Thursday, June 18, 2009

അകലെ..........

ഇന്നലെ ഉച്ച സമയത്ത്, ഞാന്‍ തട്ടിന്‍പുറത്തൊരു തിരച്ചിലിനിറങ്ങി.
കൂട്ടിനു ഒരു നാലു വയസ്സുകാരി വിരുന്നുകാരിയും.

പെയിന്റടിച്ച് ഭം ഗിയാക്കി, ഒരു ഗംഭീരന്‍ പൂക്കൂടയാക്കാന്‍ പറ്റിയ ഒരു മണ്‍ ഭരണിയാണു വിരുന്നുകാരിയുടെ ആവശ്യം...
അതവരുടെ പുതിയ വീട്ടിലേക്കാണേ....

ഞാന്‍ മാത്രമായാല്‍ ശരിയാവില്ലെന്നു കരുതിയിട്ടാവാം അവളും കൂടി വന്നു തട്ടിന്‍പുറത്തേക്ക്...

രണ്ട് കോണിപ്പടികള്‍ക്കൊടുവില്‍ ശബ്ദത്തോടെ വാതില്‍ തുറക്കുന്നത് തട്ടിന്‍പുറത്തേക്കാണു.

മങ്ങിയ ഇരുട്ടില്‍ പൊട്ടി പൊളിഞ്ഞതും നിറം മങ്ങിയതും എന്നാല്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതുമായ ഒരുപാടൊരുപാട് സാധങ്ങള്‍.


കാലിനിടയിലൂടെ ഓടുന്ന എലികളും, മുഖത്ത് വന്നിടിക്കുന്ന വവ്വാലുകളും, ഭീമന്‍ ചിലന്തികളും ചെറുതായി പേടിപ്പിക്കുമെങ്കിലും ഒരു ഫ്ളാഷ് ബാക്കില്‍ സഞ്ചരിക്കുന്ന സുഖമുണ്ടവിടെ ചിലവഴിക്കുന്ന സമയത്തിനു...

സ്വീകരണ മുറിക്ക് അലങ്കാരമാവുന്ന ഒരു മണ്‍ഭരണി വേഗം തന്നെ ഞങ്ങള്‍ കണ്ടു പിടിച്ചെങ്കിലും, കൗതുകമുണര്‍ത്തുന്ന വേറെ പലതുമുണ്ടായിരുന്നു അവിടെ.
അങ്ങനെ തപ്പിതിരഞ്ഞു നടക്കുന്നതിനിടയിലാണു അവിടെയൊരു മൂലയിലൊതുങ്ങിയിരിക്കുന്ന ഒരു നീലപ്പെട്ടി എന്റെ കണ്ണില്‍ പെട്ടത്...

ആകെ നിറം മങ്ങി.. അവിടവിടെ ചിതലാക്രമണത്തിന്റെ പാടുകളും പേറി... ഉള്ളിലെ കാന്‍ വാസ് ഒക്കെയിളകി... ആകെ പഴഞ്ചനായി.....

ഞാന്‍ അതിനെ തൊട്ടും തലോടിയുമൊക്കെ പഴയ ഓര്‍മ്മകളെ പൊടി തട്ടിയെടുത്തു...

എന്റെ നീലപ്പെട്ടി...

എന്റെ എന്നത്തേയും പ്രിയപ്പെട്ട നിറമാണു നീല.

ബോര്‍ഡിംഗില്‍ ചേരാന്‍ സമയത്ത് കോഴിക്കോട്ടെ ടിപ് ടോപ്പില്‍ പോയി ഞാന്‍ തിരഞ്ഞെടുത്തതും ഒരു നീലപ്പെട്ടി..

പിന്നീട് അതെന്റെ അവധിക്കാലങ്ങളുടെ പ്രതീകമായി മാറി.

വെക്കേഷന്‍ തുടങ്ങുന്ന ദിവസം, ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴേ കാണാം, എന്റെ നീലപ്പെട്ടി യാത്രയ്ക്കു തയ്യാറായി കട്ടിലിനരുകില്‍ വന്നിരിക്കുന്നത്.
പരീക്ഷയുടെ അവസാന ദിവസത്തില്‍ ബോര്‍ഡിംഗ് അടിമുടി മാറും. ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളുമെല്ലാം കാറ്റില്‍ പറക്കും.
നിറഞ്ഞു പതയുന്ന ആഹ്ളാദമാണെങ്ങും.
നീലപ്പെട്ടി തുറന്നപ്പോള്‍ പുറത്തു വന്നതാണിത്രയും സന്തോഷമെന്ന് തോന്നുമായിരുന്നു എനിക്ക് അന്നൊക്കെ.

