ഒരു രണ്ടു പാട്ട് തികച്ച് കേള്‍ക്കാന്‍ സമയം കിട്ടില്ല അതിനു മുന്നേ അമ്മു സ്കൂളില്‍ നിന്ന്‍ മടങ്ങിയെത്തും .
അമ്മു സ്കൂളില്‍ നിന്ന് വരുന്നതേ വല്ല്യ ആവേശത്തിലാണ്. ''ഇന്നത്തെ ഡിക്ടേഷനില്‍ ടെന്‍ ഔട്ട് ഓഫ് ടെന്‍, ടീച്ചര്‍ ചുമലില്‍ തട്ടി 'വെരി ഗുഡ് ' പറഞ്ഞു, മിട്ടായി തന്നു '' അങ്ങനെ  കുറേ ഉശിരന്‍   വിശേഷങ്ങള്‍ പറയാനുണ്ടാവും.
   അമ്മു എത്തിയാല്‍ പിന്നെ , ഈ കടല്‍ക്കൊള്ളക്കാരുടെ ഒക്കെ കൈയ്യില്‍ ബന്ദിയായതു പോലെയാണ് എന്റെ അവസ്ഥ. ഇടം വലം തിരിയാന്‍ സമ്മതിക്കില്ല. അമ്മു, ടീച്ചര്‍ ആവുമ്പോള്‍ ഞാന്‍ കുട്ടി, അമ്മു, ഡ്രൈവര്‍ ആയാല്‍ ഞന്‍ ബസ്സിലേക്ക് ആളെ വിളിച്ച് കയറ്റുന്ന കിളി. അമ്മു, ഡോക്ടര്‍ ആണെങ്കില്‍ ഞാന്‍ രോഗികളെ പിടികൂടി കൊണ്ടുവരണ അറ്റന്‍ഡര്‍, ഇനി ആരേയും കിട്ടിയില്ലേല്‍ ഞാന്‍ തന്നെ രോഗിയും.
 
   ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് അമ്മുവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അമ്മു വന്നതില്‍ പിന്നെയാണ് എന്റെ പേരു ഇത്തിരി നന്നായി തുടങ്ങിയത്. കാലാകാലങ്ങളായി എന്റെ തലയിലായിരുന്ന  ദുര്‍വാശിക്കാരിയുടെ കിരീടം, അമ്മുവും അമ്മൂന്റെ വാശികളും വളര്‍ന്നതോടെ അവളുടെ തലയിലേക്കായി കിട്ടി.
 
  കുറച്ച് കഴിയുമ്പോഴേക്കും അമ്മുവിന്റെ കൂട്ടുകാരനും അയല്‍ക്കാരനും ക്ലാസ്സ്മേറ്റും ആയ അപ്പുവും എത്തും കളിക്കാന്‍ കൂട്ടിന്.  അമ്മു ദുര്‍വാശിയിലാണ് മിടുക്കിയെങ്കില്‍ അപ്പുന്റെ മിടുക്ക് വികൃതിയിലാണ്. രണ്ടുപേരും കൂടി കളിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും എന്തു വേണമെങ്കിലും സം ഭവിക്കാം .നോട്ടക്കാരി ഞാന്‍ ആയതുകൊണ്ട് ഒരു ടൈം ബോംബിന് കാവലിരിക്കുന്ന ജാഗ്രത അത്യാവശ്യമാണ്. ടെറസ്സിനു മുകളിലിരുന്ന് കളിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് അപ്പൂന് ഓര്‍മ്മ വന്നത്, പക്ഷിയെ പോലെ പറക്കാന്‍ പഠിച്ച കാര്യം. നേരിട്ട് കാണാതെ അത് സമ്മതിച്ചു കൊടുക്കാന്‍ അമ്മുവും തയ്യാറല്ല. ഉടന്‍ തന്നെ അപ്പു ടെറസ്സില്‍ നിന്ന് താഴേക്ക് പ്രദര്‍ശന പറക്കലിനു തയ്യാറായി. ഞാനുടനെ ഇടപെട്ട് കാലു പിടിച്ച്  അപേക്ഷിച്ചതിനെ തുടര്‍ന്നാണ് വേദി ഒന്ന് മാറ്റി വെക്കാന്‍ അപ്പു തയ്യാറായത്. പിന്നെ രണ്ടിനേയും കൊണ്ട് താഴെ ഇറങ്ങിയപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.
  നിലത്തിറങ്ങിയതും അപ്പൂന് പറക്കാനുള്ള മൂഡ് നഷ്ടപ്പെട്ടതിനാല്‍ അവര് വേറെ കളികളിലേക്ക് നീങ്ങി. അധികമൊന്നും കഴിഞ്ഞില്ല, അമ്മൂന്റെ നാട് വിറപ്പിക്കുന്ന കരച്ചില് മുഴങ്ങിത്തുടങ്ങി. അപ്പു കൊടുത്ത ഇലപ്പൈസയില്‍ ഒരെണ്ണത്തിന് ഒരു കീറല്. അതില്‍ തുടങ്ങിയ കശപിശയാണ്.കരച്ചിലിന്റെ കൂട്ടത്തില്‍ അമ്മു അപ്പൂനെ ഒരു തള്ളും. വീണ് ദേഹം വേദനിച്ചതോടെ  , അമ്മൂന് കേട്ടെഴുത്തില്‍ ഫുള്‍ മാര്‍ക്ക് പോയതും , ടീച്ചറുടെ കൈയ്യില്‍ നിന്ന് മിട്ടായി കിട്ടാത്തതുമായ എല്ലാ രഹസ്യങ്ങളും അപ്പു വല്ല്യമ്മേടെ  അടുത്തു ചെന്ന് ഒറ്റിക്കൊടുത്തു.
  ഉടനെ അമ്മു താഴെ അപ്പൂന്റെ വീട്ടില്‍ ചെന്ന് അപ്പു ക്ലാസ്സിലെ കുട്ടിടെ പെന്‍സില്‍ പൊട്ടിച്ചതും, പുസ്തകം കീറിയതും , സ്കൂള്‍ ബസ്സില്‍ വെച്ച് ഒരു കുട്ടിയുടെ ഡയറി പുറത്തേക്കെറിഞ്ഞതും ആയ സകല വിവരങ്ങളും ബോധിപ്പിച്ചു. അങ്ങനെ തികച്ചും സമാധാന പൂര്‍ണ്ണമായി ആ ദിവസം സമാപിച്ചു.
  
  പിറ്റേ ദിവസം രാവിലെ അപ്പുവും അമ്മുവും കൈയ്യും കോര്‍ത്തു പിടിച്ച് കൂട്ടുകാരായിട്ടാണ് സ്കൂളിലേക്ക് പോയത്. പക്ഷേ വൈകുന്നേരം വന്നപ്പോഴേക്കും ചിത്രം മാറിയിരുന്നു. രണ്ടുപേരുടേയും യുണിഫോമിലൊക്കെ മണ്ണും ചെളിയും, അമ്മൂന്റെ മുഖം കടന്നല് കുത്തിയപോലെ വീര്‍ത്തിട്ടും. ബസ്സില്‍ നിന്ന് ഇറങ്ങിയ പാടെ കൈയ്യിലുണ്ടായിരുന്ന പാക്കറ്റ് താഴേക്ക് ഒരേറും. സ്കൂളില്‍ നിന്ന് കൊടുത്ത 'എന്റെ മരം' ആണ് സംഗതി കുഴപ്പമാക്കിയത്. അപ്പൂന് കിട്ടിയത് നെല്ലി മരം. അമ്മൂന് തേക്കും. 'നെല്ലി മരമാണ് നല്ലത്, നെല്ലിക്ക തിന്നാന്‍ കിട്ടും, തേക്ക് ഒന്നിനും കൊള്ളില്ല' എന്നായി അപ്പു. തിരിച്ചൊന്നും പറയാന്‍ അമ്മൂന് കിട്ടിയതും ഇല്ല, അതൊടുവില്‍ ചെറിയ തോതില്‍ കൈയ്യങ്കളിയില്‍ എത്തി. . അതാണ് ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ കണ്ട രൗദ്ര രൂപം.
  തേക്ക് കൊണ്ടുള്ള വാതില്‍ വെച്ചാല്‍ അമ്മൂന്റെ വീട്ടില്‍ കള്ളന്മാരൊന്നും കയറില്ലയെന്നൊക്കെ പറഞ്ഞ് സന്തോഷിപ്പിച്ച് അമ്മൂനെ ഒരു വിധത്തില്‍ ഞാന്‍ വീട്ടിലെത്തിച്ചു.
  ഇത്തിരി കഴിഞ്ഞതും മരം കുഴിച്ചിടാനായി രണ്ടുപേരും എന്റെയടുക്കല്‍ തന്നെയെത്തി. വെറുതെ മണ്ണ് മാന്തി കുഴിച്ചിടാം എന്ന എന്റെ പരിപാടിയൊന്നും വിലപ്പോയില്ല, ഒരടി താഴ്ചയില്‍ കുഴി കുത്തി കരിക്കട്ടയും മണലും പിന്നെയും എന്തൊക്കെയോ ഇട്ടിട്ടു വേണം മരം കുഴിച്ചിടാനെന്നൊക്കെ പറഞ്ഞു പഠിപ്പിച്ചു വിട്ടേക്കാണ് ടീച്ചര്‍മാര്. അങ്ങനെ ഞങ്ങള് കുഴി കുത്താന്‍ തുടങ്ങി. പണിയെടുക്കുന്നതിന്റെ മടുപ്പ് ഒഴിവാക്കാനായി, ഞാന്‍ പണ്ടൊരു കുട്ടി ഉണ്ണിയപ്പം കുഴിച്ചിട്ട്, ശര്‍ക്കര കൊണ്ട് തടം കൂട്ടി, തേന്‍ കൊണ്ട് നനച്ചതും , അങ്ങനെ അപ്പമരം വലുതായി നിറയെ ഉണ്ണിയപ്പം ഉണ്ടായപ്പോള്‍ , മരത്തില്‍ തൂങ്ങിക്കിടന്ന്, അപ്പങ്ങളോരോന്നായി പറിച്ചേടുത്ത്  നല്ല രസത്തില്‍ തിന്നുന്ന കഥയൊക്കെ പറഞ്ഞോണ്ടിരുന്നു. അങ്ങനെ കഥയും കേട്ട് കുട്ടികളും ഞാനും കൂടി  , നെല്ലി മരത്തിനേയും തേക്കിനേയും അയല്‍ക്കാരാക്കി കുഴിച്ചിട്ട് വെള്ളം കോരിക്കൊണ്ടു വന്നു ആദ്യത്തെ നനക്കലും കഴിച്ചു.  കുഴിച്ചിട്ട് കഴിഞ്ഞിട്ടും അപ്പൂന് ഈ മരം വലുതായാല്‍ നെല്ലിക്ക ഉണ്ടാവുമോ എന്ന സംശയം ചെറുതായി ബാക്കി നിന്നിരുന്നു.
 
  പിറ്റേ ദിവസം രാവിലെ ഒരു കാലില്‍ പകുതി കേറ്റിയ സോക്സുമായി അപ്പു ഓടിയെത്തി..
  ''മാളു ചേച്ചീ.. ശെരിക്കും നെല്ലിക്ക ഉണ്ടാവോ??''
  ''ഉണ്ടാവും''
  ''അപ്പോ മാങ്ങ കുഴിച്ചിട്ടാലോ??''
  ''മാങ്ങ ഉണ്ടാവും''
  ''തക്കാളി കുഴിച്ചിട്ടാലോ??''
  ''തക്കാളി ഉണ്ടാവും.''
  ''എന്ത് കുഴിച്ചിട്ടാലും അത് മുളച്ച് വരോ??''
  '' വരും. എന്നും വെള്ളമൊക്കെ ഒഴിച്ചു കൊടുക്കണം പക്ഷേ''
  '' ഒരു രൂപ കുഴിച്ചിട്ടാലോ?? ''എന്നായി അപ്പു
  '' മരം വളര്‍ന്ന് വന്ന്, അതില്‍ നിറയെ  ഒറ്റ രൂപ ഉണ്ടാവും. കാറ്റടിക്കുമ്പോള്‍ ക് ലും  ക് ലും കിലുങ്ങുന്ന തിളങ്ങുന്ന ഒറ്റ രൂപ മരം.''
  കണ്ണുകള്‍ വിടര്‍ത്തി അപ്പു സ്വപ്നം കാണാന്‍ തുടങ്ങിയപ്പോഴേകും  അപ്പൂന്റെ അമ്മ സോക്സുമായെത്തി പിടിച്ചോണ്ടു പോയി.
 
  രാവിലെ തന്നെ ഒരു കുട്ടിയെ പറഞ്ഞു പറ്റിച്ച സന്തോഷത്തോടെ ഞന്‍ പത്രത്തിലേക്ക് മുഖം പൂഴ്ത്തി.
  വൈകുന്നേരം തിരിച്ചെത്തിയിട്ടും അപ്പൂനേം അമ്മൂനേം എന്റെ അടുത്തേക്കൊന്നും കണ്ടില്ല. നോക്കിയപ്പോള്‍ ഇന്നലെ കുഴിച്ചിട്ട മരങ്ങളുടെ അടുത്തായി മണ്ണില്‍ കുത്തിമറിഞ്ഞ് കളിക്കുന്നു. കാര്യം അന്വേഷിച്ചു പോയി കുടുങ്ങണ്ട എന്നു കരുതി ഞാനാ വഴി പോയതും ഇല്ല. കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടും കേറി വന്ന് എന്റെയടുക്കലിരുന്ന് കളി തുടങ്ങി. പതിവിന് വിപരീതമായി വളരെ രമൃതയിലാണ് കാര്യങ്ങള്‍. കുറച്ചു കഴിഞ്ഞപ്പോള്‍ അപ്പു വന്ന് ചോദിച്ചു '' മാളൂനെന്താ കറുത്ത കണ്ണട?? എന്റെ അമ്മൂമ്മക്കൊക്കെ സ്വര്‍ണ്ണ കണ്ണട ആണല്ലോ..''
  ''സ്വര്‍ണ്ണ കണ്ണട വാങ്ങിക്കാന്‍ പൈസ ഇല്ലാഞ്ഞിട്ടാണ് അപ്പൂ''
   '' ഞങ്ങടെ കൈയ്യില്‍ പൈസ ഉണ്ടാവുമ്പോ മാളൂനു നല്ല കണ്ണട വാങ്ങിത്തരാം ട്ടോ'' എന്ന് അപ്പു പറഞ്ഞത് കേട്ടപ്പോ എന്റെ മനസ്സില് ഈ പാവം കുട്ടികളോടുള്ള സ്നേഹം ഇങ്ങനെ നിറഞ്ഞ് നിറഞ്ഞ് വന്നു. ഒന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാന്‍ തോന്നിയെങ്കിലും ഉടുപ്പിലെ മണ്ണും ചെളിയും കണ്ടതോടെ ഞാനത് വേണ്ടാന്ന് വെച്ചു.
   തല്ലുകൂട്ടം ഒന്നും ഇല്ലാതെ ഇന്നത്തെ കളി മുന്നോട്ട് പോകുന്നതിനാലും മേല്‍നോട്ടത്തിന്റെ ആവശ്യം ഇല്ലാത്തതിനാലും ഞാന്‍ മുറ്റത്തേക്കിറങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ അപ്പൂന്റെ വീട്ടില്‍ നിന്നും ഉറക്കെയുറക്കെ സംസാരം കേട്ടു തുടങ്ങി. കാര്യമെന്തെന്നറിയാന്‍ വല്ല്യമ്മയും ഇറങ്ങി വന്നു.
   മേശപ്പുറത്തിരുന്ന അഞ്ഞൂറ് രൂപ കാണുന്നില്ല !!
   കടയില്‍ പോവാന്‍ വേണ്ടി വൈകുന്നേരം മേശപ്പുറത്തെടുത്തു വെച്ച രൂപയാണ് കാണാതായിരിക്കുന്നത്. അകത്തും പുറത്തും നിലത്തും ഒക്കെ പലതവണ തെരഞ്ഞു നോക്കിയിട്ടും കണ്ടു കിട്ടിയിട്ടില്ല. പലവിധ സാദ്ധ്യതകളെക്കുറിച്ചുള്ള ചര്‍ച്ച വിളക്ക് കത്തിക്കാറാവുന്നത് വരെ തുടര്‍ന്നു, പിന്നെ എല്ലാരും പിരിഞ്ഞു.
 
  കുറേക്കൂടി രാത്രിയായതിനു ശേഷമാണ് അപ്പുവിന്റെ കരച്ചില് ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയത്. ''മാളു ചേച്ചി പറഞ്ഞിട്ടാണ് മാളു ചേച്ചി പറഞ്ഞിട്ടാണ്'' എന്ന് കരച്ചിലിന്റെ ഇടയില്‍ക്കൂടി പറയുന്നുമുണ്ട്. കരച്ചിലാണെങ്കില്‍ പിന്നേയും പിന്നേയും ഉച്ചത്തിലാവുകയാണ്. അതോടെ വല്ല്യമ്മ അപ്പൂന്റെ വീട്ടിലേക്ക് ഇറങ്ങിച്ചെന്നു, പിന്നാലെ പിടക്കുന്ന നെഞ്ചുമായി ഞാനും. ഞങ്ങളെ കണ്ടതും അപ്പൂന്റെ അമ്മ പുറത്തേക്കിറങ്ങി വന്നു. '' ആ അഞ്ഞൂറു രൂപ എടുത്തത് വേറേയാരുമല്ല, അപ്പുവാണ്. കുഴിച്ചിട്ടാല്‍ മുളച്ച് മരമാവും എന്ന് മാളു പറഞ്ഞെന്ന്. ''

Saturday, July 21, 2012

''മഴ നനയുന്ന ആത്മാവുകള്‍''


പ്രപഞ്ച നാഥന്റെ ഏകത്വം ഘോഷിക്കുന്ന മന്ത്ര ജപങ്ങള്‍ക്കിടയിലൂടെ
പുറത്തേക്കൂളിയിടുമ്പോള്‍ പിന്നില്‍, വീട്ടി തീരാത്ത കടപ്പാടുകളുടെ
മുറവിളികള്‍ ഉയര്‍ന്നു തുടങ്ങി.
വര്‍ഷങ്ങളായി കൂടുകൂട്ടിയ ദേഹ
ചില്ലയിലേക്ക് കൌതുകത്തോടെ തിരിഞ്ഞു നോക്കി.,
അവസാനകാഴ്ചക്കായി. മന്ത്രിച്ചൂതിയ ചരടില്‍ കാല്‍ വിരലുകള്‍
കൂട്ടിക്കെട്ടുകയാണ്.  അഹത്തിന്റെ ഇട മുറിയാ പ്രയാണത്തിനു താല്‍കാലിക വിരാമം.
മരണമറിഞ്ഞ്  വന്നു കൂടുന്നവരുടെ ഇടയില്‍നിന്നും, വെയില്‍ നിറഞ്ഞ
പറമ്പിലേക്ക് കടന്നപ്പോള്‍  ചരടറുത്ത് പുറത്തേക്ക് കടന്നവന്റെ സ്വാതന്ത്ര്യം.ഇരുട്ട് കടഞ്ഞു ഊറ്റിയെടുത്ത നറും വെയില്‍ പറമ്പ് നിറയെ 'സ്വാഗതം' എന്ന്
പുണരാനൊരുങ്ങി നില്‍ക്കുന്നു, ഒരു ചുടു നിശ്വാസത്തിന്റെ പൈതല്‍ കുറുമ്പ്.
ചുറ്റിലും നിലാവുദിച്ചതു പോലെ തിളങ്ങുന്ന വെയില്. അനുഭവത്തിന്റെ
തൊലിപ്പുറം താണ്ടിയവന്റെ കിനാപ്പൊരുളുകള്‍
പൊടുന്നന്നെ, ഒരു ചാറ്റല്‍ മഴ,  വെയില്‍ മുഖം വാടി ,
നിറുകയില്‍ തീര്‍ത്ഥം തളിച്ചെത്തിയ മഴയില്‍ , അവളടെ ഗന്ധം. അവള് പുറപ്പെട്ടു കഴിഞ്ഞു.
പ്രാര്‍ത്ഥന പൂവണിഞ്ഞ പോല്‍, ഈ മുക്തി-യാത്രയില്‍ എനിക്കവളുടെ കൂട്ട്.
മണ്ണിന്റെ കവിളില്‍ തൊട്ടു കിന്നാരം പറഞ്ഞെത്തിയ മഴ പിന്നീട് ഭാവം
മാറ്റിക്കൊണ്ടേയിരുന്നു. ഒടുവിലൊരു അലമുറ പോലെ ആര്‍ത്തലച്ചു പെയ്യുന്ന
മഴയുടെ കമ്പിളി നൂലുകള്‍ക്കിടയിലൂടേയും അവളടുത്തെത്തുന്നത് ഞാനറിഞ്ഞു.
അലയടങ്ങിയ ആഴക്കടല്‍ പോലെ ശാന്തഭാവം. പ്രാണസഞ്ചാരത്തിന്റെ പാടുകള്‍ പതിയാത്ത
മുഖത്ത് തെളിമ. മുന്‍ കാഴ്ചയിലെന്ന പോലെ ചുണ്ടുകള്‍ പരിഭ്രമിച്ച്
വിറക്കുന്നില്ല, കണ്ണുകള്‍ നാണിച്ച് കൂമ്പുന്നതുമില്ല.ഉള്ളിലാഴത്തില്‍ തെളിയുന്ന പ്രകാശത്തില്‍ തിളങ്ങുന്ന കവിളുകള്‍. വഴി മറന്നിട്ടെന്ന പോലെ നില്‍ക്കുന്ന ഒരു തുള്ളി ഗംഗാജലം ചുണ്ടിന്റെ കോണില്‍ വെമ്പി നില്‍ക്കുന്നുണ്ട്.
മഴത്തണുപ്പിലൂടെ കടന്നു വന്നെത്തിയ കാറ്റില്‍ അവളുടെ മുടിയിഴകള്‍
മുഖത്തേക്കൊന്ന് പാറിവീണിരുന്നെങ്കില്‍ എന്നാഗ്രഹിക്കാതിരിക്കാന്‍
കഴിയുന്നില്ല ഇപ്പോഴും.  ദേഹമൊടുങ്ങിയിട്ടും, ഒടുങ്ങാത്ത അഭിനിവേശ
ചൂട്. യാത്രാവഴിയില്‍ ഏതെങ്കിലും ചെരുവില്‍ പൂര്‍ണമാകാത്ത കാമനകളുടെ ഒരു
ചതുപ്പ് ഇപ്പഴേ പതുങ്ങിയിരിക്കുന്നുണ്ടാവും.
അവളുടെ സാത്വിക വിരലുകളില്‍ തൊട്ടതും, ഉള്ളില്‍ ഒരു മഴ പയ്തു നിറയുകയായി.
പച്ചക്കസവ് കുപ്പിവളകളിട്ടൊരു കൈ ആ മഴ വിരലേന്തി വരുന്നു. മഴ മേയുന്ന
തൊടിയിലൂടെ ആ കൈയ്യും പിടിച്ച്
നടക്കുന്നതെത്രയോ കിനാവുകളില്‍ വന്നു പോയിട്ടുണ്ട്.  ഇപ്പോള്‍
കുപ്പിവളകള്‍ക്കൊപ്പം
കാലത്തിന്റെ ബന്ധനങ്ങളും ഊരിയെറിഞ്ഞ ഒഴിഞ്ഞ കയ്യുമായി കോര്‍ക്കുമ്പോള്‍
ഇണകള്‍ ഒത്തുചേരുന്നതിന്റെ നിറവു.
എല്ല കെട്ടുകളും പൊട്ടിച്ചെറിഞ്ഞെന്ന പോലെ മഴയും ആഞ്ഞുപെയ്യുകയാണ്. ഒരു
നെഞ്ചിടിപ്പിന്റെ താളത്തില്‍ മാത്രമറിഞ്ഞിരുന്ന മഴയിലൂടെ വര്‍ഷങ്ങളായി
അടക്കിപ്പിടിച്ച വിതുമ്പലുകളും ഒതുക്കി വെച്ച സന്തോഷങ്ങളും ഒഴുകിയൊലിച്ചു
പോകുന്നത് നോക്കിയിരുന്നു.  വീണ്ടും വീണ്ടും കഴുകി
വൃത്തിയാക്കപ്പെടുന്ന പാത്രം പോലെ ആത്മശുദ്ധീകരണം.
ഒരുമിച്ച് ചേര്‍ന്നുള്ള യാത്രകള്‍ ഒരുപാട് മോഹിച്ചിരുന്നതായിരുന്നു.
തനിച്ച് നടന്ന് മനസ്സ് പൊള്ളിയ ഇടങ്ങളിലെല്ലാം അവളോടൊപ്പമൊരു മടക്കയാത്ര.
പക്ഷേ പെയ്തൊഴിഞ്ഞ മഴയില്‍ മനസ്സ് ശൂന്യമാക്കപ്പെട്ടിരിക്കുന്നു.
ചുണ്ടുകളില്‍ മൗനം മുദ്ര വെച്ചു കഴിഞ്ഞു. വാക്കുകള്‍ക്കിടയില്ലാത വിധം ഇഴയടുപ്പം മനസ്സുകള്‍ക്ക്.
. മഴയൊഴിഞ്ഞ മാനത്ത് മരങ്ങള്‍ക്കും മുകളിലായി
ആകാശത്തേക്കു തുറക്കുന്നൊരു
കിളിവാതില്‍ തെളിയുകയായി. ഇനി, കൈകള്‍ക് പകരം പുതുതായി കിളിര്‍ത്ത
സ്വര്‍ഗ്ഗ ചിറകുകളില്‍ പറന്നുയരാം, ജന്മബന്ധങ്ങളില്‍ നിന്നും.

