Tuesday, May 15, 2012

ദേശാടനക്കിളി കരയാറില്ല…

കാറില്‍ നിന്നിറങ്ങി നോക്കിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് കൂറ്റന്‍
മതില്‍ക്കെട്ടിനുള്ളിലെ പൂന്തോട്ടമായിരുന്നു. വരിവരിയായി
അച്ചടക്കത്തോടെ വിടര്‍ന്നു നില്‍ക്കുന്ന പൂവുകള്‍ . ഒരു അരികിലേക്ക്
മാറി ഒതുങ്ങി നില്‍ക്കുന്ന വെള്ള റോസാപ്പൂക്കളെ കണ്ടപ്പോള്‍ അമ്മയുടെ
വിളറിയ കവിളുകളെ ഓര്‍മ്മ വന്നു.
 പാവം അമ്മ… ഇപ്പോ എവിടെയാണോ ആവോ ?? ശ്രീക്കുട്ടിയെ ഹോസ്റ്റലില്‍
കൊണ്ടുവിടുന്ന കാര്യമൊക്കെ അറിഞ്ഞിട്ടുണ്ടാവോ അമ്മ.?? മുത്തശ്ശി
പറഞ്ഞത് മരിച്ചു പോയവരെല്ലാം അറിയുന്നുണ്ടെന്നാണ്..
 അമ്മ മരിച്ചിട്ടിപ്പോ പതിനാറ് ദിവസമായി..
കാണുന്നുണ്ടാവും അമ്മ,
ശ്രീക്കുട്ടിയും അമ്മാവനും കൂടി ഈ കോണ്‍ വെന്റിന്റെ മുന്നില്‍ വന്നു
നില്‍ക്കുന്നത്.. ഇപ്പോ ശ്രീക്കുട്ടിയെ കണ്ടാലും അമ്മയ്ക്ക്
പറയാനുണ്ടാവും, ആ പൊട്ട് തൊട്ടത് ശരിയായില്ല, ഇത്തിരി ചെരിഞ്ഞു പോയി,
കണ്ണിലെ മഷിയാകെ പരന്നിട്ടുണ്ട്…..
 ആലോചിച്ചു  നില്‍ക്കുന്നതിനിടയില്‍ അമ്മാവന്റെ കനത്ത ശബ്ദത്തിലുള്ള
വിളി കേട്ടു..”ശ്രീദേവീ..” തോട്ടത്തിലേക്കുള്ള നോട്ടം പിന്‍ വലിച്ച്
ഓടിച്ചെന്നു.. തണുപ്പും ഇരുട്ടും ഇടകലര്‍ന്ന കാത്തിരിപ്പുമുറിയിലെ
ഇരുപ്പ് രസമായിരുന്നു. പുറത്തെ വെയിലിനു നല്ല തിളക്കം. ഇടയ്ക്കിടെ ഓരോ
കുട്ടികള് നടന്നു പോവുന്നത് കാണാനുണ്ട്. ചിലരുടെ കൈയ്യിലൊരു സ്റ്റീല്‍
ഗ്ലാസ്സ്, ചിലരുടെ കൈയ്യിലൊരു പുസ്തകം. പുറത്തു കിടക്കുന്ന കാറിലേക്കും,
തണുത്ത ഇരുട്ടിലിരിക്കുന്ന അപരിചിതരിലേക്കും  എത്തിച്ചു നോക്കുന്നുണ്ട്
ചിലരൊക്കെ.ഇനി ഇവിടെയാണ് ശ്രീക്കുട്ടിയും താമസിക്കാന്‍ പോകുന്നത്.
”നല്ല ഗംഭീരന്‍ സ്കൂളാണ്, ഇവിടെ താമസിച്ച് പഠിച്ചാല്‍ ശ്രീക്കുട്ടിയും
നല്ല മിടുക്കത്തിയാവുമെന്നാണ് ഇറങ്ങാന്‍ നേരത്ത് അമ്മായി പറഞ്ഞത്.
