Tuesday, January 27, 2009

പ്രണയ കാലം

എന്റെയുള്ളില്‍ മഞ്ഞ് പെയ്യുകയായിരുന്നു
മരവിച്ച മഞ്ഞ്

എനിക്കു ചുറ്റിനും ഇരുട്ടായിരുന്നു
കട്ടി കൂടിയ ഇരുട്ട്

ഈ തണുപ്പില്‍ ... ഈ ഇരുട്ടില്‍...
ഞാന്‍ ഏകയായിരുന്നു

ഞാന്‍ ഒരു മഞ്ഞ് ദ്വീപായിരുന്നു

ഒരൊറ്റ നക്ഷത്രം പോലും ഇല്ലാതെ
എന്റെ ആകാശം ശൂന്യമായിരുന്നു


പിന്നൊരു ദിവസം വന്നു നീ
ഒരു നിലാ ചിരിയുമായി

ചിരിയുടെ ചൂടില്‍ മഞ്ഞുരുകി
അതൊരു ഗംഗയായൊഴുകി

ആ ഗംഗയിലൊരോളമായി ഞാനും

ഒരു കാറ്റായെന്നെ തഴുകി
ഒരു സുഗന്ധമായെന്നെ പുല്‍കി
ഒരു നാദമായെന്നില്‍ നിറഞ്ഞു നീ

എന്റെയുള്ളിലും തുടിക്കുന്നു
ചുവക്കുന്നു
എന്റെ ഹൃദയം...

Tuesday, January 13, 2009

പാളങ്ങള്‍...

ബസ്സ് നിര്‍ത്തി, ആള്‍ക്കാരുടെ ഇടയിലൂടെ തിക്കിതിരക്കി ഇറങ്ങുമ്പോഴേ കേട്ടു, വളവു തിരിഞ്ഞ് ഹോണ്‍ മുഴക്കി കൊണ്ടു വരുന്ന ട്രെയിനിന്റെ ശബ്ദം.

പുലര്‍ക്കാലത്തെ മങ്ങിയ ഇരുട്ടില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകള്‍ക്കിടയിലൂടെ,
വരിവരിയായി നിരത്തി വെച്ചിരിക്കുന്ന മുല്ലപ്പൂക്കെട്ടുകള്‍ക്കിടയിലൂടെ ,
ആവി പറക്കുന്ന കാപ്പി ചായ കച്ചവടക്കാര്‍ക്കിടയിലൂടെ,
പുതിയ സിനിമ പോസ്റ്ററുകള്‍ തേടിയിറങ്ങിയ, തെരുവ് പശുക്കള്‍ക്കിടയിലൂടെ വെപ്രാളത്തോടെയുള്ള ഒരു പാച്ചിലാണു എന്നും.

പല ഭാഷകളിലായി മാറി മാറി ഉയരുന്ന ട്രെയിന്‍ അനൗണ്‍സ്മെന്റിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രഭാത ഓട്ടം...

സ്റ്റേഷന്‍ കവാടത്തിലെ തിരക്കും പിന്നിട്ട് ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലൂടെ കയറിയിറങ്ങി, മൂന്നാമത്തെ പ്ലാറ്റ്ഫോം എന്ന ലക്ഷ്യസ്ഥാനത്തിലെത്തുമ്പോഴേക്കും കിതച്ചു തുടങ്ങിയിട്ടുണ്ടാവും.

ട്രെയിനാവട്ടെ കിതപ്പടക്കി, അടുത്ത കുതിപ്പിനായുള്ള തയ്യാറെടുപ്പിലും....
ഒരു വിധത്തില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റിലേക്ക് കയറിക്കൂടുന്നതോടെ യാത്രയുടെ ഒന്നാം ഘട്ടത്തിനു അവസാനമായി.

പരിചിത മുഖങ്ങളും, പതിവ് കുശലാന്വേഷണങ്ങളും പിന്നിട്ട് ഒരു പകുതി സീറ്റില്‍ ഇരുപ്പുറപ്പിക്കുന്നതോടെ യാത്ര തുടങ്ങുകയായി....

ദിവസം മുഴുവന്‍ പലര്‍ക്കും, പലതിനുമായി വിഭജിച്ചു കൊടുക്കുന്ന കൂട്ടത്തില്‍ എനിക്കു മാത്രമായി കിട്ടുന്നതാണു രാവിലേയും വൈകുന്നേരവുമുള്ള ഈ ഒരു മണിക്കൂര്‍ യാത്ര.

പലിശയും കൂട്ടുപലിശയുമായി പെരുകി കിടക്കുന്ന ഉറക്കബാക്കി മിക്കപ്പോഴും ആ സമയത്തേയും അപഹരിച്ചെടുക്കും. എന്നാലും ഞനെന്നൊരു വ്യക്തി ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് വല്ലപ്പോഴുമെങ്കിലും എനിക്ക് തന്നെ ഓര്‍മ്മ വരുന്നത് ഈ സമയത്താണു .

