Saturday, February 28, 2009

ഒരു യാത്രാമൊഴി

ആ ക്ഷേത്രനഗരിയില്‍ ചെന്നിറങ്ങുമ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു.

പോക്കുവെയിലിന്റെ പൊന്‍ വെളിച്ചത്തില്‍ തെരുവീഥികള്‍ ഒരു മായക്കാഴ്ചയിലെന്നതു പോലെ കാണപ്പെട്ടു.

ഒരു കാലത്ത് ഏറെ പ്രിയപ്പെട്ട ഇടത്താവളമായിരുന്ന, ഈ ചെറുപട്ടണത്തിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷമാണീ തിരിച്ചു വരവ്.

ഇതിനിടയില്‍ ജീവിതം പല തരത്തില്‍ മാറി മറിഞ്ഞുവെങ്കിലും, ഈ പട്ടണവും ഇവിടുത്തെ ആള്‍ക്കൂട്ടവും പഴയതു പോലെ തന്നെയെന്നത് നേരിയ അത്ഭുതമുണര്‍ത്തുന്നു.

ഈ ലോഡ്ജിനു പോലുമില്ല പറയത്തക്ക വ്യത്യാസങ്ങളൊന്നും. പഴയ നരച്ച, ചാരനിറത്തിനു പകരം ഇളം നീലയുടെ യൗവ്വനം.


ഇവിടെ നില്‍ക്കുമ്പോള്‍ അഞ്ച് വര്‍ഷങ്ങളുടെ ഇടവേള അനുഭവപ്പെടുന്നതേ ഇല്ല. സാദ്ധ്യമല്ലെന്നറിഞ്ഞിട്ടും ഒരു നിമിഷം വെറുതെ മോഹിച്ചു പോകുന്നു, സ്വപ്നങ്ങള്‍ മാത്രം കൈമുതലായിരുന്ന ആ ഇരുപത്തഞ്ച് വയസ്സുകാരനിലേക്കൊരു മടക്കയാത്ര.

അഞ്ച് വര്‍ഷങ്ങള്‍... അത് മോഹങ്ങളും സ്വപ്നങ്ങളും വലിച്ചൂറ്റിയെടുത്ത് എന്നെ നിസ്സാരനാക്കി മാറ്റിയിരിക്കുന്നു.

ഒന്നും അവശേഷിക്കുന്നില്ല കൈയ്യില്‍... പരാജയം ഏറ്റുവാങ്ങി തളര്‍ന്നു പോയ ചുമലുകളും, മരിച്ച മനസ്സിനെ പ്രതിഫലിപ്പിക്കുന്ന മരവിച്ച കണ്ണുകളും സമ്മാനിക്കുന്ന അകാല വര്‍ദ്ധക്യമല്ലാതെ...

പരാജിതനാണു ഞാന്‍...

ജീവിതമെന്ന ഈ പളുങ്ക് പാത്രത്തെ തച്ചുടച്ചത് സ്വന്തം കൈകള്‍ തന്നെയെന്ന തിരിച്ചറിവ് വീഴ്ചയുടെ ആഴം കൂട്ടുന്നു.

ആഗ്രഹിച്ചതും മോഹിച്ചതും സ്വപ്നം കണ്ടതും കൈപ്പിടിയിലൊതുക്കാനുള്ള പാച്ചിലില്‍, അമൂല്യമായ പലതും കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു പോയത് തിരിച്ചറിഞ്ഞില്ല.

ഒടുവില്‍ പിന്തിരിഞ്ഞു നോക്കിയപ്പോഴേക്കും വീണ്ടെടുക്കാന്‍ കഴിയാത്തവണ്ണം ഒരു പൊടി പോലും ബാക്കി വെക്കാതെ എല്ലാം മണ്ണിലമര്‍ന്നൊടുങ്ങിയിരുന്നു.

നഷ്ടങ്ങളുടെ കനലെരിയുന്ന മനസ്സുമായി അലയുകയാണു ഏറെ നാളുകളായി...

ഇന്ന്, ഇവിടെ ഈ മണ്ണില്‍ വീണ്ടും..

മങ്ങിപ്പോയ ഓര്‍മ്മകളുടെ പൊടി തട്ടിയെടുക്കാനായി പഴയ ഇഷ്ടങ്ങളിലേക്കൊരു മടക്കയാത്ര.

ഈ നഗരത്തിലെത്തിയപ്പോഴെല്ലാം ഈ ലോഡ്ജിലല്ലാതെ അന്തിയുറങ്ങിയിട്ടില്ല...

