Thursday, October 9, 2008

ഓപ്പോള്‍

എന്തോ ഒരു ശബ്ദം കേട്ടാണു ഞാനുണര്‍ന്നത്.

ബോര്‍ഡിങ്ങിലെ എന്റെ റൂം മേറ്റ് ശാരി അമ്മയെ കാണാന്‍ കരയുകയാവും എന്നാ ആദ്യം കരുതിയത്. പിന്നെയാണോര്‍മ്മ വന്നത്..... വെക്കേഷനല്ലേ... ഞാന്‍ ബോര്‍ഡിങ്ങിലല്ലാ തറവാട്ടിലാണെന്ന്.

അച്ഛ്നും അമ്മയും നാട്ടിലില്ലാത്തതിനാല്‍, ഞാനും എന്റെ ഏട്ടന്‍ കിരണും സ്കൂളു പൂട്ടിയാല്‍ പെട്ടിയും തൂക്കി ഇറങ്ങും, പിന്നെ ജിപ്സികളെ പോലെ അവിടേയും ഇവിടേയും ഒക്കെ അലഞ്ഞ്, അവസാനം സ്കൂള്‍ തുറക്കുമ്പോഴേക്കും ബോര്‍ഡിങ്ങില്‍ തന്നെ തിരിച്ചെത്തും. ഇത്തവണ അച്ഛന്റെ തറവാട്ടിലാണു ഞങ്ങളുടെ വെക്കേഷന്‍

വേഗം രാവിലെയാവണേ എന്നു പ്രാര്‍ത്ഥിച്ചാണു ഇന്നലെ രാത്രിയും ഉറങ്ങാന്‍ കിടന്നത്.

രാവിലെയായാല്‍ പിന്നെ തിരക്കാണു. ഇനി രണ്ട് ദിവസം കൂടിയേ ഉള്ളൂ ഓപ്പോളുടെ വേളിക്ക്.
പന്തല്‍ പണിക്കാരും അടുക്കളപണിക്കാരുമൊക്കെ ഇന്നെത്തും. ഇനിയങ്ങോട്ട് തിരക്കാണു.

നാളെ അയിനിയൂണ്‍, മറ്റന്നാള്‍ വേളി.

നേരം വൈകിപ്പോയോ എന്നു പരിഭ്രമിച്ച് ഞാന്‍ വേഗം എഴുന്നേറ്റു. ഉറക്കപ്രാന്തില്‍ കണ്ണ് തുറന്നു നോക്കിയപ്പോ അന്തം വിട്ടു പോയി.. എല്ലാവരുമുണ്ട് മുറിയില്‍... മുത്തശ്ശന്‍, വല്ല്യച്ഛന്‍, വല്ല്യമ്മ..( വല്ല്യമ്മ കരയുന്ന ശബ്ദമാണു ഞാന്‍ കേട്ടത്), പിന്നെ പാതി ഉറക്കത്തില്‍ ഏട്ടന്മാരും....

മുത്തശ്ശനെ ഇത്ര ദേഷ്യത്തില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, മുഖമൊക്കെ ചുവന്ന്, ഇപ്പൊ ചോര വരുമെന്നു തോന്നും,
മുത്തശ്ശി പതിവു പോലെ പതിഞ്ഞ ശബ്ദത്തില്‍ നാരായണ നാരായണ എന്നു ജപിക്കുന്നു,
വല്ല്യച്ഛന്‍ തലയും കുനിച്ച് മാറി നില്‍ക്കുന്നു,
കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാവാത്തതിന്റെ അമ്പരപ്പില്‍ ഏട്ടന്മാരും.
വല്ല്യമ്മ മാത്രം ഉച്ചത്തില്‍ കരയുന്നുണ്ട്.

ഞാന്‍ ഓപ്പോളെവിടെയെന്നു നോക്കി. ഓപ്പോളെ മാത്രം അവിടെയൊന്നും കാണുന്നില്ല. ഇത്രമാത്രം കോലാഹലം ഇവിടെ നടന്നിട്ടും ഓപ്പോള്‍ മാത്രം ഉണര്‍ന്നില്ലേ??? അല്ലെങ്കിലും ഓപ്പോള്‍ ഒരു ഉറക്കപ്രാന്തിയാണു. വല്ല്യമ്മ എത്ര തവണ വിളിച്ചാലാണു രാവിലെ ഒന്നെഴുന്നേല്‍ക്കുന്നത്....