വീട്ടില്‍ പോകുന്ന തിരക്കിനിടയില്‍ കൂട്ടുകാരെ പിരിയുന്ന സങ്കടത്തിനൊന്നും സ്ഥാനമില്ല. ഒന്നു യാത്ര പറയാന്‍ പോലും മറന്നിട്ടാവും മിക്കവരും സ്ഥലം വിടുക.

മിക്കപ്പോഴും ഏറ്റവും അവസാനം യാത്രയാവുന്നത് ഞാനായിരിക്കും.

എന്നാലും വണ്ടി വരുന്നതു വരെ മുറിയില്‍ കാത്തിരിക്കാന്‍ മനസ്സു വരില്ല. എല്ലാവരുടേയും കൂടെ ഞാനും പോര്‍ട്ടിക്കൊയില്‍ സ്ഥലം പിടിക്കും.

പൂത്തിരി കത്തിച്ചതു പോലെ ചിരിച്ചുല്ലസിക്കുന്നവരുടെ ഇടയിലാവുമ്പോള്‍ എന്റെ മനസ്സിലും വിരിയും സന്തോഷം.

ക്രമേണ ആള്‍ക്കൂട്ടം ചെറുതായി ചെറുതായി വരും

ഒരോരുത്തരായി യാത്രയാവുന്നതും നോക്കിയിരിക്കുമ്പോള്‍, ഒരോ ഇതളുകളായി കൊഴിഞ്ഞു വീഴും പോലെ സന്തോഷം.

വല്ല്യച് ഛന്റെ ഡ്രൈവര്‍ ബാലന്‍ നായര്‍ തിരക്കുകളെല്ലാം കഴിഞ്ഞ്. എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ വരുമ്പോഴേക്കും, ഉത്സാഹത്തിന്റെ സൂര്യനും അസ്തമിച്ചു തുടങ്ങിയിട്ടുണ്ടാവും.

യാത്രയില്‍ പകല്‍ വെളിച്ചം മായുന്നതു വരെ, ചില്ലിലൊട്ടിച്ചു വെച്ച ഒരു ചിത്രം പോലെ മുഖമമര്‍ത്തി ഞാനിരിക്കും.
ഇരുട്ട് വന്ന് കാഴ്ചകളെയെല്ലാം മായ്ച്ചു കളയുമ്പോഴെപ്പോഴോ ഞാനുറങ്ങിയിട്ടുണ്ടാവും.

ഉണര്‍ന്നെണീക്കുന്നത് ഒഴിവുകാലത്തിലേക്ക്..

അവധിക്കാലം കഴിയുമ്പോള്‍, സ്കൂള്‍ തുറക്കാറായെന്ന മുന്നറിയിപ്പുമായി വരുന്നതും ഈ നീലപ്പെട്ടി തന്നെയായിരുന്നു.

ഒരാഴ്ച മുന്നേ തുടങ്ങും വല്ല്യമ്മ ഒരോ സാധങ്ങള്‍ അങ്ങോട്ടു വെക്കാനും ഇങ്ങോട്ടെടുക്കാനും.

നീലപ്പെട്ടിയില്‍ നിന്നും പുറത്തു വന്ന സങ്കടം പതുക്കെ വീട്ടിലാകെ നിറയും.


ആദ്യം എന്റെ വിരുന്നുകാരിയും പുറകിലായി ഒരു കെട്ട് മാതൃഭൂമി ആഴ്ചപ്പതിപ്പും കൂടി എന്റെ മുന്നില്‍ വന്നു വീണപ്പോഴാണു, ഓര്‍മ്മകളിലൂടെയുള്ള എന്റെ യാത്രക്കൊരു അവസാനമായത്..

ചിത്രപ്പണി ചെയ്തൊരു മരപ്പലക കൈക്കലാക്കാനുള്ള തത്രപ്പാടിലാണു അവള്‍ക്ക് കാലിടറിയത്.

ഒരു പഴഞ്ചന്‍ പെട്ടിക്കു മുന്നില്‍ ഞനിങ്ങനെ കണ്ണും മിഴിച്ച് നിന്ന സമയത്തൊക്കെ എന്റെ കൂട്ടുകാരി അവരുടെ വീട്ടിലേക്ക് ചേരുന്ന അലങ്കാര സാധങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു.

എത്ര അമര്‍ത്തി തട്ടിക്കളഞ്ഞിട്ടും അവള്‍ക്ക് വീണതിന്റെ അരിശം തീരുന്നില്ല.