Tuesday, May 15, 2012

ദേശാടനക്കിളി കരയാറില്ല…

കാറില്‍ നിന്നിറങ്ങി നോക്കിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് കൂറ്റന്‍
മതില്‍ക്കെട്ടിനുള്ളിലെ പൂന്തോട്ടമായിരുന്നു. വരിവരിയായി
അച്ചടക്കത്തോടെ വിടര്‍ന്നു നില്‍ക്കുന്ന പൂവുകള്‍ . ഒരു അരികിലേക്ക്
മാറി ഒതുങ്ങി നില്‍ക്കുന്ന വെള്ള റോസാപ്പൂക്കളെ കണ്ടപ്പോള്‍ അമ്മയുടെ
വിളറിയ കവിളുകളെ ഓര്‍മ്മ വന്നു.
 പാവം അമ്മ… ഇപ്പോ എവിടെയാണോ ആവോ ?? ശ്രീക്കുട്ടിയെ ഹോസ്റ്റലില്‍
കൊണ്ടുവിടുന്ന കാര്യമൊക്കെ അറിഞ്ഞിട്ടുണ്ടാവോ അമ്മ.?? മുത്തശ്ശി
പറഞ്ഞത് മരിച്ചു പോയവരെല്ലാം അറിയുന്നുണ്ടെന്നാണ്..
 അമ്മ മരിച്ചിട്ടിപ്പോ പതിനാറ് ദിവസമായി..
കാണുന്നുണ്ടാവും അമ്മ,
ശ്രീക്കുട്ടിയും അമ്മാവനും കൂടി ഈ കോണ്‍ വെന്റിന്റെ മുന്നില്‍ വന്നു
നില്‍ക്കുന്നത്.. ഇപ്പോ ശ്രീക്കുട്ടിയെ കണ്ടാലും അമ്മയ്ക്ക്
പറയാനുണ്ടാവും, ആ പൊട്ട് തൊട്ടത് ശരിയായില്ല, ഇത്തിരി ചെരിഞ്ഞു പോയി,
കണ്ണിലെ മഷിയാകെ പരന്നിട്ടുണ്ട്…..
 ആലോചിച്ചു  നില്‍ക്കുന്നതിനിടയില്‍ അമ്മാവന്റെ കനത്ത ശബ്ദത്തിലുള്ള
വിളി കേട്ടു..”ശ്രീദേവീ..” തോട്ടത്തിലേക്കുള്ള നോട്ടം പിന്‍ വലിച്ച്
ഓടിച്ചെന്നു.. തണുപ്പും ഇരുട്ടും ഇടകലര്‍ന്ന കാത്തിരിപ്പുമുറിയിലെ
ഇരുപ്പ് രസമായിരുന്നു. പുറത്തെ വെയിലിനു നല്ല തിളക്കം. ഇടയ്ക്കിടെ ഓരോ
കുട്ടികള് നടന്നു പോവുന്നത് കാണാനുണ്ട്. ചിലരുടെ കൈയ്യിലൊരു സ്റ്റീല്‍
ഗ്ലാസ്സ്, ചിലരുടെ കൈയ്യിലൊരു പുസ്തകം. പുറത്തു കിടക്കുന്ന കാറിലേക്കും,
തണുത്ത ഇരുട്ടിലിരിക്കുന്ന അപരിചിതരിലേക്കും  എത്തിച്ചു നോക്കുന്നുണ്ട്
ചിലരൊക്കെ.ഇനി ഇവിടെയാണ് ശ്രീക്കുട്ടിയും താമസിക്കാന്‍ പോകുന്നത്.
”നല്ല ഗംഭീരന്‍ സ്കൂളാണ്, ഇവിടെ താമസിച്ച് പഠിച്ചാല്‍ ശ്രീക്കുട്ടിയും
നല്ല മിടുക്കത്തിയാവുമെന്നാണ് ഇറങ്ങാന്‍ നേരത്ത് അമ്മായി പറഞ്ഞത്.
 സ്കൂളില്‍ ചേരലൊക്കെ വന്ന ഉടനെ കഴിഞ്ഞു. ഇനിയിപ്പോ ബോര്‍ഡിങ്ങിലെ
മദറിനെ കാണാനാണ് ഈ കാത്തിരിപ്പ്. അകത്തുണ്ടായിരുന്ന സന്ദര്‍ശകര്‍
പുറത്തുകടന്നതും അമ്മാവന്‍ എഴുന്നേറ്റ് റെഡിയായി. അമ്മാവന് തിരിച്ചു
ചെന്നിട്ട് ഒരുപാട് തിരക്കുകളുള്ളതാണ്.  അമ്മാവനു പുറകെ ശ്രീക്കുട്ടിയും
മുറിയിലേക്കു കയറി. മദറിനെ കണ്ടതും ശ്രീക്കുട്ടിയ്ക്കു ചിരിയാണു വന്നത്.
എന്തൊരു ചെറിയ മദറാണിത്.. കസേരയില്‍ ഇരുന്നാല്‍ പുറത്തേക്ക് കാണാനേ
ഇല്ല. പക്ഷേ മുഖത്ത് ഭയങ്കര ഗൗരവമാണ്. കണ്ണടയൂരി, ശ്രീക്കുട്ടിയെ ഒന്ന്
അടിമുടി നോക്കിയപ്പോള്‍ ശ്രീക്കുട്ടിയുടെ ചിരിയൊക്കെ മാഞ്ഞു പോയി.
മദറിന്റെ  മുഖത്തുനിന്നും വേഗം നോട്ടം  മാറ്റി, ചുമരില്‍
തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങളിലേക്കായി ശ്രദ്ധ.  മുള്‍ക്കിരീടമണിഞ്ഞ്
ക്ഷീണിതനായ യേശുക്രിസ്തുവിന്റെ പടത്തിലേയ്ക്ക് നോക്കി നിന്നപ്പോള്‍
ശ്രീക്കുട്ടിക്കും സങ്കടം വന്നു തുടങ്ങി. അമ്മയുടെ മുഖത്തും ഇതു പോലെ
ക്ഷീണവും വേദനയുമായിരുന്നു. മുറിയിലെ മറ്റു കാഴ്ചകള്‍
കണ്ടുതുടങ്ങുന്നതിനു മുമ്പേ, അമ്മാവന്‍ മദറിനോടുള്ള സംസാരം
അവസാനിപ്പിച്ച് പോവാനുള്ള ഒരുക്കമായി.
 അമ്മാവനു പിന്നാലെ കാറിനടുത്തേക്ക് നടക്കുമ്പോഴും കണ്ണുകളില്‍ നേരിയ
നനവ്  ബാക്കി നിന്നിരുന്നു. നാരായണേട്ടന്‍ ശ്രീക്കുട്ടിയുടെ ബാഗ്
ഒക്കെയെടുത്ത് വരാന്തയിലേക്ക് ഇറക്കി വെച്ച് യാത്രക്കൊരുങ്ങി
നില്‍പ്പുണ്ടായിരുന്നു.
 കാറില്‍ കയറുന്നതിനു മുന്നേ അമ്മാവന്‍ ഒന്നു കൂടി തിരിഞ്ഞു നിന്നു. ”
ഓണത്തിനു വരാം” . മറുപടിയായി തലയാട്ടി, ശ്രീക്കുട്ടി രണ്ടടി പിന്നാക്കം
വെച്ചു. കാര്‍ ഗേറ്റ് കടന്നു പോയതും, വരാന്തയിലെ ബാഗിനടുത്തേക്ക്
നടന്നു. നേരത്തെ കണ്ട കുട്ടികളെയൊന്നും കാണാനില്ല ഇപ്പോ. എവിടേയ്ക്ക്
പോകണമെന്നറിയാതെ ബാഗിനടുത്ത് പകച്ചു നില്‍ക്കുമ്പോള്‍ പിന്നേയും വെറുതെ
അമ്മയെ ഓര്‍മ്മ വന്നു.. .
 അല്‍പ്പസമയത്തിനു ശേഷമാണ് അകത്തു നിന്നും  മറിയ ചേട്ടത്തിശ്രീക്കുട്ടിയുടെ അടുത്തേയ്ക്ക് വന്നത്. ബാഗുമെടുത്ത് നടത്തം തുടങ്ങിയ ചേട്ടത്തിയുടെ പിന്നാലെ ശ്രീക്കുട്ടിയും പുതിയ താമസസ്ഥലത്തേയ്ക്ക് പ്രവേശിച്ചു. വിശറി പോലെ
ഞൊറിഞ്ഞുടുത്ത മുണ്ട്, മറിയചേട്ടത്തിയുടെ നടത്തത്തിന് താളം പിടിച്ചു.
നീളന്‍ ഇടനാഴിയില്‍ ചേട്ടത്തിയുടെ വിശറിവാലിന് പിന്നാലെ
നടക്കുന്നതിനിടയില്‍ പൊക്കം കൂടിയ ഒരു കുട്ടി ഓടിവന്നു തോളില്‍
പിടിച്ചു നിര്‍ത്തി.. ” കുട്ടി എന്റെ മുറിയില്‍ ആണ് ട്ടോ ”. നീളന്‍
മുഖത്തെ വിടര്‍ന്ന കണ്ണുകള്‍ കണ്ട് തീരുന്നതിനു മുമ്പേ , രണ്ടു ഭാഗത്തും
മെടഞ്ഞിട്ട തലമുടിയുമാട്ടി ആ ചേച്ചി എതോ തൂണിന്റെ മറവിലേക്ക്
അപ്രത്യക്ഷയായി.
 ”അതാണ് ആശ. കെ. പി.  അതിന്റെ മുറിയിലാണ് കുട്ടിയും. ബാലുശ്ശേരിയിലെ
കുമാരന്‍ ഡോക്ടറിന്റെ മോളാണ്..” നേരിയ കിതപ്പോടെ മറിയചേട്ടത്തി
പരിചയപ്പെടുത്തി. വരാന്തയിലെ ഏറ്റവും അവസാനത്തെ മുറിയുടെ മുന്നിലാണ്
മറിയചേട്ടത്തിയുടെ നടത്തം അവസാനിച്ചത്.
 വാതിലിന് ഇരുവശവുമായി രണ്ട് കട്ടിലുകള്‍. കട്ടിലിന്റേയും ചുവരിന്റേയും
ഇടയിലായി ഒരു മേശയും കസേരയും. രണ്ടു വശത്തുമുള്ള  ചുവരുകളില്‍ അലമാരിയും.
കൃത്യമായി വിഭജിക്കപ്പെട്ട ഒരു മുറി.  അവസാനത്തെ മുറിയായതിനാലാവും
ജനലുകള്‍ രണ്ടെണ്ണമുണ്ട്. വെളുത്ത വിരിയിട്ട  ജാലകങ്ങള്‍ അടച്ചു
ഭദ്രമാക്കിയിരിക്കുന്നു.
 ജനല്‍ തുറക്കുന്നത് , കൈകള്‍ വിടര്‍ത്തി നില്‍ക്കുന്ന കരുണാമയിയായ
കന്യാമറിയത്തിന്റെ മുന്നിലേക്കാണ്.
 ക്ഷീണിതനായ യേശു മുറിക്കകത്തും കാരുണ്യവതിയായ അമ്മ പുറത്തും.
 തണുപ്പുള്ള കൈ വിരലുകള്‍ നീട്ടി കാറ്റ്, പുറത്തെ കാഴ്ചകളിലേക്ക് ക്ഷണിച്ചു.
 ഇവിടം മുഴുവന്‍ ഒന്നു നടന്നു കാണണമെന്നുണ്ടായിരുന്നു ശ്രീക്കുട്ടിക്ക്.
പക്ഷേ പരിചയമില്ലാത്ത അന്തരീക്ഷവും,  കൂട്ടത്തില്‍ യാത്രാക്ഷീണവും ആകെ
തളര്‍ത്തിയിരുന്നു. വിരിച്ചിട്ട കട്ടിലിന്റെ ക്ഷണം കൂടിയായപ്പോള്‍
കണ്ണുകളടയുകയായി. ബാലുശ്ശേരിയിലെ കുമാരന്‍ ഡോക്ടറുടെ മകളായ ആശചേച്ചി
മുറിയില്‍ എത്തിയതും, വിളക്കുകള്‍ തെളിയിച്ചതും , ഊണു കഴിക്കാന്‍
പോവാന്‍  കുലുക്കി വിളിച്ചതും ഒന്നുമറിയാതെ സുഖമായ ഉറക്കം.
 ഉറക്കത്തില്‍ ഇരുട്ടുന്നതു വരെ  കന്യാമറിയത്തിന്റെ വിരല്‍ തുമ്പില്‍
പിടിച്ച്, ഹോസ്റ്റല്‍ മുഴുവന്‍ ചുറ്റി നടന്നു കാണുകയായിരുന്നു
ശ്രീക്കുട്ടി. പിന്നെ എപ്പോഴോ അമ്മയായി കൂട്ടിന്. ഇരുട്ടാവണതു വരെ
പടിഞ്ഞാറേ മുറ്റത്തിരുന്ന് കല്ല് കളിക്കലായിരുന്നു. മുത്തശ്ശിയുടെ ശബ്ദം
പൊങ്ങാന്‍ തുടങ്ങിയപ്പോള്‍ കൈയ്യും കാലും മുഖവും കഴുകി ഓടി വന്നിരുന്ന്
ഭസ്മം തൊട്ട് നാമം ജപിക്കലും. പതിവു പോലെ നാമം ചൊല്ലി തീരുന്നതിനു
മുന്നേ അമ്മയുടെ മടിയിലേക്ക് കിടന്നുറങ്ങലും.
 എത്ര നേരം ഉറങ്ങിയോ ആവോ, അമ്മയുടെ ചിത കത്തുന്നതിന്റെ വെളിച്ചം
മുഖത്തടിച്ചപ്പോഴാണ് ശ്രീക്കുട്ടി ഉണര്‍ന്നത്.
 കണ്ണ് തുറന്നു നോക്കിയപ്പോ ചിതയുമില്ല ആള്‍ക്കാരുമില്ല, .. ചെറിയ ഒരു
ടോര്‍ച്ച് മുഖത്തേക്കടിച്ച് കട്ടിലിന്റെ അടുത്ത്
മുട്ടുകുത്തിയിരിക്കുന്നത് ആശചേച്ചിയാണ്.  ചേച്ചിയുടെ വലിയ കണ്ണുകള്‍
ഇരുട്ടിലും തിളങ്ങുന്നുണ്ട്.  ഇപ്പോ മുടി രണ്ടു ഭാഗത്തും
മേടഞ്ഞിട്ടിട്ടില്ല. നിറുകയില്‍ കെട്ടി വെച്ചിരിക്കുകയാണ്.
 ശബ്ദമുണ്ടാക്കരുതെന്ന് ചുണ്ടില്‍ വിരല്‍ വെച്ച് ആംഗ്യം കാണിച്ച്
ചെവിയുടെ അടുത്തേക്ക് കുനിഞ്ഞ് സ്വകാര്യം പറഞ്ഞു..” വിശക്കുന്നില്ലേ..??
വിളിച്ചിട്ടുണരാതെ ആയപ്പോ ഞാനിത്തിരി ചോറെടുത്ത് വെച്ചിട്ടുണ്ട്.
ഇനിയും വൈകിയാല്‍ അതൊക്കെ ചീത്തയാവും.”
 പത്തു മണിക്കു ശേഷം മുറിയില്‍ ലൈറ്റിടരുതെന്നാണ് ഇവിടുത്തെ നിയമം.
 പാതിമയക്കത്തില്‍ ടോര്‍ച്ചിന്റെ ചെറിയ വെളിച്ചത്തില്‍ കൈ കഴുകാന്‍
നടക്കുമ്പോള്‍ ചേച്ചിയുടെ യാര്‍ഡ്ലി പൗഡറിന്റെ മണം കൈ പിടിക്കാനെത്തി.
ആശചേച്ചിയുടെ ടേബിള്‍ലാമ്പ് എടുത്ത് താഴെ വെച്ച്, അതിന്റെ ഒരു പപ്പട
വട്ടം വെളിച്ചത്തിലായിരുന്നു ഊണ്.  പകുതിയായപ്പോഴേക്കും ശ്രീക്കുട്ടി
ഉറക്കം തൂങ്ങി തുടങ്ങി. അല്ലെങ്കിലും ഇതാണ് പതിവ്.
വീട്ടിലായിരുന്നപ്പോഴും  രാത്രിയൂണ് പകുതിയുറക്കത്തിലാണ് . ചോറില്‍
കൈയ്യിട്ട് ഉറക്കം തൂങ്ങുന്നത് കാണുമ്പോള്‍ അമ്മ
വാരിക്കൊടുക്കാനെത്തും..
 ഊണ് കഴിഞ്ഞു കിടന്നതും ശ്രീക്കുട്ടി പിന്നേയും ഉറക്കമായി. പക്ഷേ
അമ്മയല്ല ഇത്തവണ കൂട്ടിനെത്തിയത് , ദുഃസ്വപ്നങ്ങളാണ്. അലറിക്കുരച്ച്
പിന്നാലെ പാഞ്ഞെത്തുന്ന ഒരു കൂട്ടം നായ്ക്കള്‍. ഞെട്ടിയുണരുമ്പോള്‍
കിലോമീറ്ററുകളോളം ഓടിയാലെന്ന പോലെ കിതപ്പും വിയര്‍പ്പും. ആശചേച്ചിയുടെ
കൈകള്‍ക്കുള്ളില്‍ ചേര്‍ന്നു നില്‍ക്കുമ്പോഴും നെഞ്ചിനുള്ളിലെ വെപ്രാളം
ശമിക്കുന്നില്ല. ചേച്ചി അടുത്തു കിടത്തി തോളില്‍ തട്ടി
ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും ശ്രീക്കുട്ടിയ്ക്ക്  പിന്നെ ഉറക്കം
വന്നതേയില്ല. കണ്ണടയ്ക്കുമ്പോഴേക്കും നായ്ക്കളുടെ മുരളലും കിതപ്പും
ചെവിയിലെത്തുകയായി. പിന്നീടെപ്പോഴോ താഴേയ്ക്കൂര്‍ന്നിറങ്ങി
ആശചേച്ചിയുടെ വയറ്റില്‍ മുഖം ചേര്‍ത്തു വെച്ചായി കിടപ്പ്. വല്ലാതെ പേടി
തോന്നുമ്പോഴൊക്കെ ഇതായിരുന്നു പതിവ്.  അമ്മയുടെ വയറ്റില്‍ മുഖം
ചേര്‍ത്തു വെച്ചു കിടന്നാല്‍ ഉറക്കം വേഗം വരും .
 രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ അടുത്തുള്ള  കസേരയിലിരുന്ന് ആശചേച്ചി
പഠിക്കുകയാണ്. അതിനിടയിലും ശ്രീക്കുട്ടിയെ നോക്കി ഒരു നല്ല ചിരി
ചിരിക്കാന്‍ മറന്നില്ല. പിന്നീടും  ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും
ക്ലാസ്സിലേയ്ക്കു പോവുമ്പോഴും ഒക്കെ ആശ ചേച്ചി തന്നെയായിരുന്നു
ശ്രീക്കുട്ടിക്ക് ആശ്രയം.  രാത്രിയായാല്‍, എല്ല മുറികളിലും കയറിയിറങ്ങി
മദറിന്റെ ഇന്‍സ്പെക്ഷന്‍ കഴിഞ്ഞാലുടനെ ശ്രീക്കുട്ടി കട്ടിലില്‍ നിന്ന്
ഊര്‍ന്നിറങ്ങി ആശചേച്ചിയുടെ കട്ടിലിനരികിലെത്തും. ചേച്ചിയും ഉറങ്ങാതെ
കാത്തിരിക്കുന്നുണ്ടാവും. പിന്നെ വയറ്റില്‍ മുഖമമര്‍ത്തി വെച്ച് സുഖമായ
ഉറക്കം.
 ദിവസങ്ങള്‍ പതുക്കെ നീങ്ങിത്തുടങ്ങിയപ്പോള്‍ ഹോസ്റ്റലും സ്കൂളും
ശ്രീക്കുട്ടിയേയും കൂട്ടത്തില്‍ കൂട്ടിത്തുടങ്ങി. ഒരു കുടന്ന
നീലപ്പൂക്കളുമായി നില്‍ക്കുന്ന ഹൈഡ്രാഞ്ചിയയും, പച്ചപരവതാനിയില്‍ പവിഴം
വിതറിയതു പോലെയുള്ള ചൈനാറോസും ഇപ്പോള്‍ ശ്രീക്കുട്ടിയെ
അത്ഭുതപ്പെടുത്താറില്ല. മറിയച്ചേടത്തിയുടെ വിശറിവാലും ഉതുപ്പേട്ടന്റെ
വെന്തിങ്ങയും ഒരു കാഴ്ചയല്ലാതായിക്കഴിഞ്ഞിട്ട് ദിവസങ്ങളായി.
 റിംഗ് കളിക്കാനും തൂപ്പ് വെച്ചു കളിക്കാനും, കുറുക്കനും കോഴിയും
കളിക്കാനും ഇപ്പോ എല്ലാവരും ശ്രീക്കുട്ടിയെക്കൂടി കാത്തു
നില്‍ക്കാറുണ്ട്. ഏഴാം ക്ലാസ് വരെയുള്ളവര്‍ക്ക്, വൈകുന്നേരം
ബോര്‍ഡിംഗിന്റെ പിന്നിലുള്ള ഗ്രൗണ്ടില്‍ കളിക്കാന്‍ അനുവാദമുണ്ട്.
ബീച്ചിനടുത്തുള്ള ലൈറ്റ് ഹൗസില്‍ നിന്നും ആറു മണിയുടെ സൈറണ്‍
മുഴങ്ങുമ്പോള്‍ , കളി പകുതിയിലിട്ട് ഓട്ടം തുടങ്ങും എല്ലാവരും.
ഗേറ്റിനടുത്തു തന്നെ നില്‍ക്കുന്നുണ്ടാവും മദര്‍. കിതപ്പടക്കി ഒച്ചയടക്കി
വരിവരിയായി മര്യാദക്കാരായി വരാന്തയിലേക്ക് കേറും.
 അങ്ങേയറ്റത്തായി ആശചേച്ചി കാത്തു നില്ല്ക്കുന്നുണ്ടാവും. കുളി കഴിഞ്ഞ്
നീളന്‍ മുടി അഴിച്ചിട്ട്, കൈയ്യിലൊരു പുസ്തകവുമായി… . കൈയ്യിലും
കാലിലും തലയിലും വരെ മണ്ണുമായി കേറി വരുന്ന ശ്രീക്കുട്ടിയെ
കെട്ടിപ്പിടിക്കാന്‍ ഒരു മടിയുമില്ല ആശചേച്ചിക്ക്. പിന്നെ കുളിയും
പഠിത്തവും ഭക്ഷണം കഴിക്കലുമെല്ലാം ആശചേച്ചിയുടെ മേല്‍നോട്ടത്തിലാണ്.
പത്താം ക്ലാസ്സായിരുന്നിട്ടും പഠിക്കാനേറെ ഉണ്ടായിരുന്നിട്ടും
ചേച്ചിക്കൊരു പരാതിയും ഉണ്ടായിരുന്നില്ല ഒന്നിലും. ശ്രീക്കുട്ടിക്കും
ആശചേച്ചി വേണം എന്തിനും.  അമ്മയെ ഇപ്പോള്‍ അധികം ഓര്‍മ്മ
വരാറൊന്നുമില്ല ശ്രീക്കുട്ടിക്ക്. അമ്മവനേയും അമ്മയിയേയും ഒക്കെ മറന്നതു
പോലെയായി. ആശചേച്ചിയെ കിട്ടിയിട്ടുണ്ടല്ലോ കൂട്ടിന്.
 ശ്രീക്കുട്ടി മറ്റുകുട്ടികളോട് അധികം മിണ്ടണതൊന്നും ആശചേച്ചിയ്ക്ക്
വല്യ താല്‍പര്യമുള്ള കാര്യമല്ല. ചേച്ചിയ്ക്കും കൂട്ടുകാരികളോടുള്ള
അടുപ്പമൊക്കെ കുറഞ്ഞു തുടങ്ങി. ശ്രീക്കുട്ടിയുടെ കൂടെ മുറിയും
അടച്ചിട്ടിരിക്കുന്നതാണ് ചേച്ചിക്ക് ഏറെയിഷ്ടം.  ഈ ഇഷ്ടക്കൂടുതല്‍ കാരണം
ആശചേച്ചിക്ക്  ഒരുപാട് വഴക്കും കിട്ടാറുണ്ട്. മദര്‍ പോലും വിളിച്ച്
ചീത്ത പറഞ്ഞിട്ടുണ്ട്. എന്നാലും ആശചേച്ചിക്ക് ഒരു കൂസലുമില്ല.
ശ്രീക്കുട്ടിക്ക് സങ്കടം വരുന്ന ഒരു കാര്യമുണ്ടെങ്കില്‍ ആശചേച്ചി
ഇടപെട്ടിരിക്കും എന്നതുറപ്പാണ്.  പൂച്ചയെ തിന്നിട്ടാണ് ശ്രീക്കുട്ടിയുടെ
പൂച്ചക്കണ്ണായി പോയതെന്നു പറഞ്ഞ് എല്ലാവരുടേയും മുന്നില്‍ വെച്ചു
കളിയാക്കി കരയിച്ച റിഷാനയയേയും, കളിക്കുമ്പോള്‍ സ്റ്റെപ്പ്
തെറ്റിച്ചതിന് ശ്രീക്കുട്ടിയുടെ കാലില്‍ ചൂരല്‍പ്പാട് വരുത്തിയ ഡാന്‍സ്
ടീച്ചറേയും ആശചേച്ചി വിരട്ടി വിട്ട കഥ ഹോസ്റ്റലില്‍ പാട്ടാണ്.
 
 കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് ഒരു രാത്രിയിലാണ്. പതിവ് പരിശോധന
കഴിഞ്ഞ് മദര്‍ മടങ്ങിപ്പോയതും ശ്രീക്കുട്ടി ആശചേച്ചിയുടെ കട്ടിലിലെത്തി
ഉറക്കം തുടങ്ങി. പിന്നീടൊരു ബഹളം കേട്ടാണുര്‍ന്നത്. നോക്കുമ്പോള്‍
മറിയ ചേടത്തി, മദര്‍, നിര്‍മ്മല സിസ്റ്റര്‍  എല്ലാരുമുണ്ട് മുറിയില്‍.
ആശചേച്ചിയും ശ്രീക്കുട്ടിയും ഒരു കട്ടിലില്‍ ഉറങ്ങുന്നത്
കണ്ടുപിടിക്കാനെത്തിയതാണ് എല്ലാവരും. ദ്വേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു
മദര്‍. ആശചേച്ചി കരയുമെന്നായിരുന്നു ശ്രീക്കുട്ടിയുടെ പേടി. പക്ഷേ
ആശചേച്ചിക്കൊരു കൂസലുമില്ല. പാമ്പ് ചീറ്റനതു പോലെ അടക്കിയ ശബ്ദത്തില്‍
മദര്‍ ചേച്ചിയോട് എന്തൊക്കെയോ പറയുന്നുണ്ട്, മദര്‍  എതോ അന്യഭാഷ
സംസാരിക്കുന്നതു പോലെയാണ് ശ്രിക്കുട്ടിയ്ക്ക് തോന്നിയത്, ഒന്നും
മനസ്സിലാവുന്നതേയില്ല. കുറേ നേരം ഉറഞ്ഞു തുള്ളിയതിനു ശേഷം മദര്‍ മുറി
വിട്ടിറങ്ങി. ഒരു കോട്ടുവായോടെ പിന്നാലെ മറിയചേടത്തിയും. സിസ്റ്റര്‍
നിര്‍മ്മല  മാത്രം പാതിയുറക്കത്തില്‍ പകച്ചു നില്‍ക്കുന്ന
ശ്രീക്കുട്ടിയുടെ തലയില്‍ ഒന്നു തലോടിയ ശേഷമാണ് മുറിയില്‍ നിന്നും
പോയത്.
 അവര്‍ പോയതും ബഹളം കേട്ടുണര്‍ന്ന  അടുത്ത മുറികളിലെ കുട്ടികള്‍
വന്നെത്തിച്ചു നോക്കാന്‍ തുടങ്ങി. ശ്രീക്കുട്ടിയ്ക്ക് കുറേശ്ശെ കരച്ചില്
വരുന്നുണ്ടായിരുന്നു. ആശചേച്ചിക്കു മാത്രം ഒരു കുലുക്കവുമില്ല.
ശ്രീക്കുട്ടിയെ പിടിച്ച് മടിയില്‍ കിടത്തി, ചേച്ചി പഠിക്കാനുള്ള ഒരു
പുസ്തകമെടുത്ത് വായന തുടങ്ങി.
 വാതില്‍ക്കലെ കാഴ്ചക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങിയപ്പോള്‍ വായന
നിര്‍ത്തി ലൈറ്റണച്ച് ചേച്ചി അടുത്ത് വന്നു കിടന്നു, ശ്രീക്കുട്ടിയെ
ചേര്‍ത്ത് പിടിച്ച് പതുക്കെ പറഞ്ഞു തുടങ്ങി. ”നേരം വെളുക്കുമ്പോള്‍
ചേച്ചിയെ ഇവിടുന്ന് പറഞ്ഞയക്കും മദറ്. ആശചേച്ചിയെ മറക്കോ എന്റെ
മോള്??”  മറുപടിയായി ശ്രീക്കുട്ടിയ്ക്ക് കരച്ചിലാണ് വന്നത്, ഒന്നും
മിണ്ടാതെ ഏങ്ങലടിക്കാന്‍ തുടങ്ങി. ആശചേച്ചിയുടെ കണ്ണുകളും നിറഞ്ഞു വന്നു.
 രാവിലെ വാച്ച്മാന്‍ ഗേറ്റ് തുറക്കുന്നതിനുമുന്നേ തന്നെ കുമാരന്‍
ഡോക്ടറുടെ നീളന്‍ കാര്‍ ഗേറ്റിലെത്തിയിരുന്നു. പോര്‍ട്ടിക്കൊയിലെക്ക്
ഒഴുകിയെത്തിയ കാറില്‍ നിന്നും ആശചേച്ചിയുടെ അച് ഛന്‍ പുറത്തിറങ്ങി.
ചേച്ചിയെ പോലെ തന്നെ നല്ല പൊക്കത്തില്‍ വെളുത്ത് , മെലിഞ്ഞ് ….
  മദറിന്റെ മുറിയിലേക്ക്  കയറുന്നതിനു മുമ്പ് നീണ്ട വരാന്തയിലേക്ക്
കണ്ണോടിച്ച ഡോക്ടര്‍ക്ക് കാണാന്‍ പാകത്തില്‍ ആശചേച്ചി മുറിക്ക്
പുറത്തിറങ്ങി നിന്നിരുന്നു.
 അല്‍പസമയത്തിനു ശേഷം ആശചേച്ചിയെ മദറിന്റെ മുറിയിലേക്ക് വിളിക്കാന്‍
ആളെത്തി . അപ്പൊഴേക്കും കുമാരന്‍ ഡോക്ടര്‍ മദറുമായുള്ള സംസാരം
അവസാനിപ്പിച്ചിരുന്നു.
 മദറിന്റെ മുഖം ഇപ്പോഴും ചെമ്പരത്തി പൂ പോലെ ചുവന്നു തന്നെയിരിപ്പാണ്.
ചേച്ചിയെ കണ്ടതും ആശചേച്ചിയുടെ അച് ഛന്‍ തോളില്‍ കൈ വെച്ചു പറഞ്ഞു ”
ബാഗെടുക്കൂ … നമുക്ക് പോവാം മോളേ..”
 ആശചേച്ചി കയറിയ നീലക്കാറ് ഗേറ്റ് കടന്നു പോയതോടെ  ശ്രീക്കുട്ടി
മുറിയിലേക്ക് തിരിച്ചു നടന്നു.
 ഇളം നീല വിരിയിട്ട കട്ടിലില്‍ മലര്‍ന്നു കിടക്കുമ്പോഴും
ശ്രീക്കുട്ടിയ്ക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല . എതോ പുതിയ
ലോകത്തില്‍ എത്തിയ പോലെ. മനസ്സിലാവാത്ത കാര്യങ്ങളുടെ കൂട്ടത്തിലൊരു
മനസ്സിലാവാത്ത വാക്കും ശ്രീക്കുട്ടിയുടെ മനസ്സില്‍ കിടന്നു നിലവിളിച്ചു
”ലെസ്ബിയന്‍”.

Sunday, February 19, 2012

തിളക്കം..

ചത്തു കഴിഞ്ഞതാണ്
ചമയലേ ബാക്കിയുള്ളൂ..

തുറിച്ച കണ്ണുകള്‍ തിരുമ്മിയടച്ചതാണ്
മഷിയെഴുതിക്കറുപ്പിച്ച കണ്ണിലെ
അവസാന കനവിനേയും ഇറക്കിവിട്ടതാണ്..

ഇന്ന് കണ്ണടയൂരാതെ കുളിക്കാം...

ഒരുക്കിയിറക്കണം.. വേഗമാവട്ടെ.. ധൃതിയുണ്ട്..

ആദ്യം പൊട്ടു കുത്താം
സിന്ദൂരമായിക്കോട്ടെ... വട്ടത്തിലായിക്കോട്ടെ
പശയുള്ളത് വേണ്ട, പാട് വീഴും..
ചന്ദനക്കുറി വേണോ...??
ഭസ്മമായിക്കോട്ടെ, ചുടലയിലേക്കല്ലേ..??

കണ്ണെഴുത്ത് വേണ്ട ഇന്ന്
കണ്ണീര്‍ച്ചാല് തെളിഞ്ഞു കാണും..

മൂക്കില്‍ പഞ്ഞി വെക്കാന്‍ മറക്കരുത്
മണം പിടിച്ച് പിന്നാലെ വന്നാലോ..??

ചത്തു മലച്ച ചുണ്ടുകളും നിര തെറ്റിച്ച
പല്ലുകളും പ്രതിഷേധിക്കാതിരിക്കില്ല
പുതിയ കോറത്തുണി കീറി താടി
കൂട്ടിക്കെട്ടി അടക്കം പഠിപ്പിക്കണം.

നാവ് ചീറ്റുന്ന വിഷം പുറത്തേ
ക്കൊഴുകാതെ നോക്കണം.
കവിളിലെ ഒറ്റ നുണക്കുഴി
അടച്ചു വെക്കണം
ഇനിയെങ്കിലും നിര്‍ത്തട്ടെ
ഈ നുണ പറച്ചില്...

ചോരയൊലിക്കുന്ന ചെവിയിലും
തിരുകാം വലിയ ഒരുണ്ട പഞ്ഞി
കേള്‍ വി ശക്തി കൂടുതലാണ്
പറയാത്തതും അറിയുമത്രേ...
തിളങ്ങുന്ന കമ്മലുകള്‍
ഊരിയെടുക്കാന്‍ മറക്കരുത്
മതി.. ഏറെ തിളങ്ങിയതല്ലേ...

കൈയ്യിലണിഞ്ഞ കറുത്ത ചരടില്‍
കോര്‍ത്ത രക്ഷ അറുത്തു കളയണം
കാണട്ടെ, ഇനി ഇവള്‍ക്കെന്തു രക്ഷ..!!!

ഞരമ്പുകള്‍ പൊന്തിയ കൈകളിലെ തടിച്ചുരുണ്ട
വിരലുകള്‍ ഉടന്‍ കൂട്ടിക്കെട്ടണം.
വല നെയ്യുന്ന വിരലുകളാണ്, വേഗതയും കൂടുതലാണ്
വീണുപോവാതെ വല്ല അടയാള മോതിരവും
ഇറുക്കിപ്പിടിച്ചിട്ടുണ്ടോ എന്നു കൂടി നോക്കിക്കോളൂ..
ഒഴിഞ്ഞ കൈകള്‍ ചേര്‍ന്നിരിക്കട്ടെ
മാപ്പു ചോദിക്കുന്ന മാതിരി...

മണി കിലുക്കുന്ന പാദസരങ്ങള്‍
ഊരിയെടുക്കാമിനി..
ശ്രദ്ധ വേണം,,,, ശബ്ദം കേള്‍ക്കരുത്...
കാലുകളേയും വെറുതെ വിടരുത്
കെട്ടി വെക്കണം..
ഇറങ്ങി വരരുത്.... ഓര്‍മ്മകളിലേക്കൊന്നിലും.

ഇനി ഒരുക്കം മതിയാക്കാം...
കാഴ്ചക്കുള്ള സമയമായി...

കണ്ടു പോവാം .... അവസാനമായി

കൂടെ ഒന്നും കൊണ്ടു പോകുന്നില്ലെന്ന്
ഒന്ന് കൂടി ഉറപ്പു വരുത്താം...

ശവത്തില്‍ കുത്താം..
മാറി നിന്ന് കണ്ണ് തുടക്കാം...
കനലെരിയുന്ന നെഞ്ചിലൊരു പൂവ് ചൂടിക്കാം..
ഏങ്ങലടിക്കാം..

പക്ഷേ അധിക നേരം കിടത്തരുത്
കുഴി വെട്ടി മൂടണം..

മുതിര്‍ന്നവര്‍ ഇരിക്കുന്നതിനാല്‍
മാവ് വെട്ടുന്നില്ല

അല്ലെങ്കിലും ദഹിപ്പിക്കണ്ട... ചാരം ബാക്കിയാവും...

Monday, January 30, 2012

അമ്മക്കിളിക്കൂട്...

പ്രതീക്ഷിച്ചയത്ര തിരക്കുണ്ടായിരുന്നില്ല റെയില്‍ വേ സ്റ്റേഷനില്‍. പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത് അകത്തു കയറലൊക്കെ പെട്ടെന്ന് കഴിഞ്ഞു. ഉള്ളില്‍ കയറിയപ്പോഴും ഇല്ല വല്യ തിരക്കൊന്നും. അവിടവിടെയായി ഒരോ ചെറിയ കൂട്ടം കൂടലുകള്‍ മാത്രം. ട്രെയിന്‍ വരാന്‍ ഇനിയുമുണ്ട് പതിനഞ്ച് മിനുട്ടോളം സമയം.
''റെയില്‍ വേ സ്റ്റേഷനിലെത്തി.. കാത്തിരിപ്പിലാണ്..''എന്നൊരു സന്ദേശം പറത്തി വിട്ട് ഞാന്‍ ഇരിക്കാനൊരു സ്ഥലം നോക്കി നടപ്പാരം ഭിച്ചു. ആള്‍ക്കാരധികമില്ലെങ്കിലും ബാഗുകള്‍ക്കും പെട്ടികള്‍ക്കും ഒരു കുറവുമില്ല. ഇരിപ്പിടങ്ങളിലെല്ലാം ഞെളിഞ്ഞിരിക്കുന്നത് ബാഗുകളാണ്. ഇടയിലോരോ മനുഷ്യരും ചുറ്റിനും ഭാരങ്ങളുമായി ഒരോ തുരുത്തിലാണ് സകലരും.
ഒരു കുസൃതിച്ചിരിയുടെ അകമ്പടിയോടെ, ''കാത്തിരിപ്പിന്റെ ചൂടാറുന്നതിനു മുന്നേ എത്തിച്ചേരുന്നതാണ്''എന്നൊരു മറുകുറി ലഭിച്ചതോടെ ആകാംക്ഷ എന്റെ കാലുകളിലൊരു വിറയലായി പടര്‍ന്നു. ചുമലിലെ ചെറിയ ബാഗിനും കനം പെട്ടന്നു കൂടിയതു പോലെ . എനിക്കൊന്ന് ഇരിക്കാതെ വയ്യെന്നായി.
നടത്തിനൊടുവില്‍ കഷ്ടിച്ച് ഒരാള്‍ക്കിരിക്കാനിടമുള്ള ഒരു ബെഞ്ചിനു മുന്നിലെത്തി ഞാന്‍. ഏകദേശം ഒരു രണ്ട് വയസ്സു തോന്നിക്കുന്ന ഒരു കുട്ടിയും കൂടെ അതിന്റെ അമ്മയും, അപ്പുറത്തായി ഒരെഴുപത് എഴുപതഞ്ച് വയസ്സ് പ്രായം വരുന്ന ഒരു അമ്മൂമ്മയുമാണ് ആ സീറ്റിലെ അവകാശികള്‍. കുട്ടികളുമായുള്ള എന്റെ ചില മുന്‍പരിചയങ്ങള്‍ കാരണം അവിടിരിക്കണോ എന്നൊന്ന് സംശയിച്ചെങ്കിലും വേറെ എവിടേയും ഇടമില്ലാത്തതിനാല്‍ വല്ല്യ ആലോചനക്കൊന്നും ഒരുമ്പെട്ടില്ല ഞാന്‍. എന്റെ കടന്നു കയറ്റം കുഞ്ഞുവാവയുടെ കണ്ണിലാണ് ആദ്യം പെട്ടത്. ''ചേച്ചീ.. ചേച്ചി..' എന്നു വിളിച്ചുകൊണ്ട് പിച്ച വെക്കലിന്റെ ദിശ അവനെന്റെ നേരെയാക്കി. അപ്പോഴേക്കും കുഞ്ഞിന്റെ അമ്മയും ഇടപെട്ടു
'രാഖിചേച്ചിയാണോ മോനേ..??'
അവനെല്ലാവരോടും സ്നേഹമാണെന്നൊരു പ്രസ്താവന എന്നെ നോക്കിയും. അതിനിടയില്‍ കുഞ്ഞിക്കൈകള്‍ എന്റെ ഷാളില്‍ പിടി മുറുക്കിയിരുന്നു. കൈയ്യെത്തിച്ചിട്ടും കിട്ടാത്ത കണ്ണടയിലേക്കായി പിന്നത്തെ ശ്രദ്ധ. അപ്പോഴേക്കും കുഞ്ഞിന്റെ അച്ചനും ട്രെയിനും ഒരുമിച്ചു വന്നതിനാല്‍ ഞാന്‍ തല്‍ക്കാലം രക്ഷപ്പെട്ടു.
അവരു പോയതോടെ ഞാനും അമ്മൂമ്മയും മാത്രമായി ബെഞ്ചില്. അപ്പോഴാണ് അമ്മൂമ്മയെ ഞാന്‍ ശരിക്കുമൊന്ന് ശ്രദ്ധിക്കുന്നത്. മുഷിഞ്ഞ് നിറം മങ്ങിയ ഒരു സെറ്റ് മുണ്ടാണ് വേഷം. മൂക്കിലൊരു നീല കല്ലു വെച്ച മൂക്കുത്തി തിളങ്ങുന്നുണ്ട്. മുടിയൊക്കെ മൂര്‍ദ്ധാവിലേക്കു വലിച്ചു കെട്ടി വെച്ചിരിക്കുകയാണ്. നീരു വന്നു വീര്‍ത്തിരിക്കുന്ന കാലില്‍ തേഞ്ഞു തീരാറായ ഒരു ഹവായ് ചെരുപ്പ്. ഒരു പഴേ ബാഗും മൂന്നാലു കവറുകളും കാലിനടുത്ത് ഒതുക്കി വെച്ചിട്ടുണ്ട്.
''സമയം എത്രയായി മോളേ..??''
ചോദ്യം വന്നതോടെ ഞന്‍ അമ്മൂമ്മയുടെ ദേഹപരിശോധന അവസാനിപ്പിച്ചു.
''10.30''
വാച്ചില്‍ നോക്കിയപ്പോഴാണ് ശതാബ്ദി എത്താറായല്ലോ എന്ന തിരിച്ചറിവ് എനിക്കും വന്നത് . എന്റെ നെഞ്ചിടിപ്പിന്റെ വേഗത കൂടി.
തുടര്‍ന്നുണ്ടായ സംസാരത്തിലാണ് പന്ത്രണ്ട് മണിയുടെ ട്രെയിനിന് കൊല്ലത്തേക്കു പോവാനുള്ളതാണ് അമ്മൂമ്മ എന്നു ഞാന്‍ മനസ്സിലാക്കിയത്. ട്രെയിനിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ അവര്‍ക്കറിയില്ല. അഞ്ചേകാലിനു കൊല്ലത്തെത്തുമെന്നു മാത്രം അറിയാം. രാവിലെ തന്നെ ഇവിടെത്തി ഇരിപ്പ് തുടങ്ങിയതാണ്. സ്റ്റേഷന്‍ മാസ്റ്ററാണ് പറഞ്ഞത് ഇവിടിരുന്നാല്‍ മതി, ട്രെയിന്‍ ഇവിടെ വരുമെന്ന്. അപ്രകാരം പന്ത്രണ്ട് മണിയാവുന്നതും നോക്കി നോക്കിയിരിപ്പാണ് അമ്മൂമ്മ.
ബാംഗ്ലൂര്‍ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടതോടെ പിന്നേയും നിശബ്ദമായി പ്ലാറ്റ്ഫോം. ഗുരുവായൂരമ്പലത്തില്‍ തൊഴുതു മടങ്ങുന്ന രണ്ടു മൂന്നു പേര്‍ കൈയ്യില്‍ ഒരു മയില്‍പ്പീലിക്കെട്ടുമായി ഇടക്ക് കയറിവന്നെങ്കിലും സൗകര്യമുള്ള വേറെ ഇരിപ്പിടം കിട്ടിയപ്പോള്‍ മാറിപ്പോവുകയും ചെയ്തു. വീണ്ടും ഞാനും അമ്മൂമ്മയും ബാക്കിയായി.