ഇവിടെ വരുമ്പോഴൊക്കെ ഓപ്പോളുടെ കൂടെയാണു ഞാന്‍ ഉറങ്ങുന്നത്.ഞ്ഞാന്‍ ഓപ്പോളെ വിളിക്കാന്‍ തിരിഞ്ഞു... ഓപ്പോള്‍ കിടക്കയിലില്ല, മുറിയിലും കാണുന്നില്ല.. അത്ഭുതം തന്നെ..

ഇന്നലെ രാത്രി ഓപ്പോളെനിക്കു തന്ന ബിനാക്ക മൃഗങ്ങളെ ഇട്ടുവെക്കുന്ന വെള്ളിച്ചെപ്പ് മാത്രം കിടക്കയില്‍ അന്തംവിട്ട് കിടന്നുറങ്ങുന്നുണ്ട്. ഓപ്പോളുടെ കൈയ്യില്‍ ഇങ്ങനെ പലവിധ അത്ഭുത സാധനങ്ങളും ഉണ്ട്. കൂട്ടത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതായിരുന്നു, പണ്ട് ബിനാകാ ടൂത്പേസ്റ്റിന്റെ കൂടെ കിട്ടുമായിരുന്ന പലവിധ മൃഗങ്ങള്‍, സിംഹം, കണ്ടാമൃഗം, മാന്‍ അങ്ങിനെ എല്ലാമുണ്ട്. എല്ലാം കൂടി നല്ല ഭംഗിയുള്ള ഒരു വെള്ളിച്ചെപ്പിലാണു ഓപ്പോള്‍ സൂക്ഷിച്ചിരുന്നത്.

അതൊന്നു കാണിച്ചു തരാന്‍ തന്നെ കുറെ ദിവസം പിന്നാലെ നടക്കണം.ഇന്നലെ ഓപ്പോള്‍ക്ക് എന്തേ പറ്റിയത് ആവോ. ഓപ്പോള്‍ പറഞ്ഞു തരുന്ന കഥയും കേട്ടുറങ്ങാന്‍ വേണ്ടി ഞാന്‍ ഓപ്പോളേയും കാത്തിരിക്കുകയായിരുന്നു. ഓപ്പോളാണെങ്കില്‍ പുസ്തകങ്ങളുടെ ഇടയിലും, അലമാരയിലുമൊക്കെ എന്തോ തിരയുകയും...
അതിനിടയിലാ മാളൂനു ഓപ്പോളുടെ വക ഒരു സമ്മാനം എന്നും പറഞ്ഞ് ഈ ചെപ്പെടുത്ത് എന്റെ കൈയ്യില്‍ വെച്ചു തന്നു...
വല്ല്യമ്മ പറയുന്നത് സത്യം തന്നെയാ... ഈ ഓപ്പോളുടെ ഓരോ കട്ടായം കണ്ടാല്‍ അന്തം വിട്ടു പോവും.
സന്തോഷം കൊണ്ട് കണ്ണും തള്ളിയിരുന്ന ഇരുന്ന എന്നെ കെട്ടിപിടിച്ച് നെറ്റിയിലൊരുമ്മയും തന്നു ഓപ്പോള്‍.
നോക്കിയപ്പൊ ഓപ്പോള്‍ കരയുന്നു.. വല്ല്യമ്മയോട് മാളൂനും അപ്പോള്‍ ദേഷ്യം വന്നു. ഈ ഓപ്പോളെ എപ്പോഴും ഇങ്ങനെ ചീത്ത പറഞ്ഞ് കരയിക്കുന്നൊരു വല്ല്യമ്മ...

ഇപ്പോള്‍ കുറച്ച് ദിവസമായിട്ടിങ്ങനെ തന്നെയാ.. വല്ല്യമ്മ അടക്കിയ ശബ്ദത്തില്‍ ചീത്ത പറയലും, ഓപ്പോള്‍ കരയലും... കല്യാണം തീരുമാനിച്ചതില്‍ പിന്നെ ഓപ്പോളുടെ ആ ചിരിയൊന്നും കാണാനേ ഇല്ല.

