Tuesday, February 16, 2016

മരുഭൂമികള്‍ ഉണ്ടാകുന്നത്....

  നനവുള്ള, തുടുത്തയോര്‍മ്മകള്‍ വരണ്ടു
  വെളുക്കുമ്പോഴാണോ മണ്ണ്, മണലാകുന്നത് ??

  കരിനീലക്കനവുകള്‍ പാറിയകലുമ്പോഴാണോ
  ആകാശം, നരച്ച മേഘങ്ങള്‍ കീഴടക്കുന്നത്??

  ചുറ്റി പ്രണയിച്ച മരത്തിനു കീഴിലൊരുത്തിയൊ
  റ്റക്കാവുമ്പോഴാണോ വേരുകള്‍, ഉണക്കമറിയുന്നത്??

  ഒരുമിച്ചിറങ്ങിയ പുഴയില്‍ ,നിന്നൊന്നിനെ മറന്ന്
  മടങ്ങുമ്പോഴാണോ ഉറവുകള്‍, മണ്ണിലേക്ക് മറയുന്നത് ??

  ഒന്നിച്ചുചേര്‍ന്നിഴനെയ്ത മോഹങ്ങള്‍ മായ്ച്ച്
  കളയുമ്പോഴാണോ പൂവുകള്‍, കൊഴിഞ്ഞു വീഴുന്നത്??

  ഒന്നായ ശ്വാസഗതിയഴിഞ്ഞഴകലുമ്പോഴാണോ
  മണല്‍ക്കാറ്റുകള്‍ രൂപം കൊള്ളുന്നത്??

  ''നീ'' എന്നൊരോര്‍മ്മയില്‍ പൊടിഞ്ഞു
  വീഴുമ്പോഴാണോ ഞാനൊരു മരുഭൂമിയാകുന്നത്??2 comments:

Mr. X said...

കുറേ കാലം കൂടി ആണല്ലോ ഇതുവഴി! :)

വരവൂരാൻ said...

hello kure kalaayi kandittu ... nannaittundu kavitha