ഞങ്ങളിങ്ങനെ വശത്തോട് വശം നോക്കിയിരിക്കുമ്പോഴാണ് അവരുടെ കൈയ്യില്‍ കറുത്ത് കരുവാളിച്ച് രക്തം കട്ട പിടിച്ചതു പോലെ നെടുനീളത്തില്‍ ഒരു അടയാളം ഞാന്‍ കണ്ടുപിടിച്ചത്. ആദ്യമൊന്ന് സംശയിച്ചെങ്കിലും അതെന്തു പറ്റിയതാണെന്ന് ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
'' കൊച്ച് കളിച്ചോണ്ടിരുന്നപ്പോ കമ്പ് കൊണ്ടൊന്ന് പോറിയതാ.. മൊന്റെ കൊച്ച്... മഹാ കുസൃതിയാ അവന്‍ ..''
പറയുന്നതിനോടൊപ്പം അതൊന്ന് മറച്ചു പിടിക്കാനും മായ്ച്ചു കളയാനും ശ്രമിച്ചു ആ അമ്മൂമ്മ. ചെറുവിരലിലൊരു നേരിയ പോറല്‍ വീണാല്‍ പോലും നാട്ടുകാരെ മുഴുവന്‍ വിളീച്ച് സങ്കടം പറയുന്ന ഞാന്‍ അമ്മൂമ്മയുടെ ഈ പ്രതികരണത്തിനുമുന്നില്‍ വായും പൊളിച്ചിരുന്നു പോയി.
അല്‍പസമയത്തിനുള്ളില്‍ സമചിത്തത വീണ്ടെടുത്ത ഞാന്‍
''മകന്റെ അടുത്തേക്കാണോ അമ്മൂമ്മ പോവുന്നത്..??'' എന്ന ചോദ്യവുമായി വീണ്ടും അവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി. കുറച്ചു നേരത്തേക്ക് അവരൊന്നും മിണ്ടിയില്ല. ചോദിച്ചത് കേട്ടില്ലായിരിക്കും എന്ന് സമാധാനിച്ച് ഞാനുമൊന്ന് ഒതുങ്ങി. പക്ഷേ അമ്മൂമ്മ സംസാരിച്ചു തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
'' ഏഴ് പെറ്റതാ ഞാന്‍. അതിലൊന്നിനേ ദൈവം ആയുസ്സ് തന്നുള്ളൂ. അവന്റെ രണ്ടാമത്തെ വയസ്സില്‍ അവന്റെയച്ചനും പോയി. പിന്നെ മുറ്റമടിച്ചും ചട്ടി മോറിയും ഞാന്‍ വലുതാക്കിയെടുത്ത ചെക്കനാണ്. വലുതായി ആണോരുത്തനായപ്പോള്‍ അവന് അമ്മയെ കാണാണ്‍ കണ്ണില്ലാതെയായി. ''
പറഞ്ഞത് ഏറിപ്പോയോ എന്നു സംശയിച്ചിട്ടെന്ന പോലെ അവര്‍ പൊടുന്നനെ സംസാരം നിര്‍ത്തി ദൂരെ റെയില്‍പ്പാളത്തിലേക്ക് നോക്കിയിരിപ്പായി. ചോദിക്കാനോ പറയാനോ ഒന്നും കിട്ടാതെ ഞാനും നിശബ്ദയായി.
എന്തോ ഓര്‍മ്മ വന്നതുപോലെ പെട്ടന്നാണ് അവരാ വഴി കടന്നു പോയ ഒരു ചായക്കാരനെ വിളിക്കാനായി എഴുന്നേല്‍ക്കന്‍ ഭാവിച്ചത്. കനല്‍ കോരിയിടുന്ന ഓര്‍മ്മകളെ ഉണര്‍ത്തിവിട്ടതിന്റെ മന:പ്രയസത്തിലായിരുന്ന ഞാനും കൂടെയെഴുന്നേറ്റു, ചായക്കാരനെ വിളിച്ചുവരുത്തി. ചായ വാങ്ങിയതിന്റെ പൈസ കൊടുക്കാനായി അവര്‍ ബാഗുകളുടെ അഗാധതയില്‍ തിരച്ചിലാരം ഭിച്ചു. കവറുകളിലും ബാഗിലും തൂവാലകളിലുമായി തിരച്ചില്‍ നീണ്ടു പോയപ്പോള്‍ , ഓട്ടോക്കാരന്‍ ബാക്കി തന്ന അഞ്ചു രൂപ കൊടുത്ത് ഞാന്‍ ചായക്കരന്റെ കാത്തുനില്‍പ്പ് അവസാനിപ്പിച്ചു. മുങ്ങിത്തപ്പി കിട്ടിയ കാശുമായി അവര്‍ നിവര്‍ന്നപ്പോഴേക്കും ചായക്കാരന്‍ നടന്നു നീങ്ങിയിരുന്നു.
''പഠിക്കാന്‍ പോണ കൊച്ചല്ലേ..?? ബസ്സ് കൂലിക്ക് വെച്ചിരുന്ന പൈസയെങ്ങാനുമാണോ എടുത്തു കൊടുത്തത്?''
അല്‍പനേരം മുന്നേ മാത്രം കണ്ടുമുട്ടിയ, ക്ഷീണിച്ചവശയായ രൂപത്തില്‍ നിന്നും, എന്റെ മുത്തശ്ശിയെ ഓര്‍മ്മിപ്പിക്കുന്ന കരുതല്‍ നിറഞ്ഞ സ്വരമുയര്‍ന്നു കേട്ടപ്പോള്‍ എന്റെ ഉള്ളൊന്ന് വിറച്ചു. അവരുടെ മുഖത്തും കണ്ണിലും തെളിഞ്ഞു കണ്ട വിവശതയും അവശതയും നൊമ്പരപ്പെടുത്താന്‍ തുടങ്ങി എന്നേയും.
ഒരു ചൂടുചായ അമ്മൂമ്മയെ ചെറുതായൊന്ന് ഉന്മേഷവതിയാക്കിയതു പോലെ തോന്നിച്ചു. ''
എപ്പോഴും വായുവിന്റെ ഉപദ്രവമാണ്. ഇത്തിരി ചൂടുവെള്ളം ചെന്നപ്പോ കുറച്ചാശ്വാസമുണ്ട് ''
എന്തൊക്കെയോ ചിന്തകള്‍ നിശബ്ദരാക്കി ഇരുവരേയും.

ഉറങ്ങിക്കിടന്നിരുന്ന ചുറ്റുപാടുകള്‍ക്ക് ജീവന്‍ പകരുന്നതിനായി ആള്‍ക്കാരും കച്ചവടക്കാരും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ശതാബ്ദി ട്രെയിനിനെ വരവേള്‍ക്കാനായുള്ള ഒരുക്കങ്ങളാണ്. എരിവും ചൂടും മണക്കുന്ന സമൂസ അടുത്തുകൂടി കടന്നുപോയപ്പോഴാണ് ഞാന്‍ വിശപ്പിന്റെ കാര്യം ഓര്‍മ്മിച്ചത്.
''ഉച്ചയ്ക്കു കഴിക്കാന്‍ ചോറെടുത്തിട്ടില്ലേ..??''
''രാവിലെ ഊണു കഴിച്ചേച്ചിറങ്ങിയതാ..''

''അതല്ല.. ഉച്ചയ്ക്കു കഴിക്കാന്‍..??''
അതും കൂടി രാവിലെ കഴിച്ചിട്ടാ ഇറങ്ങിയത്..''
അതൊരു വെറും വാക്കാണെന്നു മനസ്സിലാക്കാന്‍ എനിക്കു പോലും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അവരിന്നത്തെ ദിവസം ഒന്നും തന്നെ കഴിച്ചിട്ടുണ്ടാവില്ല എന്നെനിക്ക് തീര്‍ച്ചയായി.
''സമൂസ വാങ്ങിത്തരട്ടേ..??''എന്ന ചോദ്യം നിഷേധിക്കപ്പെടുമോ എന്ന ഭയം കാരണം എന്നില്‍ നിന്ന് പുറത്തു വന്നതേയില്ല.
ഒരു ചോദ്യം പോലും അവഗണിക്കപ്പെടുന്നത് സഹിക്കാന്‍ കഴിയാത്ത എനിക്ക്, ആറു മക്കളുടെ മരണം സഹിച്ച, ഒരേയൊരു മകന്റെ അവഗണന സഹിച്ചുക്കൊണ്ടിരിക്കുന്ന ആ അമ്മയുടെ മുഖത്തേക്ക് നോക്കാന്‍ പോലും പ്രയാസം തോന്നി.

ചെറിയൊരു ഭൂമികുലുക്കത്തോടെ അപ്പോഴേക്കും ജനശതാബ്ദി എക്സ്പ്രസ്സ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. എഴുന്നേറ്റ് തിരിഞ്ഞു നടക്കുമ്പോഴും ഒരു നീലക്കല്ലിന്റെ തിളക്കം എന്നെ വല്ലാതെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.

Monday, November 21, 2011

മഴത്തുള്ളിക്കിലുക്കം

പതിവ് പോലെ ഒരു തുടക്കമായിരുന്നു അന്നും..വെളുപ്പാന്‍ കാലത്ത് നാലു മണിയായപ്പോഴേക്കും അലാറം എന്റെ ചെവി തിന്നു തുടങ്ങി. ലോകത്തിലെ ഏറ്റവും ശല്യപ്പെടുത്തുന്ന ശബ്ദമാണിതെന്ന തിരിച്ചറിവിലേക്കാണ് എന്നും ഞാന്‍ ഉറക്കം ഞെട്ടിയുണരുന്നത്. ഒന്നും കൂടി തിരിഞ്ഞു കിടന്ന് കണ്ടുകൊണ്ടിരുന്ന സ്വപ്നം മുഴുവനാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എനിക്ക്. പക്ഷേ ഓരോ ദിവസവും ഒരു അവസാന വര്‍ഷ ആയുര്‍വ്വേദ വിദ്യാര്‍ഥിയെ കാത്തിരിക്കുന്ന പരീക്ഷകളേയും പരീക്ഷണങ്ങളേയും കുറിച്ചോര്‍ത്ത് ചിന്തകള്‍ക്ക് തീ പിടിച്ചതിനാല്‍ പിന്നീട് കിടക്കാനും കഴിഞ്ഞില്ല.

ഉണരാന്‍ മടിക്കുന്ന കണ്ണിനെ തിരുമ്മിയുണര്‍ത്തി കോണിപ്പടിയിറങ്ങി താഴേക്കു നടക്കുമ്പോള്‍ അടുത്തുള്ള മുറികളില്‍ നിന്നും ഉയര്‍ന്നും താഴ്ന്നും കേള്‍ക്കുന്നു ഉറക്കത്തിന്റെ താളം.
ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ മുഖത്തേക്ക് തണുത്ത വെള്ളം വീണ്ടും വീണ്ടും ഒഴിച്ചു കൊണ്ടിരുന്നു. ആകെക്കൂടിയുള്ള സമാധാനം, ഞാനുണര്‍ന്ന് കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍, വീട്ടിലെ അവശേഷിക്കുന്ന രണ്ടു വിദ്യാര്‍ഥികളെക്കൂടി തട്ടിയുണര്‍ത്താം എന്നുള്ളതിലാണ്. ഉറക്കച്ചടവോടെ അമ്മിണിയും ചിന്നുവും എണീറ്റുവരുന്നത് കാണുമ്പോഴാണ് ദിവസത്തിലെ ആദ്യത്തെ ചിരി എന്റെ മുഖത്ത് വിടരുന്നത്.

ന്യൂസ് പേപ്പര്‍ വരുന്നതു വരേയാണ് ഞങ്ങളുടെ പഠനസമയം. മുറ്റത്തെ ചരലില്‍ പത്രം വന്നു വീഴുന്നുണ്ടോ എന്ന ശ്രദ്ധയിലാണ് ആറു മണിക്കു ശേഷമുള്ള വായന മുഴുവനും.ആദ്യം പത്രം കൈയ്യില്‍ കിട്ടുന്നവര്‍ക്ക് ആദ്യം നിര്‍ത്താം പഠിത്തം. അതുകൊണ്ടു തന്നെ മൂന്നുപേരും ആവശ്യക്കാരാണ് . അമ്മിണിക്ക് സ്പോര്‍ട്സ് പേജില്‍ മാത്രമേ നോട്ടമുള്ളൂ, അതും ധോണിപ്പടയുടെ വിശേഷങ്ങളില്‍ മാത്രം, ചിന്നുവിന് സിനിമ പേജാണ് ആവശ്യം, പ്രേത സിനിമ ഏതു ചാനലില്‍ ആണെന്നു അറിയലാണ് പ്രധാനം.പത്രം വന്നു വീഴുന്നതും ഒരു കൂട്ടയോട്ടമാണ്. കൂട്ടത്തില്‍ ചെറുതായതു കൊണ്ട് ചിന്നുവിന് വാതില്‍ തുറക്കാന്‍ എത്തില്ല, അതുകൊണ്ട് തന്നെ മിക്കവാറും മല്‍സരത്തില്‍ നിന്നും പുറത്താവുകയും ചെയ്യും.

പഠിക്കുമ്പോ മാത്രമേ സമയം പോവാന്‍ പ്രയാസമുള്ളൂ, അതു കഴിഞ്ഞാല്‍ പിന്നെ റോക്കറ്റിന്റെ സ്പീഡിലാണ് ഓട്ടം. എത്ര നേരത്തെ തുടങ്ങിയാലും മിക്ക ദിവസവും കോളേജിലേക്കിറങ്ങാന്‍ നേരം വൈകും ഞാന്‍.
ഓടിക്കിതച്ച് അവിടെത്തിയാല്‍ പിന്നെ ഒരു യന്ത്രത്തിനുള്ളില്‍ പെട്ടതു പോലെയാണ്. ഒരുപാട് കൈകളുള്ള ഒരു യന്ത്രം. ഞെങ്ങി ഞെരുങ്ങി നാലു മണിക്ക് പുറത്തുകടക്കുമ്പോഴേക്ക് അവശയായിട്ടുണ്ടാവും. ഒന്ന് ആശ്വസിക്കാനായി നേരെ ഓടുന്നത് ലൈബ്രറിയിലേക്കാണ്. പുസ്തകങ്ങളുടെ ഇടയിലൂടെ നടക്കുമ്പോള്‍ ആ ദിവസത്തിന്റെ കേടുപാടുകള്‍ തേഞ്ഞുമാഞ്ഞു പോവും. മാത്രവുമല്ല, ലൈബ്രറിയിലെ ശങ്കരേട്ടന്റെ വക ഒരു ഗ്ലാസ് കട്ടന്‍ കാപ്പിയും ഒരു പകുതി പരിപ്പ് വടയും കാത്തിരിക്കുന്നുണ്ടാവും മാളുവിനെ. ഏറ്റവും രുചിയോടെ അകത്താക്കുന്ന ഭക്ഷണമാണത്. റഫറന്‍സ് പുസ്തകങ്ങളുടെ വശത്തേക്കൊന്നും പോവാതെ, ഫിക്ഷനു പിന്നാലെ നടക്കുന്ന മാളുവിനെ ശങ്കരേട്ടനും കണ്ണില്‍ പിടിച്ചിരുന്നില്ല ആദ്യമൊക്കെ. കുറേ കാലം കണ്ടുകഴിഞ്ഞപ്പോഴാണ് ഈ മാളുവൊരു പാവമാണെന്ന കാര്യം ശങ്കരേട്ടനും പിടി കിട്ടിയത്. അതില്‍ പിന്നെ പരിപ്പ് വടയുടെ പകുതിയവകാശം മാളുവിനാണ്.

അന്നും പതിവു പോലെ കാപ്പിയും കുടിച്ച്, വിശേഷങ്ങളൊക്കെ പറഞ്ഞ്, ലൈബ്രറിയും പൂട്ടിച്ച് പുറത്തിറങ്ങിയപ്പോഴാണ് കണ്ടത്, ഗം ഭീരമായൊരു മഴക്കുള്ള പുറപ്പാട് . ആകെയിരുണ്ടു മൂടി, വരാന്‍ പോകുന്നതിന്റെ സാമ്പിള്‍ പോലെ ഓരോ ഇടിമുഴക്കങ്ങളും. ഞാനാകെ ഉഷാറിലായി. മഴയത്തൊരു യാത്ര ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്..??? ഹൈവേയിലൂടെ പോയാല്‍ മഴ ശരിക്കും ആസ്വദിക്കാന്‍ പറ്റില്ല. മുന്നിലും പിന്നിലും നിറയെ വണ്ടികളും, ഹോണടിയും, കണ്ണില്‍ തറക്കുന്ന ലൈറ്റും, ആകെ ബോറാണ്. അതുകൊണ്ട് ഹൈവേ ഒഴിവാക്കി, ഒരു ഇടറോഡിലൂടെ വീട്ടിലേക്കുള്ള വഴിയാണ് മഴ കൊള്ളാനായി ഞാന്‍ തെരെഞ്ഞെടുത്തത്. ദൂരം കുറച്ച് അധികമാണെങ്കിലും ട്രാഫിക് കുറഞ്ഞതും, വളവും തിരിവും ധാരാളമുള്ളതുമായ ഒരു വഴി.

യാത്ര തുടങ്ങിയതും മഴ കനത്തു. കോരിച്ചൊരിയുന്ന മഴക്കു അകമ്പടിയായി ഇടിയും മിന്നലും. മനസ്സിന് എന്തൊരു കുളിര്‍മ്മ...!!! കണ്ണെത്തുന്ന ദൂരത്തോളം ആരുമില്ലാത്ത വഴിയിലൂടെ യാത്ര ചെയ്യുന്നത് നല്ല രസമായി തോന്നി. മെയിന്‍ റോഡ് ഒഴിവാക്കാനുള്ള എന്റെ തീരുമാനത്തെ മനസ്സാ അഭിനന്ദിച്ചുകൊണ്ട് ഞാന്‍ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു.
പക്ഷേ എന്റെ സന്തോഷം അല്‍പായുസ്സായിരുന്നു. കല്ലെറിയുന്നതു പോലെ കോരിച്ചൊരിയുന്ന മഴയില്‍ ആദ്യത്തെ ആവേശമൊക്കെ തണുത്തു തുടങ്ങി. ആരോഗ്യക്കൂടുതല്‍ കൊണ്ട് ഞാന്‍ നനഞ്ഞു വിറക്കാനും. ചുണ്ടില്‍ നിന്നും തുടങ്ങിയ വിറയല്‍ കൈകളിലേക്ക് വളര്‍ന്നു വളര്‍ന്നു വന്നു. അത് മാത്രമല്ല, മഴയുടെ ശക്തിയില്‍ റോഡ് കാണാന്‍ തന്നെ ബുദ്ധിമുട്ടായി തീര്‍ന്നു. പോരാത്തതിനു താഴെയിറങ്ങി വരുന്ന മിന്നലും ഇടിയും. നിറയെ മഴക്കുഴികളും വളവും തിരിവുമുള്ള റോഡിലൂടെയുള്ള യാത്ര ആകെ ദുരിതമായി തുടങ്ങി. എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതിയെന്നായി എനിക്ക്.
പെട്ടന്നാണ് തൊട്ടു മുന്നില്‍ വന്ന് പടക്കം പൊട്ടിച്ചാലെന്ന പോലെ ചെവിയടപ്പിക്കുന്ന ശബ്ദത്തോടെ ഒരു ഇടിയും, കണ്ണു മഞ്ഞളിപ്പിക്കുന്ന മിന്നലും. എന്താണ് സം ഭവിച്ചതെന്ന് തിരിച്ചറിയുന്നതിനു മുന്നേ ഞാന്‍ നിലം തൊട്ടിരുന്നു. ഞാനാണോ അതോ എന്റെ വണ്ടിയാണോ പേടിച്ച് മറിഞ്ഞു വീണതെന്ന് ഇപ്പോഴും എനിക്ക് തീരുമാനമായിട്ടില്ല.
വണ്ടിയുടെ ഇടയില്‍ നിന്ന് കാലു വലിച്ചൂരിയെടുക്കുന്നതിനിടയില്‍ കാഴ്ചക്കാരാരെങ്കിലുമുണ്ടോ എന്നൊരു കള്ളനോട്ടം നോക്കാന്‍ മറന്നില്ല ഞാന്‍. ഭാഗ്യം...ആരുമില്ല..!!!. പൊട്ടിപ്പോയ ചെരുപ്പ് നേരെയാക്കാനുള്ള വിഫലശ്രമത്തിനൊടുവില്‍ ഞാനെന്റെ വണ്ടിയിലേക്കു ശ്രദ്ധ തിരിച്ചു. വാശി പിടിച്ച് പിണങ്ങിക്കിടക്കുന്ന കുട്ടിയെ പൊലെ വീണ് ചെരിഞ്ഞ് കിടക്കുകയാണ് റോഡില്‍. നനഞ്ഞു വിറക്കുന്ന കൈകളാല്‍ വണ്ടിയെ ഒന്ന് എഴുന്നേല്‍പ്പിക്കാം എന്നു കരുതിയപ്പോ ഒടുക്കത്തെ ''വെയിറ്റ്'' വണ്ടിക്ക്.

