Thursday, November 27, 2008

വിട പറയും മുമ്പേ.........


രവീ....

ഒരിക്കല്‍ കൂടി നിനക്കായ് ഞാന്‍ എഴുതട്ടെ....

സൂര്യന്‍ ഇതാ അസ്തമിക്കാറായി.....

ഇരുള്‍ വന്നു മൂടും മുമ്പേ...

ചക്രവാളത്തില്‍ ഇന്ദുവും താരകളും വന്നുദിക്കും മുമ്പേ.....

ഞാന്‍ യാത്ര പറയട്ടേ........

മനസ്സിലെ ചെറിയ ഇരുണ്ട കോണുകളെ പോലും സ്നേഹത്തിനാല്‍ പ്രകാശപൂര്‍ണ്ണമാക്കിയ എന്റെ രവി... എന്റെ സൂര്യന്‍ അകന്നു മറയുമ്പോള്‍
കണ്ണു നിറയാതെ
സ്വരമിടറാതെ
കൈ വിറക്കാതെ
നിറഞ്ഞ മനസ്സോടെ
നിന്റെ സന്തോഷത്തിനായുള്ള പ്രാര്‍ത്ഥനയോടെ
ആയിരിക്കണം ഞാന്‍ യാത്രയാക്കുന്നത്....

യാത്ര പറയട്ടെ ഞാന്‍...
നിന്നോടും നിന്നെ എനിക്കു സമ്മാനിച്ച ഈ നഗരത്തോടും.......

നാളെ ഞാന്‍ തിരിച്ചു പോകുന്നു....

കാര്‍മേഘം പെയ്തൊഴിഞ്ഞ് തെളിഞ്ഞ മാനം പോലെ ശുദ്ധമായ മനസ്സോടെ വേണം എനിക്ക് നാളെ ഈ നഗരം വിടാന്‍.

ഇവിടം എനിക്കു സമ്മാനിച്ച സന്തോഷവും സങ്കടവും ഇവിടെ തന്നെയുപേക്ഷിച്ച്, വന്നതു പോലെ ഒഴിഞ്ഞ കൈയ്യും മനസ്സുമായി ഒരു മടക്കയാത്ര എന്ന എന്റെ അതിമോഹം പക്ഷേ പാഴിലാവുന്നു.......

ഇരമ്പിയാര്‍ക്കുകയാണു ഉള്ളില്‍ ഓര്‍മ്മകള്‍... ഓരോ അലകളിലും ഉഗ്ര വിഷം കരുതിയ കാളിന്ദി പോലെ.....

ഓര്‍മ്മിക്കുന്നുവോ നമ്മളാദ്യം കണ്ടത്?????
ഞാനിനിയും മറന്നിട്ടില്ല........
നാലു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളൊരു വൈകുന്നേരം...
തീര്‍ത്തും യാദൃശ്ചികമായൊരു കൂട്ടിമുട്ടല്‍...

പുതിയ പട്ടണത്തിലേയും കോളേജിലേയും വിശേഷങ്ങള്‍ ആവേശത്തോടെ അമ്മയോടു പങ്കുവെച്ചു, തിരക്കേറിയ ഫുട്ട്പാത്തിലൂടെ സംസാരത്തില്‍ മാത്രം ശ്രദ്ധിച്ചു നടക്കുകയായിരുന്ന എന്റെ നേര്‍ക്ക്
കാറ്റിന്റെ വേഗത്തില്‍, എല്ലാ ട്രാഫിക് നിയമങ്ങളും തട്ടി തെറിപ്പിച്ച് ചീറിയടുക്കുന്ന ഒരു ബൈക്ക്........
തൊട്ടുമുന്നിലെത്തിയപ്പോഴേ അതെന്റെ കണ്ണില്‍ പെട്ടുള്ളൂ.... ഒഴിഞ്ഞു മാറാന്‍ പോലും മറന്ന് പകച്ചു നിന്നു ഞാന്‍. പ്രകാശ വേഗത്തിലുള്ള നിന്റെ ഇടപെടലാണു അന്നെന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്...