കണ്ടാല്‍ തിരിച്ചറിയുന്നവരുടെ മുന്നില്‍ ചെന്നു പെട്ടാലോ എന്ന ചെറിയൊരു ആശങ്ക റിസപ്ഷനിലേക്ക് കയറുമ്പോള്‍ തോന്നാതിരുന്നില്ല.
തൊട്ടടുത്ത നിമിഷം തന്നെ ആ തോന്നലിലെ പൊള്ളത്തരം തിരിച്ചറിയുകയും ചെയ്തു.
പ്രശസ്തിയുടെ തിളക്കത്തില്‍ നിന്നും മാറി നിഴലില്‍ ഒതുങ്ങിപ്പോയ ഒരു ചിത്രകാരന്‍ തിരിച്ചറിയപ്പെടും എന്നു കരുതുന്നതിലെ പൊരുത്തക്കേട്, ഒരു കയ്പ് നിറഞ്ഞ ചിരിയായി ചുണ്ടുകളില്‍ കൂട്ടിനെത്തി.

രജിസ്റ്ററില്‍ പേരെഴുതി, താക്കോല്‍ ഏറ്റുവാങ്ങി, റൂം ബോയിയുടെ പുറകെ നടക്കുമ്പോഴും ഒരു അര്‍ദ്ധബോധാവസ്ഥയിലായിരുന്നു.. ഉണര്‍ന്നിരുന്നൊരു സ്വപ്നം കാണുന്നതു പോലെ..
പടിഞ്ഞാറു വശത്തായി വരാന്തയുടെ അറ്റത്തായുള്ള മുറിയുടെ മുന്നില്‍ നടത്തം അവസാനിപ്പിച്ചപ്പോഴാണു ഞെട്ടിയുണര്‍ന്നത്..അകവും പുറവും...

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും...

അതേ മുറി... അതു പോലൊരു സന്ധ്യാ സമയം

ആവര്‍ത്തിക്കപ്പെടാന്‍ ഇഷ്ടപ്പെടാതിരുന്ന യാദൃശ്ചികത വീണ്ടും...

ഏറെ പരിചിതമാണിവിടം...

പടിഞ്ഞാറു വശത്തേക്കുള്ള ജനല്‍ തുറക്കുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി സ്വര്‍ണ്ണം പൂശിയ കൊടിമരം..

പുറകു വശത്തായുള്ള ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറക്കുമ്പോഴേക്കും, കെട്ടഴിച്ചു വിട്ടാലെന്ന പോലെ ഓടിക്കയറി വരുന്ന കാറ്റ്..

എല്ലാം എല്ലാം.. പഴേതു പോലെ തന്നെ...

ഇതു പോലൊരു സന്ധ്യയിലാണു ജ്യോതിയുമൊന്നിച്ച് ഇവിടേക്ക് വന്നത്, ആദ്യമായി..

ജീവിതം ഒരു ഉത്സവമായിരുന്ന നാളുകളിലൊന്നില്‍...

ഇന്നിപ്പോള്‍... ഉപേക്ഷിക്കപ്പെട്ട ഉത്സവപറമ്പു പോലെ...

ആളും ആരവങ്ങളും വാദ്യഘോഷങ്ങളും അടങ്ങി..

ചുറ്റിനും വലിച്ചെറിയപ്പെട്ട അവശിഷ്ടങ്ങളുടെ കൂമ്പാരം മാത്രം..

ദുര്‍ഗന്ധം വമിക്കുന്ന ഓര്‍മ്മകളുടെ നടുവില്‍ ഏകനായി ഇന്ന്... വീണ്ടും ഇവിടെയെത്തിച്ചേര്‍ന്നിരിക്കുന്നു....

കസേരയും ടീപോയിയും ബാല്‍ക്കണിയിലേക്ക് വലിച്ചിട്ട്, കുപ്പിയും ഗ്ലാസ്സും മുന്നില്‍ നിരത്തി ഇരിക്കാന്‍ തുടങ്ങിയപ്പോഴും പകല്‍ വെളിച്ചം മാഞ്ഞു തുടങ്ങിയിരുന്നില്ല..

കനല്‍ പോലെ എരിയുന്ന പടിഞ്ഞാറന്‍ മാനവും നോക്കിയിരിക്കുന്തോറും ചുട്ടു പഴുക്കുന്നു മനസ്സും...

തീ പിടിച്ച ആത്മാവും, സിരകളില്‍ തീ പടര്‍ത്തുന്ന ലഹരിയുമായി എത്ര നേരം അവിടെയിരുന്നെന്ന് അറിയില്ല..
ജീവിതത്തിലെന്ന പോലെ ചുറ്റിനും ഇരുള്‍ വന്ന് മൂടിയിരിക്കുന്നു...