 സ്കൂളില്‍ ചേരലൊക്കെ വന്ന ഉടനെ കഴിഞ്ഞു. ഇനിയിപ്പോ ബോര്‍ഡിങ്ങിലെ
മദറിനെ കാണാനാണ് ഈ കാത്തിരിപ്പ്. അകത്തുണ്ടായിരുന്ന സന്ദര്‍ശകര്‍
പുറത്തുകടന്നതും അമ്മാവന്‍ എഴുന്നേറ്റ് റെഡിയായി. അമ്മാവന് തിരിച്ചു
ചെന്നിട്ട് ഒരുപാട് തിരക്കുകളുള്ളതാണ്.  അമ്മാവനു പുറകെ ശ്രീക്കുട്ടിയും
മുറിയിലേക്കു കയറി. മദറിനെ കണ്ടതും ശ്രീക്കുട്ടിയ്ക്കു ചിരിയാണു വന്നത്.
എന്തൊരു ചെറിയ മദറാണിത്.. കസേരയില്‍ ഇരുന്നാല്‍ പുറത്തേക്ക് കാണാനേ
ഇല്ല. പക്ഷേ മുഖത്ത് ഭയങ്കര ഗൗരവമാണ്. കണ്ണടയൂരി, ശ്രീക്കുട്ടിയെ ഒന്ന്
അടിമുടി നോക്കിയപ്പോള്‍ ശ്രീക്കുട്ടിയുടെ ചിരിയൊക്കെ മാഞ്ഞു പോയി.
മദറിന്റെ  മുഖത്തുനിന്നും വേഗം നോട്ടം  മാറ്റി, ചുമരില്‍
തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങളിലേക്കായി ശ്രദ്ധ.  മുള്‍ക്കിരീടമണിഞ്ഞ്
ക്ഷീണിതനായ യേശുക്രിസ്തുവിന്റെ പടത്തിലേയ്ക്ക് നോക്കി നിന്നപ്പോള്‍
ശ്രീക്കുട്ടിക്കും സങ്കടം വന്നു തുടങ്ങി. അമ്മയുടെ മുഖത്തും ഇതു പോലെ
ക്ഷീണവും വേദനയുമായിരുന്നു. മുറിയിലെ മറ്റു കാഴ്ചകള്‍
കണ്ടുതുടങ്ങുന്നതിനു മുമ്പേ, അമ്മാവന്‍ മദറിനോടുള്ള സംസാരം
അവസാനിപ്പിച്ച് പോവാനുള്ള ഒരുക്കമായി.
 അമ്മാവനു പിന്നാലെ കാറിനടുത്തേക്ക് നടക്കുമ്പോഴും കണ്ണുകളില്‍ നേരിയ
നനവ്  ബാക്കി നിന്നിരുന്നു. നാരായണേട്ടന്‍ ശ്രീക്കുട്ടിയുടെ ബാഗ്
ഒക്കെയെടുത്ത് വരാന്തയിലേക്ക് ഇറക്കി വെച്ച് യാത്രക്കൊരുങ്ങി
നില്‍പ്പുണ്ടായിരുന്നു.
 കാറില്‍ കയറുന്നതിനു മുന്നേ അമ്മാവന്‍ ഒന്നു കൂടി തിരിഞ്ഞു നിന്നു. ”
ഓണത്തിനു വരാം” . മറുപടിയായി തലയാട്ടി, ശ്രീക്കുട്ടി രണ്ടടി പിന്നാക്കം
വെച്ചു. കാര്‍ ഗേറ്റ് കടന്നു പോയതും, വരാന്തയിലെ ബാഗിനടുത്തേക്ക്
നടന്നു. നേരത്തെ കണ്ട കുട്ടികളെയൊന്നും കാണാനില്ല ഇപ്പോ. എവിടേയ്ക്ക്
പോകണമെന്നറിയാതെ ബാഗിനടുത്ത് പകച്ചു നില്‍ക്കുമ്പോള്‍ പിന്നേയും വെറുതെ
അമ്മയെ ഓര്‍മ്മ വന്നു.. .
 അല്‍പ്പസമയത്തിനു ശേഷമാണ് അകത്തു നിന്നും  മറിയ ചേട്ടത്തിശ്രീക്കുട്ടിയുടെ അടുത്തേയ്ക്ക് വന്നത്. ബാഗുമെടുത്ത് നടത്തം തുടങ്ങിയ ചേട്ടത്തിയുടെ പിന്നാലെ ശ്രീക്കുട്ടിയും പുതിയ താമസസ്ഥലത്തേയ്ക്ക് പ്രവേശിച്ചു. വിശറി പോലെ
ഞൊറിഞ്ഞുടുത്ത മുണ്ട്, മറിയചേട്ടത്തിയുടെ നടത്തത്തിന് താളം പിടിച്ചു.