ആദ്യം ബൈക്കുയാത്രക്കാരനിലേക്കും പിന്നെ എന്നിലേക്കും നീണ്ടു വന്ന നിന്റെ കത്തിജ്വലിക്കുന്ന രോഷം..........

ഒരു നന്ദി വാക്കു പോലും പറയാനാവാതെ വാടിപോയീ ഞാനന്ന്....

ദൈവം നമുക്കായി കൂടുതല്‍ കരുതിയതു കൊണ്ടാവാം പിന്നേയും കണ്ടു ഞാന്‍ നിന്നെ

ടൗണ്‍ഹാളിലെ പുസ്തകപ്രദര്‍ശനത്തിനിടയില്‍

ആള്‍ക്കൂട്ടത്തിലൊരാളായി....

നിമിഷവേഗത്തില്‍ തിരിച്ചറിഞ്ഞെങ്കിലും അടുക്കുവാന്‍ കഴിഞ്ഞില്ല അന്നും....

പിന്നീടൊരു ഞായറാഴ്ചയുടെ വിരസതയെ കൊല്ലാനും, ഹോസ്റ്റല്‍ ഭക്ഷണത്തിന്റെ മടുപ്പില്‍ നിന്നു രക്ഷപ്പെടാനുമായി 'സാഗറി'ലെ പ്രശസ്തമായ ബിരിയാണി തേടിയിറങ്ങിയതായിരുന്നു ഞാനും എന്റെ റൂം മേറ്റ് മായ ചേച്ചിയും..
പരദൂഷണത്തിന്റെ നടുവില്‍, ബിരിയാണിക്കായുള്ള കാത്തിരിപ്പിന്റെ ഇടയിലേക്ക് നീ കടന്നു വന്നു... ഒരു സുഹൃത്തിനോടൊപ്പം.
പലതവണ ആവര്‍ത്തിച്ചു പറഞ്ഞ വീരകഥയിലെ നായകനെ മായചേച്ചിക്ക് കാണിച്ചു കൊടുക്കുന്നതിനിടയില്‍ നീയും എന്നെ തിരിച്ചറിഞ്ഞു.
അന്നാണു കാര്‍ഷിക സര്‍വ്വ്കലാശാലയിലെ റിസര്‍ച്ച് വിദ്യാര്‍ത്ഥിയായ രവി ശങ്കറും, വിമണ്‍സ് കോളേജിലെ ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥി ഇന്ദിരയെന്ന ഞാനും ആദ്യമായി പരിചയപ്പെട്ടത്..
അന്ന് ബിരിയാണിക്കൊപ്പം ഒരു പുതിയ സൗഹൃദം കൂടി രുചിച്ചു തുടങ്ങി.

ഇടയിലായി വീണ്ടും ചെറിയ നിശബ്ദമായ ഇടവേള

ബോട്ടണിക്കാരിയായ മായചേച്ചിയുടെ പ്രോജെക്റ്റിനായുള്ള ചില വിവരങ്ങള്‍ അന്വേഷിക്കാനായി വീണ്ടും ചില കണ്ടുമുട്ടലുകള്‍..
അപ്പോഴെല്ലാം ഉപചാരത്തിന്റേതായ കടുത്ത നിറങ്ങള്‍ കലര്‍ന്ന സൗഹൃദം മാത്രം.

അതില്‍ നിന്നും മാറി സ്ഫടികം പോലെ സ്വച് ഛവും ശുഭ്രവുമായകൂട്ടുകൂടലായി വളര്‍ന്നത് നവരാത്രിക്കാലത്താണു.
നഗരത്തിലെ സംഗീത സഭ നവരാത്രി ദിവസങ്ങളില്‍ നടത്തിയിരുന്ന സംഗീത സദസ്സുകള്‍ പ്രസിദ്ധമായിരുന്നു...
പേരെടുത്ത പാട്ടുകാര്‍ക്കൊപ്പം പുതിയ പ്രതിഭകള്‍ക്കും പ്രാധാന്യം കൊടുക്കുന്ന രീതിയില്‍...
എന്റെ കൂട്ടുകാരിയായ രാഗിണിയുടെ കച്ചേരി കേള്‍ക്കുവാനെത്തിയ ഞാന്‍ നിന്നെ പിന്നേയും കണ്ടു....