ബോധം മറയുന്നതു വരെ കുടിക്കുകയാണു ഈയിടെ പതിവ്... പക്ഷേ ഇന്ന് ഈ അന്തരീക്ഷത്തിന്റെ പ്രത്യേകത കൊണ്ടാവാം വീര്യം കൂടിയ വിസ്കിക്കു പോലും ഓര്‍മ്മകളെ അകറ്റി നിര്‍ത്താന്‍ കഴിയുന്നില്ല.
കൂടുതല്‍ തെളിവോടെ ..... മിഴിവോടെ ഓര്‍മ്മകള്‍...
ഓര്‍മ്മകളില്‍ അവള്‍... ജ്യോതി
ഒരു തീനാളം പോലെ സുന്ദരിയായ ജ്യോതി....


പ്രശസ്തിയിലേക്കുയര്‍ന്നു കൊണ്ടിരിക്കുന്ന യുവ ചിത്രകാരന്റെ ആരാധികമാരില്‍ ഒരാള്‍... അങ്ങിനെ ആയിരുന്നു തുടക്കം
അതില്‍ നിന്നേറെ വളര്‍ന്നു പിന്നീടാ ബന്ധം..
പുതിയ ഭാവങ്ങളിലേക്കും.. അര്‍ഥങ്ങളിലേക്കും...
എല്ലാത്തിനും തനിക്കായിരുന്നു ഏറെ ഉത്സാഹം

ഏതൊരാള്‍ക്കൂട്ടത്തിലും വേറിട്ടു നില്‍ക്കുമായിരുന്നു അവള്‍
കൊത്തിയെടുത്തൊരു ശില്‍പ്പം പോലെ അഴകു തികഞ്ഞവള്‍....
ജീവന്‍ തുളുമ്പുന്ന ആ കണ്ണുകള്‍.. വശ്യ സുന്ദരമായ ആ ചിരി... കീഴ്പ്പെടുത്തിക്കളഞ്ഞു ജ്യോതി.. ഒരു അടിമയായി മാറുകയായിരുന്നു..
അവള്‍ക്കു ചുറ്റും പ്രദക്ഷിണം വെച്ചു ദിവസങ്ങള്‍...

ഏറെ സ്നേഹം കാണിച്ച് അവളുടെ സ്നേഹം വാങ്ങിച്ചെടുക്കുകയായിരുന്നു...

അവള്‍ ഒരു ലഹരിയായിരുന്നു... പ്രചോദനമായിരുന്നു...
മുമ്പെങ്ങുമില്ലാത്ത വിധം മികവുറ്റതായി രചനകള്‍...

എല്ലാത്തിനും കൂടെയുണ്ടായിരുന്നു അവളും,
ഒരു തുടക്കക്കാരന്റെ എല്ലാ ബുദ്ധിമുട്ടുകളിലും.... തളരുമ്പോഴൊരു താങ്ങായി,.... അടുത്ത കുതിപ്പിനുള്ള ഊര്‍ജ്ജമായി....

ഏറെ സുന്ദരമായി ജീവിതം.... പ്രകാശപൂര്‍ണ്ണവും...

അഭിനന്ദങ്ങളും അംഗീകാരങ്ങളും മനസ്സു നിറച്ചു..

എല്ലാത്തിന്റേയും പുറകില്‍ അവളുടെ പ്രാര്‍ഥന നിറഞ്ഞ മനസ്സായിരുന്നു..

പക്ഷേ എന്നാണു പ്രശസ്തിയുടെ ലഹരി തലക്ക് പിടിച്ചു തിടങ്ങിയത്???
ഉയരത്തിലേക്കുള്ള ഓരോ പടവുകള്‍ കയറുന്തോറും മനസ്സ് കൂടുതല്‍ ഇടുങ്ങിയതാവുകയായിരുന്നു.
ചുറ്റിനുമുള്ള സകലരേയും മറയ്ക്കുന്ന വിധത്തില്‍ അഹങ്കാരത്താല്‍ മൂടപ്പെട്ടു കണ്ണുകള്‍.

അല്‍പ്പായുസ്സായ ഒരു ഈയാമ്പാറ്റയെ പോലെ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലേക്ക് കുതിക്കുകയായിരുന്നു....... ചിറകുകള്‍ കരിഞ്ഞ് കൊഴിയുന്നത് അറിയാതെ...

മാറുകയായിരുന്നു, ഞാന്‍ പോലും അറിയാതെ... സ്തുതിഗീതങ്ങളില്‍ സ്വയം മറന്നു. ചുറ്റിനുമുള്ള ആള്‍ക്കൂട്ടം സത്യമെന്നു വിശ്വസിച്ച കണ്ണുകള്‍ക്ക് മുന്നില്‍ ജ്യോതി പലരില്‍ ഒരാള്‍ മാത്രമായി..
ഇത്തിരി വെളിച്ചം പേറുന്ന ഒരു നെയ്ത്തിരി മാത്രമായി..
ചവിട്ടി കെടുത്തി കടന്നു പോയപ്പോഴും അറിഞ്ഞതേയില്ല... ഈ ഇത്തിരി വെട്ടമില്ലെങ്കില്‍ ഇരുളിലാഴ്ന്നു പോകും സ്വന്തം ജീവിതമെന്ന്....

