Saturday, April 24, 2010

കാറ്റത്തൊരു പെണ്‍പൂവ്

ശ്യാമിന്റെ കാര്‍ ഗേറ്റ് കടന്നു പോയെന്നുറപ്പുവരുത്തിയതിനു ശേഷമാണ് മീര താഴേക്കിറങ്ങി വന്നത്.

പടികളിറങ്ങുമ്പോഴേ കണ്ടു, മായമ്മ പൂജാമുറിയുടെ മുന്നില്‍ തന്നെയുണ്ട്. ഈയിടെയായി ജപവും വ്രതങ്ങളും ഇത്തിരി കൂടുതലാണ് മായമ്മക്ക്.

മുഖത്തേക്ക് പാറി വീഴുന്ന മായമ്മയുടെ ഈര്‍ഷ്യ കലര്‍ന്ന നോട്ടത്തെ അവഗണിച്ച്, തിടുക്കത്തില്‍ പത്രമെടുത്ത് നിവര്‍ത്തി, മുഖവും മനസ്സും മറക്കാമെന്ന വ്യാമോഹത്തോടെ, മീര സെറ്റിയിലേക്ക് ചെരിഞ്ഞു.

ഈയിടെയായി മീരക്ക് തടി വല്ലാതെ കൂടുന്നുണ്ടെന്ന മുറുമുറുപ്പോടെ സെറ്റി ഒന്നു ഞെരിഞ്ഞമര്‍ന്നു.

പത്രത്തിലെ പതിവ് മുഷിപ്പന്‍ വാര്‍ത്തകളിലൂടെ കണ്ണോടിച്ചതിനു ശേഷം മീര ടി വി യുടെ റിമോട്ടിനായി കൈ എത്തിച്ചു.

സ്ഥിരം ശൈലിയിലുള്ള വാര്‍ത്താവായനക്കാരനേയും, താക്കോല്‍ കൊടുത്ത പാവക്കുട്ടി പോലെയുള്ള അവതാരികയേയും, സ്വീകരണ മുറിയെ കണ്ണീര്‍ക്കടലാക്കി മാറ്റുന്ന ദുഃഖ പുത്രിയേയും പിന്തള്ളി മീര മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. അവസാനം എണ്‍പതുകളിലെ ഒരു സിനിമയില്‍ തട്ടി നിന്നു.
അച് ഛനും അമ്മയും കുട്ടിയും പാടി രസിക്കുകയാണ് സ്ക്രീനില്‍.

പൊള്ളുന്ന ഒരു നിശ്വാസം പിന്നില്‍ വന്നു തട്ടിയപ്പോഴാണ് തിരിഞ്ഞു നോക്കിയത്.
കാപ്പിയുമായി മായമ്മ....
ചൂടുള്ള കാപ്പിക്കൊപ്പം ചൂടു പിടിച്ചു വരുന്നു മനസ്സും...

സഹതാപമാണ് ഏറ്റവും വെറുക്കപ്പെടേണ്ട വികാരം. ഈയിടെയായി എവിടേക്ക് തിരിഞ്ഞാലും അത്തരം നോട്ടങ്ങളേയാണ് മീര നേരിട്ടു കൊണ്ടിരിക്കുന്നത്. സകല ശക്തികളും ചോര്‍ത്തിയെടുക്കും അവ.

ആരോടെങ്കിലും ഒന്നുച്ചത്തില്‍ പൊട്ടിത്തെറിച്ച് ഉള്ളിലമര്‍ന്നിരിക്കുന്ന നിസ്സഹായതയും വെറുപ്പും നിരാശയും പുറത്തേക്ക് ചിതറിപ്പിക്കണമെന്ന് തോന്നി മീരക്ക്.

ഈ വീടാകെ നിശബ്ദമാണ്.

മനസ്സു തകര്‍ക്കുന്ന നിശബ്ദത.

കൈയ്യിലിരിക്കുന്ന പാത്രങ്ങള്‍ താഴെയിട്ടും, ടി വിയുടെ ശബ്ദം ഉച്ചത്തിലാക്കിയും ഈ വീട് അടക്കി ഭരിക്കുന്ന ശൂന്യതയെ അലങ്കോലപ്പെടുത്താന്‍ മീര ശ്രമിക്കാറുണ്ട്. പക്ഷേ അപ്പൊഴെല്ലാം തന്നെ നിസ്സംഗമായി അവഗണിച്ചു കളയും ഈ വീട്... മീരയും മീരയുടെ പെരുമാറ്റവും ഈ വീടിനു ചേരുന്നതല്ലെന്ന നിശബ്ദമായ താക്കീതോടെ...

