പാര്‍വ്വതി എന്ന പാറുവും, ശ്രീനാഥ് എന്ന ശ്രീയും ആണിതിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
അപ്പോള്‍ നമുക്കിനി കഥയിലേക്ക് കടക്കാം...
പാറു ആകെപ്പാടെ അസ്വസ്ഥയായിരുന്നു...
കണ്ടകശനിയില്‍ രാഹുവിന്റെ അപഹാരം കൊണ്ടാണാവോ എന്തോ, കാര്യങ്ങളൊന്നും തന്നെ ശരിയായ വിധത്തിലല്ല സംഭവിക്കുന്നതെന്ന് പാറുവിനു തോന്നി തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി..
ആഴ്ചകളും മാസങ്ങളും മുന്നേ തീരുമാനിച്ചുറപ്പിച്ച്, മനസ്സിലൊരു നൂറുവട്ടം റിഹേഴ്സലും നടത്തി, എല്ലാ വിധ തയ്യാറെടുപ്പുകളോടും കൂടി കാത്തിരുന്നതായിരുന്നു, എന്നിട്ടിപ്പോ അവസാനം വഴിയും തെറ്റി വട്ടം കറങ്ങിയ മന്ത്രിയുടെ പൈലറ്റു വാഹനത്തിന്റെ അവസ്ഥയിലായി കാര്യങ്ങള്‍.
കാര്യം പാറുവും ശ്രീയും മെയ് മാസത്തിലെ അവസാന ഞായറാഴ്ച കണ്ടുമുട്ടാം എന്ന് കുറേ മുന്നേ തീരുമാനിച്ചിരുന്നതായിരുന്നു.
റൂം മേറ്റിന്റെ കല്യാണം കൂടാനായി തൃശ്ശൂര്‍ക്ക് വരുന്ന ശ്രീയും, പരീക്ഷയും കഴിഞ്ഞ് സ്വസ്ഥതയും സമാധാനവും വീണ്ടെടുത്ത പാറുവും തമ്മിലൊന്ന് കാണാമെന്നു കരുതിയതില്‍ ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ലല്ലോ..
ശ്രീയുടെ ലീവിന്റെ ഒരു പ്രശ്നം ഇടയില്‍ കയറി വന്ന് കാഴ്ചക്ക് തടസ്സം സൃഷ്ടിക്കുമോ എന്ന് ചെറുതായി ഒന്ന് പേടിപ്പിച്ചെങ്കിലും, അതും എളുപ്പത്തില്‍ ഒഴിഞ്ഞു പോയി, എല്ലാം കൊണ്ടും അനുകൂലമായി മാറിയ കാലവസ്ഥ ആസ്വദിച്ചു തുടങ്ങിയതായിരുന്നു രണ്ടു പേരും.
എന്തായാലും ആ ഇടിവെട്ടില്‍ അവരുടെ മുഖാമുഖം പരിപാടിയുടെ ഫ്യൂസടിച്ചു പോയെന്നു പറഞ്ഞാല്‍ മതിയല്ലോ...
ഒട്ടും പ്രതീക്ഷിക്കാതെ കാര്യങ്ങള്‍ മാറി മറിഞ്ഞപ്പോള്‍, സ്വതവേ ഏതു പാലം കുലുങ്ങിയാലും ഇളക്കം തട്ടാത്ത ശ്രീ പോലും ഒന്ന് കുലുങ്ങിപ്പോയി എന്നാ പാറു പറയുന്നത്.
അവളുടെ കാര്യവും കഷ്ടമായിരുന്നു. മൂന്നാറിലെ തണുപ്പും മനം മയക്കുന്ന കാഴ്ചകളും ഒന്നും പാറുവിന്റെ മനസ്സിനെ സ്പര്‍ശിച്ചതുപോലുമില്ല.
അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന ശ്രീയെ കാത്തിരിക്കുന്ന നൈറ്റ് ഷിഫ്റ്റും ഒഴിവു ദിവസങ്ങളിലെ M.B.A. ക്ളാസ്സും എല്ലാം കൂടിയാവുമ്പോള്‍ അടുത്തൊരു വെക്കേഷന് എന്നാണെന്നും പോലും അറിയാത്ത സാഹചര്യത്തില്‍ അവരുറ്റെ മീറ്റിങ്ങും അനിശ്ചിതമായി നീണ്ടു പോവാനേ ഇടയുള്ളൂ..
തിങ്കളാഴ്ച ശ്രീ തിരിച്ചു പോകുമ്പോള്‍ റെയില്‍ വേ സ്റ്റേഷനില്‍ ചെന്നു കാണാം എന്ന പാറുവിന്റെ നിര്‍ദ്ദേശം, ശ്രീ പരിഗണിക്കുക പോലും ചെയ്തില്ല.
പാറു പല സ്വരത്തിലും രീതിയിലുമൊക്കെ പറഞ്ഞു നോക്കിയെങ്കിലും വെറും നാലു മിനുട്ടു നേരത്തേക്കായി തൃശ്ശൂരില്‍ വരെ ചെല്ലുന്നത് ശ്രീക്ക് സമ്മതമേ ആയില്ല.
ഒടുവില്‍ എല്ലാ പദ്ധതികളും പ്ലാനുകളും പൊളിച്ചടുക്കിയ വിധിക്കു കീഴടങ്ങി യാത്ര പറയാന്‍ തന്നെ അവര്‍ രണ്ട് പേരും തീരുമാനിച്ചു.
പാറുവിന്റെ വീട് റെയില്‍ വേ സ്റ്റേഷന്റെ അടുത്തായതിനാല്‍ അതു വഴി കടന്നു പോകുന്ന ട്രെയിനുകളൊക്കെ പാറുവിന്റെ മുറിയിലിരുന്നാല്‍ തന്നെ കാണാം.
നേരിട്ടു കണ്ട് സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ശ്രീ പോകുന്ന ട്രെയിന്‍ കണ്ടു സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണു പാറു തന്റെ അവസാനവട്ട ശ്രമം നടത്തി നോക്കിയത്.
ബാംഗ്ളൂരിലേക്ക് ടിക്കറ്റുമെടുത്ത്, അമ്മ പൊതിഞ്ഞു കൊടുത്തു വിട്ട ചോറുമൊക്കെയായി യാത്ര തുടങ്ങി കഴിഞ്ഞ ശ്രീ ഇനിയെന്തായാലും തൃശ്ശൂരില്‍ ഇറങ്ങില്ലെന്ന വിശ്വാസത്തിലാണു, 'തൃശ്ശൂരില്‍ ഇറങ്ങുന്നോ..?? വൈകുന്നേരം വല്ല ബസ്സിനും പോവാലോ ബാംഗ്ളൂര്‍ക്ക് ' എന്ന തന്റെ ചിന്തോദ്ദീപകമായ നിര്‍ദ്ദേശം പാറു മുന്നോട്ട് വെച്ചത്.
ചോദിച്ച സമയത്തിന്റെ പ്രത്യേകത കൊണ്ടാണോ എന്തോ, യാതൊരു എതിര്‍പ്പും കൂടാതെ ശ്രീ പെട്ടന്നു തന്നെ സമ്മതിച്ചു.
ബാഗുമെടുത്ത് ഇറങ്ങേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നെ രണ്ടു പേര്‍ക്കും.
പരീക്ഷ കഴിഞ്ഞ് വായിക്കാനായി, പുസ്തകങ്ങള്‍ വാങ്ങാനുള്ള അനുവാദം അമ്മയില്‍ നിന്നും നേരത്തെ വാങ്ങി വെച്ചത് ഈയവസരത്തില്‍ പാറുവിനു പ്രയോജനപ്പെട്ടു എന്ന് പറയാതെ വയ്യ.