തിരക്കിനിടയില്‍ കാണുന്ന പ്രസരിപ്പ് നിറഞ്ഞ ഒരു സ്കൂള്‍കുട്ടിയുടെ മുഖമോ, ആരുടേയെങ്കിലും മുടിയില്‍ വിടര്‍ന്നു ചിരിച്ചിരിക്കുന്ന ഒരു ചുവന്ന പനിനീര്‍പ്പൂവോ, അങ്ങിനെ എന്തെങ്കിലും ആയിരിക്കും മിക്കപ്പോഴും ഓര്‍മ്മകളെ തട്ടിയുണര്‍ത്തുന്നത്.

കഴിഞ്ഞു പോയ എതോ ജന്മത്തിലെന്ന പോലെ ഒരു മങ്ങിയ ചിത്രമായി ഓര്‍മ്മകളില്‍ എത്തും.... ഞാനും ഒരു കുട്ടിയായിരുന്ന കാലം.

ഒരു ചുവന്ന റോസാപ്പൂവിനെ പോലെ വിടര്‍ന്ന് ചിരിക്കാന്‍ കഴിഞ്ഞിരുന്നൊരു കാലം

ഇഷ്ടങ്ങളും മോഹങ്ങളും, സ്വപ്നങ്ങളും സ്വന്തമായിരുന്നൊരു കാലം..

ചെടികളോടും കിളികളോടും വരെ പറയുവാനേറെ വിശേഷങ്ങളുണ്ടായിരുന്നൊരു കാലം...

ഉച്ചത്തില്‍ ചിരിക്കുന്നതിനു അമ്മയില്‍ നിന്നേറെ വഴക്കും കേട്ടിരുന്നു അന്നൊക്കെ...

ആലോചിക്കുമ്പോള്‍ അത്ഭുതം...... കാലം എന്തെല്ലാം മാറ്റങ്ങളാണു വരുത്തുന്നത് ജീവിതത്തില്‍...

ചിരിച്ചു കളിച്ച് നടന്നൊരു കൗമാരക്കാരിയില്‍ നിന്നും പ്രാരബ്ധക്കാരിയായൊരു മദ്ധ്യവയസ്കയിലേക്ക് എടുത്തെറിഞ്ഞ പോലെ എത്തിപ്പെടുകയായി...
തിരക്കിനിടയില്‍ എവിടേയോ നഷ്ടപ്പെട്ടു പോയതൊരു യൗവ്വനം....

ചിരിക്കാനോ സന്തോഷിക്കാനോ സമയമില്ലാത്ത വിധത്തില്‍ കുടും ബത്തിനും ജോലിക്കുമായി പകുത്തു നല്‍കുന്ന ജീവിതം...
ആഹ്ളാദം നിറഞ്ഞ ചിരിയൊച്ചകള്‍ ചിറകടിച്ചകലുന്നു...
അസന്തുഷ്ടിയുടെ നിശബ്ദത വ്യാപിക്കുന്നു ജീവിതത്തില്‍...

അലാറാം ശബ്ദത്തില്‍ തുടങ്ങുന്ന ദിവസങ്ങള്‍......
ഒരു എക്സ്പ്രസ്സ് ട്രെയിനിന്റെ വേഗത്തില്‍ വീട്ടു ജോലികള്‍ തീര്‍ത്താലേ പാസഞ്ചര്‍ ട്രെയിനിലെങ്കിലും ഓഫീസിലെത്താന്‍ പറ്റുകയുള്ളൂ എന്ന ചിന്ത കൈകള്‍ക്കും കാലിനും ശക്തി പകരുന്നു..

പണികളെല്ലാം ഒതുക്കി ഇറങ്ങുമ്പോഴും പരാതികള്‍ അവസാനിക്കുന്നില്ല.....
അമ്മക്ക് ഈ വെള്ളം കൂടി ഒന്ന് കുപ്പിയിലാക്കിയാല്‍ എന്താണെന്നു പരിഭവിക്കുന്ന എട്ടാം ക്ലാസ്സുകാരിയേയും, ഇന്നും ഇഡ്ഡലിയാണോ എന്ന് മുഖം ചുളിക്കുന്ന ആറാം ക്ലാസ്സുകാരനേയും, രാവിലത്തെ ഉറക്കം കളഞ്ഞ് ബസ്സ് സ്റ്റോപ്പ് വരെ കൂടെ വരേണ്ടി വരുന്നതിന്റെ പരാതി ഒരു നീണ്ട കോട്ടുവായിലൊതുക്കുന്ന ഭര്‍ത്താവിനേയും കണ്ടില്ലെന്നു നടിക്കുകയേ മാര്‍ഗ്ഗമുള്ളൂ...

പതിവു തെറ്റിക്കാതെ, കഴുകുവാനുള്ള തുണിയും പാത്രങ്ങളും, നാണിയമ്മക്കെടുത്തു കൊടുക്കാന്‍ മറക്കരുതെന്ന് മകളേയും,
വാതിലും ഗേറ്റും അടക്കാന്‍ മറക്കരുതെന്ന് മകനേയും,
ഒന്നു കൂടി ഓര്‍മ്മിപ്പിച്ച് പടിയിറങ്ങി, പലചരക്കു കടയില്‍ നിന്ന് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് നടത്തത്തിനിടയില്‍ ഭര്‍ത്താവിനോടും പറഞ്ഞു കഴിയുന്നതിനു മുന്നേ ബസ്സിന്റെ വരവായി..