അല്ലെങ്കിലും മീരക്കു തന്നെ തോന്നാറുണ്ട്, ഈ വീടിന് തന്നോടുള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞു വരികയാണെന്ന്. വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷവും, കുഞ്ഞിക്കാലടികളാലും കൊഞ്ചലുകളാലും ഈ വീടിനെ ഇളക്കിമറിക്കുന്നൊരു കുഞ്ഞിനെ സമ്മാനിക്കാത്ത മീരയെ എങ്ങിനെയിഷ്ടപ്പെടാനാണ് ഈ വീട്..???

ആദ്യമൊക്കെ മീരക്കും പ്രതീക്ഷകളുണ്ടായിരുന്നു. മായമ്മയുടെ കൂടെ അമ്പലങ്ങളിലും ആശ്രമങ്ങളിലും പ്രദക്ഷിണം വെക്കുമ്പോഴും, ശ്യാമിന്റെ കൂടെ ആശുപത്രികള്‍ കയറിയിറങ്ങുമ്പോഴും ആശയുടെ ഒരു തിരി തെളിഞ്ഞു നിന്നിരുന്നു മനസ്സില്‍.. പക്ഷേ അതിപ്പോള്‍ നിരാശയുടെ പടുതിരിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

സഹതാപത്തിലൊളിപ്പിച്ച കുത്തുവാക്കുകള്‍ മീരക്കെന്നും പുതിയ മുറിവുകളെ സമ്മാനിച്ചുകൊണ്ടിരുന്നു. ആ നീറ്റലില്‍ നിന്നാണ് മീരയുടെ വാക്കുകള്‍ക്ക് മുള്ള് മുളച്ചു തുടങ്ങിയത്. വാക്കിന്റെ കൂര്‍ത്ത അറ്റങ്ങളില്‍ കുരുങ്ങി ആളുകള്‍ പിടയുന്നത് കണ്ടു നില്‍ക്കലൊരു ഹരമായി മാറിയത്.

സ്നേഹിച്ചവരേയും സ്നേഹം ഭാവിച്ചവരേയുമൊക്കെ വെറുപ്പിച്ച് അകറ്റി നിര്‍ത്തുന്നതില്‍ മീര വിജയിച്ചുവെങ്കിലും ശ്യാമും മായമ്മയും മാത്രം മീരയെ തോല്‍പ്പിച്ചു . മീരയുടെ അറ്റം കൂര്‍പ്പിച്ച വാക്കുകളെ മുഴുവനും സ്നേഹം നിറഞ്ഞ ചിരിയാലേറ്റു വാങ്ങുമ്പോഴും അവരുടെ ഒരു കണ്‍പീലി പോലും മീരയെ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ ചലിച്ചില്ല. ശ്യാമിന്റെ കണ്ണുകളിലെ അലിവും മായമ്മയുടെ ചിരിയിലെ സ്നേഹവും മാത്രം തുടച്ചു നീക്കുന്നതില്‍ മീര തികച്ചും പരാജയപ്പെട്ടു.

ഒന്നാമത്തെ വയസ്സില്‍ മീരക്കു തുണയായി വന്നതാണ് മായമ്മ. തൊട്ടു താഴെയായി വന്ന അനിയത്തി അമ്മയുടെ ശ്രദ്ധയും സമയവും അപഹരിച്ചപ്പോള്‍ കുഞ്ഞു മീരക്ക് മായമ്മ അമ്മയായി. അന്നു മുതല്‍ നിഴല്‍ പോലെ കൂടെയുണ്ട്.

ഇന്നും മീരക്കു വേണ്ടിയാണ് മായമ്മ ജീവിക്കുന്നത്. മീരയ്ക്കായി പ്രാര്‍ത്ഥിച്ച്, മീരയ്ക്കായി വ്രതമെടുത്ത്, മീരയ്ക്കായി കണ്ണീരൊഴുക്കി...

ആറു വര്‍ഷത്തെ നിഷ്ഫലമായ ഈ ദാമ്പത്യത്തിനു ശേഷവും ആദ്യകാഴ്ചയില്‍ കണ്ട അതേ അലിവാണ് ശ്യാമിന്റെ കണ്ണുകളില്‍ ഇപ്പോഴും.