നീളന്‍ ഇടനാഴിയില്‍ ചേട്ടത്തിയുടെ വിശറിവാലിന് പിന്നാലെ
നടക്കുന്നതിനിടയില്‍ പൊക്കം കൂടിയ ഒരു കുട്ടി ഓടിവന്നു തോളില്‍
പിടിച്ചു നിര്‍ത്തി.. ” കുട്ടി എന്റെ മുറിയില്‍ ആണ് ട്ടോ ”. നീളന്‍
മുഖത്തെ വിടര്‍ന്ന കണ്ണുകള്‍ കണ്ട് തീരുന്നതിനു മുമ്പേ , രണ്ടു ഭാഗത്തും
മെടഞ്ഞിട്ട തലമുടിയുമാട്ടി ആ ചേച്ചി എതോ തൂണിന്റെ മറവിലേക്ക്
അപ്രത്യക്ഷയായി.
 ”അതാണ് ആശ. കെ. പി.  അതിന്റെ മുറിയിലാണ് കുട്ടിയും. ബാലുശ്ശേരിയിലെ
കുമാരന്‍ ഡോക്ടറിന്റെ മോളാണ്..” നേരിയ കിതപ്പോടെ മറിയചേട്ടത്തി
പരിചയപ്പെടുത്തി. വരാന്തയിലെ ഏറ്റവും അവസാനത്തെ മുറിയുടെ മുന്നിലാണ്
മറിയചേട്ടത്തിയുടെ നടത്തം അവസാനിച്ചത്.
 വാതിലിന് ഇരുവശവുമായി രണ്ട് കട്ടിലുകള്‍. കട്ടിലിന്റേയും ചുവരിന്റേയും
ഇടയിലായി ഒരു മേശയും കസേരയും. രണ്ടു വശത്തുമുള്ള  ചുവരുകളില്‍ അലമാരിയും.
കൃത്യമായി വിഭജിക്കപ്പെട്ട ഒരു മുറി.  അവസാനത്തെ മുറിയായതിനാലാവും
ജനലുകള്‍ രണ്ടെണ്ണമുണ്ട്. വെളുത്ത വിരിയിട്ട  ജാലകങ്ങള്‍ അടച്ചു
ഭദ്രമാക്കിയിരിക്കുന്നു.
 ജനല്‍ തുറക്കുന്നത് , കൈകള്‍ വിടര്‍ത്തി നില്‍ക്കുന്ന കരുണാമയിയായ
കന്യാമറിയത്തിന്റെ മുന്നിലേക്കാണ്.
 ക്ഷീണിതനായ യേശു മുറിക്കകത്തും കാരുണ്യവതിയായ അമ്മ പുറത്തും.
 തണുപ്പുള്ള കൈ വിരലുകള്‍ നീട്ടി കാറ്റ്, പുറത്തെ കാഴ്ചകളിലേക്ക് ക്ഷണിച്ചു.
 ഇവിടം മുഴുവന്‍ ഒന്നു നടന്നു കാണണമെന്നുണ്ടായിരുന്നു ശ്രീക്കുട്ടിക്ക്.
പക്ഷേ പരിചയമില്ലാത്ത അന്തരീക്ഷവും,  കൂട്ടത്തില്‍ യാത്രാക്ഷീണവും ആകെ
തളര്‍ത്തിയിരുന്നു. വിരിച്ചിട്ട കട്ടിലിന്റെ ക്ഷണം കൂടിയായപ്പോള്‍
കണ്ണുകളടയുകയായി. ബാലുശ്ശേരിയിലെ കുമാരന്‍ ഡോക്ടറുടെ മകളായ ആശചേച്ചി
മുറിയില്‍ എത്തിയതും, വിളക്കുകള്‍ തെളിയിച്ചതും , ഊണു കഴിക്കാന്‍
പോവാന്‍  കുലുക്കി വിളിച്ചതും ഒന്നുമറിയാതെ സുഖമായ ഉറക്കം.