ചെപ്പ് കിട്ടിയ സന്തോഷത്തില്‍ ഞാന്‍ പിന്നെ കഥ കേള്‍ക്കാനൊന്നും കാത്തു നിന്നില്ല.. അതും കെട്ടി പിടിച്ച് കിടന്നുറങ്ങി.. ഓപ്പോള്‍ എപ്പഴാ ഉറങ്ങിയത് ആവോ... കാണാനും ഇല്ലല്ലോ ഇവിടെയൊന്നും.....

വല്ല്യമ്മ കരയുന്നതു കണ്ടപ്പൊള്‍ എനിക്കും കരച്ചില്‍ വന്നു തുടങ്ങിയതായിരുന്നു, അപ്പോഴേക്കും ഉണ്ണിയേട്ടന്‍ വന്നു എന്നെ തളത്തിലേക്ക് കൂട്ടികൊണ്ടു പോയി.
ഉണ്ണിയേട്ടനാ സ്വകാര്യമായിട്ട് എന്നോട് പറഞ്ഞത്,ഓപ്പോളെ കാണാനില്ല, എങ്ങൊട്ടോ പോയീ ന്ന്.

ആരോടെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു എവിടേക്കാ ഓപ്പോള്‍ ഈ രാത്രിയില്‍ പോയത്... പക്ഷെ ആരോടും ചോദിക്കാന്‍ തോന്നിയില്ല.

രാവിലെയായിട്ടും വല്ല്യമ്മ എഴുന്നേറ്റിട്ടില്ല. ഇനിയിപ്പോ നടുമുറ്റത്ത് അണിയലും നേദിക്കലും, പാട്ടു പാടിക്കളിയും ഒന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
ഇവിടെ ഓപ്പോള്‍ ഇല്ലെങ്കില്‍ ഇങ്ങനെ തന്നെയാ, ഒരു കാര്യവും നടക്കില്ല.

പക്ഷേ അകത്തും പുറത്തും നിറച്ചാള്‍ക്കാര്‍ വന്നിട്ടുണ്ട്. ഓപ്പോളെ കാണാനില്ല എന്നറിഞ്ഞ് വന്നവരാണു.വീടാകെ ഒരു തേനീച്ചക്കൂടു പോലെ. ആരുടേയും ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നില്ല. ആകെ ഒരു മൂളല്‍ മാത്രം.

മുത്തശ്ശന്‍ ഉമ്മറത്തെ കസേരയില്‍... ഒറ്റ രാത്രി കൊണ്ട് വയസ്സായതു പോലെ.... മുഖത്താകെ ചുളിവുകളും കറുപ്പും... വലിയൊരു വടവൃക്ഷം കടപുഴകി വീണതു പോലെ.. ഇങ്ങനെ നിസ്സഹായനായി മുത്തശ്ശനെ ഞാന്‍ കണ്ടിട്ടില്ല.

വല്ല്യച്ഛന്‍ പിന്നെ എപ്പോഴും ഇങ്ങനെ തന്നെയാണു. നന്നേ വിഷമിച്ചാ രണ്ട് വാക്ക് പറയ്യാ... എന്നാണു വല്ല്യമ്മ പറയുക

ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത ഏട്ടന്മാര്‍ പോലും അനങ്ങുന്നില്ല.
വല്ല്യമ്മയുടെ കരച്ചില്‍ മാത്രം ഇടക്ക് കേള്‍ക്കാം.

ഓപ്പോള്‍ ഇല്ലാഞ്ഞാല്‍ ഇവിടെ ഒരു രസവുമില്ല. ഓപ്പോളായിരുന്നു ഇവിടുത്തെ സാരക്കുട്ടി. എല്ലാവര്‍ക്കും... മുത്തശ്ശനു പോലും ഓപ്പോള്‍ പറയുന്നതൊക്കെ സമ്മതമാ... ഓപ്പോളുടെ അഭിപ്രായത്തിനായിരുന്നു എല്ലാകാര്യങ്ങളിലും മുന്‍ തൂക്കം. പഠിക്കാനും മിടുമിടുക്കി.... ഏട്ടന്മാരെ പഠിപ്പിക്കാനിരുത്തിയാല്‍ കളിയാക്കി കൊല്ലും ഓപ്പോള്‍. എല്ലാകാര്യത്തിനും എപ്പോഴും ഓപ്പോളാവും മുന്നില്‍.