ഇന്നും മറന്നിട്ടില്ല മീര, രശ്മി ചേച്ചിയുടെ കല്യാണ പന്തലില്‍ വെച്ച് ആദ്യമായി ശ്യാമിനെ കണ്ടത്. ആദ്യം കാണുമ്പോള്‍ തന്നെ ശ്രദ്ധിക്കാന്‍ തോന്നുന്ന എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു ശ്യാമില്‍..

പിന്നീടൊരു ദിവസം അപ്രതീക്ഷിതമായി ഹോസ്റ്റലിലെ വിസിറ്റിംഗ് റൂമില്‍ ശ്യാമിനെ കണ്ടപ്പോള്‍ അമ്പരപ്പായിരുന്നു.
നഗരത്തിലെ കോഫിഹൗസില്‍ വെച്ചു കണ്ടപ്പോള്‍ ആഹ്ളാദവും.

പിന്നീട് ചടങ്ങനുസരിച്ചൊരു പെണ്ണുകാണല്‍.
ശ്യാമിന്റെ സ്വന്തം മീരയായി മാറാന്‍ അധിക കാലം വേണ്ടി വന്നില്ല പിന്നെ.

തുടക്കത്തിലെല്ലാം സുന്ദരമായിരുന്നു. ശ്യാമിന്റെ ഓഫീസിനടുത്തുള്ള നഗരത്തിലെ ഭംഗിയാര്‍ന്ന വീടും, സന്തോഷം നിറഞ്ഞ സായഹ്നങ്ങളും...

ശ്യാം ഓഫീസിലേക്കും, മായമ്മ അടുക്കളയിലേക്കും പോയിക്കഴിഞ്ഞാല്‍ മീരയ്ക്കൊരുപാട് സമയമുണ്ടായിരുന്നു. കുഞ്ഞുന്നാളില്‍ തുടങ്ങിയ വലിയൊരു ആഗ്രഹം പൂര്‍ത്തീകരിക്കാനാണ് മീര ആ സമയം ചിലവഴിച്ചത്.
മീരയുടെ ശ്രദ്ധയുടേയും പരിചരണത്തിന്റേയും പിന്‍ബലത്തില്‍ സുന്ദരമായ ഒരു പൂന്തോട്ടം അവിടെ വളര്‍ന്നു വരാന്‍ അധികം സമയം വേണ്ടി വന്നില്ല.
ശ്യാമും മായമ്മയും പോലെ പൂന്തോട്ടവും മീരയുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു.

ഒന്നു രണ്ടു വര്‍ഷം കടന്നു പോയത് അറിഞ്ഞതേയില്ല..

പല ഭാഗത്തു നിന്നായി അന്വേഷണങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴാണ് ഒരു കുഞ്ഞിന്റെ അഭാവം അവരോര്‍മ്മിച്ചതു തന്നെ.

പിന്നീടതൊരു കാത്തിരിപ്പായി മാറി..

തുടക്കത്തിലെ പ്രതീക്ഷകള്‍ നിരാശകള്‍ക്ക് വഴിമാറികൊടുത്തു.

പതുക്കെ പതുക്കെ ജീവിതം തന്നെ മാറുകയായിരുന്നു.

താനൊരു മരുഭൂമിയാണെന്ന തോന്നലില്‍ മീരയാകെ തളര്‍ന്നു.

ആഞ്ഞടിക്കുന്ന മണല്‍ക്കാറ്റും ചുട്ടു പൊള്ളിക്കുന്ന ചൂടും മാത്രമായി മാറി മീര.

അനുഭവങ്ങള്‍ ശ്യാമിനേയും മാറ്റിയിരുന്നു..

മീര എല്ലാത്തിനേയും വെറുക്കാന്‍ പഠിച്ചപ്പോള്‍ ശ്യാം സ്നേഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ധൂര്‍ത്തനാവുകയായിരുന്നു.
കുട്ടികളുടെ കൂടെ കളിച്ചും സമ്മാനങ്ങള്‍ വാങ്ങികൊടുത്തും ശ്യാം സന്തോഷം കണ്ടെത്തിയപ്പോഴൊക്കെ ശിക്ഷിക്കപ്പെട്ടത് മീരയായിരുന്നു.