സ്കൂട്ടറില്‍ പോയ്ക്കൊണ്ടിരുന്നപ്പോള്‍ മഴയുടെ രൗദ്രത ഇത്രയും അറിഞ്ഞിരുന്നില്ല.ഇപ്പോള്‍ വഴിയില്‍ പെട്ടപ്പോളാണ് താഴേക്ക് പറന്നിറങ്ങുന്ന മിന്നലും, ചരലു വാരിയെറിയുന്നതു പോലെ മഴയും, ഗുണ്ട് പൊട്ടിക്കുന്നതു പോലെയുള്ള ഇടിയും എല്ലാം കൂടി പേടിപ്പിക്കാന്‍ തുടങ്ങിയത്. ഒരു സഹായത്തിന് ആരേയും കാണുന്നതുമില്ല. അഴിച്ചിട്ട തലമുടി പോലെ കറുത്ത് മിനുങ്ങി, നീണ്ടു വളഞ്ഞ് കിടക്കുന്ന റോഡിലേക്കൊന്ന് കണ്ണോടിച്ചു ഞാന്‍. ഒരു വണ്ടിയോ ഒരു മനുഷ്യനേയോ അടുത്ത പരിസരങ്ങളിലൊന്നും കാണ്മാനില്ല... ഇരുട്ടാണെങ്കില്‍ കൂടി കൂടി വരികയും.
വണ്ടിയെ പൊക്കി വെക്കാന്‍ ഒന്ന് രണ്ട് തവണ കൂടി ഞാന്‍ ശ്രമിച്ചെങ്കിലും സം ഭവം ഒരു തരി പൊലും അനങ്ങിയില്ല... വീട്ടിലേക്കൊന്ന് വിളിച്ച് വിവരം പറയാന്‍ ഫോണെടുത്താലോ എന്നും ഓര്‍ത്തതായിരുന്നു ഞാന്‍. പക്ഷേ ഈ കാലവസ്ഥയില്‍ ഫോണ്‍ പുറത്തെടുത്താല്‍ അതിന്റെ കാര്യത്തിലൊരു തീരുമാനമാവും എന്നതും നിശ്ചയമാണ്. അല്ലെങ്കില്‍ തന്നെ പ്രായാധിക്യത്താല്‍ പണിമുടക്ക് ഭീഷണിയുയര്‍ത്തുന്ന ഫോണാണ്.

ഇപ്രകാരം നിസ്സഹായയും നിരാലം ബയുമായി പെരുവഴിയില്‍ ഒറ്റപ്പെട്ടു നില്‍ക്കുമ്പോഴാണ് ഒരു കുടു.. കുടു.. ശബ്ദം കേട്ടു തുടങ്ങിയത്. ഇടിവെട്ടുന്നതിന്റെ താളം ഒന്നു മാറ്റിപ്പിടിച്ചതാവുമോ എന്നൊരു സംശയം തോന്നിയെങ്കിലും നോക്കുമ്പോള്‍ വളവു തിരിഞ്ഞു വരുന്നു ബുള്ളറ്റില്‍ ഒരു ദൈവദൂതന്‍. ഉള്ളില്‍ നുരഞ്ഞു പൊന്തിയ സന്തോഷവും ആശ്വാസവും ഒക്കെ ആസ്വദിച്ച് ഞാന്‍ പൊളിച്ച വായ അടക്കാന്‍ മറന്ന് നില്‍ക്കുന്നതിനിടയില്‍ മോട്ടോര്‍സൈക്കിള്‍ അതിന്റെ വഴിക്കു പോയി. അവസാനത്തെ കച്ചിത്തുരുമ്പും നഷ്ടപ്പെട്ട ഞാന്‍, മഴ ആസ്വദിക്കാനായി ഇറങ്ങിപുറപ്പെട്ട നിമിഷത്തെ മനസ്സറിഞ്ഞ് ശപിച്ചു.

ഇനിയെന്ത് എന്ന് ഉള്ളുരുകിക്കൊണ്ടിരിക്കുന്ന സമയത്താണ് പിന്നില്‍ വീണ്ടുമൊരു കുടു.. കുടു ശബ്ദം. നിരാശയില്‍ മുങ്ങിയ ഞാന്‍ ഇത്തവണ തിരിഞ്ഞു നോക്കാന്‍ പോലും മെനെക്കെട്ടില്ല. പക്ഷേ ഇത്തവണ ബുള്ളറ്റ് അടുത്ത് കൊണ്ട് വന്ന് നിര്‍ത്തുക തന്നെ ചെയ്തു. ഒരു റെയിന്‍ കോട്ടോ തൊപ്പിയോ പോലുമില്ലാതെ ആകെ നനഞ്ഞൊലിച്ച് ആറാം തമ്പുരാന്‍ സ്റ്റൈലില്‍ ഒരു ചേട്ടന്‍. തലയില്‍ കെട്ടിയിരിക്കുന്ന വെള്ള തോര്‍ത്ത്, മഴയെ ചെറുക്കാനുള്ളതല്ല എന്നതുറപ്പ്. ബുള്ളറ്റ് ചേട്ടന്‍ ഒരു നിമിഷം വണ്ടിയില്‍ തന്നെയിരുന്ന് സം ഭവ സ്ഥലം ഒന്ന് നിരീക്ഷിച്ചു. ഞാന്‍ ആകാവുന്നത്ര ദൈന്യത മുഖത്തു വരുത്തി വിനീതയായി, എന്തായിരിക്കും അയാളുടെ അടുത്ത നടപടി എന്ന ആകാംക്ഷയില്‍ നിലയുറപ്പിച്ചു. നോക്കിയിരിക്കുന്നതിനിടയില്‍ ആ 500 c c ബുള്ളറ്റിന്റെ സ്റ്റൈലിനൊത്ത വിധത്തില്‍ താഴെയിറങ്ങി വന്ന്, ഒരു പൂവെടുത്തു പൊക്കുന്ന ലാഘവത്തോടെ എന്റെ വണ്ടി നിവര്‍ത്തി നേരെ വെക്കലും സ്റ്റാര്‍ട്ട് ചെയ്തു നോക്കലും കഴിഞ്ഞു.. 'ഓടിച്ചു നോക്ക്'' എന്നൊരു ആജ് ഞയും. കേട്ട ഉടനെ ഞാന്‍ വണ്ടിയില്‍ കേറി ഒരൊറ്റ പറപ്പിക്കല്. രണ്ട് തിരിവ് കഴിഞ്ഞപ്പോഴാണ് ഒന്ന് തിരിഞ്ഞു നോക്കി ഒരു 'താങ്ക്സ്' പോലും പറഞ്ഞില്ലല്ലോ എന്ന കാര്യം ഓര്‍മ്മ വന്നത്. പോയ ബുദ്ധിക്കു പിന്നാലെ പോയിട്ടെന്തു കാര്യം..??? ഞാന്‍ മുന്നോട്ട് തന്നെ പോന്നു.

വീട്ടിലെത്തിയ ഉടനെ യാത്രാവിശേഷം എല്ലാവരോടും പറയാം എന്നു കരുതിയാണ് പോന്നത്. കുറച്ചു നേരം കൂടി തല നനഞ്ഞപ്പോഴാണ് വേറൊരു ചിന്ത കടന്നു വന്നത്. വണ്ടിക്കും എനിക്കും കാര്യമായ പരിക്കുകളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഇക്കഥയൊക്കെ വിസ്തരിച്ച് എന്തിനാണ് വെറുതെ സ്വദേശത്തു നിന്നും വിദേശത്തുനിന്നും ചീത്ത വാങ്ങി വെക്കുന്നത്..??? ഞാനീ വഴി പോന്നിട്ടുമില്ല, വണ്ടി മറിഞ്ഞിട്ടുമില്ല, ബുള്ളറ്റ്കാരനെ കണ്ടിട്ടുമില്ല. ഈ പുതിയ വിവേകോദയത്തോടെ നന്ദി പറയാതെ പോന്നതിലുള്ള കുറ്റബോധവും നീങ്ങിക്കിട്ടി. അങ്ങനെ സന്തോഷവതിയായി മാളു വീട്ടിലെത്തിച്ചേര്‍ന്നു.

പതിവു പോലെ നേരം രാത്രിയായി....രാവിലെയായി..
എന്നത്തേയും പോലെ പഠിത്തം അവസാനിപ്പിക്കാനായി ഞാന്‍ ന്യൂസ് പേപ്പര്‍ വരുന്നതും കാത്തിരിപ്പായിരുന്നു. ഒന്നാം പേജിലെ അഴിമതി കൊലപാതക പീഡന പരമ്പരകള്‍ക്കു ശേഷം ലോക്കല്‍ പേജിലേക്ക് നീണ്ടു എന്റെ വായന.. പേജ് മറിക്കുന്നതിനു മുന്നേ ഒരു പരിചയമുള്ള മുഖം കണ്ടതു പോലെ. പടത്തിനു താഴെ കൊടുത്തിരിക്കുന്ന വാര്‍ത്ത കൂടി വായിച്ചപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്..
''കുപ്രസിദ്ധ വാടക ഗുണ്ട വിഷ്ണു(21) പോലിസ് പിടിയില്‍. ഒട്ടനവധി ആക്രമണ കവര്‍ച്ച കേസുകളില്‍ പ്രതിയാണ്. വനിത കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസില്‍ വിചാരണ സമയത്ത് പോലിസ് പിടിയില്‍ നിന്ന് ചാടിപ്പോയ വിഷ്ണു, ഇന്നലെ വൈകുന്നേരത്തോടെയാണ് പോലിസ് പിടിയിലകപ്പെട്ടത്.''

വാര്‍ത്തയോടൊപ്പമുള്ള ചിത്രം കാണുന്തോറും മഴയില്‍ നനഞ്ഞു കുളിച്ചൊരു രൂപം മനസ്സില്‍ തെളിഞ്ഞു വരികയായിരുന്നു. ഒരു മിന്നല്‍ ദേഹത്തിലൂടെ കടന്നു പോയതു പോലെ ഞാനൊന്ന് വിറച്ചു. മഴത്തുള്ളികള്‍ക്കിടയിലൂടെ തൊട്ടു പിന്നിലൊരു ബുള്ളറ്റിന്റെ കുടു കുടു ശബ്ദം കേട്ടിട്ടെന്ന പോലെ ഞെട്ടി തിരിഞ്ഞു നോക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല

Tuesday, August 23, 2011

പാസ്സഞ്ചര്‍

മുഖത്ത് പതുക്കെ വന്നു തൊട്ടു മടങ്ങുന്ന കാറ്റും, പിന്നിലേയ്ക്ക് ഓടി മറയുന്ന കാഴ്ചകളും, ചെവിയിലെ മൂളിപ്പാട്ടും എല്ലാം കൂടി സുഖകരമായ ഒരു യാത്രയായിരുന്നു അത്.. ട്രെയിനിലിരുന്ന് യാത്ര ചെയ്യുന്നതു പോലെയല്ല, ട്രെയിനിനോടൊപ്പം പറന്നു നടക്കുന്നതു പോലെയൊരു സ്വപ്നത്തിലായിരുന്നു ഞാന്‍.

പറന്നു പറന്നു നടക്കുന്നതിനിടയില്‍ പെട്ടന്നാണ് ആരോ എന്നെ നിലത്തിറക്കി വിട്ടത്.. അമ്പരപ്പോടെ നോക്കിയ എന്റെ കാഴ്ചയെ വരവേറ്റത് ഒരു അച്ഛനും അമ്മയും, അവരുടെ അഞ്ചുവയസ്സുകാരന്‍ കുട്ടിയും പിന്നെ ഒരു കൂട്ടം ബാഗുകളുമാണ്.
കുട്ടിയുടെ വാശി മാറ്റുന്നതിനായി എന്റെ സൈഡ് സീറ്റാണ് അവരുടെ ആവശ്യം. മാറിക്കൊടുക്കുന്നതില്‍ ഒട്ടും താല്‍പര്യമില്ലായിരുന്നുവെങ്കിലും, ''പറ്റില്ല'' എന്നു പറയാനുള്ള മടി കാരണം മനസ്സില്ലാമനസ്സോടെ ഞാനെഴുന്നേറ്റ് അവര്‍ ചൂണ്ടിക്കാണിച്ച സീറ്റിലേക്കു നടന്നു.

അതൊരു മിഡില്‍ സീറ്റായിരുന്നു .

ഇളം നീലയില്‍ വെള്ള വരകളുള്ള ഫുള്‍ക്കൈ ഷര്‍ട്ട്, യോജിക്കുന്ന നിറത്തിലുള്ള ടൈ, ഷൂസ് ഒക്കെയണിഞ്ഞ്, വായും പൊളിച്ചുറങ്ങുന്ന ഒരു എക്സിക്യൂട്ടീവ് ചേട്ടന്റെയും, കറുത്ത് മിന്നുന്ന തലമുടിയുടേയും, വല്ല്യ പുള്ളി ഷര്‍ട്ടിന്റേയും സഹായത്താല്‍, ചെറുപ്പം കാത്തു സൂക്ഷിക്കാന്‍ പാടു പെടുന്ന ഒരു ചേട്ടന്റെയും ഇടയിലേക്കാണ് എന്റെ സ്ഥലം മാറ്റം
വിസ്തരിച്ച് വീര്‍ത്തിരിക്കുന്ന രണ്ടുപേര്‍ക്കുമിടയില്‍ ഒന്ന് സ്വസ്ഥമായി ചാരിയിരിക്കാന്‍ പോലും കഴിയാതെ എന്റെ യാത്രയുടെ രണ്ടാം ഘട്ടം തുടങ്ങുകയായി. ഇരിപ്പിലെ അസ്വസ്ഥത കാരണം പാട്ട് കേള്‍ക്കാനുള്ള മാനസികാവസ്ഥയും നഷ്ടപ്പെട്ടു.

ഞാന്‍ ഇരുന്നിരുന്ന സൈഡ് സീറ്റിലിപ്പോള്‍ ആ അഞ്ചുവയസ്സുകാരനും അമ്മയുമാണ്. അച് ഛന് കുറച്ച് പുറകിലുള്ള ഒരു സീറ്റാണ് കിട്ടിയിരിക്കുന്നത്. ഒരു കൊച്ചു പെണ്‍കുട്ടിയുടെ മുഖവും കണ്ണുകളില്‍ നിറയെ അത്ഭുതവുമായി അമ്മ ഓരോ യാത്രക്കാരേയും നോക്കിയിരിക്കുകയാണ്. വാശി പിടിച്ച് എന്റെ സീറ്റ് കരസ്ഥമാക്കിയ കുട്ടിയാവട്ടെ ഒരു സെക്കന്റ് പോലും അടങ്ങിയിരിക്കുന്നില്ല സീറ്റില്‍.
നോക്കിയിരിക്കുന്തോറും എനിക്ക് അരിശം കേറി വന്നു. രണ്ട് ആഴ്ച മുമ്പേ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് ശുഭയാത്ര ഉറപ്പു വരുത്തിയ എന്നെ പുറത്താക്കിയിട്ട് സുഖിച്ചിരിക്കാണ് അമ്മയും മകനും.
കുട്ടിയുടെ വികൃതികള്‍ കൂടുതലാവുമ്പോള്‍ ''മണിക്കുട്ടാ..'' എന്ന് പതിഞ്ഞ ശബ്ദത്തിലൊന്ന് വിളിച്ച്, കൈയ്യില്‍ അമര്‍ത്തിപ്പിടിക്കും അമ്മ. കുറച്ചു കഴിഞ്ഞ് പിടി അയയുമ്പോള്‍ മണിക്കുട്ടന്‍ അവന്റെ കുസൃതികളിലേക്ക് തന്നെ തിരിച്ചെത്തും.

നോക്കിയിരിക്കാനൊരു ജനല്‍ പോലുമില്ലാതെ ഉഴറി നടന്ന എന്റെ കണ്ണുകള്‍ പിന്നേയും പിന്നേയും എന്റെ നഷ്ട സീറ്റിലേക്കു തന്നെ മടങ്ങിയെത്തി. മണിക്കുട്ടന്റെ അമ്മ ഉറക്കം തുടങ്ങിയിരുന്നു. അവനാകട്ടെ വികൃതികള്‍ എല്ലാം മടുത്തിട്ടാവാം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നിലേക്കാണ്, എന്നെയല്ല, എന്റെ കൈയ്യിലുള്ള മൊബൈല്‍ ഫോണ്‍ ആണ് അവന്റെ ടാര്‍ജറ്റ്...ഒരു അഞ്ചു വയസ്സുകാരന്റെ മുഴുവന്‍ നിഷ്കളങ്കതയോടും, ആഗ്രഹത്തോടും കൂടി കണ്ണെടുക്കാതെയുള്ള തുറിച്ചു നോട്ടം ...

ഈ പ്രായത്തിലുള്ള കുട്ടികള്‍ നമ്മുടെ തന്നെ കുട്ടിക്കാലത്തെ വല്ലാതെ ഓര്‍മ്മിപ്പിക്കാറുണ്ട് പലപ്പോഴും. അരക്ഷിതമായ ഒരു കുട്ടിക്കാലത്തിന്റെ നീറ്റലുള്ള ഓര്‍മ്മകള്‍ കൂടി കൂട്ടിനെത്തിയതോടെ ഞാനൊന്നു കൂടി അസ്വസ്ഥയായി...
എന്റെ സീറ്റ് തട്ടിയെടുത്തതിനു പുറമേ മണിക്കുട്ടനെ ഇഷ്ടപ്പെടാതിരിക്കാന്‍ ഒരു കാരണം കൂടി കണ്ടുപിടിച്ചെന്നൊരു ചെറിയ ആശ്വാസം മാത്രം.
ഫോണ്‍ കൈയ്യില്‍ നിന്നൊന്ന് മാറ്റി വെച്ച് കുട്ടിയുടെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു.. പക്ഷേ തനിച്ചുള്ള യാത്രയായതിനാല്‍ നാടിന്റെ നാനാഭാഗത്തുനിന്നും അന്വേഷണങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കും..
''മാളൂ ..സീറ്റ് കിട്ടിയില്ലേ..??
''മാളൂ ഷൊര്‍ണൂരെത്തുമ്പൊ ഒരു കാപ്പി കുടിച്ചോളൂ..''
''മാളൂ ... മുറുക്കെ പിടിച്ചിരിക്കുന്നില്ലേ..??''
'' മാളൂ.. ട്രെയിനില്‍ നിന്ന് സമൂസയൊന്നും വാങ്ങിക്കഴിക്കരുത് ട്ടോ..''
'' മാളൂ ഉറങ്ങണൊന്നും ഇല്ലല്ലോ..??
ഈ വിധത്തിലുള്ള അത്യാവശ്യകാര്യങ്ങള്‍ അറിയാന്‍ വേണ്ടി വിളിക്കുന്നവരുടെ ഒരു വിളിയെങ്ങാനും ''മിസ്സ്' ആയാല്‍ ഉണ്ടാകാനിടയുള്ള ഭൂകമ്പത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഫോണ്‍ മാറ്റി വെക്കാനും നിവൃത്തിയില്ല..

ഈ സമയത്തിനിടയ്ക്ക് മണിക്കുട്ടനാവട്ടെ അവന്റെ സീറ്റ് മുതല്‍ ഞാനിരിക്കുന്ന സീറ്റ് വരെ ഒരു ബസ് സര്‍വ്വീസ് തുടങ്ങിക്കഴിഞ്ഞിരുന്നു. ഇടയിലുള്ള ഉറങ്ങുന്നവരുടേയും, ഉറക്കം നടിക്കുന്നവരുടേയും, സംസാരിച്ചുക്കൊണ്ടിരിക്കുന്നവരുടേയും കാലുകളൊക്കെ ചവിട്ടി മെതിച്ചു കൊണ്ടൊരു 'എക്സ്പ്രസ്സ് സര്‍വ്വീസ്. അടുത്തെത്തുമ്പോള്‍ എന്റെ മുഖത്തേക്കും കൈയ്യിലേക്കും ഒന്ന് സൂക്ഷിച്ച് നോക്കി, ബസ് ഒന്ന് ഇരമ്പിപ്പിച്ച് കുറച്ചു നേരം ചുറ്റി തിരിഞ്ഞ് നിന്ന് തിരിച്ചു പോവും.