 ഉറക്കത്തില്‍ ഇരുട്ടുന്നതു വരെ  കന്യാമറിയത്തിന്റെ വിരല്‍ തുമ്പില്‍
പിടിച്ച്, ഹോസ്റ്റല്‍ മുഴുവന്‍ ചുറ്റി നടന്നു കാണുകയായിരുന്നു
ശ്രീക്കുട്ടി. പിന്നെ എപ്പോഴോ അമ്മയായി കൂട്ടിന്. ഇരുട്ടാവണതു വരെ
പടിഞ്ഞാറേ മുറ്റത്തിരുന്ന് കല്ല് കളിക്കലായിരുന്നു. മുത്തശ്ശിയുടെ ശബ്ദം
പൊങ്ങാന്‍ തുടങ്ങിയപ്പോള്‍ കൈയ്യും കാലും മുഖവും കഴുകി ഓടി വന്നിരുന്ന്
ഭസ്മം തൊട്ട് നാമം ജപിക്കലും. പതിവു പോലെ നാമം ചൊല്ലി തീരുന്നതിനു
മുന്നേ അമ്മയുടെ മടിയിലേക്ക് കിടന്നുറങ്ങലും.
 എത്ര നേരം ഉറങ്ങിയോ ആവോ, അമ്മയുടെ ചിത കത്തുന്നതിന്റെ വെളിച്ചം
മുഖത്തടിച്ചപ്പോഴാണ് ശ്രീക്കുട്ടി ഉണര്‍ന്നത്.
 കണ്ണ് തുറന്നു നോക്കിയപ്പോ ചിതയുമില്ല ആള്‍ക്കാരുമില്ല, .. ചെറിയ ഒരു
ടോര്‍ച്ച് മുഖത്തേക്കടിച്ച് കട്ടിലിന്റെ അടുത്ത്
മുട്ടുകുത്തിയിരിക്കുന്നത് ആശചേച്ചിയാണ്.  ചേച്ചിയുടെ വലിയ കണ്ണുകള്‍
ഇരുട്ടിലും തിളങ്ങുന്നുണ്ട്.  ഇപ്പോ മുടി രണ്ടു ഭാഗത്തും
മേടഞ്ഞിട്ടിട്ടില്ല. നിറുകയില്‍ കെട്ടി വെച്ചിരിക്കുകയാണ്.
 ശബ്ദമുണ്ടാക്കരുതെന്ന് ചുണ്ടില്‍ വിരല്‍ വെച്ച് ആംഗ്യം കാണിച്ച്
ചെവിയുടെ അടുത്തേക്ക് കുനിഞ്ഞ് സ്വകാര്യം പറഞ്ഞു..” വിശക്കുന്നില്ലേ..??
വിളിച്ചിട്ടുണരാതെ ആയപ്പോ ഞാനിത്തിരി ചോറെടുത്ത് വെച്ചിട്ടുണ്ട്.
ഇനിയും വൈകിയാല്‍ അതൊക്കെ ചീത്തയാവും.”
 പത്തു മണിക്കു ശേഷം മുറിയില്‍ ലൈറ്റിടരുതെന്നാണ് ഇവിടുത്തെ നിയമം.
 പാതിമയക്കത്തില്‍ ടോര്‍ച്ചിന്റെ ചെറിയ വെളിച്ചത്തില്‍ കൈ കഴുകാന്‍
നടക്കുമ്പോള്‍ ചേച്ചിയുടെ യാര്‍ഡ്ലി പൗഡറിന്റെ മണം കൈ പിടിക്കാനെത്തി.
ആശചേച്ചിയുടെ ടേബിള്‍ലാമ്പ് എടുത്ത് താഴെ വെച്ച്, അതിന്റെ ഒരു പപ്പട
വട്ടം വെളിച്ചത്തിലായിരുന്നു ഊണ്.  പകുതിയായപ്പോഴേക്കും ശ്രീക്കുട്ടി
ഉറക്കം തൂങ്ങി തുടങ്ങി. അല്ലെങ്കിലും ഇതാണ് പതിവ്.
വീട്ടിലായിരുന്നപ്പോഴും  രാത്രിയൂണ് പകുതിയുറക്കത്തിലാണ് . ചോറില്‍
കൈയ്യിട്ട് ഉറക്കം തൂങ്ങുന്നത് കാണുമ്പോള്‍ അമ്മ
വാരിക്കൊടുക്കാനെത്തും..
