Thursday, August 20, 2009

പുറപ്പാട്

അതൊരു നല്ല ദിവസമായിരുന്നു. ഉണര്‍ന്നു വന്നതേ നല്ല സന്തോഷത്തിലേക്ക്..

അച് ഛന്‍ വരുന്ന ദിവസം.

ഞാനും അമ്മയും എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ തന്നെ മഴയും പുറപ്പെട്ടു ഞങ്ങളുടെ കൂടെ..

റോഡുകളൊക്കെ ഉണര്‍ന്നു തുടങ്ങുന്നതേ ഉള്ളൂ..

നല്ല മഴയത്ത്, അധികം തിരക്കില്ലാത്ത വഴികളിലൂടെ രാവിലെ തന്നേയുള്ള യാത്ര നല്ല രസമായി തോന്നി എനിക്ക്.

ഇന്നെന്താണാവോ കാണുന്നതിനും കേള്‍ക്കുന്നതിനും എല്ലാം നല്ല ഭംഗി.

പതിനാറു പതിനേഴ് വര്‍ഷമായി അച് ഛന്‍ വിദേശത്താണെങ്കിലും ആദ്യമായാണ് ഞാന്‍ അച് ഛനെ കൂട്ടികൊണ്ടു വരാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നത്. അതിന്റെ ഒരു ത്രില്ലും ഉണ്ടെനിക്ക്.

പക്ഷേ അവിടെയെത്തി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ചേര്‍ന്നതോടെ യാത്രയുടെ രസമെല്ലാം അവസാനിച്ചു. കാത്തിരുപ്പിന്റെ നീളം കൂടി കൂടി വന്നതോടെ എനിക്ക് മുഷിഞ്ഞു തുടങ്ങി.
ജനത്തിരക്കുള്ള മറ്റെല്ലാ സ്ഥലങ്ങളും എന്ന പോലെ ഇവിടവും എനിക്കിഷ്ടമായില്ല.

വേര്‍പിരിയലിന്റെ നെടുവീര്‍പ്പും കാത്തിരിപ്പിന്റെ അക്ഷമയും കനം കൂട്ടുന്ന അന്തരീക്ഷം.

ആള്‍ക്കൂട്ടത്തിലൊരാളായി അലിഞ്ഞു ചേരുന്നതിലും എനിക്കെപ്പോഴും താല്‍പര്യം, ഇത്തിരി മാറിനില്‍ക്കുന്നൊരു കാഴ്ചക്കാരിയാവാനാണ്.

ഇവിടെ വന്നതിനു ശേഷം കിട്ടിയ പരിചയക്കാരുമായി അമ്മ ഗംഭീര വര്‍ത്തമാനത്തിലാണ്, ആ സമയത്ത് ഞാന്‍ തിരക്കു കുറവുള്ള ഒരു മൂലയിലേക്ക് വലിഞ്ഞു.
ധൃതിയില്‍ ഇറങ്ങിയപ്പോള്‍ ഒരു പുസ്തകം പോലും കൈയ്യിലെടുക്കാന്‍ തോന്നാതിരുന്നതിനെ മനസ്സില്‍ ശപിച്ചു ഞാന്‍.

പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് കണ്ണാടി ജനലിനപ്പുറം പെയ്യുന്ന മഴയെ നോക്കിയിരിപ്പായി.
വെള്ളിനൂല്‍ പോലെ മെലിഞ്ഞ് സുന്ദരിയായ മഴ.

കാത്തിരിപ്പിന്റെ മുഷിച്ചില്‍ ആ മഴയില്‍ അലിയിച്ചു കളയാന്‍ ശ്രമിക്കുന്നതിന്റെ ഇടയിലേക്കാണ് അവര്‍ മൂന്നുപേരും കൂടി കയറി വന്നത്.

മൂന്നു പേരില്‍ പ്രായം കൂടിയ സ്ത്രീ, അല്‍പം തടിച്ച് പൊക്കം കുറഞ്ഞ് ഗൗരവക്കാരിയായൊരു മദ്ധ്യവയസ്ക, അവരൊരു റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സ് ആയിരിക്കുമെന്ന് ഞാന്‍ കണ്ടപാടെ ഉറപ്പിച്ചു.