ഞാന്‍ എന്റെ ഫോണിനുള്ളിലെ കോഫീ ഷോപ്പിലേയ്ക്ക് ശ്രദ്ധിച്ചിരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഒരു കണ്ണ് എപ്പോഴും അവന്റെ പിന്നാലെ തന്നെയായിരുന്നു. ഓരോ നോട്ടത്തിലും എന്റെ സീറ്റ് തട്ടിയെടുത്തവനോടുള്ള അമര്‍ഷം നുരഞ്ഞു പൊന്തി.
അടുത്ത സ്റ്റേഷനില്‍ വണ്ടി എത്തി. ചെറുപ്പക്കാരുടെ ഒരു സംഘമാണ് ഇത്തവണ. എല്ലാ നിറത്തിലുമുള്ള ടീഷര്‍ട്ടുകളും, പലതരത്തില്‍ നരച്ച ജീന്‍സുകളും ഹായ് ഹോയ് വിളികളുമായ് ആകെ ബഹളം. കൂട്ടം കൂടി യാത്ര ചെയ്യാന്‍ എനിക്കവസരം കിട്ടാത്തതുകൊണ്ടാവാം എനിക്കിങ്ങനെയുള്ളവരോട് വല്ല്യ അസൂയയാണ്.

സീറ്റ് കണ്ടുപിറ്റിച്ചവരുടേയും, സീറ്റ് അന്വേഷിക്കുന്നവരുടേയും തിരക്കില്‍ പെട്ട് കുട്ടിയുടെ ബസ് സര്‍വ്വീസ് തല്‍ക്കാലം തടസ്സപ്പെട്ടിരിക്കുകയാണ്. കൂട്ടത്തിലൊരാള്‍ കൈയ്യിലിരിക്കുന്ന ടിക്കറ്റിന്റെ നമ്പര്‍ നോക്കി നോക്കി ഞങ്ങളുടെ ഇടയിലുമെത്തി മണിക്കുട്ടനും അമ്മയും ഇരിക്കുന്ന സീറ്റിനു മുന്നിലെത്തി ബാഗുകള്‍ ഇറക്കി. ച്യൂയിംഗം ചവക്കുന്നതിന്റെ ഇടവേളയില്‍ ടിക്കറ്റും സീറ്റ് നമ്പറും ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നതിനിടയില്‍ തന്നെ ബാഗുകളൊക്കെ കേറ്റി വെച്ച് സീറ്റില്‍ ഇരിക്കാനുള്ള പുറപ്പാടിലാണ്. മണിക്കുട്ടനും അമ്മയും എഴുന്നേറ്റു നില്‍പ്പായി.. ഈ ആശയക്കുഴപ്പങ്ങള്‍ കണ്ടിട്ടാവും മണിക്കുട്ടന്റെ അച് ഛനും പിന്‍ നിരയിലെ സീറ്റില്‍ നിന്ന് എഴുന്നേറ്റു.
എന്റേതാണെന്ന നാട്യത്തില്‍ ഔദാര്യപൂര്‍വ്വം ഞാനൊഴിഞ്ഞുകൊടുത്ത സീറ്റിനു വേറെ അവകാശി വന്നതോടെ ഞാനും അങ്കലാപ്പിലായി. ബാഗ് വലിച്ചു തുറന്ന് ടിക്കറ്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് ഒരു ഞെട്ടലോടെ മനസ്സിലാക്കിയത്, തെറ്റു പറ്റിയത് പതിവു പോലെ എനിക്കു തന്നെയാണെന്ന്. പിന്നിലുള്ള വരിയിലാണ് എന്റെ സീറ്റ്. പതുക്കെ ഞാനും എഴുന്നേറ്റു.

ഒരു സീറ്റ് അന്വേഷിച്ച് വന്നപ്പോള്‍ രണ്ട് സീറ്റ് ഒഴിയുന്നതു കണ്ട് അത്ഭുതപ്പെടുകയാണ് വന്നയാള്‍. അപ്പോഴേക്കും മണിക്കുട്ടന്റെ അച് ഛനും എത്തിച്ചേര്‍ന്നു. കാര്യങ്ങളുടെ കിടപ്പത്ര പന്തിയല്ലെന്നു മനസ്സിലാക്കിയതോടെ കൂടുതല്‍ കോം പ്ലിക്കേഷന്‍ ഒഴിവാക്കാനായി സീറ്റ് അന്വേഷിയായെത്തിയ ചെറുപ്പക്കാരന്‍ പിന്നിലേക്ക് മാറിയിരുന്നു.പോകുന്ന പോക്കിന് എന്നെയൊന്ന് തറപ്പിച്ചു നോക്കിയെന്നത് എനിക്ക് തോന്നിയതാണോ ആവോ..??. അയാളുടെ സ്വന്തം സൈഡ് സീറ്റ് നശിപ്പിച്ച എന്നെ മനസ്സിലെങ്കിലും ശപിച്ചിട്ടുണ്ടാവും എന്നുള്ളതുറപ്പ്.
നാണക്കേട് കൊണ്ട് എന്റെ തല താഴ്ന്നു. സീറ്റ് മാറി ഇരുന്നുപോയി എന്നതിനേക്കാളും, ഓരോ സെക്കന്‍ഡിലും ഞാന്‍ ഒഴിഞ്ഞു കൊടുത്ത എന്റെ സീറ്റ് എന്നഹങ്കരിച്ചുകൊണ്ടിരുന്ന എന്റെ അഭിമാനത്തിന്റെ തലയ്ക്കല്‍ തന്നെയായിരുന്നു അടിയേറ്റത്. മണിക്കുട്ടന്‍ മാത്രം യാതൊരു ഭാവവ്യത്യാസവുമില്ലാതെ അമ്മയുടെ മടിയില്‍ ചാരിയിരുന്ന് ഒരു ചോക്ളേറ്റിന്റെ തൊലിയുരിയുകയാണ്. ഇവര്‍ക്കു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തതുകൊണ്ടാണ് എനിക്കിങ്ങനെയൊരു നാണക്കേട് വന്നത് എന്നൊരു പുതിയ കണ്ടുപിടുത്തത്തിലേക്കാണ് എന്റെ മനസ്സ് എത്തിച്ചേര്‍ന്നത്. ഉമിത്തീയില്‍ എന്നതു പോലെ ഞാന്‍ നീറിത്തുടങ്ങി.
ചോക്ളേറ്റ് തിന്നു കഴിഞ്ഞതും കുട്ടിയുടെ ഷട്ടില്‍ സര്‍വ്വീസ് പുനരാരം ഭിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരാളുടെ കാലില്‍ തടഞ്ഞ് കുട്ടി നേരെ എന്റെ ദേഹത്തേക്ക് മറിഞ്ഞു വീണു. മനസ്സിലുണ്ടായിരുന്ന അമര്‍ഷം മുഴുവന്‍ എന്റെ കണ്ണിലൂടെ പുറത്തു വന്നു. ഞാന്‍ രൂക്ഷമായി കുട്ടിയെ നോക്കി,കണ്ണെടുത്തതും എന്നെ തന്നെ ശ്രദ്ധിച്ചിരിക്കുന്ന മണിക്കുട്ടന്റെ അമ്മയെയാണ് കണ്ടത്. കുട്ടിയെ അടുത്തേക്ക് വിളിക്കുന്ന അവരുടെ മുഖഭാവം കണ്ടപ്പോഴേ അവനു നല്ല അടി കിട്ടുമെന്ന് എനിക്കുറപ്പായി. ഞാനാകെ ചുരുങ്ങി ചെറുതായി പോയി.ഇന്ന് ചെയ്യുന്നതു മുഴുവന്‍ അബദ്ധമായി തീരുകയാണ്. എന്റെ ഓരോ വൃത്തികെട്ട കോം പ്ലക്സുകള്‍ കാരണം , വേദനിക്കാന്‍ പോവുന്നതൊരു പാവം അഞ്ച് വയസ്സുകാരനാണ്.

കുട്ടിയുടെ കരച്ചില് ഇപ്പോ കേള്‍ക്കും കേള്‍ക്കും എന്ന് പേടിച്ച് അവരുടെ ഭാഗത്തേക്ക് നോക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ അകലേക്ക് നോക്കിയിരിപ്പായി. മണിക്കുട്ടനു കിട്ടുന്ന ഓരോ അടിയും എന്നെയാണ് വേദനിപ്പിക്കുക എന്നെനിക്കുറപ്പായിരുന്നു.

കുറച്ചു നേരം കഴിഞ്ഞിട്ടും കരച്ചിലൊന്നും കേള്‍ക്കുന്നില്ല. ഞാന്‍ ഇടംകണ്ണിട്ടു നോക്കിയപ്പോള്‍ അമ്മ കുട്ടിയുടെ രണ്ടു ചെവിയിലും പിടിച്ച് കിഴുക്കുന്നുണ്ട്. പക്ഷേ ആ മിടുക്കന്‍ നിന്ന് ചിരിക്കുകയാണ്. അതു കണ്ടതോടെ അറിയാതെ ഞാനും ചിരിച്ചു പോയി. അന്തരീക്ഷത്തിനൊരു അയവ് വന്നു.

അങ്ങനെ യാത്രയുടെ മൂന്നാം ഘട്ടമായപ്പോഴേക്കും എന്റെ കൈയിലുള്ള ചോക്ലേറ്റുകള്‍ അവസാനിപ്പിക്കാനും, എന്റെ കൂടെ പാട്ടു കേള്‍ക്കാനും എനിക്കൊരു കൂട്ടായി മണിക്കുട്ടനുമുണ്ടായിരുന്നു




Monday, January 31, 2011

ബെസ്റ്റ് ഓഫ് ലക്ക്

അഞ്ചു ദിവസമായി, ഗൗരിയും ഹരിയും തമ്മില്‍ പിണക്കം തുടങ്ങിയിട്ട്.
പതിവു പോലെ ഒരു നിസ്സാര കാരണത്തിനു തുടങ്ങിയ പിണക്കമാണ്. പക്ഷേ പതിവിനു വിപരീതമായി ഇത്തവണ അഞ്ചാം ദിവസത്തിലേക്കും പിണക്കം നീണ്ടുപോയിരിക്കുകയാണ്.
പിണങ്ങാന്‍ എപ്പോഴും മുന്‍ കൈയ്യെടുക്കുന്നത് ഗൗരിയാണെങ്കിലും, പിണക്കം അവസാനിപ്പിക്കുന്നത് മിക്കപ്പോഴും ഹരിയാണ്. ഇത്തവണ എന്താണാവോ അവനും അനങ്ങുന്ന മട്ടില്ല...(സഹികെട്ടിട്ടാവും). ഓരോ പിണക്കവും അതിന്റെ പരിഭവവും ഒക്കെ കഴിയുമ്പോള്‍ ഗൗരി തീരുമാനിക്കും, ഇനി ഹരിയോട് പിണങ്ങുന്ന പ്രശ്നമേയില്ല എന്നൊക്കെ. പക്ഷേ മാസം ഒന്ന് കഴിയുന്നതിനു മുന്നേ അടുത്ത പിണക്കം വന്നിട്ടുണ്ടാവും.

പിണങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും പിണങ്ങിയത് എന്തിനായിരുന്നു എന്നതു തന്നെ ഗൗരി മറന്നു തുടങ്ങിയിരുന്നു. എന്നാലും ഇത്ര ദിവസമായിട്ടും ഹരി ഒന്നു വിളിച്ചില്ലല്ലോ എന്ന സങ്കടപ്പുറത്ത് അങ്ങോട്ടു വിളിക്കാതെ ബലം പിടിച്ചിരുന്നു.

അഞ്ചാം ദിവസമായപ്പോഴേക്കും ഗൗരിയാകെ അസ്വസ്ഥയായി. ഇന്നാണെങ്കില്‍ പരീക്ഷയും ഉള്ള ദിവസമാണ്. പരീക്ഷ തുടങ്ങിയപ്പോള്‍ മുതല്‍ സ്വസ്ഥത ഇല്ലാതായതാണ്. അതിന്റ കൂടെ ഹരിയുമായുള്ള പിണക്കവും കൂടിയായപ്പോള്‍ പൂര്‍ത്തിയായി.

എഴുത്തു പരീക്ഷ പിന്നേയും സഹിക്കാം, റിസള്‍ട്ട് വരുന്നതു വരെ ഒരു സമാധാനമുണ്ടല്ലോ..!! ഈ വൈവ പരീക്ഷയാണ് ഗൗരിയ്ക്ക് ഏറ്റവും പേടി. നാല് സിംഹങ്ങളുടെ മുന്നില്‍ വിയര്‍ത്തൊലിച്ച് വായ വരണ്ട്, ഇരിക്കേണ്ടി വരുന്നതോര്‍ത്ത് ഗൗരിയുടെ ഉറക്കം നഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.
സാധാരണയായി ഹരിയുടെ കൈയ്യില്‍ നിന്ന് ഒരു ''ബെസ്റ്റ് ഓഫ് ലക്ക്'' വാങ്ങിയാണ് പരീക്ഷക്കു പോകുന്നത്.
പിണങ്ങിയിരിക്കുന്ന സമയമായതിനാല്‍ ഇന്ന് അങ്ങിനെയൊരു ആശംസ കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ലെങ്കിലും ഗൗരി ഇടക്കിടയ്ക്ക് ഫോണ്‍ എടുത്തു നോക്കിക്കൊണ്ടിരുന്നു. ഓരോ തവണയും നിരാശയോടെ തിരികെ വെക്കുകയും ചെയ്തു കൊണ്ടിരുന്നു.
താഴെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാവും പെട്ടന്നൊരു തോന്നല്‍, ഇപ്പോ ആ ''ബെസ്റ്റ് ഓഫ് ലക്ക്'' വന്നിട്ടുണ്ടാവുമെന്ന്. ഉടനെ ഓടി വന്ന് നോക്കും. വൊഡാഫോണ്‍ അയക്കുന്ന ഓരോ മെസ്സേജുകളല്ലാതെ വേറെയൊന്നുമുണ്ടാവില്ല.
കോളേജിലേക്ക് പോവാറായപ്പോഴേക്കും മനസ്സു ചത്തു. മറ്റെല്ലാ കാര്യത്തിനേക്കാളുമധികം അന്ധവിശ്വാസിയാണ് ഗൗരി പരീക്ഷക്കാര്യത്തില്‍. ഹരിയുടെ ''ബെസ്റ്റ് ഓഫ് ലക്ക്'' കിട്ടാതെ ഒരു പരീക്ഷക്കും പോയിട്ടില്ല ഇതു വരെ.
സ്കൂട്ടറില്‍ കയറുന്നതിനു മുന്‍പും ഒന്നു കൂടി ഫോണെടുത്ത് നോക്കി....വന്നിട്ടില്ല.
വണ്ടി നീങ്ങി തുടങ്ങിയപ്പോഴാണ് എന്തോ ഒരു വ്യത്യാസം പോലെ. കാറ്റൊക്കെ കൂടുതല്‍ മുഖത്തടിക്കുന്നു, തലമുടിയൊക്കെ ആകെ പാറിപ്പറക്കുന്നു. ഗേറ്റിന്റെ അടുത്തെത്തിയപ്പോഴേക്കും സം ഭവം പിടികിട്ടി. ഹെല്‍മെറ്റ് എടുത്തിട്ടില്ല. അവിടെയിട്ട് വണ്ടി തിരിക്കുന്നതിനേക്കാള്‍ എളുപ്പം, നടന്നു പോവുന്നതാണെന്ന് തീരുമാനിച്ച്, തിരിച്ചു വീട്ടിലേക്ക് നടന്നു തുടങ്ങിയപ്പോള്‍ ഹെല്‍മെറ്റുമായി അമ്മാവന്‍ പകുതി വഴിയിലെത്തിയിട്ടുണ്ട്. .'' ഏതു ബോധത്തിലാണ് വണ്ടിയുമെടുത്ത് പോവുന്നത്..??'' എന്നതേ ചോദിച്ചുള്ളൂ, ഭാഗ്യത്തിന്..
പിന്നേയും വണ്ടി മുന്നോട്ട്...
കഷ്ടിച്ച് ഒരു നാലു കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞപ്പോഴാണ്, അകക്കണ്ണില്‍ ഒരു ദൃശ്യം തെളിഞ്ഞു വന്നത്. . അലക്കി, തേച്ചു മടക്കിയ വെള്ള കോട്ടും അതിന്റെ പോക്കറ്റിലൊന്നില്‍ വിശ്രമിക്കുന്ന സ്റ്റെതസ്കോപ്പും, നീ ഹാമ്മെറും തെക്കിനിപ്പടിയില്‍ ഭദ്രമായി ഇരിക്കുന്ന കാഴ്ച.
എടുക്കാന്‍ മറന്നിരിക്കുന്നു...
ഹാള്‍ ടിക്കറ്റില്ലാതെ ചെന്നാലും ഇന്നത്തെ വൈവക്കു ചിലപ്പോള്‍ കേറാന്‍ പറ്റുമായിരിക്കും, പക്ഷേ ഓവര്‍ക്കോട്ടില്ലാതെ ചെന്നാല്‍ വാര്‍ഡിന്റെ ഏഴയലത്തു പോലും അടുപ്പിക്കില്ല.

റോഡ് പണിയും പരിഷ്കാരങ്ങളും കാരണം വണ്ടി ഒന്നു തിരിക്കണമെങ്കില്‍ പിന്നേയും പോണം ഒരു രണ്ട് കിലോമീറ്റര്‍ മുന്നോട്ട്.

തിരിച്ച് വീട്ടിലെത്തിയപ്പൊഴേയ്ക്കും, മുത്തശ്ശി തുടങ്ങി, ഗൗരിയുടെ ബോധമില്ലായ്മയുടെ വിവരണങ്ങള്‍. ആ വശത്തേക്കുള്ള ചെവി അടച്ചു വെച്ച്, മറന്നു വെച്ച സാധനങ്ങള്‍ ഒക്കെ പെറുക്കി കൂട്ടി വീണ്ടുമിറങ്ങി.

നേരം വൈകിയതു കാരണം സ്പീഡ് ഒട്ടും കുറച്ചില്ല. എന്നാലും നാലും കൂടിയ ഒരു ജംഗ്ഷനില്‍ എത്തിയപ്പോള്‍, റോഡ് മുറിച്ചു കടക്കാന്‍ നിര്‍ത്തിയിരിക്കുന്ന ഒരു ബസ്സിനെ ബഹുമാനിച്ച്, മര്യാദക്കാരിയായി വണ്ടിയൊക്കെ പതുക്കെയാക്കി നിര്‍ത്തിയതായിരുന്നു. അപ്പോഴാണ് തൊട്ടു മുന്നിലുള്ള ബൈക്ക് ചേട്ടന്‍ ബസ്സിനെയൊന്നും മൈന്‍ഡ് ചെയ്യാതെ ബൈക്ക് വെട്ടിച്ചെടുത്തൊരു പോക്ക്. ബസ്സിലെ കിളിച്ചേട്ടന്‍ എന്തോ വിളിച്ചു പറയുന്നത് ഗൗരിയുടെ തിരക്കു മനസ്സിലാക്കി, പൊയ്ക്കോളാന്‍ പറയുകയാണെന്ന് ഗൗരിയും ധരിച്ചു.
സ്കൂട്ടര്‍ മുന്നിലേക്കെടുത്തതും, ബസ്സും മുന്നോട്ടെടുത്തു. ആയുര്‍വ്വേദ കോളേജിലേക്ക് പുറപ്പെട്ടിട്ട്, ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ എത്തുമല്ലോ എന്ന പരിഭ്രമത്തില്‍ ബ്രേക്ക് പിടിക്കാനും ഗൗരി മറന്നു.

ഭാഗ്യത്തിന് ബസ്സിലെ ഡ്രൈവര്‍ ഗൗരിയെപ്പോലെ അല്ലാത്തതിനാല്‍ ഇടി നടക്കാതെ കഴിച്ചിലായി. അവിടുന്ന് രക്ഷപ്പെട്ടോടി പോരുമ്പോള്‍ ആ ഡ്രൈവറും കിളിച്ചേട്ടനും ചീത്ത വിളിച്ചിട്ടുണ്ടാവുമല്ലോ എന്നാലോചിച്ച് വിഷമിക്കാനൊന്നും ഗൗരി മെനെക്കെട്ടില്ല.
ആ ഹരി ഒരു ബെസ്റ്റ് ഓഫ് ലക്ക് പറയാതിരുന്നതുകൊണ്ടുണ്ടായ പുകിലുകള്‍ ഓര്‍ത്തോര്‍ത്ത് ഗൗരി കോളേജിലെത്തി.
വണ്ടി നിര്‍ത്തി ചാടിയിറങ്ങുമ്പോഴേ കണ്ടു, വാര്‍ഡിനു മുന്നില്‍, സാറന്മാരും കുട്ടികളും എല്ലാരും വന്നു നില്‍പ്പുണ്ട്.
തലേ ദിവസം പോയി കണ്ടു പഠിച്ചു വെച്ച വല്ല രോഗിയേയും തന്നെ പരീക്ഷക്കു കിട്ടിയാല്‍ മതിയായിരുന്നു എന്നൊരു പ്രാര്‍ഥനയേ ഇനി ബാക്കിയുള്ളൂ..

ഓട്ടത്തിനിടയില്‍ കൂടി ഗൗരി വെള്ളക്കോട്ടിനകത്തു കയറി. ഓടി കിതച്ചെത്തിയപ്പോഴാകട്ടെ, പരീക്ഷയുടെ ഗൗരവം മറന്ന് എല്ലാവരുടെ മുഖത്തും ചിരി. ഓവര്‍കോട്ട് ഇട്ടത് തെറ്റിപ്പോയോ, ചെരുപ്പ് മാറിയിട്ടിട്ടുണ്ടോ എന്നൊക്കെ ഗൗരി സൂത്രത്തില്‍ ഒന്നു പരിശോധിച്ചെങ്കിലും ഒന്നും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. പുറകില്‍ നിന്ന് മീര തലയില്‍ തൊട്ടു കാണിച്ചപ്പോഴാണ് ഹെല്‍മെറ്റിന്റെ കാര്യം ഓര്‍മ്മ വന്നത്.. വെപ്രാളത്തിനിടയില്‍ അതൂരി വെക്കാന്‍ മറന്നിരിക്കുന്നു...

ആകെ നാണം കെട്ട് ഹെല്‍മെറ്റുമായി തിരിച്ചു നടക്കുമ്പോഴും കിട്ടാത്ത ആ ''ബെസ്റ്റ് ഓഫ് ലക്കിനു വേണ്ടി മനസ്സു കരഞ്ഞു.
തിരികെ വാര്‍ഡിലെത്തി അവശേഷിച്ച നമ്പറുമെടുത്ത് രോഗിയുടെ അടുത്തേക്ക്...
വിചാരിച്ചതു പോലെ തന്നെ അന്നു രാവിലെ അഡ്മിറ്റ് ആയ ഒരു പുതു പുത്തന്‍ രോഗി ഗൗരിക്കായി കാത്തിരിക്കുന്നു.
രോഗിയെ പരിശോധിച്ച്, വിവരങ്ങളൊക്കെ എഴുതിയെടുത്ത്, സാറന്മാര്‍ക്കു വേണ്ടി കാത്തു നില്‍ക്കുമ്പോള്‍ പോക്കറ്റിനുള്ളില്‍ കിടക്കുന്ന ഫോണിനു ഒരു അനക്കം.
മെസ്സേജ് ആണ്..... ഹരിയുടെ...
'' ബെസ്റ്റ് ഓഫ് ലക്ക്''.