ശ്യാമിനോടുള്ള സഹതാപം മീരക്കു നേരെയുള്ള ഒളിയമ്പുകളായി മാറിയതോടെയാണ് മീര കൂടുതല്‍ തന്നിലേക്കൊതുങ്ങിയത്.. വീട്ടിലേക്കൊതുങ്ങിയത്..

ജനിച്ച വീട്ടില്‍ പോലും അന്യയായി മാറി മീര. അനിയത്തിക്കൊരു കുഞ്ഞു മോന്‍ പിറന്നപ്പോള്‍ മീരയ്ക്കായിരുന്നു കൂടുതല്‍ ആഹ്ളാദം. ഓടി നടന്നു സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുമ്പൊഴും ശ്യാമിന്റെ ലീവിനു പോലും കാത്തു നില്‍ക്കാതെ നാട്ടിലേക്ക് പുറപ്പെടുമ്പോഴും നിറഞ്ഞ സന്തോഷം മാത്രമായിരുന്നു മനസ്സില്‍.
പക്ഷേ കുഞ്ഞിനെ മതിയാവോളം ഒന്നെടുക്കാന്‍ പോലും സാധിച്ചില്ല മീരയ്ക്ക്.
പ്രസവിക്കാത്ത ചേച്ചി കുഞ്ഞിനെയെടുത്താല്‍ അതു കുട്ടിക്കു ദോഷം വരുത്തുമെന്ന് അനിയത്തി മുഖത്തു നോക്കി പറഞ്ഞതിനേക്കാള്‍, മീരയെ തളര്‍ത്തിയത് അമ്മയുടെയും മുത്തശ്ശിയുടേയും മൗനമായിരുന്നു.

അന്നുപേക്ഷിച്ചിറങ്ങിയതാണ് വീടും വീട്ടുകാരേയും. അന്നും മായമ്മ മാത്രം കൂടെയിറങ്ങി.

എങ്കിലും തനിച്ചായതു പോലെ തോന്നിയില്ല. സ്വന്തം അമ്മയെക്കാളും എന്നും സ്നേഹിച്ചിരുന്നു ശ്യാമിന്റെ അമ്മയെ.. പക്ഷേ അതും നില നിര്‍ത്തിയില്ല മീര.

അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചി ശ്യാമിന്, വീട്ടുകാര്‍ വേറെ കല്യാണമാലോചിക്കുന്നു എന്നൊരു നുണക്കഥ ദേവിയെ കേള്‍പ്പിച്ചതോടെ ആ അമ്മയുടെ ചിരിയിലും വല്ലത്തൊരു കയ്പ് കണ്ടു പിടിച്ചു മീര.

എല്ലാത്തിനോടും ശത്രുതയായിരുന്നു മീരക്ക്.

വാശി പിടിച്ചെന്നവണ്ണം എല്ലാ സന്തോഷങ്ങളില്‍ നിന്നും മീര അകന്നു മാറി.

വെറുമൊരു ജനല്‍ക്കാഴ്ചയില്‍ ഒതുക്കി നിര്‍ത്തി പുറം ലോകത്തെ, മീര.

അകമേ നിറയുന്ന ശൂന്യതയെ മറികടക്കാനെന്ന പോലെ മണിക്കൂറുകളോളം മീര ജനലരികില്‍ ചിലവഴിച്ചു.

വഴിയില്‍ ആളുകള്‍ തിരക്കു പിടിച്ചോടുന്നത്, നിശ്ചലമായ സ്വന്തം ജീവിതത്തിന്റെ പടിവാതില്‍ക്കലിരുന്ന് മീര കണ്ടുകൊണ്ടിരുന്നു.

തിരക്കൊഴിഞ്ഞ സമയങ്ങളില്‍ ദൂരെയൊരു പൊട്ടു പോലെ പ്രത്യക്ഷപ്പെടുന്ന യാത്രക്കാരനേയോ വാഹനത്തേയൊ കാത്തിരുന്നു മീര.

ശാന്തമായ സന്ധ്യ പോലെ കടന്നു വരുന്ന വൃദ്ധ ദമ്പതികളെ...

ലോകത്തിന്റെ മുഴുവന്‍ ഭാരവും ചുമന്നെന്ന പോലെ ക്ഷീണിതരായ മദ്ധ്യവയസ്കരെ...