 ഊണ് കഴിഞ്ഞു കിടന്നതും ശ്രീക്കുട്ടി പിന്നേയും ഉറക്കമായി. പക്ഷേ
അമ്മയല്ല ഇത്തവണ കൂട്ടിനെത്തിയത് , ദുഃസ്വപ്നങ്ങളാണ്. അലറിക്കുരച്ച്
പിന്നാലെ പാഞ്ഞെത്തുന്ന ഒരു കൂട്ടം നായ്ക്കള്‍. ഞെട്ടിയുണരുമ്പോള്‍
കിലോമീറ്ററുകളോളം ഓടിയാലെന്ന പോലെ കിതപ്പും വിയര്‍പ്പും. ആശചേച്ചിയുടെ
കൈകള്‍ക്കുള്ളില്‍ ചേര്‍ന്നു നില്‍ക്കുമ്പോഴും നെഞ്ചിനുള്ളിലെ വെപ്രാളം
ശമിക്കുന്നില്ല. ചേച്ചി അടുത്തു കിടത്തി തോളില്‍ തട്ടി
ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും ശ്രീക്കുട്ടിയ്ക്ക്  പിന്നെ ഉറക്കം
വന്നതേയില്ല. കണ്ണടയ്ക്കുമ്പോഴേക്കും നായ്ക്കളുടെ മുരളലും കിതപ്പും
ചെവിയിലെത്തുകയായി. പിന്നീടെപ്പോഴോ താഴേയ്ക്കൂര്‍ന്നിറങ്ങി
ആശചേച്ചിയുടെ വയറ്റില്‍ മുഖം ചേര്‍ത്തു വെച്ചായി കിടപ്പ്. വല്ലാതെ പേടി
തോന്നുമ്പോഴൊക്കെ ഇതായിരുന്നു പതിവ്.  അമ്മയുടെ വയറ്റില്‍ മുഖം
ചേര്‍ത്തു വെച്ചു കിടന്നാല്‍ ഉറക്കം വേഗം വരും .
 രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ അടുത്തുള്ള  കസേരയിലിരുന്ന് ആശചേച്ചി
പഠിക്കുകയാണ്. അതിനിടയിലും ശ്രീക്കുട്ടിയെ നോക്കി ഒരു നല്ല ചിരി
ചിരിക്കാന്‍ മറന്നില്ല. പിന്നീടും  ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും
ക്ലാസ്സിലേയ്ക്കു പോവുമ്പോഴും ഒക്കെ ആശ ചേച്ചി തന്നെയായിരുന്നു
ശ്രീക്കുട്ടിക്ക് ആശ്രയം.  രാത്രിയായാല്‍, എല്ല മുറികളിലും കയറിയിറങ്ങി
മദറിന്റെ ഇന്‍സ്പെക്ഷന്‍ കഴിഞ്ഞാലുടനെ ശ്രീക്കുട്ടി കട്ടിലില്‍ നിന്ന്
ഊര്‍ന്നിറങ്ങി ആശചേച്ചിയുടെ കട്ടിലിനരികിലെത്തും. ചേച്ചിയും ഉറങ്ങാതെ
കാത്തിരിക്കുന്നുണ്ടാവും. പിന്നെ വയറ്റില്‍ മുഖമമര്‍ത്തി വെച്ച് സുഖമായ
ഉറക്കം.
 ദിവസങ്ങള്‍ പതുക്കെ നീങ്ങിത്തുടങ്ങിയപ്പോള്‍ ഹോസ്റ്റലും സ്കൂളും
ശ്രീക്കുട്ടിയേയും കൂട്ടത്തില്‍ കൂട്ടിത്തുടങ്ങി. ഒരു കുടന്ന
നീലപ്പൂക്കളുമായി നില്‍ക്കുന്ന ഹൈഡ്രാഞ്ചിയയും, പച്ചപരവതാനിയില്‍ പവിഴം
വിതറിയതു പോലെയുള്ള ചൈനാറോസും ഇപ്പോള്‍ ശ്രീക്കുട്ടിയെ
അത്ഭുതപ്പെടുത്താറില്ല. മറിയച്ചേടത്തിയുടെ വിശറിവാലും ഉതുപ്പേട്ടന്റെ
വെന്തിങ്ങയും ഒരു കാഴ്ചയല്ലാതായിക്കഴിഞ്ഞിട്ട് ദിവസങ്ങളായി.