അടക്കിപ്പിടിച്ച വിതുമ്പലുകളും മനസ്സില്‍ മാത്രമൊതുക്കിയ പിന്‍ വിളികളും കേള്‍ക്കാന്‍ കഴിയാത്തത്ര ഉയരത്തിലായിരുന്നു അന്ന്.

ഓര്‍മ്മകള്‍ക്കു പോലും ഇടമില്ലാത്തത്ര തിരക്കിലും.

പൗരാവലി തനിക്കായി ഒരുക്കിയ സ്വീകരണ ചടങ്ങിലൊരു കാഴ്ചക്കാരിയുടെ വേഷത്തിലാണു ജ്യോതിയെ അവസാനമായി നേരില്‍ കണ്ടത്. അന്ന് ഏറെ കഷ്ടപ്പെട്ട് തന്റെ അടുത്തെത്തി ഫോണ്‍ നമ്പര്‍ എഴുതിയ ഒരു കടലാസ്സ് കഷണം കൈയ്യിലേല്‍പ്പിച്ച് മടങ്ങുമ്പോള്‍ ആ കണ്ണുകളില്‍ ഇരമ്പിയാര്‍ക്കുന്ന സമുദ്രത്തിനെ കാണാതിരുന്നില്ല.

പക്ഷേ സ്വീകരണത്തിന്റെ ലഹരിയില്‍, പിന്നേയും, ജ്യോതിയെ മറന്നു, അവളുടെ സങ്കടത്തെ മറന്നു.

ആ കുറ്റബോധത്തിന്റെ തിരമാലകള്‍ മുക്കിക്കൊല്ലുകയാണു എന്നെയിന്നും.

പിന്നീട് പത്രത്തില്‍ അപ്രധാനമായ ഒരു മൂലയില്‍ ഒറ്റക്കോളത്തിലൊതുങ്ങിയ അത്മഹത്യാ വാര്‍ത്തയായാണു ജ്യോതി മുന്നിലെത്തിയത്.

അതായിരുന്നു വീഴ്ചയുടെ തുടക്കം
വര്‍ണ്ണങ്ങളും വരകളും കൈയ്യൊഴിഞ്ഞു..
ദീപങ്ങളെല്ലാം അണഞ്ഞു... ആള്‍ത്തിരക്കൊഴിഞ്ഞു...
സ്ഥായിയായ ഇരുട്ട് സ്ഥാനം പിടിച്ചു.

എരിയുന്ന മുറിവുമായ്, അശ്വത്ഥാമാവിനെ പോലെ, പരാജിതനായ ഞാന്‍ ഇപ്പോഴും അലയുകയാണു.
ഒരിത്തിരി വെളിച്ചം തേടി....
ഒരിത്തിരി ജീവശ്വാസം തേടി....

ഭൂതകാലത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഒരു ലഹരിയും സഹായകമാവുന്നില്ല.

പക്ഷേ ഇന്നിവിടെ ഈ മുറിയില്‍... ജ്യോതിയോടൊപ്പം ജീവിതവും സ്വപ്നവും പങ്കു വെച്ച ഇതേ മുറിയില്‍.... നെഞ്ചിലമര്‍ന്ന ഭാരത്തിനു കനം കുറഞ്ഞതു പോലെ.

അവള്‍ അരികില്‍ വന്നാലെന്നതു പോലെ ഹൃദയം ശാന്തം..

വര്‍ഷങ്ങളായി നീണ്ട അലച്ചിലിനൊടുവില്‍ എനിക്ക് സ്വാസ്ഥ്യം...

ഇത് വെറും തോന്നലല്ല... ഇവിടെ അവളുണ്ട്...
പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ കേള്‍ക്കുന്നതവളുടെ ചിരിയാണു....

ഒരു പൊന്‍ ചെമ്പകം പോലെ കാണാം എനിക്കവളെ....

കാണാന്‍ കൊതിച്ച രൂപം കണ്ണില്‍..
കേള്‍ക്കാന്‍ കൊതിച്ച ശബ്ദം കാതില്‍

എനിക്ക് ശാപമോക്ഷമേകാന്‍ അവള്‍ എത്തിയിരിക്കുന്നു....

നീട്ടിപ്പിടിച്ച ആ കൈകളിലേക്കണയാന്‍ ഇനിയും താമസമില്ല...

അവളുടെ വഴിയിലാണു ഇനി എന്റേയും യാത്ര.

പൊട്ടിച്ചിതറുന്ന ചില്ലു കുപ്പി സ്വന്തം ജീവിതമെന്നു തന്നെയാണു തോന്നിയത്.