വിരസമായ, മടുപ്പിക്കുന്ന കൃത്യതയോടെ ആവര്‍ത്തിക്കപ്പെടുന്ന ദൃശ്യങ്ങള്‍...

ഇരുട്ട് നിറഞ്ഞ കുടുസ്സു മുറിയിലെന്നപോലെ ശ്വാസം മുട്ടിക്കുന്ന ജീവിതം...

ഒരിത്തിരി പ്രകാശം പരത്താനായി ഇടക്ക് വന്നെത്തി നോക്കി പോകുന്ന ചില ഓര്‍മ്മകള്‍ ...
ചില ഓര്‍മ്മപ്പെടുത്തലുകള്‍...

ഹൃദയത്തിനോട് ചേര്‍ന്നു നിന്നിരുന്ന പ്രിയമേറിയവരുടെ ഓര്‍മ്മകള്‍...

കൂട്ടത്തില്‍ മാധുര്യമേറിയൊരു ഓര്‍മ്മയായി ഭാമ...

വര്‍ഷങ്ങളോളം പകുതി പ്രാണന്‍ പോലെ പ്രിയങ്കരിയായിരുന്ന കൂട്ടുകാരിയായിരുന്നു ഭാമ..

ഒരു മാര്‍ച്ച് മാസത്തില്‍ ഇടക്കിടക്ക് ഇനിയും കാണാമെന്ന വാഗ്ദാനത്തോടെ പിരിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ഏറെയായി...

വല്ലപ്പോഴും കാണുന്ന സ്വപ്ങ്ങളില്‍ മാത്രം പൂര്‍ത്തീകരിക്കുന്ന വാഗ്ദാനങ്ങള്‍...

പക്ഷേ ഇന്നലെ....

ഒരു പാതി മയക്കത്തിനിടയില്‍ ഞാന്‍ കണ്ടു...
തിരക്കേറിയൊരു സ്റ്റേഷ്നില്‍ ആള്‍ക്കൂട്ടത്തിലൊരാളായി എന്റെ ഭാമ..
അകലെ നിന്നാണെങ്കിലും വളരെ വ്യക്തമായെന്ന പോലെ...

അടഞ്ഞടഞ്ഞു പോകുന്ന കണ്‍പോളകള്‍ക്കിടയിലൂടേയും ചിരിക്കുന്ന കണ്ണുകള്‍ തൊട്ടടുത്തെന്ന പോലെ...

പക്ഷേ കണ്ണ് തുറന്നാല്‍ മാഞ്ഞു പോകുന്ന ഒരു സ്വപ്നമെന്നു കരുതി. കണ്ണുകള്‍ ഇറുക്കി അടക്കാനായിരുന്നു എനിക്കിഷ്ടം.....

കാണാനുള്ള കൊതിയോടെ, ഏതൊരാള്‍ക്കൂട്ടത്തിലും തിരഞ്ഞു കൊണ്ടിരുന്ന മുഖം, കണ്മുന്നില്‍ കാണിക്കണേ എന്ന പ്രാര്‍ത്ഥന പോയ വര്‍ഷങ്ങളിലെവിടേയോ കൈവിട്ടിരിക്കുന്നു ഞാന്‍...

കണ്ണിലെ തിളക്കവും കവിളിലെ തുടിപ്പും, കൈയ്യിലെ മിനുസവും പോലെ ശബ്ദത്തിലെ സ്നേഹവും, എന്നില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു ഈ യാത്രക്കിടയില്‍...

ഇതു പോലൊരു യാത്രക്കാരിയായി ഭാമയെ കാണുക വയ്യ....

എന്റെ സ്വപ്നങ്ങളില്‍ അവള്‍ ചിരിക്കട്ടെ എന്നും....

വരണ്ടുണങ്ങിയ ഈ ജീവിതത്തില്‍ ഒരിത്തിരി നനവേകാന്‍ ഈ ഓര്‍മ്മകളെങ്കിലും കാത്തു സൂക്ഷിക്കട്ടെ ഞാന്‍....

ചിരിക്കാന്‍ മാത്രമറിയുന്ന എന്റെ കൂട്ടുകാരിയും , സന്തോഷം നിറഞ്ഞിരുന്ന എന്റെ കൗമാരവും ഓര്‍മ്മകളില്‍ ഇനിയും ജീവിക്കട്ടെ...

യാഥാര്‍ത്ഥ്യത്തിന്റെ കരിമ്പാറകളില്‍ തട്ടി എന്റെ സ്വപ്നലോകം വീണുടയാതിരിക്കട്ടെ..

കാലത്തേയും ഓര്‍മ്മകളേയും പുറകിലേക്കു തള്ളി ഞാനീ യാത്ര ഇനിയും തുടരട്ടെ ...