 റിംഗ് കളിക്കാനും തൂപ്പ് വെച്ചു കളിക്കാനും, കുറുക്കനും കോഴിയും
കളിക്കാനും ഇപ്പോ എല്ലാവരും ശ്രീക്കുട്ടിയെക്കൂടി കാത്തു
നില്‍ക്കാറുണ്ട്. ഏഴാം ക്ലാസ് വരെയുള്ളവര്‍ക്ക്, വൈകുന്നേരം
ബോര്‍ഡിംഗിന്റെ പിന്നിലുള്ള ഗ്രൗണ്ടില്‍ കളിക്കാന്‍ അനുവാദമുണ്ട്.
ബീച്ചിനടുത്തുള്ള ലൈറ്റ് ഹൗസില്‍ നിന്നും ആറു മണിയുടെ സൈറണ്‍
മുഴങ്ങുമ്പോള്‍ , കളി പകുതിയിലിട്ട് ഓട്ടം തുടങ്ങും എല്ലാവരും.
ഗേറ്റിനടുത്തു തന്നെ നില്‍ക്കുന്നുണ്ടാവും മദര്‍. കിതപ്പടക്കി ഒച്ചയടക്കി
വരിവരിയായി മര്യാദക്കാരായി വരാന്തയിലേക്ക് കേറും.
 അങ്ങേയറ്റത്തായി ആശചേച്ചി കാത്തു നില്ല്ക്കുന്നുണ്ടാവും. കുളി കഴിഞ്ഞ്
നീളന്‍ മുടി അഴിച്ചിട്ട്, കൈയ്യിലൊരു പുസ്തകവുമായി… . കൈയ്യിലും
കാലിലും തലയിലും വരെ മണ്ണുമായി കേറി വരുന്ന ശ്രീക്കുട്ടിയെ
കെട്ടിപ്പിടിക്കാന്‍ ഒരു മടിയുമില്ല ആശചേച്ചിക്ക്. പിന്നെ കുളിയും
പഠിത്തവും ഭക്ഷണം കഴിക്കലുമെല്ലാം ആശചേച്ചിയുടെ മേല്‍നോട്ടത്തിലാണ്.
പത്താം ക്ലാസ്സായിരുന്നിട്ടും പഠിക്കാനേറെ ഉണ്ടായിരുന്നിട്ടും
ചേച്ചിക്കൊരു പരാതിയും ഉണ്ടായിരുന്നില്ല ഒന്നിലും. ശ്രീക്കുട്ടിക്കും
ആശചേച്ചി വേണം എന്തിനും.  അമ്മയെ ഇപ്പോള്‍ അധികം ഓര്‍മ്മ
വരാറൊന്നുമില്ല ശ്രീക്കുട്ടിക്ക്. അമ്മവനേയും അമ്മയിയേയും ഒക്കെ മറന്നതു
പോലെയായി. ആശചേച്ചിയെ കിട്ടിയിട്ടുണ്ടല്ലോ കൂട്ടിന്.
 ശ്രീക്കുട്ടി മറ്റുകുട്ടികളോട് അധികം മിണ്ടണതൊന്നും ആശചേച്ചിയ്ക്ക്
വല്യ താല്‍പര്യമുള്ള കാര്യമല്ല. ചേച്ചിയ്ക്കും കൂട്ടുകാരികളോടുള്ള
അടുപ്പമൊക്കെ കുറഞ്ഞു തുടങ്ങി. ശ്രീക്കുട്ടിയുടെ കൂടെ മുറിയും
അടച്ചിട്ടിരിക്കുന്നതാണ് ചേച്ചിക്ക് ഏറെയിഷ്ടം.  ഈ ഇഷ്ടക്കൂടുതല്‍ കാരണം
ആശചേച്ചിക്ക്  ഒരുപാട് വഴക്കും കിട്ടാറുണ്ട്. മദര്‍ പോലും വിളിച്ച്
ചീത്ത പറഞ്ഞിട്ടുണ്ട്. എന്നാലും ആശചേച്ചിക്ക് ഒരു കൂസലുമില്ല.