ഒരുമിച്ചു ചിലവഴിക്കാനായി ഒരു ദിവസം മുഴുവന്‍ മുന്നില്‍ നീണ്ടു നിവര്‍ന്ന് കിടന്നപ്പോള്‍, വിചാരിച്ചിരിക്കാതെ ലോട്ടറിയടിച്ച അവസ്ഥയിലായി രണ്ടു പേരും.. ആകെ അന്ധാളിപ്പ്.. എന്തു ചെയ്യണം , എവിടേക്ക് പോണം എന്നൊരു പിടിയുമില്ല...
എന്തായാലും അടുത്ത മാസം വരാനിരിക്കുന്ന ശ്രീയുടെ പിറന്നാളിനു ഒരു ഹാപ്പി ബര്‍ത്ത് ഡേ പാടി പ്രോഗ്രാം ആരം ഭിക്കാമെന്നു കരുതി രണ്ടു പേരും കൂടി നേരെ ബാസ്കിന്‍ റോബിന്‍സിലേക്ക് വിട്ടു.
അവിടെ ചെന്ന് മുഖമുയര്‍ത്തി നോക്കുന്നത് വല്ല പരിചയക്കാരുടേയും മുഖത്തേക്കാവുമോ എന്നു പേടിച്ച് പമ്മി പതുങ്ങിയിരുന്ന പാറുവിന്റെ കണ്മുന്നില് കൂടിയാണു ഒരു എട്ടാം ക്ളാസ്സ്കാരനും കൂട്ടുകാരിയും കൂടി നെഞ്ചും വിരിച്ച് തലയുയര്‍ത്തിപ്പിടിച്ച് കടന്നു വന്നത്.
പിന്നെ അവിടെ ഹിന്ദി സിനിമയാണോ തമിഴ് സിനിമയാണോ എന്ന് കണ്ഫ്യൂഷന് ഉണ്ടാക്കുന്ന രംഗങ്ങളായിരുന്നു അരങ്ങേറിയത്.
ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ശ്രീ പാറുവിന്റെ ധൈര്യത്തിനേയും ചങ്കൂറ്റത്തിനേയും അഭിനന്ദിക്കുന്ന രീതിയില്‍ ഒന്നു ചിരിച്ചത് പാറു തല്‍ക്കാലത്തേക്ക് കണ്ടില്ലെന്ന് നടിച്ചു കളഞ്ഞു..
ആ കുളിര്‍മ്മയില്‍ നിന്നും വെയിലത്തേക്കിറങ്ങേണ്ട താമസം ഇനിയെങ്ങോട്ട് എന്ന ചോദ്യം വന്ന് അവരുടെ മുന്നില്‍ നിന്നു.
വേറെ വഴികളൊന്നും കണ്മുന്നില് തെളിയാത്തതു കൊണ്ട് തല്‍ക്കാലത്തേക്ക് മനേക ഗാന്ധിക്ക് ശിഷ്യപ്പെട്ട് , മൃഗശാല വരെ പോയി, സുഖവിവരങ്ങളൊക്കെ ഒന്നന്വേഷിച്ചു വരാമന്നു കരുതി അങ്ങോട്ടാക്കി മാറ്റി യാത്ര.
പക്ഷേ 'തിങ്കളാഴ്ച മുടക്കം' എന്ന ബോര്‍ഡും കണ്ട് സംതൃപ്തരായി തിരിച്ചു പോരാനായിരുന്നു അവരുടെ യോഗം.
എന്ന പിന്നെ തൃശ്ശൂര്‍ നഗരത്തിന്റെ ചരിത്രത്തിലേക്കും പഴമയിലേക്കും ഒന്നു കണ്ണോടിക്കാം എന്ന വിചാരത്തോടെ കാഴ്ച ബംഗ്ളാവാക്കി അടുത്ത ലക്ഷ്യം.