വല്ല്യമ്മ മാത്രമാണു വല്ലപ്പോഴും ഓപ്പോളെ ഒന്നു ചീത്ത പറയുക, അതും ആ കാളി എന്തേലും നുണ കൊളുത്തി കൊടുക്കുമ്പോള്‍.

വൈകുന്നേരം മുത്തശ്ശനൊക്കെ വന്നു കഴിയുമ്പോള്‍ ഉമ്മറത്തൊരു സഭ കൂടലുണ്ട്. മുത്തശ്ശനൊരു കസേരയില്‍, കാല്‍ക്കലായി ഓപ്പോള്‍. മുത്തശ്ശന്റെ മടിയില്‍ ഞാനും. മുത്തശ്ശനു പെണ്‍കുട്ടികളെ മാത്രമേ ഇഷ്ടമുള്ളൂ എന്നും പറഞ്ഞ് ഏട്ടന്മാര്‍ പരിഭവിക്കും.

ഓപ്പോള്‍ക്കായിരുന്നു എവിടേയും സ്ഥാനം. ബന്ധുക്കളുടെ ഇടയിലും നാട്ടുകാരുടെ ഇടയിലും... എല്ലാവരോടും ഭംഗിയായി സംസാരിക്കാനും, പറ്റുന്ന വിധത്തിലെല്ലാം എല്ലാവരേയും സഹായിക്കാനും, ഓപ്പോളുടെ അത്ര മിടുക്കി വേറെ ആരും ഉണ്ടായിരുന്നില്ല.

ഓപ്പോള്‍ക്ക് കിട്ടുന്ന ഈ പ്രത്യേക പരിഗണനയില്‍ ഞങ്ങള്‍ക്കൊക്കെ ചെറിയ തോതില്‍ അസൂയ ഉണ്ടായിരുന്നെങ്കിലും, ഓപ്പോളില്ലെങ്കില്‍ ഒരു രസവും ഇല്ല... ഇവിടമാകെ ഉറങ്ങിയതു പോലെയാവും.

ഓരോന്നു പറഞ്ഞ് എന്നേയും കണക്കിനു കളിയാക്കുമെങ്കിലും, ഓപ്പോളോടായിരുന്നു എനിക്കും കൂടുതല്‍ പ്രിയം. ഓപ്പോളുടെ പുറകെ ഒരു വാലായി നടക്കുന്നതായിരുന്നു വന്നു കഴിഞ്ഞാല്‍ പോവുന്നതു വരെ എന്റെ പതിവ്.

ഉച്ചക്ക് വല്ല്യമ്മ ഉറങ്ങുമ്പോള്‍ ഓപ്പോള്‍ക്കും എനിക്കും കൂടി ഒരു ചുറ്റിയടിക്കലുണ്ട്. പറമ്പിലൊക്കെ ഒന്നു കറങ്ങി, തിന്നാന്‍ പറ്റുന്ന കായകളും, ഇലകളും ഒക്കെ കരസ്ഥമാക്കും. അന്ന് ഞങ്ങളുടെ ഇല്ലത്തെ കുളത്തിലൊരു ആമയുണ്ടായിരുന്നു. ഉച്ച സമയത്ത് ആരും ഇല്ലാത്തപ്പോ പോയാലേ അതിനെ സൗകര്യമായി കാണാന്‍ പറ്റൂ. നീന്താന്‍ അറിയാത്തതു കൊണ്ട് വെള്ളത്തിലിറങ്ങാന്‍ എനിക്ക് അനുവാദമില്ല. കല്‍പ്പടവിലിരുന്ന് ഞാന്‍ ആമ വരുന്നതും നോക്കിയിരിക്കും.എന്റെ പാട്ടിന്റേയും ആട്ടത്തിന്റേയും കഥ പറച്ചിലിന്റേയും ഒക്കെ പ്രേക്ഷകനാവാനുള്ള് (ദുര്‍)ഭാഗ്യം ആ ആമക്കായിരുന്നു.
എന്റെ ഈ ശല്യം കാരണം ഓപ്പോള്‍ പഠിക്കാന്‍ കുറച്ച് ദൂരേക്ക് പോവും. അപ്പുറത്തായുള്ള ഇടവഴിയുടെ വക്കത്തുള്ള ഒരു ഇലഞ്ഞി മരത്തിന്റെ ചോട്ടിലിരുന്നാണു ഓപ്പോളുടെ പഠിത്തം. വല്ല്യമ്മ ഉണരുന്നതിനു മുന്നേ ഞങ്ങള്‍ തിരിച്ചെത്തുകയും ചെയ്യും.
പോവാറാവുമ്പോള്‍ ഇലഞ്ഞി പൂക്കള്‍ പെറുക്കി അതു കൊണ്ടൊരു കൈചെയിനും ഉണ്ടാക്കിതരും എന്റെ ഓപ്പോള്‍.