ആത്മ വിശ്വാസത്താല്‍ ജ്വലിക്കും യുവാക്കളെ...

പൂച്ചയെ പോലെ പതുങ്ങും പ്രണയികളെ..

പൊട്ടിത്തെറിക്കുന്ന വികൃതിയുമായി ഓടി മറയുന്ന സ്കൂള്‍ കുട്ടികളെ....

മീര കാഴ്ചക്കാരിയായിരുന്നു.

മീരയുടെ ജീവിതത്തില്‍ നിറവും ചലനവും പകരാനായി അവര്‍ കടന്നു വന്നു കൊണ്ടേയിരുന്നു...

ഇരുട്ട് കടന്നു വന്ന് ദൂരക്കാഴ്ചകള്‍ക്ക് മറയിടുമ്പോള്‍ പൂന്തോട്ടം മാത്രമാവും കണ്മുന്നില്‍..

പഴയ പൂന്തോട്ടത്തിന്റെ ഒരു ശ്മശാനം... പൂക്കളും പൂമ്പാറ്റകളും നിറഞ്ഞിരുന്ന സ്ഥാനത്തിപ്പോള്‍ പാഴ്ച്ചെടികളും പുല്ലുകളും.

സ്വന്തം ജീവിതത്തിന്റെ പ്രതീകമാണീ പൂന്തോട്ടമെന്ന് മീരക്ക് തോന്നാറുണ്ട്.
വര്‍ണ്ണങ്ങളും സുഗന്ധങ്ങളും അപ്രത്യക്ഷമായത് പെട്ടന്നായിരുന്നു.

വസന്തം കൈയ്യൊഴിഞ്ഞതു പോലെ...

ഇരുള്‍ വീഴുമ്പോള്‍ മനസ്സിനൊരു ഭാരമാണ്. ശ്യാമിനെ നേരിടാന്‍ തന്നെ ബുദ്ധിമുട്ടായി തുടങ്ങിയിരിക്കുന്നു.

ഈ മരുഭൂമിയില്‍ കരിഞ്ഞുണങ്ങി പോവാതെ ശ്യാമിന്റെ ജീവിതമെങ്കിലും ഒന്നു രക്ഷപ്പെട്ടിരുന്നെങ്കില്‍....!!!!

ചിന്തകള്‍ക്കും കാഴ്ചകള്‍ക്കും മങ്ങലേല്‍പ്പിച്ചു കൊണ്ട് സന്ധ്യയുടെ വരവായി..

ശബ്ദമുണ്ടാക്കാതെ പടികള്‍ കയറിയെത്തിയിട്ടും മായമ്മയുടെ സാന്നിദ്ധ്യം തിരിഞ്ഞു നോക്കാതെ തന്നെ മീരക്ക് അറിയാന്‍ കഴിഞ്ഞു.
അമ്പലത്തില്‍ പോവാനുള്ള ഒരുക്കത്തിലാണ് .
എന്നും എന്തെങ്കിലുമൊക്കെ പ്രത്യേക കാരണങ്ങള്‍ ഉണ്ടാവും മായമ്മക്ക് അമ്പലത്തില്‍ പോവാന്‍..
''ഇന്ന് വ്യാഴാഴ്ചയാണ്, കുട്ടിയുടെ ഇടപ്പിറന്നാളും.... പകുതിക്കു വെച്ചു നിര്‍ത്തി മായമ്മ.
ദൈവത്തില്‍ നിന്നും മനുഷ്യരില്‍ നിന്നും മീര ഇങ്ങനെ അകന്നു പോകുന്നതില്‍ മായമ്മക്കുള്ള വിഷമം അറിയാത്തതല്ല.
നിഴല്‍ വീണു തുടങ്ങിയ മായമ്മയുടെ മുഖത്തു നോക്കിയപ്പോള്‍ പതിവനുസരിച്ചുള്ള തര്‍ക്കുത്തരങ്ങളൊന്നും നാവില്‍ വന്നില്ല..
കൂടെയിറങ്ങി...

അധികം ദൂരമില്ല അമ്പലത്തിലേക്ക്

പടര്‍ന്നു പന്തലിച്ച ആല്‍മരവും, തണുത്ത കാറ്റും, പകുതിയിരുട്ടിലെ ദീപക്കാഴ്ചയും, കര്‍പ്പൂരത്തിന്റേയും തുളസിയുടേയും മണവും, തീര്‍ത്ഥത്തിന്റെ തണുപ്പും എല്ലാം ചേര്‍ന്നപ്പോള്‍ ആശ്വസിപ്പിക്കലിന്റേതായ ഒരു അന്തരീക്ഷം ഒരുങ്ങിയതു പോലെ ...

