Tuesday, January 12, 2010

ജനുവരി... ഒരു ഓര്‍മ്മ... ...

വനജ ചേച്ചി മരിച്ചു.

ഇന്നു രാവിലെ....

വല്ലാത്തൊരു മരണമായിരുന്നു.....
വല്ലാത്തൊരു ജീവിതവും..

അഞ്ച് വര്‍ഷമായി തുടര്‍ന്ന് വന്നിരുന്ന നരകയാതനകള്‍ക്കൊടുവില്‍, തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ വനജ ചേച്ചി മരണത്തിന് കീഴടങ്ങി.

നട്ടിലേക്കുള്ള യാത്രകളില്‍ വനജേച്ചിയെ കാണാതെ മടങ്ങാറില്ല ഞാന്‍ ഒരിക്കലും.

പക്ഷേ ഇത്തവണ ചൈതന്യമില്ലാത്ത ആ ശരീരം കാണാന്‍ പോവണമെന്നു തോന്നുന്നതേ ഇല്ല.

ഞ്ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോഴുള്ള ഒരു വേനലവധിക്കാലത്താണ് വനജേച്ചിയുടെ കുടും ബം ഇവിടേക്ക് താമസം മാറിയെത്തിയത്.

സാധാരണയില്‍ കവിഞ്ഞുള്ള ഉയരവും, ഉച്ചത്തിലുള്ള പൊട്ടിച്ചിരിയും വനജേച്ചിയുടെ പ്രത്യേകതയായിരുന്നു..

ചിരി തുടങ്ങാന്‍ പ്രത്യേകിച്ചൊരു കാരണവും വേണമെന്നില്ല, തുടങ്ങിയാല്‍ പിന്നെ ഒന്നു നിര്‍ത്തികിട്ടാന്‍ അതിലേറെ പ്രയാസം.

അച് ഛന്റേയും അമ്മയുടേയും ഒറ്റ മോളായിരുന്നു വനജേച്ചി.
ഒരുപാട് കാലത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കുട്ടിയായതിനാലാവാം വീട്ടിലെ മിക്ക കാര്യങ്ങളിലും വനജേച്ചിയുടേതായിരുന്നു അവസാന വാക്ക്.

വനജേച്ചിയുടെ അമ്മയും ചേച്ചിയെ പോലെ തന്നെ ഉച്ചത്തില്‍ ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന കൂട്ടത്തിലായിരുന്നു.

ഇതിനൊക്കെ പകരമായി, ചേച്ചിയുടെ അച് ഛന്റെ ശബ്ദമാണെങ്കില്‍ പുറത്തേക്ക് കേള്‍ക്കുക പോലുമില്ല.

ഒരു നേരിയ ചിരിയോടെ അമ്മയുടേയും മകളുടേയും സംസാരം കേട്ടുകൊണ്ടിരിക്കുന്ന ആ അച് ഛന്റെ ചിത്രം ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.

ചിരിച്ചു കൊണ്ടല്ലാതെ വനജേച്ചിയെ കാണാന്‍ പ്രയാസമായിരുന്നു. ഒരു മാതിരി വേദനകള്‍ക്കൊന്നും ആ ചിരിയെ മായ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഒരിക്കല്‍ ഏട്ടന്മാരോടുള്ള വാശിയില്‍, മാങ്ങ പറിക്കാന്‍ മാവില്‍ കയറി വനജേച്ചി. ചവിട്ടിയിരുന്ന കൊമ്പിനോടൊപ്പം താഴെയെത്തി, കാലിലും കൈയ്യിലും പരിക്ക് പറ്റാത്തതായി ഒരു സ്ഥലവുമില്ല ബാക്കി.. കണ്ടു നിന്ന ഞങ്ങളെല്ലാം കരച്ചിലായി, വനജേച്ചിക്ക് മാത്രം അപ്പോഴും ചിരി..

അവസാനമായി ഞാന്‍ കണ്ടപ്പോള്‍, കീമോ തെറാപ്പിയും, മുടി കൊഴിച്ചിലും ഒക്കെ കഴിഞ്ഞ്, വീണ്ടും വളര്‍ന്ന് തുടങ്ങിയ മുടി കാണിച്ച്, '' ഇപ്പോ ഒരു അരുന്ധതി റോയി സ്റ്റൈലില്ലേ എന്റെ മുടിക്ക്..??'' എന്നു ചോദിച്ച് ചിരി തുടങ്ങാനും വേറെ ആര്‍ക്കും എളുപ്പമായിരിക്കില്ല.