ഈ ഉച്ചക്കുള്ള ഞങ്ങളുടെ കറക്കം അവസാനിക്കാനും കാരണം ആ കാളിയുടെ ഓരോ നുണക്കഥകളാണെന്നാ ഓപ്പോള്‍ പറഞ്ഞത്..

അന്നും ഞാന്‍ കല്‍പ്പടവില്‍ ആമയെയും നോക്കിയിരിക്കുകയായിരുന്നു. അപ്പോഴാണു കുളത്തിലൊരു പുതിയ അതിഥി... ഒരു നീര്‍ക്കോലി.. വെള്ളത്തിലെ അഭ്യാസങ്ങളൊക്കെ മടുത്തിട്ടെന്നെ പോലെ കരയിലേക്ക് കയറി വരാന്‍ ഒരുങ്ങിയപ്പോ ഞാന്‍ ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു, ഇലഞ്ഞി ചോട്ടിലെത്തിയിട്ടേ ശ്വാസം വിട്ടുള്ളൂ. എന്നിട്ട് നോക്കിയപ്പോ അവിടെങ്ങും ഓപ്പോളെ കാണാനില്ല. പുസ്തകങ്ങള്‍ ഉണ്ട്, പക്ഷേ ഓപ്പോളില്ല.ഒന്നു കരഞ്ഞാലോ എന്നു വിചാരിച്ചപ്പോഴേക്കും, ഇടവഴിയില്‍ നിന്നും ഓപ്പോളുടെ ശബ്ദം കേട്ടു. നോക്കിയപ്പോ ഓപ്പോള്‍ എതോ ഒരു ഏട്ടനോട് എന്തോ പറഞ്ഞ് ചിരിക്കുന്നു. ഒരു പൂച്ചക്കണ്ണുള്ള ഏട്ടന്‍.കൂടെ പഠിക്കുന്ന ആളാണത്രേ. എന്നാലും ആരോടും പറയണ്ടാന്നാ ഓപ്പോള്‍ പറഞ്ഞത്. മാളു ആരോടും പറഞ്ഞില്ല.
പക്ഷേ ആ കാളി വല്ല്യമ്മയോട് എന്തോ കുറേ നുണകളൊക്കെ ചേര്‍ത്ത് ഈ കാര്യം പോയി പറഞ്ഞു കൊടുത്തു. അന്ന് ഓപ്പോള്‍ക്ക് വയര്‍ നിറച്ചും ചീത്ത കേട്ടു.
അതില്‍ പിന്നെ വല്ല്യമ്മ ഉറങ്ങുന്ന മുറിയിലിരുന്നു പഠിച്ചാ മതിയെന്നൊരു പുതിയ നിയമവും പാസ്സാക്കി.
മാളൂന്റെ കാര്യമാ കഷ്ടത്തിലായത്. പഠിക്കാന്‍ ഇപ്പോ എവിടെയിരുന്നിട്ടായാലും മതിയല്ലോ, പക്ഷേ ആമയെ കാണാന്‍ അങ്ങോട്ടു പോവാതെ പറ്റില്ലല്ലൊ......