അതും തഥൈവ..... തിങ്കള്‍ അവധി..
തിങ്കളാഴ്ച നല്ല ദിവസം എന്നാരു പറഞ്ഞാലും ശരി, അവര്‍ തൃശ്ശൂരില്‍ വന്നിട്ടുണ്ടാവില്ല എന്നാണു തോന്നുന്നത്..
അങ്ങനേയിരിക്കുമ്പോഴാണു പാറുവിനു സിറ്റി സെന്ററിനെക്കുറിച്ചോര്മ്മ വന്നത്. തൃശ്ശൂരില്‍ വന്നിട്ട് സിറ്റി സെന്റര്‍ കാണിക്കാതെ തിരിച്ചയക്കുന്നത് മോശമല്ലേ..
പിന്നേ ഒട്ടും സംശയിച്ചു നിന്നില്ല നേരെ തൃശ്ശൂരിന്റെ അഭിമാനമായ സിറ്റി സെന്ററിലേക്ക്...
അവിടെയെത്തി എങ്ങോട്ട് തിരിയണം എന്ന് നടവഴിയില്‍ നിന്നാലോചിക്കേണ്ട എന്നു കരുതി ആദ്യം കണ്ട കടയിലേക്കു തന്നെ കയറി.
നിറപ്പകിട്ടുള്ള സാധനങ്ങളും ആള്‍ക്കാരും തിങ്ങി നിറഞ്ഞൊരു കടയായിരുന്നു അത്. ആള്‍ക്കൂട്ടം സമ്മാനിക്കുന്ന സ്വകാര്യത ആസ്വദിച്ചുകൊണ്ട് അവര്‍ നീങ്ങിത്തുടങ്ങി.
സംസാരിച്ചുകൊണ്ട് നടക്കുന്നതിന്റെ ഇടയിലും ഇടതും വലതുമായി നിറഞ്ഞിരിക്കുന്ന വളകളും കമ്മലുകളും പാറു കാണാതിരുന്നില്ല. അവയുണര്‍ത്തിയ പ്രലോഭനം അതിജീവിക്കുക എളുപ്പമായിരുന്നെങ്കിലും, മുകളില്‍ നിരത്തി വെച്ചിരിക്കുന്ന പാവക്കുട്ടികളില്‍ നിന്ന് കണ്ണെടുക്കാനേ പാറുവിനു കഴിഞ്ഞില്ല .
ഇങ്ങനെയൊക്കെയാണെങ്കിലും കാര്യങ്ങള്‍ സുഗമമായി നീങ്ങിക്കൊണ്ടിരിക്കുകയായിരുന്
അപ്പോഴാണു പാറുവിന്റെ തൊട്ടു പുറകിലായി വലിയൊരു ശബ്ദത്തോടെ വളകളുടെ ഒരു കൂമ്പാരം ഇടിഞ്ഞു വീണത്.
ഒരു കടന്നല് കൂട്ടം പോലെ ഇരമ്പിക്കൊണ്ടിരുന്ന ആള്‍ക്കൂട്ടം ഒരു നിമിഷത്തേക്ക് നിശബ്ദമായി.
എല്ലാ മിഴികളും ഒരു ദിശയിലേക്ക്..
പാറുവിന്റെ വെളുത്ത കൈകളായിരിക്കും ഈ സ്ഫോടനത്തിനു പുറകിലെന്ന് ഏകദേശം തീരുമാനിച്ചുറപ്പിച്ചാണു ശ്രീയും തിരിഞ്ഞു നോക്കിയത്.
എന്താണു സം ഭവിച്ചതെന്നറിയാത്ത പരിഭ്രമത്തില്‍ ഒരു കടലാസ്സ് പോലെ വിളറി വെളുത്തു പാറു...
പക്ഷേ ഇത്തവണ ഭാഗ്യം പാറുവിന്റെ കൂടെയായിരുന്നു.