മൂര്‍ച്ചയേറിയ ചില്ലുകഷ്ണത്തിനാല്‍ കൈയ്യില്‍ കോറിയിട്ട അവസാന ചിത്രം. അതില്‍ നിന്നൊരു ചോരപ്പുഴയൊഴുകിയപ്പോഴും ഒട്ടും വേദന തോന്നിയില്ല.. .

ആശ്വാസമായിരുന്നു..

ചെയ്തു കൂട്ടിയ പാപങ്ങള്‍ക്ക് ചോരയില്‍ കുതിര്‍ന്നൊരു പശ്ചാത്താപം.

ചുട്ടു പൊള്ളുന്ന മനസ്സിലേക്കൊരു മഴ പോലെ ... തണുപ്പ് അരിച്ചരിച്ചിറങ്ങുന്നു...

തണുത്ത ഇരുണ്ട ഉറക്കത്തിലേക്ക് ഞാന്‍ വഴുതി വീഴുകയാണു....

ചുറ്റിനുമുള്ള ശബ്ദങ്ങള്‍ അവ്യക്തമാകുന്നു...

യാത്ര തുടങ്ങിക്കഴിഞ്ഞു..

ഈ നിമിഷത്തില്‍ ഞാന്‍ സമാധാനം അനുഭവിക്കുന്നു...

ഞാന്‍ സന്തോഷിക്കുകയാണു....

Friday, February 13, 2009

വീണ്ടും ചില വീട്ടുകാര്യങ്ങള്‍

മാളു ഉണര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ടിപ്പോ കുറേ നേരമായിട്ടുണ്ടാവും...
വല്ല്യമ്മ ഓപ്പോളെ വിളിച്ചപ്പോഴേ മാളൂം ഉണര്‍ന്നതാ...

ഇന്നാണോ നാളെയാണൊ സാറ്റര്‍ഡേ എന്നൊരു സംശയത്തിലിങ്ങനെ കിടന്നൂന്നേ ഉള്ളൂ...
നാളെയാണു സാറ്റര്‍ഡേയെങ്കില്‍ ഇന്ന് മാളൂനു നഴ്സറിയില്‍ പോവേണ്ട ദിവസമാണു....

ശരിക്കും അടുത്ത കൊല്ലമാണു മാളു ഏട്ടന്റെ സ്കൂളിലെ നഴ്സറിയില്‍ ചേരുന്നത്..
ഇപ്പോ അമ്മയുടെ കോളേജിന്റെ അടുത്തുള്ള ബ്ലൂമിങ്ങ് ബഡ്സിലാണു മാളു പോകുന്നത്.
ഷൈനി സിസ്റ്ററിന്റെ ഈ സ്കൂളില്‍ മാളൂനെ ചേര്‍ത്തിട്ടിപ്പോ രണ്ടു മാസമായി..
ഇങ്ങനെയൊന്നും വിസ്തരിക്കാന്‍ നില്‍ക്കാതെ, ചോദിക്കുന്നവരോട് പ്ലേ സ്കൂളിലാണെന്നു പറയണമെന്നാ അമ്മ പറഞ്ഞത്.

സമയം എത്രയായി ആവോ.... അമ്മ വിളിക്കാന്‍ വരുന്നതും കാണുന്നില്ലല്ലോ.

താഴേ നിന്നും ഓരോ ശബ്ദങ്ങളിങ്ങനെ കോണി കയറി വരുന്നുണ്ട്...

ദാ... കേള്‍ക്കുന്നു നന്ദിനി പശുവിനോടുള്ള ഗോപാലന്‍ നായരുടെ ലോഗ്യം പറച്ചിലും, പശുവിന്റെ മറുപടി കരച്ചിലും...
സമയം ആറരയായിട്ടുണ്ടാവും. ഇപ്പോ താഴേക്ക് ചെന്നാല്‍ പശൂനെ കറക്കുന്നത് കാണാം..
പാലിങ്ങനെ പാത്രത്തില്‍ പതഞ്ഞു പൊങ്ങി വരുന്നതു കാണാന്‍ മാളൂനു നല്ല ഇഷ്ടമാ...

ഏട്ടനിപ്പൊ മുത്തശ്ശന്റെ അടുത്തിരുന്ന് എഴുതി പഠിക്കാവും. മുത്തശ്ശന്‍ ആനക്കസേരയിലിരുന്ന് പേപ്പര്‍ വായിക്കുകയും...( ആനക്കസേര മാളു നിശ്ചയിച്ച പേരാണു. അറിയ്യോ... അതിന്റെ ഒരു കാലിനു മാളൂന്റത്രേം പൊക്കമുണ്ട്...)

