Sunday, July 5, 2009

നിത്യകല്യാണി

കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ കോഴിക്കോട്ടെ വീട്ടിലേക്കൊരു മിന്നല്‍ പര്യടനം നടത്തിയിരുന്നു.

ചിലവഴിക്കാന്‍ കിട്ടുന്നത് ചുരുങ്ങിയ മണിക്കൂറുകളാണെങ്കില്‍ പോലും എനിക്ക് കാണേണ്ടവരായി നിരവധി പേരുണ്ടവിടെ.

ചെറിയ കുട്ടിയായിരുന്നപ്പോള്‍ എന്നോട് സ്നേഹവും പരിഗണനയും കാണിച്ചിരുന്നവരെയൊക്കെ തെരഞ്ഞുപിടിച്ചു കാണാറുണ്ട് ഞാന്‍ എല്ലാത്തവണയും.

എന്റെ പഴയ ഇഷ്ടക്കാരില്‍ മിക്കവര്‍ക്കും ഒരുപാട് വയസ്സൊക്കെയായി വയ്യാതായെങ്കിലും, ഞാനെത്തിയ വിവരം കാറ്റില്‍ പരന്നിട്ടെന്ന പോലെ, വേദനിക്കുന്ന കാല്‍മുട്ടുകളുടേയും ദേഹത്തിന്റേയും പ്രതിഷേധം വക വെക്കാതെ, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വറ്റാത്ത വാത്സല്യവുമായി എന്നെ കാണാനെത്താറുണ്ട് അവരിപ്പോഴും.

എവിടെ താമസിക്കുമ്പോഴും ഞാനൊരു കോഴിക്കോട്ടുകാരിയാവുന്നത് ഇവരുടെയൊക്കെ സ്നേഹത്തിന്റെ നിറവിലാണു.

ഇത്തവണയും പതിവുള്ളവരെയൊക്കെ കണ്ടു കഴിഞ്ഞിട്ടും ഒരാളെ മാത്രം കണ്ടില്ല. ഞാന്‍ 'ആയി' എന്നു വിളിക്കുന്ന കല്ല്യാണിയെ.

സ്വതവേ ഞാന്‍ വന്നു കയറിയതിന്റെ പിന്നാലെ എത്താറുള്ളതാണു കല്ല്യാണി. പിന്നെ ഞാന്‍ പോണതു വരെ ഇവിടെയൊക്കെ തന്നെ ഉണ്ടാവും. ഇത്തവണ കണ്ടതേ ഇല്ല.

നിത്യകല്ല്യാണി എന്ന പേരിലാണു നാട്ടുകാരുടെയിടയില്‍ കല്ല്യാണി അറിയപ്പെടുന്നത്.

പറഞ്ഞു വരുമ്പോള്‍ നല്ല രസമാണു കല്ല്യാണിയുടെ കാര്യം.

വയസ്സേറെ ആയെങ്കിലും ഇപ്പോഴും പാവാടയും ജാക്കറ്റുമാണു വേഷം. അതും നല്ല കടും നിറങ്ങള്‍... ചുവപ്പ്, പച്ച, മഞ്ഞ.. അങ്ങിനെ..
മുടിയൊക്കെ എപ്പോഴും നല്ല വൃത്തിയായി ചീകിക്കെട്ടിയിരിക്കും, പക്ഷേ കെട്ടുന്നത് വല്ല വള്ളിയോ ചാക്കു ചരടോ ഉപയോഗിച്ചാവുമെന്നു മാത്രം.

മിക്കപ്പോഴും പൂവും ചൂടിയിരിക്കും തലമുടിയില്‍.. അതിപ്പോ ഇന്ന പൂവ് എന്നൊന്നും ഇല്ല. ആദ്യം കാണുന്ന പൂവിനായിരിക്കും ആ ദിവസം കല്ല്യാണിയുടെ തലയിലിരിക്കാനുള്ള ഭാഗ്യം.
തൊട്ടാവാടിയുടെ പൂവൊക്കെ മുടിയില്‍ ചൂടാന്‍ ഒരു പക്ഷേ ആദ്യമായി ഉപയോഗിച്ചിട്ടുണ്ടാവുക കല്ല്യാണിയായിരിക്കും.

മുത്തുമാലകളും കുപ്പിവളകളും നിര്‍ബന്ധം..( ഓപ്പോള്‍ കാണാതെ ഓപ്പോളുടെ കുപ്പിവളകള്‍ സമ്മാനിച്ചാണു ഞാന്‍ കല്ല്യാണിയുടെ ഇഷ്ടക്കാരിയായി മാറിയത്)

നല്ല മൂഡിലാണെങ്കില്‍ കല്ല്യാണിയുടെ വരവ് കുറേ ദൂരേ നിന്നേ അറിയാം. വര്‍ത്തമാനവും പാട്ടും ചിരിയും ആകെ ബഹളമാണു..
ചിലപ്പോള്‍ മിണ്ടാവ്രതത്തിലാവും.. ദിവസങ്ങളോളം വായ തുറക്കുകയേ ഇല്ല.