ചുവന്ന ഉടുപ്പിട്ടൊരു നാലു വയസ്സുകാരി കുറ്റമേറ്റെടുത്ത് കരയാന്‍ തുടങ്ങിയത്, പാറുവിനെ തുറിച്ചു നോട്ടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി.
എന്തായാലും അതോടു കൂടി ആ കടയിലെ ഷോപ്പിംഗ് അവസാനിപ്പിച്ച് രണ്ടു പേരും പുറത്തിറങ്ങി.
നടന്ന് ഒന്നാം നിലയിലെത്തി ഒന്ന് ആശ്വസിക്കാം എന്നു കരുതിയപ്പോഴാണു കാത്തു നില്ക്കാന് ക്ഷമയില്ലാത്തതു പോലെ നീങ്ങിക്കൊണ്ടിരിക്കുന്ന എസ്കലേറ്റര്‍...
അതിനെ കാണുമ്പോഴേ പാറുവിനു ചെവിയിലൊരു മൂളലും തലക്കൊരു കറക്കവും വരുമെന്നതിനാല്‍ ആ വശത്തേക്കേ നോക്കിയില്ല പാറു.
പക്ഷേ ശ്രീയുടെ കണ്ണില്‍ അത് പെടുക തന്നെ ചെയ്തു.
അതോടെ ശ്രീ കോണിപ്പടികളെ പൂര്‍ണ്ണമായും ഉപേക്ഷിച്ചു.
ഇവിടെ ഒഴിഞ്ഞു മാറാന്‍ വേറെ വഴികളൊന്നുമില്ലാത്തതിനാല്‍ ശ്രീയുടെ കാലടികളെ പിന്തുടര്ന്ന് പാറുവും എസ്കലേറ്ററിലേറി.
രണ്ടാം നിലയിലെത്തികാലുകളുടെ വിറയലൊന്ന് മാറാനുള്ള സമയം പോലും കിട്ടുന്നതിനു മുമ്പ് മൂന്നാം നിലയിലേക്ക്..
അതും കൂടിയായപ്പോഴേക്കും പാറുവിന്റെ എസ്കലേറ്റര്‍ പേടി ഒരു പഴങ്കഥയായി മാറിയെന്നാണു കേള്‍വി.
മൂന്നാം നിലയിലെ കൂള്‍ബാറില്‍ കയറി ഒരു സോഡ പൊട്ടിച്ച് അതാഘോഷിച്ചതിനു ശേഷം അവര്‍ തിരിച്ചിറങ്ങി.
പിന്നേയും പെരു വഴിയിലേക്ക്...
പിന്നേയും മുകളില്‍ ആകാശം താഴെ ഭൂമി എന്ന അവസ്ഥയില്‍ നടു റോഡിലായി രണ്ടും..
എന്നു കരുതി അങ്ങനെ തോറ്റു പിന്മാറാന് പറ്റില്ലല്ലോ....
തൃശ്ശൂര്‍ പൂരം കാണാന്‍ എന്തായാലും പറ്റിയില്ല, എന്നാ പിന്നെ പൂരം എക്സിബിഷനെങ്കിലും കാണാമെന്നു കരുതി അങ്ങോട്ട് വെച്ചടിച്ചു.
മുകളിലൊരു മേല്‍ക്കൂരയും ചുറ്റികറങ്ങി നടക്കാന്‍ കുറേ സ്ഥലവും കിട്ടിയ ആശ്വാസത്തില്‍ ആ തിരക്കിലൊരോളമായി നീങ്ങിത്തുടങ്ങിയതായിരുന്നു രണ്ടു പേരും.
പക്ഷേ ആ ആശ്വാസത്തിനും അധികം ആയുസ്സുണ്ടായില്ല.