പിന്നെ അതൊക്കെ ആകെ മറന്നു. ഇവിടെ ആകെ തിരക്കായിരുന്നു. ഓപ്പോള്‍ക്ക് കല്യാണ ആലോചനയുടെ തിരക്ക്. ജാതകം നോക്കലും, ഇല്ലം കാണലും, ആള്‍ക്കാരും ആകെ രസമായിരുന്നു. പിന്നെ ഒരു ദിവസം ഒരു ഏട്ടന്‍ വന്നു, ഓപ്പോളെ കാണാന്‍...
ആ ഏട്ടന്റെ ഇല്ലത്തേ പണ്ട് ആനയുണ്ടായിരുന്നൂ എന്ന് മുത്തശ്ശി പറഞ്ഞു മാളൂനോട്. പക്ഷേ ആ ഏട്ടനു അതിന്റെ ഗമയൊന്നും ഇല്ല്യ ട്ടോ. മാളൂനോട് പേരൊക്കെ ചോദിച്ചു.
ഡല്‍ഹിയിലാ ആ ഏട്ടനു ജോലി. ഓപ്പോള്‍ക്കും പോവാം ഡല്‍ഹിക്ക്.

ഏട്ടന്‍ കാണാന്‍ വരുന്നതിന്റെ തലേ ദിവസം മുതല്‍ ഓപ്പോള്‍ കരച്ചിലായിരുന്നു. എന്തിനാന്ന് ചോദിച്ചപ്പോ , വേളി കഴിഞ്ഞു പോയാല്‍ പിന്നെ , മാളു വരുമ്പോള്‍ കാണാനും, ഇങ്ങനെ മാളൂനേം കെട്ടിപ്പിടിച്ച് ഉറങ്ങാനും ഒന്നും പറ്റാത്തതു കൊണ്ടാണു കരയുന്നതെന്നാ ഓപ്പോള്‍ പറഞ്ഞത്. കേട്ടപ്പോ എനിക്കും കരച്ചില്‍ വന്നു, പാവം ഓപ്പോള്‍ക്ക് മാളൂനെ എന്തൊരിഷ്ടമാണു.

പക്ഷെ ആ ഏട്ടന്‍ വന്നു പോയതില്‍ പിന്നെ ഓപ്പോളുടെ കരച്ചിലൊക്കെ മാറി. പതുക്കെ പതുക്കെ സന്തോഷം വന്നു നിറഞ്ഞു തുടങ്ങി വീട്ടിലാകെ. വല്ല്യമ്മയും, മുത്ത്ശ്ശനും,വല്ല്യച്ഛനും എല്ലാവരും ഓരോ ഒരുക്കങ്ങളുടെ തിരക്കിലും.

ഇന്നലെയായിരുന്നു കാവിലെ നിറമാല.

കൂടെ പഠിച്ചിരുന്ന കുറേ കൂട്ടുകാരികള്‍ കല്യാണ സമ്മാനവുമായി വന്നതു കാരണം ഓപ്പോള്‍ക്ക് തൊഴാന്‍ വരാന്‍ പറ്റിയില്ല.

ഇന്നലെ തൊഴാന്‍ പോയപ്പോ എന്തൊരു തിരക്കായിരുന്നു.വല്യച്ഛന്‍ തായമ്പകയുടെ സ്ഥലത്തേക്കും, ഏട്ടന്മാര്‍ പീടികകളിലേക്കും, വല്ല്യമ്മ കാണുന്നവരോടൊക്കെ വര്‍ത്തമാനത്തിലും മുഴുകിയപ്പോള്‍ മാളു ആള്‍ക്കൂട്ടം നോക്കിനില്‍ക്കായിരുന്നു.അപ്പോഴാ ആ പൂച്ചക്കണ്ണുള്ള ഏട്ടനെ പിന്നേയും കണ്ടത്.മാളു ചിരിച്ചപ്പോ തിരിച്ചൊന്ന് ചിരിച്ചതു പൊലും ഇല്ല.ഇഷ്ടായില്ല മാളൂനു ആ ഏട്ടനെ.