ശ്രീക്കുട്ടിക്ക് സങ്കടം വരുന്ന ഒരു കാര്യമുണ്ടെങ്കില്‍ ആശചേച്ചി
ഇടപെട്ടിരിക്കും എന്നതുറപ്പാണ്.  പൂച്ചയെ തിന്നിട്ടാണ് ശ്രീക്കുട്ടിയുടെ
പൂച്ചക്കണ്ണായി പോയതെന്നു പറഞ്ഞ് എല്ലാവരുടേയും മുന്നില്‍ വെച്ചു
കളിയാക്കി കരയിച്ച റിഷാനയയേയും, കളിക്കുമ്പോള്‍ സ്റ്റെപ്പ്
തെറ്റിച്ചതിന് ശ്രീക്കുട്ടിയുടെ കാലില്‍ ചൂരല്‍പ്പാട് വരുത്തിയ ഡാന്‍സ്
ടീച്ചറേയും ആശചേച്ചി വിരട്ടി വിട്ട കഥ ഹോസ്റ്റലില്‍ പാട്ടാണ്.
 
 കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് ഒരു രാത്രിയിലാണ്. പതിവ് പരിശോധന
കഴിഞ്ഞ് മദര്‍ മടങ്ങിപ്പോയതും ശ്രീക്കുട്ടി ആശചേച്ചിയുടെ കട്ടിലിലെത്തി
ഉറക്കം തുടങ്ങി. പിന്നീടൊരു ബഹളം കേട്ടാണുര്‍ന്നത്. നോക്കുമ്പോള്‍
മറിയ ചേടത്തി, മദര്‍, നിര്‍മ്മല സിസ്റ്റര്‍  എല്ലാരുമുണ്ട് മുറിയില്‍.
ആശചേച്ചിയും ശ്രീക്കുട്ടിയും ഒരു കട്ടിലില്‍ ഉറങ്ങുന്നത്
കണ്ടുപിടിക്കാനെത്തിയതാണ് എല്ലാവരും. ദ്വേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു
മദര്‍. ആശചേച്ചി കരയുമെന്നായിരുന്നു ശ്രീക്കുട്ടിയുടെ പേടി. പക്ഷേ
ആശചേച്ചിക്കൊരു കൂസലുമില്ല. പാമ്പ് ചീറ്റനതു പോലെ അടക്കിയ ശബ്ദത്തില്‍
മദര്‍ ചേച്ചിയോട് എന്തൊക്കെയോ പറയുന്നുണ്ട്, മദര്‍  എതോ അന്യഭാഷ
സംസാരിക്കുന്നതു പോലെയാണ് ശ്രിക്കുട്ടിയ്ക്ക് തോന്നിയത്, ഒന്നും
മനസ്സിലാവുന്നതേയില്ല. കുറേ നേരം ഉറഞ്ഞു തുള്ളിയതിനു ശേഷം മദര്‍ മുറി
വിട്ടിറങ്ങി. ഒരു കോട്ടുവായോടെ പിന്നാലെ മറിയചേടത്തിയും. സിസ്റ്റര്‍
നിര്‍മ്മല  മാത്രം പാതിയുറക്കത്തില്‍ പകച്ചു നില്‍ക്കുന്ന
ശ്രീക്കുട്ടിയുടെ തലയില്‍ ഒന്നു തലോടിയ ശേഷമാണ് മുറിയില്‍ നിന്നും
പോയത്.
 അവര്‍ പോയതും ബഹളം കേട്ടുണര്‍ന്ന  അടുത്ത മുറികളിലെ കുട്ടികള്‍
വന്നെത്തിച്ചു നോക്കാന്‍ തുടങ്ങി. ശ്രീക്കുട്ടിയ്ക്ക് കുറേശ്ശെ കരച്ചില്
വരുന്നുണ്ടായിരുന്നു. ആശചേച്ചിക്കു മാത്രം ഒരു കുലുക്കവുമില്ല.
ശ്രീക്കുട്ടിയെ പിടിച്ച് മടിയില്‍ കിടത്തി, ചേച്ചി പഠിക്കാനുള്ള ഒരു
പുസ്തകമെടുത്ത് വായന തുടങ്ങി.
 വാതില്‍ക്കലെ കാഴ്ചക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങിയപ്പോള്‍ വായന
നിര്‍ത്തി ലൈറ്റണച്ച് ചേച്ചി അടുത്ത് വന്നു കിടന്നു, ശ്രീക്കുട്ടിയെ
ചേര്‍ത്ത് പിടിച്ച് പതുക്കെ പറഞ്ഞു തുടങ്ങി. ”നേരം വെളുക്കുമ്പോള്‍
ചേച്ചിയെ ഇവിടുന്ന് പറഞ്ഞയക്കും മദറ്. ആശചേച്ചിയെ മറക്കോ എന്റെ
മോള്??”  മറുപടിയായി ശ്രീക്കുട്ടിയ്ക്ക് കരച്ചിലാണ് വന്നത്, ഒന്നും
മിണ്ടാതെ ഏങ്ങലടിക്കാന്‍ തുടങ്ങി. ആശചേച്ചിയുടെ കണ്ണുകളും നിറഞ്ഞു വന്നു.