നിരന്നിരിക്കുന്ന സ്റ്റാളുകളിലേക്കൊന്നു നോക്കുക പോലും ചെയ്യാതെ പോവുന്നതിനിടയിലും ബംഗാളി സ്വീറ്റ്സ് നിരത്തി വെച്ചിരിക്കൊന്നൊരു കട പാറുവിന്റെ കണ്ണില്‍ പെട്ടു. മിഠായിയല്ലേ എന്നു കരുതി വെറുതേ അങ്ങോട്ടേക്കൊന്ന് നോക്കിയപ്പോഴാണു അവിടെ പുറം തിരിഞ്ഞു നില്ക്കുന്ന സ്ത്രീയെ നല്ല പരിചയമുള്ളതു പോലൊരു തോന്നല്‍ പാറുവിനു വന്നത്. അടുത്തു നില്ക്കുന്ന രണ്ട് പിറുങ്ങിണി പിള്ളേരെ കൂടി കണ്ടപ്പോള്‍ സംശയം ഒരു തീരുമാനത്തിനു വഴി മാറിക്കൊടുത്തു.
അമ്മായിയുടെ മകള്‍ പ്രിയ ചേച്ചി...!!!!
സാഹചര്യവും സന്ദര്‍ഭവും പ്രിയ ചേച്ചിയോട് കുശലം പറയാന്‍ അനുവദിക്കാത്തതിനാല്‍ പാറു നിലം തൊടാതെ പാഞ്ഞു.
കാര്യമറിയാതെ വായും പൊളിച്ചു നിന്ന ശ്രീ പിന്നാലേയും...
പുറത്തു കടന്ന് ഒരു ഓട്ടോയില്‍ കയറിയതിനു ശേഷമാണു പാറുവിന്റെ ശ്വാസം നേരെയായത്.
ഇത്രയും ധൈര്യശാലിയായ പാറുവിന്റെ കൂടെ ഈ പട്ടണത്തിലൂടെ ഓട്ടോ പ്രദക്ഷിണം നടത്തി കൂടുതല്‍ കുഴപ്പത്തില്‍ ചെന്നു ചാടേണ്ട എന്നു കരുതിയാവും ശ്രീ തിരിച്ചു പോവാനുള്ള വഴികള്‍ അന്വേഷിച്ചു തുടങ്ങി.
K.S.R.T.C. ബസ് സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ കേരള സര്‍ക്കാരിനു എട്ട് മണിക്കു മുമ്പ് ബംഗ്ളൂര്‍ക്ക് പോവാന്‍ യാതൊരു പ്ളാനുമില്ല.
രണ്ട് മൂന്ന് തവണ അവിടെയുള്ള കൗണ്ടറുകള്‍ കയറിയിറങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഇവിടെ ചുറ്റി നടന്നിട്ടൊരു പ്രയോജനവുമില്ല.
അപ്പുറത്തായുള്ള ഹോട്ടലില്‍ അന്വേഷിച്ചാല്‍ കര്‍ണ്ണാടക ബസ്സുകളുടെ സമയവിവരമറിയാം.
ശുക്രനുദിച്ചു നില്ക്കുന്ന സമയമായതിനാല്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ ഭാഗ്യം പോലെ ബസ്സിന്റെ ആള് അവിടെയില്ല.
അയാള്‍ വരുന്നതു വരെ അവിടെ കാത്തു നില്ക്കാമെന്നു വെച്ചാല്‍ മീന്‍ നാറ്റം കാരണം പാറുവിനു തല കറങ്ങി തുടങ്ങി.
പിന്നേയും തിരിച്ചു നടന്നു ബസ് സ്റ്റാന്‍ഡിലേക്ക്....
കുറച്ചു കഴിഞ്ഞ് വീണ്ടും ഹോട്ടലിലേക്ക്....