എന്നിലെന്ന പോലെ നിന്നിലും അലിഞ്ഞു ചേര്‍ന്നിരുന്നു സംഗീതം.....

അതാവാം കൂടുതല്‍ അടുപ്പിച്ചത്...

നമ്മളൊരുമിച്ചായീ പിന്നീടുള്ള യാത്രകള്‍

സംഗീതത്തെ അറിയാനും ആസ്വദിക്കുവാനും നീ എന്നേയും കൂടെ കൂട്ടി..

പിന്നേയും നാളുകളേറെ കഴിഞ്ഞാണു ആ സൗഹൃദത്തില്‍ പ്രണയത്തിന്റെ ഇളം ചുവപ്പ് കലര്‍ന്നു തുടങ്ങിയത്..
അനുവാദം ചോദിക്കലോ സമ്മതം മൂളലോ ഒന്നുമില്ലാതെ തികച്ചും സ്വാഭാവികമായി....


മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രയാണു ഒരു വഴിത്തിരിവായതെന്നു പറയാം....... കുത്തനെയുള്ള കയറ്റവും ദുര്‍ഘടമായ വഴിയും പിന്നിട്ട് മുകളിലെത്തുമ്പോള്‍ ...കാറ്റ്
അമ്പരപ്പിക്കുന്ന
ചീറിയടിക്കുന്ന കാറ്റ്
ചിലപ്പോഴെങ്കിലും പേടിപ്പിക്കുന്ന കാറ്റ്

ആ കാറ്റുമായി പരിചയം വന്നെങ്കിലേ മണ്ണിലൊന്നു കാലുറപ്പിക്കാന്‍ പോലും കഴിയൂ
നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയാതെ വന്നപ്പോ നിന്നിലഭയം പ്രാപിച്ചൂ ഞാന്‍...
പേരറിയാത്ത ദൈവത്തെ സക്ഷിയാക്കി, സര്‍വ്വശക്തനായ കാറ്റിനെ സാക്ഷിയാക്കി നീയെനിക്ക് സാന്ത്വനമായി..

പുതിയ വിശ്വാസങ്ങല്‍... പുതിയ പ്രതീക്ഷകള്‍....
പുതിയൊരു അഭയസ്ഥാനം, പുതിയൊരു ആശാകേന്ത്രം...

പുതിയൊരു ബന്ധത്തിന്റെ തുടക്കം....


എന്റെ മനസ്സിന്റെ ഭാഷ നീയെന്നും അറിഞ്ഞിരുന്നു..
ഞാന്‍ ആഗ്രഹിക്കുന്നതിനു മുന്നേ നീ പ്രവര്‍ത്തിച്ചു കഴിഞ്ഞിരിക്കും, എപ്പോഴും..
ഇഷ്ടങ്ങളും ആവശ്യങ്ങളും ഒന്നും പറഞ്ഞറിയിക്കേണ്ടതായി വന്നിരുന്നില്ല നമുക്കിടയില്‍...

നിന്റെ സാമീപ്യം എന്നെ സ്വതന്ത്രയാക്കി..
ഒളിവുകളും മറവുകളും ആവശ്യമില്ലാത്ത വിധത്തില്‍ ഞാന്‍ ഞാനായി മാറി, നിന്റേതു മാത്രമായി മാറി..

നിന്നില്‍ തുടങ്ങി നിന്നിലവസാനിക്കുന്ന ദിനരാത്രങ്ങള്‍...

പ്രണയവും സംഗീതവും സന്തോഷവും നിറഞ്ഞ ദിവസങ്ങള്‍...

കേട്ടപ്പോഴും, പിന്നീട് കണ്ടപ്പോഴും അനുവാദവും, അനുഗ്രഹവും തന്നു അച്ഛനും അമ്മയും...

ഗൗരവക്കാരിയായ നിന്റെ അമ്മക്കും ഞാനേറെ പ്രിയപ്പെട്ടവളായി...