താഴേക്കിറങ്ങി പോണോ അതോ അമ്മ വരണതു വരെ മടി പിടിച്ചു കിടക്കണോ എന്നാലോചിക്കാന്‍ തുടങ്ങിയപ്പോഴേക്കും അമ്മ എത്തിപ്പോയി...

നിമിഷ നേരത്തിനുള്ളില്‍ മാളൂനെ കിഴക്കെ ഇറയത്തിരുത്തി കൈയ്യിലൊരു ബ്രഷും പിടിപ്പിച്ച് അമ്മ സ്ഥലം വിട്ടു..

ഇത്തവണത്തെ പേസ്റ്റ് മാളൂനു ഇഷ്ടമേ ആയില്ല... മധുരമുള്ള പേസ്റ്റാവുമ്പൊ മാളു തിന്നുന്നു എന്നും പറഞ്ഞാ അമ്മ ഇപ്രാവശ്യം ഈ കയ്പന്‍ പേസ്റ്റ് വാങ്ങിയത്..

ഇവിടെ എളോര്‍ മാവിന്റെ ചോട്ടില്‍ ദേവകിയും ഏട്ടന്മാരും കൂടിയുള്ള അങ്കമാണു...
അപ്പുവേട്ടന്റേം ഉണ്ണിയേട്ടന്റേം പുതിയതായി വന്ന പല്ല് മുഴുവനും കയറിയും ഇറങ്ങിയും തേറ്റ പോലത്തെ കോന്ത്രന്‍ പല്ലുകള്‍ ആണല്ലോ... കുരുമുളകിന്റെ ഇല വാട്ടിയിട്ട് അതൊക്കെ ഉഴിഞ്ഞ് നേരെയാക്കാനാണു ദേവകി...
നല്ലോണം വേദനിക്കും ഏട്ടന്മാര്‍ക്ക്... ആ കാഴ്ച കണ്ടു രസിക്കാന്‍ ഓപ്പോളും ഉണ്ട്... ഓപ്പോളുടെ പല്ലൊക്കെ നല്ല നിരന്ന സുന്ദരി പല്ലാണേ.. അതിന്റെ ഗമയാ ഓപ്പോള്‍ക്ക്..

അപ്പോഴേക്കും ദൂരേ നിന്നും ഒരു നരച്ച കുടയുടെ മുകള്‍ ഭാഗം കണ്ടു തുടങ്ങി... വല്ല്യുട്ട്യാരുടെ വരവാണു.
മുത്തശ്ശന്റെ കാര്യസ്ഥനാ... മാങ്ങാട്ടെ പറമ്പിന്റെ എന്തേലും കാര്യം പറയാനാവും.
മാളൂനെ വല്ല്യുട്ട്യാര്‍ക്ക് വല്ല്യ ഇഷ്ടമാണു ട്ടോ...
നല്ല പുളിയുള്ള നാരങ്ങ മിഠായി ഉണ്ടാവും വല്ല്യുട്ട്യാരുടെ കൈയ്യില്‍, മാളൂനു വേണ്ടി... പിന്നെ കുറേയേറെ കഥകളും...

അമ്മക്ക് പക്ഷേ ഇഷ്ടല്ല മാളു വല്ല്യുട്ട്യാരോട് വര്‍ത്താനം പറഞ്ഞിരിക്കുന്നത്...
ഓരോ വിഡ്ഢിത്തം പറഞ്ഞു തന്ന് മാളൂനെ പറ്റിക്കാണെന്നാ അമ്മ പറയണത്...
അല്ലെങ്കിലും അമ്മക്കിത്തിരി കുശുമ്പുണ്ട്...

പക്ഷേ ഇന്നാള്‍ മാളൂനു ശരിക്കും അബദ്ധം പറ്റി.
മൂന്ന് വയസ്സായ കുട്ടികള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം പല്ലു തേച്ചാല്‍ മതിയെന്ന് പറഞ്ഞത് വല്ലുട്ട്യാരായതു കൊണ്ടുമാത്രമാ മാളു വിശ്വസിച്ചത്.
എന്നിട്ടെന്തായി..????
മുത്തശ്ശനും കൂടി മാളൂനെ കളിയാക്കി...

രാവിലെ പല്ലു തേക്കാതിരിക്കാന്‍ വേണ്ടി, ഒരു ദിവസം രാത്രി മാളു ഉറങ്ങാതിരിക്കാന്‍ ശ്രമിച്ചതിന്റെ നാണക്കേട് ഒന്നു മാറിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും പുതിയ കഥ കിട്ടി എല്ലാവര്‍ക്കും..

ഈ വല്ല്യുട്ട്യാരു പറ്റിച്ച പണിയാണെന്നേ...

