Sunday, July 13, 2008

ഓര്‍മ്മയില്‍ ഒരു വിഷു

കാലം തെറ്റി പൂത്തു നിന്ന ഒരു കണിക്കൊന്ന കഴിഞ്ഞു പോയ കുറേ നല്ല വിഷുവിന്റെ ഓര്‍മ്മകളുണര്‍ത്തി.

ഇനിയുള്ള വിഷുവിനു ഞാന്‍ തനിച്ചാണു.
കൈ നീട്ടി ഓടി ചെല്ലാന്‍ ആരും അടുത്തില്ല....
കൈയ്യിലിരുന്നു മിന്നി തിളങ്ങുന്ന പൂത്തിരിയേക്കാള്‍ പ്രഭയോടെ വെട്ടിതിളങ്ങുന്ന മുഖം കണി കാണാനുമില്ല ഇനി....
ഓര്‍മ്മയിലാണു വിഷു...
നിറവിന്റെ ഒരോര്‍മ്മ.
'മാളൂന്റെ പണപ്പെട്ടി എന്നും നിറയട്ടെ' എന്ന് തലയില്‍ കൈവെച്ചനുഗ്രഹിച്ച് മുത്തശ്ശന്‍ കൈവെള്ളയില്‍ വെച്ചു തരും നാണയം... ജീവിതം വല്ലാതെ ചുട്ടുപൊള്ളുമ്പൊള്‍ നിറുകയില്‍ ഒരു തണുത്ത വിരല്‍ സ്പര്‍ശം ഞാനിപ്പോഴും അറിയുന്നു.

ജീവിതത്തിലെല്ലാം ബഹളങ്ങളില്‍ നിന്നൊഴിഞ്ഞു മാറാനുള്ള ശീലവും തുടങ്ങി വെച്ചത് വിഷുക്കാലത്താണെന്നു തോന്നുന്നു. വല്ലാതെ പേടിച്ചിരുന്നു പടക്കങ്ങളെ.... കളിയാക്കി പിന്നാലെ നടക്കും ഏട്ടന്മാര്‍....

ആകാശം ഒന്നു തൊട്ടുവരാന്‍ കുതിച്ചുയരുന്ന മേശപ്പൂവും, കറങ്ങി കറങ്ങി തലകറക്കം വന്ന് താഴെ വീഴുന്ന ചക്രങ്ങളും, എന്റെ മാളൂന്റെ ചിരിപോലെയെന്നു മുത്തഛന്‍ പറയാറുള്ള പൂത്തിരികളും പിന്നെ കൂട്ടത്തില്‍ പാവമായ മത്താപ്പും.... വര്‍ണ്ണ കാഴ്ചയായിരുന്നു എനിക്കു വിഷു....

എന്നെ ധൈര്യവതിയാക്കാനായി ഏറ്റവും ഉച്ചത്തില്‍ പൊട്ടുന്ന പടക്കമന്വേഷിച്ച് നടന്നിരുന്ന ഏട്ടന്മാര്‍ക്കൊന്നും കൊടുക്കാതെ എന്റെ പങ്ക് പടക്കങ്ങളെല്ലാം ഞാന്‍ മാറ്റി വെച്ചു, കുന്നിറങ്ങി വരുന്നവരില്‍ സത്യനേയും നോക്കിയിരിക്കുമായിരുന്നു. സത്യന്റെ കണ്ണില്‍ മാത്രം ഞാന്‍ ഒരു മിടുക്കികുട്ടിയായിരുന്നു.... പറമ്പില്‍ പണിയെടുക്കുമ്പോള്‍ എന്ന പോലെ പടക്കം പൊട്ടിക്കുമ്പോഴും അയാള്‍ പാട്ടു പാടുമായിരുന്നു. 'ശ്യാമസുന്ദര പുഷ്പമേ' എന്നു പാടി സത്യന്റെ കണ്ണു നിറയുമ്പോള്‍ എനിക്കും കരച്ചില്‍ വരും... ചുവന്ന മഷിയില്‍ എഴുതി തന്നിരുന്ന ആ പാട്ടിന്റെ വരികളടങ്ങിയ കടലാസ് കഷണം കുറെ നാളുണ്ടായിരുന്നു എന്റെ ശേഖരണങ്ങളുടെ കൂട്ടത്തിലെവിയോ.....

കുറേ കാലങ്ങള്‍ക്കുശേഷം ഒരു പാടന്വേഷിച്ച് 'ശ്യാമ സുന്ദര പുഷ്പമേ' വീണ്ടും കേട്ടപ്പോഴും എന്റെ കണ്ണു നിറഞ്ഞു.... വര്‍ഷങ്ങള്‍ക്കു മുമ്പ് പാമ്പുകടിയേറ്റു മരിച്ച സത്യനെയോര്‍ത്ത്....

'കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും....'

ചുറ്റുപാടുനിന്നും ആഹ്ലാദത്തിന്റെ ശബ്ദഘോഷങ്ങളുയര്‍ന്നു തുടങ്ങി....
ഇവിടം നിശബ്ദം.....
ഞാനിവിടെ തനിച്ചാണു......

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit http://www.keraleeyam.cjb.net/ for malayalam font and Malayalam text editor----

3 comments:

Bigesh said...

aaghoshangal santhoshathinte mathram ormakal alla namukku tharunnathu ennu ormippikkunnu ee varikal....vaayikkunnavarude manassilum ariyathe...novinte oru poral veezhtaan porunna vaakkukal...snehikkunnavar maranjalum avarekkurichulla ormakal manassil thanginilkkumbol..ee lokathu ninnum avar poyennu aarkku parayaan kazhiyum?...

Vinod Raj said...

നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ആ നല്ല ദിനങ്ങള്‍.....!!!!
കാലം കഴിയുമ്പോള്‍ , നമ്മുടെ പിന്‍ തലമുറക്കാര്‍ക്ക്
അറിയാന്‍ കഴിയുമോ......?
എന്താണ് വിഷു..........?
എന്താണ് തിരുവാതിര............?

ആവോ.....ആര്‍ക്കറിയാം.

Renjith Nair said...

"...ജീവിതം വല്ലാതെ ചുട്ടുപൊള്ളുമ്പൊള്‍ നിറുകയില്‍ ഒരു തണുത്ത വിരല്‍ സ്പര്‍ശം ഞാനിപ്പോഴും അറിയുന്നു."


Grandpa,
I miss you.