Wednesday, December 29, 2010

പ്രാഞ്ചിയേട്ടന്‍ & the saint

എല്ലാവര്‍ക്കും ക്രിസ്തുമസ് വെക്കേഷന്‍ തുടങ്ങിയ ദിവസമാണ് എനിക്ക് ഇത്തവണ പരീക്ഷയും തുടങ്ങിയത്.
വെക്കേഷനും, ക്രിസ്തുമസും, ന്യൂ ഇയറും എല്ലാം പരീക്ഷയെടുത്തു.
അതു മാത്രമോ... ഏട്ടന്റെ കുഞ്ഞുവാവയുടെ ചോറൂണും അന്നു തന്നെയായിരുന്നു, പരീക്ഷ തുടങ്ങുന്ന ദിവസം.
എല്ലാവരും അണിഞ്ഞൊരുങ്ങി വീട്ടിലേക്ക് വന്നു കയറുമ്പോള്‍, ഞാനും എന്റെ സ്കൂട്ടറും പുറത്തേക്കുള്ള വഴിയിലെത്തിയിരുന്നു.. പരീക്ഷ എഴുതി തീര്‍ത്ത് ഓടിപ്പിടഞ്ഞു വന്നപ്പൊഴേക്കും സദ്യയുടെ അവസാനത്തെ പന്തിയും കഴിഞ്ഞു. അങ്ങനെ ആദ്യാവസാനം പങ്കെടുക്കാതെ ആ ചോറൂണ്‍ അങ്ങനെ കഴിഞ്ഞു പോയി.

അപ്പോഴേക്കും വെക്കേഷനും തുടങ്ങി. അമ്മിണിയും ചിന്നുവും കോഴിക്കോട്ടേക്കുള്ള ബാഗും റെഡിയാക്കി കഴിഞ്ഞു.
കുട്ടികളെ ഇവിടെ തന്നെ പിടിച്ചു നിര്‍ത്താനുള്ള പ്രലോഭനങ്ങളുടെ പട്ടിക നിരത്തുന്നതിനിടയിലാണ് അമ്മാവന്‍ പറഞ്ഞത് '' നിങ്ങളൊക്കെ പോയാല്‍ ഞാനും മാളുവും കൂടി പ്രാഞ്ചിയേട്ടന്‍ കാണാന്‍ പോവും'' എന്ന്. ഇതിലും വലിയ വിശേഷങ്ങളൊക്കെ കോഴിക്കോട്ട് കാത്തിരിക്കുന്നതിനാല്‍ അമ്മിണിയും ചിന്നുവും ഇതൊന്നും മൈന്‍ഡ് പോലും ചെയ്യാതെ വണ്ടി കയറി.
പരീക്ഷ ബഹളത്തിനിടയില്‍ ഈ വെക്കേഷനില്‍ വേറൊന്നും പ്രതീക്ഷിക്കാനില്ലാത്തതിനാല്‍ ഞാന്‍ അമ്മാവന്റെ സിനിമാ ഓഫറില്‍ കേറിപ്പിടിച്ചു.
പിന്നാലെ നടന്ന് ശല്യം ചെയ്ത്, അവസാനം ക്രിസ്തുമസ് ദിവസം സിനിമക്കു കൊണ്ടുപോവാം എന്ന് അമ്മാവനെക്കൊണ്ട് പറയിപ്പിച്ചു ഞാന്‍.
പിന്നെ അതിനായുള്ള കാത്തിരിപ്പ്.....
ക്രിസ്തുമസ് ദിവസം നേരം പുലരുന്നതിനു മുമ്പേ എല്ലാവരേയും വിളിച്ചുണര്‍ത്തിയത്, ഒരു ഫോണ്‍ കോള്‍ ആണ്. രണ്ടു കൊല്ലമൊക്കെയായി സുഖമില്ലാതെ കിടക്കുകയായിരുന്ന ഒരു വല്ല്യമ്മയുടെ മരണസന്ദേശം.
അങ്ങനെ ക്രിസ്തുമസിന് എനിക്ക് ഏകാന്തവാസം വിധിച്ചുകൊണ്ട് എലാവരും നേരം വെളിച്ചമായപ്പോഴേക്കും യാത്രയായി.. പിന്നെ തിരിച്ചു വന്നത് അര്‍ദ്ധരാത്രിക്കു തൊട്ടുമുമ്പാണ്.
എന്റെ സിനിമയുടെ കാര്യം നടന്നില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ..??

പിറ്റേദിവസം ഞായറാഴ്ച, തൊട്ടടുത്ത ദിവസം പരീക്ഷയുള്ളതിനാല്‍, എന്റെ സിനിമാ മോഹത്തിനെ ഒരു മൂലയ്ക്കാക്കി, ഞാന്‍ പുസ്തകമെടുത്ത് ഇരിപ്പായി.
അപ്പോഴാണ് അമ്മയുടെ വിളി.. പലതും പറഞ്ഞ കൂട്ടത്തില്‍ നടക്കാതെ പോയ സിനിമാക്കഥയും പറഞ്ഞു ഞാന്‍.
അമ്മാവന്‍ സമ്മതിക്കില്ല എന്ന ഉറപ്പിന്മേലായിരിക്കും, അമ്മ ഉദാരമനസ്കയായി..'' സിനിമ എന്നൊക്കെ പറഞ്ഞാല്‍ ഒരു മൂന്ന് മണിക്കൂറിന്റെ കാര്യമല്ലേയുള്ളൂ.. നിങ്ങള്‍ക്കിന്ന് പോവാമായിരുന്നില്ലേ..???'' എന്നായി അമ്മ.

അമ്മ ചൂട് പിടിപ്പിച്ചതോടെ എന്റെ മോഹത്തിന് പിന്നേയും ജീവന്‍ വെച്ചു.
അമ്മാവന്റെ പുറകേ നടന്നു പറഞ്ഞിട്ടും ആദ്യമൊന്നും ഒരു ഗുണവും ഉണ്ടായില്ല, പിന്നെ ഒരു അഞ്ച് മണിയൊക്കെ ആയപ്പോള്‍ ഒരു പകുതി സമ്മതം കിട്ടി.
അമ്മാവന്റെ മനസ്സു മാറുന്നതിനു മുമ്പ് ഞാന്‍ വേഷം മാറി.... സിനിമയ്ക്കു റെഡിയായി വന്നു.

അപ്പോഴും അമ്മാവന്‍ ഫോണും പിടിച്ചിരിപ്പാണ്. കൃത്യ സമയത്തു തന്നെ ബി എസ് എന്‍ എല്‍ തനിസ്വഭാവം കാണിച്ചു, കോള്‍ പോവുന്നുമില്ല, വരുന്നുമില്ല.
സിനിമ ടിക്കറ്റിന്റെ കാര്യം പറയാന്‍ രാമദാസേട്ടനെ വിളിക്കാനുള്ള ശ്രമത്തിലാണ് അമ്മാവന്‍.

ഇതിനു മുമ്പ് ഞങ്ങള്‍ കാണാന്‍ പോയ സിനിമ പഴശ്ശിരാജ ആയിരുന്നു.
ഇത്രയും ഗംഭീര ഒരു സിനിമ ഇറങ്ങിയിട്ട് ഞങ്ങളെ കൊണ്ടുക്കാണിക്കാത്തതിന് നാട്ടുകാര്‍ വരെ ചീത്ത പറഞ്ഞു തുടങ്ങിയപ്പോഴാണ് അമ്മാവന്‍ പഴശ്ശിരാജയ്ക്കു കൊണ്ടുപോയത്.
തിയേറ്ററില്‍ എത്തുന്നതുവരെ ഞങ്ങള്‍ വിചാരിച്ചിരുന്നത് ഇനി ഈ സിനിമ കാണാന്‍ ഞങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നായിരുന്നു, അവിടെയെത്തിയപ്പോഴോ പൂരത്തിരക്ക്.
നെടുങ്കന്‍ ക്യൂവിന്റെ എറ്റവും പുറകില്‍ ചെന്നു നിന്നപ്പൊഴേ ടിക്കറ്റിന്റെ കാര്യം ഏതാണ്ട് തീരുമാനമായി.
ആശിച്ച് മോഹിച്ച് ഒരു സിനിമയ്ക്കു വന്നത് ഇങ്ങനെയായതിന്റെ സങ്കടം അമ്മിണിയുടേയും ചിന്നുവിന്റേയും മുഖത്തു തെളിഞ്ഞു തുടങ്ങി.
അപ്പോഴാണ് ഓഫീസിന്റെ മുന്നില്‍ തിയേറ്ററിന്റെ ഉടമസ്ഥന്‍ കൂടിയായ രാമദാസേട്ടന്‍ പ്രത്യക്ഷപ്പെട്ടത്.
'ഒന്നു വിളിച്ചിട്ട് വരാമായിരുന്നില്ലേ' എന്നു പറഞ്ഞെങ്കിലും, മാനേജരുടെ കൂടെ ടിക്കറ്റ് ഇല്ലാത്ത ഞങ്ങള്‍ അഞ്ച് പേരേയും അകത്തേക്കു കടത്തി വിട്ടു രാമദാസേട്ടന്‍.
അങ്ങനെ തിരക്കിനിടയില്‍ അഞ്ചു പേരും അഞ്ചു മൂലയിലായി ഇരുന്നാണ് അന്ന് പഴശ്ശിരാജ കണ്ടത്..
ഇത്തവണ അങ്ങനെയൊന്നും വരാതിരിക്കാന്‍ വേണ്ടി ഇറങ്ങുന്നതിനു മുമ്പേ ഒന്ന് വിളിച്ചു പറയാം എന്നു കരുതി ഫോണിന്റെ മുന്നിലിരിക്കുകയാണ് അമ്മാവന്‍. പക്ഷേ ബി എസ് എന്‍ എല്‍ സഹായിച്ചതു കാരണം ആ പൈസ നഷ്ടപ്പെട്ടില്ല.
പിന്നെ ''ഇത് പഴശ്ശിരാജ പോലെയൊന്നുമാവില്ല, പ്രാഞ്ചിയേട്ടന്‍ വന്നിട്ടിപ്പൊ 100 ദിവസം കഴിഞ്ഞു, തിരക്കൊന്നുമുണ്ടാവില്ല. നമ്മള്‍ ചെന്നിട്ടു വേണ്ടി വരും ചിലപ്പോ സിനിമ തുടങ്ങാന്‍'' എന്നൊക്കെയുള്ള എന്റെ വാക്കില്‍ വിശ്വസിച്ച് അമ്മാവനും പുറപ്പെട്ടു.
പോകുന്ന വഴിക്കുള്ള എല്ലാ റോഡ് ബ്ലോക്കിലും മുട്ടറുത്ത് ഞങ്ങള്‍ തൃശ്ശൂരിലെത്തി, തിയേറ്ററിലേക്ക് തിരിയുന്ന വഴിയിലെത്തിയപ്പോഴേ എന്തോ പന്തികേട് തോന്നി തുടങ്ങി. ആകെ തിരക്ക്, കാര്‍ ഒന്നൊതുക്കിയിടാന്‍ പോലും സ്ഥലമില്ല.
പക്ഷേ അപ്പോഴും ഇതൊക്കെ ബെസ്റ്റ് ആക്ടര്‍ കാണാന്‍ വന്നവരുടെ തിരക്കാവും, മ്മടെ പ്രാഞ്ചിയേട്ടനു തിരക്കൊന്നുമുണ്ടാവില്ല എന്നൊരു ശുഭാപ്തി വിശ്വാസം എന്നില്‍ ബാക്കി നിന്നിരുന്നു.
ഓടി ചെന്നപ്പോ ഗേറ്റ് മാന്‍ നല്ല സന്തോഷത്തോടെ ചിരിച്ചു സ്വീകരിച്ചു '' ടിക്കറ്റ് എടുത്തിട്ടുണ്ടല്ലോ ലേ... വേം ചെന്നോ, തുടങ്ങി സിനിമ''
സിനിമ രംഗത്തല്ല ഇപ്പോള്‍ പ്രതിസന്ധി, കാണാന്‍ വന്ന ഞങ്ങള്‍ക്കാണെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്.
പ്രാഞ്ചിയെട്ടന്റെ ടിക്കറ്റും കഴിഞ്ഞോ എന്നു ഞാന്‍ ഒന്നൂടെ ചോദിച്ചു നോക്കി.. ഒക്കെ ഫുള്ളാണെന്ന് ആ ചേട്ടനും.
അവസാന പ്രതീക്ഷയോടെ ഓഫീസിന്റെ ഭാഗത്തേക്ക് ഒന്നു നോക്കി. പക്ഷേ അവിടെയാരും പ്രത്യക്ഷപ്പെട്ടില്ല.
ഞാന്‍ ഗേറ്റില്‍ നില്‍ക്കുന്ന ചേട്ടനോട് കുശലാന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ അമ്മാവന്‍ പരിചയക്കാരെ ആരെയെങ്കിലും കണ്ടുമുട്ടുമോ എന്നറിയാന്‍ ഓഫീസിലേക്ക് കയറി.
ടിക്കറ്റ് അന്വേഷിച്ച് വന്ന് നിരാശരായി മടങ്ങുന്നവരെ കണ്ടുകൊണ്ടിരുന്ന് ഒരിത്തിരി ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
അപ്പോഴാണ് രണ്ട് ടിക്കറ്റുമായി അമ്മാവന്‍ ഇറങ്ങി വന്നത്.. അതോടെ ഞാനും ഉഷാറായി. ചുറ്റിനുമുള്ളവരുടെ അമ്പരപ്പിന്റെ നടുവിലൂടെ പുലിക്കുട്ടികളെ പോലെ ഞങ്ങള്‍ തിയേറ്ററിനകത്തേക്ക് കുതിച്ചു.
'' ആറെണ്ണമേ ബാക്കിയുണ്ടായിരുന്നുള്ളൂ, രണ്ടെണ്ണം നമുക്ക് കിട്ടി'' ഓട്ടത്തിനിടയില്‍ അമ്മാവന്‍ പറഞ്ഞൊപ്പിച്ചു.

ഇതിനകത്തു തന്നെ രണ്ട് സിനിമകള്‍ കളിക്കുന്നതു കൊണ്ട് ഈ സം ഭവം എവിടെയാണെന്നറിയാന്‍ ഒരാളോട് ചോദിക്കുന്നതു വരെ ഞങ്ങള്‍ രണ്ടു പേരും തികഞ്ഞ സന്തോഷത്തിലായിരുന്നു.
ചോദിച്ചുകഴിഞ്ഞതോടെ കണ്‍ഫ്യൂഷനും തുടങ്ങി..'' ഇത് ഏതു ഷോയ്ക്കുള്ള ടിക്കറ്റാണ്..??'' എന്നതായിരുന്നു ആ ചേട്ടന്റെ സംശയം.
ദൈവം സഹായിച്ച് ടിക്കറ്റില്‍ അപ്രകാരമുള്ള വിവരങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു.
സംശയം തീര്‍ക്കാന്‍ ഓഫീസിലേക്ക് വീണ്ടും ചെന്നപ്പോഴാണ് പ്രതിസന്ധി തികച്ചും വ്യക്തമായത്.
''സെക്കന്റിനുള്ള ടിക്കറ്റാണെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ..'' എന്ന് ഓഫീസിലെ ചേട്ടന്‍.
സെക്കന്റ് ഷോയ്ക്കുള്ള ടിക്കറ്റാണെന്ന് ആ ചേട്ടന്‍ പറഞ്ഞത്, അമ്മാവന്‍, സെക്കന്റ് സ്ക്രീനിലെ സിനിമയായ പ്രാഞ്ചിയേട്ടനുള്ള ടിക്കറ്റാണെന്ന് അമ്മാവന്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്നം.
നനഞ്ഞ കോഴികളെ പോലെ ഇറങ്ങി വരുന്ന ഞങ്ങളെ കണ്ടതും ഗേറ്റ്മാന്‍ വീണ്ടും അടുത്തെത്തി..'' ഇപ്പോ എന്തായാലും ടിക്കറ്റ് കൈയ്യില്‍ കിട്ടിയല്ലോ.. സമാധാനമായി ടൗണിലൊക്കെ ഒന്നു കറങ്ങി ഒരു 8.30 ആവുമ്പോ ഇങ്ങു പോര്'' എന്നൊരു ആശ്വസിപ്പിക്കലും.
പുറത്തിറങ്ങിയിട്ട് എങ്ങോട്ടു പോകണമെന്ന സംശയത്തില്‍ ഞങ്ങളൊന്ന് നിന്നു.
നാളെ രാവിലെ ഒമ്പത് മുപ്പതിന് പരീക്ഷ എഴുതേണ്ട ഞാനാണ്....
പക്ഷേ സിനിമക്കെന്നു പറഞ്ഞ് ഇറങ്ങി പുറപ്പെട്ട സമയത്തു തന്നെ കോഴിക്കോട്ടിരിക്കുന്ന അമ്മിണിയേയും ചിന്നുവിനേയും വിളിച്ച് വിവരമറിയിച്ചതാണ് ഞാന്‍. സിനിമ കാണാതെ മടങ്ങിയെന്നറിഞ്ഞാല്‍ പിന്നെ അവരെന്നെ വെറുതെ വിടില്ല..
അതിനും പുറമേ മിക്കവാറും ഇന്നു രാത്രി തന്നെ അമ്മയുടെയും വിളി വരും, സിനിമാകഥ കേള്‍ക്കാന്‍.. സം ഭവങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞാല്‍ അമ്മയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, കളിയാക്കിക്കൊല്ലും.
പരീക്ഷയാണോ പ്രാഞ്ചിയേട്ടനാണോ പ്രധാനം എന്നത് അമ്മാവന്‍ എന്റെ തീരുമാനത്തിനു വിട്ടു..
നാളത്തെ കാര്യം നാളെ..ഇന്ന് എന്തായാലും പ്രാഞ്ചിയേട്ടനു തന്നെയായിരുന്നു എന്റെ മാര്‍ക്ക് .
തൃശ്ശൂര്‍ നഗരത്തില്‍ ഒരു റൗണ്ട് ഉള്ളത് എന്തുകൊണ്ടും സൗകര്യമായി..
വട്ടം കറങ്ങാന്‍ വേറെ സ്ഥലമന്വേഷിക്കണ്ടല്ലോ....
ഒന്നു രണ്ടു റൗണ്ട് കറങ്ങി സമയം 8.30യാക്കി ചെന്നപ്പോള്‍ എണ്‍പത് വയസ്സുള്ള അമ്മാമ്മ മുതല്‍ എട്ട് മാസം തികയാത്ത ക്ടാവ് വരെ പ്രാഞ്ചിയേട്ടനെ പ്രതീക്ഷിച്ചിരിപ്പാണ്. ഞങ്ങളും ആ കൂട്ടത്തിലങ്ങോട്ട് കൂടി..
കാത്തിരിപ്പും കഷ്ടപ്പാടും വെറുതെയായില്ല എന്ന സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും കലണ്ടറില്‍ ദിവസമൊന്ന് മാറിയിരുന്നു.
പുണ്യാളന്‍ എന്റെ പരീക്ഷയ്ക്കും ഒരു 'ആള്‍ ദി ബെസ്റ്റ്' പറഞ്ഞിട്ടുണ്ടാവും എന്ന വിശ്വാസത്തില്‍ പുസ്തകം അടച്ചു, ഞാന്‍ ആ നല്ല ദിവസത്തിനൊരു ഫുള്‍ സ്റ്റോപ് ഇട്ടു വെച്ചു.

Thursday, October 28, 2010

???

പുറത്ത് എന്തൊരു മഴയാണ്

പക്ഷേ ഉള്ള് തീരെ നനയുന്നില്ലല്ലോ...???

Friday, September 10, 2010

ഇങ്ങനേയും ഒരാള്‍

ആശുപത്രിയിലെ പ്രസവമുറിക്കു മുന്നിലായി ഷിജുവിന്റെ കാത്തിരിപ്പ് തുടങ്ങിയതിനു ശേഷമാണ്, പുറത്തെ ഇരുട്ടിനും മഴക്കും ഇത്ര കനം വെച്ചത്.

അകത്തു നിന്നും കേള്‍ക്കുന്ന പല വിധ ഞെരക്കങ്ങള്‍ക്കും, ഒരു ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നെന്ന പോലെയുള്ള കുട്ടിക്കരച്ചിലുകള്‍ക്കും കാതോര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ടിപ്പോള്‍ മണിക്കൂറുകള്‍ പലതായിരിക്കുന്നു.

ഒരേ ഇരുപ്പിരുന്നിട്ട് മേലും കൈയ്യും വേദനിച്ചിട്ട് വയ്യ.

ഈ കാത്തിരിപ്പിന്റെ മടുപ്പും, മഴയുടെ തണുപ്പും അകറ്റാനായി ഒരു സിഗററ്റ് പുകച്ചാലോ എന്നു കരുതിയാണ് ഷിജു പുറത്തേക്കിറങ്ങിയത്.

എന്തൊരു മഴയാണ് പെയ്തു കൂട്ടുന്നത്...!!!

കമ്പിളി നൂലു പോലെ കനത്ത കട്ടി കൂടിയ മഴ..
ഇക്കൊല്ലം മഴ വരാനിത്തിരി വൈകിയെങ്കിലും തുടങ്ങിയപ്പോള്‍ പിന്നെ പൊളിച്ചടുക്കുകയാണ്..

ചീറിയടിക്കുന്ന കാറ്റിനെ കബളിപ്പിച്ച്, സമര്‍ത്ഥമായി സിഗററ്റ് കത്തിച്ച് ഒരു പുകയെടുത്തപ്പോള്‍ ആകെപ്പാടെ ഒരു ഉന്മേഷം...

തോരാതെ പെയ്യുന്ന മഴയിലേക്കു നോക്കി നില്‍ക്കുമ്പോള്‍ ജീവിതത്തില്‍ പെയ്തു പോയ സങ്കടങ്ങളെക്കുറിച്ചോര്‍ക്കുകയായിരുന്നു ഷിജു.

ഇരുട്ടും മഴയും ഒരുമിച്ചു വരുന്ന സന്ധ്യകളിലൊക്കെ തനിച്ചു നില്‍ക്കേണ്ടി വരുമ്പോള്‍ ദേഹത്തിനൊരു വിറയലാണ്.