എന്നാലും മാളുവിനു വല്ല്യുട്ട്യാരെ ഇഷ്ടമാണു... പ്ലാവില കൊണ്ട് കാളയേയും, മച്ചിങ്ങ കൊണ്ട് റാന്തല്‍ വിളക്കും, തയ്യല്‍ മെഷീനും ഒക്കെ വേറെ ആരാ ഉണ്ടാക്കി തരിക?? മാളൂന്റെ കുട്ടിപ്പുര കെട്ടിമേയാന്‍ ഈന്തോലപ്പട്ട കൊണ്ടുതന്നതും വല്ല്യുട്ട്യാരാണല്ലോ...

പാവം കുട്ടിപ്പുര... മാളൂനെ നോക്കിയിരിക്കുന്നുണ്ടാവും.... ഈ സ്കൂളീപ്പോക്ക് തുടങ്ങിയതില്‍ പിന്നെ അങ്ങോട്ടൊന്നും പോവാറേ ഇല്ല മാളു. ഇനിയിപ്പോ ശനിയാഴ്ച വരട്ടെ...

വേഗം പല്ലു തേച്ചില്ലെങ്കില്‍ ദേവകി വരും ഇപ്പോ, കുരുമുളകു പൊടിയും ഉപ്പും ചേര്‍ത്ത ഉമിക്കരിയും കൊണ്ട്... മാളൂനെ പല്ലു തേപ്പിക്കാന്‍... അതിനേക്കാള്‍ ഭേദം അമ്മേടെ വീക്കോ പേസ്റ്റാ...

പല്ല് തേക്കലൊക്കെ വേഗം കഴിച്ചെങ്കിലും രക്ഷപ്പെടാനായില്ല, അപ്പോഴേക്കും മാളൂനെ കുളിപ്പിക്കാന്‍ വന്നിരിക്കുന്നു ദേവകി.
ദേവകി കുളിപ്പിക്കുന്നത് മാളൂനു തീരെ ഇഷ്ടല്ല... പാറകത്തിന്റെ ഇല പോലെയാ ദേവകീടെ കൈയ്യ്. തൊട്ടാല്‍ തന്നെ വേദനിക്കും. അതും പോരാഞ്ഞിട്ട് ചകിരി എടുത്തൊരു തേപ്പിക്കലും... ചോര പൊടിയുംന്ന് തോന്നും കുളി കഴിയുമ്പോഴേക്കും.

ദേവകീടെ കുളിപ്പിക്കലില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു കരച്ചില്‍ വേണ്ടി വരുമെന്നു കരുതിയെങ്കിലും ആവശ്യം വന്നില്ല... ഓപ്പോള്‍ വന്നതു കാരണം....

ഇനിയിപ്പോ ഇന്ന് ഓപ്പോളുടെ ലക്സ് സോപ്പ് തേച്ചിട്ടാ മാളു കുളിക്കാന്‍ പോണത്. മാളൂന്റെ പിയേഴ്സ് വേണ്ട. അതിനു കഷായത്തിന്റെ മണമാണു.

സന്തോഷം വന്നപ്പൊ ഷൈനി സിസ്റ്റര്‍ പഠിപ്പിച്ച ഡാന്‍സ് ഒന്നു കളിച്ചു തുടങ്ങിയതായിരുന്നു. അപ്പോഴേക്കും ഓപ്പോള്‍ വന്ന് പിടിച്ചു കൊണ്ടു പോയി കുളിമുറിയിലേക്ക്.

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ഏട്ടന്റെ സ്കൂള്‍ വാനിന്റെ ഹോണ്‍ കേട്ടു. ആ കിളിച്ചേട്ടന്‍ ഇന്ന് മാളൂനൊരു ചെമ്പകപ്പൂ കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നതോര്‍മ്മിച്ച് ഓടി മുറ്റത്തെത്തിയപ്പോഴാണു ഉടുപ്പിട്ടിട്ടില്ല എന്നോര്‍മ്മ വന്നത് തിരിച്ചൊരോട്ടം അതേപോലെ വെച്ചു കൊടുത്തു..

ഏട്ടനും ഓട്ടത്തിലാണു... പിന്നാലെ ബാഗുമായി അമ്മ, പ്ലേറ്റും പിടിച്ച് വല്ല്യമ്മ.... ഹോ ..എന്തൊരു പുന്നാരിപ്പിക്കലാണു വല്ല്യമ്മക്ക്... വല്ല്യ ചെക്കനായി.. ഇപ്പോ രണ്ടാം ക്ലാസ്സിലായി.. എന്നിട്ടും വായേലു വെച്ചു കൊടുത്താലേ കഴിക്കൂ...

മാളൂനു മുത്തശ്ശന്റെ കൂടെയിരുന്ന് കഴിക്കാനാണിഷ്ടം. പക്ഷേ ഒരു കുഴപ്പമുണ്ട്. പ്ലേറ്റില്‍ ഒന്നും ബാക്കിയാക്കാന്‍ മുത്തശ്ശന്‍ സമ്മതിക്കില്ല. മുഴുവനും കഴിക്കണം...