അമ്പലത്തില്‍ നിന്നും വന്നപ്പോ ഓപ്പോളോട് പറയണം എന്നു കരുതിയതായിരുന്നു. പിന്നേ ഓരോ തിരക്കിനിടയില്‍ അതു മറന്നു. ഇന്നിപ്പോ ഓപ്പോളും ഇല്ല.

എങ്ങിനെയൊക്കെ ഒരുങ്ങീതാ ഓപ്പോളുടെ വേളിക്ക്. എന്നിട്ടിപ്പോ ഈ ഓപ്പോള്‍ എങ്ങോട്ടാ പോയത്....

ഇത്ര നേരായിട്ടും വന്നിട്ടും ഇല്ല. ഈ ഓപ്പോളുടെ ഒരു കാര്യം.... കുറെ കഷ്ടം തന്നെയാണേ....

അല്ലേലും ഈ കാളി നുണയേ പറയൂ..
ഇന്നിപ്പോ എന്നെ കണ്ടപ്പോ പറയാണേ ഓപ്പോളുടെ കല്യാണം കഴിഞ്ഞൂന്ന്.

ഇവിടെ നിന്നും ആരും പോയിട്ടില്ലല്ലോ. ഓപ്പോളുടെ കല്യാണമാണെങ്കില്‍ എല്ലാര്‍ക്കും പോവേണ്ടേ..

ആരോടാ ഒന്നു ചോദിക്കുക. മുത്തശ്ശനോടൊന്നും ഇപ്പോ ചോദിക്കാന്‍ തോന്നുന്നില്ല. വല്ല്യമ്മയാണെങ്കില്‍ കരഞ്ഞു കരഞ്ഞു ഇപ്പോ ഒരു നേരിയ ഞെരക്കം മാത്രമേ ഉള്ളൂ ഉണ്ണിയേട്ടന്‍ മാത്രം വെറുതെ ഇരുന്ന് മടുത്തിട്ടാവും ഗോലി കളിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഉണ്ണിയേട്ടനോട് ചോദിച്ചപ്പോ പറയാണു.. കല്യാണത്തിനു ഇവിടാരേം ക്ഷണിച്ചിട്ടില്ലാന്ന്. ക്ഷണിക്കാത്ത കല്യ്യാണത്തിനു ഇലയിടാന്‍ വേണേല്‍ മാളു പൊയ്ക്കോളൂ ന്ന്... എനിക്കിപ്പോ അതല്ലേ പണി.....

എന്നാലും ഓപ്പോളിങ്ങനെ ചെയ്തല്ലോ.... മാളൂം പിണക്കാ ഓപ്പോളോട്.....

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor----

Monday, October 6, 2008

പാഠം ഒന്ന്

കേട്ടിട്ടുണ്ട്....

ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്

കേട്ടിട്ടുണ്ട്

കണക്ക് അറിഞ്ഞാല്‍ കണ്ണ് തെളിഞ്ഞെന്ന്

പക്ഷേ കണക്കില്‍ എന്നും ഞാന്‍ വളരെ മോശം

കണക്കുകൂട്ടലൊന്നും ശരിയല്ല

കാണുന്നതൊന്നും ശരിയല്ല

എന്തുകൊണ്ടാണെന്ന് അറിയില്ല

കണക്കില്‍ മോശമായതിനാല്‍ കണക്കുകൂട്ടല്‍ പിഴക്കുന്നതാണോ

അതോ

കണക്കുകൂട്ടല്‍ പിഴക്കുന്നതിനാല്‍ കണക്കില്‍ മോശമാവുന്നതൊ....

എന്തായാലും വളരെ മോശം.

ഒന്നും ഒന്നും കൂട്ടുമ്പോള്‍

എനിക്കെപ്പോഴും കിട്ടുന്നു

പിന്നേയും ഒരു ഒന്ന്...

വലിയ ഒരു 'ഒന്ന്' അല്ലാ...

തീരെ ചെറിയ ഒരു 'ഒന്ന്'

ഒറ്റക്കൊരു ഒന്ന്

ഒറ്റക്കൊരു ഞാന്‍

ഒന്നായ ഒറ്റയായ ഞാന്‍