ഒരിക്കലും തിരികെ വരാതിരുന്ന അമ്മയെ കാത്തിരുന്ന ഒരു രാത്രിയുടെ ഓര്‍മ്മയില്‍ മനസ്സിന്നും തളരുന്നു.

ആരോടോ ഉള്ള വാശി തീര്‍ക്കാനെന്ന പോലെ മഴ പെയ്യുകയായിരുന്നു അന്നും.

അമ്മ കൊണ്ടുവരാമെന്നേറ്റിരുന്ന മിഠായി ആദ്യം വാങ്ങിക്കാനായി പൂമുഖത്തു തന്നെ കാത്തിരിക്കുകയായിരുന്നു ഞാന്‍. അരികത്തു തന്നെ രണ്ടു വയസ്സിന്റെ മൂപ്പുള്ള ചേച്ചിയും.

ഇരുട്ടിനും മഴക്കും കനം കൂടിയിട്ടും ഇരിപ്പ് മാറ്റാന്‍ മടിച്ചു.

പതിവ് സമയമൊക്കെ കഴിഞ്ഞു പോയിട്ടും അമ്മ മടങ്ങി വന്നില്ല......

പിന്നെ ഒരിക്കലും മടങ്ങി വന്നില്ല.

അമ്മയെ അന്വേഷിച്ചുള്ള തന്റെ കരച്ചിലിന് നീളം കൂടിയപ്പോള്‍, കലി തുള്ളി മുന്നിലെത്തിയത് അച് ഛനാണ്. കൈയ്യില്‍ കിട്ടിയ വടി ഒടിയുന്നതു വരെ അടിച്ചിട്ടും അച് ഛന്റെ ദേഷ്യം മാറിയില്ല. ബോധം മറയുമ്പോള്‍ കണ്മുന്നില്‍ അച് ഛന്റെ കറുത്തു തടിച്ച രൂപത്തിന് ആകാശം മുട്ടുന്ന ഉയരമായിരുന്നു.

ഏങ്ങലടികളുടെ ശബ്ദം പുറത്തു കേള്‍ക്കാതെ വായ പൊത്തി പിടിച്ച്, അടുത്തു ചേര്‍ന്നു കിടക്കുമ്പോള്‍ ചേച്ചിയാണ് പറഞ്ഞു തന്നത്, അമ്മ പോയ വിവരം. ഞങ്ങള്‍ രണ്ട് മക്കളേയും അച് ഛനേയും വീടിനേയും ഒക്കെ ഉപേക്ഷിച്ച് അമ്മ പോയ വിവരം.

അതില്‍ പിന്നീടൊരിക്കലും അമ്മയെ വിളിച്ചു കരഞ്ഞിട്ടില്ല.

രണ്ടാനമ്മയുടെ വരവു കൂടിയായപ്പോള്‍ അച് ഛനേയും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു, അതില്‍ പിന്നെ അച് ഛന്റെ നിഴലില്‍ നിന്നു പോലും മാറി നടക്കാന്‍ ശ്രദ്ധ വെച്ചു.

ചേച്ചിയും താനും തീര്‍ത്തും ഒരധിക പറ്റായി വീട്ടില്‍.

കുടും ബക്കാരുടെ സഹതാപവും, നാട്ടുകാരുടെ പരിഹാസവും തിരിച്ചറിയാതെ പകച്ചു പോയ ഒരു ആറു വയസ്സുകാരന്‍ മനസ്സിന്റെ കോണിലെവിടേയോ ഏങ്ങലടിക്കുന്നു ഇപ്പോഴും.

രണ്ടാനമ്മയുടെ കുത്തുവാക്കുകളില്‍ നിന്ന് രക്ഷപ്പെടാനാണ് പത്താം ക്ളാസ്സ് കഴിഞ്ഞ ഉടനെ ചെറിയച് ഛന്റെ ബസ്സിലെ ക്ളീനറായി പോയി തുടങ്ങിയത്.

പിന്നീട് ബസ്സിന്റെ ചവിട്ടു പടിയില്‍ നിന്നു കൊണ്ടു തന്നെ മൂന്നോ നാലോ വര്‍ഷങ്ങള്‍ നീങ്ങിപ്പോയി.

കൂടെ പഠിച്ചു നടന്നവരൊക്കെ കോളേജിലേക്കും അതു കഴിഞ്ഞ് ജോലിക്കായും കണ്മുന്നിലൂടെ കയറിയിറങ്ങി കടന്നു പോയപ്പോഴും പ്രത്യേകിച്ചൊരു വിഷമവും തോന്നിയില്ല.

ഉപദേശിക്കാനും നിയന്ത്രിക്കാനും ആരുമില്ലായിരുന്നു.

ഡ്രൈവര്‍ ചന്ദ്രേട്ടന്‍ മാത്രം ഇടക്കിടക്ക് പറയും, ഇങ്ങനെ വണ്ടി കഴുകി ജീവിതം തീര്‍ക്കരുതെന്ന്.

ചന്ദ്രേട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പിന്നീടൊരു ഡ്രൈവിങ്ങ് ലൈസന്‍സ് സംഘടിപ്പിച്ചതും, ബസ്സിന്റെ ചവിട്ടു പടിയില്‍ നിന്നൊരു മോചനം ലഭിച്ചതും.

കത്തി തീരാറായ സിഗററ്റ് വിരലുകളെ പൊള്ളിക്കാന്‍ തുടങ്ങിയപ്പോഴാണ് ഓര്‍മ്മകളില്‍ നിന്ന് മടങ്ങിയെത്തിയത്.

ലേബര്‍ റൂമില്‍ നിന്നു വരുന്ന നേരിയ ഞെരക്കങ്ങളും, ഇടക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന നഴ്സുമാരുടെ ആജ് ഞകളുമൊഴിച്ചാല്‍ ആശുപത്രി നിശബ്ദം.

മരവിപ്പിക്കുന്ന മഴയുടെ തണുപ്പിലും വേദനിച്ച് വിയര്‍ക്കുകയാവും വിദ്യ...

മഴയിന്നു തോരുന്ന മട്ടില്ല.. തിമര്‍ക്കുകയാണ് കര്‍ക്കിടകം..

ഇതു പോലൊരു മഴയില്‍ ആകെ നനഞ്ഞൊലിച്ചാണ് വിദ്യയേയും കണ്ടത് ആദ്യമായി...

ബസ്സിലെ സ്ഥിരക്കാരി പിന്നീടെപ്പോഴോ മനസ്സിലും സ്ഥാനം പിടിച്ചു.

കറുത്ത് മെലിഞ്ഞ് പ്രത്യേകിച്ചൊരു ഭംഗിയും അവകാശപ്പെടാനില്ലാത്തൊരു പെണ്‍കുട്ടി. അവളോടാണ് ഇഷ്ടമെന്നറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ക്കെല്ലാം അത്ഭുതമായിരുന്നു.

സുന്ദരിയായ അമ്മയുടെ കഥകള്‍ കേട്ടു വളര്‍ന്ന മകന്റെ ഇഷ്ടം ഇങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടത്??

ആറാം വയസ്സിലെ ഒറ്റപ്പെടലിനു ശേഷം സ്നേഹിക്കാനൊരാളെ കിട്ടിയത് വിദ്യയെ കണ്ടുമുട്ടിയതിനു ശേഷമായിരുന്നു.

വിദ്യയുടെ കുസൃതികളും അവസാനിക്കാത്ത വാശികളും തിരികെ തന്നതൊരു ജീവിതമായിരുന്നു.

അവളുടെ നീളന്‍ മുഖവും വലിയ കണ്ണുകളും ഓര്‍മ്മിക്കാന്‍ ശ്രമിച്ചു കൊണ്ട് ലേബര്‍ റൂമിനു മുന്നിലെ ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു.

പക്ഷേ ഇന്നത്തെ ഈ മഴയില്‍ പെയ്തു നിറയുന്നത് അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളാണ്.

വേണ്ടെന്നു വിചാരിക്കുന്തോറും അധികമധികമായി അമ്മ മനസ്സിലേക്ക് കയറി വരുന്നു.

പുതിയ ഒരു കണ്ണി കൂടി ചേര്‍ക്കപ്പെടാന്‍ പോകുന്ന ദിവസമായതിനാലാവാം.

നീണ്ട കാത്തിരിപ്പിനിടയില്‍ എപ്പോഴോ ചെറുതായൊന്നു മയങ്ങി.

തോരാത്ത മഴയും, അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളും സ്വപ്നത്തിലും പിന്തുടര്‍ന്നു.

പുറത്തു ആഞ്ഞു വെട്ടിയ ഒരു ഇടിയില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ''അമ്മേ..'' എന്നു വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അതേ സമയത്തു തന്നെ അകത്തു നിന്നും ഒരു കരച്ചില്‍ കേട്ടു...

അമ്മയെ അന്വേഷിച്ചു കരയുന്ന ഒരു പുതിയ ജീവന്‍...

Wednesday, May 19, 2010

പുതുക്കോട്ടയിലെ പുതുമണവാളന്‍

വീണു കിട്ടിയതു പോലെ അപ്രതീക്ഷിതമായാണ് ഇത്തവണ ഒരു രണ്ടാഴ്ച വെക്കേഷന്‍ ഒത്തു
കിട്ടിയത്.
സ്കൂള്‍ പഠിത്തം കഴിഞ്ഞതില്‍ പിന്നെ വേനലവധി എന്നത് ഒരു നടക്കാത്ത സ്വപ്നം
മാത്രമായി മാറിയതായിരുന്നു.

ആഗ്രഹിച്ചു കിട്ടിയ വെക്കേഷന്‍ ആഘോഷിച്ചു തിമര്‍ക്കാം എന്നു കരുതിയത് പക്ഷേ
വെറുതേയായി.

സ്കൂള്‍ അവധിയുടെ രസമൊന്നും ഈ കോളേജ് അവധിക്കില്ലെന്നേ.....

ഇതിപ്പോ രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ആകെ ബോറടിച്ചു തുടങ്ങി.
വീട്ടിലിരുന്നു മടുത്തു.

കത്തിക്കാളുന്ന വെയിലില്‍ ഒന്നു പുറത്തിറങ്ങാന്‍ പോലും വയ്യ.

പിന്നെ തനിച്ചിരിക്കേണ്ട എന്നൊരു ഗുണം മാത്രമുണ്ട്.

കൂട്ടിനായി ഒരു നാലാം ക്ളാസ്സുകാരിയും ഒരു ഏഴാം ക്ലാസ്സുകാരിയും
വീട്ടിലുണ്ട്. എന്റെ അമ്മാവന്റെ മക്കളാണ്.

സ്കൂള്‍ പൂട്ടിയിട്ട് മാസമൊന്ന് കഴിഞ്ഞതിനാല്‍ അമ്മിണിക്കും ചിന്നുവിനും
അവധിക്കാലത്തിന്റെ രസമൊക്കെ തീര്‍ന്നിരിക്കുകയായിരുന്നു.

ടി വി കണ്ടും തമ്മില്‍തല്ലു കൂടിയും ആകെ മടുത്തിരിക്കുമ്പോഴാണ് അവര്‍ക്ക്
എന്നെ കിട്ടിയത്. അതോടെ എന്നെ ഭരിക്കലായി അവരുടെ ഒരു പ്രധാന വിനോദം.

ഒരു പുസ്തകം വായിക്കാനോ, ആ കം പ്യൂട്ടര്‍ ഒന്ന് ഓണ്‍ ചെയ്യാനോ എന്തിനു
പറയുന്നു ഒരഞ്ചു മിനുട്ട് വെറുതെയിരിക്കാനോ അവരുള്ളപ്പോള്‍ എനിക്ക്
അനുവാദമില്ല..

ഒന്നുകില്‍ ഞാന്‍ അവരോട് സംസാരിച്ചുകൊണ്ടിരിക്കണം അല്ലെങ്കില്‍ അവരുടെ
കൂടെ കളികളില്‍ ചേരണം.

എന്നെ കളിക്കാന്‍ കൂട്ടാന്‍ വല്യ ഉല്‍സാഹമാണ് രണ്ടുപേര്‍ക്കും.

ഞാനുണ്ടെങ്കില്‍ പിന്നെ തോല്‍ക്കാന്‍ വേറെ ആളെ അന്വേഷിക്കേണ്ട
കാര്യമില്ലല്ലോ...!!!

ഉച്ച കഴിഞ്ഞ് അമ്മാവനും മുത്തശ്ശിയും കൂടി ഒരു ബന്ധുവീട്ടില്‍ പോയതോടെ
വീടിന്റെ സര്‍വ്വാധിപത്യം ഞങ്ങള്‍ കുട്ടികള്‍ക്ക് സ്വന്തമായി.

ഒട്ടും സമയം കളയാതെ തന്നെ അമ്മിണിയും ചിന്നുവും കളിസാധനങ്ങളുമായി രംഗപ്രവേശം
ചെയ്തു.

വഴുതി മാറാനുള്ള അവസരങ്ങളൊന്നും തരാതെ അവരെന്റെ മേല്‍ പിടി മുറുക്കി.

കളി തുടങ്ങി...... ഞാന്‍ തോല്‍ക്കാനും...

തോറ്റ് തോറ്റ് ക്ഷീണിച്ചപ്പോഴാണ് ഞാന്‍ അവരുടെ ശ്രദ്ധ മാവിന്‍
ചുവട്ടില്‍ വീണു കിടക്കണ മാമ്പഴത്തിലേക്കും മരത്തിനു മുകളില്‍ പഴുത്തു കിടക്കണ
ചാമ്പക്കയിലേക്കും പേരക്കയിലേക്കുമൊക്കെ തിരിച്ചു വിട്ടത്..

എന്തായാലും അതേറ്റു..

കളി നിര്‍ത്തി ഞങ്ങള്‍ മൂന്നു പേരും പുറത്തിറങ്ങി...

ചിന്നു മാവിന്‍ ചുവട്ടിലേക്കോടി...

അമ്മിണി ചാമ്പക്കമരം തെരെഞ്ഞെടുത്തു...

അവശേഷിച്ച പേരമരത്തില്‍ ഞാനും വലിഞ്ഞു കയറി..

ഒരു പേരക്ക പറിച്ച് വായിലിട്ടതേയുള്ളൂ..

അപ്പോഴേക്കും ഒരു സ്കോര്‍പിയോ വന്നു നിന്നൂ മുറ്റത്ത്..

മൂന്ന് നാല് ആള്‍ക്കാരുമുണ്ട് അതിനകത്ത്..

ആദ്യം പുറത്തിറങ്ങിയതൊരു മുത്തശ്ശന്‍, പിന്നാലെ ഒരു അച് ഛനും അമ്മയും,
അവസാനമൊരു ചെറുപ്പക്കാരനും..

എനിക്കൊരു കണ്ടുപരിചയം പോലും തോന്നിയില്ല ആരേയും...

ഈ വന്നവരുടേ കണ്ണില്‍ പെടാതെ പേരമരത്തില്‍ നിന്നിറങ്ങാനുള്ള വെപ്രാളത്തില്‍
എന്റെ കാലൊന്നു വഴുക്കി.....

എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് ഞാന്‍ താഴെ വന്ന് ലാന്‍ഡ്
ചെയ്തു...
അല്ലെങ്കിലും എപ്പോഴും ഇങ്ങനെയാണ്, എനിക്കൊരു അബദ്ധം പറ്റാണെങ്കില്‍
കാണാനായിട്ട് മിനിമം ഒരു നാലു പേരെങ്കിലും ഉണ്ടാവും...

അപ്പോഴേക്കും അമ്മിണിയും ചിന്നുവും മിടുക്കികളായി പുറകു വശത്തൂടെ ഓടി വന്ന്
മുറ്റത്തെത്തിയിരുന്നു.

ഓട്ടവും വരവും ഒക്കെ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് പരിചയമുള്ളവരാവും
വന്നിരിക്കുന്നത് എന്നതായിരുന്നു എന്റെയൊരു പ്രതീക്ഷ.

പക്ഷേ കുട്ടിമുഖങ്ങളിലും ഇല്ല ഒരു പരിചയ ഭാവവും..

വന്നവരാവട്ടെ കാറൊക്കെ ഒതുക്കിയിടാന്‍ പറഞ്ഞ്, യാതൊരു സംശയവും കൂടാതെ
വാതിലിനു നേരെ നടക്കുകയാണ്..

മറ്റൊരു പോംവഴിയുമില്ലാത്തതിനാല്‍ ഞങ്ങളും ചെന്നു പിന്നാലെ...

അകത്തു കയറ്റിയിരുത്തി, കുടിക്കാനായി സംഭാരവും കൊടുത്തു കഴിഞ്ഞിട്ടും
വന്നത് ആരാണെന്നും എന്തിനാണെന്നും ഒരു പിടിയും കിട്ടിയില്ല.


വന്നവരെന്തെങ്കിലും പറയും എന്ന കാത്തിരിപ്പില്‍ ഞങ്ങളും , വേറെ ആരേയോ
പ്രതീക്ഷിക്കുന്നതു പോലെ വിരുന്നുകാരും..

ഇടക്കിടെ ഞങ്ങള്‍ മൂന്ന് പാവാടക്കാരികളേയും വന്നവര്‍ മാറി മാറി
നോക്കിക്കൊണ്ടിരിക്കുന്നു, അവസാനം ഒരു അവിശ്വസനീയതോടെ നോട്ടം എന്നില്‍
തങ്ങി നില്‍ക്കും.

ഞങ്ങളും ആകെ അന്തം വിട്ടു നില്‍പ്പാണ്


അല്‍പം സമയം കഴിഞ്ഞപ്പോഴേക്കും മെലിഞ്ഞു നല്ല പൊക്കത്തിലുള്ള ആ
മുത്തശ്ശന്റെ നോട്ടത്തിലും ചലനങ്ങളിലും എല്ലാം കുറേശ്ശെ അക്ഷമ പ്രകടമായി
തുടങ്ങി..

കൂട്ടത്തിലുള്ള അച് ഛനും അമ്മയും നേരിയ ഒരു ചിരിയാല്‍ അതിനെ മറയ്ക്കാനും
ശ്രമിക്കുണ്ടായിരുന്നു..

ഫാനിനു നേരെ താഴെയിരിന്നിട്ടും ആ ചെറുപ്പക്കാരന്‍ മാത്രം
വിയര്‍ത്തൊലിക്കുന്നു..


അമ്മിണിയും ചിന്നുവുമാണെങ്കില്‍ ഇവരൊന്ന് പോയിക്കിട്ടിയിരുന്നെങ്കില്‍ ഈ
ചാമ്പക്ക തിന്നാമായിരുന്നു എന്ന ഭാവത്തിലാണ് നില്‍പ്..

കൂട്ടത്തില്‍ മുതിര്‍ന്നതായതു കൊണ്ട് വന്നവരെ സ്വീകരിക്കേണ്ട ചുമതല
എന്റേതുമാത്രമായി...

ആ അമ്മയാണെങ്കില്‍ വല്യ സ്നേഹത്തിലും പരിചയഭാവത്തിലും എന്റെ കൈയ്യൊക്കെ
പിടിച്ചാണ് നില്‍ക്കുന്നത്..
അങ്ങനെയിരിക്കുമ്പോള്‍ ''എന്തിനാ വന്നത്..??'' എന്ന് നേരിട്ട് ചോദിക്കാനും
വിഷമം..

അവസാനം ക്ഷമ നശിച്ച് ആ മുത്തശ്ശന്‍ '' അച് ഛനൊക്കെ എവിടെ..??'' എന്ന്
അന്വേഷണമായി.

ആരുമില്ലെന്നറിഞ്ഞാല്‍ വേഗം പൊയ്ക്കോളും എന്നു കരുതിയിട്ടാവും ചിന്നു
ചാടിക്കയറി പറഞ്ഞു..'' അച് ഛനും മുത്തശ്ശിയും ഗുരുവായൂര്‍ക്കു പോയി. അമ്മ
ജോലിക്കും..''

'' ഞങ്ങള്‍ വരുമെന്ന് അറിയിച്ചിരുന്നതാണല്ലോ..??'' മുത്തശ്ശന്റെ
ശബ്ദത്തിലും നേരിയ ഒരു ശുണ്‍ഠി.

ആകെപ്പാടെ ഒരു പന്തികേട് രണ്ടുകൂട്ടര്‍ക്കും തോന്നി തുടങ്ങി.

ഇനിയെന്തു പറയും എന്നാലോചിച്ച് ഞാന്‍ വിഷമത്തിലായി

അപ്പോഴേക്കും ഭാഗ്യത്തിന് വിരുന്നുകാരുടെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തു
തുടങ്ങി..

'' എവിടെയെത്തി..?? എത്താറായില്ലേ...??''
ഫോണിലൂടെയുള്ള അന്വേഷണങ്ങള്‍ അടുത്തു നില്‍ക്കുന്ന ഞങ്ങള്‍ക്കും
കേള്‍ക്കാമായിരുന്നു.

ആ അച് ഛന്റെ മുഖത്തു പതുക്കെ പ്രത്യക്ഷപ്പെട്ട ചമ്മിയ ചിരി സാവധാനം
മറ്റുള്ളവരിലേക്കും പടര്‍ന്നു.

ഫോണ്‍ സംസാരം അവസാനിച്ചപ്പോഴേക്കും അവര്‍ നാലുപേരും യാത്രക്കൊരുങ്ങി.

ഇപ്പോഴാണ് കാര്യങ്ങള്‍ക്കൊരു വ്യക്തത വന്നത്..

ഞങ്ങളുടെ തന്നെ ബന്ധുവായ നീലിമ ചേച്ചിയെ പെണ്ണുകാണാനായി വന്നവരാണ് വഴി
തെറ്റി ഇവിടെ വന്നു കയറിയിരിക്കുന്നത്.

തറവാട്ടു പേരു പറഞ്ഞ് വഴി ചോദിച്ചപ്പോള്‍ ഞങ്ങളുടെ വീടാണ് ആരോ കാണിച്ചു
കൊടുത്തത്....

എന്തായാലും രക്ഷപ്പെട്ടോടി കാറില്‍ കേറി പോവുന്നതിനു മുന്നേ എന്നെ നോക്കി
ഒന്നു ചിരിക്കാന്‍ മറന്നില്ല കല്യാണച്ചെക്കന്‍..

കാര്‍ ഗേറ്റ് കടക്കുന്നതിനു മുന്നേ അമ്മിണിയും ചിന്നുവും ചിരി തുടങ്ങി..

കുറച്ചു നേരത്തേക്കാണെങ്കിലും,( ആളു മാറിയിട്ടാണെങ്കിലും) ഒരു പെണ്ണു കാണലിനു
വിധേയയായതിന്റെ ക്ഷീണം ഒരു കാപ്പിയില്‍ മറക്കാനായി ഞാന്‍ അടുക്കളയിലേക്കും
നടന്നു.