വല്ല്യമ്മയാണു മാളൂനേം ബാഗിനേം ഒരുക്കുന്നത് സ്കൂളിലേക്കായി...... അമ്മ സാരിയൊക്കെ ഉടുത്ത് ഗൗരവക്കാരിയായി വരുമ്പോഴേക്കും, വല്ല്യമ്മ മാളൂനെ മുടിയൊക്കെ രണ്ട് കൊമ്പ് പോലെ കെട്ടി വെച്ച്, കണ്ണെഴുതി പൊട്ടും തൊടീച്ച് ഒരു ബ്യൂട്ടി സ്പോട്ടും കുത്തി ഒരുക്കി നിര്‍ത്തീട്ടുണ്ടാവും.

അമ്മയുടെ വെളുത്ത മാരുതിയിലാണു മാളു സ്കൂളിലേക്ക് പോകുന്നത്. അമ്മക്ക് സ്പീഡിത്തിരി കൂടുതലാണെന്നാ എല്ലാരും പറേണത്...
അതാവും എന്നു ഇറങ്ങാന്‍ നേരത്ത് മുത്തശ്ശന്‍ പൂമുഖത്തേക്ക് വന്ന് ഒന്നൂടെ ഓര്‍മ്മിപ്പിക്കും...'ഭദ്രേ... സൂക്ഷിച്ച്...

ചേവായൂര്‍ കഴിഞ്ഞാല്‍ പിന്നെ മാളൂനു ഷൈനി സിസ്റ്ററിനെ കാണാന്‍ ധൃതിയാവും... സിസ്റ്റര്‍ ഗേറ്റിന്റെ അടുത്തു തന്നെയുണ്ടാവും..
കളിക്കണതിന്റെ ഇടയിലും അരവിന്ദും നോക്കുന്നുണ്ടാവും മാളു വന്നോ എന്ന്.
അരവിന്ദാണു മാളൂന്റെ ബെസ്റ്റ് ഫ്രന്‍ഡ്..

ആ ടോണി ജെയിംസ് ഇന്ന് വരാതിരുന്നാല്‍ മതിയായിരുന്നു. ഇഷ്ടല്ല മാളൂനു ടോണിയെ... മഹാ കുറുമ്പനാ... മാളൂന്റെ പെന്‍സില്‍ എടുത്തോടും, കളിസാധങ്ങള്‍ തട്ടിപ്പറിക്കും... പിന്നെ മാളൂന്റെ കവിളില്‍ പിടിച്ച് വലിക്കേം ചെയ്യും...

പക്ഷേ എന്നാലും മാളൂനു കുറച്ചൊക്കെ ഇഷ്ടമുണ്ട്... ഇന്നാള്‍ ടോണിയുടെ ഹാപ്പി ബര്‍ത്ത്ഡേ വന്നപ്പോ മാളൂന്ന് രണ്ട് മിഠായി തന്നൂലോ...

ഇനി രണ്ട് വളവും കൂടി തിരിഞ്ഞാല്‍ മാളൂന്റെ സ്കൂള്‍ എത്തിപ്പോയി... അമ്മക്ക് ശരിക്കും നല്ല സ്പീഡുണ്ട് ട്ടോ..

ദാ... ആ ചുവന്ന അക്ഷരത്തില്‍ ബ്ലൂമിങ്ങ് ബഡ്സ് എന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടില്ലേ... അതാണു മാളൂന്റെ സ്കൂള്‍...
അവിടെ വെളുത്ത ഉടുപ്പിട്ട് നില്‍ക്കണതു കണ്ടില്ലേ... അതാണു ഷൈനി സിസ്റ്റര്‍...
ഇനിയിപ്പോ കാര്‍ നിര്‍ത്തേണ്ട താമസമേ ഉള്ളൂ, മാളൂനു ഇറങ്ങിയോടാം... ബാഗൊക്കെ അമ്മ കൊണ്ടു വന്നു തരും.
ഷൈനി സിസ്റ്ററിനു നല്ലോണം പാട്ടൊക്കെ പാടാനറിയാം, കഥ പറയാനറിയാം,... പിന്നെ കാണാനും നല്ല ഭംഗിയുണ്ട്.
മാളൂനു വല്ല്യ ഇഷ്ടാണു സിസ്റ്ററിനെ....

ഇന്നൊരു പുതിയ കളി പഠിപ്പിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ടല്ലോ ഷൈനി സിസ്റ്റര്‍...

ഇനീം വര്‍ത്തമാനം പറഞ്ഞിരുന്നാല്‍ മാളൂനു നേരം വൈകും

അപ്പോ മാളു പോവാണേ... ടാറ്റാ...