കാലം കടന്നു പോയ്ക്കൊണ്ടിരുന്നു...

പഠനം കഴിഞ്ഞു നീ ജോലി അന്വേഷണത്തിലേക്കും, ഞാന്‍ b.sc കഴിഞ്ഞ് m.sc യിലേക്കും..

സ്നേഹം തീര്‍ത്ത കാല്‍പനികതയില്‍ നിന്നും ജീവിതത്തിന്റെ പരുക്കന്‍ പ്രതലത്തെ സ്പര്‍ശിക്കാന്‍ തുടങ്ങി ജീവിതം...

സ്വാധീനത്തിലും ശുപാര്‍ശയിലും തട്ടിത്തെറിച്ച് ആഗ്രഹിച്ചിരുന്ന ജോലികളെല്ലാം കൈ വിട്ടു പോകുന്നതില്‍ നീ അസ്വസ്ഥനാവുന്നതിനും ഞാന്‍ സാക്ഷി....

കണ്ണുകളില്‍ തെളിഞ്ഞ നിരാശയും നെറ്റിയില്‍ പ്രത്യക്ഷപ്പെട്ട ചുളിവുകളും എന്റെ തോന്നല്‍ മാത്രമായിരുന്നില്ലെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു....

ഓരോ വഴികളായി കണ്മുന്നില്‍ അടയുമ്പോള്‍ നടന്നകലുകയായിരുന്നു ശുഭാപ്തിവിശ്വാസവും...

കാര്‍മേഘം വന്നു മൂടിയതു പോലെ ആകെ മങ്ങി പോയി.. ജീവിതം

എല്ലാത്തിനും ഞാന്‍ കൂടെയുണ്ടായിരുന്നു.....

ഈ ഇരുള്‍ മായുന്നതും കാത്ത്..... ഒരു പുതിയ ഉദയത്തേയും സ്വപ്നം കണ്ടുകൊണ്ട്

ഒരു അസ്തമനമാണു എന്നെ കാത്തിരിക്കുന്നതെന്നറിയാതെ...

കടല്‍ക്കരയിലെ നനഞ്ഞ മണലില്‍ മലര്‍ന്നു കിടന്ന് , മകളേയും, സ്ത്രീധനമായി, യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപക ജോലിയും വാഗ്ദാനം ചെയ്ത പ്രൊഫസറെക്കുറിച്ച് നീ പറഞ്ഞപ്പോഴും അതൊരു തമാശയെന്നേ ഞാന്‍ കരുതിയുള്ളൂ..
ചുറ്റിനും വളര്‍ന്നു കൊണ്ടിരിക്കുന്ന ഇരുട്ടിനോടൊപ്പം നിന്റെ മുഖത്തും കണ്ണുകളിലും വളര്‍ന്നു കൊണ്ടിരിക്കുന്ന അപരിചിത ഭാവങ്ങള്‍ കാണുന്നതു വരെ..

നീ മാറിയിരുന്നു...
ഞാനിതു വരെ കണ്ടിട്ടില്ലാത്ത , പരിചയപ്പെട്ടിട്ടില്ലാത്ത എനിക്കു തീര്‍ത്തും അപരിചിതനായ രവിയായി...

അസ്തമിച്ചു തുടങ്ങിയിരുന്നു സൂര്യന്‍

ഇരുട്ടു വീണു തുടങ്ങിയിരുന്നു നമുക്കിടയില്‍

ആദ്യമായി ഇഷ്ടം തോന്നി ഇരുട്ടിനോട്, എന്റെ മുഖവും എന്റെ മനസ്സും നിന്നില്‍ നിന്നും മറച്ചു പിടിച്ചതിനു...

എന്റെ ചക്രവാളങ്ങളില്‍ ഇരുട്ടു പെയ്യുകയായിരുന്നു...

എന്റെ കണ്ണിലും ... എന്റെ ചെവിയിലും......ഇരുട്ട്...