എന്തായാലും കര്‍ണ്ണാടക സര്‍ക്കാരിനു കേരളത്തിലേതു പോലെ ദാരിദ്ര്യമില്ല. 2.30pm , 3.30pm , 4.30pm , 5.30pm ... ഇഷ്ടം പോലെയാണു ബസ്സുകള്‍... വന്നു കിട്ടേണ്ട താമസമേയുള്ളൂ...
എന്തായാലും ബസ്സ് യാത്രയേ ഇഷ്ടമല്ല, അത്യാവശ്യം വന്നാല്‍ വോള്‍ വോ, അതുമല്ലെങ്കില്‍ സെമി സ്ളീപ്പര്‍ എന്നൊക്കെ പറയാറുള്ള ശ്രീ ഒരു 'സാദാ' ബാംഗ്ളൂര്‍ ബസ്സില്‍, അതും മൈസൂര്‍ വഴിയൊക്കെ കറങ്ങിത്തിരിഞ്ഞ് രാവിലെ മാത്രം ബാംഗ്ളൂരിലെത്തുന്ന ബസ്സില്‍ സീറ്റുറപ്പിച്ചു.
ഒന്നോര്‍ത്ത് സമാധാനിക്കാം...
വലിയൊരു ബാഗും തൂക്കി ഒരു ചെറുക്കനും പിന്നാലെ പരിഭ്രമിച്ചൊരു പെണ്‍കുട്ടിയും ബാംഗ്ളൂര്‍ ബസ്സും അന്വേഷിച്ച് ഓടി നടക്കണതു കണ്ടിട്ടും, ഒളിച്ചോടി പോകുന്നവരാണെന്നു സംശയിച്ച് പോലീസുകാരൊന്നും ഭാഗ്യത്തിനു പിടികൂടിയില്ല, ...
ബസ്സിന്റെ വരവിനായി കാത്തിരിക്കുമ്പോള്‍ ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല രണ്ട്പേര്‍ക്കും.
പ്രതീക്ഷിക്കാതെ കിട്ടിയ വേനല്‍ മഴപോലൊരു കാഴ്ച...
അങ്ങനെ 2.30യുടെ ബസ്സ് കൃത്യമായി 3.15 ആയപ്പോഴേക്കും തന്നെ എത്തിച്ചേര്‍ന്നു...
തത്ക്കാലില്‍ ബുക്ക് ചെയ്ത ട്രെയിന്‍ യാത്രയും അവസാനിപ്പിച്ച്, ഊണു പോലും കഴിക്കാതെ ഇവിടെ അലഞ്ഞു നടന്നതിന്റെ ക്ഷീണമൊന്നും ശ്രീയുടെ മുഖത്ത് ബസ്സിലേക്ക് കയറുമ്പോഴും കണ്ടില്ല എന്നതായിരുന്നു പാറുവിനൊരു ആകെപ്പാടെയുള്ളൊരു സമാധാനം.
തിങ്കളാഴ്ച ഒരു നല്ല ദിവസം തന്നെ....... !!!!!
6 comments:
തിങ്കളാഴ്ച അത്ര മോശം ദിവസം ഒന്നുമല്ലെന്നേ... :)
(കുറച്ചു കൂടി നന്നാക്കാം എന്നു തോന്നുന്നു.)
ഞാനായിരുന്നെങ്കിൽ, ബറ്ത്തുള്ള (കേട്ടിട്ടെയുള്ളു)ബസ്സിൻ രണ്ട് പേറ്ക്കും പുതു ടിക്കറ്റെടുക്കുമായിരുന്നു... :) :)
മാളു ..repost ചെയ്തു അല്ലെ .. നന്നായി ..
pettannu avasanichathu pole thonni... katha onnu koodi neettamayirunnu..
liked it very much !!!
ഹും... എന്നിട്ട് പാറു അതെല്ലാം എഴുതി ബ്ലോഗില്‍ ഇട്ടു എന്ന് കൂടെ ചേര്‍ക്കാതിരുന്നത് എന്താ...
Post a Comment