വെറ്റില മുറുക്കലൊരു പതിവാണു കല്ല്യാണിക്ക്. അതിനുമുണ്ട് കുറേ വിശേഷങ്ങള്‍. വെറ്റില തീര്‍ന്ന സമയമാണെങ്കില്‍ ഏതൊക്കെയോ ചെടിയുടെ ഇലകളൊക്കെ എടുക്കുന്നതു കാണാം. പുകയിലക്കു പകരം ഇടക്ക് തെങ്ങിന്റെ വേരാവും. ഇങ്ങനെ ആകെപ്പാടെ വിശേഷങ്ങളാണു.

പണ്ടൊക്കെ കൊയ്യാനും മെതിക്കാനും ഇറങ്ങുമ്പോള്‍ കല്ല്യാണിയുടെ പാട്ടുണ്ടാവും. വാക്കുകളും അര്‍ത്ഥവും ഒന്നും മനസ്സിലാവില്ലെങ്കിലും കേള്‍ക്കാന്‍ നല്ല ഇമ്പമുള്ള പാട്ട്.. കേട്ടിരിക്കാന്‍ തോന്നും.


പറയാനും ചിരിക്കാനും തമാശയുള്ള ഒരു കഥാപാത്രമായി മാത്രമേ കുട്ടിക്കാലത്തൊക്കെ ഞാനും കണ്ടിരുന്നുള്ളൂ കല്ല്യാണിയെ.
പിന്നീടൊരിക്കല്‍ ഓപ്പോളാണു പറഞ്ഞു തന്നത് കല്ല്യാണി നിത്യകല്ല്യാണി ആയതിനു പിന്നിലുള്ള ഒരു പരാജയപ്പെട്ട പ്രേമത്തിന്റെ കഥ.

വീട്ടുകാരും നാട്ടുകാരും അംഗീകരിക്കാത്ത ഒരു ഇഷ്ടത്തിനു സ്വയം സമര്‍പ്പിച്ചപ്പോള്‍ കല്ല്യാണി സുന്ദരിയും മിടുക്കിയുമായ ഒരു യുവതിയായിരുന്നു.
ഇങ്ങനെയൊരു ഇഷ്ടവും മനസ്സില്‍ സൂക്ഷിച്ച് ഈ വീട്ടില്‍ താമസിക്കാന്‍ പറ്റില്ലെന്നു അച് ഛനും ഏട്ടന്മാരും ശബ്ദമുയര്‍ത്തിയപ്പോള്‍ കല്ല്യാണിക്ക് അധികമൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. .. അന്നുപേക്ഷിച്ചിറങ്ങി വീട്..

പുറമ്പോക്കില്‍ ഓല മേഞ്ഞൊരു കുടിലില്‍ താമസം തുടങ്ങിയപ്പോഴും തോറ്റു കൊടുത്തില്ല ആരുടെ മുന്നിലും.
പക്ഷേ സ്നേഹം കല്ല്യാണിയെ തോല്‍പ്പിച്ചു.
കല്ല്യാണി കാണിച്ച തന്റേടവും, ആത്മാര്‍ത്ഥതയുമൊന്നും സ്നേഹിച്ച പുരുഷനില്‍ നിന്നും കല്യാണിക്ക് തിരിച്ചു ലഭിച്ചില്ല.

ഒരു ആറു മാസം ഒളിച്ചും പതുങ്ങിയും ഒക്കെയായി ഒരുമിച്ചൊരു ജീവിതം.
അതിനൊടുവില്‍ വീട്ടുകാരുടെ ഇഷ്ടത്തിനു വഴങ്ങി അയാള്‍ കല്യാണിയെ തള്ളിപ്പറഞ്ഞു. യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ചെയ്തതും പറഞ്ഞതുമെല്ലാം മറന്ന് പുതിയൊരു ജീവിതത്തിനൊരുങ്ങിയപ്പോള്‍ കല്യാണി തളര്‍ന്നു.

പക്ഷേ തോറ്റു ജീവിക്കാന്‍ മനസ്സിലായിരുന്നു കല്യാണിക്ക്.

താലികെട്ടിന്റെ മംഗള മുഹൂര്‍ത്തം തന്നെയാണു, വിഷക്കായ അരച്ചു കലക്കിക്കുടിക്കാന്‍ കല്യാണിയും തെരെഞ്ഞെടുത്തത്.