അവധിക്കാലങ്ങളിലാണ് ഞാന്‍ വനജേച്ചിയെ കാണാറുള്ളത് കൂടുതലും.
ഞങ്ങളുടെ ഒഴിവുകാലം മിക്കപ്പോഴും വനജേച്ചിയുടെ പരീക്ഷക്കാലങ്ങളായിരിക്കും. പക്ഷേ അതൊന്നും ചേച്ചിക്കൊരു പ്രശ്നമായിരുന്നില്ല. പഠിച്ചതിന്റെ മടുപ്പ് തീര്‍ക്കാനെന്ന പേരില്‍ എല്ലാ കളികള്‍ക്കും ചേച്ചിയുണ്ടാവും കൂടെ.

ഏട്ടന്മാരുടെ കൂട്ടത്തിലാവുമ്പോള്‍ വെറും രണ്ടാം കിട പൗരന്മാരായി പരിഗണിക്കപ്പെട്ടിരുന്ന ഞങ്ങള്‍ പെണ്‍കുട്ടികളുടെ സെറ്റിന്, വനജേച്ചിയുടെ വരവോടെ ഒരു രക്ഷാകര്‍ത്താവായി. ചേച്ചിയുടെ നേതൃത്വത്തില്‍ ഞങ്ങളും പ്രസരിപ്പുള്ളവരായി മാറി.

കളികളിലും സംസാരത്തിലും പിന്നോക്കമായിരുന്ന എന്നില്‍ ചേച്ചിക്ക് പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു.
ടൗണില്‍ എന്താവശ്യത്തിനു വരുമ്പോഴും, സിസ്റ്റര്‍മാരുടെ മുറുമുറുപ്പിനേയും ദുര്‍മുഖത്തിനേയും അവഗണിച്ച്, ബോര്‍ഡിങ്ങില്‍ വന്ന് എന്നെ കാണാതെ മടങ്ങിയിരുന്നില്ല ചേച്ചി.
അക്കാലത്തെ എന്റെ ഫേവറിറ്റായ ഓറഞ്ച് മിഠായി കൊണ്ടുവരാനും ഒരിക്കല്‍ പോലും മറന്നിട്ടില്ല.
ചേച്ചി പോയിക്കഴിഞ്ഞ് മണിക്കൂറുകളോളം അതെന്റെ കൈയ്യില്‍ തന്നെ മുറുക്കിപിടിക്കാറുണ്ടായിരുന്നു ഞാന്‍.

ചിരിച്ചും ചിരിപ്പിച്ചും മാത്രം നടന്നിരുന്ന ചേച്ചി പിന്നീടൊരിക്കല്‍ എല്ലാവരേയും ഒരുപാട് കരയിച്ചു.

ഫിസിക്സ് പരീക്ഷയുടെ തലേദിവസം റെക്കോര്‍ഡ് ഒപ്പിടീക്കാനായി കോളേജിലേക്ക് പോയ ചേച്ചി പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നില്ല.
പിന്നീട് വന്നതൊരു ഫോണ്‍ കോള്‍ മാത്രം.
ചേച്ചിയായിട്ട് കണ്ടെത്തിയ ഒരു കൂട്ടുകാരന്റെ കൂടെ ഒരു പുതിയ ജീവിതത്തിലേക്ക് യാത്ര പറയാനായിട്ട്.

ചേച്ചിയുടെ എല്ലാ തീരുമാനങ്ങള്‍ക്കും സമ്മതം മൂളിയിരുന്ന അച് ഛനുമമ്മക്കും ഇതു മാത്രം സമ്മതിക്കാന്‍ കഴിഞ്ഞില്ല.