മനോഹരമായി അലങ്കരിച്ച വിഗ്രഹത്തിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ ആവലാതികളോ പരിഭവങ്ങളോ ഇല്ലാത്ത വിധത്തില്‍ ശാന്തമായിരുന്നു മനസ്സ്.
നെറ്റിയില്‍ തൊട്ട ചന്ദനത്തിന്റെ കുളിര്‍മ്മ അരിച്ചരിച്ചിറങ്ങുന്നു മനസ്സിലേക്കും.

പ്രാര്‍ത്ഥനകളും, പതിവു കുശലാന്വേഷണങ്ങളും, ഭജനകളും ഇട കലര്‍ന്ന പ്രദക്ഷിണ വഴിയിലൂടെ വലം വെക്കുമ്പോഴേക്കും മനസ്സിന്റെ ഭാരം ഏറെ കുറഞ്ഞിരുന്നു.

തിരികെ നടക്കുമ്പോള്‍ മായമ്മയും സന്തോഷത്തിലായിരുന്നു.'' ഈ കാലക്കേടൊക്കെ മാറും, വരുന്ന മകരം കഴിഞ്ഞാല്‍ പിന്നെ നിനക്ക് നല്ല സമയമാണ്.''
പതിവു പോലെ മനസ്സിനെ പൊള്ളലേല്‍പ്പിച്ചില്ല ആശ്വാസവാക്കുകള്‍.

പതിവില്ലാത്ത വിധം ശാന്തമായി ഉറങ്ങാനും കഴിഞ്ഞു മീരക്ക്.

കണ്ണു തുറക്കാന്‍ മടിയായിരുന്നു ...
ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ദിവസങ്ങള്‍..

പക്ഷേ വിരസമായ ദിവസങ്ങള്‍ക്ക് അവസാനം കുറിച്ചെന്നതു പോലെ മീരയെ കാത്തിരുന്നത് അതിശയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു.

ഒരു കുളിമ്മയുള്ള കാറ്റ് ചുറ്റിനും വീശിയതു പോലെ...

ആശ്വാസത്തിന്റേതായ... സന്തോഷത്തിന്റേതായ ഒരു കാഴ്ച...

കാറ്റിലാടുന്ന ഇളം ചുവപ്പാര്‍ന്ന ഒരു പനിനീര്‍ പൂവ്...

വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം പ്രതീക്ഷയുടെ ഒരു പൂ വിടര്‍ന്നിരിക്കുന്നു.

വിടര്‍ന്ന കണ്ണുകളോടെ മീര നോക്കി നിന്നു...

തലേ ദിവസം അമ്പലമുറ്റത്തു വെച്ചു കേട്ട സ്വാമിജിയുടെ പ്രഭാഷണത്തിനു അര്‍ത്ഥമേറിയതു പോലെ...

'' ആശകള്‍ കൊണ്ട് നിറയട്ടെ നിങ്ങളുടെ മനസ്സ്. പ്രതീക്ഷകള്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും കൈ വെടിയരുത്. നന്മ നിറഞ്ഞ ആഗ്രഹങ്ങളെ അധികകാലം കണ്ടില്ലെന്നു വെക്കാന്‍ ദൈവത്തിനു പോലും കഴിയില്ല.''

അവസാനം ദൈവം നന്മയുടെ പൂക്കാലം തിരിച്ചു തന്നിരിക്കുന്നു.

മീരയുടെ കവിളുകളിലും വിരിയുകയായി രണ്ടു റോസാപ്പൂക്കള്‍...

5 comments:

ഹാഫ് കള്ളന്‍||Halfkallan said...

വായനക്കാരുടെ ചുണ്ടിലും ഒരു റോസാപ്പൂ വിരിച്ചു ..
ആശംസകള്‍ :-)

ശ്രീ said...

കഥ നന്നായിട്ടുണ്ട്...

Ashly said...

നല്ല എഴുത്ത്.

Renjith Nair said...

Oduvil padam release aayi...

www.anishk.in said...

release ayathanelo oru award padavum :-s twing!!!