ആളും അനക്കവുമില്ലാത്ത കരിങ്കല്‍ ക്വാറിയില്‍, ഛര്‍ദ്ദിച്ച് അവശയായി ബോധശൂന്യയായി കിടന്നിരുന്നവളെ ആരോ കണ്ടുപിടിച്ചതു കാരണം ജീവന്‍ നഷ്ടപ്പെട്ടില്ല.

പക്ഷേ കഴിച്ച വിഷക്കായയുടെ ശക്തി ആ മനസ്സിന്റെ താളം തെറ്റിച്ചു.

ദൈവം ആദ്യമായി കല്യാണിയോട് കനിവ് കാട്ടിയത് ഇങ്ങനെയാണു.

ബോധമുള്ള മനസ്സോടെ ഈ ഇടുങ്ങിയ ലോകത്തില്‍ ജീവിക്കാന്‍ ഇതിലുമേറെ കഷ്ടപ്പെടേണ്ടി വരുമായിരുന്നു കല്യാണിക്ക്.

ഈ കഥ കേട്ടുകഴിഞ്ഞതോടെ കല്യാണി എന്റെ മനസ്സിലൊരു രക്തസാക്ഷിയായി.

പൂര്‍ണ്ണ മനസ്സോടെ സ്നേഹിച്ചു.
ആ സ്നേഹം നഷ്ടപ്പെട്ടതോടെ സ്വന്തം മനസ്സും നഷ്ടമായി.

ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷി.

എനിക്ക് തിരിച്ചു പോരാനുള്ള സമയം അടുത്തിട്ടും കല്യാണിയെ കണ്ടില്ല. വല്ല്യമ്മയോടന്വേഷിച്ചപ്പോഴാണു അറിഞ്ഞത് മഴക്കാല പനി പിടിച്ചു കിടപ്പിലാണെന്ന്.

വല്ല്യമ്മ തന്നയച്ച പൊടിയരിയും ഉപ്പുമാങ്ങയുമൊക്കെയായി ഞന്‍ കല്യാണിയെ കാണാനിറങ്ങി.

ജനലും വാതിലുമൊക്കെയടച്ച് ഇരുട്ട് നിറച്ച മുറിയില്‍ കല്യാണി കിടപ്പിലാണു..

സ്വന്തമായി ഒന്നും, ആരും ഇല്ലാതെ വല്ലാതെ തനിച്ച്..

എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ വേദനയും നീരും ..

മാലയും വളകളുമില്ലാതെ, മുടി ചീകിക്കെട്ടി പൂവ് ചൂടാതെ ആദ്യമായി ഞാന്‍ കല്യാണിയെ കണ്ടു.

പക്ഷേ പനിയുടെ പൊള്ളലിലും വാടാത്ത ചിരി

ചിരിക്കാന്‍ മറക്കുന്നവരുടെ ഇടയിലും ചിരിച്ചു കൊണ്ടേയിരിക്കുന്നു... നിത്യകല്യാണി...

18 comments:

Ashly said...

പാവം കലാണി ചേച്ചി !

Renjith Nair said...

"...വേദനിക്കുന്ന കാല്‍മുട്ടുകളുടേയും ദേഹത്തിന്റേയും പ്രതിഷേധം വക വെക്കാതെ, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വറ്റാത്ത വാത്സല്യവുമായി എന്നെ കാണാനെത്താറുണ്ട് അവരിപ്പോഴും."

Really touching. :)




"തൊട്ടാവാടിയുടെ പൂവൊക്കെ മുടിയില്‍ ചൂടാന്‍ ഒരു പക്ഷേ ആദ്യമായി ഉപയോഗിച്ചിട്ടുണ്ടാവുക കല്ല്യാണിയായിരിക്കും."

സീരിയസ്സ്‌ വായനക്കാരുടേയും ചുണ്ടുകള്‍ വിടര്‍ത്തും..


Hats off to you...

Sileesh said...

Ninne sammathichu..jeevithathinte pachayaya yadarthyangal thurannu kattunnathinte oru style vere thanne.. really great dear sis...keep on writing.

Be positive said...
This comment has been removed by the author.
Be positive said...

Ee kalyani manassil ennum niranju nilkum ithu vayikkunnavarude kannukalil nanavundakunna tharathil theevramanu avatharana shaily. Grameena kadhapathrangale kurichezhuthumbolanu vakkukalku kure koodi bhangi varunnathu. Kalyaniyude aa ullu niranja chiri vayanakarude manassilum mayathe nilkum. ithu pole grameena sparsham niranja kadhakal iniyum ezhuthan kazhiyatte ennu aasamsikkunnu.Kalyanu kku deerghayussundakatte ennu aagrahichu pokunnu.

>>>>>>>>>>>>Prakash<<<<<<<<<<<<<<

Sunish Menon said...