കൊളുത്തി വെച്ച വിളക്കണഞ്ഞതു പോലെ വല്ലാത്ത ഇരുട്ടിലായി ആ അച് ഛനും അമ്മയും. എന്തിനും ഏതിനും മകളുടെ കൂട്ട് തേടിയിരുന്ന ആ അമ്മക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു ഈ വേര്‍പാട്.
മാനസികമായി തളര്‍ന്നു പോയ ആ അമ്മയെ ശുശ്രൂഷിക്കേണ്ട ചുമതല കൂടി വനജേച്ചിയുടെ അച് ഛന്റേതായി മാറി. കുളിപ്പിക്കുന്നതും, ഭക്ഷണം കൊടുക്കുന്നതും ഉറക്കുന്നതും എല്ലാം ചേച്ചിയുടെ അച് ഛനായിരുന്നു.
ഡോക്ടറെ കാണാനായി മാത്രമായിരുന്നു അവര്‍ അക്കാലങ്ങളില്‍ വീട്ടിനു പുറത്തിറങ്ങിയിരുന്നത്.

വനജേച്ചിയില്ലാത്ത അവധിക്കാലങ്ങള്‍ വിരസമായിരുന്നു..
ചേച്ചിയുടെ ചിരി മുഴങ്ങാത്ത ആ വീടാകട്ടെ ഇരുട്ട് വിഴുങ്ങിയതു പോലെ..

സുഖമില്ലാതിരിക്കുന്ന ചേച്ചിയുടെ അമ്മയെ കാണാന്‍ പോവാന്‍ പോലും മടിയായിരുന്നു..ചേച്ചിയുള്ളപ്പോള്‍ വാലുപോലെ പിന്നാലെ നടന്നിരുന്ന ഞങ്ങളെ ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ ആ അമ്മ പിടിച്ചു അടുത്തിരുത്തും. ഒന്നും പറയില്ല, പക്ഷേ കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടിരിക്കും.

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സന്ധ്യാസമയത്താണ് വനജേച്ചി പിന്നെ ആ വീട്ടിലേക്ക് തിരിച്ചുവന്നത്.
ആ ദിവസത്തെ കളിയവസാനിപ്പിച്ച് മടങ്ങുകയായിരുന്നു ഞങ്ങളൊക്കെ.

ഓട്ടോറിക്ഷ നിര്‍ത്തി, മെലിഞ്ഞുയരത്തിലൊരു പരിചിത രൂപം ഗേറ്റിനരികിലേക്ക് നീങ്ങുന്നത് കണ്ട് അമ്പരന്ന് പിന്നാലെ കൂടി ഞങ്ങളും.

വനജേച്ചി ഗേറ്റിനരികിലെത്തിയതും ചേച്ചിയുടെ അച് ഛന്‍ മുറ്റത്തേക്കിറങ്ങി.
'' എവിടേക്കാണ്..???'' എന്ന ചോദ്യത്തിനു മുന്നില്‍ ചേച്ചിയുടെ കാലുകള്‍ നിശ്ചലമായി. തല കുനിഞ്ഞു.
കാത്തു നില്‍ക്കുന്ന ഓട്ടോറിക്ഷയിലേക്ക് തിരിഞ്ഞു നടക്കാന്‍ ഭാവിച്ചെങ്കിലും വീണ്ടും ചേച്ചി ഗേറ്റിനരികിലേക്ക് തന്നെ തിരിച്ചു വന്നു. ഒരു ബലത്തിനെന്ന പോലെ ഗേറ്റിന്റെ കമ്പിയഴികളില്‍ മുറുക്കെപ്പിടിച്ചു പറഞ്ഞു തുടങ്ങി
പഴയതു പോലെ ഉറച്ച ശബ്ദത്തില്‍..

''ജീവിക്കാന്‍ വേണ്ടിയല്ല, മരിക്കാന്‍ വേണ്ടിതന്നെയാണ് ഇന്ന് ഞാന്‍ ഇറങ്ങി വന്നത്. പുഴയിലേക്ക് തിരിയുന്ന വഴിയിലെത്തിയപ്പോള്‍ തോന്നി, ഇവിടം വരെ ഒന്നു വരണമെന്ന്. അന്നു പറയാതെയാണ് ഞാനീ പടിയിറങ്ങിയത്. ഇന്നിപ്പോള്‍ യാത്ര പറഞ്ഞ് ഇറങ്ങുകയാണ്. ''

എല്ലാം പറഞ്ഞവസാനിപ്പിച്ചെന്ന പോലെ ചേച്ചി ധൃതിയില്‍ നടന്നു തുടങ്ങി.