ഞ്ഞാനൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല

നിന്റെ വിശദീകരണങ്ങള്‍
നിന്റെ ന്യായീകരണങ്ങള്‍
ക്ഷമാപണങ്ങള്‍....

എന്റെ ചെവികളില്‍ ഇരമ്പിയാര്‍ക്കുന്ന കാറ്റിന്റെ മൂളല്‍ മാത്രം....

കാറ്റില്‍ പറന്നു പോയ വാഗ്ദാനങ്ങള്‍

എന്നെ കാത്തു സൂക്ഷിക്കുമെന്ന്....

കൈ വിടില്ലെന്ന്...

എന്നും കൂടെ കൂട്ടുമെന്ന്....


മറക്കാന്‍ ശ്രമിക്കും തോറും ഓര്‍മ്മകള്‍ കൂടൂതല്‍ തെളിഞ്ഞു വരികയാണു..
ഒന്നിനു പുറകെ ഒന്നായി ഒരായിരം ഓര്‍മ്മകള്‍
ചോര പൊടിയുന്ന ഒരായിരം മുറിവുകള്‍ മനസ്സില്‍..

മറന്നേ പറ്റൂ...എല്ലാം

മറക്കാന്‍ ശ്രമിക്കുകയാണു ഞാന്‍

യാത്ര പറയട്ടെ ഒരിക്കല്‍ കൂടി

നാളെ തിരിച്ചു പോവാണു ഞാന്‍. പിന്നീടെല്ലാം വരുന്നതു പോലെ വരട്ടെ...

നിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ നില്‍ക്കുന്നില്ല.. ഉപേക്ഷിക്കപ്പെട്ടവളായി എല്ലാവരുടേയും മുന്നിലേക്ക് ഇനിയും വയ്യ...

തകര്‍ന്നടിഞ്ഞു നിന്റെ മുന്നില്‍ ഒരിക്കലും വയ്യ..

എന്റെ ജീവിതത്തിലെ ഏറ്റവും പ്രകാശ പൂര്‍ണ്ണമായ നാലു വര്‍ഷങ്ങള്‍ സമ്മാനിച്ച നിന്നെ എന്നും സ്നേഹത്തോടേയും സന്തോഷത്തോടേയും മാത്രം ഓര്‍മ്മിക്കട്ടെ ഞാന്‍...

ഒരു തുള്ളി കണ്ണീരോ ഒരു ചുടു നിശ്വാസമോ നിനക്ക് പൊള്ളലേല്‍പ്പിക്കില്ല...

നിറഞ്ഞ മനസ്സോടെ , പ്രാര്‍ത്ഥനയോടെ...

വിവാഹത്തിനു എന്റെ എല്ലാ മംഗളാശംസകളും..

എല്ലാ നന്മകളും നിന്റെ വഴിയില്‍ പൂത്തു നില്‍ക്കട്ടെ

സര്‍വ്വസൗഭാഗ്യങ്ങളും , നിനക്ക് തണലേകട്ടെ....

സ്നേഹത്തോടെ
ഇന്ദിര

15 comments:

ശ്രീ said...

വിടര്‍ന്ന പൂക്കളെക്കാള്‍ കൊഴിഞ്ഞ പൂക്കളുടെ കഥകളാണ് കൌമാര പ്രണയത്തിന് അധികവും പറയാനുള്ളത്, കാരണങ്ങള്‍ എന്തൊക്കെ തന്നെ ആയിരുന്നാലും...

കഥ എഴുതിയിരിയ്ക്കുന്ന ശൈലി നന്നായിട്ടുണ്ട്.
:)

ദീപക് രാജ്|Deepak Raj said...

ക്ഷമിക്കണം ഒന്നും മനസ്സിലായില്ല

Unknown said...

Nyayeekaranangalum vishadeekarangalumay vittu povunna Ravimarum ella mangalangalum nanmakalum nerunnu ennu parayunna Indiramarum koumara pranayathinte symbolukal.

ingine mangalam nerumpozhum manassinte ullile neettal aaru kaanan?

Rejeesh Sanathanan said...