 രാവിലെ വാച്ച്മാന്‍ ഗേറ്റ് തുറക്കുന്നതിനുമുന്നേ തന്നെ കുമാരന്‍
ഡോക്ടറുടെ നീളന്‍ കാര്‍ ഗേറ്റിലെത്തിയിരുന്നു. പോര്‍ട്ടിക്കൊയിലെക്ക്
ഒഴുകിയെത്തിയ കാറില്‍ നിന്നും ആശചേച്ചിയുടെ അച് ഛന്‍ പുറത്തിറങ്ങി.
ചേച്ചിയെ പോലെ തന്നെ നല്ല പൊക്കത്തില്‍ വെളുത്ത് , മെലിഞ്ഞ് ….
  മദറിന്റെ മുറിയിലേക്ക്  കയറുന്നതിനു മുമ്പ് നീണ്ട വരാന്തയിലേക്ക്
കണ്ണോടിച്ച ഡോക്ടര്‍ക്ക് കാണാന്‍ പാകത്തില്‍ ആശചേച്ചി മുറിക്ക്
പുറത്തിറങ്ങി നിന്നിരുന്നു.
 അല്‍പസമയത്തിനു ശേഷം ആശചേച്ചിയെ മദറിന്റെ മുറിയിലേക്ക് വിളിക്കാന്‍
ആളെത്തി . അപ്പൊഴേക്കും കുമാരന്‍ ഡോക്ടര്‍ മദറുമായുള്ള സംസാരം
അവസാനിപ്പിച്ചിരുന്നു.
 മദറിന്റെ മുഖം ഇപ്പോഴും ചെമ്പരത്തി പൂ പോലെ ചുവന്നു തന്നെയിരിപ്പാണ്.
ചേച്ചിയെ കണ്ടതും ആശചേച്ചിയുടെ അച് ഛന്‍ തോളില്‍ കൈ വെച്ചു പറഞ്ഞു ”
ബാഗെടുക്കൂ … നമുക്ക് പോവാം മോളേ..”
 ആശചേച്ചി കയറിയ നീലക്കാറ് ഗേറ്റ് കടന്നു പോയതോടെ  ശ്രീക്കുട്ടി
മുറിയിലേക്ക് തിരിച്ചു നടന്നു.
 ഇളം നീല വിരിയിട്ട കട്ടിലില്‍ മലര്‍ന്നു കിടക്കുമ്പോഴും
ശ്രീക്കുട്ടിയ്ക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല . എതോ പുതിയ
ലോകത്തില്‍ എത്തിയ പോലെ. മനസ്സിലാവാത്ത കാര്യങ്ങളുടെ കൂട്ടത്തിലൊരു
മനസ്സിലാവാത്ത വാക്കും ശ്രീക്കുട്ടിയുടെ മനസ്സില്‍ കിടന്നു നിലവിളിച്ചു
”ലെസ്ബിയന്‍”.

4 comments:

R Niranjan Das said...

Thakarthu ttaa... Bayankara ishtayi.. Sreekuttiyude karyam orthu kurachu vishamavum.. Beautiful writing.
Oru pusthakam achadipichukoode?

www.rajniranjandas.blogspot.com

keerthi said...

oothalle chettaa ;-)

abhi said...

ബാല്യത്തിലെ നിഷ്കളങ്കമായ ചാപല്യങ്ങള്‍ മുതിര്‍ന്നവര്‍ എങ്ങനെ മനസ്സിലാക്കാന്‍ ?

നല്ല പോസ്റ്റ്‌ :)

ഏകതാരകം said...

അസ്സലായിരിക്കുന്നു.. നല്ല എഴുത്ത്.. നിഷ്ക്കളങ്കത തുളുമ്പി നില്‍ക്കണ ഭാഷ. ഇനിയും എഴുതൂ .. ഭാവുകങ്ങള്‍..