എന്താണ് സം ഭവിക്കുന്നതെന്നറിയാത്ത അമ്പരപ്പിലായിരുന്നു എല്ലാവരും.

മൂന്ന് വര്‍ഷമായി ആ മുറ്റത്തിനു പുറത്തേക്ക് കാലെടുത്തു വെക്കാത്ത വനജേച്ചിയുടെ അമ്മയാണ് ആദ്യം പിന്നാലെ ഓടിയെത്തിയത്.

രണ്ടുകൈ കൊണ്ടും വനജേച്ചിയെ കെട്ടിപ്പിടിച്ചവര്‍ കരഞ്ഞു. അന്നാണ് ആദ്യമായി വനജേച്ചി കരയുന്നത് ഞാന്‍ കണ്ടത്. അല്‍പ നേരത്തിനുള്ളില്‍ അച് ഛനും ചേര്‍ന്നു അവരുടെ കൂട്ടത്തില്‍.

സങ്കടവും പശ്ചാത്താപവും ഇട കലര്‍ന്ന ആ കരച്ചിലില്‍ ആ അമ്മയുടെ മനസ്സും തെളിഞ്ഞിട്ടുണ്ടാവും.

കഴിഞ്ഞു പോയ മൂന്ന് വര്‍ഷങ്ങളിലെ അനുഭവങ്ങളെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു രണ്ടുകൂട്ടരും.

ഉച്ചത്തില്‍ ചിരിച്ചും ഉറക്കെ സംസാരിച്ചും എല്ലാം പഴയതു പോലെയാണെന്ന് ഭാവിക്കാന്‍ വനജേച്ചി ശ്രമിച്ചു കൊണ്ടേയിരുന്നു.

മകള്‍ തിരിച്ചു വന്നതോടെ ആ അച് ഛന്റേയും അമ്മയുടേയും ജീവിതം പിന്നേയും വനജേച്ചിക്കു ചുറ്റുമുള്ള പ്രദക്ഷിണമായി മാറി.

പുറമേക്ക് കളിയും ചിരിയുമായി കഴിഞ്ഞിരുന്നെങ്കിലും, നൊന്തു പ്രസവിച്ച സ്വന്തം കുഞ്ഞിനെ മറക്കാന്‍ ചേച്ചിക്ക് ഒരിക്കലും കഴിഞ്ഞിട്ടുണ്ടാവില്ല.

അന്ന് മരിക്കാന്‍ തീരുമാനിച്ച് ഇറങ്ങിയതു കാരണം, ആ മോനെ കൂടെ കൂട്ടാതിരുന്നതാണ് ചേച്ചി ചെയ്ത ഏറ്റവും വലിയ അബദ്ധം എന്ന് പറഞ്ഞ്, നിറഞ്ഞ കണ്ണുകളോടെ ചേച്ചി ചിരിക്കുന്നത് കണ്ടിട്ടുണ്ട് ഞാന്‍ പലപ്പോഴും.

പിന്നീടും പല പ്രകാരത്തിലും ശ്രമിച്ചു നോക്കിയെങ്കിലും ഒരിക്കല്‍ പോലും ആ കുഞ്ഞിനെ ഒന്നു കാണാന്‍ പോലും അനുവദിച്ചില്ല ചേച്ചിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍.

നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാല്‍ കോടതി പോലും ചേച്ചിയുടെ സഹായത്തിന് എത്തിയതുമില്ല.

പിന്നീട് ആ സങ്കടവും നെഞ്ചിലൊതുക്കി ചിരിക്കാന്‍ ചേച്ചി പഠിച്ചു തുടങ്ങിയ കാലത്താണ് രോഗത്തിന്റെ വരവ്.

ഓരോ തുള്ളി ചോരയിലും പടര്‍ന്ന് വളര്‍ന്ന്, വേദനിപ്പിച്ചുകൊണ്ടുള്ള അതിന്റെ മുന്നേറ്റം.

ചിരിക്കാന്‍ അനുവദിക്കില്ലെന്ന വാശിയോടെ ജീവിതം മുന്നില്‍ വന്നപ്പോഴും ചേച്ചി ചിരിച്ചു കൊണ്ടേയിരുന്നു.

ഇന്നു രാവിലെ എന്നെന്നേക്കുമായി ആ ചിരി ദൈവം മായ്ച്ചുകളയുന്നതു വരെ.