യാത്രക്കൊരുങ്ങിയ ഭാവത്തില്‍ കൂടെയുള്ളത് അവരുടെ മകള്‍ ആയിരിക്കും, വിളര്‍ത്ത് മെലിഞ്ഞൊരു സങ്കടക്കാരി.
അവരുടെ കൈയ്യിലായി ഏകദേശം ഒരു ആറു മാസം പ്രായമുള്ള ഒരു മിടുക്കി വാവയും. ചുറ്റിനുമുള്ള കാഴ്ചകളൊക്കെ കാണുന്ന തിരക്കിലാണു വാവക്കുട്ടി.

മുന്തിരി കണ്ണുകളും, ഒരുമ്മ കൊടുക്കാന്‍ തോന്നുന്ന തുടുത്ത കവിളും, കുറുമ്പ് കാട്ടുന്ന മുടിയിഴകളും ഒക്കെയായൊരു ഓമനക്കുട്ടി.

ഒരു കൈയ്യില്‍ ട്രോളി ബാഗും മറ്റേ കൈയ്യില്‍ വാവയുടെ ബാഗും ഒക്കെയായി ടീച്ചറമ്മ ഇത്തിരി പുറകിലാണ്.
കുഞ്ഞിനെ മാറോട് ചേര്‍ത്തു പിടിച്ച സങ്കടക്കാരി അമ്മ എന്റെ അടുത്തുള്ള കസേരയില്‍ വന്നിരിപ്പായി.
ആകെ മൂടിക്കെട്ടിയ മുഖം, പെയ്യാനൊരുങ്ങി നില്‍ക്കുന്ന കണ്ണുകള്‍, ഇടയ്ക്കിടക്ക് ഞെട്ടിയുണര്‍ന്നെന്ന പോലെ കുഞ്ഞിനെ ഉമ്മ വെക്കുന്നുണ്ട്. ആ തക്കം നോക്കി കുഞ്ഞുവാവ അമ്മയുടെ കമ്മലും തലമുടിയും ഒക്കെ പിടിച്ച് വലിക്കുന്നുമുണ്ട്.

പതുക്കെ നടന്നെത്തിയ ടീച്ചറമ്മയും അടുത്തായുള്ളൊരു കസേരയില്‍ ഇരിപ്പുറപ്പിച്ചു.
ഗൗരവം നിറഞ്ഞ ശബ്ദത്തില്‍ അവരെന്തൊക്കേയോ പറഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ട്, പക്ഷേ കുഞ്ഞുവാവയുടെ അമ്മ അതൊന്നും കേള്‍ക്കുന്നുണ്ടെന്നേ തോന്നിയില്ല. അവര്‍ വേറെ ഏതോ ലോകത്തിലെന്ന പോലെ കണ്ണും മിഴിച്ചിരിപ്പാണ്. എന്നിട്ടും നിര്‍ത്താന്‍ കൂട്ടാക്കാതെ ടീച്ചറമ്മ ഉപദേശങ്ങള്‍ തുടരുന്നുണ്ട്.

അല്‍പ സമയം കഴിഞ്ഞപ്പോഴാണ് അടുത്തിരിക്കുന്ന ഞാന്‍ അവരുടെ കണ്ണില്‍ പെട്ടത്. പിന്നെ അവരെന്റെ നേര്‍ക്കായി.
ദുബായ് ഫ്ളൈറ്റിനു പോകാനാണോ, തനിച്ചാണോ, വരുന്നത് അച് ഛനാണോ ഏട്ടനാണോ എന്നിങ്ങനെ ഒരു നൂറുകൂട്ടം അന്വേഷണങ്ങളുടെ ഇടയില്‍ കുരുങ്ങി എനിക്ക് ശ്വാസം മുട്ടി തുടങ്ങി.

ചോദ്യങ്ങള്‍ അവസാനിച്ചെന്നു കരുതി ഞാന്‍ ഒന്നു ആശ്വസിച്ചപ്പോഴേക്കും അവര്‍ അവരുടെ വിശേഷങ്ങള്‍ നിരത്താന്‍ തുടങ്ങി.
മൂന്നുമാസം മുന്നെ അവര്‍ നടത്തിയ ദുബായ് യാത്രയെക്കുറിച്ചും, അവിടുത്തെ വിശേഷങ്ങളെ കുറിച്ചും, മകളുടെ ഫ്ളാറ്റിലെ ജോലിക്കാരിയായ ശ്രീലങ്കക്കാരിയുടെ കള്ളത്തരങ്ങളെ കൈയ്യോടെ പിടിച്ചതിന്റെ വിവരണങ്ങളും, നാട്ടില്‍ അവരുടെ അഭാവത്തില്‍ മോഷണം പോയ റബ്ബര്‍ ഷീറ്റുകളെക്കുറിച്ചും, കൃഷിയിലും പറമ്പിലുമൊന്നും താല്‍പര്യമില്ലാത്ത ആണ്മക്കളെ കുറിച്ചും അവരുടെ ഭാര്യമാരെ കുറിച്ചും എല്ലാം നിര്‍ത്താതെ പറഞ്ഞു കൊണ്ടേയിരുന്നു.