“മകളേയും, സ്ത്രീധനമായി, യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപക ജോലിയും വാഗ്ദാനം ചെയ്ത പ്രൊഫസറെക്കുറിച്ച് നീ പറഞ്ഞപ്പോഴും അതൊരു തമാശയെന്നേ ഞാന്‍ കരുതിയുള്ളൂ..“

ഇതുപോലുള്ളവന്മാരുടെയൊക്കെ ജീവിതത്തില്‍ പങ്കാളിയാകുന്നതിനേക്കാള്‍ നല്ലത് ഇരുട്ടിനെ സ്നേഹിക്കുന്നത് തന്നെയാണ് ഇന്ദിരേ.......:)

Lajeev said...

എല്ലാ നന്മകളും നിന്റെ വഴിയില്‍ പൂത്തു നില്‍ക്കട്ടെ

സര്‍വ്വസൗഭാഗ്യങ്ങളും , നിനക്ക് തണലേകട്ടെ....

:)

Sunith Somasekharan said...

oru pranayathinte anthyam ... ithu oru neetallaanu ... orthedukkaan sukhavum ... nashtappedunnathu onnum nammukku vendathaayirunnilla ... namukku hithakaramallaathathonnum ee lokathu nadakkukayum illa ... ee subhachinthakal manassilundakatte ennu aashamsikkunnu....

Music mania said...

Thutakam kurachu problem thonni engilum vayichuvarum thorum touching aanu....nalla presentation aanu.....pathivu subject anengilum athinte avatharanathile vethyasthatha nannayittundu.oru flow undu....chila vakukal ozhivakamayirunnille ennu thonni...kurachukoodi lalithyam varum appol indirayodu kurachukoodi vayanakaranu adukan athu sahayikum ennu thonnunnu.

best wishes for your work.......
prakash

keerthi said...
This comment has been removed by the author.
വരവൂരാൻ said...

ഒരു തുള്ളി കണ്ണീരോ ഒരു ചുടു നിശ്വാസമോ നിനക്ക് പൊള്ളലേല്‍പ്പിക്കില്ല...
നിറഞ്ഞ മനസ്സോടെ , പ്രാര്‍ത്ഥനയോടെ...
പക്ഷെ ഈ വിട പറയൽ ഒത്തിരി വേദനിപ്പിച്ചു

"എഴുതുന്നത് ഞാന്‍ ആയതിനാല്‍ ഒരു 10% ഞാന്‍ എല്ലാത്തിലും ഉണ്ടായിരിക്കും, എന്നല്ലാതെ, ഞാന്‍ ഇന്ദിര അല്ലതന്നെ.."

പക്ഷെ ഈ 10% വളരെ തിവ്രമായിരിക്കുന്നു
ആശംസകൾ

siva // ശിവ said...

എല്ലാ പ്രണയങ്ങളും സഫലം ആകണമെന്ന് ഒരിക്കല്‍കൂടി ഞാന്‍ ആഗ്രഹിച്ചുപോകുന്നു.....

keerthi said...

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും എല്ലാം വളരെ നന്ദി..

കൂട്ടത്തില്‍ ഒരു കാര്യം കൂടി പറഞ്ഞോട്ടെ

എഴുതുന്നത് ഞാന്‍ ആയതിനാല്‍, ഒരു 10% ഞാന്‍ എല്ലാത്തിലും ഉണ്ടായിരിക്കും, എന്നല്ലാതെ ഞാന്‍ ഇന്ദിര അല്ല തന്നെ...




----

Anonymous said...
This comment has been removed by the author.
Anonymous said...

നന്നായിട്ടുണ്ട്, ഇനിയും എഴുതണം.
എഴുത്തുകാര്‍ നുണ പറയാന്‍ പഠിചിരിക്കണമെന്നാരാണ് പറഞ്ഞത്.

ഹൈവേമാന്‍ said...

കീര്‍ത്തി പറഞ്ഞ 10% എവിടെയാണ് ? :)

jasmin° said...

ഒരു അസ്തമനമാണു എന്നെ കാത്തിരിക്കുന്നതെന്നറിയാതെ...



...nannayitundu...ishtamayi......