അവസാനമായി ഒന്നു പോയി കാണാന്‍ എല്ലാവരും നിര്‍ബന്ധിക്കുന്നെങ്കിലും എനിക്കു മനസ്സു വരുന്നില്ല.

തോറ്റു കിടക്കുന്ന വനജേച്ചിയെ എനിക്കു കാണണ്ട..

വഴിയിലൂടെ പോകുന്നവരെ കാണാന്‍ പാകത്തിന് ജനലരികിലേക്ക് നീക്കിയിട്ട കട്ടിലിലിരുന്ന് പുറത്തേക്കൊരു കണ്ണുള്ള വനജേച്ചിയായിരുന്നു ഗേറ്റ് കടന്നെത്തുന്നവരെ ആദ്യം കാണുന്നത്.

മുറ്റത്തേക്ക് കാലെടുത്ത് വെക്കുമ്പോഴേ അശരീരിയായി ചേച്ചിയുടെ ശബ്ദമെത്തും സ്വീകരിക്കാന്‍.

'' മാളു വന്നൂന്നറിഞ്ഞപ്പോ മുതല്‍ നോക്കിയിരിക്കാണ് ഞാന്‍ ഈ ജനലിന്റെ അടുത്ത്..''

അതു മതി..... ഈ ഓര്‍മ്മകള്‍ മതി....

ജനലരുകില്‍ കാത്തിരിക്കുന്ന...
ഉച്ചത്തില്‍ സംസാരിക്കുന്ന..

ഉറക്കെ മാത്രം ചിരിക്കാനറിയുന്ന എന്റെ വനജേച്ചിയെ ഓര്‍മ്മയിലെന്നും സൂക്ഷിച്ചു വെച്ചോളാം ഞാന്‍.

8 comments:

Renjith Nair said...

.

ശ്രീ said...

ഈ പുതുവര്‍ഷം തുടങ്ങുന്നത് വനജ ചേച്ചിയുടെ നോവുന്ന ഓര്‍മ്മകളുമായിട്ടാണല്ലേ?

വനജ ചേച്ചിയുടെ ചിരിയ്ക്കുന്ന മുഖം മനസ്സില്‍ നിന്നും മായാതെ നില്‍ക്കട്ടെ!

ഹന്‍ല്ലലത്ത് Hanllalath said...

മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്ന എഴുത്ത്.
ജീവിതത്തിന്റെ നശ്വരത പൂര്‍ണമായും നമുക്കറിയാം എന്നിട്ടും...........

ഒറ്റയ്ക്കായിപ്പോയ അവരുടെ മാതാപിതാക്കള്‍ക്ക് നന്മ വരട്ടെ.

Khaleel said...

your stories are awesome .. keep the spirit .. u can ensure a new follower for ur blog ...

R Niranjan Das said...

vedhanippikkunna ee ezhuthu valare nannayitundu..

മനീഷ് said...

നന്നായിട്ടുണ്ട്.... മനസ്സില്‍ വേദനയും കണ്ണില്‍ നനവും പടര്‍ത്തുന്ന രചന... പിന്നെ ഇത്തിരി ചിന്തിക്കാനും ഉള്ള അനുഭവ കഥ.....
ആ അച്ഛനെയും അമ്മയുടെയും വേദനയ്ക്കൊപ്പം... അമ്മ ഇല്ലാത്ത ഒരു പിഞ്ചു കുഞ്ഞിന്റെ വേദനയും മനസ്സിനെ സ്പര്‍ശിക്കുന്നു........
ഏറെ ഇഷ്ടപ്പെട്ടു...........
ആശംസകള്‍..............

.................................................മനീഷ്

Ashly said...

പാവം ചേച്ചി.

Unknown said...

നന്നായിരിയ്ക്കുന്നു....വായിച്ചപ്പോള്‍ എന്റ്റെ ജീവിതത്തില്‍ ഉള്ള മറ്റാരുടെയോ ഓര്‍മകള്‍ മനസ്സിലേയ്ക്ക് എത്തി..അതു കൊണ്ടു തന്നെ കണ്ണുകള്‍ നനഞു...എവിടെയെല്ലാമോ നോമ്പരങള്‍...
keep writing...best wishes..