ഈ പെരുമഴയില്‍ പെട്ട് ജനലിനപ്പുറത്തെ മഴ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി പോകുന്നത് ഞാന്‍ സങ്കടത്തോടെ അറിഞ്ഞു.
ആള്‍ക്കാരുടെ അര്‍ത്ഥമില്ലാത്ത ബഹളങ്ങളില്‍ നിന്ന് അകലേക്ക് മാറിയിരുന്ന ഞാന്‍ നാടു കുലുക്കുന്ന ഒരു കൂറ്റന്‍ പ്രകടനത്തിന്റെ ഇടയില്‍ പെട്ടതു പോലെയായി.
വിഷയങ്ങള്‍ മാറി മറിഞ്ഞ് ടീച്ചറമ്മയുടെ പ്രസംഗം ദുബായിക്കാരിയായ മകളുടെ ജോലിയുടെ ഗുണഗണങ്ങളിലേക്ക് നീണ്ടു. മകളെ യാത്രയാക്കാനായി വന്നതാണു ടീച്ചര്‍. കുഞ്ഞിനെ വിശ്വസിച്ചേല്‍പ്പിക്കാന്‍ പറ്റുന്ന ജോലിക്കാരെ കിട്ടാനില്ലാത്തതിനാല്‍ കുഞ്ഞുവാവയെ നാട്ടിലാക്കിയാണു ഇത്തവണ ദുബായിക്കാരി അമ്മ പോകുന്നത്.

കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഒരു ശബ്ദം പോലും പുറത്തു വരാതെ അവര്‍ ഇരിക്കുന്നതിന്റെ കാരണം എനിക്കപ്പോഴാണു മനസ്സിലായത്.

അമ്മയാരാണെന്നും അമ്മയുടെ സ്നേഹം എന്താണെന്നും തിരിച്ചറിയുന്നതിനു മുന്നേ അമ്മയില്‍ നിന്നും അകറ്റപ്പെടാന്‍ പോകുന്ന കുഞ്ഞുവാവ മാത്രം കഥയറിയാതെ കളിച്ചും ചിരിച്ചും ഇരിക്കുന്നു.

അപ്പോഴേക്കും അവര്‍ക്ക് പോവാനുള്ള ഫ്ളൈറ്റിന്റെ സമയമായെന്ന അറിയിപ്പെത്തി.
കുഞ്ഞിനെ ഒന്നു കൂടി ഉമ്മ വെച്ച്, ടീച്ചറമ്മയ്ക്ക് കൈമാറി, ട്രോളി ബാഗും വലിച്ച് അവര്‍ നടന്നു തുടങ്ങി, തിരിഞ്ഞു തിരിഞ്ഞ് നോക്കിക്കൊണ്ട്.

കീഴടക്കാനും വെട്ടിപിടിക്കാനുമുള്ള ജീവിതയാത്ര.

പൊട്ടിക്കരഞ്ഞും നിശബ്ദമായി കണ്ണീരൊലിപ്പിച്ചും, വിളറിയ ചിരിയോടേയും പലതരത്തിലുള്ള യാത്ര പറച്ചിലുകള്‍, അരങ്ങേറുന്നുണ്ടായിരുന്നെങ്കിലും, ഏറ്റവും ഹൃദയഭേദകമായി തോന്നിയത്, പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച്കൊണ്ട് കുഞ്ഞുവാവ അമ്മയെ യാത്രയാക്കിയ കാഴ്ചയായിരുന്നു.

അല്‍പ സമയത്തിനു ശേഷം അച് ഛന്‍ വരുന്നത് കണ്ട് മനസ്സു നിറഞ്ഞെങ്കിലും, കണ്ണിലൊരിത്തിരി നനവ് ബാക്കി നിന്നു.