Be positive paranjathu pole valare simple aayi ezhuthiyathaanenkilum vaayanakkaarude kannukale eeranayippikkaan kazhinju. Valare nalla shaili. Aasamsakal :-)

Kalyani vegam sukham praapikkatte :-)

ഹാഫ് കള്ളന്‍||Halfkallan said...

മാളു താന്‍ ആള്‍ക്കാരെ സെന്റി അടിപ്പിക്കാന്‍ ഇറങ്ങിയെക്കുവാണോ ??
നല്ല എഴുത്ത് ..
നഷ്ട പ്രണയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി കല്യാണി ചേച്ചിക്ക് നന്മകള്‍ ഉണ്ടാവട്ടെ . !!

Sreejith said...

valare nannayitundu.. really touching. Munnil kanunna pole undu

ശ്രീ said...

നിത്യകല്യാണിയെ അടുത്തറിയാന്‍ കഴിഞ്ഞു.

നമുക്കിടയില്‍ നാം പോലുമറിയാത്ത, അഥവാ അറിയാന്‍ ശ്രമിയ്ക്കാത്ത എത്രയോ കല്യാണിമാര്‍.

എന്റെ നാട്ടിലുമുണ്ടായിരുന്നു ഒരു കാളിയമ്മൂമ്മ. പന്ത്രണ്ടു മക്കളെ പ്രസവിച്ചു. പത്തു പേര്‍ കുരുന്നു പ്രായത്തിലേ മരിച്ചു. പന്ത്രണ്ടാമന്‍ കുട്ടിക്കാലം മുതലേ ബുദ്ധിസ്ഥിരത ഇല്ലാത്തവനും. അതോടെ കാളിയമ്മൂമ്മയുടേയും മനസ്സിന്റെ സമനില തെറ്റി എന്നാണ് എന്റെ കുട്ടിക്കാലം മുതല്‍ കേട്ടിട്ടുള്ളത്.

കാളിയമ്മൂമ്മ മരിച്ചിട്ട് അഞ്ചെട്ടു വര്‍ഷമായിക്കാണും. പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ഒരേയൊരു മകനും (പതിനൊന്നാമന്‍) ഇപ്പോള്‍ അമ്മയുടെ വഴിയേ തന്നെയാണ്. ഇത് ഒരു കുടുംബത്തിന്റെ കഥ!

വരവൂരാൻ said...

സ്വന്തമായി ഒന്നും, ആരും ഇല്ലാതെ വല്ലാതെ തനിച്ച്..
പക്ഷേ തോറ്റു ജീവിക്കാന്‍ മനസ്സിലായിരുന്നു ...

ഇങ്ങനെ എത്രയോ മുഖങ്ങൾ തിരക്കിൽ അലിഞ്ഞ്‌ അറിയാതെ പോകുന്നു...അപൂർവ്വം ചിലർ മാത്രം അവരെ കാണുന്നു... തിരിച്ചറിയുന്നു...

ഹൃദയ സ്പർശ്ശിയായ എഴുത്ത
അഭിനന്ദനങ്ങൾ...

VEERU said...

kalyaani oru novayi maari njangalude manassilum !!!

jasmin° said...

enikku ee kalyaniyem athu ezhuthiya vyakthiyem.....ezhuthiya shailiyum....okke othiri ishtayi~

Laiju Muduvana said...

Veendum oru Keerthana style thirichu kittiyirikkunnu............ Maloose kalakki...:)

Sureshkumar Punjhayil said...

Pidayunna novinte nithyakallyanimar iniyumethra....!

Manoharam, Ashamsakal...!!!

സുദേവ് said...

ഹലോ മാഷെ ..... വായിക്കാന്‍ തുടങ്ങിയ ദിവസം തന്നെ എല്ലാ പോസ്റ്റും വായിച്ചു തീര്‍ത്തു . ഒന്നാന്തരം എഴുത്ത് (വെറുതെ പറയുന്നതല്ല ). ഓഫീസില്‍ കമന്റ്‌ പേജ് ബ്ലോക്ക്‌ ആയതു കാരണമാണ് കമന്റ്‌ ഇടാന്‍ പറ്റാഞ്ഞത്‌ . ഇനിയും ഒരു പാട് എഴുതാന്‍ സാധിക്കട്ടെ

R Niranjan Das said...

valare ishtapettu...nalla oru flow...god bless..

Unknown said...

ee post vayikkan ichiri vaiki.........

kalyaniyude mazha pani bhedamayittundavum ennu karutham alle...

kannu nirakkunna avatharana shyli.....othiri ishtayi..

Anonymous said...

Ithu pole orale enikkum ariyam sakhave. pakshe engane ezhuthan ariyilla. hmm kep on writing...