എഴുന്നേറ്റു നോക്കിയപ്പോള്‍ കാണുന്നത് 'അന്റിക് വാല്യു' തീരെയില്ലാത്ത ഒരു പഴയ പെട്ടിയും നോക്കി നില്‍ക്കുന്ന എന്നേയും.
ഇനിയും ഞാന്‍ വെറുതെ സമയം കളയണ്ട എന്നു കരുതിയിട്ടാവും , കച്ചവട മനഃസ്ഥിതിക്കാരിയായ നാലു വയസ്സുകാരി വേഗം തന്നെ അതിനൊരു വിലയുമിട്ടു.
'പാട്ടപെറുക്കികള്‍ക്കെടുത്തു കൊടുത്താല്‍ നമ്മക്ക് രണ്ടാള്‍ക്കും ഒരോ സിപ് അപ് കഴിക്കാനുള്ളത് കിട്ടുമെന്ന്..'


ഇനിയും അവിടെ നിന്നാല്‍ അവള്‍ എന്നേയും വിറ്റു പൈസയാക്കും എന്നത് ഉറപ്പായതിനാല്‍ ഞാന്‍ വേഗം അവിടെ നിന്നിറങ്ങി.

പക്ഷേ മണ്‍ഭരണിയും താങ്ങി പടവുകളിറങ്ങുമ്പോള്‍ സുഗന്ധം പരത്തുന്ന ഓര്‍മ്മകള്‍ എനിക്കു ചുറ്റിനും... ..

നീലപ്പെട്ടിയില്‍ നിന്നും വന്നതാവാം .........

12 comments:

Renjith Nair said...

"പൂത്തിരി കത്തിച്ചതു പോലെ ചിരിച്ചുല്ലസിക്കുന്നവരുടെ ഇടയിലാവുമ്പോള്‍ എന്റെ മനസ്സിലും വിരിയും സന്തോഷം."







...ഈ മുദ്രയും നന്നായിട്ടുണ്ട്‌.

ഹാഫ് കള്ളന്‍||Halfkallan said...

മാളു ,നന്നായിരിക്കുന്നു .. പഴമയുടെ മണവും സിപ്‌ അപ്പ് ന്റെ മധുരവും ഉണ്ടായിരുന്നു ..

ആശംസകള്‍

വരവൂരാൻ said...

സങ്കടങ്ങളുടെ ...ഒറ്റപെടലിന്റെ ...ആ നീല പ്പെട്ടി.. എന്തായാലും ഇപ്പോൾ അതു ഓർമ്മകളുടെ തട്ടിൻ പുറത്തലേ.. സാരമില്ലാ... ആശംസകൾ

മാഹിഷ്മതി said...

തുറന്നു നോക്കുമ്പോൾ കാണാം .....ബാല്യത്തിൻ വളപൊട്ടുകളും ...മയിൽ പീലി തുണ്ടും....കിന്നാരവും....കുഞ്ഞി കുശുമ്പുകളും ,പിണക്കങ്ങളും......ഓർക്കുക വല്ലപോഴും

Unknown said...

ഇങ്ങനെ വെറുതെ ഇരിക്കുമ്പോൾ പഴയ ഓർമ്മകളുടെ നീലപ്പെട്ടികളും കുപ്പിവളകളും കണ്ടെടുക്കണം
ആ പഴയ ഓർമ്മകൾക്ക് എന്തു സുഗന്ധം അല്ലെ

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു.
എന്നെയും പഴയ പലതും ഓര്‍മ്മിപ്പിച്ചു:)

Anil cheleri kumaran said...

മനോഹരമായ എഴുത്ത്.

Jayasree Lakshmy Kumar said...

ഇഷ്ടമായി ആ നീലപ്പെട്ടി

Unknown said...

neela petti sugandham parathunnathodoppam cheriya oru nombaravum tharunnu........nannayittund.

R Niranjan Das said...

ellavarude jeevithathilum kaanum ingane kore neelapettikal...athu thurakkumbol chilappol kore dukhangal allenkil kore ormakal allenkil kore santhoshanimishangal..

nannayittundu...oro ormakal ente manassil vidarthiyathinu nanni..
aashamsakal..

Mr. X said...

Too late to read....

But,

"നീലപ്പെട്ടി തുറന്നപ്പോള്‍ പുറത്തു വന്നതാണിത്രയും സന്തോഷമെന്ന് തോന്നുമായിരുന്നു എനിക്ക് അന്നൊക്കെ."

- aa sangathi ishtayee tta...

ശ്രീ said...

മറ്റുള്ളവരുടെ കണ്ണില്‍ തീരെ വിലയില്ലാത്തതും എന്നാല്‍ നമുക്ക് വിലമന്തിയ്ക്കാനാകാത്തതുമായ കൊച്ചു കൊച്ചു കാര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും...

പോസ്റ്റ് ഇഷ്ടമായി.